കുട്ടി രായിന്‍ക്ക തന്ന കുപ്പായം

എം. റഷീദ്/എ.എം ഖദീജ No image

മാറഞ്ചേരിക്കടുത്ത പനമ്പാട് എല്‍.പി സ്‌കൂളിലാണ് എന്റെ  വിദ്യാരംഭം. അബൂബക്കര്‍ മുസ്‌ല്യാര്‍ എന്നയാളുടെ ഓലമേഞ്ഞ കെട്ടിടമായിരുന്നു സ്‌കൂള്‍. ഷെഡുകളായിരുന്നു ക്ലാസ്‌റൂം. ബ്രിട്ടീഷുകാരുടെ ഉദ്യോഗസ്ഥരാണ് എല്ലാ വര്‍ഷവും സ്‌കൂള്‍ പരിശോധനക്ക് വരുന്നത്. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ഉണ്ടായ സംഭവം ഇന്നും ഓര്‍ക്കുന്നു.
ഇന്‍സ്‌പെക്ടര്‍ എന്നോട് ചോദിച്ചു: ''ജില്ല ഭരിക്കുന്നതാരാണ്''
''കലക്ടറാണ്'' ഞാന്‍ പറഞ്ഞു. അടുത്ത കുട്ടിയോട് അംശം ഭരിക്കുന്നതാരാണ്? എന്ന് ചോദിച്ചു. ''അധികാരി'' എന്ന് ആ കുട്ടി മറുപടി പറഞ്ഞു. വില്ലേജ് ആപ്പീസറാണ് അന്നത്തെ അധികാരി. വില്ലേജ് അസിസ്റ്റന്റായ ആളുടെ പേരു ചോദിച്ചു. ''മേനോന്‍.'' അടുത്ത ചോദ്യം മൂസ എന്ന കുട്ടിയോടാണ്. ''മേനോനെ സഹായിക്കുന്നത് ആരാണ്?'' മൂസക്ക് ഉത്തരം അറിയാത്തതുകൊണ്ട് അബൂബക്കര്‍ മുസ്‌ല്യാര്‍ ഓര്‍മപ്പെടുത്താന്‍ കയ്യിലിരുന്ന കോല്‍ എടുത്തു മൂസയെ കാണിച്ചു. ഉടനെ മൂസ ''കോലധികാരി'' എന്നു മറുപടി പറഞ്ഞു. ക്ലാസില്‍ കൂട്ടച്ചിരിയായി. ''കോല്‍ക്കാരന്‍'' എന്നാണ് ശരിയായ ഉത്തരം. അന്നുമുതല്‍ മൂസയെ ഞങ്ങള്‍ കോലധികാരി എന്നുവിളിച്ചു. കുറേ കാലത്തിനു ശേഷം മൂസയെ തീവണ്ടിയില്‍ വെച്ച് കണ്ടുമുട്ടി. ''എന്നെ മനസ്സിലായോ?'' എന്നു മൂസ ചോദിച്ചു. ''ഇല്ല'' എന്നുപറഞ്ഞു. ''ഞാന്‍ നിങ്ങടെ കോലധികാരിയല്ലേ?'' എന്നു മൂസ ചോദിച്ചപ്പോഴാണ് ഞാന്‍ മൂസയെ തിരിച്ചറിഞ്ഞത്.
