രോഗത്തിന്‍ വയറ്റില്‍പ്പെട്ട് പിടഞ്ഞയുമ്മ
ഒരുമാത്ര പിടച്ചില്‍ നിര്‍ത്തി പറഞ്ഞു
നിനക്ക് കഞ്ഞിക്കൊപ്പം കൂട്ടാനായിത്തിരി
മാങ്ങാപ്പൂമ്മളരച്ചുതരാം ഞാന്‍
രോഗത്തിന്‍ വയറ്റില്‍പ്പെട്ട് പിടഞ്ഞയുമ്മ
ഒരുമാത്ര പിടച്ചില്‍ നിര്‍ത്തി പറഞ്ഞു
നിനക്ക് കഞ്ഞിക്കൊപ്പം കൂട്ടാനായിത്തിരി
മാങ്ങാപ്പൂമ്മളരച്ചുതരാം ഞാന്‍
ഉപ്പ മരിച്ചന്ന് രാവില്‍
കണ്ണീര്‍പ്പുഴയില്‍ കുളിക്കാനിറങ്ങിയ ഉമ്മ
ഇടക്ക് കരക്കുകേറി പറഞ്ഞു.
കീരിയും കുറുക്കനും വന്നെന്‍
കോഴിക്കിടാങ്ങളെ പിടിച്ചുകൊണ്ടുപോകാതിരിക്കാനായ്
കൂടടച്ചുവരാം ഞാന്‍
ഉമ്മറത്ത് അണലിയെ കണ്ടനാളില്‍ -
ഒളിഞ്ഞിരുന്നയുമ്മ
പെട്ടെന്ന് തെളിഞ്ഞു പറഞ്ഞു
ചെടികളുണങ്ങാതിരിക്കാനായ്
ഇത്തിരി വെള്ളമൊഴിച്ചുവരാം ഞാന്‍
ഉമ്മമാരേ...
നോവിലും വ്യഥയിലും ഭീതിയിലും
സ്‌നേഹത്തെ ഒക്കത്തുനിന്നിറക്കി വെക്കാത്തതിനാലല്ലോ
കവിളില്‍ പതിപ്പിക്കുന്ന
കടുംസ്‌നേഹത്തിന്‍ മുദ്രയുടെ പേരിട്ട്
നിങ്ങളെ വിളിക്കുന്നൂ ലോകം.
കടല്‍ കരയോടു പറഞ്ഞത്
ദില്‍ഷ എളമരം
എനിക്ക് നിന്നെയൊന്നാശ്ലേഷിക്കണം
നാമൊന്നായിത്തീരുമാറൊന്നു
മുറുകെപ്പുണരണം
ഒരു വന്‍ശക്തിയൊരുമയാല്‍
കഴിയണം
അവിടെ, ഞാനില്ല, നീയില്ല
നമ്മളായിരിക്കണം
സര്‍വം നമുക്കൊന്നു പങ്കുവെക്കാം
കാടും വീടും മേടും ഇനി നമുക്ക്
മുത്തും പവിഴവും ശംഖും നമുക്ക്
നിന്റെ സിരകളിലൂടിനിയൊഴു
കണമെന്റെ രക്തം
ഇനിയന്തിച്ചു നില്‍ക്കവയ്യ
നാമൊരൊറ്റ ശക്തിയായൊഴുകണം
ആ തിരപ്രവാഹത്തില്‍
സര്‍വം കുത്തിയൊലിക്കണം
അന്ധതയുടെ വേരുകള്‍ പിഴുതെറിയണം
ഭ്രാന്തന്‍ ഭ്രമങ്ങളാം സൗധ-
ങ്ങളൊക്കെയും
തല്ലിത്തകര്‍ന്നങ്ങു തീര്‍ന്നിടട്ടെ
ശൗര്യത്തിന്‍ രൗദ്രത്തില്‍
രക്തക്കറയിനി പാടേ
നമുക്കു തുടച്ചു നീക്കാം
ഞാനെന്ന ഭാവത്താല്‍ നെഞ്ചും വിരിച്ചു
നടക്കും കുലം
ഇനി വേണ്ടേ വേണ്ട
കാമവും ക്രോധവും കത്തിജ്വലിക്കുമീ
മാനവഹൃത്തും ഇവിടെ വേണ്ട
