കൂട്ടിലങ്ങാടി പഞ്ചായത്തിന്റെ 2022ലെ മികച്ച ജൈവ കര്‍ഷകക്കുള്ള അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങള്‍ ഇതിനകം സുഹ്‌റയെ തേടിയെത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ വിലങ്ങുപുറം വൈറ്റ് ഹൗസില്‍ സുഹ്‌റയുടെ 85 സെന്റ് പുരയിടം അടങ്ങുന്ന ഭൂമി ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. മത്സ്യം, താറാവ്, കാട, കോഴി, ആട് എന്നിവ വളര്‍ത്തുന്നതിന് പുറമെ ജൈവ പച്ചക്കറി, ഔഷധസസ്യങ്ങള്‍ തുടങ്ങി വിവിധ ഇനം കൃഷി രീതികള്‍ പരീക്ഷിച്ച് വിജയം കൈവരിച്ചു എന്നതാണ് സുഹ്‌റ എന്ന റിട്ടയേര്‍ഡ് പോളിടെക്‌നിക് അധ്യാപികയുടെ മികവ്. 34 വര്‍ഷത്തെ പോളിടെക്‌നിക് അധ്യാപക ജോലിയില്‍നിന്ന് 2013ല്‍ വിരമിച്ച ശേഷം 15 വര്‍ഷമായി ജൈവകൃഷി പഠനവും പരിപാലനവും ജീവിതരീതിയായി സ്വീകരിച്ചിരിക്കുകയാണിവര്‍. വീട്ടാവശ്യത്തിനുള്ള പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയവ ഇപ്പോള്‍ ഇവര്‍ സ്വന്തമായി ഉത്പാദിപ്പിക്കുകയാണ്.
ആത്മ (ATMA) അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി ഫീല്‍ഡ് സ്‌കൂളില്‍നിന്ന് ജൈവകൃഷിയില്‍ ശാസ്ത്രീയ പഠനം നടത്തിയ സുഹ്‌റ തന്റെ വിശ്രമജീവിതം ജൈവകൃഷിക്കായി മാറ്റിവെച്ചിരിക്കുകയാണ്. 65 വയസ്സ് പൂര്‍ത്തിയായെങ്കിലും വീട്ടുവളപ്പില്‍ കൃഷി പരിപാലിക്കുന്നത് സുഹ്‌റ തന്നെയാണ്.
ആട്ടിന്‍ കാഷ്ഠം ഉപയോഗിച്ചുള്ള ബയോഗ്യാസ് ഇവിടത്തെ മറ്റൊരു സവിശേഷതയാണ്. മറ്റു ബയോഗ്യാസ് പ്ലാന്റുകളെ അപേക്ഷിച്ച് ദുര്‍ഗന്ധമില്ല എന്നതും ഇതിന്റെ ഒരു ഗുണമാണ്. നാലുമണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാം.
പച്ചക്കറികള്‍ക്ക് ആവശ്യമായ ജൈവ കീടനാശിനികളും ഇവര്‍ സ്വന്തമായി നിര്‍മിക്കുന്നു. കാട, കോഴി എന്നിവയുടെ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാനുള്ള സംവിധാനങ്ങളും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഔഷധ സസ്യങ്ങളില്‍ ഏറെ അമൂല്യമായ അണലി വെറ്റില, സര്‍പ്പസുഗന്ധി, പാല്‍ഗരുഢ എന്നിവയടക്കം ചീരവേപ്പ്, പുളിയാരല്‍, അയമോദകം, ചിറ്റമൃത്, ഇഞ്ചിപ്പുല്ല്, രാമച്ചം, പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാവുന്ന മട്ടിവാഴ തുടങ്ങിയവയും വീട്ടുവളപ്പില്‍ പരിപാലിച്ചുവരുന്നു. മുന്തിരി, ആപ്പിള്‍, പിസ്ത, ഡ്രാഗണ്‍ ഫ്രൂട്ട് എന്നിവയും കൂട്ടത്തിലുണ്ട്.
ഇവരുടെ വീടിന് അകത്തുമുണ്ട് ചില പ്രത്യേകതകള്‍. ചൂടില്‍നിന്ന് സംരക്ഷണം നേടാനായി ചുമരുകളില്‍ മുള പതിപ്പിച്ചിട്ടുണ്ട്. ഇത് വീടിനകത്തെ തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പഞ്ചസാരയോ ശര്‍ക്കരയോ ചായയോ ഇവര്‍ ഉപയോഗിക്കാറില്ല. കരിപ്പെട്ടി എന്ന പനം ശര്‍ക്കര, മായം ചേര്‍ക്കാത്ത തേയില എന്നിവ മാത്രമേ ഉപയോഗിക്കാറുള്ളൂ.
അക്വാപോണിക്‌സ് സംവിധാനം ഉപയോഗിച്ച് മത്സ്യം വളര്‍ത്തല്‍ വിജയകരമായി നടത്തുന്നു. ചെടികള്‍ നനക്കുന്നതിന് മഴവെള്ള സംഭരണി ഉപയോഗിച്ചുള്ള ജലസേചന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അച്ചാര്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പ്രകൃതിദത്തമായ ഒരു ഫ്രിഡ്ജും ഇവര്‍ ഒരുക്കിയിട്ടുണ്ട്. പുറത്ത് മണ്‍ ചുമരില്‍ ഹുരുഡീസ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ ഫ്രിഡ്ജില്‍ ഉപ്പിലിട്ട മാങ്ങ പോലുള്ളവ മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാന്‍ കഴിയും.
തൃശൂര്‍ ജില്ലയിലെ മാള സ്വദേശിയായ സുഹ്‌റ 30 വര്‍ഷവും തിരുവനന്തപുരത്തായിരുന്നു ജോലി ചെയ്തിരുന്നത്. വിരമിച്ചതും അവിടെ നിന്നു തന്നെ. കൃഷിയുടെ തുടക്കവും തിരുവനന്തപുരത്ത് നിന്നായിരുന്നു. കുടുംബശ്രീ യൂണിറ്റുമായി സഹകരിച്ച് ഒരു മില്ലും അവര്‍ നടത്തുന്നു. ഇവിടെയും മായം ചേര്‍ക്കാത്ത ഉല്‍പന്നങ്ങളാണ് മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. രത്‌നകുമാരി, സുഹ്‌റാബി എന്നിവരും കുടുംബശ്രീ യൂണിറ്റില്‍ ഇവരുടെ സഹായികളാണ്. ദോശമാവ് അടക്കമുള്ള ഉത്പന്നങ്ങള്‍ ഇവര്‍ തയ്യാറാക്കുന്നുണ്ട്. ഇവ ഓണ്‍ലൈനായി മാര്‍ക്കറ്റ് ചെയ്യുന്നതിനെക്കുറിച്ചും ആലോചിച്ചുവരുന്നു. സമീപഭാവിയില്‍ തേനീച്ച വളര്‍ത്തല്‍ കൂടി പരീക്ഷിക്കാനൊരുങ്ങുകയാണ് സുഹ്‌റ.
കൂട്ടിലങ്ങാടി പഞ്ചായത്തിന്റെ 2022ലെ മികച്ച ജൈവ കര്‍ഷകക്കുള്ള അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങള്‍ ഇതിനകം സുഹ്‌റയെ തേടിയെത്തിയിട്ടുണ്ട്.
ഭര്‍ത്താവ്: അബ്ദുറഹ്‌മാന്‍. മക്കള്‍: രഹ്‌ന, സജ്‌ന ഇരുവരും വിവാഹിതര്‍.