ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എന്നത് പാചക വാതകം മുതല്‍ വൈദ്യുതി വരെ എന്നായി മാറിയ പുതിയ കാലത്തിന്റെ ജീവിത പരിസരങ്ങളെ വിലക്കയറ്റം എങ്ങനെ ബാധിച്ചു എന്ന് ആരാമം നടത്തിയ അന്വേഷണം
അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുന്നു എന്ന മലയാളിയുടെ സ്ഥിരം പരാതിയില്‍നിന്ന്, അവശ്യസാധനങ്ങള്‍ അപ്രാപ്യമാകുന്ന ദരിദ്ര സമാനമായ അവസ്ഥ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു സമാന്തര വിഭാഗം നമുക്കിടയില്‍ രൂപപ്പെടുന്നുണ്ടോ? അത്തരമൊരു സന്ദേഹമാണ് രൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ച് വീട്ടമ്മമാര്‍ക്കിടയില്‍ ആരാമം നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടത്.
ദരിദ്ര രാജ്യങ്ങളില്‍ കുട്ടികള്‍ വിശക്കാതിരിക്കാന്‍ അവരെ കൊന്നു കളയുകയോ രക്ഷിതാക്കള്‍ വൃക്ക വില്‍ക്കാന്‍ തയ്യാറാവുകയോ ചെയ്യുന്ന വാര്‍ത്തകള്‍ ഇവിടെ സംഭവിക്കില്ല എന്ന് കരുതിയിരുന്ന നമ്മള്‍ ഇനി അതിനും തയ്യാറാവുന്ന സഹജീവികളെ കാണേണ്ടി വരുമോ എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ദുര്‍ഗാ മനോജ് എന്ന വീട്ടമ്മ ആശങ്കപ്പെട്ടത്. വിലക്കയറ്റം കുടുംബ ബജറ്റിനെ സങ്കീര്‍ണമായ പ്രതിസന്ധിയിലേക്ക് തള്ളിയിടുമ്പോള്‍ അടുക്കളയുടെ പ്രതിസന്ധി എന്നതിനപ്പുറം കുഞ്ഞുങ്ങളെ പരിചരിക്കുന്നതിലടക്കം അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മാനസിക സമ്മര്‍ദത്തിലേക്ക് സ്ത്രീകളെ എത്തിക്കുന്നു എന്ന് ഡോ. സരള കൃഷ്ണ ചൂണ്ടിക്കാട്ടുന്നു.
ഉള്ളി മുറിക്കുമ്പോള്‍ കണ്ണില്‍നിന്ന് കണ്ണീര്‍ മാത്രമല്ല, ഉള്ളില്‍നിന്ന് തീയും കൂടിയാണ് വരുന്നതെന്നാണ് ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹസീന അബ്ദുല്ല പ്രതികരിച്ചത്.
വിപണിയിലെത്തുമ്പോള്‍ മാത്രമാണ് വിലവര്‍ധനവിനെ കുറിച്ച് നമ്മള്‍ ചിന്തിക്കുന്നതെന്നും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബ്രാന്‍ഡഡ് സോപ്പുകള്‍ക്കടക്കം മൂന്ന് തവണകളായി വില ഇരട്ടിയായതിനെ കുറിച്ച് നമ്മള്‍ ഓര്‍ത്തതേയില്ലെന്നും ശബാന നസീര്‍ ചൂണ്ടിക്കാട്ടുന്നു.
വീട്ടകങ്ങളെ മാത്രമല്ല സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണത്തെ പോലും ഉത്തരവാദപ്പെട്ടവര്‍ക്ക് നിയന്ത്രിക്കാനാകാത്ത വിലക്കയറ്റം അപകടകരമായി ബാധിച്ചിരിക്കുന്നു എന്നാണ് അധ്യാപികയായ ശ്രുതി പങ്കജ് അഭിപ്രായപ്പെട്ടത്.
