അധ്യാപനം ഒരു തപസ്യയാണ്. അറിവുകള്‍ പകര്‍ന്നുനല്‍കി ഒരു തലമുറയെ ലോകത്തിനു സമ്മാനിക്കുന്ന സദ്കൃത്യം. അത് പരലോകത്ത് ശാന്തിനല്‍കുന്ന ആത്മീയ പാഠങ്ങളാകുമ്പോള്‍ അതിന്റെ മേന്മ ഏറെ വലുതാണ്. അര്‍ഹിക്കുന്ന ആദരവോടെ നാം ഈ അധ്യാപകരെ കണ്ടിട്ടുണ്ടോയെന്നത് വേറെ കാര്യം. പരാതികളും പരിഭവങ്ങളുമില്ലാതെ ലാഭേഛയില്ലാതെ വര്‍ഷങ്ങളോളം മദ്രസാധ്യാപനം തപസ്യപോലെ കൊണ്ടുനടക്കുന്ന അനേകം പേരുണ്ട് നമ്മുടെയിടയില്‍. അവരുടെ പ്രതിനിധികളില്‍ ചിലര്‍ ആരാമം വായനക്കാരുമായി സംസാരിക്കുന്നു...
പഠിച്ചും പഠിപ്പിച്ചും
ഉല്‍പതിഷ്ണുവായ വല്യുമ്മയില്‍നിന്നും പകര്‍ന്നുകിട്ടിയ സാമൂഹികമായ ഉണര്‍വ് പിന്‍ബലമാക്കി മദ്രസാ അധ്യാപന മേഖലയില്‍ മുന്നേറുമ്പോള്‍ അന്ന് വല്യുമ്മയുടെ കൈയും പിടിച്ച് വാരാന്ത്യ യോഗങ്ങളിലും ഖുര്‍ആന്‍ ക്ലാസ്സുകളിലും പോയ ഓര്‍മകള്‍ സുബൈദയുടെ മനസ്സിലൂടെ കടന്നുപോകുന്നു.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വനിതാ നേതൃനിരയിലെ മദ്രസാധ്യാപിക. ഭാരവാഹിത്വങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയ മദ്രസാ അധ്യാപന ജോലി യാതൊരു മുടക്കവുമില്ലാതെ നടത്തിക്കൊണ്ടുപോവുകയാണ് സുബൈദ തിരൂര്‍ക്കാടെന്ന ഈ അധ്യാപിക. അന്ന,് പതിനേഴാമത്തെ വയസ്സില്‍ തുടങ്ങിയ കുട്ടികളുമായുള്ള കൂട്ട് ഇന്നും വിട്ടില്ല. പഠിച്ചും പഠിപ്പിച്ചും ഉളള വിദ്യാര്‍ഥിനി- അധ്യാപക രീതിയിലൂടെ തുടര്‍ന്ന ആത്മീയബന്ധം കൂടുതല്‍ ശക്തമായത് ഗള്‍ഫ് ജീവിതത്തിനു ശേഷമാണ്. അഫ്ദലുല്‍ ഉലമ പ്രിലിമിനറി പഠനം കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം. പിന്നെ ഭര്‍ത്താവുമൊത്ത് ഗള്‍ഫുജീവിതം. അവിടെ കൂടുതല്‍ സമയവും സൗകര്യവും ഒത്തുവന്നപ്പോള്‍ ശ്രീലങ്കന്‍ അധ്യാപികയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഖുര്‍ആന്‍ തജ്‌വീദ് ക്ലാസ്സിലെ പഠിതാവായി. അഞ്ചുവര്‍ഷത്തെ തജ്‌വീദ് പ്രകാരമുള്ള ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കി. നാട്ടില്‍ വന്നപ്പോള്‍ 97-ല്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരളയുടെ കീഴില്‍ വ്യവസ്ഥാപിത രൂപത്തില്‍ ഖുര്‍ആന്‍ പഠനം ആരംഭിച്ചിട്ടുണ്ടായിരുന്നു. 97 മുതല്‍ ഇതിനു കീഴില്‍ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ തുടങ്ങി. പെരിന്തല്‍മണ്ണ, മഞ്ചേരി, കൂട്ടില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ കേന്ദ്രങ്ങളിലെ അധ്യാപികയായി. