1958 ഫെബ്രുവരി 22-നാണ് മൗലാനാ അബുല്‍കലാം ആസാദ് അന്തരിച്ചത്. അന്ന് അദ്ദേഹത്തിന് എഴുപത് വയസ്സ് പ്രായമുണ്ടായിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പിടിപെട്ട പക്ഷാഘാതം അദ്ദേഹത്തെ ബോധരഹിതനാക്കി. ആ അബോധാവസ്ഥ തെളിയാതെ തന്നെയാണ് അദ്ദേഹം അന്തരിച്ചത്. പിറ്റേ ദിവസം പാര്‍ലമെന്റില്‍ നെഹ്റു ചെയ്ത അനുശോചന പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: 'മഹാന്മാര് എത്രയെങ്കിലും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. മേലിലുണ്ടാവുകയും ചെയ്യും. എന്നാല്‍ മൗലാനാ ആസാദ് പ്രതിനിധീകരിച്ചിരുന്ന ആ പ്രത്യേക മഹത്വം ഇനി ഇന്ത്യയിലോ മറ്റൊരിടത്തോ കാണുക പ്രയാസമായിരിക്കും. അപാരമായ ബുദ്ധിയായിരുന്നു അദ്ദേഹത്തിന്റേത്. ഏതൊരു പ്രശ്നത്തിന്റെയും കാതല്‍ കണ്ടുപിടിക്കാനുള്ള അത്ഭുതശക്തി അദ്ദേഹത്തിനുണ്ടായിരുന്നു.' നെഹ്റുവിനെപ്പോലെ അബുല്കലാമിനെ അടുത്തറിഞ്ഞിരുന്നവര്‍ ആരുമുണ്ടായിരുന്നില്ല.
ആസാദും നെഹ്റുവും തമ്മിലുണ്ടായിരുന്ന അഗാധ സ്നേഹബന്ധത്തെ സൂചിപ്പിക്കുന്ന മറ്റൊരു സംഭവം ഇങ്ങനെ: പ്രസിദ്ധ പണ്ഡിതനായിരുന്ന മൗലവി അത്വാഉല്ലാ ഹനീഫ് 1982 ഏപ്രിലില്‍ ഒരിക്കല്‍ മൗലാനാ ആസാദിന്റെ ഖബ്ര്‍ സിയാറത്തിനെത്തി. അപ്പോള്‍ അവിടെ ഒരു വൃദ്ധ പ്രാര്‍ഥിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. നിത്യവും അവിടെ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തുന്ന ബുര്ഖാധാരിണിയായ ആ സ്ത്രീയോട് മൗലവി അത്വാഉല്ല ചോദിച്ചു: 'നിങ്ങള്‍ മൗലാനാ ആസാദിന്റെ ബന്ധുവാണോ? നിത്യവും നിങ്ങള്‍ ഇവിടെ വരാറുണ്ടല്ലോ?!' വൃദ്ധ പറഞ്ഞു: ''ഒരു ബന്ധവുമില്ല. വിഭജന കാലത്ത് ദല്‍ഹിയില്‍ കൊള്ളയും കൊലയും കൊള്ളിവെപ്പും പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അസംഖ്യം ആളുകള്‍ മൗലാനയുടെ വസതിയില്‍ അഭയം തേടിയിരുന്നു. വസതി ഒരു അഭയാര്‍ഥി ക്യാമ്പായി മാറിയിരുന്നു. സ്ഥിതിഗതികള്‍ സാധാരണനില പ്രാപിച്ചപ്പോള്‍ എല്ലാവരും മടങ്ങിപ്പോയി. ഞാന്‍ മാത്രം അവിടെ ബാക്കിയായി. ഒരു ദിവസം മൗലാന എന്നോട് ചോദിച്ചു 'സഹോദരീ! നിങ്ങള്‍ ആരാണ്? നിങ്ങളെന്തുകൊണ്ടാണ് വീട്ടിലേക്ക് മടങ്ങാത്തത്.' ഞാന്‍ മറുപടി നല്കി: 'ദല്‍ഹിയിലെ ഒരു പ്രാന്തപ്രദേശത്താണ് ഞാന്‍ താമസിച്ചിരുന്നത്. എന്റെ വീട് അഭയാര്‍ഥികള്‍ കൈയടക്കി. എന്റെ രണ്ടു മക്കളും കൊല്ലപ്പെടുകയും ചെയ്തു. ഇനി ഈ ലോകത്ത് എനിക്കാരുമില്ല. അതുകൊണ്ടാണ് ഞാനിവിടെ തന്നെ കഴിയുന്നത്.'
