മൗനത്തിന്റെ മാസ്മരികത

എന്‍.പി ഹാഫിസ് മുഹമ്മദ് No image

മ്മളില്‍ പലര്‍ക്കും മിണ്ടാതിരിക്കാന്‍ സാധ്യമല്ലാതായിരിക്കുന്നു. പറഞ്ഞു പറഞ്ഞ് ഒച്ചയില്ലാതായാല്‍ പോലും മിണ്ടാതിരിക്കുവതെങ്ങനെ എന്നവര്‍ ചോദിക്കുന്നു. മിണ്ടാതിരിക്കുമ്പോള്‍ ചിലരുടെ മനസ്സ് കലമ്പല്‍ കൂട്ടുകയും കൂടുതല്‍ അസ്വസ്ഥതക്ക് കാരണമാകുകയും ചെയ്യുന്നു.
നാം മറ്റുള്ളവര്‍ക്ക് ചെവി കൊടുക്കാത്തതുകൊണ്ടാണ് മൗനം അസാധ്യമാകുന്നത്. ഒരു ബാഹ്യതല കാര്യം നാം സംസാരിക്കുന്നത് മറ്റുള്ളവര്‍ കേള്‍ക്കുന്നുണ്ടോ എന്നത് അവര്‍ക്കൊരു പ്രശ്‌നമല്ല. 'വേണമെങ്കില്‍ കേട്ടോ' എന്നമട്ടില്‍ ചിലര്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. പറയുന്നത് മറ്റുള്ളവര്‍ ഗ്രഹിക്കുന്നുണ്ടോ എന്നത് ചിലര്‍ ശ്രദ്ധിക്കുന്നില്ല. മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാനും ഇക്കൂട്ടര്‍ തയ്യാറല്ല. ആത്മസുഖത്തിന് അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.
മൗനം അസാധ്യമാകുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. നാം നമ്മെത്തന്നെ ശ്രദ്ധയോടെ കേള്‍ക്കാനും ഒരുക്കമല്ല എന്നതാണത്. നമ്മുടെ തന്നെ മനസ്സിന്റെ ഇടനാഴികകളിലൂടെ സഞ്ചരിക്കാന്‍ നാം ശ്രമം നടത്തുന്നില്ല. നമ്മുടെ വിചാരങ്ങളുടെയോ സ്വപ്നങ്ങളുടെയോ വികാരങ്ങളുടെയോ തനിമയാര്‍ന്ന ഊടുവഴികളിലൂടെ ഒരു നിരീക്ഷകനായി യാത്ര നടത്താന്‍ നമുക്ക് പരിശീലനവും ലഭിച്ചിട്ടില്ല.
മൗനത്തിന്റെ മാസ്മരികത അറിയാനാവാതെ പോകുന്നു പലരും. ചിലര്‍ക്ക് മൗനം പേടിയാണ്. മൗനം പാലിക്കുമ്പോള്‍ നിര്‍ജീവമായിപ്പോകുമോ എന്നവര്‍ ഭയക്കുന്നു. അവര്‍ സംസാരിക്കാതെ വരുമ്പോള്‍ നിരാശരും നിസ്സഹായരുമായിത്തീരുന്നു. മൗനം പ്രവര്‍ത്തനത്തിനെതിരല്ല. മൗനത്തെ സാര്‍ത്ഥകമായ ഒരു പ്രവൃത്തിയാക്കി മാറ്റാന്‍ പലര്‍ക്കും കഴിയുന്നില്ലെന്നാണ് വസ്തുത.
