എന്തോ തിരക്കിട്ട് കുത്തിക്കുറിക്കുകയായിരുന്നു വസീം. പുതിയ വര്‍ഷം തുടങ്ങുകയല്ലേ.. കുറേ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനുണ്ട്. ഈ വര്‍ഷം അവന് കുറേ പ്ലാനുകളുണ്ട്. കഴിഞ്ഞ വര്‍ഷവും അവന്‍ കുറേ കാര്യങ്ങള്‍ ചെയ്യണം എന്ന് കരുതിയിരുന്നു. കുറേ പുസ്തകങ്ങള്‍ വായിക്കണം എന്നും പാഠഭാഗങ്ങളെല്ലാം ശ്രദ്ധിച്ച് പഠിക്കണമെന്നും രാവിലെ നേരത്തെ എഴുന്നേല്‍ക്കണമെന്നും- അങ്ങനെ കുറേ പ്ലാനുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഒന്നും അങ്ങനെ വിചാരിച്ച പോലെ നടന്നില്ല. തുടക്കത്തില്‍ നല്ല ഉഷാറായിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് മടി വരാന്‍ തുടങ്ങി. നാളെ ചെയ്യാം എന്നങ്ങനെ നീട്ടിവെക്കാന്‍ തുടങ്ങി. ഇപ്പോള്‍ ദേ ആ വര്‍ഷം തന്നെ കഴിഞ്ഞിരിക്കുന്നു. പുതിയ വര്‍ഷം അങ്ങനെയാകരുത് എന്ന ദൃഢ നിശ്ചയത്തിലാണവന്‍.
മടി വരാതിരിക്കാന്‍ എന്തു ചെയ്യും? വിചാരിച്ച പ്ലാനുകളെല്ലാം നടക്കാന്‍ എന്തെങ്കിലും സൂത്രവിദ്യ ഉണ്ടോ ആവോ..?
ഉപ്പയോട് ചോദിച്ച് നോക്കാം. അവന്‍ ഉപ്പയെ അന്വേഷിച്ച് സിറ്റൗട്ടിലേക്ക് പോയി. പുറത്ത് പച്ചക്കറി തോട്ടത്തിലായിരുന്നു ഉപ്പ. ചെടികളെല്ലാം നനക്കുകയാണ്. തക്കാളിയും വഴുതനയും നടാന്‍ അവനും ഉപ്പയുടെയും ഉമ്മയുടെയും കൂടെയുണ്ടായിരുന്നു. അതെല്ലാം ഇങ്ങനെ വളര്‍ന്നുനില്‍ക്കുന്നത് കണ്ടപ്പോള്‍ അവന് സന്തോഷം തോന്നി.
ഉപ്പയോടവന്‍ താന്‍ പുതിയ വര്‍ഷത്തേക്കുള്ള പ്ലാനുകള്‍ തയ്യാറാക്കുകയാണെന്ന കാര്യം പറഞ്ഞു.
'ആഹാ, നല്ല മോനാണല്ലോ...'
'വിചാരിച്ച കാര്യങ്ങളൊക്കെ കൃത്യമായി ചെയ്യാന്‍ വല്ല വഴിയും ഉണ്ടോ ഉപ്പാ?'
അതു കേട്ടപ്പോള്‍ ഉപ്പ പുഞ്ചിരിച്ചു.
'എന്ത് കാര്യവും തുടങ്ങുന്നത് പോലെ തന്നെ അത് തുടരുകയെന്നതും പ്രധാനമാണ്. നമ്മള്‍ ചെയ്യണമെന്ന് വിചാരിച്ചതെല്ലാം കുറച്ച് കഴിഞ്ഞാല്‍ നമ്മുടെ മനസ്സില്‍നിന്ന് വിട്ടു പോകുന്നതാണ് പ്രശ്‌നം..'
'അതിനെന്ത് ചെയ്യും?'
വസീമിന് ഉപ്പയൊരു സൂത്രം പറഞ്ഞു കൊടുത്തു. അതെന്താണെന്നറിയാമോ..
ഈ വര്‍ഷം കുറേ കാര്യങ്ങളെല്ലാം ചെയ്യണം എന്നല്ലേ സാധാരണ നമ്മള്‍ പ്ലാന്‍ ചെയ്യാറ്. കാര്യങ്ങള്‍ ഒന്നു കൂടി കൃത്യപ്പെടുത്തി പ്ലാന്‍ ചെയ്താല്‍ കുറേ കാര്യങ്ങള്‍ നടക്കും.
ഒരു ഉദാഹരണവും ഉപ്പ അവന് പറഞ്ഞു കൊടുത്തു:
'അതായത്, ഈ വര്‍ഷം ധാരാളം വായിക്കണം എന്നാണ് പ്ലാന്‍ ചെയ്യുന്നതെന്ന് വെക്കൂ..
കുറേ പുസ്തകങ്ങള്‍ വായിക്കണം എന്ന് അന്നേരം ഡയറിയില്‍ കുറിച്ചു വെക്കണം. അപ്പോള്‍ സാധാരണ ഗതിയില്‍ എന്താണ് സംഭവിക്കുക. ജനുവരി മാസം കുറച്ചൊക്കെ വായിച്ചെന്നിരിക്കും. പിന്നെ അതങ്ങനെ ഇല്ലാതാകും. ഒരു വര്‍ഷം തീര്‍ന്നുപോയത് അറിയുകയേയില്ല. പിന്നെ ഒക്ടോബറില്‍ എത്തുമ്പോഴാണ് ഈ വര്‍ഷം തീരാനായല്ലോ എന്ന തോന്നലുണ്ടാവുക.
