ആത്മ വിശുദ്ധി നഷ്ടമാകാതെ പുതിയകാലത്ത് ആഘോഷങ്ങള്‍ മുറുകെപ്പിടിക്കാന്‍ ഒത്തിരി മെനക്കേടുതന്നെയാണെന്ന് സെപ്തംബര്‍ ലക്കം ആരാമം വായിച്ചപ്പോള്‍ തോന്നിപ്പോയി. ആഘോഷങ്ങള്‍ക്ക് എല്ലാം കാലത്തും ആ കാലത്തിനനുസൃതമായ പൊലിവ് ഇല്ലാതെയില്ല. ഒന്നു തുമ്മിയാല്‍ പോലും ചെലവുചോദിക്കുന്നവരാണ്
വിശുദ്ധിയും വിശ്വാസങ്ങളും
ആത്മ വിശുദ്ധി നഷ്ടമാകാതെ പുതിയകാലത്ത് ആഘോഷങ്ങള്‍ മുറുകെപ്പിടിക്കാന്‍ ഒത്തിരി മെനക്കേടുതന്നെയാണെന്ന് സെപ്തംബര്‍ ലക്കം ആരാമം വായിച്ചപ്പോള്‍ തോന്നിപ്പോയി. ആഘോഷങ്ങള്‍ക്ക് എല്ലാം കാലത്തും ആ കാലത്തിനനുസൃതമായ പൊലിവ് ഇല്ലാതെയില്ല. ഒന്നു തുമ്മിയാല്‍ പോലും ചെലവുചോദിക്കുന്നവരാണ് ചുറ്റിലും. പുതിയ ഫോണ്‍ വാങ്ങിയാലും ഡ്രസ്സ് വാങ്ങിയാലും കുഞ്ഞിന് പല്ല് വന്നാലും... തുടങ്ങി ഓണം, ക്രിസ്മസ്, പെരുന്നാളുകള്‍ പോലുളള കൊല്ലംതോറുമുള്ള സന്തോഷങ്ങളുമെല്ലാം പോക്കറ്റ് കാലിയാക്കുന്ന ആര്‍ഭാടങ്ങളായി പരിണമിച്ചിരിക്കുന്നു. എന്നും പുതിയ പുതിയ പാര്‍ട്ടികളില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് ഓരോന്നിനും പുതിയ ഡ്രസ്സ് വൈവിധ്യങ്ങളുമായി ഓടിക്കൊണ്ടിരിക്കുമ്പോള്‍ നഷ്ടമാകുന്നത് യഥാര്‍ഥ വിശ്വാസങ്ങളുടെ വിശുദ്ധി തന്നെയാണ്.
ബാസിമ, മലപ്പുറം
വല്ല്യൂമ്മയുടെ ഫിലോസഫി
എല്ലാവരോടും യാത്ര ചോദിച്ചു തന്നെയാണ് സാധാരണ ഹജ്ജിനോ ഉംറക്കോ ആയി പുണ്യമക്കയിലേക്ക് യാത്ര തിരിക്കാറ്. എന്നാല്‍ ഇപ്രാവശ്യം ഹാജിമാര്‍ക്ക് സംഭവിച്ച അപകടത്തെയോര്‍ത്ത് ഇരിക്കുമ്പോഴാണ് ആരാമം കൈയില്‍ കിട്ടിയത്. ഹജ്ജിന്റെ പൊരുളുകള്‍ എന്ന ശമീര്‍ ബാബുവിന്റെ ലേഖനം നിന്ന നില്‍പില്‍ തന്നെ വായിച്ചു തീര്‍ത്തു. ഖദീജ ബീവി ചവിട്ടിക്കയറിയ പടവുകളുടെ കനം നന്നായറിഞ്ഞത് ജുവൈരിയ സലാമിന്റെ യാത്രാനുഭവങ്ങളിലൂടെയാണ്. പെരുന്നാള്‍ അനുഭവങ്ങളും അഭിമുഖവും നന്നായി. വല്യുമ്മ പറഞ്ഞുകൊടുത്ത ഫിലോസഫി സലിം കുരിക്കളകത്ത് അവതരിപ്പിച്ചത് നല്ല വായനാസുഖം തന്നു. ആരാമത്തില്‍ ഇത്തരം രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ദില്‍ഷാദ.എം, കരകുളം
