സര്‍ഗാത്മക വാര്‍ധക്യം

എച്ച്. നുസ്‌റത്ത് No image

'രാജാക്കന്മാര്‍- മണ്ണിനോട് ചോദിക്കൂ അവരെക്കുറിച്ച്. മഹാരഥന്മാരായ ജനനായകര്‍, അവരെല്ലാം ഇപ്പോള്‍ എല്ലുകളാണിവിടെ.'
ആയിരക്കണക്കിന് രാജാക്കന്മാരെ ഖബറടക്കിയതായി ഇബ്‌നുബത്തൂത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ഉത്തരദേശത്തെ ഒരു ശ്മശാനക വാടത്തില്‍ കൊത്തിവെച്ചിരിക്കുന്ന ചിന്തനീയമായ വാക്യങ്ങളാണിവ. അഹംഭാവത്തിന്റെ പുറന്തോട് പൊട്ടിച്ച് വിജയത്തിന്റെ വിജയ വിഹായസ്സിലേക്ക് ചിറകടിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ വാക്യങ്ങള്‍ നശ്വരവും, അവസ്ഥാന്തരങ്ങള്‍ക്ക് വിധേയവുമാണ്. ജീവിതമെന്ന ഹൃദയസ്പര്‍ശിയായ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.
അവസ്ഥാന്തരങ്ങളെ ആലിംഗനം ചെയ്തുകൊണ്ടാണ് പ്രപഞ്ചത്തിലുള്ള സകലതും പ്രയാണം ചെയ്യുന്നത്. പ്രഭാതം പൂര്‍വാഹ്‌നവും, മധ്യാഹ്‌നവും, സായാഹ്ന വും പിന്നിട്ട് പ്രദോഷത്തിന്റെ വിശ്രാന്തി പൂകുന്നു. വാനിലുദയം ചെയ്യുന്ന അമ്പിൡല വിവിധ ഘട്ടങ്ങളെ പുണര്‍ന്ന് വിസ്മയം വിതറുന്ന പൗര്‍ണമിത്തിങ്കളാവുകയും, പിന്നീട് ക്ഷയോന്മുഖത പ്രകടമാക്കുകയും ചെയ്യുന്നു. ശരത്തും ഹേമന്തവും ഗ്രീഷ്മവും വസന്തവും ശിശിരവും ഋതുവിന്റെ ഭാവപ്പകര്‍ച്ചകളാണ്.
വ്യത്യസ്തമല്ല മനുഷ്യജന്മവും. ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത് കാണുക. ''മനുഷ്യരെ, ഉയിര്‍ത്തെഴുന്നേല്‍പ്പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തു നോക്കൂ, തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. നാമിത് വിവരിക്കുന്നത് നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇച്ഛിക്കുന്നതിനെ ഒരു നിശ്ചിത അവധി വരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. പിന്നീട് യൗവ്വനം പ്രാപിക്കുംവരെ നിങ്ങളെ വളര്‍ത്തുന്നു. നിങ്ങളില്‍ ചിലരെ നേരത്തെ തന്നെ തിരിച്ചുവിളിക്കുന്നു. എല്ലാം അറിയുന്ന അവസ്ഥയില്‍നിന്നും ഒന്നും അറിയാത്ത അവസ്ഥയിലെത്തുമാറ് അവശമായ പ്രായാധിക്യത്തിലേക്ക് തള്ളപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് ചത്ത് കിടക്കുന്നത് നീ കാണന്നില്ലേ പിന്നെ നാമതില്‍ മഴ വീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൗതുകമുണര്‍ന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു.'' പിറവിക്ക് മുമ്പും പിമ്പുമുള്ള ജീവിതഘട്ടങ്ങള്‍ ഒന്നൊന്നായി ഇതള്‍ വിരിയുന്നു ഈ സൂക്തത്തില്‍. മനോഹരവും അത്ഭുതകരവുമായ ജീവിത പ്രയാണത്തില്‍ ആയുസ്സിന് ദൈര്‍ഘ്യം അരുളപ്പെട്ടവര്‍ അനിവാര്യമായും അഭിമുഖീകരിക്കേണ്ടതുണ്ട്, വാര്‍ധക്യത്തെ. സന്മാര്‍ഗം പുല്‍കി വാര്‍ധക്യമണയാന്‍ അവസരമുണ്ടാവുന്നത് സൗഭാഗ്യപൂര്‍ണമെന്നരുളിയ തിരുമേനി (സ) മോശമായ പടുവാര്‍ധക്യാവസ്ഥയില്‍ നിന്ന് നാഥനില്‍ അഭയം തേടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രകൃതി പാടെ മാറ്റിമറിക്കപ്പെട്ടുവെന്ന് (യാസീന്‍: 68) ഈ ഘട്ടത്തെക്കുറിച്ച് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
വാര്‍ധക്യത്തിന് വ്യക്തമായ ഒരു നിര്‍വചനം ശാസ്ത്രം നല്‍കുന്നില്ല. ''ദുര്‍ബലതയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചത് അല്ലാഹുവാണ്. പിന്നീട് ആ ദുര്‍ബലാവസ്ഥക്ക് ശേഷം അവന്‍ നിങ്ങള്‍ക്ക് കരുത്ത് നല്‍കി. പിന്നെ ആ കരുത്തിന് ശേഷം ദൗര്‍ബല്യവും നരയും ഉണ്ടാക്കി. അവന്‍ താനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ സകലതും അറിയുന്നവനാണ്; എല്ലാറ്റിനും കഴിവുറ്റവനും (അര്‍റൂം: 54).'' എന്ന ഖുര്‍ആനിക വചനത്തിലൂടെ അനാവൃതമാകുന്നതുപോലെ ദുര്‍ബലതയും ജരാനരകളും പ്രകടമാവുന്ന ജീവിത സായാഹ്‌നഘട്ടത്തെ വാര്‍ധക്യമെന്ന് സാമാന്യമായി പറയാം. വാര്‍ധക്യ ലക്ഷണങ്ങള്‍ ശരീരത്തില്‍ അടയാളപ്പെട്ടുവെങ്കിലും നെഞ്ചകങ്ങളില്‍ ആഗ്രഹാഭിലാഷങ്ങള്‍ യുവര്‍ത്വമാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നുവെന്ന് മനുഷ്യപ്രകൃതത്തെ അവലോകനംചെയ്തുകൊണ്ട് പ്രവാചകന്‍ (സ) സൂചിപ്പിക്കുന്നുണ്ട്. വാര്‍ധക്യത്തോട് സര്‍ഗാത്മക സല്ലാപം സാധ്യമാവുന്നവര്‍ വിരളമാണ്. ഭാഗ്യപൂര്‍ണമായ വാര്‍ധക്യം സുരക്ഷിതമായ യൗവ്വനത്തിനുള്ള പ്രതിഫലമാണെന്ന് പറഞ്ഞിട്ടുണ്ട് പാല്‍മര്‍. വാര്‍ധക്യത്തിന് മുമ്പുള്ള യൗവ്വനം ഒരു അപഹൃതസ്വത്തെന്നോണം കരുതി നന്മകളാല്‍ പുഷ്‌കലമാക്കാന്‍ തിരുനബി (സ) അരുളിയതിന് ഇങ്ങനെയും ഒരര്‍ഥം ഉണ്ടാവുമോ?
