''അല്ലാഹുവിന്റെ പേര് കേള്‍ക്കുമ്പോള്‍ ഹൃദയം ഭയചകിതരാകുന്നവര്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍. അവന്റെ വചനങ്ങള്‍ വായിച്ചു കേട്ടാല്‍ അവരുടെ ഈമാന്‍ വര്‍ധിക്കും. അവര്‍ എല്ലാം തങ്ങളുടെ നാഥനില്‍ സമര്‍പ്പിക്കും'' (അല്‍ അന്‍ഫാല്‍: 2).
ഈമാനാണ് മനുഷ്യജീവിതത്തിന്റെ സുപ്രധാന ഘടകം. അതിഭൗതിക യാഥാര്‍ഥ്യങ്ങളിലുള്ള വിശ്വാസമാണ് ഇസ്ലാമിന്റെ കാതല്‍. സൂറത്തുല്‍ ബഖറയുടെ തുടക്കത്തില്‍ തന്നെ ഈ യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
ഈമാനെന്നത് കേവലം അറിവല്ല. അല്ലാഹു ഉണ്ട്, പരലോകമുണ്ട്, സ്വര്‍ഗനരകങ്ങളുണ്ട് എന്നതൊക്കെ അറിവായിട്ട് മാത്രം നിലനില്‍ക്കേണ്ടതല്ല; അത് ജീവിതത്തില്‍ സദാ നിലനില്‍ക്കുന്ന അനുഭൂതിയാകണം, നമ്മെ സ്വാധീനിക്കുന്ന ബോധ്യമാകണം.
ഈമാന്‍ കൂടുകയും കുറയുകയും ചെയ്യുമെന്നാണ് അല്ലാഹു പറയുന്നത്. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍ ഈമാന്‍ വര്‍ധിക്കുമെന്ന് മുകളിലെ ആയത്ത് പറയുന്നുണ്ടല്ലോ. ഈമാനിന്റെ ഏറ്റവ്യത്യാസങ്ങള്‍ കര്‍മങ്ങളെ സ്വാധീനിച്ചുകൊണ്ടിരിക്കും. ജീവിതത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണ് ഈമാനിന്റെ സ്വാധീനങ്ങള്‍ പ്രകടമാവുക.
മദീനയിലേക്കുള്ള ഹിജ്റയുടെ സന്ദര്‍ഭം. നബി(സ) അബൂബക്റിനൊപ്പം ഗുഹയില്‍ അഭയം തേടിയിരിക്കുകയാണ്. അവരെ അന്വേഷിച്ചെത്തിയ ശത്രുക്കളുടെ കാല്പെരുമാറ്റം കേട്ട മാത്രയില്‍ പേടിയോടെ അബൂബക്ര്(റ) പറഞ്ഞു: 'റസൂലേ അവരെങ്ങാനും ഒന്ന് കുനിഞ്ഞു നോക്കിയാല്‍ നമ്മെ രണ്ട് പേരെയും പിടികൂടുക തന്നെ ചെയ്യും.' അതുകേട്ട് നബി(സ)യുടെ മറുപടി ഇതായിരുന്നു; 'എന്തിനാണ് അബൂബക്റേ നമ്മള് രണ്ട് പേരാണെന്ന് കരുതുന്നത്, മൂന്നാമതായി അല്ലാഹു കൂടെയില്ലേ?' പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ അല്ലാഹു ഉണ്ടെന്ന ബോധം നിര്‍ഭയത്വവും ആശ്വാസവും നല്കുന്നിടത്താണ് ഈമാനിന്റെ സ്വാധീനമുണ്ടാകുന്നത്.
യൂസുഫ് നബി(അ) കൊട്ടാരത്തില്‍ താമസിച്ചുകൊണ്ടിരിക്കുന്നു. സുന്ദരനായ യൂസുഫില്‍ അനുരക്തയായ രാജ്ഞി അദ്ദേഹത്തെ റൂമിലാക്കി വാതിലടക്കുന്നു. വഴങ്ങിക്കൊടുത്താല്‍ ആരും അറിയാന്‍ പോകുന്നില്ല. വിസമ്മതിച്ചാലോ ജയിലില്‍ പോകേണ്ടിവരും. അദ്ദേഹത്തിന് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. അല്ലാഹു വിലക്കിയ കാര്യത്തേക്കാള്‍ ജയിലില്‍ പോകുന്നതാണ് നല്ലതെന്ന് തീരുമാനിക്കാന്‍ കരുത്തു നല്‍കിയത് യൂസുഫ് നബി(അ) യുടെ മനസ്സില്‍ നിറഞ്ഞുനിന്ന ഈമാനായിരുന്നു.