അന്യന്റെ രക്തത്തെയൂറ്റിക്കുടിച്ചിട്ട്
ഒരുവനും ഇവിടിനി വാണിടേണ്ട
അപരനുവേണ്ടിയൊരിത്തിരി പോലും
സമയം കളയാനവനില്ല പോലും
അന്യന്റെ ദുഃഖത്തെയേറ്റു പിടി
ക്കുവാനവനൊട്ടും നേരമില്ല
നേരമില്ലാത്തവന്‍ നേടിയെടുക്കുന്ന
ഭോഗങ്ങളെല്ലാം നശിച്ചിടട്ടെ
അവനെന്ന ദേഹവും
എത്രയും ക്ഷണികമാണെന്നവനൊ
ന്നറിഞ്ഞിടട്ടെ
ഈ ലോകമൊട്ടാകെയീ
യൊത്തുചേരലില്‍
മാറിമറിഞ്ഞങ്ങു തീര്‍ന്നിടട്ടെ
സ്‌നേഹവും നന്മയും സര്‍വ്വ സൗഭാഗ്യവും
സമം ചേര്‍ത്ത നരഭൂവുണര്‍ന്നിടട്ടെ.
കവിത എഴുതുന്ന മാപ്പിളപ്പെണ്ണേ
മലികാ മര്‍യം വി.
കവിതയെഴുത്ണ കുഞ്ഞോളെ,
വല്ലാത്തൊരു കാലം തന്നെ
മൗനം വന്‍ കുറ്റം തന്നെ,
അവിടെ ബലാല്‍സംഗം,
ഇവിടെ കൊലപാതകം,
അഴിമതി, കഴുമരം...
ഒന്നു കൂടി അടുത്തു വാ,
ആരും കേള്‍ക്കേണ്ട,
ചെവിയിലോതാം,
നിന്റെ കാര്യം ഇതിലും കഷ്ടം.
വെള്ളിയാഴ്ച്ച പള്ളീന്നു
ഓടിയിറക്കിച്ച
അടുക്കള മേശയുടെ
ബര്‍ക്കത്ത് കളഞ്ഞീലെ?
തിന്നാ പള്ളക്കു കുത്തും,
തൂറ്യാ തീട്ടം ചികയും,
മിണ്ട്യാ പിടിച്ചും കൊണ്ടോവും.
ഇല്ലാത്ത കേസിന്
ഉള്ളത്ര പ്രതികള്‍
ഉള്ളോരു കേസിനും ഇല്ലാത്ത കാലമാണ് കുഞ്ഞോളെ,
എല്ലാം എഴുതണം
പേന പടവാളാക്കണം.
പക്ഷേ
ഒരു മയത്തില്‍.
അങ്ങനെ അങ്ങു വെട്ടിത്തുറക്കാതെ.
നമ്മുടെ ഉള്ളില്‍
ഇങ്ങനാന്നൊക്കെ അറിഞ്ഞാല്,
നമ്മളേം വെട്ടി വെട്ടി..
വേണ്ട.
കവിത നോക്കട്ടെ,
എന്ത്?
മദനിയെന്നോ?
ഒരൊറ്റ അടി പെണ്ണേ
ചാപ്പകുത്ത് വീണാല്‍ പോവില്ല കേട്ടോ.
അങ്ങനെയല്ല,
ഒറ്റക്കാലു നഷ്ടപ്പെട്ട വേഴാമ്പലെന്നോ നീതിയെന്നോ
താടിയും തൊപ്പിയുമെന്നോ
ഉല്‍പ്രേക്ഷിച്ചു വേണം എഴുതാന്‍.
കസബിനു പകരം ബിരിയാണിക്കൊതിയന്‍.
''നജീബും മറ്റായിരം പേരും വരണം,
''പക്ഷേ നിഴലിനപ്പുറം മാത്രം.
പറയണം, എന്നാല്‍ പറയരുത്,
തിരിയണം,
എന്നാല്‍ തിരിയുകയുമരുത്.
ഉപമിച്ചും രൂപകിച്ചും
വായിക്കുന്നോന്റെ കണ്ണു തെറ്റിക്കണം.