വെള്ളിത്തിരയിലെ അമ്മമാര്‍

നജ്മ നസീര്‍ No image


ഈശ്വരനെ കാണാന്‍
വാശിപിടിച്ച പെണ്‍കുട്ടി
ഞാനും എന്റെ അനിയനും വളരെ ഉത്സാഹത്തോടെയാണ് ആ പുഴയോരത്തെ വീട്ടില്‍ പോയത്. ഞങ്ങളെ കാത്തിരിക്കുന്ന ഒരു അമ്മയുടെ അടുത്തേക്ക്.
സ്വതസിദ്ധമായ മാതൃവാത്സല്യത്തോടെ അവര്‍ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു.
അച്ഛനിലൂടെ കലയെ അറിഞ്ഞ ആ പെണ്‍കുട്ടി ത്യാഗരാജ ഭാഗവതരുടെ പാട്ടുകള്‍ കേട്ടാണ് വളര്‍ന്നത്. പാട്ടുകാരി സുബ്ബലക്ഷ്മിയാണ് താനെന്ന് മനസ്സില്‍ ധ്യാനിച്ച് പതിനൊന്നാം വയസ്സിലായിരുന്നു അവരുടെ അരങ്ങേറ്റം.
''പാട്ടൊക്കെ അസ്സലായീന്നാ എല്ലാവരും പറഞ്ഞത്. അന്ന് ഒരു പ്രമുഖനായ വ്യക്തി തന്റെ തലയില്‍ കൈവെച്ച് പ്രാര്‍ഥിച്ചു, 'നമ്മുടെ ഈ കൊച്ചു പൊന്നമ്മ കവിയൂര്‍ പൊന്നമ്മ എന്ന പേരില്‍ അറിയപ്പെടട്ടെ, വളര്‍ന്ന് വലുതാവട്ടെ' എന്ന്.''  ആ പറച്ചിലുപോലെ തന്നെ അവര്‍ വളര്‍ന്നു. വാര്‍ധക്യത്തിന് കീഴ്‌പ്പെടാത്ത മനസ്സും മുഖവുമായി അവരിന്നും നമുക്ക് മുമ്പിലുണ്ട്.
മലയാള സിനിമയുടെ വാത്സല്യനിധിയായ അമ്മ, കവിയൂര്‍ പൊന്നമ്മ ഒരു കുഞ്ഞുകുട്ടിയെ പോലെ സംസാരിച്ചുതുടങ്ങി. ഇടക്കെപ്പോഴോ ഓര്‍മ പിണക്കം നടിച്ചു. വാര്‍ധക്യസഹജമായ ഒരുപിടി അസുഖങ്ങളും, രണ്ടുമൂന്ന് പരിചാരകരും കൂടിയുണ്ട്; കൂടാതെ തന്റെ പ്രിയപ്പെട്ട പതിമൂന്ന് വയസ്സുള്ള കുഞ്ചുവെന്ന വയസ്സന്‍ നായയും.
പാട്ടുപാടുമ്പോഴും നാടകത്തിലഭിനയിക്കുമ്പോഴും എന്തിന്, കുടുംബിനിയായി അഭിനയിക്കുമ്പോള്‍ പോലും പൊന്നമ്മ ഒരിക്കലും വിചാരിച്ചിരുന്നില്ല, സിനിമയാവും തന്റെ ജീവിതമെന്ന്. 22 വയസ്സുള്ളപ്പോള്‍ തന്റെ അച്ഛനെക്കാള്‍ പ്രായമുള്ള സത്യന്‍മാഷിന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. പതിനഞ്ചു വര്‍ഷത്തിന് ശേഷം ആ സിനിമ റീമെയ്ക്ക് ചെയ്യുമ്പോഴും അവര്‍ തന്നെയായിരുന്നു അമ്മ റോളില്‍.
''അന്ന് എന്നോട് സത്യന്‍ മാഷ് ചോദിച്ചു: 'പൊന്നമ്മച്ചി ഈ അമ്മറോള്‍ ചെയ്യണോ?'
