യൂണിഫോം സെറ്റ് കൈയില്‍ വാങ്ങി പാര്‍ട്ടി വരിയില്‍ ചെന്നു നിന്നു. വൈകുന്നേരം കുട്ടികള്‍ അസംബ്ലി ചേരുന്നതിനാണ് പാര്‍ട്ടി എന്നു പറയുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഓരോ മുറ്റത്ത്.
യൂണിഫോം സെറ്റ് കൈയില്‍ വാങ്ങി പാര്‍ട്ടി വരിയില്‍ ചെന്നു നിന്നു. വൈകുന്നേരം കുട്ടികള്‍ അസംബ്ലി ചേരുന്നതിനാണ് പാര്‍ട്ടി എന്നു പറയുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഓരോ മുറ്റത്ത്. രണ്ടുകൂട്ടരേയും മൂന്നു വീതം ബാച്ചുകളായി തിരിച്ചിട്ടുണ്ട്. ഒന്നു മുതല്‍ നാലു വരെ പഠിക്കുന്ന കുട്ടികള്‍ ഒന്നാം ബാച്ചും, യു.പി. ക്ലാസിലുള്ളവര്‍ രണ്ടാം ബാച്ചും, ഹൈസ്കൂളും അതിനു മുകളിലുമുള്ളവര്‍ മൂന്നാം ബാച്ചും.
പാലിക്കേണ്ട മര്യാദകള്‍, ചിട്ടകള്‍ എല്ലാം കുട്ടികള്‍ കോയാക്ക എന്നു വിളിക്കുന്ന ചീഫ് വാര്ഡന് വിശദീകരിക്കും. മരിച്ചവര്‍ക്കും രോഗികള്‍ക്കും വേണ്ടി മാനേജര്‍ ദുആ ചെയ്യും. കുട്ടികള്‍ ഉറക്കെ 'ആമീന്‍' പറയും. യതീംഖാനയിലേക്ക് നേര്‍ച്ച നേര്‍ന്ന,് ഈ ദുആയുടെ ആമീന്‍ വിളികളുടെ തണുപ്പിനു വേണ്ടി എവിടെയൊക്കെയോ രോഗങ്ങളുടെ ചുട്ടുപൊള്ളുന്ന ദുരിതത്തില്‍ ആരൊക്കെയോ കാത്തു കിടന്നു. ഖബ്റിന്റെ ഇടുക്കങ്ങളില്‍ യതീമുകളുടെ നെഞ്ചുരുക്കത്തിന്റെ വിശാലതയിലേക്ക് റൂഹുകള്‍ കണ്‍പാര്‍ത്തിരുന്നു.
പാര്‍ട്ടി പിരിയുമ്പോള്‍ ചായക്ക് ബെല്ലടിച്ചിരുന്നു. ചെറിയ സ്റ്റീല്‍ പാത്രങ്ങളില്‍ നിരത്തി വെച്ചിരിക്കുന്ന ചായ. നല്ല വിശപ്പു തോന്നി. ചെറിയ കുട്ടികള്‍ വരിയില്‍ തിക്കും തിരക്കുമുണ്ടാക്കുന്നുണ്ട്. കോയാക്കയുടെ കട്ടിക്കണ്ണടക്കുള്ളിലെ അവ്യക്തഭാവം വരാന്തയിലുണ്ട്. ചിരിക്കാന്‍ മറന്നുപോയ ഒരു മനുഷ്യനാണ് കോയാക്ക എന്നു തോന്നി. ആയിരത്തിലധികം വരുന്ന ഈ കുട്ടികളെ നോക്കി നടത്തി എല്ലാറ്റിനും മറന്നു പോയതാവുമോ?
'പുകിമ്മ' വടിപിടിച്ച് ചായപ്പാത്രങ്ങള്ക്കരികിലുണ്ട്. പെണ്‍കുട്ടികളുടെ വാര്‍ഡനാണ് 'പുകിമ്മ' എന്താണാവോ അവരുടെ ശരിക്കുള്ള പേര്. സാരിയുടുത്ത് മക്കനയിട്ട് ഒരു പാട്ടുപോലെ വരാന്തയിലൂടെ നടക്കും.
'പുകിം മക്കളെ പുകിം
നിസ്കരിക്കാന്‍ പുകിം'
പ്രത്യേക താളത്തില്‍ പള്ളിയിലേക്കും ചോറിനുമൊക്കെ കുട്ടികളെ പറഞ്ഞു വിടുന്ന അവര്‍ക്ക് കുട്ടികളിട്ട പേരാണ് പുകിമ്മ. ഏതായിരുന്നാവോ അവരുടെ നാട്?