മിണ്ടാതിരിക്കാന്‍ പലരാലും കല്‍പ്പിക്കപ്പെടുന്നു. കുട്ടികളോട് വലിയവര്‍ മിണ്ടാതിരിക്കാന്‍ പറയുന്നു. എന്നാല്‍, മിണ്ടാതിരിക്കാനുള്ള മാര്‍ഗം പറഞ്ഞുകൊടുക്കുന്നില്ല. മിണ്ടാതിരിക്കാനും മൗനത്തിന്റെ ശിഖരം പൂകാനും പരിശീലനം ആരും നല്‍കാറില്ല. വര്‍ത്തമാനം പറയാനും ഉച്ഛാരണം ശരിയാക്കാനും വ്യാകരണം തെറ്റാതിരിക്കാനും കുട്ടിക്കാലത്തുതന്നെ പരിശീലനം നല്‍കുന്നുണ്ട്. പ്രസംഗിക്കാനും അഭിമുഖങ്ങള്‍ നടത്താനും ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ പഠിപ്പിക്കാറുണ്ട്. എന്നാല്‍, അധ്യാപകരില്‍നിന്നോ പരിശീലകരില്‍നിന്നോ മൗനത്തിന്റെ മനോഹര സാന്നിധ്യം അനുഭവിക്കാന്‍ അപൂര്‍വം ആളുകള്‍ക്ക് മാത്രമേ പരിശീലനം ലഭിച്ചിട്ടുണ്ടാവുകയുള്ളൂ. അതും യോഗചര്യയുടെയോ ധ്യാനപരിശീലനത്തിന്റെയോ ഭാഗമായി നല്‍കുന്നതാവും. മൗനം പരിശീലിപ്പിക്കാനുള്ള പിരിശീലന കളരികളോ ശില്‍പശാലകളോ നമ്മുടെ നാട്ടിലില്ല. അത്തരം അനുഭവജ്ഞാന പരിപാടികളെക്കുറിച്ച് പലരും കേട്ടിരിക്കാന്‍ പോലും ഇടയില്ല.
അധ്യാപനത്തിന്റെ ചില ഒഴിവ് നേരങ്ങളില്‍ വിദ്യാര്‍ഥികളോട് കണ്ണടച്ചിരുന്ന് മൗനപാതയിലൂടെ സഞ്ചരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരു എക്‌സസൈസ് ഇങ്ങനെ. 'ചെരിപ്പുകളില്‍ നിന്ന് കാല്‍ എടുത്തുമാറ്റി നിലം മൃദുലമായി ചവിട്ടിയിരിക്കുക. മെല്ലെ മെല്ലെ കണ്ണടക്കുക. സാവധാനം ശ്വാസം അകത്തേക്കെടുക്കുക. സാവധാനം ശ്വാസം പുറത്തേക്കും വിടുക. ശ്വാസഗതിക്കൊപ്പം മനസ്സിനെ പിന്തുടരാനും ശ്രമിക്കുക. അകത്തേക്കും പുറത്തേക്കും വരുന്ന ശ്വാസഗതിക്കൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കുക.'
കണ്ണടച്ച് മൗനം ആസ്വദിക്കുന്ന പലരും അറിയുന്ന സ്വാസ്ഥ്യം മുഖത്ത് പ്രതിഫലിക്കുന്നത് കണ്ടിട്ടുണ്ട്. ശരീരവും മനസ്സും അതില്‍ ലയിപ്പിച്ച് മൗനം ആസ്വദിക്കുന്നവര്‍ കണ്ണുകള്‍ മെല്ലെ തുറക്കുമ്പോള്‍ വിശ്രാന്തിയുടെ അപൂര്‍വ ലോകത്ത് ചെന്ന് മടങ്ങിയ ആനന്ദം വാക്കുകളിലൂടെയും അവതരിപ്പിക്കാറുണ്ട്. സാധാരണ ക്ലാസുകളില്‍ 'അറിവ്' അവതരിപ്പിക്കാനാവാത്തവര്‍ പോലും ഉള്ളറിവുകള്‍ വെളിപ്പെടുത്തുന്നത് കേട്ടിട്ടുണ്ട്. സ്വാനുഭവത്തിന്റെ മധുരിമ അവര്‍ അയവിറക്കുന്നു. അന്നേവരെ കണ്ടെത്താത്ത ഒന്നിന്റെ വശ്യതയെക്കുറിച്ച് പറയുന്നു.