ഉപ്പാന്റെ ഉപ്പ ഖിലാഫത്തില്‍ പങ്കെടുത്തിരുന്നു.  അദ്ദേഹം  മുസ്‌ല്യാരായിരുന്നു. സ്ത്രീകളുടെ മേല്‍ക്കാത് കുത്തുന്ന 'കാതുകുത്ത് കല്ല്യാണ'ത്തിനെതിരെ ഒരു കാവ്യം തന്നെ അദ്ദേഹം എഴുതിയിരുന്നു. കാതുകുത്തുതന്നെ മതം പ്രോത്സാഹിപ്പിച്ചിട്ടില്ല. മേല്‍ക്കാത് കുത്തുന്നതും അതിന്റെ ആഘോഷം നടത്തുന്നതും ഹറാമാണെന്ന് അദ്ദേഹം വാദിച്ചു. അങ്ങനെ അദ്ദേഹം പുരോഗമന ആശയത്തിലേക്ക് ഉപ്പയെയും നയിച്ചു. അനാചാരങ്ങള്‍ അവസാനിപ്പിക്കണം, കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കണം എന്ന അഭിപ്രായക്കാരനായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു വല്യുപ്പയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി. ആയുധം ശേഖരിച്ചു, ആളുകളെ സംഘടിപ്പിച്ചു എന്നൊക്കെയായിരുന്നു കാരണങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. വായിച്ചുകേട്ടപ്പോള്‍ വല്യുപ്പ പറഞ്ഞു: ''ഇപ്പറഞ്ഞതൊന്നും ഞാന്‍ ചെയ്തിട്ടില്ല. മൊയ്തു എന്ന മകനെയുണ്ടാക്കി എന്നതാണ് എന്റെ കുറ്റം.'' അദ്ദേഹത്തെ അന്ന് ആറ് മാസം ജയിലില്‍ ശിക്ഷിച്ചു. ഉപ്പയെ രണ്ടരക്കൊല്ലം ശിക്ഷിച്ചിരുന്നു. ഉപ്പയോടുള്ള ദേഷ്യത്തിനാണ് ഉപ്പാപ്പയെ അറസ്റ്റുചെയ്തത്. അദ്ദേഹത്തെയും ആറുമാസം ശിക്ഷിച്ചു. ജയിലില്‍ അയക്കും മുമ്പേ അദ്ദേഹത്തോട് മജിസ്‌ട്രേറ്റ് ചോദിച്ചു. ''മകനെ നല്ലവഴിക്ക് നടത്തിക്കൂടെ?''
''അവനിപ്പോള്‍ നടക്കുന്നത് നല്ലവഴിയിലാണ്'' എന്ന് മറുപടി പറഞ്ഞ്, ഉപ്പാപ്പ ജയില്‍ശിക്ഷ വരിച്ചു.
വര്‍ഷങ്ങള്‍ക്കു ശേഷം എനിക്കും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടക്കാന്‍ യോഗമുണ്ടായി. അങ്ങനെ ഒരു കുടുംബത്തിലെ മൂന്നു തലമുറ ജയിലില്‍ കിടന്ന അപൂര്‍വം കുടുംബങ്ങളില്‍ ഒന്നായി ഞങ്ങളുമുണ്ട്. മോത്തിലാല്‍ നെഹ്‌റു, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി മൂന്നു പേരും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയപോലെ ഞങ്ങള്‍ മൂന്നുപേരും ജയിലില്‍ പോയി.
കോഴിക്കോട് ഗണപത് ഹൈസ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന സമയം, ക്വിറ്റ് ഇന്ത്യാ സമരം കൊടുമ്പിരികൊള്ളുകയാണ്. ഞാന്‍  സജീവമായി പങ്കെടുത്തു. എന്നെ അറസ്റ്റു ചെയ്തു. 1944-ല്‍ ആണത്. എന്നെ മൂന്നു മാസം കഴിഞ്ഞു വിട്ടു. ജയിലിലെ ഏക വിദ്യാര്‍ഥിയായ എന്നെ ഒറ്റക്ക് ഒരു മുറിയിലാണ് ഇട്ടത്. പതിനഞ്ചുകാരനായ എന്നെ മറ്റു ക്രിമിനല്‍സുമായി സഹവസിപ്പിക്കരുതെന്നും, കഴിയുന്നതും വേഗം മോചിപ്പിക്കണമെന്നും സ്‌നേഹസ്വരൂപനായ തഹസില്‍ദാര്‍ വന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പേര് കരിമാടത്ത് അബൂബക്കര്‍ കുഞ്ഞിയെന്നാണ്. സര്‍ക്കാര്‍ ഉദ്യോഗമുണ്ടെങ്കിലും സ്വാതന്ത്ര്യസ്‌നേഹവും രാജ്യസ്‌നേഹവും ഉള്ളയാളാണ്. 'ഖിലാഫത്ത് ഉപ്പാപ്പ' എന്നറിയപ്പെട്ട കരിമാടത്ത് മമ്മദാജിയുടെ മകനുമായിരുന്നു അബൂബക്കര്‍ കുഞ്ഞി. ആ നല്ല മനുഷ്യനെ ഇന്നും തെളിമയോടെ ഓര്‍ക്കുന്നു.