ഖദീജാത്തയാണ് മറ്റൊരു വാര്ഡന്. നീളന്‍ ജംബറും ലുങ്കിയും പുതച്ചുമൂടിയ പുള്ളിത്തട്ടവും വേഷം. ചായ ഒഴിക്കാന്‍ സഹായിക്കുന്ന അവരുടെ മുഖത്തെ കരുവാളിപ്പ് കൂടുകയാണെന്നു തോന്നി. സപ്ലൈക്ക് ചുമതലയുള്ള കുട്ടികള്‍ ഒഴിഞ്ഞ പാത്രങ്ങള്‍ കഴുകിക്കൊണ്ട് വരികയും നിരത്തുകയും ചെയ്യുന്നു.
റൂമിലേക്ക് നടന്നു. ഉച്ചക്ക് ചോറ് തിന്നപ്പോള്‍ തന്നെ വിശപ്പ് മാറിയിട്ടില്ല. സ്കൂളില്‍നിന്ന് നേരെ പള്ളിയിലേക്കാണു വരിക. നമസ്കാരം കഴിഞ്ഞു വരുമ്പോഴേക്കും ഒന്നാം ബാച്ച് കഴിച്ചിട്ടുണ്ടാവും. കറിയൊഴിച്ച ചോറു പാത്രങ്ങള്‍ വരാന്തയില്‍ നിരത്തി വെച്ചിട്ടുണ്ടാവും. വരിനിന്ന് ഓരോന്ന് എടുത്തു പോകാം. ഈയം പൂശിയ പിച്ചള പാത്രങ്ങള്‍ മിക്കതും ഓട്ടപ്പെട്ടിട്ടുണ്ട്. നിറം മങ്ങി കറുപ്പ് പിടിച്ച ഓട്ടപ്പാത്രം കണ്ടപ്പോഴേ മനസ്സ് ചത്തു. കോയാക്ക മുമ്പില്‍ തന്നെയുണ്ട്. അവനവന്റെ മുമ്പിലുള്ളതേ എടുക്കാവൂ. കിട്ടിയ പാത്രത്തില്‍ ചോറ് നന്നേ കുറവ്. തുള വീണ പാത്രത്തില്‍നിന്ന് കറി ഒലിച്ചുപോയിട്ടുണ്ട്. തണുത്ത ചോറ് കണ്ണുകളടച്ച് വാരിത്തിന്നു. വയറു നിറയുവോളം വെള്ളം കുടിച്ചു.
പുറത്തെ തിരക്കിലേക്കു നോക്കി വരാന്തയില്‍ വെറുതെ നിന്നു. അടുത്ത മുറിയില്‍ അടച്ചിട്ട വാതിലിനപ്പുറത്ത് അടക്കിപിടിച്ച തിരക്ക്. തുറന്നിട്ട ജനലിലൂടെ അകത്തേക്ക് നോക്കി. വലിയ പിച്ചളപ്പാത്രത്തിലെ ചോറിന് ഉന്തും ബഹളവുമാണ്. പോക്കര് സുഹറയാണ് നേതാവ്. തടിച്ചു വീര്‍ത്ത സുഹറയുടെ മുഖം ആണുങ്ങളുടേതുപോലെ തോന്നി. എല്ലാ ബഹളങ്ങള്‍ക്കും മുമ്പിലുണ്ടാവും.
ഉച്ചക്ക് വാര്ഡന് കാണാതെ കടപ്പയിട്ട മേശക്കു താഴെ ചോറുവെക്കും. മാറാലയും ചിലന്തിക്കുഞ്ഞുങ്ങളും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും നിറഞ്ഞ മേശയുടെ വക്കില്‍ നിന്ന് കടപ്പ നീക്കി പാത്രം വെച്ചാല്‍ കടപ്പ യഥാസ്ഥാനത്തേക്ക് നീക്കിയിടണം. പാത്രം ഭദ്രമായി കടപ്പയുടെ താഴെ വിശ്രമിക്കും. വൈകുന്നേരം വാര്ഡന്മാരൊന്നും പുറത്തില്ലാത്ത നേരം നോക്കി പാത്രവും കൊണ്ട് റൂമിലേക്ക് ഓടണം. ഇങ്ങനെ 'ഡബിളടിച്ച' ചോറിനുള്ള ബഹളമാണ്. മാറാലയും ഭക്ഷണാവശിഷ്ടങ്ങളും വീണ ചോറ് ഓര്‍ത്തപ്പോള്‍ വായില്‍ കയ്പുരസം നിറഞ്ഞു. മുറ്റത്തേക്കു തുപ്പി പതുക്കെ നടന്നു. വിശപ്പു തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.