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കൂടാതെ മജ്‌ലിസിനു കീഴിലെ മദ്രസാ അധ്യാപനവും തുടങ്ങി. 45-ഓളം സ്ത്രീകള്‍ മൂന്ന് സെന്ററുകളിലായി അര്‍ഥസഹിതം ഖുര്‍ആന്‍ ഖത്തം തീര്‍ത്തു. ഇപ്പോഴും മദ്രസ കൂടാതെ 85-ഓളം സ്ത്രീകള്‍ക്കായി ഖുര്‍ആന്‍ സെന്ററുകള്‍ നടത്തുന്നുണ്ട്. ഖുര്‍ആന്‍ പഠിപ്പിക്കാന്‍ വിളിച്ചാല്‍ ഒരിക്കലും വരാന്‍ കഴിയില്ല എന്ന് സുബൈദക്ക് പറയാന്‍ കഴിയില്ല. എന്തു പ്രയാസമുണ്ടായാലും അതിനുള്ള സൗകര്യം അല്ലാഹു ഉണ്ടാക്കിത്തരുമെന്ന് അനുഭവത്തില്‍നിന്നും അവര്‍ പറയുന്നു. എഴുപത്തഞ്ച് വയസ്സുള്ള സ്ത്രീകള്‍ വരെ ആവേശപൂര്‍വം ക്ലാസ്സില്‍ വരുമ്പോള്‍ അത് ആവേശത്തോടെ പഠിപ്പിക്കാന്‍ നിമിത്തമാകുന്നു എന്നവര്‍ പറയുന്നു. കുട്ടികളെ മദ്രസയില്‍ പഠിപ്പിക്കുന്നതോടൊപ്പം പത്തുമാസം കൊണ്ടു തീരുന്ന തംഹീദുല്‍ മര്‍അയും നടത്തുന്നു.
2009 മുതല്‍ തിരൂര്‍ക്കാട് എ.എം.ഐ മദ്രസയിലെ മുതിര്‍ന്ന കുട്ടികള്‍ക്ക് ഖുര്‍ആന്‍ ചരിത്രം, ഹദീസ് തുടങ്ങി എല്ലാ വിഷയങ്ങളും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. മദ്രസ പഠിപ്പിക്കല്‍ ഒരു ആത്മീയാനുഭൂതിയാണവര്‍ക്ക്. ഇതിലൂടെ സ്‌നേഹത്തിന്റെ കൂട്ടായ്മകളാണ് രൂപപ്പെട്ടുവരുന്നതെന്നവര്‍ ഉറപ്പിക്കുന്നു. മുതിര്‍ന്ന കുട്ടികളെ, വിശേഷിച്ചും പെണ്‍കുട്ടികളെ പഠിപ്പിക്കുമ്പോള്‍ ഒരു രക്ഷിതാവിന്റെ സ്ഥാനത്തുനിന്നു അവരുടെ സംശയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ചെവികൊടുക്കാനാകുമ്പോള്‍ ഒരു ടീച്ചര്‍ മാത്രമല്ല, ഒരു കൗണ്‍സലറുടെ ജോലി കൂടി നിര്‍വഹിക്കുന്നതിന്റെ ചാരിതാര്‍ഥ്യമുണ്ട്. മദ്രസയിലെ പഠിപ്പിക്കല്‍ നാട്ടുകാരും പ്രദേശത്തെ ആളുകളുമായുളള നല്ല ബന്ധം സൂക്ഷിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നാണ് അവരുടെ അനുഭവം. മക്കളുടെ ടീച്ചറെന്ന നിലയില്‍ ഏത് വീട്ടുകാരില്‍ നിന്നും ബഹുമാനത്തോടെയുള്ള ഹൃദ്യമായ പെരുമാറ്റം അനുഭവത്തില്‍ ഉണ്ട്. അത് മദ്രസയിലെ ടീച്ചറെന്ന നിലക്കുള്ളതാണ്. എന്നാലും ചിലയിടങ്ങളിലെങ്കിലും യഥാസ്ഥിതികത്വത്തിന്റെ അസഹിഷ്ണുത മൂലം ചില ക്ലാസ്സുകളെങ്കിലും തുടരാന്‍ കഴിഞ്ഞിട്ടില്ലെന്ന വസ്തുതയും അവരുടെ മുമ്പിലുണ്ട്.