എന്നാല്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഒന്നു കൂടി കൃത്യപ്പെടുത്തുകയാണെങ്കിലോ, കുറേയൊക്കെ പ്ലാനുകള്‍ നടക്കും.'
'പ്ലാനുകള്‍ കൃത്യപ്പെടുത്തുക എന്നു പറഞ്ഞാല്‍...? ' വസീമിന് ഉപ്പ പറയുന്നത് മുഴുവന്‍ മനസ്സിലായില്ല.
ഉപ്പ അവന് വിശദീകരിച്ച് കൊടുത്തു:
'ഈ വര്‍ഷം ചുരുങ്ങിയത് അമ്പത് പുസ്തകങ്ങള്‍ വായിക്കണം എന്നാണ് പ്ലാന്‍ ചെയ്യുന്നത് എന്ന് വെക്കൂ.
അപ്പോള്‍ ഓരോ മാസവും നാല് പുസ്തകങ്ങളെങ്കിലും വായിക്കണം. അതായത്, ആഴ്ചയില്‍ ഒരു പുസ്തകമെങ്കിലും വായിച്ചാലാണ് വര്‍ഷത്തില്‍ 50 പുസ്തകം വായിക്കാന്‍ കഴിയുക. എന്നു വെച്ചാല്‍ ഓരോ ആഴ്ചയും നമ്മള്‍ നമ്മെ കുറിച്ചും പ്ലാനുകളെ കുറിച്ചും വിലയിരുത്തണം എന്നര്‍ഥം.'
ഉപ്പയുടെ വാക്കുകള്‍ കേട്ടപ്പോള്‍ വസീമിന് ഏതാണ്ട് ഒരു ധാരണ കിട്ടി. അവന്‍ ഉപ്പയെ കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുത്തു.
'എന്റെ ഉപ്പ പൊളിയല്ലേ, എന്ന് പറഞ്ഞ് അവന്‍ തിരികെ റൂമിലേക്ക് ഓടി.'
ഇനിയെല്ലാം കൃത്യമായി തന്നെ പ്ലാന്‍ ചെയ്യണം. ഓരോ മാസം തുടങ്ങുമ്പോഴും ആ മാസം വായിക്കേണ്ട പുസ്തകങ്ങള്‍ ഏതെല്ലാം എന്ന് മുന്‍കൂട്ടി കണ്ടുവെക്കണം. ലൈബ്രറിയില്‍ നിന്നും മറ്റും ഒരു നാല് പുസ്തകങ്ങള്‍ സംഘടിപ്പിക്കണം. എന്നിട്ട് ഓരോ ആഴ്ചയും ഏതാണ് വായിക്കേണ്ടതെന്ന് തീരുമാനിക്കണം. പുസ്തകങ്ങളെല്ലാം സ്റ്റഡി ടേബ്‌ളില്‍ തന്നെ വെക്കണം. അപ്പോള്‍ ഇതെല്ലാം വായിച്ച് തീര്‍ക്കേണ്ടതാണ് എന്ന ബോധം ഉള്ളില്‍ ഉണ്ടാകുമല്ലോ. അതുപോലെ തന്നെ സ്‌കൂളിലെ വിഷയങ്ങളും ഭാഷാ പഠനങ്ങളുമെല്ലാം പ്ലാന്‍ ചെയ്യണം.
പുതിയ വര്‍ഷം ജീവിതത്തിലെ ഏറ്റവും മനോഹരമായ വര്‍ഷം തന്നെയാക്കണം. വസീം തന്റെ പ്ലാന്‍ ബുക്കെടുത്ത് എന്തൊക്കെയോ കുത്തിക്കുറിക്കാന്‍ തുടങ്ങി.
വസീമിനെ പോലെ നമുക്കും പുതിയ വര്‍ഷം മനോഹരമാക്കണ്ടേ കൂട്ടുകാരേ.. അവന്റെ ഉപ്പ പറഞ്ഞ സൂത്രവിദ്യകള്‍ നമുക്കും പരീക്ഷിച്ചു നോക്കിയാലോ... നമ്മുടെ പ്ലാനുകളെല്ലാം ആഴ്ചകളാക്കി വസീം ചെയ്യുന്ന പോലെ നമുക്കും ചെയ്തുനോക്കാം. ഒരു വര്‍ഷം ഏതാണ്ട് 52 ആഴ്ചകളാണ് ഉണ്ടാകുക. ഓരോ ആഴ്ചയും നമുക്ക് സുന്ദരമാക്കാം അല്ലേ..
ആഴ്ചകളാക്കി പ്ലാന്‍ ചെയ്യാവുന്ന വീക്‌ലി പ്ലാനറുകള്‍ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും.
പുതിയ വര്‍ഷം കൂടുതല്‍ മികച്ചതാകട്ടെ എന്നാശംസിക്കുന്നു.