നിഴല്‍ മങ്ങുന്ന നട്ടുച്ചകളില്‍ തറവാട്ടിലേക്കു പണിക്കു വരുന്ന ചക്കന്‍ മൊട്ടനും കൂട്ടരും പെരുച്ചാഴി മടകളില്‍ വലിയ വടികളിട്ടുകുത്തി പെരുച്ചാഴികളെ പിടിച്ചുകൊണ്ടുപോയത് എന്തിനായിരുന്നു? ഓരോ പെരുച്ചാഴികളെ കിട്ടുമ്പോഴും 'ഹുര്‍റേ.......' എന്ന് ആര്‍ത്തുവിളിച്ചത് ചെവികളില്‍ മുഴങ്ങി. ചക്കന്‍ മൊട്ടന്റെ എല്ല് പെറുക്കിയെണ്ണാവുന്ന വാരിയെല്ലിന്‍കൂട് സന്തോഷം കൊണ്ട് ഉയര്‍ന്നു താഴ്ന്നതെന്തിനായിരുന്നു?
മുറ്റത്തെ പടര്‍ന്നുപന്തലിച്ച കപ്പിമാവിന്റെ ചുവട്ടിലേക്ക് പണികഴിഞ്ഞ് മയങ്ങാനെത്തുന്ന പണിക്കാരി ചെറുമികളുടെ കൂട്ടത്തിലെ നീലി ചിതലുകള്‍ അരിവാളുകൊണ്ട് അടര്‍ത്തിയെടുത്ത് ആര്‍ത്തിയോടെ തിന്നത് എന്തിനായിരുന്നു? വിശന്നിട്ടാവുമോ? മണ്ണും ചിതലുകളും ചവച്ചിറക്കി കപ്പിമാങ്ങയുടെ പൂള് കടിച്ചിറക്കുന്ന നീലിയുടെ വായിലെ ചോപ്പ് പിന്നെയും മനസ്സിലേക്ക് ഒരു ഓക്കാനമായി കുതിച്ചു.
വരാന്തയില്‍നിന്ന് റൂമിലേക്കു നടക്കുമ്പോള്‍ ആദ്യമായി യതീംഖാനയിലേക്കു വന്ന ദിവസത്തെ നടുക്കുന്ന കാഴ്ചയുടെ ഓര്മ കാലുകളുടെ വേഗം കൂട്ടി. വൈകുന്നേരം എല്ലാവരും സ്കൂള്‍ വിട്ടുവന്ന ബഹളത്തില്‍ മനസ്സലിയാന്‍ മടിച്ചു. അന്ന് സ്കൂളില്‍ പോയിട്ടില്ല. യതീംഖാനയില്‍ നിന്ന് സ്കൂള്‍ ഓഫീസിലേക്ക് കടലാസുകള്‍ നീങ്ങണം. അതിന് ഓന്നോ രണ്ടോ ദിവസം പിടിക്കും. ഒന്നും ചെയ്യാനില്ലാതെ മടുപ്പും സങ്കടവും ഇഴചേര്‍ന്ന് റൂമിന്റെ ജനാലയില്‍ പിടിച്ച് പുറത്തെ അഗാധമായ താഴ്ചകളിലേക്ക് കണ്ണുകള്‍ വീഴുമ്പോള്‍ മനസ്സില്‍ റബ്ബര്‍ മലയിലെ കാറ്റ് ചിരിച്ചു. കല്ലുമലയിലെ വെളുത്ത പുക മനസ്സാകെ മൂടി.
വരാന്തയിലെ ബഹളം വെളുത്ത പുകയെ മായ്ച്ചുകളഞ്ഞു. നോക്കുമ്പോള്‍ ജാഥപോലെ ഒരു വലിയ സംഘം. മുമ്പിലെ തടിച്ച പെണ്‍കുട്ടിയുടെ കഴുത്തില്‍ ചിരട്ടമാല. ഒരുപാടു കുട്ടികള്‍ കൂടെയുണ്ട്. ഉന്തിയും തിരക്കിയും നടന്നു നീങ്ങുന്ന സംഘനേതാവിന്റെ മുഖത്ത് നിസ്സംഗത.
തേങ്ങ കട്ടു തിന്നതിന്റെ ശിക്ഷയാണ്.
