പരാക്രമം വൃദ്ധരോട് വേണ്ട

അഷ്‌റഫ് കാവിൽ
2013 ഒക്ടോബര്‍
വൃദ്ധരോടുള്ള വര്‍ധിച്ചുവരുന്ന അതിക്രമങ്ങളുമായാണ് വര്‍ത്തമാന പത്രങ്ങള്‍ നമ്മെ ഉണര്‍ത്തുന്നത്. മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരില്‍നിന്ന് ജീവനാംശം ലഭിക്കാനുള്ള അവകാശമുണ്ട്. 'ജീവനാംശം' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്, പണം മാത്രമല്ല.


വൃദ്ധരോടുള്ള വര്‍ധിച്ചുവരുന്ന അതിക്രമങ്ങളുമായാണ് വര്‍ത്തമാന പത്രങ്ങള്‍ നമ്മെ ഉണര്‍ത്തുന്നത്. മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരില്‍നിന്ന് ജീവനാംശം ലഭിക്കാനുള്ള അവകാശമുണ്ട്. 'ജീവനാംശം' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്, പണം മാത്രമല്ല. മറിച്ച് ആഹാരം, വസ്ത്രം, താമസസൗകര്യം ചികി ത്സാ സൗകര്യം തുടങ്ങി വാര്‍ധക്യ കാലത്ത് ഒരു വ്യക്തിക്ക് അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളുമാണ്. ശരിയായ പരിപാലനം, വിനോദം, വിശ്രമം തുടങ്ങിയവ 'ക്ഷേമം' എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടും. സ്വന്തം മാതാപിതാക്കന്മാര്‍ മാത്രമല്ല, ദത്ത് പിതാവും മാതാവും 'മാതാപിതാക്കളു'ടെ പരിധിയില്‍ വരും.
മാതാപിതാക്കളെ മക്കളോ മുതിര്‍ന്ന പൗരന്മാരെ ബന്ധുക്കളോ സംരക്ഷിക്കാതിരിക്കുകയാണെങ്കില്‍ അവര്‍ക്ക് നിയമപ്രകാരമുള്ള മെയിന്റനന്‍സ് ട്രിബ്യൂണലില്‍ പരാതി നല്‍കാവുന്നതാണ്. ജില്ലാ അടിസ്ഥാനത്തില്‍ ട്രിബ്യൂണലിന്റെ ചുമതലയുള്ള ആര്‍.ഡി.ഒ മാര്‍ക്കാണ് പരാതി നല്‍കേണ്ടത്. പരാതി ലഭിച്ചാല്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും അവരുടെ ഭാഗം വിശദീകരിക്കാന്‍ ട്രിബ്യൂണല്‍ അവസരം നല്‍കുകയും ചെയ്യും. മക്കളോ ബന്ധുക്കളോ പരാതിക്കാരനെ വേണ്ടവിധം സംരക്ഷിക്കുന്നില്ലെന്ന് ട്രിബ്യൂണലിന് ബോധ്യമാകുന്ന പക്ഷം, അവരോട് ജീവനാംശത്തുക പരാതിക്കാരന് നല്‍കുന്നതിന് ട്രിബ്യൂണല്‍ ഉത്തരവിടും. ഈ തുക 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണം. അല്ലാത്തപക്ഷം, ഒരുമാസമോ അല്ലെങ്കില്‍ ജീവനാംശത്തുക നല്‍കുന്നതുവരെയോ ഏതാ ണോ കുറവ് അത്രയും കാലത്തേക്ക് എതിര്‍കക്ഷിക്ക് തടവുശിക്ഷ ലഭിക്കും. ഉത്തരവിന്റെ പകര്‍പ്പുകള്‍ സൗജന്യമായി ലഭിക്കാന്‍ പരാതിക്കാരന് അവകാശമുണ്ട്.
വയസ്സാകുമ്പോള്‍ മക്കള്‍ തങ്ങളെ നന്നായി നോക്കുമെന്ന് വിശ്വസിച്ച്, സ്വന്തം പേരിലുള്ള സ്വത്തും മക്കള്‍ക്ക് നല്‍കുന്ന മാതാപിതാക്കളുണ്ട്. എന്നാല്‍, വൃദ്ധരായ മാതാപിതാക്കളുടെ സ്വത്തും സമ്പാദ്യങ്ങളും കിട്ടിയ ശേഷം അവരെ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്ന മക്കളുണ്ട്. ഇത്തരം മക്കള്‍ക്ക് കര്‍ശനമായ ശിക്ഷനല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇഷ്ടദാനപ്രകാരവും മറ്റും സ്വത്ത് കൈവശപ്പെടുത്തിയ ശേഷം മക്കള്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെങ്കില്‍ ആധാരം അസാധുവാക്കി പ്രഖ്യാപിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നുവെച്ചാല്‍, സംരക്ഷിക്കാത്ത മക്കള്‍ക്ക് നല്‍കിയ സ്വത്ത്  രക്ഷിതാക്കള്‍ക്ക് തിരിച്ചുകിട്ടുമെന്നര്‍ഥം!