വൃദ്ധജനങ്ങളുടെ സാന്നിധ്യം ശാപമായോ? സ്‌നേഹപരിചരണങ്ങള്‍ക്കായുള്ള വെമ്പലും വീര്‍പ്പുമുട്ടലും, വിഹ്വലതകളും, വിവശതകളും നിറഞ്ഞുനില്‍ക്കുന്ന വാര്‍ധക്യ ഘട്ടത്തില്‍ ജീവിതത്തിന്റെ പുറംപോക്കുകളോ, ഏകാന്തതയുടെ തുരുത്തുകളോ അവര്‍ക്ക് വിധിക്കപ്പെടുന്നു. ഈ ഒറ്റപ്പെടലിന്റെ ദാരുണ ചിത്രമാണ് അമ്മയുടെ മൃതശരീരം, അസ്ഥിമാത്രം ബാക്കിയാകുവോളം ജീര്‍ണിച്ചതും വിദ്യാസമ്പന്നരായ മക്കള്‍ അറിഞ്ഞില്ലെന്ന വാര്‍ത്തയും, അതുപോലുള്ള മറ്റനേകം വാര്‍ത്തകളും പകര്‍ന്നുനല്‍കുന്നത്. വൃദ്ധജനങ്ങളുടെ സാന്നിധ്യം അനുഗ്രഹ കവാടങ്ങള്‍ തുറക്കപ്പെടുന്നതിന് കാരണമാവുമെന്ന് ഇസ്‌ലാം ഓര്‍മപ്പെടുത്തുന്നു. അല്ലാഹു പറഞ്ഞതായി പ്രവാചകന്‍ (സ) പറയുന്നു: ''വൃദ്ധജനങ്ങള്‍, കുഞ്ഞുങ്ങള്‍, പുല്‍മേടില്‍ മേയുന്ന മൃഗങ്ങള്‍ എന്നിവയില്ലായിരുന്നെങ്കില്‍ നാം ആകാശത്ത് നിന്നുള്ള മഴത്തുള്ളികള്‍ നിങ്ങള്‍ക്ക് തടയുമായിരുന്നു.'' നിസ്സാരരും നിന്ദ്യരുമായി കരുതപ്പെടുന്നവര്‍ക്ക് നാഥന്‍ നല്‍കുന്ന കരുതല്‍  എത്ര വലുതാണ്! വൃദ്ധജനങ്ങളോട് അവജ്ഞ പുലര്‍ത്തുന്നവര്‍, അവരെ ആട്ടിപ്പായിക്കുന്നവര്‍ നാഥന്റെ കാരുണ്യകവാടങ്ങള്‍ തങ്ങള്‍ക്ക് നേരെ സ്വയം കൊട്ടിയടക്കുകയാണ്.
കണ്ണിലെ കൃഷ്ണമണികള്‍ക്ക് കണ്‍പോളയെന്നപോലെ വൃദ്ധജനങ്ങള്‍ക്ക് സംരക്ഷണവലയം തീര്‍ക്കണം. കൃഷ്ണമണികളില്‍ കാഴ്ചയുടെ വിസ്മയ ലോകം ഒളിഞ്ഞിരിക്കുന്നുവെങ്കില്‍ മുതിര്‍ന്ന തലമുറയില്‍ മറഞ്ഞിരിക്കുന്നത് അനുഭവജ്ഞാനത്തിന്റെ വിശാലപ്രപഞ്ചമാണ്. ഒന്ന് തൊട്ടുണര്‍ത്തിയാല്‍ സമൂഹത്തിന് ഉപയുക്തമാകുന്ന വല്ലതും അവരില്‍നിന്നും കണ്ടെടുക്കാനാവും. പേരമക്കളുമായി സല്ലപിക്കുന്ന പ്രവാചകന്റെ ചിത്രം ഇളം തലമുറയും മുതിര്‍ന്ന തലമുറയും തമ്മില്‍ രൂപപ്പെടേണ്ട ഗാഢബന്ധത്തിന്റെ ഉത്തമോദാഹരണത്തിന് അറിവ്, അനുഭവവുമായി. സമന്വയിക്കുമ്പോഴാണ് ജീവിതപാത തെളിമയാര്‍ന്നതും മനോഹരവുമായി അനുഭവപ്പെടുക. സംതൃപ്തിയേകുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ അവസരമൊരുക്കി, സമൂഹത്തിന്റെ വിലമതിക്കാനാവാത്ത സമ്പത്തായി വൃദ്ധജന്മങ്ങളെ നാം അരുമയോടെയും ആദരവോടെയും ചേര്‍ത്തുപിടിക്കണം.
വാര്‍ധക്യത്തിന്റെ വിവശതകളും വിഹ്വലതകളും അതിജീവിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ പലരൂപത്തിലാണ് പ്രകടമാവുക. ശൈശവത്തെ ഓര്‍മപ്പെടുത്തുന്ന തരത്തില്‍ അമിത വാശിയും ദേഷ്യവും പ്രകടിപ്പിച്ച് ചിലര്‍ തന്നിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടിരിക്കും. ഇനിയും ചിലര്‍ വിഷാദത്തിന്റെ വാല്‍മീകം പുല്‍കും. പ്രവാചക വര്യന്മാരെ പോലെ കര്‍മനിരതരായി വാര്‍ധക്യം ആനന്ദാനുഭവമാക്കി മാറ്റുന്നവരും കുറവല്ല. എഴുപതുവയസ്സുള്ള യുവാവായിരിക്കുന്നത് നാല്‍പതുവയസ്സുള്ള വൃദ്ധനായിരിക്കുന്നതിനേക്കാള്‍ ആനന്ദകരമാണ് എന്ന വചനത്തിന്റെ പൊരുള്‍ അന്വര്‍ഥമാക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.