ഇത്തരം സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തിലും കടന്നുവരും. പ്രതിസന്ധികളും പ്രശ്നങ്ങളും അസ്വസ്ഥതകള്‍ സൃഷ്ടിക്കുമ്പോള്‍ അല്ലാഹു കൂടെയുണ്ടെന്ന തോന്നല്‍ മനസ്സിനെ തണുപ്പിക്കാറുണ്ടോ? വിലക്കപ്പെട്ടത് ചെയ്യാന്‍ തുനിയുമ്പോള്‍ പാടില്ലാത്തത് കാണാനൊരുങ്ങുമ്പോള്‍, അര്‍ഹതപ്പെടാത്തത് കൈവശപ്പൈടുത്തുമ്പോള് അല്ലാഹുവിനിഷ്ടപ്പെടാത്തതാണല്ലോ എന്ന ബോധ്യം നമ്മെ പിന്തിരിപ്പിക്കാറുണ്ടോ? ഇല്ലെങ്കില്‍ നമ്മുടെ ഈമാന്‍ അത്ര ദൃഢമല്ലെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മളാഗ്രഹിക്കാത്ത പലതും ജീവിതത്തില്‍ സംഭവിക്കാറുണ്ട്, നമ്മളിഷ്ടപ്പെടുന്ന ചിലതെല്ലാം നഷ്ടപ്പെടാറുണ്ട്. അന്നേരം എന്റെ ജീവിതത്തിലെന്തു സംഭവിച്ചാലും അല്ലാഹു അതിലെന്തെങ്കിലും നന്മ ഉദ്ദേശിച്ചിട്ടുണ്ടാകുമെന്ന് ചിന്തിക്കാനാകുന്നുണ്ടെങ്കില് നമ്മുടെ ഉള്ളിലെ ഈമാനിന് തിളക്കമുണ്ടെന്നര്ഥം.
ഈമാനിന്റെ പൂര്‍ണതയെക്കുറിച്ച് റസൂല്‍(സ) പറഞ്ഞു: 'ആര് അല്ലാഹുവിനു വേണ്ടി സ്നേഹിക്കുകയും അവനു വേണ്ടി വെറുക്കുകയും അവനു വേണ്ടി തടയുകയും കൊടുക്കുകയും ചെയ്തുവോ അവനാണ് ഈമാന്‍ പൂര്‍ത്തീകരിച്ചത്.'
ജീവിതത്തിന്റെ മുന്‍ഗണനാക്രമങ്ങള്‍ തീരുമാനിക്കുന്നതില്‍ അല്ലാഹു പ്രധാനമായി വരുന്നതിനെ കുറിച്ചാണ് ഈ വചനം സൂചിപ്പിക്കുന്നത്. നമ്മുടെ ഇഷ്ടങ്ങളെയും താല്പര്യങ്ങളെയും നിര്‍ണയിക്കുന്ന പല ഘടകങ്ങളുണ്ടാകും. ഇണ, വീട്ടുകാര്‍, കൂട്ടുകാര്‍, നാട്ടുകാര്‍, കുടുംബക്കാര് അങ്ങനെ പലരും. എന്നാല്‍ ഒരു വിശ്വാസിയുടെ ഇഷ്ടാനിഷ്ടങ്ങളുടെ മാനദണ്ഡം അല്ലാഹു മാത്രമാകാനേ പാടുള്ളൂ. എന്റെ വീട്ടുകാരെന്ത് പറയും, കൂട്ടുകാരെന്ത് കരുതും എന്നതാണ് പലതും നമുക്ക് ഇഷ്ടമാവാതിരിക്കാന്‍ കാരണം. എന്നാല്‍ അല്ലാഹു ഇഷ്ടപ്പെട്ട ഒരു കാര്യം മറ്റാര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും എനിക്ക് വിഷയമാകേണ്ടതില്ല. മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്നതും താല്പര്യപ്പെടുന്നതും എന്തുമാകട്ടെ അല്ലാഹുവിന് ഇഷ്ടമല്ലെങ്കില്‍ എനിക്കതില്‍ താല്പര്യമില്ല എന്ന് തീരുമാനിക്കാന്‍ നമുക്കാകണം. നമ്മളാരെയെങ്കിലും സഹായിക്കുകയോ പിന്തുണക്കാതിരിക്കുകയോ ചെയ്യുന്നുവെങ്കില്‍ അതിന്റെ കാരണം അല്ലാഹു അതും പറഞ്ഞിട്ടുണ്ട് എന്നതാവണം. മറ്റു താല്പര്യങ്ങളാകാന് പാടില്ല.
