കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട, തടമൊരുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്
മണ്ണ് ഗവേഷണ ഓഫീസറായ ലേഖിക വിശദീകരിക്കുന്നു.
മനുഷ്യ നാഗരികതയുടെ വികാസം മണ്ണിലൂടെയാണ്. സംസ്‌കാരങ്ങള്‍ രൂപംകൊണ്ടതും വളക്കൂറുള്ള മണ്ണിന്റെ ഉറവിടങ്ങളായ നദീതടങ്ങളിലായിരുന്നു. യൂഫ്രട്ടീസ്, ടൈഗ്രീസ്, സിന്ധു നദീതട സംസ്‌കാരങ്ങളെ നമ്മള്‍ വായിക്കുന്നതും വളക്കൂറുള്ള മണ്ണില്‍ അത് അസ്തിവാരം കെട്ടിയതിനാലാണ്. അവര്‍ നേട്ടങ്ങള്‍ കൊയ്തതും ചരിത്രത്തില്‍ സ്ഥാനം പിടിച്ചതും അതില്‍ പിടിച്ചുതന്നെ. കൃഷിക്കു വേണ്ടിയാണ് കൂട്ടായ ജീവിതം ശീലിച്ചതെന്നതും മണ്ണിനെ മഹത്വപ്പെടുത്തുന്നു.
മണ്ണ് ഭൂമിയുടെ ജീവന്‍ തുടിക്കുന്ന ആവരണമാണ്. സദാസമയവും നിര്‍മാണ ഘട്ടത്തിലാണത്. അതിന്റെ പോഷകങ്ങളെ കാറ്റിനും മഴക്കും സസ്യജാലങ്ങള്‍ക്കുമൊക്കെ വിട്ടുകൊടുക്കുന്നു. പാറ പൊടിഞ്ഞും സസ്യജന്തുജന്യ വസ്തുക്കള്‍ ജീര്‍ണിച്ചും സൂക്ഷ്മാണുക്കളുടെ അനന്തമായ ജീവല്‍ പ്രക്രിയകളിലൂടെ വീണ്ടും അതിലേക്ക് പോഷകങ്ങളെ നിറക്കുന്നു. അങ്ങനെ ജീവനും മരണവും പരസ്പര പൂരകങ്ങളായ പോഷണം നല്‍കുന്ന അത്ഭുത ലോകമാണ് മണ്ണ്. ഒരു ഏക്കറിനകത്തു പോലും മണ്ണ് വ്യത്യസ്തമാകാം. പുനരുല്‍പാദിപ്പിക്കാന്‍ കഴിയാത്ത ഒരു പ്രകൃതി വിഭവമായ മണ്ണിനെ നമുക്ക് ഉണ്ടാക്കാനും കഴിയില്ല. എന്നാല്‍, അപഗ്രഥിച്ചു പഠിക്കാന്‍ കഴിയും. കാലാവസ്ഥാ ഘടകങ്ങളും സസ്യജന്തുജാലങ്ങളും അനേകായിരം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായിട്ടാണ് ഇനത്തിലും തരത്തിലും നിറത്തിലും ഗുണങ്ങളിലുമെല്ലാം വ്യത്യാസമുള്ള മണ്ണുണ്ടാകുന്നത്. മണ്ണിന്റെ ഭാരത്തിന്റെ 95 ശതമാനവും പാറകളില്‍ അടങ്ങിയിട്ടുള്ള ധാതുക്കള്‍ തന്നെയാണ്. അതുകൊണ്ടു തന്നെ മണ്ണിന്റെ ഘടന നിര്‍ണയിക്കുന്നതിന് ധാതുക്കള്‍ക്ക് വളരെയധികം പങ്കുണ്ട്.