കുടുംബത്തിലും സമൂഹത്തിലും പ്രത്യേക പരിഗണനക്കും പരിരക്ഷക്കും അവകാശമുണ്ട് വൃദ്ധജനങ്ങള്‍ക്ക്. മറ്റുള്ളവരുടെ മാതാപിതാക്കളെ ചീത്തപറയുന്നത് സ്വന്തം മാതാപിതാക്കളെ ചീത്തപറയുന്നതിന് സമാനമാണെന്ന് തിരുനബി പഠിപ്പിക്കുന്നു. അങ്ങനെ ചിന്തിക്കുമ്പോള്‍ വൃദ്ധമാതാപിതാക്കളോടുള്ള സമീപനം പഠിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തം വൃദ്ധരോടുള്ള സമീപനത്തിന്റെ തന്നെ അടിസ്ഥാനമായി മനസ്സിലാക്കാവുന്നതാണ്. വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കളോട് നീരസത്തിന്റെ നിസ്സാര പ്രകടനം പോലും അരുത് എന്നോര്‍മപ്പെടുത്തിക്കൊണ്ട് സംസ്‌കാരവും സമീപന രീതികളും, ഹൃദയ യാതനകളും സൗമ്യഭാവത്തിന്റെ സംശുദ്ധതയും, സൗന്ദര്യവും തുളുമ്പുന്നവയാണെന്ന് വ്യക്തമാക്കുന്ന അരുളപ്പാടിങ്ങനെ: ''നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു; നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മചെയ്യുകയും അവരില്‍ ഒരാളോ രണ്ടുപേരോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക. കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറകുകള്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക: ''എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ'' (അല്‍ഇസ്‌റാഅ് : 23,24).
ആദരവോടെയുള്ള സംസാരം എന്താണെന്ന് സഈദുബ്‌നു മുസയ്യബ് അന്വേഷിക്കപ്പെട്ടു. അതിനദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരം: ''കുറ്റം ചെയ്ത അടിമ പരുഷസ്വഭാവിയായ യജമാനനോട് സംസാരിക്കരുത്, അവരോട് ശബ്ദമുയര്‍ത്തരുത്, അവരെ രോഷത്തോടെയും വെറുപ്പോടെയും തുറിച്ച് നോക്കുകയുമരുത്. ഇതെല്ലാം മാന്യമായ സംസാരത്തിനെതിരാണ്'' തഫ്‌സീറുല്‍ കസീര്‍- ഇമാംറാസി). മാതാപിതാക്കളില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യത്തിലെത്തിയ നിലയില്‍ കണ്ടിട്ടും അവരെ പരിചരിച്ച് സ്വര്‍ഗപ്രവേശം നേടാത്തവന്‍ നശിച്ചതു തന്നെയെന്ന് പ്രവാചകന്‍ (സ) പറഞ്ഞു. ഇത്തരം അധ്യാപനങ്ങളുടെ സദ്ഫലങ്ങളാവാം ഇതര സമൂഹങ്ങളെ അപേക്ഷിച്ച് മാതാപിതാക്കളുടെ വിഷയത്തില്‍ മുസ്‌ലിം സമൂഹത്തിലെ ഗണ്യമായ വിഭാഗം കൈക്കൊള്ളുന്ന ജാഗ്രത. വൃദ്ധരോടുള്ള കനിവാര്‍ന്ന സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണ് വിശുദ്ധയുദ്ധത്തില്‍ പങ്കെടുക്കുന്നതിനേക്കാള്‍ മഹത്തരമാണ് വൃദ്ധമാതാപിതാക്കളെ പരിചരിക്കുന്നതെന്ന തിരുനബിയുടെ ഉപദേശം. 'ദുഃഖിതരും പരവശരും പറയുന്നു, സൗന്ദര്യം ദയയും കാരുണ്യവുമാണെന്ന' ഖലീല്‍ ജിബ്രാന്റെ വാക്കുകള്‍ അര്‍ഥവത്താണ്. യുദ്ധഘട്ടത്തില്‍ പോലും വൃദ്ധരോട് പരാക്രമം അരുതെന്ന നബിവചനം ആവേശം കൊടുമ്പിരികൊള്ളുന്ന ഘട്ടത്തില്‍ പോലും കൈവിട്ടുപോകാന്‍ പാടില്ലാത്ത വിവേകത്തെയും നീതിയെയും കാരുണ്യത്തെയും ഓര്‍മപ്പെടുത്തുന്നു.
