മതാഇന്ന് വഴിയൊരുക്കിയ ഷാബാനു കേസ്

ശൈഖ് മുഹമ്മദ് കാരകുന്ന് No image

വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശം പാലിക്കുന്നവര്‍ വളരെ വിരളമാണ്. വിവാഹമോചനത്തിന് മുമ്പ് അതൊഴിവാക്കാനായി ദമ്പതികള്‍ പരമാവധി ശ്രദ്ധിക്കണം. വിജയിച്ചില്ലെങ്കില്‍ ഇരുവിഭാഗത്തെയും പങ്കെടുപ്പിച്ചുള്ള അനുരജ്ഞന സംഭാഷണം നടത്തണം.(4:35)
അനുരജ്ഞനം സാധ്യമാവാതെ വിവാഹമോചനം അനിവാര്യമായി വന്നാല്‍ ഒറ്റത്തവണയാണ് ത്വലാഖ് ചൊല്ലേണ്ടത്. അതിനു ശേഷം മൂന്നുമാസത്തോളം വരുന്ന ദീക്ഷാകാലം ഭര്‍തൃവീട്ടിലാണ് താമസിക്കേണ്ടത്. അക്കാലത്ത് താമസവും ഭക്ഷണവും മറ്റു ചെലവുകളും വഹിക്കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണ്. (65:6)
എന്നാല്‍ ഈ നിര്‍ദേശം നമ്മുടെ നാട്ടില്‍ തീരെ പാലിക്കപ്പെടാറില്ല. ഇസ്‌ലാമികാധ്യാപനങ്ങളുടെ ചൈതന്യമനുസരിച്ച് വിവാഹമോചനം ഉഭയകക്ഷിസമ്മതപ്രകാരമാണ് നടക്കേണ്ടത്. വിവാഹമോചിതര്‍ക്ക് ജീവിത വിഭവം-മതാഅ് നല്‍കണമെന്നതാണ് ഖുര്‍ആനിക നിര്‍ദേശം. (2:236,241)
വിവാഹമോചിതര്‍ ദീക്ഷ കാലം ഭര്‍തൃഭവനത്തില്‍ താമസിക്കണമെന്ന നിര്‍ദേശം പോലെത്തന്നെ മതാഅ് നല്‍കണമെന്ന നിര്‍ദേശവും തീരെ പാലിക്കപ്പെട്ടിരുന്നില്ല. മതാഅ് ഇന്ത്യന്‍ മുസ്‌ലിംകളുടെ സജീവ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഷാബാനു കേസാണ്. പ്രസ്തുത കേസിന്റെ ഏക സദ്ഫലവും അതുതന്നെ. ഷാബാനു കേസിനെ തുടര്‍ന്നുണ്ടായ സുദീര്‍ഘമായ ചര്‍ച്ചകളും സംവാദങ്ങളുമാണ് 1986-ലെ മുസ്‌ലിം വനിതാ സംരക്ഷണ ബില്ലിന് വഴിതെളിയിച്ചത്. വിവാഹമോചിതരാകുന്ന മുസ്‌ലിം വനിതകള്‍ക്ക് വമ്പിച്ച തോതില്‍ മതാഅ് ലഭിക്കാന്‍ ഇത് കാരണമായി. ഇപ്പോള്‍ കോടതികള്‍ പ്രസ്തുത നിയമത്തെ ദുരുപയോഗം ചെയ്യുന്നു വെന്നതാണ് പ്രശ്‌നം. എന്നാല്‍ അനുരജ്ഞന സംഭാഷണം കൃത്യമായി നടക്കുകയും വിവാഹമോചനം അനിവാര്യമാണെന്ന് ഇരുവിഭാഗത്തിനും ബോധ്യമാവുകയുമാണെങ്കില്‍ മതാഉം തത്സമയം നിശ്ചയിച്ചാല്‍ മതിയാകും. എങ്കില്‍ കോടതികളെ സമീപിക്കേണ്ടിവരില്ല.