ഉപയോഗിച്ചുകഴിഞ്ഞശേഷം വലിച്ചെറിയുന്ന വസ്തുക്കളായി ചിലര്‍ മാതാപിതാക്കളെയും കാണുകയാണ്. അതിനാല്‍ ബസ്റ്റാന്റിലും റെയില്‍വെസ്റ്റേഷനിലും തെരുവിലും മറ്റും സ്വന്തം മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം കേരളത്തില്‍ കൂടുകയാണ്. മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിക്കുന്നവര്‍ക്ക് മൂന്ന് മാസം തടവോ അയ്യായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
എല്ലാ ജില്ലകളിലും 150 പേരെ താമസിപ്പിക്കാന്‍ സൗകര്യമുള്ള വൃദ്ധസദനങ്ങള്‍ നിര്‍മിക്കണമെന്ന് നിയമം നിര്‍ദേശിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ സഹായം ലഭിക്കുന്ന ആശുപത്രികളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ക്യൂ അടക്കമുള്ള പരിഗണന നല്‍കണമെന്നും വാര്‍ധക്യകാല രോഗങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു.
വയോജന സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച ചട്ടങ്ങള്‍ പ്രകാരം ഓരോ ജില്ലയിലും പോലീസ് മേധാവികള്‍ മുതിര്‍ന്ന പൗരന്മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഓരോ പോലീസ്റ്റേഷനിലും അതിന്റെ അധികാരപരിധിയില്‍ വരുന്ന മുതിര്‍ന്ന പൗരന്മാരുടെ, പ്രത്യേകിച്ച് ഒറ്റക്ക് താമസിക്കുന്നവരുടെ ഒരു പട്ടിക സൂക്ഷിക്കണം. മാസത്തിലൊരിക്കലെങ്കിലും പോലീസ്‌റ്റേഷനിലെ ഒരു പ്രതിനിധി ഒരു സാമൂഹ്യ പ്രവര്‍ത്തകനോടൊപ്പം അവരെ സന്ദര്‍ശിക്കണം. മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങളും പരാതികളും പോലീസ് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുകയും കൈകാര്യം ചെയ്യുകയും വേണം.
യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഒന്‍പത് കോടിയാണ് ഇന്ന് ഇന്ത്യയിലെ വൃദ്ധ ജനസഖ്യ. 2050-ല്‍ ഇത് മുപ്പത്തിയൊന്നര കോടിയായി ഉയരും. അതായത്, 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണത്തില്‍ ഇന്നത്തേതിന്റെ 360 ശതമാനം വര്‍ധനവുണ്ടാവും! അതോടെ വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ നാം ചൈനയെ കടത്തിവെട്ടും. ഏറ്റവും വലിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം, മലയാളിയുടെ ശരാശരി ആയുസ്സ് 72 വയസ്സാണ്. ഇപ്പോള്‍ കേരളത്തിലെ ജനസഖ്യയില്‍ 12.2 ശതമാനവും 60 വയസ്സിനുമുകളില്‍ പ്രായമുള്ളവരാണ്. 2061-ല്‍ ഇത് 40 ശതമാനമായി ഉയരും. വയോജനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് അവര്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളും കൂടുകയാണ്. വലിയൊരു വിഭാഗം വയോജനങ്ങളും സ്വന്തം കുടുംബത്തില്‍ അവഗണനയും ദുരിതവും അനുഭവിച്ച് ജീവിതം തള്ളിനീക്കുകയാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 'ഹെല്‍പ്പേജ് ഇന്ത്യ' എന്ന സംഘടന നടത്തിയ ഏറ്റവും പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 23 ശതമാനം വയോജനങ്ങള്‍ സ്വന്തം വീട്ടില്‍ പീഡനമനുഭവിക്കുന്നവരാണ്. പ്രായമുള്ളവരില്‍ 79 ശതമാനം പേര്‍ക്കും വീട്ടില്‍ യാതൊരുവിധ പരിഗണനയും ബഹുമാനവും ലഭിക്കുന്നില്ല. സ്വന്തക്കാരുടെയും ബന്ധുക്കളുടെയും വാക്കുകള്‍കൊണ്ട് മാനസികമായി മുറിവേല്‍ക്കുന്നവരാണ് 76 ശതമാനം പേര്‍. സ്വന്തം കുടുംബത്തില്‍ കടുത്ത അവഗണന അനുഭവിക്കുന്ന വൃദ്ധര്‍ 69 ശതമാനമാണ്. 39 ശതമാനം മുതിര്‍ന്നവര്‍ ശാരീരിക പീഡനം അനുഭവിക്കുന്നു. ദിവസവും ഇത്തരം പീഡനങ്ങള്‍ക്ക് ഇരകളാകുന്ന വയോജനങ്ങള്‍ 35 ശതമാനം വരും. പ്രായമായവരെ പീഡിപ്പിക്കുന്നതില്‍ മുമ്പില്‍ മരുമക്കളാണെന്നും പഠനം പറയുന്നു. വൃദ്ധമാതാപിതാക്കളില്‍ 39 ശതമാനം പേര്‍ മരുമക്കളുടെ പീഡനത്തിനും 38 ശതമാനം പേര്‍ സ്വന്തം മകന്റെ പീഡനത്തിനും വിധേയരാവുന്നു. കുടുംബത്തില്‍ അതിക്രമങ്ങള്‍ അനുഭവിക്കുന്ന വയോധികരുടെ സങ്കടങ്ങള്‍ പലപ്പോഴും കിടപ്പുമുറിയിലെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുകയാണ്. പീഡനങ്ങള്‍ക്കിരയാകുന്ന 70 ശതമാനം വൃദ്ധരും ഇക്കാര്യം പുറത്ത് പറയുന്നില്ല.