ഇതത്ര എളുപ്പമുള്ള കാര്യങ്ങളല്ല. പല കാര്യങ്ങളിലും നമ്മള് വിട്ടുവീഴ്ചകള്‍ ചെയ്യാറുള്ളത് നിസ്സഹായാവസ്ഥകള് പറഞ്ഞാണ്. സ്റ്റാറ്റസ്, തറവാടിത്തം, കൂട്ടുകാര്‍, വീട്ടുകാര്‍ ഇവരൊക്കെ തീരുമാനിക്കുന്ന ചട്ടക്കൂടിനകത്ത് പലപ്പോഴും നമ്മളെത്തിപ്പെടാറുണ്ട്. വിവാഹാലോചനകള്‍ പരിഗണിക്കുന്നതിലെ മുന്‍ഗണനാക്രമങ്ങളെ കുറിച്ച് നബി(സ) പറയുന്നുണ്ട്. സൗന്ദര്യം, സമ്പത്ത്, തറവാടിത്തം, ദീന് ഇവയില്‍ മുന്‍ഗണനയില്‍ ദീന് വരണമെന്ന് ഇസ്ലാം താല്പര്യപ്പെടുമ്പോള് നമ്മുടെ താല്പര്യങ്ങളില് അതല്ലാത്തവ മുന്ഗണനയിലാകുന്നുണ്ടോ എന്ന് പരിശോധിക്കണം. ചെറുതും വലുതുമായ പല സന്ദര്‍ഭങ്ങളും ജീവിതത്തില്‍ കടന്നുവരുമ്പോള്‍ അല്ലാഹുവിന്റെ ഇഷ്ടങ്ങളെയും താല്പര്യങ്ങളെയും നമ്മളെവിടെയാണ് പരിഗണിക്കുന്നതെന്നതിനനുസരിച്ചാണ് നമ്മുടെ ഈമാനിന്റെ ശക്തിയും ഉയര്‍ച്ചയും.
ഈമാനിന്റെ സൗന്ദര്യത്തെ പരീക്ഷിക്കുന്ന ധാരാളം പ്രവാചക വചനങ്ങള്‍ കാണാം. ഇബ്നു അബ്ബാസ്(റ) റസൂലി (സ)ന്റെ കൂടെ നടക്കുകയായിരുന്നു. അന്നേരം റസൂല്‍ പറഞ്ഞു: 'കുട്ടീ, ഞാന്‍ നിനക്ക് കുറച്ച് കാര്യങ്ങള്‍ പറഞ്ഞു തരാം. നീ അല്ലാഹുവിനെ മനസ്സില്‍ കൊണ്ടുനടക്കണം. അവന് നിന്നെയും അപ്രകാരം കൊണ്ടുനടക്കും. നീ അല്ലാഹുവിനെ മനസ്സില്‍ സൂക്ഷിച്ചാല്‍ അവനെ നിനക്ക് നിന്റെ മുമ്പില്‍ കാണാനാകും. നീ എന്തെങ്കിലും ചോദിക്കുന്നുവെങ്കില്‍ അല്ലാഹുവിനോട് ചോദിക്കണം. നീ എന്തില്‍നിന്നെങ്കിലും സംരക്ഷണം ആഗ്രഹിക്കുന്നുവെങ്കില്‍ അവനോട് മാത്രം രക്ഷതേടണം. നീ അറിയണം, നിനക്ക് ചുറ്റുമുള്ളവരെല്ലാം ഒത്തുചേര്‍ന്ന് നിനക്കൊരു ഉപകാരം ചെയ്യണമെന്ന് തീരുമാനിക്കുകയാണ്. എന്നാല്‍ ആ ഉപകാരം നിനക്ക് കിട്ടണമെന്ന് അല്ലാഹു തീരുമാനിച്ചിട്ടില്ലെങ്കില്‍ നിനക്കത് ലഭിക്കുകയില്ല തന്നെ. ഇനി മുഴുവനാളുകളും ചേര്‍ന്ന് നിന്നെ ഉപദ്രവിക്കണമെന്ന് തീരുമാനിക്കുകയാണ്, അല്ലാഹു അത് തീരുമാനിച്ചിട്ടില്ലെങ്കില്‍ നിനക്കൊരാപത്തും വരുത്താന്‍ അവര്‍ക്കാകില്ല തന്നെ.'