ഉടനെ മൗലാന എനിക്കൊരു വീട് ഏര്‍പ്പാടാക്കിത്തന്നു. പിന്നീട് ഓരോ മാസവും ആദ്യത്തില്‍ ആവശ്യമായ ഭക്ഷണസാധനങ്ങളും പണവും കൃത്യമായി മൗലാന എന്റെ വീട്ടില്‍ എത്തിച്ചുതരുമായിരുന്നു. അതിനായി എനിക്ക് ഒരിക്കലും അദ്ദേഹത്തിന്റെ വസതിയില്‍ പോകേണ്ടിവന്നിട്ടില്ല. അദ്ദേഹം നിര്യാതനായ വാര്‍ത്തയറിഞ്ഞപ്പോള്‍ ഞാന്‍ പരവശയായി. ഇനി എന്റെ സ്ഥിതിയെന്താകുമെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. കുറച്ചുദിവസങ്ങള്‍ക്കുശേഷം ഒരാള്‍ എന്റെ വീട്ടില്‍വന്ന് മുമ്പ് ലഭിച്ച തുക പോലുള്ള വസ്തുക്കളൊക്കെ വീണ്ടും തന്നു 'താങ്കള്‍ ആരാണ്? ആരാണിതൊക്കെ തന്നയച്ചത്? 'ഞാന്‍ അയാളോട് ചോദിച്ചു. 'മൗലാന പലരെയും ഇങ്ങനെ സഹായിച്ചിരുന്നു. അവരുടെ പേരുകളും വിലാസങ്ങളുമൊക്കെ അദ്ദേഹം ഡയറിയില്‍ കുറിച്ചിട്ടിരുന്നു. മൗലാനയുടെ മരണശേഷം ജവഹര്‍ലാല്‍ ആ ഡയറി കണ്ടെടുത്തപ്പോള്‍ ഈ ചുമതല അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. ഇതൊക്കെ അദ്ദേഹം തന്നയച്ചതുമാണ്. എല്ലാ മാസവും ഇത് നിങ്ങള്‍ക്കു ലഭിക്കും.' അങ്ങനെ ജവഹര്‍ലാലിന്റെ വിയോഗം വരെ എനിക്കത് കൃത്യമായി ലഭിച്ചുകൊണ്ടിരുന്നു.''
ദേശീയ ചരിത്രത്തില്‍ അവിസ്മരണീയനും തികഞ്ഞ മതപണ്ഡിതനും ദാര്‍ശനികനുമായ അബുല്‍കലാം ആസാദ് 1888 നവംബര്‍ പതിനൊന്നിന് മക്കയിലാണ് ജനിച്ചത്. ശരിയായ പേര് ഫിറോസ് ദക്ത്. മുഹ്യിദ്ദീന് അഹ്മദ് എന്ന ഓമനപ്പേരുമുണ്ട്. ചെറുപ്പത്തില്‍ തൂലികാനാമമായി സ്വീകരിച്ച അബുല്‍കലാം ആസാദ് എന്ന പേരിലാണ് പിന്നീടദ്ദേഹം പ്രശസ്തനായത്. പിതാവ് മൗലാനാ ഖൈറുദ്ദീന്‍ (1831-1908) സൂഫിയും പണ്ഡിതനുമായിരുന്നു. മദീനയിലെ മുഫ്തി ശൈഖ് മുഹമ്മദ് സഗീറിന്റെ മകള്‍ ആലിയയാണ് ആസാദിന്റെ മാതാവ്.