മണ്ണിന്റെ പുറം പാളിയായ 28 ഇഞ്ച് താഴ്ചയുള്ള മേല്‍മണ്ണിനെയാണ് സസ്യവളര്‍ച്ചാ സഹായിയായ നാനാതരം പോഷകങ്ങളുടെ ഉറവിടമായി കണക്കാക്കുന്നത്. സസ്യജീവജാലങ്ങളുടെ മൃതാവശിഷ്ടങ്ങള്‍ ഇഴുകിച്ചേര്‍ന്നുണ്ടാകുന്ന ഈ മേല്‍മണ്ണില്‍ തന്നെയാണ് പാറകള്‍ പൊടിയുന്നതും ജീവല്‍ പ്രവര്‍ത്തനങ്ങളുടെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിട്ടുള്ളതും. ഒരു ഇഞ്ച് മേല്‍മണ്ണുണ്ടാകാന്‍ 1000 വര്‍ഷമെടുക്കുമെങ്കിലും അത് നഷ്ടപ്പെടുന്നതിന് കേവലം ഒരു മഴ മതിയാകുമെന്നത് നമ്മളില്‍ പലരുമറിയുന്നുണ്ടാവില്ല. ഗുണമേന്മയുള്ള മണ്ണില്‍ 45 ശതമാനം ധാതുലവണങ്ങളും 5 ശതമാനം ജൈവ വസ്തുക്കളും അവശേഷിക്കുന്നതില്‍ 25 ശതമാനം വായുവും 25 ശതമാനം ജലവുമായിരിക്കും.
മണ്ണിനെ കൃഷിയോഗ്യമാക്കുക എന്ന പ്രധാന ഉദ്ദേശ്യത്തോടു കൂടിയാണ് നാം പല കാര്‍ഷിക പ്രവൃത്തികളും ചെയ്യുന്നത്. മണ്ണിന്റെ വളക്കൂറ് (Fertiltiy) അതിലടങ്ങിയ ജൈവാംശത്തെ ആശ്രയിച്ചിരിക്കുന്നു. വളക്കൂറുള്ളത് കൊണ്ടുമാത്രം മണ്ണ് ഉല്‍പാദന ക്ഷമത/ഫലപുഷ്ടിയുള്ളതാകണമെന്നില്ല.
മണ്ണിന്റെ രാസഭൗതിക സ്വഭാവങ്ങള്‍ അനുയോജ്യമാണെങ്കില്‍ മാത്രമേ മണ്ണ് ഫലപുഷ്ടിയുള്ളതാകൂ. സസ്യജന്തുജാലങ്ങളുടെ അവശിഷ്ടങ്ങള്‍ വീണടിഞ്ഞ മണ്ണില്‍ കോടാനുകോടി സൂക്ഷ്മാണുക്കള്‍ നിരന്തരമായി പ്രവര്‍ത്തിച്ചാണ് മണ്ണിന്റെ ജീവധാതു രൂപപ്പെടുന്നത്. എത്രമാത്രം സൗരോര്‍ജം മണ്ണില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു എന്നതാണ് ഓരോ കൃഷ്ടിയുടെയും വിജയം. അനേകായിരം വര്‍ഷങ്ങളിലൂടെ സസ്യജന്തു ജീവജാലങ്ങള്‍ സംഭരിച്ച സൗരോര്‍ജം മണ്ണിലലിഞ്ഞു ചേര്‍ന്നതു കൊണ്ടാണ് കാട്ടിലെ മണ്ണ് അങ്ങേയറ്റം വളക്കൂറുള്ളതായി മാറിയത്. ജൈവാംശത്തിലടങ്ങിയിരിക്കുന്ന ജൈവ കാര്‍ബണ്‍/ഓര്‍ഗാനിക് കാര്‍ബണ്‍ ആണ് സൂക്ഷ്മാണുക്കള്‍ക്കാവശ്യമായ ഊര്‍ജം പകര്‍ന്നു നല്‍കുന്നത്. അതിനാല്‍ തന്നെ മണ്ണില്‍ ജൈവാംശം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
*മണ്ണിലെ അമ്ലത *
നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഭൂരിഭാഗം മണ്ണും അമ്ലീയ(അസിഡിക്)മാണ്. ഇതില്‍ ജൈവാംശം തീരെ കുറവാണ്. ശക്തമായ മഴമൂലം ക്ഷാരമൂലകങ്ങള്‍ നിരന്തരമായി മണ്ണില്‍നിന്ന് നീക്കം ചെയ്യപ്പെടുന്നതും അമ്ലത്വമേറിയ ഗ്രാനൈറ്റ് പോലുള്ള പാറകള്‍ പൊടിയുന്നതും അമ്ലതക്കുള്ള കാരണങ്ങളാണ്. അമ്ലത അളക്കുന്നത് 014 വരെ നീളുന്ന PH എന്ന സൂചിക ഉപയോഗിച്ചാണ്. അമ്ലതയും ക്ഷാരത്വവും തുല്യമാകുമ്പോള്‍ PH7 ആയിരിക്കും. ആരോഗ്യമുള്ള മണ്ണിന് ഏറ്റവും അനുയോജ്യമായ PH 6.5 നും 7.5നും ഇടയിലാകും. മണ്ണില്‍നിന്ന് അവശ്യമൂലകങ്ങള്‍ ലഭ്യമാക്കുന്നതില്‍ PHന് പ്രധാന പങ്കുണ്ട്. മണ്ണിലെ അമ്ലത്വം ക്രമീകരിക്കാനായി കുമ്മായം എത്ര അളവില്‍ ചേര്‍ക്കണമെന്ന് അറിയാനായി PH തിട്ടപ്പെടുത്തുന്നതിന് മണ്ണ് പരിശോധന നടത്തണം. ചുണ്ണാമ്പുകല്ല്, കുമ്മായം, നീറ്റുകക്ക, ഡോളമൈറ്റ് എന്നിവയാണ് സാധാരണ ലഭ്യമാകുന്ന കുമ്മായ വസ്തുക്കള്‍.
കുമ്മായ പ്രയോഗം മൂലമുള്ള ഗുണങ്ങള്‍
1. സസ്യാഹാര മൂലകങ്ങളായ കാത്സ്യം, മഗ്‌നീഷ്യം എന്നിവ ലഭ്യമാകുന്നു.
2. മണ്ണിന്റെ രചനയും ഘടനയും നന്നാകുന്നതോടൊപ്പം നീര്‍വാര്‍ച്ച പോലുള്ള ഭൗതിക സ്വഭാവങ്ങളും മെച്ചപ്പെടുന്നു.
3. പുളിരസം കൂടുതലുള്ള മണ്ണിലുണ്ടാകുന്ന മൂടുചീയല്‍ പോലുള്ള കുമിള്‍ രോഗങ്ങള്‍ കുറക്കാന്‍ കുമ്മായ പ്രയോഗം സഹായിക്കും.
4. ജൈവ വസ്തുക്കളുടെ വിഘടനത്തെ സഹായിക്കുന്നതു വഴി കൂടുതല്‍ നൈട്രജന്‍ സസ്യങ്ങള്‍ക്ക് ലഭിക്കുന്നു. ഫോസ്ഫറസിന്റെ ലഭ്യത വര്‍ധിപ്പിക്കുന്നു. പൊട്ടാസ്യത്തെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താനാകുന്നു.
പച്ചക്കറികള്‍ക്ക് സെന്റിന് 2 കിലോ, വാഴക്ക് 1 കിലോ, തെങ്ങിന് 1 കിലോ, നെല്ലിന് 240 കിലോ ഏക്കറിന് എന്ന രൂപത്തില്‍ കുമ്മായ പ്രയോഗമാകാം. വളപ്രയോഗത്തിന് രണ്ടാഴ്ചയെങ്കിലും മുമ്പായിരിക്കണം കുമ്മായ പ്രയോഗം. തക്കാളിയുടെ അടിഭാഗത്ത് കാണപ്പെടുന്ന ചീയല്‍ കുമ്മായക്കുറവിന്റെ ലക്ഷണമാണ്.