'ഒരു കുഴപ്പവുമില്ല, ഞാനിത് ചെയ്യു'മെന്ന് പറഞ്ഞു. അന്നത്തെ ആ തീരുമാനം ശരിയായിരുന്നു എന്ന് ഇപ്പോഴും ഞാന്‍ കരുതുന്നു. അതുകൊണ്ടാണ് ത്താനിന്നു ഈ സിനിമാ ലോകത്ത് പിടിച്ചുനില്‍ക്കുന്നത്. ആര്‍ക്കും കിട്ടാത്ത സ്‌നേഹമാണ് ലോകരില്‍നിന്ന് എനിക്ക് കിട്ടുന്നത്.''
അന്നുമുതല്‍ ഒരു വലിയ കുടുംബത്തിന്റെ ചുമതല മുഴുവന്‍ ഏറ്റെടുത്തു, എല്ലാവരെയും ഒരു കരക്കടുപ്പിക്കാന്‍ സാധിക്കുകയും ചെയ്തു. പക്ഷേ, തന്റെ ഒരേയൊരു മകളെ കല്ല്യാണം കഴിച്ച് അവള്‍ യു.എസിലേക്ക് കൂടുമാറിയപ്പോള്‍ ഈ അമ്മ പതറി. എന്നിരുന്നാലും മകളും പേരക്കുട്ടികളും എല്ലാ വര്‍ഷവും ഒത്തിരി പണം മുടക്കി, തന്നെ കാണാന്‍ വരുന്നത് മഹാഭാഗ്യമായി കരുതുന്നു. ഒരിക്കലും അവരോട് കൂടെ നില്‍ക്കാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. അത് സ്വാര്‍ഥതയാവും എന്ന പേടികൊണ്ടാണ്.
പക്ഷേ, കവിയൂര്‍ പൊന്നമ്മക്ക് പ്രസവിക്കാതെ കിട്ടിയ ഒരു മകനുണ്ട്- മോഹന്‍ലാല്‍. ലാലിനെ ഒരു സിനിമക്കാരന്‍ ആയല്ല പൊന്നമ്മ കാണുന്നത്. ലാലിന്റെ കുടുംബവുമായും അവര്‍ക്ക് നല്ല അടുപ്പമാണ്. ഇന്നും ചിലര്‍ വിശ്വസിക്കുന്നത് അവര്‍ അമ്മയും മകനുമാണെന്നാണ്.
ബിഗ് സ്‌ക്രീനില്‍ കാണുന്ന അമ്മയുടെ അതേ പകര്‍പ്പാണവര്‍ക്ക് ജീവിതത്തിലും. മനുഷ്യരെ മാത്രമല്ല, പ്രകൃതിയെയും അതിലെ പക്ഷിമൃഗാദികളെയും ഇഷ്ടമാണ്. കുഞ്ഞുങ്ങളോട് പ്രത്യേക മതിപ്പാണ്. അതുകൊണ്ടാണ് ജനസേവന ശിശുഭവന്റെ രക്ഷാധികാരിയായത്. പ്രകടിപ്പിക്കാന്‍ അറിയാത്ത സ്‌നേഹത്തിന് ഒരു സ്ഥാനവും ഈ അമ്മമനസ്സില്‍ ഇല്ല.
നാലുവയസ്സുള്ള തന്റെ അനിയത്തി കിണറ്റില്‍ വീണപ്പോള്‍, അവളെ രക്ഷിക്കാന്‍ എടുത്തുചാടിയ അമ്മയുടെ മകളാണവര്‍. അതുതന്നെയാണ് കറകളഞ്ഞ മാതൃത്വം എന്നവര്‍ തീര്‍ത്തുപറയുന്നു. അതാണവര്‍ക്ക് സ്വന്തം മക്കളെ പലര്‍ക്കും കാഴ്ചവെക്കുന്ന മാതാപിതാക്കളെ കുറിച്ച വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയാത്തതും. ഈ ഭൂമിയെക്കുറിച്ചും അതിന്റെ ചലനത്തെക്കുറിച്ചും സ്രഷ്ടാവിനെക്കുറിച്ചും ആലോചിക്കുന്ന ആര്‍ക്കും ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ സാധിക്കില്ല. പക്ഷേ, ആര്‍ക്കും ഇതിനു സമയമില്ല. ആര്‍ത്തിയല്ലെ... പണം! പണം! പണം!
