പ്രണയം അബിയുവിനോട്
അബ്ദുല്‍ ജബ്ബാര്‍
ജനുവരി 2023
കേരളത്തില്‍ അടുത്തിടെ കേട്ടു തുടങ്ങിയ നാമമാണ് അബിയു. ആമസോണ്‍ കാടുകളിലാണ് ജന്‍മസ്ഥാനം
കോഴിക്കോട് മാവൂര്‍ സ്വദേശിയായ ഷംസുദ്ദീന്‍ ഹാജി കൃഷിയെയും കച്ചവടത്തെയും സ്നേഹിക്കുന്ന കുടുംബത്തിലാണ് ജനിച്ചത്. 'നീയിനി പഠിക്കേണ്ട' എന്ന അധ്യാപകന്റെ ഉപദേശം കേട്ടതുകൊണ്ട് പിന്നീടാ വഴിക്കുപോയില്ല. പിതാവിന്റെ കൂടെ ചെറുപ്പത്തിലേ കച്ചവടത്തിലേക്കിറങ്ങി; മണ്ണും മരവും മോഹിപ്പിച്ചപ്പോള്‍ പറമ്പിലേക്കും. വിളയിച്ചതൊക്കെ പലയിനം കായ്ഫലം തരുന്ന മരങ്ങള്‍. കുള്ളന്‍ ചെടിയായി വളര്‍ന്ന് കായ്കള്‍ ഏറെ തരുന്ന വിദേശിയും സ്വദേശിയുമായവ കുറേ സ്വന്തം മണ്ണില്‍ വിളയിച്ചെടുത്തു. മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കുന്ന വിവിധ തരം പ്ലാവുകള്‍, മാവുകള്‍, ഡ്രാഗന്‍ ഫ്രൂട്ട്, മാങ്കോസ്റ്റിന്‍, ജബോട്ടിക്കാബ, റംബൂട്ടാന്‍, മിറാക്ക്ള്‍ ഫ്രൂട്ട്, മില്‍ക്ക് ഫ്രൂട്ട്... അങ്ങനെയങ്ങനെ കണ്ണിന് ആനന്ദവും നാവിന് നല്ല രുചിയും തരുന്നു ഓരോന്നും...
ഫലവൃക്ഷങ്ങളുടെ ഇഷ്ടതോഴനായ കെ.വി. ഷംസുദ്ദീന്‍ ഹാജിക്ക് ഏറെ പ്രിയങ്കരം തന്റെ തോട്ടത്തില്‍ വിളഞ്ഞ 'അബിയു' പഴത്തോടാണ്. കേരളത്തില്‍ അപൂര്‍വമായി കാണുന്ന അബിയു പഴത്തിന്റെ തേനൂറുന്ന രുചിയാണ് ഈ പഴം അദ്ദേഹത്തിന് അത്രമേല്‍ പ്രിയങ്കരമാകാന്‍ കാരണം.
കേരളത്തില്‍ അടുത്തിടെ കേട്ടു തുടങ്ങിയ നാമമാണ് അബിയു. ആമസോണ്‍ കാടുകളിലാണ് ജന്‍മസ്ഥാനം എന്ന് കരുതപ്പെടുന്ന അബിയുവിന്റെ ഒരു പഴത്തിന് തന്നെ 500 മുതല്‍ 700 ഗ്രാം വരെ തൂക്കമുണ്ട്. പഴുത്ത് പാകമാകുമ്പോള്‍ മഞ്ഞനിറത്തിലുള്ള തൊലിയാണുണ്ടാവുക. ഒന്നോ നാലോ വിത്തും. ഇളനീര്‍പോലെ മധുരമേറിയ കാമ്പാണ് ഉള്ളില്‍. വിത്ത് മുളപ്പിച്ചാലും ചെടി വളരും. മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നമ്മുടെ നാട്ടില്‍ നന്നായി ഇത് വളരുമെന്നതിന് ഷംസുദ്ദീന്‍ ഹാജിയുടെ തോട്ടം സാക്ഷി. വിവിധയിനം ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച ഷംസുദ്ദീന്‍ ഹാജി അവ വിറ്റ് കാശാക്കാനൊന്നും ആലോചിക്കാറേയില്ല. ആദ്യം തോട്ടത്തിലെ വിരുന്നുകാരായ പക്ഷികള്‍ക്ക്; പിന്നെ സ്വന്തം ആവശ്യത്തിനും ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും നാട്ടുകാര്‍ക്കും. മണ്ണിനെ സ്നേഹിക്കുന്ന ഷംസുദ്ദീന്‍ ഹാജിക്ക് അതു തരുന്ന ആനന്ദം മറ്റൊന്നിലുമില്ല.