*മണ്ണു പരിശോധന *
'മണ്ണറിഞ്ഞാല്‍ പൊന്നു വിളയു'മെന്ന പഴഞ്ചൊല്ലില്‍ പതിരില്ല. ഉല്‍പാദന വര്‍ധന ലക്ഷ്യമിട്ട് മണ്ണു പരിശോധിക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തില്‍ നടന്നുവരുന്നു. വളപ്രയോഗം കൂടുതല്‍ കാര്യക്ഷമവും ലാഭകരവുമാക്കാന്‍ ഇത് സഹായിക്കും.
മണ്ണ് സാമ്പിളുകള്‍ ശേഖരിക്കുന്ന വിധം:
പരിശോധനക്കെടുക്കുന്ന മണ്ണിന്റെ സാമ്പിള്‍ കൃഷിസ്ഥലത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതായിരിക്കണം. പുല്ലും ഉണങ്ങിയ ഇലകളും നീക്കം ചെയ്ത് വൃത്തിയാക്കിയ സ്ഥലത്തുനിന്ന് മണ്‍വെട്ടി ഉപയോഗിച്ച് V ആകൃതിയില്‍ മണ്ണ് വെട്ടി മാറ്റിയിടുക. നെല്‍പ്പാടങ്ങളില്‍ 15 സെ.മീ ആഴത്തിലും മറ്റു സ്ഥലങ്ങളില്‍ 25 c.m ആഴത്തിലുമാണ് കുഴിയെടുക്കേണ്ടത്. വെട്ടിമാറ്റിയ കുഴിയില്‍നിന്ന് മുകളറ്റം മുതല്‍ താഴെയറ്റം വരെ 1 ഇഞ്ച് കനത്തില്‍ മണ്ണ് അരിഞ്ഞെടുത്ത് വൃത്തിയുള്ള കടലാസിലോ തുണിയിലോ ശേഖരിക്കുക. അതിനു ശേഷം മണ്ണ് നന്നായി കൂട്ടിക്കലര്‍ത്തി ചരല്‍, കല്ല്, വേരുകള്‍ എന്നിവ നീക്കം ചെയ്ത് 500 ഗ്രാം എങ്കിലും അളവാക്കി ചുരുക്കണം. അതിനായി സമചതുരാകൃതിയില്‍ പരത്തിയിട്ട് തുല്യ ഭാഗങ്ങളാക്കി നെടുകെയും കുറുകെയും വിരല്‍ കൊണ്ട് ഓരോ വര വരച്ച് നാലു തുല്യഭാഗങ്ങളില്‍ എതിര്‍ വശത്തുള്ള രണ്ട് ഭാഗം മണ്ണ് ഒഴിവാക്കുക. അരക്കിലോ ആകുന്നത് വരെ ഇപ്രകാരം ചെയ്ത് തണലത്തിട്ട് ഈര്‍പ്പം കളഞ്ഞ് പരിശോധന ശാലയിലെത്തിക്കാം. ആരോഗ്യമുള്ള മണ്ണില്‍നിന്നുള്ള എല്ലാ പോഷണങ്ങളുമടങ്ങിയ ഭക്ഷണമാണ് ആരോഗ്യമുള്ള ജീവിതത്തിന് നിദാനം.
*മണ്ണ് മൊബൈല്‍ ആപ്പ് *
MAM (മണ്ണിനെ അറിയാം മൊബൈലിലൂടെ)
ഓരോ തുണ്ട് ഭൂമിയിലെയും മണ്ണിന്റെ പോഷക നില മനസ്സിലാക്കാനും അതനുസരിച്ച് വളപ്രയോഗം നടത്താനും മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് തയാറാക്കിയ ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് MAM. മൊബൈലില്‍ ലഭ്യമാകാന്‍ പ്ലേ സ്റ്റോറില്‍നിന്നും Mannu ഡൗണ്‍ലോഡ് ചെയ്യുക.
