തട്ടമിട്ട കഥകളിക്കാരി

ഉമ്മു ബിയ്യാത്തു
ഏപ്രില്‍ 2019

ആവേശത്തിന്റെയും അതിജീവനത്തിന്റെയും മാത്സര്യത്തിന്റെയും കലോത്സവ വേദികള്‍. ഓരോ വേദികള്‍ക്കും പറയാനുള്ളത് പോരാട്ടത്തിന്റെയും വിജയപരാജയങ്ങളുടെയും കഥകള്‍. ഇവിടെയൊന്നും മുസ്‌ലിം പെണ്‍കുട്ടികള്‍ പുതുമയല്ലാതായിട്ട് കാലമേറെയായി. നടപ്പിലും പഠിപ്പിലും പാടലിലും എഴുത്തിലും അവരുടെ സാന്നിധ്യം നിരന്തരം അറിയിക്കുന്നുമുണ്ട്. തട്ടം പ്രതിബന്ധമല്ല. ഞാനാരാണ്, എന്താണ്, എങ്ങനെയാണ് എന്ന് കര്‍മനിരതരായി പ്രഖ്യാപിച്ചും ആവിഷ്‌കരിച്ചും കൊണ്ടേയിരിക്കുന്നു. മതവും മതിലും ജാതിയും നവോത്ഥാനവും ചര്‍ച്ച ചെയ്ത് മലിനപ്പെടുത്തിയ സാമൂഹികാന്തരീക്ഷത്തില്‍ തെളിമയുള്ള കാഴ്ചകള്‍, സ്വാഭാവികമായ സാമൂഹിക ഇടങ്ങളെയും നാം കാണാതെ പോകുന്നു. അത് കാണുകയും അതിന്റെ സാധ്യതകളെ തിരിച്ചറിയുകയും ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ഈ കാലത്ത് വിപ്ലവം. അവിടെയാണ് വാണിയമ്പലത്തെ ഇസ്തിഗാറുദ്ദീന്‍ മാഷും ഭാര്യ രജിതയും അവരുടെ മകള്‍ ഫാത്വിമ ഷെറിനും പ്രസക്തരാകുന്നത്. കഥകളി സംഗീതത്തില്‍ എ ഗ്രേഡ് നേടിയ വണ്ടൂര്‍ ജി.ജി.എ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയാണ് ഫാത്വിമ ഷെറിന്‍. ഇവര്‍ വര്‍ഷങ്ങളായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്.
ശബ്ദത്തിലെ പ്രത്യേകതയും മാസ്മരികതയും തിരിച്ചറിഞ്ഞ് അഭികാമ്യമായ കഥകളി സംഗീതത്തിലേക്ക് വഴിതിരിച്ചുവിട്ടതും പ്രോത്സാഹിപ്പിച്ചതും പ്രചോദിപ്പിച്ചതും ഉപ്പയും ഉമ്മയും അധ്യാപകരും കൂടിയാണ്. പ്രശസ്ത കഥകളി സംഗീതജ്ഞ ദീപ പാലനാടിന്റെ ശിഷ്യത്വം സ്വീകരിച്ചതോടെ ഫാത്വിമ ഷെറിന്റെ കഴിവിന് മിഴിവേറുകയായിരുന്നു. കഴിവിന്റെയും അധ്വാനത്തിന്റെയും അര്‍പ്പണത്തിന്റെയും കൊടുക്കല്‍ വാങ്ങലുകളിലൂടെ കഥകളി സംഗീത മത്സരവേദിയില്‍ ഷെറിന്‍ വ്യത്യസ്തയായത് തട്ടമിട്ടതുകൊണ്ട് മാത്രമല്ല. മികച്ച നിലവാരം പുലര്‍ത്തിയ ഈ മത്സരത്തില്‍ ശബ്ദവും കഴിവും കൊണ്ട് കൂടിയാണ്. കീചകവധം പാഞ്ചാലിയാണെന്ന് കരുതി ഭീമനോട് പറയുന്ന സംഭാഷണമായിരുന്നു വിഷയം. ഒടുവില്‍ കീചകനെ ഭീമന്‍ വകവരുത്തുന്ന സന്ദര്‍ഭം ആസ്വാദകര്‍ക്ക് മുന്നിലെത്തിച്ച് ഈ മിടുക്കി ഇക്കഴിഞ്ഞ കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കുകയായിരുന്നു.
ദീപ പാലനാട് എന്ന തമ്പുരാട്ടി ഗുരുവും ഫാത്വിമ ഷെറിന്‍ എന്ന മുസ്‌ലിം പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ വിജയം കൂടിയാണിത്. കേവല മത്സരാധിഷ്ഠിത ഗുരുശിഷ്യ ബന്ധത്തിനപ്പുറത്തേക്ക് സാമൂഹിക സാമ്പ്രദായിക ജാതീയമായ സകല ആകുലതകളെയും അപ്രസക്തമാക്കുന്ന ഒരു തലത്തിലേക്ക് വളരുകയും ചെയ്തു. ഇതാണ് കല ഇടപെടുന്ന സാമൂഹിക പരിസരം. വളരെ സ്വാഭാവികമായി സകല അതിര്‍വരമ്പുകളെയും അപ്രസക്തമാക്കി സഹവര്‍ത്തിത്വത്തിന്റെ ഒരിടം സൃഷ്ടിക്കുക എന്നത്. അല്ലെങ്കില്‍ തട്ടത്തെയും ക്ഷേത്രകലയായ കഥകളി സംഗീതത്തെയും സമന്വയിപ്പിക്കുന്ന ഒരു രസതന്ത്രം കലക്ക് സാധ്യമാണ്.
ഈ സാധ്യത തിരിച്ചറിഞ്ഞ് മക്കളുടെ കൂടെ തന്നെയുണ്ട് ഇസ്തിഗാറുദ്ദീന്‍ മാഷും രജിതയും വാണിയമ്പലം എന്ന പ്രദേശത്തെ കരുവാറ്റക്കുന്ന്  എന്ന ഗ്രാമവും. 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media