വീട്ടില്‍ ഞാന്‍ മൂത്ത മകനാണ്. സുബൈര്‍ അഞ്ചാറുവയസ്സിന് ഇളയവനാണ്. എന്റെ മൂത്ത പെങ്ങള്‍ ആയിശക്കുട്ടിയായിരുന്നു. പൊന്നാനി താലൂക്കിലെ ആദ്യത്തെ മുസ്‌ലിം എം.എക്കാരി. അവള്‍ അകാലത്തില്‍ മരിച്ചു. ഇളയ പെങ്ങള്‍ റസിയ ഇപ്പോള്‍ ഒറ്റപ്പാലത്താണ്. ഞാനും ഭാര്യ ഖദീജക്കുട്ടി ടീച്ചറും വെളിയങ്കോടിനടുത്ത് മുളമുക്ക് എന്ന സ്ഥലത്ത് താമസിക്കുന്നു. പകല്‍സമയം മിക്കപ്പോഴും തനിച്ച് വായിച്ചും സംസാരിച്ചും എഴുതിയും കഴിച്ചുകൂട്ടുന്നു. അടുത്തുതന്നെ ഇളയമകള്‍ താമസിക്കുന്നുണ്ട്. അവള്‍ വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്.
ആര്‍ക്കും ഭാരമാകരുതെന്നുണ്ട്. കുറെനാള്‍ ഞാന്‍ കോഴിക്കോട്ട് അല്‍ അമീന്‍ ലോഡ്ജിനടുത്തായിരുന്നു താമസിച്ചിരുന്നത്.
ബാല്യകാലത്ത് നടന്ന  ഒരു സംഭവം ഇന്നും മനസ്സിലുണ്ട്. ഉപ്പക്ക് മുഹമ്മദ് കുഞ്ഞി എന്ന ഒരു തളിപ്പറമ്പുകാരന്‍ സുഹൃത്ത് ഉണ്ടായിരുന്നു. കടത്തു കടന്നിട്ടാണ് അയാളുടെ വീട്. ആ വീട്ടിലാണ് ഞാന്‍ താമസം. പുളിക്കല്‍ക്കടവ് എന്നാണ് കടവിന്റെ പേര്. എട്ടോ പത്തോ വയസ്സേ അന്നെനിക്കുള്ളൂ രാത്രി ഞാന്‍ പായയില്‍ മൂത്രമൊഴിച്ചുപോയി. മുഹമ്മദ് കുഞ്ഞി സ്‌കൂള്‍ ഇന്‍സ്‌പെക്ടറായിരുന്നു. അദ്ദേഹം ഒരു പുതിയ തുണി മേടിച്ചുതന്നത് ഇന്നും മറന്നിട്ടില്ല. അന്ന് മാറിയുടുക്കാന്‍ വേറെ തുണിയില്ലായിരുന്നു.
ജയിലില്‍നിന്നു വന്നപ്പോള്‍ വീണ്ടും പഠിക്കാന്‍ വേണ്ടി ചെന്നു. പേര് വെട്ടിയിരുന്നു. വീണ്ടും പഠിക്കാന്‍ മദിരാശി എജുക്കേഷന്‍ ഡയറക്ടറുടെ സമ്മതം വേണം. സമ്മതം ചോദിച്ച് കത്തയച്ചു. ഡയറക്ടറുടെ മറുപടി ''ഇനി സമരത്തില്‍ പങ്കെടുക്കില്ല എന്ന് എഴുതിത്തരണം.'' ഉപ്പ അന്ന് ജയിലിലായിരുന്നു. ഉപ്പാക്ക് കത്തയച്ചു. ഉപ്പ എഴുതി ''മാപ്പ് ചോദിക്കരുത്'' എന്ന്. ഒടുവില്‍ സ്വകാര്യമായി മദ്രാസ് മെട്രിക്കുലേഷന് പേര് രജിസ്റ്റര്‍ ചെയ്തു. ഗണപത് ബോയ്‌സിലെ പഠനം അതോടെ അവസാനിച്ചു. കോളജില്‍ ചേര്‍ന്നില്ല. അതിനു മുമ്പേ രാഷ്ട്രീയ പ്രവേശനമായി.