കൃഷിയിടത്തില്‍ പോയി GPS ഓണാക്കിയതിന് ശേഷം MAM തുറക്കുക. സ്‌ക്രീനില്‍ മുകളില്‍ ഇടത് ഭാഗത്തുള്ള നക്ഷത്ര അടയാളത്തില്‍ അമര്‍ത്തുക. അപ്പോള്‍ 'ജി.പി.എസ് ആവറേജിംഗ്' എന്നു കാണാം. അവിടെ അമര്‍ത്തിയാല്‍ ആ സ്ഥലത്തുള്ള ഓരോ മൂലകത്തിന്റെയും പോഷക നില കാണാം. സ്‌ക്രീനില്‍ താഴെയായി 'വള ശുപാര്‍ശ' എന്ന് കാണാം. അതില്‍ അമര്‍ത്തിയാല്‍ 'വിള തെരഞ്ഞെടുക്കുക' എന്ന് കാണാം. അതില്‍ വിളകളുടെ ലിസ്റ്റ് കാണാം. അതില്‍നിന്ന് നാം കൃഷി ചെയ്യുന്ന വിള തെരഞ്ഞെടുക്കുക. അതില്‍ അമര്‍ത്തിയാല്‍ ആ വിളക്ക് പ്രസ്തുത സ്ഥലത്ത് ആവശ്യമായ ജൈവ വളത്തിന്റെയും രാസവളത്തിന്റെയും അളവ് ലഭ്യമാകുന്നതാണ്.
നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് പച്ചക്കറി കൃഷിക്ക് ഉചിതം. മണലിന്റെ അംശം കൂടുതലുണ്ടെങ്കില്‍ ധാരാളം ജൈവവളം ചേര്‍ത്തു കൊടുക്കണം.
വെള്ളവും വെളിച്ചവും ധാരാളം ലഭിക്കുന്ന സ്ഥലമാണ് പച്ചക്കറി കൃഷിക്ക് അഭികാമ്യം. സോപ്പുവെള്ളവും ഡിറ്റര്‍ജന്റുകള്‍ കലര്‍ന്ന വെള്ളവും തോട്ടത്തിലെത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരേ പ്ലോട്ടില്‍ തന്നെ ഒരേ കുടുംബത്തില്‍പെട്ട പച്ചക്കറികള്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. അതായത്, തക്കാളി, മുളക്, വഴുതന എന്നിവ കൃഷി ചെയ്ത സ്ഥലത്ത് അടുത്ത തവണ ചീര, പയര്‍, വെള്ളരി വര്‍ഗങ്ങള്‍ എന്നിവയിലേതെങ്കിലും നടാം. രോഗകീടബാധ തടയാനും മണ്ണിന്റെ പല തലങ്ങളില്‍നിന്ന് വളം വലിച്ചെടുക്കാനും ഈ വിള പരിക്രമം സഹായിക്കുന്നു. മധുരച്ചീര/ചെക്കുര്‍മാനീസ് എന്ന പോഷകഗുണമുള്ള ഇലക്കറിയെ ജൈവവേലിയാക്കാം. അമര, ചതുരപ്പയര്‍, കോവല്‍, പീച്ചില്‍ എന്നീ പടര്‍ന്നുകയറുന്ന വിളകളും വേലിയില്‍ പടര്‍ത്താം. ഒന്നുമുതല്‍ 8 വര്‍ഷം വരെ പ്രായമായ തെങ്ങുകളുടെ ഇടക്ക് ചീര, പയര്‍, ഇഞ്ചി, കപ്പ, ചേമ്പ്, ചേന, മധുരക്കിഴങ്ങ് ഒക്കെ നടാം. 8 മുതല്‍ 25 വര്‍ഷം വരെ പ്രായമായ തെങ്ങിന്‍ തോപ്പില്‍ തണലിന്റെ ആധിക്യമുള്ളതിനാല്‍ ഇടവിളകൃഷി പ്രായോഗികമല്ല. 25 വര്‍ഷത്തിനു മുകളില്‍ പ്രായമുള്ള തെങ്ങിന്റെ ഇടക്ക് എല്ലാ തരം പച്ചക്കറി കൃഷികളും ചെയ്യാം. വീട്ടിലെ പച്ചക്കറിത്തോട്ടത്തിലേക്ക് ഇനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ദീര്‍ഘകാലം ഒരേ വിളവ് നല്‍കുന്ന ഇനങ്ങള്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കാന്‍
$ രോഗപ്രതിരോധ ശേഷിയുള്ള വിത്തിനങ്ങള്‍ തെരഞ്ഞെടുക്കുക.