ഇന്ത്യയെ ഇളക്കിമറിച്ച ശരീഅത്ത് സംവാദത്തിന് വഴിവെച്ചത് ഷാബാനു കേസ് വിധിയാണ്. അതിനാധാരമായ നിയമം പാര്‍ലമെന്റ് പാസാക്കിയത് 1973-ലാണ്. 1898-ലെ ക്രിമിനല്‍ നടപടി ക്രമത്തിന് 1973- ആഗസ്റ്റ് 30-ന് സര്‍ക്കാര്‍ ഭേദഗതി അവതരിപ്പിച്ചു. 125-ാം വകുപ്പില്‍ ഭാര്യക്ക് ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനായ പോലെ വിവാഹമോചിതര്‍ക്കും പുനര്‍വിവാഹം വരെ മുന്‍ ഭര്‍ത്താവ് ചെലവിനു നല്‍കണമെന്നതാണ് പ്രസ്തുത ഭേദഗതി, അന്ന് ബില്ലിന്റെ മൂന്നാം വായന നടന്നപ്പോള്‍ തന്നെ മുസ്‌ലിം എം.പിമാര്‍ അതിനെ ശക്തമായെതിര്‍ത്തു. ഇത് പുരുഷന് സാമ്പത്തിക ബാധ്യതയാണെന്ന് വരുത്തിവെക്കുന്നതെങ്കില്‍ സ്ത്രീയുടെ ആത്മാഭിമാനത്തെയാണ് കടന്നാക്രമിക്കുന്നത്. വിവാഹമോചനത്തിലൂടെ തീര്‍ത്തും അന്യമായിത്തീരുന്ന പുരുഷനില്‍ നിന്ന് എക്കാലവും ചെലവുപറ്റി കഴിയുന്നതിനെക്കുറിച്ച് മാന്യന്മാര്‍ക്ക് ആലോചിക്കാനാവില്ല. ബില്ലിന്റെ അവസാന വായനാവേളയില്‍ 125(3) ബി വകുപ്പ് കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം അന്നത്തെ ആഭ്യന്തര സ്റ്റേറ്റ് മന്തി റാംനിവാസ് മാര്‍ഥ ക്രിമിനല്‍ നിയമഭേദഗതിയിലൂടെ മുസ്‌ലിം വ്യക്തിനിയമത്തില്‍ ഇടപെടില്ലെന്നും അതിനാല്‍ മുസ്‌ലിംകള്‍ക്ക് 125 (3) ബി വകുപ്പ് ബാധകമല്ലെന്നും അവര്‍ ആചരിക്കേണ്ടത് മുസ്‌ലിം പേഴ്‌സണല്‍ ലോ ആണെന്നും വ്യക്തമാക്കി. തതനുസൃതമായി ചില കേസുകളില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കുകയുമുണ്ടായി. മുഷാക്ക്- ജോയിസണ്‍, റുക്‌സാന- ശൈഖ്മുഹമ്മദ് തുടങ്ങിയ കേസുകള്‍ അതിനുദാഹരണം.
1985 ഏപ്രില്‍ 23-ന് ജസ്റ്റിസ് ചന്ദ്രചൂഡ്, ഡി.ഒ. ദേശായി, ഒ.ചിന്നപ്പ റെഡ്ഡി. ഇ.എസ്.വെങ്കരാമയ്യ, രംഗരാഥ് മിശ്ര എന്നിവരടങ്ങിയ ഫുള്‍ബെഞ്ച് ഷാബാനുവിന് മുന്‍ഭര്‍ത്താവ് മാസംതോറും 179 രൂപ ജീവനാംശമായി നല്‍കണമെന്ന് വിധിച്ചു. അത് ഒമ്പത് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.
1. സ്ത്രീകളെ വളഞ്ഞ എല്ലുകൊണ്ട് സൃഷ്ടിച്ചുവെന്ന പ്രവാചക വചനത്തെ പരിഹസിച്ചു.