എറണാകുളത്ത് ജയ്ഹിന്ദ് എന്ന പത്രത്തില്‍ ജോലി നേടി. സായാഹ്ന പത്രമാണ്. ഏകദേശം ഇരുപത് വയസ്സുണ്ടാകും. അന്ന് വൈക്കം മുഹമ്മദ് ബഷീര്‍ എറണാകുളത്തുണ്ട്. അവിടെ അടുത്ത് ഒരു ചായപ്പീടികയുണ്ട്. രാവിലെ കാലിച്ചായ കുടിക്കാന്‍ ചെന്നപ്പോള്‍ ബഷീറും അവിടെ ചായകുടിക്കാന്‍ വന്നിട്ടുണ്ട്. ബഷീറുമായി ആദ്യത്തെ കൂടിക്കാഴ്ച അന്നാണ്. നേര്‍ത്ത ചാറ്റല്‍മഴയുണ്ട്. കാലന്‍കുട മടക്കിത്തൂക്കിയിട്ട് ബഷീര്‍ ചായ കുടിക്കാന്‍ ഇരുന്നു. ചായകുടിച്ചു തീരുംമുമ്പേ തൂക്കിയിട്ട കുട വേറൊരുത്തന്‍ എടുത്തു. ബഷീര്‍ പെട്ടെന്ന് എഴുന്നേറ്റ്-''നിങ്ങളുടെ പേര് ബഷീര്‍ എന്നാണോ?'' എന്ന് ചോദിച്ചു. ''അല്ല.''
''എന്നാലിത് ബഷീറിന്റെ കുടയാണ്'' എന്നുപറഞ്ഞ് ബഷീര്‍ തന്റെ കുട പിടിച്ചുവാങ്ങി. അതിനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബഷീര്‍ അല്‍അമീന്‍ ലോഡ്ജില്‍ സാഹിബിന്റെ കൂടെ താമസിച്ചത്. 1930-ലാണ് എന്നു തോന്നുന്നു. പക്ഷേ, ഞാന്‍ ആദ്യം ബഷീറിനെ കണ്ടത് മേല്‍പറഞ്ഞ മനോഹര ചിത്രത്തിലാണ്. പിന്നീടാണ് സുഹൃത്തുക്കളായത്.
ഇന്ത്യ സ്വതന്ത്രമാവും മുമ്പേ അബ്ദുറഹ്മാന്‍ സാഹിബ് പോയി. ജീവിതത്തില്‍ ഞാനാദ്യമായി കരഞ്ഞതും അന്നാണ്. സാഹിബിനെപ്പോലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ അതിനു മുമ്പോ ശേഷമോ കേരളം കണ്ടിട്ടുണ്ടോ എന്നു സംശയം. മതേതരത്വം,  ദൈവവിശ്വാസം, സദാചാരനിഷ്ഠ, കുടുംബസ്‌നേഹം എന്നിവ വേണ്ടുവോളം ഉണ്ട്. പക്ഷേ, രാജ്യസ്‌നേഹം അതിലും വലുത്. സ്വന്തം സ്വത്ത് രാജ്യത്തിനു വേണ്ടി ചെലവഴിച്ച് സാഹിബ് പട്ടിണി കിടന്നിട്ടുണ്ട്. വസൂരി ബാധിച്ച പത്‌നിയെ സ്വയം ശുശ്രൂഷിച്ചു. അവരുടെ മരണശേഷം മറ്റൊരു വിവാഹം കഴിച്ചിട്ടില്ല. ധീരതയുടെ പ്രതീകമായിരുന്ന സാഹിബിനെ അടുത്തറിയാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണ്. 'വീരപുത്രന്‍' സിനിമക്കുവേണ്ടി പി.ടി കുഞ്ഞുമുഹമ്മദും ഇന്ത്യന്‍നെസ്സ് അബ്ദുറഹ്മാന്‍ സാഹിബ് അക്കാദമിക്കു വേണ്ടി സമദാനിയും ഈയുള്ളവനെ വിളിച്ച് സംസാരിച്ചു. ഇതില്‍പരം എന്തുവേണം! ആ മഹനീയ വ്യക്തിത്വം എന്റെ ജീവിതത്തില്‍ എന്നും പ്രഭചൊരിയുന്നു.