ഒരവസരത്തില്‍ ഒരു വിദ്യാര്‍ഥിനി ചോദിച്ചു: ''സാര്‍, ഏകാഗ്രതയാണോ മൗനം?''
ഏകാഗ്രത മൗനമോ ധ്യാനമോ അല്ലെന്ന് ആചാര്യ രജനീഷ് പറഞ്ഞിട്ടുണ്ട്. ഏകാഗ്രതക്ക് അനേകം പ്രയോഗങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നു. മൗനമോ ധ്യാനമോ അദ്ദേഹത്തിന് മറവിയല്ല ഓര്‍മയാണ്. മനസ്സിനെ ഒരു കൊച്ചുദ്വീപില്‍ കെട്ടിയിടലുമല്ല മൗനം.
മൗനം ഒരു ആത്മപരിശോധനയാണോ? വിശകലനം നടത്തലാണോ? ഇതാകണമെന്നില്ല. മൗനത്തിലൂടെ മനസ്സിനെ കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ മതി. കണ്ണടക്കണമെന്നുപോലുമില്ല. കണ്ണുതുറന്നാലും മൗനവഴികളിലൂടെ മുന്നോട്ടുപോകാം. പിന്നോട്ടും പോകാം. ഉയരങ്ങളിലേക്കോ താഴ്ചകളിലേക്കോ പോകാം. അപ്പോള്‍ മൗനിയായിരിക്കുക എന്നതും ഒരു പ്രവൃത്തിയാണ്. ചിലപ്പോള്‍ അതൊരു പുഞ്ചിരിയോ പൊട്ടിച്ചിരിയോ ആകാം. ഇങ്ങനെ പറയുമ്പോള്‍ ചിലര്‍ക്ക് സംശയമുണ്ടായേക്കാം. മിണ്ടാതിരിക്കേണ്ടെ മൗനിയായിരിക്കാന്‍? ആകാം. അങ്ങനെ ചെയ്യുന്നതാണ് എളുപ്പം. മൗനം പരിശീലിക്കാന്‍ മിണ്ടാതിരിക്കുക എന്നതുതന്നെയാണ് ഒരു മാര്‍ഗം. എന്നാല്‍ അതൊരു ആന്തരിക യാത്രയാണ്. ഒരു സാഹസിക യാത്ര. നാം മറ്റൊരാളില്‍ നിന്നല്ല നമ്മില്‍ നിന്നുതന്നെ കണ്ടെത്തുന്ന ആനന്ദമാണത്.
ചിലര്‍ക്ക് അസ്വസ്ഥതയുടെ നേരം മൗനിയായിരുന്ന് സ്വസ്ഥതയിലേക്കെത്തിച്ചേരാന്‍ ആയേക്കും. ഒരനുഭവം പലപ്പോഴും ആവര്‍ത്തിക്കാറുണ്ട്: 'എനിക്ക് വ്യക്തമാകാത്ത, വേര്‍തിരിച്ച് കാണാനാവാത്ത കാരണങ്ങളാല്‍ ഞാന്‍ ചിലപ്പോള്‍ അസ്വസ്ഥനാകുന്നു. ചിലപ്പോള്‍ എനിക്കറിയാം, ജീവിതത്തിലെ ആശിക്കാതെവന്ന സന്ദര്‍ഭമാണ് അതിന്റെ ഹേതുവെന്ന്. അസ്വസ്ഥതപ്പെടുത്തുന്നതിന്റെ കാരണങ്ങള്‍ ഊഹിക്കാനാകുമെന്നര്‍ഥം. രണ്ടായാലും