മോട്ടിവേഷനല്‍ പുസ്തകങ്ങള്‍ രചിക്കുകയും സ്ത്രീകള്‍ക്കായി യാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ദുര്‍ഗയുടെ അഭിപ്രായത്തില്‍, രണ്ടായിരം രൂപയുടെ 'സുന്ദരി നോട്ട്' ഇപ്പോള്‍ കണികാണാന്‍ കിട്ടുന്നില്ല എന്നാണ്. ഇല്ലെങ്കില്‍ അതെടുത്ത് വീശിയാല്‍ ബാക്കി വല്ല ചില്ലറയും കിട്ടുന്നതു കാണേണ്ടിവന്നേനെ എന്നും. അഞ്ഞൂറിന്റെ രണ്ടോ മൂന്നോ നോട്ടില്ലാതെ അനാദി പീടികയിലേക്ക് ഇറങ്ങരുതെന്നും, വെറുതേ നാണം കെടേണ്ടി വരുമെന്നും ദുര്‍ഗ പറയുന്നു.
ഒരു കാലത്ത് നമ്മള്‍ പെട്രോള്‍ അമ്പതു രൂപ തൊടുമെന്നു പ്രതീക്ഷിച്ചിരുന്നോ? അതു നൂറിനു പുറത്തേക്കു കുതിച്ചപ്പോള്‍ നിര്‍വികാരരായി. എന്തു ചെയ്യാന്‍ എന്ന മട്ട്. പ്രതിഷേധിച്ചു തളര്‍ന്നിരിക്കുന്നു. മദ്യത്തിനു വില കൂട്ടുമ്പോള്‍ സന്തോഷിച്ചിരുന്ന കാലം മാറി. ഒരു സാധാരണ തൊഴിലാളിയുടെ ദിവസക്കൂലി പിടിച്ചുപറിക്കാന്‍ മദ്യമെന്ന ഒറ്റ സംഗതി മതിയെന്ന് ഇപ്പോള്‍ സര്‍ക്കാരിനറിയാം. ആയിരം രൂപയ്ക്ക് ജോലി ചെയ്താല്‍ മുക്കാലും മദ്യത്തിന്റെ പേരില്‍ പിടിച്ചുപറിക്കപ്പെടുമ്പോള്‍ നട്ടെല്ല് പൊട്ടുന്നത് കുടുംബത്തിന്റെയാണ്.
ഇതിനിടയില്‍ ഒരു തമാശ വാര്‍ത്ത കണ്ടു, 250 കിലോ സവാള മാര്‍ക്കറ്റില്‍ എത്തിച്ചപ്പോള്‍ കര്‍ഷകനു കിട്ടിയത് 8 രൂപ. ഭാഗ്യം ആ കര്‍ഷകന്റെ കിഡ്‌നി വാങ്ങി വച്ചില്ല. ഇപ്പോള്‍ പാലിനു കൂട്ടിയ ആറു രൂപയും കര്‍ഷകനു കിട്ടുമെന്ന പ്രതീക്ഷ വേണ്ട. അതൊക്കെ പലവഴി പോയിക്കിട്ടും. കണക്കിലെ കളികളാണു താരം. മില്‍മ വിലവര്‍ധനയോട് ദുര്‍ഗയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ദരിദ്രരാജ്യങ്ങളില്‍ ഒരു ചെറിയ കഷണം റൊട്ടിക്കുവേണ്ടി മക്കളെയോ അവയവങ്ങളോ വില്‍ക്കേണ്ടി വരുന്ന അവസ്ഥ വാര്‍ത്തകളില്‍ കാണുന്നു. ഇക്കണക്കിനു പോയാല്‍ നമ്മുടെ മുന്നിലുള്ളതും അത്ര ശോഭനമായ ഭാവി അല്ല.