ആസാദിനു രണ്ട് വയസ്സുള്ളപ്പോള്‍ പിതാവ് കുടുംബസമേതം ഇന്ത്യയിലേക്ക് മടങ്ങി. ശിഷ്യഗണങ്ങളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം കല്‍ക്കത്തയില്‍ താമസമാക്കി. മകന് പാശ്ചാത്യ വിദ്യാഭ്യാസം നല്‍കുന്നതിന് ഖൈറുദ്ദീന്‍ താല്പര്യമുണ്ടായിരുന്നില്ല. പാരമ്പര്യമനുസരിച്ചുള്ള മതവിദ്യാഭ്യാസമാണ് ആസാദിന് ലഭിച്ചത്. അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളും വിശുദ്ധ ഖുര്‍ആനും ഹദീസും വീട്ടില്‍ വെച്ച് പഠിച്ചു. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അതത് വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകരെയാണ് നിയമിച്ചിരുന്നത്. പതിനാറു വയസ്സു തികയുന്നതിനുമുമ്പെ അബുല്‍കലാമിന്റെ വിദ്യാഭ്യാസം പൂര്‍ത്തിയായി. ഈ വിദ്യാഭ്യാസം കൊണ്ട് തൃപ്തിവരാതെ അദ്ദേഹം പരന്ന വായനാ ലോകത്തേക്ക് പ്രവേശിച്ചു. ഈ വായനകളിലൂടെയാണ് അലീഗഢ് പ്രസ്ഥാനനായകന് സര് സയ്യിദിന്റെയും ഈജിപ്ഷ്യന്‍ ചിന്തകനായ മുഹമ്മദ് അബ്ദുവിന്റെയും വിദ്യാഭ്യാസ-നവീന ചിന്താ കാഴ്ചപ്പാടുകളുമായി അദ്ദേഹം പരിചയപ്പെടുന്നത്. വിദ്യാഭ്യാസ സമ്പ്രദായത്തെ പറ്റിയുള്ള സര് സയ്യിദിന്റെ കാഴ്ചപ്പാടുകള്‍ ആസാദില്‍ പുത്തനുണര്‍വുണ്ടാക്കി. മറ്റൊരാളുടെ സഹായത്തോടെ ഇംഗ്ലീഷ് അക്ഷരമാല സ്വായത്തമാക്കിയ അദ്ദേഹം ഡിക്ഷ്ണറികളുടെ സഹായത്തോടെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കാനാരംഭിച്ചു.
പതിനൊന്നാം വയസ്സില്‍ കവിതകള്‍ എഴുതിത്തുടങ്ങിയ ആസാദിന്റെ കവിതകള്‍ വിവിധ പ്രസിദ്ധീകരണങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. 14-ാം വയസ്സില്‍ ലിസാനെ സ്വിദ്ഖ് എന്ന ഉര്‍ദു വാരിക അദ്ദേഹം ആരംഭിച്ചു. 1903 നവംബറിനും 1904 ഡിസംബറിനുമിടയില്‍ ലിസാനെ സ്വിദ്ഖിന്റെ ഏഴു ലക്കങ്ങള്‍ പുറത്തിറങ്ങി. ഒന്നിലും സംതൃപ്തി വരാത്ത ഒരു അസ്വസ്ഥതയുടെ കാലമായിരുന്നു ഈ കാലഘട്ടം. വിവിധ മതങ്ങളെക്കുറിച്ചും പ്രസ്ഥാനങ്ങളെക്കുറിച്ചും പഠിക്കാനും സംവാദങ്ങളിലേര്‍പ്പെടാനും അദ്ദേഹം സന്നദ്ധനായി. പക്ഷേ, ഒന്നിലും അദ്ദേഹം സംതൃപ്തി കണ്ടെത്തിയില്ല. ഇക്കാലയളവിലാണ് അദ്ദേഹം അല്ലാമാ ശിബ്ലി നുഅ്മാനിയുമായി പരിചയപ്പെടുന്നതും ശിബ്ലിയുടെ നിര്‍ബന്ധപ്രകാരം ലഖ്നോവിലെ നദ്വത്തുല് ഉലമായില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അന്നദ്വ മാസികയുടെ പത്രാധിപ സ്ഥാനം ഏറ്റെടുക്കുന്നതും. ആസാദിന്റെ പത്രാധിപത്യത്തില്‍ അന്നദ്വ 1905 ഒക്ടോബറില്‍ പ്രഥമ ലക്കം പുറത്തിറങ്ങി. 1906 മാര്‍ച്ചില്‍ ആസാദ് സ്ഥാനമൊഴിഞ്ഞു. അനന്തരം സര് സയ്യിദ് അഹ്മദ് ഖാന്റെ അനുയായികളില്‍ ഒരാളായ ഗുലാം മുഹമ്മദിന്റെ ഉടമസ്ഥതയില്‍ അമൃത്സറില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന വകീലിന്റെ പത്രാധിപരായി.