ജീവിതത്തിലെ സായംകാലം മനസ്സമാധാനത്തോടെയും സന്തോഷത്തോടെയും സ്വന്തം വീട്ടില്‍ ചെലവിടാന്‍ ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. പ്രായമായവരുടെ അവകാശം കൂടിയാണ് ഈ ആഗ്രഹം. എന്നാല്‍, കുടുംബാംഗങ്ങളുടെ പീഡനത്തിന്റെ ഫലമായി വയസ്സാകുന്നതോടെ സ്വന്തം വീട് വിട്ടിറങ്ങേണ്ടി വരുന്നവരുടെ നാടായി കേരളം മാറുകയാണ്. തത്ഫലമായി കേരളത്തില്‍ വൃദ്ധ മന്ദിരങ്ങളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. 2011-ലെ കണക്കനുസരിച്ച് പതിനൊന്നായിരത്തോളം വയോജനങ്ങളാണ് കേരളത്തിലുള്ളത്.
ക്ഷേമത്തിന് നയവും
കേരള സര്‍ക്കാര്‍ രൂപം നല്‍കിയ 'മുതിര്‍ന്ന പൗരന്മാരുടെ സംസ്ഥാന നയ'ത്തിലും അറുപത് വയസ്സ് തികഞ്ഞവരുടെ സംരക്ഷണവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള നിരവധി നിര്‍ദ്ദേശങ്ങളുണ്ട്. 'സ്വഗൃഹത്തില്‍ വാര്‍ധക്യകാലം' എന്ന സന്ദേശം മുന്നോട്ടുവെക്കുന്നു എന്നതാണ് ഈ നിയമത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഏതൊരാളും വാര്‍ധക്യത്തില്‍ സ്വന്തം കുടുംബത്തില്‍തന്നെ ജീവിക്കണമെന്ന് നയം വ്യക്തമാക്കുന്നു. മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാതെവരുമ്പോള്‍ മാത്രമേ ഒരാളെ വൃദ്ധസദനത്തിലേക്ക് അയക്കാവൂ എന്ന് നയം നിര്‍ദേശിക്കുന്നു.
സംസ്ഥാന നയപ്രകാരം, വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യചുമതലയായിരിക്കും. വയോജനസൗഹൃദമായ കെട്ടിടനിര്‍മാണത്തിന് മാത്രം അനുമതിനല്‍കുന്ന രീതിയില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതിത്തുകയുടെ അഞ്ച് ശതമാനം മുതിര്‍ന്നവരുടെ ക്ഷേമപദ്ധതികള്‍ക്കായി നീക്കിവെക്കണം. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും പ്രത്യേക ഗ്രാമസഭകള്‍ വേണം. വയോജനങ്ങള്‍ക്ക് ക്ഷേമനിധി, യാത്രക്കൂലിയില്‍ ഇളവ്, ആശുപത്രി, ബസ്റ്റാന്റ്, റെയില്‍വെസ്റ്റേഷന്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ പ്രത്യേകം ഇരിപ്പിടങ്ങള്‍, വയോജന ഹെല്‍പ്പ്‌ലൈന്‍ തുടങ്ങി മുതിര്‍ന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് സഹായകരമായ നിരവധി നിര്‍ദേശങ്ങള്‍ സംസ്ഥാന നയത്തിലുണ്ട്.
എന്നാല്‍, നിയമങ്ങളും നയങ്ങളും കൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍. വയോജനങ്ങളെ സ്‌നേഹിക്കാനും സംരക്ഷിക്കാനുമുള്ള ആത്മാര്‍ഥമായ ഒരു മാനസികാവസ്ഥ ഓരോ വ്യക്തിയിലും ഉണ്ടാവേണ്ടതുണ്ട്. ഒരായുസ്സ് മുഴുവന്‍ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി കഷ്ടപ്പെട്ട് ഒടുവില്‍ ജീവിതസായാഹ്‌നത്തില്‍ എത്തിനില്‍ക്കുന്നവരെ സഹായിക്കേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ കടമയും കടപ്പാടുമാണ്. ഈ കടമ നിറവേറ്റുന്നതിന്, മനുഷ്യബന്ധങ്ങള്‍ക്ക് വിലനല്‍കുന്ന ധാര്‍മികവും സാംസ്‌കാരികവുമായ ജീവിതമൂല്യങ്ങള്‍ വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും പുലരേണ്ടതുണ്ട്.                

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media