അവധിക്കാല ക്യാമ്പുകള്‍ വഴിയും പൊരുളും
ഇ.പി ജ്യോതി
ഏപ്രില്‍ 2019
ജ്ഞാനസമ്പാദനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വ്യത്യസ്ത കാലഘട്ടങ്ങളിലും ജീവിത
ജ്ഞാനസമ്പാദനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വ്യത്യസ്ത കാലഘട്ടങ്ങളിലും ജീവിത ദര്ശനങ്ങളിലുമായി ഒരാള്‍ക്കുണ്ടാകുന്ന അനുഭവങ്ങള്‍ക്കും കാഴ്ചപ്പാടിനും അഭിരുചിക്കുമനുസരിച്ച് അറിവ് ഒരാളെ പാകപ്പെടുത്തിയെടുക്കും. ഭൂമിശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയവ മാത്രമല്ല അറിവിന്റെ ഉറവിടങ്ങള്‍. നമ്മുടെ ചുറ്റുപാടിന് ഏറെ പ്രസക്തിയുണ്ട്. വ്യക്തികളും കുടുംബവും സമൂഹവും നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ഉല്പന്നമാകപ്പെടുന്ന ജ്ഞാനസമ്പത്ത് പരമപ്രധാനമാണ്. ഇവിടെ ആശയ വിനിമയം സുഗമമാക്കപ്പെടുകയും സാമൂഹിക വികസനത്തിനുള്ള വഴിവെട്ടിത്തെളിക്കുകയും ചെയ്യുന്നു.
വര്‍ത്തമാനകാല സാമൂഹിക വ്യവസ്ഥിതിയില്‍ ഏറെ പ്രസക്തി അവകാശപ്പെടാവുന്ന ഒന്നാണ് കുട്ടികള്‍ക്കായുള്ള അവധിക്കാല ക്യാമ്പുകള്‍. യഥാര്‍ഥത്തില്‍ ഇത്തരം ക്യാമ്പുകള്‍ ലക്ഷ്യമിടുന്നതെന്താണ്? അവധിക്കാലത്ത് കളിച്ചു നടക്കേണ്ടതിനുപകരം ക്യാമ്പുകളില്‍ കുട്ടികള്‍ തളച്ചിടപ്പെടുന്നു എന്ന വിമര്‍ശനം ഒരു ഭാഗത്തുനില്ക്കവെ തന്നെ ഇതിന്റെ സാധ്യതകളെയും ആവശ്യകതയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ മറുവശത്ത് നടക്കുന്നുവെന്നതും വസ്തുതയാണ്.
കളിക്കുക എന്നത് അത്യാവശ്യം തന്നെ. എന്നാല്‍ മൊബൈല്‍-കമ്പ്യൂട്ടര്‍ ഗെയ്മുകള്, വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയവയില്‍ കണ്ണും നട്ടിരിക്കുന്ന കുട്ടികളുടെ കായികവും മാനസികവുമായ ക്ഷമതയെക്കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ല. പാടത്തും വരമ്പത്തും മാവിന് ചോട്ടിലുമുള്ള കളികളല്ല, മൊബൈല്‍-കമ്പ്യൂട്ടര്‍ ഗെയ്മുകളാണ് ഇപ്പോള്‍ ബാലകളികളായി വ്യാഖ്യാനിക്കപ്പെടുന്നതെന്ന അധ്യാപകസുഹൃത്തിന്റെ അഭിപ്രായം ഈയവസരത്തില്‍ ഓര്‍ത്തുപോകുന്നു.
എന്നാല്‍ അര്‍ഥപൂര്‍ണമായ, ഫലവത്തായ അവധിക്കാല ക്യാമ്പുകള്‍ ചരിത്രത്തില്‍ തന്നെ ഒരേടായി മാറുമെന്ന് തീര്‍ച്ച. അത്തരം ക്യാമ്പുകള്‍ നിര്‍ണായകമായ പരിവര്‍ത്തനങ്ങള്‍ക്ക് ഹേതുവായേക്കാം. അര്‍ഥപൂര്‍ണമായ ക്യാമ്പുകള്‍ അവയുടെ കാലിക പ്രസക്തി വിളിച്ചോതുന്നു.
അവധിക്കാല ക്യാമ്പുകളെന്നത് ഒരു കൂട്ടായ്മയാണ്, ഒത്തുചേരലാണ്. അവ കുട്ടികളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കും. അധികാരത്തിന്റെയോ നിര്‍ബന്ധബുദ്ധിയുടെയോ സമ്മര്ദമില്ലാത്തൊരു സൗഹൃദകൂട്ടായ്മയായിരിക്കുമത്.