കാറ്റും കോളും നിറഞ്ഞതായിരുന്നു ആസാദിന്റെ കുടുംബജീവിതം. 1899-ല്‍ ആസാദിന്റെ 11-ാം വയസ്സില്‍ മാതാവ് മരണപ്പെട്ടു. ഈ ദുഃഖത്തില്‍നിന്ന് കരകയറുന്നതിനിടയില്‍ 1906-ല്‍ ആസാദിന്റെ ജ്യേഷ്ഠനും മരിച്ചു. മൂത്തമകന്റെ അകാല വിയോഗം സ്നേഹസമ്പന്നനായ പിതാവിന്റെ മനസ്സില്‍ കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് അധികകാലം അദ്ദേഹം ജീവിച്ചില്ല. 1909-ല്‍ ആസാദിന്റെ പിതാവും മരണപ്പെട്ടു. അസാദിനു പതിമൂന്ന് വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ വിവാഹം നടന്നു. പിതാവായ ഖൈറുദ്ദീന്റെ അനുയായി ആഫ്താബുദ്ദീന്റെ മകള്‍ സുലൈഖയായിരുന്നു വധു. സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്ന സുലൈഖ ബുദ്ധിമതിയും സ്നേഹസമ്പന്നയും അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകള്‍ അറിയുന്നവളുമായിരുന്നു. ഭര്‍ത്താവിന്റെ നിരന്തരമായ ജയില്‍ ജീവിതത്തില്‍ തികഞ്ഞ ഏകാന്തതയായിരുന്നു അവര്‍ അനുഭവിച്ചത്. ഏകമകന് നാലു വയസ്സുള്ളപ്പോള്‍ അന്തരിച്ചു.
തന്റെ ആത്മകഥയായ 'ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു' എന്ന കൃതിയില്‍ ദാമ്പത്യ ജീവിതത്തെക്കുറിച്ച് അദ്ദേഹം എഴുതുന്നു: 'കുറേ വര്‍ഷങ്ങളായി എന്റെ ഭാര്യക്ക് നല്ല സുഖമില്ലായിരുന്നു. 1941-ല്‍ ഞാന്‍ നയിനി ജയിലിലായിരുന്നപ്പോള്‍ സ്ഥിതി ഗുരുതരമായി. ജയില്‍മുക്തനായ ഉടനെ വേറെ എവിടെയെങ്കിലും മാറിത്താമസിക്കുന്നത് നന്നായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചതനുസരിച്ച് റാഞ്ചിക്കു പോയ അവര്‍ തിരിച്ചുവന്നത് 1942 ജൂലൈയിലാണ്. ആഗസ്റ്റ് 9-ാം തീയതി ഞാന്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു എന്നറിഞ്ഞപ്പോഴുണ്ടായ മാനസികാഘാതത്തോടുകൂടി അത്യധികം വിവശയായി. ജയില്‍വാസക്കാലത്ത് എനിക്കുണ്ടായിരുന്ന മനഃപ്രയാസങ്ങള് ഏറിയകൂറും ഭാര്യയുടെ അപകട നിലയെ വിവരിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ വരുത്തിത്തീര്ത്തതായിരുന്നു. 1944 ആരംഭത്തില്‍ അവരുടെ അസുഖം ഗുരുതരമാണെന്നും ഈ സുഖക്കേടിനെ അതിജീവിക്കുന്ന കാര്യം വിഷമമാണെന്ന് ഡോക്ടര്‍മാര്‍ വിശ്വസിച്ചിരുന്നു. അവരെ ഒരു നോക്കു കാണാന്‍ എന്നെ ജയില്മുക്തനാക്കണമെന്ന് അവര്‍ തന്നെ ഗവണ്മെന്റിനോടഭ്യര്ഥിച്ചു. പക്ഷേ, അഭ്യര്‍ഥന ഗവണ്മെന്റ് പരിഗണിച്ചില്ല.''