$ രോഗ കീടബാധയില്ലാത്ത ചെടികളില്‍ നിന്നുള്ള വിത്ത് ഉപയോഗിക്കുക.
$ ചെടിയുടെ കടക്കല്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.
$ പല തരത്തിലുള്ള കീട കെണികള്‍ സ്ഥാപിക്കാം.
$ ഗുരുതരമായ രോഗം ബാധിച്ചതും വൈറസ് രോഗങ്ങള്‍ ബാധിച്ചതുമായ ചെടികളെ വേരോടെ പിഴുത് നശിപ്പിക്കുക.
$ കായ്കള്‍ കടലാസുകൊണ്ട് മൂടിവെക്കുക.
$ ജൈവ കീടനാശിനികളും ജൈവരോഗ നിയന്ത്രണ വസ്തുക്കളും ആവശ്യാനുസരണം തളിച്ചു കൊടുക്കുക.
$ കൃഷിയിടത്തില്‍നിന്ന് യാതൊരു കാരണവശാലും മണ്ണ് ഒലിച്ചു പോകാതെ സംരക്ഷിക്കണം.
$ ചുവട്ടില്‍ പുതയിടുന്നത് ചൂടിനെ നിയന്ത്രിക്കാനും ഈര്‍പ്പം നിലനിര്‍ത്താനും സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
$ പയറുവര്‍ഗ വിളകള്‍ വിതച്ച്, മണ്ണില്‍ ഉഴുതു ചേര്‍ത്ത് മണ്ണിന്റെ ഫലപുഷ്ടി വര്‍ധിപ്പിക്കാം.
$ മണ്ണിന്റെ അമ്ലത കുറക്കാന്‍ സെന്റൊന്നിന് 2 കിലോയെങ്കിലും കുമ്മായം നല്‍കുക.
$ ഓരോ കൃഷിയുടെയും ആരംഭത്തില്‍ തന്നെ മണ്ണില്‍ ജൈവാംശം ഉറപ്പാക്കണം. അടിവളമായി ചാണകം, കമ്പോസ്റ്റ് എന്നിവ സെന്റിന് 100 കിലോയെങ്കിലും കൊടുക്കണം. ട്രൈക്കോഡര്‍മ ജീവാണു വളങ്ങള്‍ മിക്ക കുമിള്‍ രോഗങ്ങളെയും തടുക്കും.
$ വേനല്‍ക്കാലത്ത് ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്തുന്നതോടൊപ്പം മഴക്കാലത്ത് പരമാവധി ജലം മണ്ണിലിറക്കാനുള്ള സംവിധാനവും ഉണ്ടാകണം.
വിള ഇനം പ്രത്യേകത
ചീര
അരുണ്‍ ചുവന്നയിനം ഉയര്‍ന്ന ഉല്‍പാദന ശേഷി, ശക്തമായ മഴക്കാല കൃഷി ഒഴിവാക്കാം.
വെണ്ട.
അര്‍ക്ക അനാമിക മഴക്കാല കൃഷി കൂടുതല്‍ ഉത്തമം. മൊസൈക് (മഞ്ഞളിപ്പ്) രോഗ പ്രതിരോധ ശേഷിയുണ്ട്.