''എട്ടുവയസ്സുള്ളപ്പോള്‍ ഞാനെന്റെ അച്ഛനോട് പറഞ്ഞു: ''അച്ഛാ എനിക്ക് ഈശ്വരനെ കാണണം. എന്നെ കൊണ്ടുപോക്വോ?''
അച്ഛന്‍ ചിരിച്ചുകൊണ്ട് അമ്മയെ വിളിച്ച് പറഞ്ഞു: ''എടിയെ, ദാ ഈ കൊച്ചിന് ദൈവത്തെ കാണണമെന്ന്.'' അപ്പോള്‍ അമ്മ: ''മോളെ, ഈശ്വരനെ കാണാന്‍ പറ്റില്ല. അരൂപിയാണ് എന്ന് പറഞ്ഞു. അന്നെനിക്ക് മനസ്സിലായില്ല എന്താണ് അരൂപി എന്ന്. എന്നാല്‍, ഇപ്പോള്‍ എനിക്കറിയാം ദൈവം എല്ലാവരുടെയും മനസ്സുകളില്‍ ഉണ്ടെന്ന്. ഏവരുടെയും പ്രാര്‍ഥന കേള്‍ക്കുന്ന, ദയയുള്ള അരൂപി. അതുകൊണ്ടല്ലെ ഈ ഓണത്തിന് എന്റെ കൊച്ചുമക്കളെ ഞാന്‍ കാണാന്‍ പോകുന്നത്...'' ചമയങ്ങളുടെ ലോകത്ത് അമ്മ വേഷങ്ങള്‍ ആടിത്തിമര്‍ക്കുമ്പോഴും ജീവിതത്തിലെ അമ്മൂമ്മ വേഷങ്ങള്‍ക്കാണ് ഏറെ പൊലിവെന്ന സത്യമാണീ വാക്കുകളില്‍.

ചന്ദ്രേട്ടന്റെ സ്‌നേഹനിധിയായ ഭാര്യ
അഞ്ചാം വയസ്സ് മുതല്‍ അഭിനയത്തെ ഇഷ്ടപ്പെട്ട  താണ് കുടപ്പുള്ളി ലീല. അവരൊരിക്കലും കരുതിയില്ല താനൊരിക്കലും ഈ വാര്‍ധക്യത്തിലും വെള്ളിത്തിരയിലെ നിറസാന്നിധ്യമാകുമെന്ന്.
ഇപ്പോഴവര്‍ ദൈവത്തിന്റെ കാരുണ്യംകൊണ്ട് ഇന്നിവിടംവരെ എത്തി എന്ന് സന്തോഷിക്കുന്ന തനി കോഴിക്കോട്ടുകാരി.
റേഡിയോ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു തുടക്കം., അവിടന്ന് കിട്ടിയതാണ് 'കുളപ്പുള്ളി' എന്ന തലപ്പേര്. ഒരുപാട് കഷ്ടപ്പാടുകളും പ്രയാസങ്ങളും നേരിട്ടിട്ടുണ്ട് ജീവിതത്തില്‍. താന്‍ ഈ ഫീല്‍ഡ് വിട്ടാല്‍ ആരും തിരിഞ്ഞ് നോക്കില്ലെന്ന പൂര്‍ണ വിശ്വാസമുണ്ട് അവര്‍ക്ക്. ഇപ്പോള്‍ തന്നെ ക്യാമറക്ക് മുന്നില്‍ അമ്മ, അമ്മായിയമ്മ ഒക്കെ ആയാല്‍ പോലും ക്യാമറക്ക് പിന്നില്‍ ഒരു സഹനടിയോടുള്ള സമീപനം പോലും കിട്ടുന്നില്ല. ബന്ധത്തിന് യാതൊരു വിലയും സിനിമാലോകത്തില്ല എന്നും, പണം, തലക്കനം, പ്രതാപം ഒക്കെയാണ് എല്ലാവര്‍ക്കും ആവശ്യമെന്നും അവര്‍ വിശ്വസിക്കുന്നു.