''ഏപ്രില്‍ മാസത്തിലോരു ദിവസം എന്റെ ഭാര്യയുടെ ദേഹവിയോഗമാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. മൂന്ന് മാസത്തിനുശേഷം വിധി അതിന്റെ അടുത്ത ആയുധം എന്റെ നേര്‍ക്ക് പ്രയോഗിച്ചു. ഭോപ്പാലില്‍ താമസിച്ചിരുന്ന എന്റെ സഹോദരി അബ്രു ബീഗം രോഗശയ്യയില്‍ വീണു. രണ്ട് ആഴ്ചക്കുശേഷം അവരും അന്തരിച്ച വിവരം ഞാനറിഞ്ഞു.''
1944-ല്‍ ജയില്‍മോചിതനായി പുറത്ത് വരുമ്പോഴുള്ള അവസ്ഥയെ ആസാദ് ഇങ്ങനെ പരാമര്‍ശിക്കുന്നു: 'അന്ന് എന്നെ യാത്രയയക്കാനായി എന്റെ ഭാര്യ പടിവാതില്ക്കല് വരെ വന്നിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ഞാനിതാ തിരിച്ചുവരുന്നു. പക്ഷേ, എന്റെ ഭാര്യ ഇപ്പോള്‍ ശ്മശാനത്തിലെ മണ്ണിനടിയിലാണ്. എന്റെ ഗൃഹം ശൂന്യമായിക്കഴിഞ്ഞിരിക്കുന്നു. വീട്ടിലേക്ക് പോകുന്നതിനുമുമ്പ് എന്റെ ഭാര്യയുടെ കുഴിമാടം സന്ദര്‍ശിക്കണമെന്ന ആഗ്രഹത്താല്‍ അങ്ങോട്ട് തിരിച്ചു. എന്റെ കാറു നിറയെ മാലകളായിരുന്നു. ഒരു മാലയെടുത്ത് ഞാന്‍ എന്റെ ഭാര്യയുടെ ഖബ്റില്‍ വെച്ചു. നിശ്ശബ്ദനായി ഫാത്വിഹ ഓതി പ്രാര്‍ഥിച്ചു.'
1905-ല്‍ ബംഗാള്‍ വിഭജനത്തെ തുടര്‍ന്ന പ്രക്ഷോഭങ്ങളാണ് ആസാദിനെ രാഷ്ട്രീയ പ്രവര്‍ത്തകനാക്കിയത്. ഏറ്റവും പ്രബുദ്ധമായ ഒരു സംസ്ഥാനത്തെ വിഭജിക്കുക വഴി ഹിന്ദു- മുസ്ലിം സ്പര്‍ധ വളര്‍ത്തുകയായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. ശ്യാംസുന്ദര്‍ ചക്രവര്‍ത്തി, അരവിന്ദഘോഷ്, വിപിന്‍ ചന്ദ്രപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കിയ ബംഗാളിലെ വിപ്ലവ പ്രസ്ഥാനത്തില്‍ ആസാദും പങ്കാളിയായി. തന്റെ വിപ്ലവാശയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ഒരു പ്രസിദ്ധീകരണത്തിന്റെ ആവശ്യകത മനസ്സിലാക്കിയ ആസാദ് 1912-ല്‍ കല്ക്കത്തയില്നിന്ന് 'അല്‍ഹിലാല്‍' പ്രസിദ്ധീകരണമാരംഭിച്ചു. ജനങ്ങളില്‍ സ്വാതന്ത്ര്യബോധവും മുസ്ലിംകളില് രാഷ്ട്രീയ പ്രബുദ്ധതയും വളര്‍ത്തുക, മതവിദ്യാഭ്യാസം ശാസ്ത്രീയ രീതിയില്‍ പുനഃസംവിധാനിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങള്‍. ഉര്‍ദു പത്രപ്രവര്‍ത്തനരംഗത്തെ സന്ദര്‍ഭോചിതമായ ഒരു പരിവര്‍ത്തനത്തിന്റെ തുടക്കമായിരുന്നു 'അല്‍ ഹിലാല്‍' നിസ്വാര്‍ഥവും നിര്‍ഭയവുമായ അതിന്റെ നയം ആരെയും ആകര്‍ഷിക്കുന്നതും ലേ ഔട്ട് മനോഹരവുമായിരുന്നു. അതിന്റെ ശൈലിയാകട്ടെ ബ്രിട്ടീഷുകാരെ പ്രകോപിപ്പിക്കുന്നതും. പ്രസ് ആക്ട് പ്രകാരം ആദ്യം 2000 രൂപയും പിന്നീട് പതിനായിരം രൂപയും കെട്ടിവെക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 1914-ല്‍ ഒന്നാംലോക മഹായുദ്ധം ആരംഭിക്കുന്നതുവരെ പത്രം മുടങ്ങാതെ പ്രസിദ്ധീകരിച്ചു. 1915-ല്‍ ഗവണ്മെന്റ് 'അല്‍ഹിലാല്‍' നിരോധിക്കുകയും പ്രസ്സ് കണ്ടുകെട്ടുകയും ചെയ്തു.