ഞാന്‍ വേവലാതികൊള്ളുന്നു. സ്വാസ്ഥ്യത്തിന്റെ വഴികളിലേക്ക് വന്നെത്തണമെന്ന് ഞാന്‍ ആശിക്കുന്നു, ഞാന്‍ തീരുമാനിക്കുന്നു. അന്നേരം ഞാന്‍ കടല്‍ത്തീരത്തേക്ക് ചെല്ലുന്നു. തിരമാലകളില്‍ നിന്നകന്ന് നനവില്ലാത്ത മണലില്‍ മലര്‍ന്ന് കിടക്കുന്നു. എന്റെ ശരീരസന്ധികളിലെ എല്ലാവിധ ബലംപിടുത്തങ്ങളും ഞാന്‍ എടുത്തുമാറ്റുന്നു. ശരീരം പൂര്‍ണമായും അയച്ചിടുന്നു. കടല്‍ക്കാറ്റിനോടും തിരമാലകളോടും സംഭാഷണത്തില്‍ മുഴുകുന്നു. തിരകളുടെ ആരവം അറിയുന്നു. കടലിന്റെ ആരവം സംഗീതമായി ഭവിക്കുന്നു. ചുറ്റുവട്ടത്തുള്ള ശബ്ദകോലാഹലം ഞാന്‍ കേള്‍ക്കുന്നില്ല. കടപ്പുറത്ത് ഉല്ലസിക്കാന്‍ എത്തിയവരോ കച്ചവടം നടത്തുന്നവരോ ഓടുന്ന വാഹനങ്ങളുടെ ആരവമോ എന്റെ മനസ്സിലേക്ക് എത്തുന്നില്ല. സത്യത്തില്‍ ഞാന്‍ എന്റെ മനസ്സിലൂടെ തന്നെയാണ് യാത്ര നടത്തുന്നത്.
കുറച്ചുകഴിയുമ്പോള്‍ ഞാന്‍ സ്വസ്ഥയുടെ കടലിലെത്തുന്നു. മൗനത്തിന്റെ തിരമാലകളില്‍ അമ്മാനമാടി ശാന്തചിത്തനാകുന്നു. എന്നെ അസ്വസ്ഥപ്പെടുത്തുന്ന കാര്യങ്ങളിലെനിക്ക് ദിശാബോധം വന്നെത്തുന്നു. എനിക്കറിയാത്ത കാര്യങ്ങള്‍ ഞാന്‍ വെറുതെ വിടുന്നു. ഞാന്‍ സ്വാസ്ഥ്യം വീണ്ടെടുക്കുന്നു.'
എന്റെ ദൈനംദിനകാര്യങ്ങളിലെ അസ്വസ്ഥതകള്‍ക്കൊക്കെയും ഞാന്‍ കടപ്പുറത്തേക്ക് പായുന്നു എന്ന് ഇതിനര്‍ഥമില്ല. കടപ്പുറത്തെ പൂഴിമണലില്‍ കിടന്നാല്‍ എപ്പോഴും സ്വാസ്ഥ്യത്തെ തിരിച്ചുപിടിക്കാനാവുന്നു എന്നും കരുതേണ്ടതില്ല. ഒരൊറ്റമൂലിയൊന്നുമല്ലിത്. എല്ലാവര്‍ക്കും ഇതുതന്നെ ഫലിക്കണമെന്നില്ല. പക്ഷേ പലപ്പോഴും മൗനത്തിന്റെ മാസ്മരികത അറിയാന്‍ എനിക്കിത് സഹായകമായി വരുന്നുണ്ട്. കൗമാരപ്രായക്കാലത്തും ഇന്നും അതറിയുന്നു.