''കുടുംബത്തിന്റെയും ഭര്‍ത്താവിന്റെയും താങ്ങുള്ളതുകൊണ്ട് മാത്രമാണ് ഞാനിന്ന് ഇവിടെ എത്തിയത്. എന്റെ കുടുംബജീവിതവും സിനിമാജീവിതവും നല്ലപോലെ കൊണ്ടുപോകാന്‍ സാധിക്കുന്നതും അതുകൊണ്ടുതന്നെ.''
വീട് എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണ്. ഈ അമ്മക്കും അതുണ്ടായിരുന്നു. 'അമ്മ'യുടെ കൈനീട്ടവും പിന്നെ സിനിമയിലെ സുഹൃത്തുക്കളുടെ സഹായവും കൊണ്ടാണ് അവര്‍ക്കിന്നൊരു വീടായത്.
പത്തുവര്‍ഷം കൊണ്ട് ഒരുപാട് കഥാപാത്രത്തെ അവതരിപ്പിച്ച ലീലാമ്മക്ക് പക്ഷേ, നല്ലൊരംഗീകാരം ഇതുവരെ കിട്ടിയിട്ടില്ല. എങ്കിലും അതിനവര്‍ക്ക് പരിഭവമൊന്നുമില്ല താനും. ജീവിതം ഇതുപോലെ മുന്നോട്ട് പോകണമെന്നും ഭര്‍ത്താവിരിക്കുമ്പോള്‍ തന്നെ മരിക്കണമെന്നുമൊക്കെയുള്ള കൊച്ചു കൊച്ചു 'വലിയ' ആഗ്രഹങ്ങളേ അവര്‍ക്കുള്ളൂ.
''ഇങ്ങനെ ആളെ ചിരിപ്പിച്ച് താന്‍ ജീവിച്ചുപോകുന്നു.'' താന്‍ ചെയ്ത വേഷങ്ങളെ കുറിച്ചും അഭിനയ ജീവിതത്തിലെ ഒരുപാട് കയ്പും മധുരവുമുള്ള മുഹൂര്‍ത്തങ്ങളെ കുറിച്ചും വാചാലമാകുമ്പോള്‍ വാര്‍ധക്യം  ഒരു വിരസതയാണെന്ന്  തോന്നുകയേ ഇല്ല.  
നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ കുളപ്പുള്ളി ലീല, 'കൂതറ' വേഷങ്ങളിലൂടെ നമ്മെ ചിരിപ്പിച്ചിട്ടുള്ള ലീലമ്മ, ജീവിതത്തില്‍ ചന്ദ്രേട്ടന്റെ സ്‌നേഹനിധിയായ ഭാര്യയാണ്, പേരക്കുട്ടിയുടെ അച്ചമ്മയാണ്.
 
വയസ്സു ചോദിക്കണ്ട
1977-ന്റെ അവസാനത്തോടെ പാടാനായി ഇറങ്ങി, എങ്ങനെയോ അഭിനയത്തിലെത്തി. 500-നും മേലെ സിനിമകളില്‍ അമ്മയായും അമ്മായിയമ്മയായും ഒക്കെ വേഷംകെട്ടി ജീവിതത്തില്‍ ഇവരിപ്പോള്‍ മുത്തശ്ശിയാണ്.
ശാന്താകുമാരി എന്ന ഈ പഴയകാല നടി തന്റെ ഓര്‍മകളുടെ കെട്ടുകള്‍ അഴിക്കുന്നു.