1915 നവംബറില്‍ കല്ക്കത്തയില്നിന്ന് 'അല്‍ബലാഗ്' എന്ന പേരില്‍ മറ്റൊരു മാസിക പ്രസിദ്ധീകരിച്ചു. 1916 മാര്‍ച്ച് 31-ന് അല്‍ബലാഗും നിരോധിച്ചു. 1916 മാര്‍ച്ച് 18-ന് ബംഗാള്‍ ഗവണ്മെന്റ് ഡിഫന്‍സ് ആക്ട് പ്രകാരം നാല് ദിവസത്തിനകം ബംഗാള്‍ വിട്ടുപോകാന്‍ ആസാദിനോട് ആവശ്യപ്പെട്ടു. റാഞ്ചിയില്‍ കരുതല്‍ തടവിലായിരുന്നു ആസാദ്. മുസ്ലിംകളുടെ സംസ്കരണ-പ്രബോധന രംഗങ്ങളില്‍ സജീവമായി ഇടപെടുകയും ഒരു മദ്റസ സ്ഥാപിക്കുകയും ചെയ്തു. ഇക്കാലഘട്ടത്തെ മൗലാനാ മുഫ്തി അത്വീഖുര്‍റഹ്മാന്‍ ഇങ്ങനെ സ്മരിക്കുന്നു: 'മര്‍ഹൂം മൗലാനാ ആസാദിനെ ഓര്‍ക്കുമ്പോള്‍ 1912 മുതല്ക്കുള്ള ചില ഓര്‍മകള്‍ വന്നുതുടങ്ങുന്നു. ഈ വര്‍ഷത്തിലാണ് ആസാദ് തന്റെ വിശ്രുതമായ അല്‍ഹിലാല്‍ പ്രസിദ്ധീകരണമാരംഭിച്ചത്. സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും പടഹധ്വനിയായി പുറത്തുവന്ന അല്‍ഹിലാലിലെ ലേഖനങ്ങള്‍ ബ്രിട്ടീഷ് മേലാളന്മാരുടെ നേര്‍ക്കുള്ള ആഞ്ഞടിയായിരുന്നു. 1913-ല്‍ കാണ്‍പൂരില്‍ പള്ളിയിലുണ്ടായ ദുഃഖാനുഭവങ്ങളെ തുടര്‍ന്ന് പത്രത്തിന്റെ ഭാഷയും ശൈലിയും പൂര്‍വോപരി ചടുലമായി. പത്രത്തിന്റെ സ്വരദാര്ഢ്യവും നിര്‍ഭയത്വവും ആവേശദായകങ്ങളായിരുന്നു. വെള്ളമേധാവികള്ക്കെതിരെ അല്‍ ഹിലാല്‍ നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരുന്നു.'