കൗമാരത്തിന്റെ സാധ്യതകള്‍ ഓരോരുത്തര്‍ക്കും അവരുടെ ചുറ്റുവട്ടത്ത് നിന്നുതന്നെ കണ്ടുപിടിക്കാനാവുമെന്നര്‍ഥം. പുഴവക്കിലിരുന്നോ വീട്ടുമുറ്റത്തിരുന്നോ ഇത് കണ്ടെത്താനാവും. മൗനത്തിന്റെ മാഹാത്മ്യമറിയാന്‍ കാട്ടിലോ പര്‍വതസാനുക്കളിലോ പോകണമെന്നില്ല എന്നര്‍ഥം. പക്ഷേ, ശാന്തമായ ഒരന്തരീക്ഷം അതിന് വഴിയൊരുക്കിയേക്കും. ചിലപ്പോള്‍ സ്വന്തം മുറിയിലിരുന്ന് മൗനശിഖരം പൂകാം. കിടക്കുകയുമാകാം. മൗനമിഴിവറിയുക വെളിച്ചത്തിലോ ഇരുട്ടിലോ വെച്ചാവാം. നമ്മുടെ മനസ്സതിന് ഒരുക്കമാണോ എന്നതാണ് പ്രശ്‌നം. മൗനം ധ്യാനത്തിലൂടെയാകാം ധ്യാനം മൗനത്തിലൂടെയും മാകാം മാര്‍ഗമേതായാലും മൗനശാന്തിയറിയാന്‍ ഇന്ന് നാം ശ്രമിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ്.

ശേഷക്രിയ
1. കുട്ടികളെ ചെറുപ്പത്തില്‍തന്നെ കണ്ണടച്ചിരുന്ന് അവരുടെ മനസ്സിലെ വിചാര വികാരങ്ങള്‍ നിരീക്ഷിക്കാന്‍ പരിശീലിപ്പിക്കുക.
2. മൗനികളായിരിക്കുന്ന നേരങ്ങളിലെ വികാരവിചാരങ്ങള്‍ രേഖപ്പെടുത്തുക. കുട്ടികളെ ഒരു ഡയറിയിലോ നോട്ടുബുക്കിലോ എഴുതിവെക്കാന്‍ ശീലിപ്പിക്കുക.
3. ശാന്തമായ അന്തരീക്ഷമുള്ള സ്ഥലങ്ങളില്‍ ഇടക്ക് സന്ദര്‍ശനം നടത്തുക. കുട്ടികളെ ചെറുപ്പത്തിലേ അത്തരം സ്ഥലങ്ങളില്‍ കൊണ്ടുപോവുക.
4. കാടുകള്‍ സന്ദര്‍ശിക്കുക. കടല്‍ത്തീരം, കുന്നിന്‍ന്മുകള്‍ തുടങ്ങിയവ സന്ദര്‍ശിക്കുക. പുഴയോരത്ത് വെറുതെ ഓളങ്ങളില്‍ നോക്കിയിരിക്കുക.
5. കണ്ണ് തുറന്ന് മുറിയിലാണെങ്കില്‍ ചുമരിലോ പുറത്താണെങ്കില്‍ ഏതെങ്കിലും വസ്തുവിലോ മാത്രം ശ്രദ്ധ വെച്ച് കുറച്ചു നേരം ഇരിക്കുക.
6. നിശ്ശബ്ദരായിരുന്ന് സംഗീതം കേള്‍ക്കുക. കുട്ടികളെ കേള്‍പ്പിക്കുക.
7. മൗനിയായിരുന്ന് ചിത്രരചനയോ മറ്റെന്തെങ്കിലും ക്രിയാത്മകമായ കാര്യങ്ങളോ ചെയ്യുക.
8. യാത്രകളില്‍ കണ്ണടച്ചും ഉറങ്ങാതെയും ഇരുന്ന് മനസ്സിലെ വിചാരങ്ങളിലൂടെ സഞ്ചരിക്കുക.
9. അശാന്തമായ മാനസികാവസ്ഥയില്‍ കണ്ണടച്ചിരുന്ന് ഏതെങ്കിലും ഒരു വസ്തുവോ ഒരു സന്ദര്‍ഭമോ മാത്രം ആലോചിക്കുക.
10. അവസരം ലഭിക്കുമ്പോള്‍ അടുത്ത സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ ആംഗ്യങ്ങളിലൂടെ സംസാരിക്കുക.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top