ജീവിതത്തിലെപ്പോഴും ഈമാനിനെ ജ്വലിപ്പിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന വചനങ്ങളാണിവ. വിശ്വാസമെന്നാണ് മലയാളത്തില്‍ ഈമാനിനെ പരിഭാഷപ്പെടുത്താറുള്ളത്. എന്നാല്‍ ഈമാന്‍ എന്ന പദത്തിന്റെ അര്‍ഥവ്യാപ്തി വിശ്വാസം എന്ന പദം പ്രതിനിധാനം ചെയ്യുന്നില്ല. ഭാഷയുടെ പരിമിതിയാണത്. 'അംനി'ല്‍നിന്നാണ് ഈമാനുണ്ടാകുന്നത്. നിര്‍ഭയത്വം, സ്വസ്ഥത എന്നൊക്കയാണതിനര്ഥം. ജീവിതത്തിലെ സങ്കടത്തിലും സന്തോഷത്തിലും നിര്‍ഭയത്വവും സ്വസ്ഥതയും സമാധാനവും നല്കുന്നതാകണം ഈമാനെന്നത്. പതറാതെ, ഇടറാതെ മുന്നോട്ട് പോകാനുള്ള ആത്മധൈര്യം അത് നല്‍കും.
ഈമാനിന് മാധുര്യമുണ്ടെന്നാണ് റസൂല്‍(സ) പഠിപ്പിച്ചത്. ഹലാവതുല്‍ ഈമാന്‍ എന്ന് അതിനെക്കുറിച്ച് പ്രവാചക വചനങ്ങളില്‍ കാണാം. ചിലപ്പോഴൊക്കെ വിശ്വാസിക്ക് ആ മാധുര്യം അനുഭവിക്കാനാകും. ചുട്ടുപഴുത്ത മണലാരണ്യത്തില്‍ മലര്‍ത്തി കിടത്തി നെഞ്ചില്‍ പാറക്കല്ല് വെച്ച് വലിച്ചിഴക്കുമ്പോള്‍ ബിലാലി(റ)ന് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. പക്ഷേ, അല്ലാഹുവിന്റെ ദീന് സ്വീകരിച്ചതിനാണല്ലോ ഇത്രയും സഹിക്കേണ്ടിവരുന്നതെന്ന ചിന്ത ആ മനസ്സില്‍ കുളിര്മയുണ്ടാക്കുന്നുണ്ട്. അതുകൊണ്ടായിരുന്നു 'അല്ലാഹു അഹദ്' എന്ന് അദ്ദേഹത്തിന്റെ ചുണ്ടുകള്‍ മന്ത്രിച്ചത്. അവിടെ ബിലാല്‍(റ) അനുഭവിച്ച കുളിര്‍മയാണ് ഈമാനിന്റെ മാധുര്യം.
ദീനിനു വേണ്ടി നമ്മുടെ താല്പര്യങ്ങളും ആസ്വാദനങ്ങളും സമയവുമൊക്കെ മാറ്റിവെക്കുമ്പോള്‍, അല്ലാഹുവിനു വേണ്ടി ഭൗതികമായ ചില നഷ്ടപ്പെടുത്തലുകള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ മനസ്സനുഭവിക്കുന്ന ഒരു ആത്മസുഖമുണ്ടാകും. അതു തന്നെയാണ് ഈമാനിന്റെ മാധുര്യം. അതിന് വലിയ വലിയ കാര്യങ്ങള്‍ ചെയ്യണമെന്നില്ല. ദീനിന്റെ മാര്‍ഗത്തിലുള്ള ചെറിയ പ്രവര്‍ത്തനങ്ങളില്‍ നിന്നുപോലുമാകാം. ജീവിതത്തിന്റെ മുന്‍ഗണനാക്രമങ്ങളില്‍ അല്ലാഹുവും റസൂലും ദീനും പ്രസ്ഥാനവുമൊക്കെ കടന്നുവരുമ്പോള്‍ ആ അനുഭൂതിയിലേക്ക് നമ്മളെത്തും. റസൂല്‍(സ) പറയുന്നു: 'മൂന്ന് കാര്യങ്ങള്‍ ഒരാളുടെ ജീവിതത്തിലുണ്ടാകുമ്പോള്‍ അവന് ഈമാനിന്റെ മാധുര്യമനുഭവിക്കാനാകും. അല്ലാഹുവും റസൂലും അവന്റെ ജീവിതത്തിലേറ്റവുമിഷ്ടപ്പെട്ടതാകുക. അല്ലാഹുവിനു വേണ്ടി മാത്രം മറ്റൊരാളെ സ്നേഹിക്കുന്നവനാകുക. ദീനിലേക്ക് വന്നിട്ട് തിരിച്ച് കുഫ്റിലേക്ക് മടങ്ങുന്നത് തീയിലേക്ക് എറിയപ്പെടുന്നത് വെറുക്കുന്നത് പോലെയാവുക.'
ഈമാന്‍ മനസ്സിന്റെ ദൃഢബോധ്യവും അനുഭൂതിയുമായി മാറുമ്പോള്‍ അതിന് സൗന്ദര്യവും മാധുര്യവും കൂടിക്കൊണ്ടേയിരിക്കും.