ഒന്നാം ലോക മഹായുദ്ധത്തില്‍ വിജയിച്ച സഖ്യകക്ഷികള്‍ തുര്‍ക്കിയോട് കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ച് ഇന്ത്യയിലാരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതൃത്വം അലിസഹോദരന്മാരിലായിരുന്നുവെങ്കിലും സൈദ്ധാന്തികന്‍ മൗലാനാ ആസാദായിരുന്നു. 1920 ജൂലൈ പത്തിന് ഇന്ത്യയിലെ പ്രമുഖ മുസ്ലിം നേതാക്കള്‍ ദല്‍ഹിയില്‍ ഒരുമിച്ചുകൂടി ഖിലാഫത്തിനുണ്ടായ ആപത്തുകളില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്കുണ്ടായ ഉത്കണ്ഠയെ സംബന്ധിച്ച് വൈസ്രോയിക്ക് നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
1921 നവംബര്‍ മാസത്തില്‍ ലാഹോറില്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ഒരു മഹാസമ്മേളനത്തില്‍ മൗലാനാ ആസാദിന് 'ഇമാമുല്‍ ഹിന്ദ്' എന്ന ബഹുമതി നല്കപ്പെട്ടു. നിസ്സഹകരണ പ്രസ്ഥാനത്തെ അതിശക്തമായി പിന്താങ്ങിയിരുന്നതിന്റെ പേരിലും 1921 മാര്‍ച്ച് മാസത്തില്‍ ലാഹോറിലെ ശാഹി മസ്ജിദില്‍ ചെയ്ത പ്രസംഗത്തിന്റെ അടിസ്ഥാനത്തിലും 1921 ഡിസംബറില്‍ ആസാദ് ബന്ധനസ്ഥനാക്കപ്പെട്ടു. 1920-45 കാലയളവില്‍ നിരവധി തവണ ആസാദിന് ജയിലില്‍ കഴിയേണ്ടിവന്നു.
1923-ല്‍ 35-ാം വയസ്സില്‍ ഇന്ത്യന്‍ നാഷ്നല്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആസാദ് 1936-ലും 1940-ലും വീണ്ടും കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1942-ല്‍ ക്വിറ്റ് ഇന്ത്യ പ്രമേയമംഗീകരിച്ച കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷന്‍ മൗലാനാ ആസാദ് ആയിരുന്നു. 1945-ല്‍ വേവല്‍ പ്രഭു വിളിച്ചുചേര്‍ത്ത വട്ടമേശ സമ്മേളനത്തിലും 1946-ല്‍ ബ്രിട്ടീഷ് മന്ത്രി പെത്തിക് ലോറന്‍സിന്റെ നേതൃത്വത്തില്‍ വന്ന കാബിനറ്റ് മിഷനുമായും സ്റ്റാഫോര്‍ഡ് ക്രിപ്സുമായും നടത്തിയ കൂടിക്കാഴ്ചകളിലും അദ്ദേഹം പങ്കെടുത്തു.
1946-ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഇടക്കാല മന്ത്രിസഭയിലും തുടര്‍ന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട കേന്ദ്രമന്ത്രിസഭയിലും ആസാദ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തു. ഇന്ത്യക്ക് ഒരു ദേശീയ വിദ്യാഭ്യാസനയം രൂപീകരിക്കുന്നതും യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷന് നിലവില്വരുന്നതുമെല്ലാം ആസാദ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത കാലഘട്ടത്തിലായിരുന്നു. എപ്പോഴും ഇന്ത്യാ വിഭജനത്തെ അതിശക്തമായി എതിര്‍ത്ത നേതാക്കളുടെ മുന്‍പന്തിയിലായിരുന്നു മൗലാനാ ആസാദ്.