'എന്റെ റബ്ബേ'! എന്ന് മനസ്സ് വിങ്ങി. താഴെയും മേലെയുമായി വരാന്തകളിലൂടെ ഘോഷയാത്ര നീങ്ങുമ്പോള്‍ പെണ്‍കുട്ടിയുടെ മുഖത്തെ നിസ്സംഗത എന്നെ പേടിപ്പിച്ചു.
'പോക്കര് സുഹ്റയാണ്.'
സുദുട്ടി പിന്നെയും ചെവിയില്‍ മന്ത്രിച്ചു. ഒന്നാം ക്ലാസില്‍ വന്നതാണ് സുദുട്ടി. സുബൈദക്കുട്ടി ലോപിച്ച് സുദുട്ടിയായതാണ്. പാവാടയിലെ ചുവന്ന വരകളുടെ വെപ്രാളത്തിന് പരിഹാരം പറഞ്ഞുതന്നത് അവളാണ്. തടിച്ചുവീര്‍ത്ത അവളുടെ ശരീരം എട്ടാം ക്ലാസല്ല പത്താം ക്ലാസ് കഴിഞ്ഞപോലെ തോന്നിച്ചു. 'ആറിലും ഏഴിലും രണ്ട് കൊല്ലം ഇരുന്നു.' സുദുട്ടി ചിരിച്ചു. അവളുടെ സംസാരം ആറാം ക്ലാസുകാരിയെപ്പോലെ നിഷ്കളങ്കം.
രാത്രി, നിരത്തിയിട്ട ജമുക്കാളങ്ങളില്‍ വീഴും മുമ്പേ കൂര്‍ക്കം വലികളുടെയും അവ്യക്തമായ വര്‍ത്തമാനങ്ങളുടെയും നടുവില്‍ വാര്ഡന് തന്ന 'പട'മെന്ന ജമുക്കാളം കൈയില്‍ പിടിച്ച് ഇരുന്നു. സിമന്റുതറയില്‍ നിന്ന് തണുപ്പ് അരിച്ചു കയറുകയാണ്. പുറത്ത് മഴയുടെ നിര്‍ത്താത്ത തേങ്ങല്‍.
സുദുട്ടിയുടെ ഇപ്പുറത്ത് 'പടം' ചേര്‍ത്തിടാന്‍ പറഞ്ഞു. ഒരറ്റത്തായത് നന്നായി.
'അടുത്ത് കെടന്നോ. ഇന്നാ തണുക്കൂല'.
സുദുട്ടിയുടെ വാക്കുകള്‍ കേട്ടില്ലെന്നു നടിച്ചു. ഉമ്മയുടെ കീറാത്ത തുണി പുതപ്പായി തന്നിട്ടുണ്ട്. വീട്ടില്‍ ആകെ ഒരു പുതപ്പേ ഉള്ളൂ. അത് അലക്കിയുണക്കി ഉമ്മ പാത്തുവെക്കും. അളിയാക്ക വിരുന്നു വരുമ്പോള്‍ കൊടുക്കാനാണ്. അകത്തെ പടിയില്‍ പായ വിരിച്ച് അതില്‍ ആ പുതപ്പു വിരിച്ചാല്‍ പുതക്കാനുള്ളത് മൂത്താപ്പയുടെ വീട്ടില്‍നിന്ന് വായ്പ വാങ്ങും.
പിറ്റേന്ന് അലക്കിയുണക്കി പുതപ്പ് തിരികെ നല്കുമ്പോള് ഉമ്മ തന്നോടുതന്നെ പറയും 'ഒരു പൊതപ്പും കൂടി മാങ്ങണം.' ശനിയാഴ്ചകളില്നിന്ന് ശനിയാഴ്ചകളിലേക്കുള്ള ഓട്ടത്തിനിടയില്‍ ഉമ്മ വീണ്ടും പുതപ്പ് മറക്കും. ശനിയാഴ്ച റേഷന്‍ അവസാനിക്കുന്ന ദിവസമാണ്.
സുദുട്ടി ഉറങ്ങിയിരിക്കുന്നു. അവളുടെ കുറച്ച് അപ്പുറത്ത് പടമിട്ട് കിടന്നു. ഓര്മവെച്ച നാള് മുതല്‍ ആരും തൊട്ടു കിടന്നിട്ടില്ല. ഉമ്മയുടെ ചൂട് അനിയന് വന്നപ്പോള്‍ അവനിലേക്ക് നീങ്ങിയതാവും, തല ചൊറിഞ്ഞ്,
''നറച്ച് പേനാ. ഒന്ന് തലവാരാന്‍ നേരല്ലല്ലോ'' എന്ന് ഉമ്മയുടെ തലനോക്കല് ക്ഷണിച്ചു വരുത്തുമ്പോള്‍ ഒരു തൊടല് തന്നെയാണ് ആഗ്രഹിച്ചത്. ആ രാത്രികള്‍ ഇനിയില്ല.