വൃദ്ധയുടെ ചുമട് സ്വന്തം തലയിലേറ്റി നടന്നുനീങ്ങുന്ന തിരുനബിയെ മക്കാ മണലാരണ്യത്തിലെ തെരുവോരം നമുക്ക് കാട്ടിത്തന്നു. ആരോരുമില്ലാത്ത വൃദ്ധസ്ത്രീയുടെ പരിചരണം കൊതിച്ചെത്തുന്ന ഉമര്‍ (റ) കാണുന്നത് പുലരും മുമ്പേ എത്തി പരിചരിച്ച് മടങ്ങുന്ന ഖലീഫാ അബൂബക്കര്‍ സിദ്ദീഖ് (റ) നെയാണ്.
ഖലീഫ ഉമറുല്‍ഫാറൂഖ് (റ) ഒരിക്കല്‍ ഗ്രാമത്തില്‍ ചുറ്റിസഞ്ചരിക്കവെ വൃദ്ധനായ ഒരു ജൂതന്‍ ഭിക്ഷ യാചിക്കുന്നത് കണ്ടു. ഈ അവസ്ഥക്ക് കാരണമന്വേഷിച്ച ഉമറി (റ)ന് ആ മനുഷ്യന്‍ നല്‍കിയ മറുപടി ജിസ്‌യയും ദാരിദ്ര്യവും വാര്‍ധക്യവുമെന്നാണ്. ഖലീഫ അദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ആവോളം ഭക്ഷണം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഖജനാവ് സൂക്ഷിപ്പുകാരന് അദ്ദേഹം നല്‍കുന്ന നിര്‍ദേശമിങ്ങനെ: ''നിങ്ങള്‍ പോയി അദ്ദേഹത്തെപോലുള്ളവരെ തിരഞ്ഞുനോക്കുക! അല്ലാഹുവാണ് സത്യം! അദ്ദേഹത്തിന്റെ യൗവ്വനം ചൂഷണം ചെയ്യുകയും വാര്‍ധക്യത്തില്‍ അദ്ദേഹത്തെ കയ്യൊഴിയുകയുമാണെങ്കില്‍ നീതിചെയ്തിട്ടേയില്ല നാം. ദരിദ്രര്‍ക്കും അഗതികള്‍ക്കുമുള്ളതാണ് സകാത്ത്. വേദക്കാരില്‍പെട്ട അഗതിയാണിദ്ദേഹം. അദ്ദേഹത്തിനും അദ്ദേഹത്തെപ്പോലുള്ളവര്‍ക്കും ഇനിമുതല്‍ ജിസ്‌യ ഒഴിവാക്കിക്കൊടുക്കേണ്ടതാണ്.''
തിരുദൂതരും സച്ചരിതരായ ഖലീഫമാരും മതഭേദമന്യേ വൃദ്ധവിഭാഗത്തോട് സ്വീകരിച്ച കനിവാര്‍ന്ന സമീപനത്തിന്റെ മിഴിവാര്‍ന്ന ചിത്രശകലങ്ങളാണിത്. വിശദീകരണം ആവശ്യമില്ലാത്തവിധം സംവേദനക്ഷമതയുള്ള വാങ്മയചിത്രങ്ങള്‍. ആധുനിക ജീവിതം വൃദ്ധരോട് കാട്ടുന്ന അരുതായ്മകള്‍ക്കറുതിവരുത്താന്‍ സ്‌നേഹസുഗന്ധവുമായി തണല്‍ പരത്തുന്നു ഇസ്‌ലാമികാധ്യാപനത്തിന്റെ പൂമരം.                               

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top