1937 ഏപ്രിലില്‍ കോഴിക്കോട് വന്നപ്പോഴാണ് സാഹിബിനൊപ്പം കൂടിയത്. 1940-ല്‍ അദ്ദേഹം ജയിലില്‍ പോകുന്നതുവരെ ഒപ്പം കഴിയാന്‍ ഭാഗ്യംലഭിച്ചു. അല്‍അമീന്‍ ബില്‍ഡിങ് ഇപ്പോഴുമുണ്ട് കല്ലായി റോഡില്‍. സാഹിബിനെ അറസ്റ്റുചെയ്ത് കയ്യാമം വെച്ച് കൊണ്ടുപോകുമ്പോള്‍ സുഹൃത്ത് കരിമാടത്ത് മമ്മദാജിയോട് (മമ്മദാജിക്ക് വഴിയില്‍ കച്ചവടമുണ്ട്) ''ഖിലാഫത്ത് ഉപ്പാപ്പാ എനിക്ക് അഞ്ചുരൂപ തരൂ'' എന്നു ചോദിച്ചു. അദ്ദേഹം പെട്ടിയില്‍നിന്ന് പത്തുരൂപയെടുത്ത് പോലീസ് നോക്കിനില്‍ക്കെ ആ കൈയില്‍ വച്ചുകൊടുത്തു. റെയില്‍വെ സ്റ്റേഷനില്‍ പോയി. ബെല്ലാരി ജയിലിലേക്കാണ് കൊണ്ടുപോയത്. ഇതുപോലെ വലിയങ്ങാടിയിലെ പല വ്യാപാരപ്രമുഖരും ധൈര്യത്തോടെ സാഹിബിനെയും എന്റെ ഉപ്പ മൊയ്തുമൗലവിയെയും സഹായിക്കുമായിരുന്നു.
ഞാനിപ്പോള്‍ എല്ലാ ഓര്‍മകളും താലോലിച്ച് വെളിയങ്കോടിനടുത്ത് മുളമുക്കില്‍ സ്വസ്ഥം. വെളിയങ്കോട് എന്ന് പറഞ്ഞാല്‍ വെളിയങ്കോട് ഉമര്‍ഖാദിയെ ആളുകള്‍ ചോദിക്കും. അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല. എന്നാല്‍, ബ്രിട്ടീഷ് വിരോധവും രാജ്യസ്‌നേഹവും വേണ്ടുവോളം ഉണ്ടായിരുന്നു. നികുതിപിരിക്കാന്‍ മേനോന്‍ വന്നപ്പോള്‍ അദ്ദേഹം നികുതി കൊടുക്കാന്‍ തയ്യാറായില്ല. വെളിയങ്കോട് ഉമര്‍ഖാദി നികുതി കൊടുക്കുന്നത് എതിര്‍ത്തു. സ്വാതന്ത്ര്യ സമരം അന്ന് കൊടുമ്പിരി കൊണ്ടിട്ടില്ല. മുസ്‌ലിം എന്ന നിലയിലും നികുതി തരാന്‍ പറ്റില്ല എന്നു ശഠിച്ചു. ചാവക്കാട് എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഹാജരാക്കിയത്. മജിസ്‌ട്രേറ്റ് പറഞ്ഞു: ''മാപ്പ് എഴുതിക്കൊടുത്താല്‍ മതി, കേസൊന്നും എടുക്കുന്നില്ല'' എന്ന്. മൗലവി മാപ്പ് എഴുതാന്‍ തയ്യാറായില്ല. വിദേശികള്‍ക്ക് നികുതി കൊടുക്കുന്നത് ഹറാമാണെന്നു ശഠിച്ചു. അദ്ദേഹത്തെ ചാവക്കാട് സബ്ജയിലില്‍ അടച്ചു. പക്ഷേ, ഏതോ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തി പുറത്തയച്ചു. പട്ടാളം വീടുവളഞ്ഞ് വീണ്ടും ഉമര്‍ഖാദിയെ അറസ്റ്റുചെയ്ത് കോഴിക്കോട്ട് കൊണ്ടുപോയി, കലക്ടറുടെ മുമ്പില്‍ ഹാജരാക്കി. ഇനിയെങ്കിലും നികുതി കൊടുക്കുമോ എന്നു ചോദിച്ചു. ''ഇല്ല'' എന്ന് ഖാദി പറഞ്ഞു. അദ്ദേഹത്തെ വീണ്ടും പുതിയറ സബ്ജയിലിലേക്കയച്ചു.