ഉറക്കം എവിടെയോ പോയി മറഞ്ഞിരിക്കുകയാണ്. പുറത്തെവിടെയോ കത്തുന്ന ബള്‍ബിന്റെ അരണ്ട വെളിച്ചത്തില്‍ റൂം അവ്യക്തമായി കാണാം. കിടന്ന വിരിപ്പില്‍ ആരുമില്ല. പരസ്പരം കെട്ടിപ്പിടിച്ചും കൈകാലുകള്‍ വലിച്ചിട്ടും കുറേ അനാഥ ജന്മങ്ങള്. ഏതൊക്കെയോ ദൂരങ്ങള്‍ താണ്ടി എല്ലാവരും ഒരേ കൂരയില്‍. ഇവിടെ ആരും 'കാളി' എന്നു വിളിക്കില്ലായിരിക്കും. 'കാജാബീഡി' എന്ന പേര് ആര്‍ക്കും അറിയില്ലായിരിക്കും.
നോക്കിയാല്‍ കാണുന്നത് നാലു മതിലുകള്‍ മാത്രമാണ്. കേള്‍ക്കുന്നത് ഓരോന്നിനും സമയമായി എന്ന ബെല്ലുകള്‍ മാത്രവും. ഇവിടെ വേണം ഇനി ജീവിതം തളിര്‍ക്കാന്‍, പൂക്കാന്‍; ഉമ്മക്ക് തണലേകാന്‍. വലിയ തലയും ശോഷിച്ച കൈകാലുകളുമുള്ള കാളിക്ക് അതിനു കഴിയുമോ?
ദൂരെ, രാത്രിയുടെ ഗുഹക്കകത്തു നിന്നും പേരറിയാത്ത പക്ഷികളുടെ ശബ്ദങ്ങള്‍. മഴ ശമിച്ചെന്നു തോന്നുന്നു.
ഉമ്മ ഉറങ്ങിക്കാണുമോ? അതോ ചോര്‍ന്നൊലിക്കുന്ന പാത്രത്തിലെ മഴത്തുള്ളികള്‍ കലപില കൂട്ടുന്നത് കേട്ട് കരയുന്നുണ്ടാവുമോ? അനിയന്റെ കൈകള്‍ക്ക് എന്നാണ് ഒരു കുടുംബം താങ്ങാനുള്ള കരുത്തുണ്ടാവുക?
പുറത്തെവിടെയോ ആച്ചുട്ടിയുടെ കാല്‍പ്പെരുമാറ്റം.
'ന്റെ കുട്ടി ഒറങ്ങീലെ ?'
വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞ് കരഞ്ഞു.
'ന്റെ കുട്ടി നെലോളിച്ചാ.....ജ് വല്ല്യ ആളാകൂലെ?'
'ഉം.....'
'അപ്പൊ ആച്ചുട്ടിക്ക് എന്താ തരാ.... ?' 'കാച്ചിത്തുണീം ചോന്നതട്ടോം.....'
ആച്ചുട്ടിയുടെ കണ്ണില്‍ നനവ്.
'അന്ന് ആച്ചുട്ടിണ്ടാവ്വോ?'
'ണ്ടാവും'
ആടു മണമുള്ള ആച്ചുട്ടിയുടെ കുപ്പായത്തില്‍ തലയമര്ത്തുമ്പോള് ചൂടുള്ള നനവ് മൂര്‍ധാവില്‍. എന്നിട്ടിപ്പൊ ആച്ചുട്ടി എവിടെ?
മെലിഞ്ഞൊട്ടി, കീറിയ പാവാടയുമുടുത്ത് എണ്ണമയമില്ലാത്ത മുടിയുമായി നില്ക്കുന്ന ഞാന്‍ വല്ല്യ ആളാവുംന്ന് കിനാവു കണ്ടത് ആച്ചുട്ടി മാത്രമായിരുന്നു. തലക്ക് വെളിവില്ലാത്ത ആച്ചുട്ടി.