പണ്ടുകാലത്ത് ഒരുപാട് സിനിമകള്‍ ചെയ്തു. 'സഞ്ചാരി'യിലെ നസീറിന്റെ അമ്മയായി അഭിനയിച്ചത് ഏറ്റവും ഭാഗ്യമായി കരുതുന്നു. പതിനേഴാം വയസ്സില്‍ ഭര്‍ത്താവ് മരിച്ചപ്പോള്‍ രണ്ട് പെണ്‍മക്കളെ എങ്ങനെയും പോറ്റണം എന്ന ചിന്തയായിരുന്നു അവര്‍ക്ക്. സിനിമയാണ് തന്റെ ജീവിതമെന്ന് മുമ്പേ മനസ്സിലായതുകൊണ്ട് അതിനെ ആശ്രയിച്ചു. അല്ലായിരുന്നെങ്കില്‍ കണ്ടവരുടെ വീട്ടില്‍ പാത്രം കഴുകിയും, നിലംതുടച്ചും മുന്നോട്ട് പോകേണ്ടി വന്നേനെ എന്നവര്‍ പറയുന്നു.
''പണ്ടൊക്കെ സിനിമാഷൂട്ടിംഗ് കഴിഞ്ഞാല്‍ നല്ല രസമായിരുന്നു. കളിയും ചിരിയും കരച്ചിലുമൊക്കെയായി ഒരുപാട് സ്‌നേഹബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതൊന്നുമില്ല. ആര് വരുന്നു, ആര് പോകുന്നു. അവരവര്‍ക്ക് അവരവരുടെ കാര്യം മാത്രം.''
അഞ്ച് വര്‍ഷക്കാലം സിനിമയില്ലാതെ ജീവിക്കേണ്ടിവന്നു ശാന്തകുമാരിക്ക്. ആരും വിളിക്കാതെയായി. മക്കളെ കല്ല്യാണം കഴിപ്പിക്കാന്‍, ഉള്ള കിടപ്പാടം വില്‍ക്കേണ്ടിവന്നു. പിന്നീട് 13 വര്‍ഷക്കാലം ഒരു വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലിലായിരുന്നു താമസം. 'അമ്മ' സംഘടനയുടെ കൈനീട്ടം എല്ലാ മാസവും കിട്ടുന്നത് വലിയ ആശ്വാസമാണ്. മോഹലാലിനെപ്പോലുള്ളവരുടെ ചെറിയ സഹായങ്ങളും കിട്ടിയിരുന്നു.
''വയനാട്ടില്‍നിന്നുള്ള ഷെറിന്‍ എന്ന കുട്ടി എന്നെ എപ്പോഴും വിളിക്കും. അവളുടെ കൂടെ പോയി താമസിക്കാന്‍ നിര്‍ബന്ധിക്കും. ദൈവം സഹായിച്ച് ദിലീപ്, ഗണേഷ്, ഇടവേള ബാബു എന്നിവരുടെ പ്രയത്‌നംകൊണ്ട് എനിക്കൊരു വീടായി. ഇത്രയും വലിയ വീടെന്റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല.''
ഇപ്പോള്‍ ചെറിയ റോള്‍ ഒക്കെ കിട്ടുന്നുണ്ട് തുച്ഛമായ വേതനം ആണെങ്കിലും സന്തോഷത്തോടെ അമ്മ വീട്ടില്‍ കഴിയുന്നു. മക്കളേക്കാള്‍ പ്രിയപ്പെട്ട മരുമകളും പേരക്കുട്ടിയും ഉണ്ട് കൂട്ടിന്.

സിനിമ തന്നെ ജീവിതം
രക്തത്തില്‍ അഭിനയം ഉള്ളതുകൊണ്ടും, വിധി ഇതായത് കൊണ്ടുമാണ് പ്രശസ്ത നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകള്‍ ശോഭാ മോഹന്‍ സിനിമയിലേക്ക് എത്തുന്നത്. കോളജ് പഠനം കഴിഞ്ഞ ഉടനെ 'ബലൂണ്‍' എന്ന സിനിമയിലൂടെ സിനിമാ ലോകത്തേക്ക് കാല്‍വെച്ചെങ്കിലും പിന്നീടങ്ങോട്ട് നീണ്ട ഇടവേളയായിരുന്നു. കുടുംബജീവിതത്തിനാണ് അവര്‍ മുന്‍ഗണന കൊടുത്തത്.  നാടക വേദിയില്‍  പരിചയപ്പെട്ട മോഹന്‍ 1984-ല്‍ ജീവിതസഖിയായി.