തികഞ്ഞ ഖുര്‍ആന്‍ പണ്ഡിതനായിരുന്ന ആസാദ് തന്റെ ഖുര്‍ആനിക വിവര്ത്തനപരിപാടിയെ കുറിച്ച് എഴുതിയതിങ്ങനെ: '1915-ല്‍ പദ്ധതി ആവിഷ്കരിച്ചപ്പോള്‍ മൂന്ന് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. ഒന്ന് ഖുര്‍ആന്റെ ഒരു പരിഭാഷയും രണ്ട് ഖുര്‍ആന്റെ ഒരു വ്യാഖ്യാനവും മൂന്ന് ആമുഖരൂപത്തിലുള്ള ഒരു നിരൂപണവും. ഈ മൂന്ന് സൃഷ്ടികളും ഖുര്‍ആനില്‍ താല്പര്യമുള്ള മൂന്ന് തരത്തിലുള്ളവര്‍ക്ക് ഉപകരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പരിഭാഷ സാധാരണ വായനക്കാര്‍ക്കും വ്യാഖ്യാനം ഖുര്‍ആന്‍ വിശദമായി പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും ആമുഖനിരൂപണം പണ്ഡിതന്മാര്ക്കും.''
പ്രസിദ്ധീകരണത്തെ സംബന്ധിച്ച പ്രഖ്യാപനം അല്‍ ബലാഗിലൂടെ പുറത്തു വന്നപ്പോഴേക്കും ഖുര്‍ആന്റെ അഞ്ചു ഭാഗങ്ങള്‍ പരിഭാഷപ്പെടുത്തുകയും ആലുഇംറാന് വരെയുള്ള വ്യാഖ്യാനം പൂര്‍ത്തിയാക്കുകയും ആമുഖനിരൂപണം കുറിപ്പുകളുടെ രൂപത്തില്‍ തയാറാക്കുകയും ചെയ്തുകഴിഞ്ഞിരുന്നു.
പീഡനങ്ങളിലും ജയില്ജീവിതങ്ങളിലും ആസാദ് തന്റെ നിശ്ചയദാര്‍ഢ്യത്തിന് മാറ്റം വരുത്തിയില്ല. ആസാദ് എഴുതുന്നു: '1927 അവസാനിക്കാറായിരുന്നു. എന്റെ ആത്മാവിന്റെ അടിത്തട്ടില്‍നിന്ന് അടക്കാനാവാത്ത പ്രേരണയുണ്ടായതപ്പോഴാണ്. സാഹിത്യപ്രവര്‍ത്തനത്തിന്റെ അടഞ്ഞുകിടന്ന കവാടം പെട്ടെന്ന് സ്വയം തുറക്കപ്പെട്ടു. അങ്ങനെ ജോലി വീണ്ടും ആരംഭിച്ചു. ഇടക്കിടെ ചില തടസ്സങ്ങളുണ്ടായില്ലെന്ന് ഇതിന്നര്‍ഥമില്ല. എന്നാല്‍ പൊതുവെ പറഞ്ഞാല്‍ എന്റെ പാത സുഗമമായിക്കൊണ്ടിരുന്നു. കയ്പേറിയ പൂര്‍വാനുഭവങ്ങളുടെ സ്വാധീനം എന്നില്‍ നഷ്ടമായിരുന്നു. മാത്രവുമല്ല മുമ്പെന്നത്തേക്കാളും വേഗതയില്‍ എഴുതാന്‍ കഴിയുന്നതായും എനിക്കനുഭവപ്പെട്ടു. മനസ്സിനെ പൂര്‍ണമായി കീഴടക്കുകയെന്നത് അത്ഭുതകരമായ അനുഭവമാണ്. എത്ര ശ്രമിച്ചാലും ഒന്നും എഴുതാന്‍ കഴിയാതിരുന്ന അവസ്ഥയില്‍നിന്നും എഴുതാതിരിക്കാന്‍ കഴിയാത്ത ഒരവസ്ഥയിലേക്ക് ആവേശപൂര്‍വം ഞാനെത്തിക്കഴിഞ്ഞു. രചനാപ്രവര്‍ത്തനം അതിവേഗം മുന്നോട്ടു നീങ്ങി. ഖുര്‍ആന്‍ വിശദീകരിക്കുന്ന കാര്യത്തില്‍ സൂറതുല്‍ ഫാതിഹയുടെ വ്യാഖ്യാനം പരമപ്രധാനമാണെന്ന് തോന്നിയതിനാല്‍ എന്റെ ശ്രദ്ധ നല്ലപോലെ കേന്ദ്രീകരിച്ചു.'' അങ്ങനെ നിരന്തരമായ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് മൗലാനാ ആസാദിന്റെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ ലോകത്തിനു ലഭിച്ചത്.