ഒന്നാം ക്ലാസില്‍നിന്ന് അമ്പതില്‍ അമ്പതും വാങ്ങി മോയിന്‍ മാഷിന്റെ ചോക്കിന്റെ വട്ടം മായാതെ കൊണ്ടുചെന്നപ്പോള്‍ തറവാട്ടിലെ ഇത്താത്ത ചിരിച്ചു. 'ജ് ഉഷാറാട്ടോ' എപ്പോഴും പോണ്‍സ് പൗഡറിന്റെ മണമുള്ള ഇത്താത്ത അതു പറഞ്ഞപ്പോള്‍ സന്തോഷം തോന്നി.
തവിടും വിയര്‍പ്പും ചേര്‍ന്ന് കിതച്ചു നില്ക്കുന്ന ഉമ്മക്ക് സ്ലേറ്റ് നോക്കാന്‍ സമയമില്ലായിരുന്നു. ഉരലിലിട്ട് അരി വെളുപ്പിക്കണം. ഉലക്കയുടെ കാളന്ചിറ്റ് മാറ്റിപ്പിടിച്ച് ഉരലില്‍ ആഞ്ഞു കുത്തുന്ന ഉമ്മയെ നോക്കിയപ്പോള്‍ സ്ലേറ്റിലെ ചോക്കുവട്ടം താനേ മാഞ്ഞു.
പിന്നെ എപ്പോഴെങ്കിലും എനിക്കാ മാര്‍ക്ക് വാങ്ങാനായോ? ഇല്ലെന്നു മനസ്സു വിങ്ങി. വൈകുന്നേരങ്ങളില്‍ ഉമ്മയുടെയും ചെറ്യമ്മായിയുടെയും വഴക്കു മൂര്ച്ചിക്കുമ്പോള് പുസ്തകമടച്ച് വെറുതെ ഇരുന്നു.
കളിക്കാന്‍ പോകുമ്പോള്‍ ചെറിയ ചെറിയ പിഴവുകള്‍ക്ക് 'ആ പെണ്ണ് അങ്ങനെത്തന്ന്യാ' എന്ന് സ്വന്തക്കാരുടെ പ്രാക്കുകള്ക്കു മുന്നില്‍ ചൂളി നില്‍ക്കുമ്പോഴും, എല്ലാമറിഞ്ഞ് 'ന്റെ മജ്ജത്ത് പള്ളിക്കാട്ട്ക്ക് കൊണ്ടോവുമ്പോ ജ് നന്നായിക്കോളും' എന്ന് ഉമ്മയുടെ നിസ്സഹായതയില്‍ പള്ളിക്കാടെന്ന ഭീകരതയുടെ ഭീതി അവ്യക്തമായി നിറയുമ്പോഴും ചുട്ടുപൊള്ളുന്ന എന്തോ ഒന്ന് നെഞ്ച് വേവിച്ചു. പിന്നെ പള്ളിക്കാടിന്റെ മീസാന്‍ കല്ലുകള്‍ ഉറക്കത്തില്‍ മാനംമുട്ടെ ഉയര്‍ന്ന് എന്നെ പേടിപ്പിച്ചു. ഒരിക്കല്‍ പോലും കാണാത്ത ഖബറിന്റെ ആഴത്തിലെവിടെയോ കിടക്കുന്ന ബാപ്പയുള്ളതുകൊണ്ടു മാത്രം ഞാന്‍ പള്ളിക്കാടിനെ വെറുത്തില്ല. പകരം ഏതൊരു പള്ളിക്കാടിന്റെ അരികിലെത്തുമ്പോഴും സ്നേഹത്തില്‍ കുതിര്‍ന്ന ഒരു നൊമ്പരം എന്നെ എടങ്ങേറാക്കി. പിന്നെ ഭീകരമായ ഒരു പേടി പതുക്കെ എന്നെ കൊത്തിവലിക്കും. മീസാന്‍ കല്ലിനരികിലെ മൈലാഞ്ചിച്ചെടികള്‍ അപ്പോള്‍ പതുക്കെ കാറ്റിലാടും. കുത്തിയ മൈലാഞ്ചിക്കൊമ്പ് തെഴുത്താല് താഴെക്കിടക്കുന്ന ആള് സ്വര്‍ഗത്തിലായിരിക്കും എന്നാരോ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ട് ബാപ്പാന്റെ ഖബ്റിലെ മൈലാഞ്ചി തെഴുത്ത് ഉലയണേ എന്ന് പ്രാര്‍ഥിക്കും. പ്രാര്‍ഥന തന്നെ ജീവിതം.
തുടരും