1943-ല്‍ ആണ്, തിയതി കൃത്യമായി ഓര്‍മയില്ല. ഉപ്പ ജയിലിലാണ്. ഒരു ജോഡി പരുക്കന്‍ ഖദര്‍ വസ്ത്രം മാത്രമേ എനിക്കുള്ളൂ. ദിവസവും അലക്കി അത് കീറിത്തുടങ്ങിയിരുന്നു... എന്നും വൈകുന്നേരം സ്‌കൂള്‍ വിട്ടാല്‍ കോഴിക്കോട്ടെ മാനാഞ്ചിറയിലെ മുന്‍സിപ്പല്‍ ലൈബ്രറിയില്‍ പോകും. ഒരു ദിവസം മിഠായിത്തെരുവിലൂടെ പോകുമ്പോള്‍ ''റഷീദ്'' എന്ന വിളി! ഉപ്പയുടെ സ്‌നേഹിതന്‍ കുട്ടിരായിന്‍ക്ക. എന്നെ അടുത്തുള്ള ഹോട്ടലില്‍ കൊണ്ടുപോയി. കോഫിയും മസാലദോശയും മേടിച്ചു തന്നു. അദ്ദേഹം എടവണ്ണക്കാരനായിരുന്നു. അദ്ദേഹം എന്നെ ഖാദിസ്റ്റോറില്‍ കൊണ്ടുപോയി സ്റ്റോറിലെ തുന്നല്‍കടക്കാരനോട്  ''ഈ കുട്ടിക്ക് ഷര്‍ട്ടിന് എത്ര ശീല വേണം?'' എന്നു ചോദിച്ചപ്പോള്‍ ഞാന്‍ അന്തംവിട്ടുപോയി. ശീല വാങ്ങി എന്നെ കൊണ്ടുപോയി അളവ് എടുപ്പിച്ചു. കൂലിയും അദ്ദേഹം തുന്നല്‍ക്കാരനെ ഏല്‍പ്പിച്ചു. ''ഉപ്പാക്ക് കത്തെഴുതുമ്പോള്‍ എന്റെ സലാം പറയണം'' എന്നുപറഞ്ഞ്, നന്നായി പഠിക്കാന്‍ ഉപദേശിച്ച് അദ്ദേഹം പിരിഞ്ഞു. അടുത്ത ദിവസം പുത്തന്‍ കുപ്പായവും മുണ്ടും ധരിച്ച് സ്‌കൂളില്‍പോയ ആഹ്ലാദം ഇന്നും എന്നെ വിട്ടുപിരിഞ്ഞിട്ടില്ല. അതിനു ശേഷം പലരും മുന്തിയ വസ്ത്രങ്ങള്‍ സമ്മാനിച്ചെങ്കിലും പരലോകത്ത് വെച്ച് കുട്ടിരായിന്‍ക്ക എന്ന നല്ല മനുഷ്യനോട് ആ മനുഷ്യന്‍ സമ്മാനിച്ച ഷര്‍ട്ട് മനസ്സില്‍ കൊണ്ടുനടന്നത് പറയണമെന്നാണ് എന്റെ പൂതി.      

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top