സല്‍കീര്‍ത്തി ഇളം പച്ച നിറത്തിലുള്ള കായ്കള്‍; ഉയര്‍ന്ന വിളവ്
വഴുതന
ഹരിത ഇളം പച്ച നീണ്ട കായ്കള്‍. രണ്ട് വര്‍ഷം വരെ വിളവെടുക്കാം, അടുപ്പിച്ച് നട്ടാല്‍ വിളവ് കുറയും (100*75 cm ഇടയകലം കൊടുക്കണം)
മുളക്
ഉജ്വല നല്ല എരിവ്, കുലകളായി ഉണ്ടാകുന്ന കായ്കള്‍. ബാക്ടീരിയല്‍ വാട്ടത്തെ പ്രതിരോധിക്കും, തണലില്‍ കരുത്തും കായ്ഫലവും കൂടും.
വള്ളി പയര്‍
ലോല ഇളം പച്ചനിറത്തില്‍ നീണ്ട കായ്കളുടെ അഗ്രഭാഗത്ത് വയലറ്റ് നിറം, ഉയര്‍ന്ന വിളവ്, മഴക്കാലത്ത് ഇലകള്‍ കൂടുതലും കായ്കള്‍ കുറവും. വൈജയന്തി വയലറ്റ് നിറത്തില്‍ നീളമുള്ള കായ്കള്‍
കുറ്റിപ്പയര്‍
കനകമണി ഒടിപ്പയറായും മണിപ്പയറായും ഉപയോഗിക്കാം. അധികം പടരാത്ത ഇനം
പാവല്‍
പ്രീതി വെളുത്ത കായ്കള്‍, മുള്ളുകളുള്ള ഇടത്തരം കായ്കള്‍
പ്രിയങ്ക വെളുത്ത മാംസളമായ കായ്കള്‍, വിത്തുകള്‍ കുറവ്
കുമ്പളം
KAU ലോക്കല്‍ ഇടത്തരം വലുപ്പം, കട്ടിയുള്ള ഉള്‍ക്കാമ്പ്
ഇന്ദു ഇടത്തരം വലുപ്പം, ഉരുണ്ട കായ്കള്‍
വെള്ളരി
അരുണിമ വേനലില്‍ നെല്‍പ്പാടത്ത് അനുയോജ്യം, നീണ്ടുരുണ്ട കായ്കള്‍
മുടിക്കോട് കണിവെള്ളരി, സ്വര്‍ണ വര്‍ണമുള്ള നീണ്ടുരുണ്ട വലിയ കായ്കള്‍.
പടവലം
കൗമുദി ഒരു മീറ്ററോളം നീളമുള്ള വെളുത്ത കായ്കള്‍
ബേബി, വെളുത്ത നീളം കുറഞ്ഞ കായ്കള്‍
മത്തന്‍
അമ്പിളി ഇടത്തരം വലുപ്പം, പരന്ന കായ്കള്‍, മഞ്ഞ ഉള്‍ക്കാമ്പ്
സുവര്‍ണ, ഓറഞ്ച് നിറമുള്ള ഉള്‍ക്കാമ്പ്, പരന്ന ഇടത്തരം വലുപ്പം.
box
കീടങ്ങളും രോഗങ്ങളും ലക്ഷണം, നിയന്ത്രണ മാര്‍ഗങ്ങള്‍
1) നീരൂറ്റി കുടിക്കുന്നവ
മുഞ്ഞ, വണ്ടുകള്‍, വെള്ളീച്ച, മീലി മൂട്ട, പച്ച തുള്ളന്‍, ഇലപ്പേന്‍
ഇല, തണ്ട്, പൂവ്, കായ് തുടങ്ങിയവയില്‍നിന്ന് നീരൂറ്റി കുടിക്കുന്നതിനാല്‍ ആരോഗ്യം കുറഞ്ഞ് വളര്‍ച്ച മുരടിക്കുന്നു. ഇലകള്‍ വാടുന്നു
പുകയില കഷായം, വേപ്പെണ്ണ എമള്‍ഷന്‍, വേപ്പിന്‍ കുരു സത്ത് (0.1%) എന്നിവയുപയോഗിച്ച് ഇവയെ നിയന്ത്രിക്കാം.