''ഭര്‍ത്താവുമൊത്ത് സ്വന്തമായി ട്രൂപ്പ് തുടങ്ങി. മക്കള്‍ വലുതായതിന് ശേഷവും ഉണ്ടായിരുന്നുവെങ്കിലും  സാമ്പത്തികമായി നഷ്ടമായതുകൊണ്ട് പിന്നീടത് അധികകാലം നീണ്ടില്ല.'' - അതുപറയുമ്പോള്‍ നിഷ്‌കളങ്കമായ ആ മുഖത്ത് ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു.
പിന്നീട് സിനിമയെ എന്തുകൊണ്ട് ജീവിതമാര്‍ഗമായി എടുത്തു എന്ന് കൂടി അവര്‍ ചിന്തിച്ചു. ഭര്‍ത്താവായിരുന്നു എന്നും പ്രോത്സാഹനം. തനിക്കുവേണ്ടി അദ്ദേഹം ഒരുപാട് ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട് എന്നവര്‍ ഓര്‍ക്കുന്നു.
''അമിതമായി ഞാനൊന്നും ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ട് ഇന്നത് കിട്ടീല എന്ന ദുഃഖം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ, രണ്ടുവര്‍ഷമായി ഭര്‍ത്താവ് കൂടെയില്ലാത്ത ദുഃഖം വളരെയുണ്ട്. അദ്ദേഹമുള്ള കാലത്ത് ഒന്നിനെക്കുറിച്ചും വേവലാതി വന്നിട്ടില്ല.'' ശോഭാ മോഹന്‍ ക്യാമറക്ക് മുന്നില്‍നിന്ന് അഭിനയിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷേ, ഇപ്പോള്‍ പല സന്ദര്‍ഭങ്ങളിലും തന്നെ സംസാരിക്കേണ്ടിവരുന്നു. അമ്മ റോള്‍ ചെയ്യുന്ന തന്നെപ്പോലുള്ളവര്‍ എത്രയൊക്കെ കളിച്ചാലും ഒരു പരിധിവരെയുള്ള കൂലിയെ കിട്ടൂ. എന്നിരുന്നാലും കിട്ടുന്നതില്‍ സംതൃപ്തി ഉള്ളയാളാണ് ഈ അമ്മ.
എല്ലാവരെയും അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുന്ന മനസ്സുള്ളതുകൊണ്ട് ഇതുവരെ നല്ലയനുഭവങ്ങള്‍ മാത്രമേയുള്ളൂ. സിനിമ കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ ഭര്‍ത്താവ്, കുട്ടികള്‍- ഈ പരിധിക്കുള്ളില്‍ നില്‍ക്കാനാണ് അവര്‍ക്കിഷ്ടം.
''കുടുംബത്തെക്കുറിച്ച് മാത്രമാണ് എപ്പോഴുമെന്റെ ചിന്ത. ഇപ്പോള്‍ എന്റെ രണ്ടുമക്കളും അവരുടെ അമ്മാവനെപ്പോലെ (സായികുമാര്‍) സിനിമാവഴി തെരഞ്ഞെടുത്തു. മൂത്ത മകന്‍ കല്ല്യാണം കഴിച്ചു. ഇപ്പോ എനിക്ക് മൂന്ന് മക്കളെ നോക്കേണ്ട കടമയാ.''
അച്ഛനും അമ്മയും മക്കളും തമ്മിലുള്ള ബന്ധം മാറിവരുന്നതായും ആര്‍ക്കും ആരോടും ബാധ്യതയോ കടമയോ ഇല്ലാതായതായും അവര്‍ പരിതപിക്കുന്നു. തന്റെ വീട്ടില്‍ ഇങ്ങനെ സംഭവിക്കല്ലേ എന്ന് അവര്‍ പ്രാര്‍ഥിക്കുന്നു.

           

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top