ജഡ്ജസ് പ്ലീസ് നോട്ട്
സാധാരണ പറഞ്ഞുകേള്‍ക്കാറുളള കഥകളില്‍ നിന്ന് വളരെയേറെ വ്യത്യസ്ഥതയൊന്നും കഴിഞ്ഞ ലക്കം ആരാമത്തിലെ കഥ 'ജഡ്ജസ് പ്ലീസ് നോട്ട്' എന്ന കഥക്കില്ലെങ്കിലും വായിച്ചിരിക്കാന്‍ രസമുണ്ടായിരുന്നു. യാക്കൂബ് മേമന്റെ ഓര്‍മകള്‍ക്ക് നിറം കൊടുത്ത് ഒരു കുഞ്ഞു മനസ്സിലൂടെ അത് വരച്ചിടാന്‍ അജ്മല്‍ ശ്രമിച്ചതാവാം കാരണം. ഇത്തരമൊരു വിഷയം ഒരു കഥയിലൂടെ പറഞ്ഞാല്‍ അത് മനസ്സ് കൈയടക്കാന്‍ സാധ്യത ഏറെയാണ് താനും. നാട്ടുകാരുടെ സഹതാപ തരംഗത്തിന്റെ വകയായി കിട്ടിയ പുത്തനുടുപ്പ് അവള്‍ക്ക് തീരെ ചേരുമായിരുന്നില്ല എന്നു തന്നെയാണ് എനിക്കും തോന്നിയത്.
ഫൗസിയ കെ.പി, തിലാനൂര്‍
അപസ്മാരം കുട്ടികളില്‍
വ്യത്യസ്തമായ രചനകളാല്‍ വായനാനുഭൂതി നല്‍കുന്ന ആരാമം വായന ഇക്കുറിയും വെറുതെയായില്ല. കുട്ടികളുള്ള മാതാക്കള്‍ക്ക് അറിവുപകരുന്നതായിരുന്നു. 'അപസ്മാരം കുട്ടികളില്‍' ചികിത്സയും പരിഹാരങങളും എന്ന ഡോ. ഷനീബ, സി.എച്ചിന്റെ ലേഖനം. ഒരുപാട് സംശയങ്ങളും മിഥ്യാധാരണകളും ഈ രോഗത്തെക്കുറിച്ചുണ്ടായിരുന്നു. ഇത്തരം അറിവുകള്‍ പകര്‍ന്നുതരുന്ന ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
സറീന, പട്ടിക്കാട്
മുഖമക്കന വേണം
സമുദായത്തിലെ വിലക്കുകളെ അതിജയിച്ചു മുന്നേറുന്ന സമുദായപ്പെണ്‍കുട്ടികള്‍ക്ക് ഇനി വിദ്യാഭ്യാസ രംഗത്തും സാമൂഹികരംഗത്തും മുന്നേറണമെങ്കില്‍ മറ്റു വിലക്കുകളെക്കൂടി അതിജയിക്കേണ്ടിയിരിക്കുന്നു എന്നതാണ് നിലവിലെ അവസ്ഥയെന്ന് 'പിന്നീട് കുറ്റബോധം തോന്നാതിരിക്കാന്‍' എന്ന മുഖമൊഴി പറഞ്ഞുവെക്കുന്നത്. തലയില്‍ തട്ടമിടുന്നത് ബോംബും വാളും ഒളിപ്പിക്കാനല്ലെന്നും വിശ്വാസത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായിക്കൊണ്ടാണെന്നും പൂര്‍ണബോധ്യമുളളതുകൊണ്ട് ശിരോവസ്ത്രം ധരിച്ചുകൊണ്ടുതന്നെ അവര്‍ പൊതുസമൂഹത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവണം.
നഗീന.കെ, പരപ്പനങ്ങാടി