'ഇരുളും വെളിച്ചവും' എന്ന പുസ്തകത്തില്‍ സോക്രട്ടീസിനെക്കുറിച്ച് കെ.എം റോയ് ഇങ്ങനെ പരാമര്‍ശിക്കുന്നു: 'പ്രഭാതം പൊട്ടിവിടരുന്നതിനുമുമ്പ് അദ്ദേഹം ഉണരുമായിരുന്നു. അതിരാവിലെത്തന്നെ തിരക്കിട്ടൊരു പ്രാതല്‍ കഴിക്കും. എന്നിട്ട് ദേഹത്ത് മേല്‍വസ്ത്രം വാരിച്ചുറ്റി തെരുവിലേക്കിറങ്ങും. ഒന്നുകില്‍ ഒരു വ്യാപാരശാലയില്‍, അല്ലെങ്കിലൊരു ക്ഷേത്രത്തില്‍. അതുമല്ലെങ്കിലൊരു പൊതുസ്നാനസ്ഥലത്തോ ഒരു ചങ്ങാതിയുടെ വീട്ടിലോ എത്തും. എന്നിട്ടവിടെയുള്ളവരുമായി തര്ക്കത്തിലേര്പ്പെടുകയായി. ആ നാളുകളില്‍ അത്തരം വാദപ്രതിവാദങ്ങളില്‍ ഹരം കണ്ടെത്തിയിരുന്നു ആതന്‍സിലെ ജനങ്ങള്‍. വാദപ്രതിവാദങ്ങളില്നിന്നാണ് പുതിയ ചിന്തകളുടെ മുത്തുമണികള്‍ ഉതിര്‍ന്നുവീണത്.' ഒത്തുചേരലുകള്‍ സ്നേഹത്തിന്റെയും സഹകരണത്തിന്റെയും സഹാനുഭൂതിയുടെയും വേദിയാവണം. അവിടെ അധികാരത്തെ കടത്തിവിടേണ്ടതില്ല.
ജ്ഞാന സമ്പാദനത്തോടൊപ്പം തുറന്നുപറച്ചിലുകളുടെ വേദിയാകണം അവധിക്കാല ക്യാമ്പുകള്‍. ശരിതെറ്റുകള്‍ കുട്ടികള്‍ക്ക് സ്വയം ബോധ്യപ്പെടണം. സമൂഹത്തിലെ വ്യത്യസ്ത ഘടകങ്ങള്‍ തമ്മിലുള്ള സംവേദനം പുത്തനറിവിന്റെ പാത തുറക്കും. അത് കുട്ടികള്‍ക്ക് മാത്രമല്ല ലോകത്തിനു തന്നെ ഗുണകരമായിത്തീരും. രക്ഷിതാക്കളുടെയും അധ്യാപകരുടെയും കുട്ടികളുടെയും അന്തര്‍നേത്രം തുറന്നിരിക്കണം. ജാഗ്രതയോടെയിരിക്കാന്‍ കുട്ടികള്‍ ശീലിക്കും. തനിമയുടെ ഭൂമികയെ അവര്‍ തിരിച്ചറിയും. അവിടെ ഉറച്ചിരിക്കാനും മനുഷ്യപക്ഷത്ത് നില്‍ക്കാനും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്.
ക്യാമ്പുകളില്‍ പാഠ്യവിഷയങ്ങളും പാഠ്യേതര വിഷയങ്ങളും കടന്നുവരാറുണ്ട്. അനുഭവസമ്പത്തുള്ളവരുമായുള്ള സമ്പര്‍ക്കം കുട്ടികള്‍ക്കു മുമ്പില്‍ നവലോകം തന്നെ തുറക്കും. വിശുദ്ധമായ വിനയവും എളിമയും കുട്ടികളില്‍ വളരും. സൂക്ഷ്മതയാര്‍ന്ന നിരീക്ഷണത്തിലൂടെ വസ്തുതകളെ കണ്ടെത്താന്‍ അവര്‍ ശീലിക്കും. യഥാര്‍ഥത്തില്‍ കൂട്ടായ ആശയങ്ങളെ മനസ്സിലാക്കുകയും നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ പുതിയൊരു സംസ്കാരം രൂപപ്പെടുന്നു. സന്ദര്‍ഭത്തിനനുസരിച്ച് വിവേകത്തോടെ പെരുമാറാനും തീരുമാനങ്ങളെടുക്കാനും വലിയൊരളവുവരെ കുട്ടികള്‍ പ്രാപ്തരാകും. കാലഘട്ടങ്ങളിലൂടെ അത് വികസിക്കുകയും ചെയ്യും.
വ്യത്യസ്തരായ വ്യക്തികളുമായുള്ള സമ്പര്‍ക്കം പുത്തന്‍ ചിന്തയുടെ വാതില്‍ തുറക്കും. അറിവിന്റെ പ്രകാശം കുട്ടികളെ തൊട്ടുണര്‍ത്തും. അതില്‍ നിന്നുത്ഭൂതമാകുന്ന തിരിച്ചറിവ് അവരിലെ നിശ്ചയദാര്‍ഢ്യം വളര്‍ത്തും.