2) ചിത്രകീടം
ഇലകളുടെ ഹരിത ഭാഗം തിന്നുന്നതിനാല്‍ ആ ഭാഗത്ത് സര്‍പ്പത്തിന്റേതു പോലെ തോന്നുന്ന വെളുപ്പ് പാടുകള്‍ കാണുന്നു.
വേപ്പെണ്ണ മിശ്രിതം നല്ല പ്രതിരോധ മാര്‍ഗമാണ്.
3) ഇല ചുരുട്ടി പുഴുക്കള്‍, കായ് തണ്ട് തുരപ്പന്‍ പുഴുക്കള്‍
പുഴുക്കളും ലാര്‍വകളും ചെടിയുടെ ഇലകള്‍ തിന്നുന്നു, കായ്കളും തണ്ടും തുരക്കുന്നു.
അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ കുരുസത്ത്, ഗോമൂത്രം, കാന്താരി മുളക് ലായനി എന്നിവ ഉപയോഗിക്കാം
പുഴുക്കളെയും ലാര്‍വകളെയും എടുത്ത് നശിപ്പിക്കുക.
4) കായീച്ച
കായ്ക്കുള്ളില്‍ മുട്ടയിടുന്നു
പുഴുക്കള്‍ കായ്കള്‍ തിന്നു നശിപ്പിക്കുന്നു
കേടുവന്ന കായ്കള്‍ പറിച്ചെടുത്ത് നശിപ്പിക്കുക, ആണീച്ചകളെ നശിപ്പിക്കാന്‍ ഫിറമോണ്‍ കെണിയും പെണ്ണീച്ചകളെ നശിപ്പിക്കാനായി ചിരട്ടക്കെണി (പഴക്കെണി / കഞ്ഞി വെള്ളക്കെണി /മീന്‍ കെണി /തുളസിക്കെണി /ശര്‍ക്കരക്കെണി) ഉപയോഗിക്കാം.
4) ചീയല്‍ രോഗം
ചെടികളില്‍ വേരില്‍നിന്ന് തൊട്ടുമുകളിലായി കാണുന്ന ഭാഗം ചീഞ്ഞ് മറിഞ്ഞു വീഴുന്നു.
വിത്തിടുന്നതിന് മുമ്പ് ട്രൈക്കോഡര്‍മ ജൈവ വളമിശ്രിതം മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക.
രണ്ട് ശതമാനം വീര്യമുള്ള (20 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്) സ്യൂഡെമൊണാസ് ചുവട്ടിലൊഴിക്കുക
5) ഇലപ്പുള്ളി രോഗം
ഇലകളുടെയും കായ്കളുടെയും പുറത്ത് മഞ്ഞയോ തവിട്ടു നിറത്തിലോ പാടുകള്‍ കാണുന്നു.
പാടുവീണ ഇലഭാഗം നശിപ്പിക്കണം.
രണ്ട് ശതമാനം വീര്യമുള്ള സ്യൂഡൊമൊണസ് ലായനി തളിക്കുക.
6) വാട്ടം
ചെടികള്‍ മൊത്തമായും മഞ്ഞനിറം ബാധിച്ച് ഉണങ്ങി നശിക്കുന്നു.
വാട്ടം ബാധിച്ച ചെടികള്‍ നശിപ്പിക്കുക.
രണ്ട ശതമാനം വീര്യമുള്ള സ്യൂഡൊമൊണസ് ലായനി ചുവട്ടിലൊഴിക്കുക.
ചാണകപ്പാല്‍ (200 ഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍) തളിക്കുക
ജൈവ സ്ലറി
ഒരു ബക്കറ്റില്‍ ഒരു കിലോ പച്ചച്ചാണകം, 1 കിലോ കടലപ്പിണ്ണാക്ക്, 1 കിലോ വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളമൊഴിച്ച് പുളിപ്പിക്കാന്‍ വെക്കുക. 5 ദിവസത്തിനു ശേഷം ഈ മിശ്രിതം ഇരട്ടിയായി നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ തടത്തില്‍ 1 ലിറ്റര്‍ വീതം ഒഴിച്ച് കൊടുക്കുക.