2 വ്യക്തിനിയമങ്ങളും രാജ്യത്തെ മതേതര നിയമങ്ങളും തമ്മിലേറ്റുമുട്ടിയാല്‍ മതനിയമങ്ങളെ നിരാകരിക്കണമെന്ന് പ്രസ്താവിച്ചു.
3. നിയമ നിര്‍മാണത്തിന്റെ പശ്ചാത്തലവും അപ്പോള്‍ മന്ത്രി നല്‍കിയ ഉറപ്പും അവഗണിച്ചു.
4. മഹ്‌റിനെ തെറ്റായി വ്യാഖ്യാനിച്ചു. അതിനെ ജീവനാംശമായി വിലയിരുത്തി.
5. വിവാഹമുക്തയെ ഭാര്യയെപ്പോലെ പരിഗണിക്കണമെന്ന ആവശ്യപ്പെട്ടു.
6. ഖുര്‍ആനെ തന്നിഷ്ടപ്രകാരം വ്യഖ്യാനിച്ചു. ഇത് 1980-ലെ മധുരാ ആനിര്‍ വി കൃഷ്ണ സിംഗ് കേസിലെ ഫുള്‍ ബെഞ്ച് വിധിക്കെതിരാണ്. മതഗ്രന്ഥങ്ങള്‍ വ്യഖ്യാനിക്കാന്‍ കോടതികള്‍ക്കധികാരമില്ലെന്നതാണ് പ്രസ്തുത വിധി.
7. ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദേശം.
8. വിവാഹമോചിതരുടെയും വിധവകളുടെയും അവിവാഹിതരുടെയുമെല്ലാം സംരക്ഷണ ഉത്തരവാദിത്തം അടുത്ത രക്തബന്ധുക്കള്‍ക്കാണ്. ഇതിനെ രൂക്ഷമായി പരിഹസിച്ചുതള്ളി.
9. പാര്‍ലമെന്റ് നിയമ നിര്‍മാണത്തിലൂടെ നിര്‍വഹിക്കേണ്ട സാമൂഹ്യ പരിഷ്‌കരണം കോടതി സ്വയം ഏറ്റെടുത്ത് ഒരു പരിഷ്‌കര്‍ത്താവിന്റെ മൂടുപടമണിഞ്ഞു.
സുപ്രീംകോടതി വിധി ഇന്ത്യന്‍ മുസ്‌ലിംകളെ ഇളക്കിമറിച്ചു. കോടതിവിധിക്കെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധമുയര്‍ന്നു. അതിന്റെ പ്രതിഫലനം പാര്‍ലമെന്റിലും പ്രകടമായി. അങ്ങനെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഗവണ്‍മെന്റ് നിയമനിര്‍മാണത്തിന് മുതിര്‍ന്നത്. 1986-ല്‍ മുസ്‌ലിം വനിതാ സംരക്ഷണബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും പാസാക്കിയെടുക്കാനും ഭരണകൂടത്തിനു സാധിച്ചു.