ചിരിച്ചുകൊണ്ടു പഠിപ്പിക്കുന്ന മാമിടീച്ചര്‍
83-84 കാലയളവില്‍ പാലേരി പാറക്കടവ് മദ്രസയില്‍നിന്നും തുടങ്ങിയ മദ്രസാ കുട്ടികളുമായുള്ള കൂട്ട് ഇന്നും മാമി ടീച്ചര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കുറ്റിയാടി കോളേജില്‍ നിന്നും അഫ്ദലുല്‍ ഉലമ പ്രിലിമിനറി കഴിഞ്ഞതു മുതല്‍ തുടങ്ങിയ കൂട്ടാണത്. പാലേരിയില്‍ മൂന്ന് വര്‍ഷം പഠിപ്പിക്കുമ്പോഴേക്കും വിവാഹം കഴിഞ്ഞു. പിന്നെ ഭര്‍തൃനാടയ പൈങ്ങോട്ടായിലായി പഠിപ്പിക്കല്‍. മോന് രണ്ടര വയസ്സുള്ളപ്പോള്‍ തുടങ്ങിയ മദ്രസാ ടീച്ചറെന്ന ജോലി 24 വര്‍ഷമായി സന്തോഷത്തോടെ ചെയ്യുന്നു. മാമി ടീച്ചര്‍ നേതൃത്വം നല്‍കുന്ന എ.എം.ഐ മദ്രസയില്‍ അധ്യാപകരെല്ലാവരും തന്നെ സ്ത്രീകളാണ്. വീട്ടിലെ പണികളോ കുടുംബത്തിന്റെ പ്രയാസങ്ങളോ ഒരിക്കലും ആറ് മണിക്ക് പോയിത്തുടങ്ങുന്ന മദ്രസാധ്യാപനത്തെ ബാധിച്ചിട്ടില്ല.
എന്നും എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കുന്ന മാമി ടീച്ചറുടെ ക്ലാസ്സുകളും വളരെ രസകരമായതു തന്നെയാണ്. ഖുര്‍ആന്‍ പഠിപ്പിക്കുമ്പോള്‍ അതിന്റെ അവതരണ പശ്ചാത്തലവും അനുബന്ധ കഥകളും പറഞ്ഞു കുട്ടികളെ കൈയിലെടുത്തു പഠിപ്പിക്കുന്നു മാമി ടീച്ചര്‍. മദ്രസയിലെ കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ കണ്ടറിഞ്ഞു വളര്‍ത്തുന്നതിലും മാമിടീച്ചര്‍ക്കു പ്രത്യേക കഴിവുണ്ട്. അതിനായി ആഴ്ചതോറും സാഹിത്യസമാജം നടത്തും. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മുന്നിലുള്ള മാമി ടീച്ചറുടെ കുട്ടികള്‍ പൊതുപരീക്ഷകളില്‍ എല്ലായ്‌പ്പോഴും എ പ്ലസ് തന്നെ വാങ്ങുന്നുമുണ്ട്.
അന്ന് ഇസ്‌ലാമിക വിഷയങ്ങള്‍ പഠിക്കണമെന്നുള്ള വാശിയില്‍ കുറ്റിയാടി ഇസ്‌ലാമിയാ കോേളജിലേക്ക് നാലാം ക്ലാസ്സ് പഠനത്തിനു ശേഷം പോയതിന്റെ ഫലമാണിതെന്ന് മാമി വിശ്വസിക്കുന്നു.
വയ്യെങ്കിലും നിര്‍ത്താനാവുന്നില്ല
ഫാത്തിമ കൊടിഞ്ഞി
മദ്രസാ അധ്യാപന മേഖലയിലെ നീണ്ട വര്‍ഷത്തെ സേവന പാതയിലുള്ള മറ്റൊരു പേരാണ് കൊടിഞ്ഞി ഫാത്തിമയുടെത്. 20 വര്‍ഷത്തിലധികമായി മദ്രസാധ്യാപന രംഗത്തുള്ള ഫാത്തിമക്ക് ഈ മേഖലയിലേക്കുള്ള ചുവടുവെപ്പുകള്‍ക്ക് പ്രേരണയായത് രക്ഷിതാക്കള്‍ തന്നെയാണ്. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരായ ഉപ്പയുടെയും ഉമ്മയുടെയും അകമഴിഞ്ഞ പ്രോത്സാഹനവും സഹകരണവും പഠിക്കാനും പഠനശേഷം ധാര്‍മികപാഠങ്ങളെ വരുംതലമുറക്കു പകര്‍ന്നുകൊടുക്കാനും ഫാത്തിമക്ക് പ്രേരണനല്‍കി. ആദ്യകാലത്ത് മദ്രസത്തുല്‍ ബനാത്ത് ചേന്ദമംഗല്ലൂരില്‍ ആയിരുന്നു പഠനം നടത്തിയത്. അഞ്ചുവര്‍ഷം വരെ അവിടെ പഠിച്ചു. ഏഴാം ക്ലാസ്സു കഴിഞ്ഞുള്ള പഠനത്തിന് പോയത് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാമിയ കോളേജിലായിരുന്നു. ചേന്ദമംഗല്ലൂരില്‍ നിന്നും കൊടിഞ്ഞിയിലേക്ക് വിവാഹശേഷം താമസം മാറിയപ്പോഴും അറിവിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത് നിര്‍ത്തിയില്ല. അങ്ങനെ പത്ത് കൊല്ലം തുടര്‍ച്ചയായി അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ കൊടിഞ്ഞിയിലെ അധ്യാപികയായി. സ്ത്രീകള്‍ വല്ലാതെ കടന്നുവരാത്ത മേഖലയായതിനാല്‍ അന്ന് മദ്രസയിലെ ഏക അധ്യാപികയായിരുന്നു. ശാരീരിക പ്രയാസം മൂലം അല്‍പം വിട്ടുനിന്നെങ്കിലും ഇരുപത്തിമൂന്ന് കൊല്ലം മുമ്പ് തുടങ്ങിയ അധ്യാപന ജോലി വെറുതെയങ്ങനെ ഉപേക്ഷിക്കാന്‍ മനസ്സുവന്നില്ല. വീണ്ടും ഒന്നരവര്‍ഷം മുമ്പ് മദ്രസയില്‍ പോയിത്തുടങ്ങി. മദ്രസയോടൊപ്പം തംഹീദുല്‍ മര്‍അ ക്ലാസ്സിനും ഖുര്‍ആന്‍ സ്റ്റഡിസെന്ററുകള്‍ക്കും നേതൃത്വം നല്‍കുന്നു.
അധ്യാപികമാരുടെ കൂട്ടം
എസ്.എസ്.എല്‍.സി വിജയിച്ച് വീടുകളില്‍ വെറുതെയിരിക്കുന്ന സ്ത്രീകളെ ലക്ഷ്യംവെച്ച് പുതിയ രീതിയിലുളള ഒരു പഠനം നടപ്പിലാക്കി- അങ്ങ് ആലുവയില്‍. കുട്ടികളെ മദ്രസയില്‍ അയക്കാറുണ്ടെങ്കിലും അവര്‍ക്ക് ശരിയായ രീതിയില്‍ പഠിപ്പിക്കാനും എന്നും വരാനും പറ്റുന്ന അധ്യാപകര്‍ വളരെ കുറവായിരുന്നു. ഈ ഒരവസ്ഥയില്‍നിന്ന് കരകയറുക എന്ന ഉദ്ദേശ്യത്തോടെയാണ് വീട്ടമ്മമാരെ ലക്ഷ്യംവെച്ച് ഒന്നു മുതല്‍ അഞ്ചുവരെയുളള ക്ലാസ്സുകളിലേക്കായി മജ്‌ലിസ് തയ്യാറാക്കിയ സിലബസ്സില്‍ അധ്യാപനം തുടങ്ങിയത്. അതിന് രണ്ട് അധ്യാപകരെ ഏര്‍പാടാക്കുകയും ചെയ്തു.
മൂന്ന് മാസം കാലാവധി നിശ്ചയിച്ച കോഴ്‌സിലേക്ക് 46 പേര്‍ അഡ്മിഷനെത്തി. അവരില്‍ 40 പേരും വിജയകരമായി പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. ആഴ്ചയില്‍ രണ്ടുദിവസം (തിങ്കള്‍, ചൊവ്വ) ഒന്‍പതര മുതല്‍ ഒരുമണി വരെ മൂന്നര മണിക്കൂറായിരുന്നു പഠനസമയം. ആലുവ ഏരിയയിലും മാഞ്ഞാലി ഏരിയയിലും ഈ രീതി പ്രാവര്‍ത്തികമാക്കിയതിനാല്‍ അധ്യാപകരുടെ അപര്യാപ്തത തീര്‍ത്തും പരിഹരിക്കപ്പെട്ടു.
ഇനിയും ഫലപ്രദമായ രീതിയില്‍ കാര്യക്ഷമമായി ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ മറ്റിടങ്ങളിലും ഫലം സുനിശ്ചിതമെന്ന് ഇവിടത്തുകാര്‍ തറപ്പിച്ചു പറയുന്നു.