മുസ്‌ലിം സ്ത്രീകള്‍ക്ക് വമ്പിച്ച നേട്ടമുണ്ടാക്കിയ ഒന്നാണ് മുസ്‌ലിം വനിതാ സംരക്ഷണ നിയമം. ദീക്ഷാകാലത്തെ ചെലവും മതാഉം ഉള്‍പ്പെടെ സാമാന്യം ഭേദപ്പെട്ട സംഖ്യ ഒന്നിച്ച് വിവാഹമോചിതര്‍ക്ക് ലഭ്യമാക്കുന്നു പ്രസ്തുത നിയമം. മറ്റു സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാര്‍ വളരെ സമ്പന്നരാണെങ്കില്‍ പോലും പരമാവധി കിട്ടുക മാസംതോറും അഞ്ഞൂറ് രൂപയാണ്. അതും അത്യപൂര്‍വമായോ സംഭവിക്കുകയുള്ളൂ. ഷാബാനുവിന് മുന്‍ ഭര്‍ത്താവ് സമ്പന്നനായ വക്കീലായിരുന്നിട്ടും സുപ്രീം കോടതി അനുവദിച്ചത് പ്രതിമാസം 179 രൂപയാണ്. അഞ്ചൂറ് രൂപ അനുവദിച്ചാല്‍ പോലും വര്‍ഷത്തില്‍ ആറായിരം രൂപയേകിട്ടുള്ളൂ. പത്ത് കൊല്ലത്തേക്ക് കണക്കാക്കിയാല്‍ അറുപതിനായിരം രൂപ. ഇത് നേടിയെടുക്കാന്‍ നിരന്തരം കോടതികളെ സമീപിക്കേണ്ടി വരുന്നു. ഇത് വക്കീല്‍മാര്‍ക്ക് ഫീസ് നല്‍കാന്‍ പോലും തികയില്ലെന്നതാണ് വസ്തുത. അതേ സമയം മുസ്‌ലിം വനിതാ സംരക്ഷണ നിയമമനുസരിച്ച് നന്നെ ചുരുങ്ങിയത് ഒരു ലക്ഷമെങ്കിലും സ്ത്രീക്ക് ലഭിക്കുന്നു. അതും ഒന്നിച്ച് ഒരൊറ്റ വിധിയിലൂടെ. കോടതികള്‍ പലപ്പോഴും അഞ്ചും പത്തും ഇരുപതും ലക്ഷമൊക്കെയാണ് വിധിക്കാറുള്ളത്. അതുകൊണ്ടുതന്നെ മുസ്‌ലിം വനിതാ സംരക്ഷണ നിയമം സ്ത്രീ വിരുദ്ധമാണെന്നും ആ നിയമം കൊണ്ടുവരിക വഴി രാജീവ് ഗാന്ധി മുസ്‌ലിം സ്ത്രീകളെ ദ്രോഹിക്കുകയായിരുന്നു വെന്നുമുള്ള വാദം തീര്‍ത്തും തെറ്റാണ്. വസ്തുതകള്‍ക്ക് വിരുദ്ധവും.
കോടതികള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ലക്ഷങ്ങള്‍ മതാഅ് വിധിക്കുന്നുവെന്നാണ് ഇപ്പോള്‍ മുസ്‌ലിം വനിതാ സംരക്ഷണ നിയമത്തിനെതിരെ വരുന്ന പ്രധാന വിമര്‍ശനം. അതില്‍ ഒട്ടൊക്കെ ശരിയുമുണ്ട്. എന്നാല്‍ ഇതിന്റെ യഥാര്‍ഥ ഉത്തരവാദികള്‍ മുസ്‌ലിം മത നേതൃത്വമാണ്. മുസ്‌ലിം വ്യക്തിനിയമം ക്രോഡീകരിച്ച് കോടതികള്‍ക്ക് അവലംബിക്കാവുന്ന വിധം സമര്‍പ്പിക്കാന്‍ ഇന്നോളം അവര്‍ക്ക് സാധിച്ചിട്ടില്ല.
ഷാബാനുകേസിലെ സുപ്രീം കോടതി വിധി ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചെങ്കിലും വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ലഭിക്കേണ്ടിയിരുന്ന മതാഇനെക്കുറിച്ച് തികഞ്ഞ അശ്രദ്ധയും അവഗണനയും പുലര്‍ത്തിയിരുന്ന മുസ്‌ലിം സമുദായത്തെ തട്ടിയുണര്‍ത്താന്‍ അത് കാരണമായി. മതാഅ് നിലവില്‍ വന്നത് വിവാഹമോചനം കുറക്കുന്നതില്‍ ഗണ്യമായ പങ്കുവഹിക്കുകയും ചെയ്തു. ഇപ്പോള്‍ ഇതരസമുദായങ്ങളിലേതിനേക്കാള്‍ കുറവാണ് മുസ്‌ലിം സമുദായത്തിലെ വിവാഹമോചന തോതെന്ന് കണക്കുകള്‍ തെളിയിക്കുന്നു.      

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top