വിലക്കയറ്റം മണ്‍സൂണ്‍ പോലൊരു സ്വാഭാവിക പ്രതിഭാസമാണെന്ന, അധികാരി വര്‍ഗത്തിന്റെ എല്ലാ കാലത്തുമുള്ള ന്യായീകരണം അബോധത്തിലെങ്കിലും മലയാളി സ്വീകരിക്കുന്നുണ്ട്. ഒരെതിരിടലിന് മലയാളി ഒരുക്കമല്ല. കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോള്‍ ആരംഭിച്ച പച്ചക്കറി കൃഷിയൊക്കെ മലയാളിയുടെ മട്ടുപ്പാവില്‍ വിണ്ടുകീറിക്കിടപ്പുണ്ട്. നമുക്ക് അയല്‍പക്കത്തേക്കു നോക്കിയിരിക്കാം.'
സാധാരണക്കാരുടെ ജീവിതം വഴിമുട്ടിച്ച് വിലക്കയറ്റം കുതിക്കുമ്പോള്‍ എങ്ങനെ ജീവിക്കും എന്ന ചോദ്യം സാധാരണ വീട്ടമ്മയില്‍ നിന്നുയരുക സ്വാഭാവികമെന്നാണ്, മലയാള സിനിമയെ മുന്‍നിര്‍ത്തി 'പെണ്‍ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍' എന്ന പുസ്തകമെഴുതിയ ഡോ. സരള കൃഷ്ണയുടെ നിരീക്ഷണം. ഒറ്റയടിക്കല്ല സാധനങ്ങളുടെ വില ഇന്ന് നാം കാണുന്ന അവസ്ഥയില്‍ എത്തിയത്. പതിയെ പതിയെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ പോലെ ഒരു രൂപ, രണ്ട് രൂപ നിരക്കില്‍ ദിവസേന വര്‍ധിച്ച് വലിയ വില വര്‍ധനയില്‍ എത്തുകയാണുണ്ടായത്. ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ എല്ലാറ്റിനും വില വര്‍ധിക്കുന്നു എന്ന് കാലങ്ങളായി പറഞ്ഞു വരുന്ന ശീലമുണ്ട്. ഇന്ന് പക്ഷേ, അത് ഗ്യാസ് മുതല്‍ വൈദ്യുതി വരെ എന്ന് തന്നെ പറയണം. സാധാരണക്കാരന് സന്തോഷത്തോടെ കുടുംബത്തോടൊന്നിച്ച് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ. വിലക്കയറ്റം തലക്കു മുകളില്‍ ഡമോക്ലസിന്റെ വാളായി തൂങ്ങി നില്‍ക്കുന്നു.
അരിയുടെ വില വര്‍ധിക്കുമ്പോള്‍ മറ്റു നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ധിക്കുന്നു. ഒരുപാട് പ്രതിസന്ധികളില്‍ കൂടി കടന്നു പോകുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വീട്ടിലെ സ്ത്രീകളെയും കുട്ടികളെയുമാണ്. വരുമാനമുള്ളത് പുരുഷന്മാര്‍ക്കാണെങ്കില്‍ അവര്‍ പ്രയാസങ്ങള്‍ മറക്കാന്‍ എന്ന പേരില്‍ മദ്യത്തില്‍ അഭയം തേടുമ്പോള്‍ അതിന്റെ ദുരിതവും കൂടി സ്ത്രീകളുടെ ചുമലിലാകുന്നു. ഇത് ഭയപ്പെടുത്തുന്ന കാര്യമാണ്.
വീട്ടമ്മ അനുഭവിക്കുന്ന വൈകാരിക കഷ്ടപ്പാടുകള്‍ പലപ്പോഴും ഒന്നിനോടും താരതമ്യം ചെയ്യാന്‍ സാധ്യമല്ല. ഇടക്കിടക്കുണ്ടാകുന്ന സാമ്പത്തിക പ്രയാസം മൂലം ആഗ്രഹിക്കുന്ന പോലെ ജീവിക്കാന്‍ സാധിക്കാതെ വരുന്നു. ദിവസവും ചെയ്യുന്ന ജോലിയില്‍ നിന്ന് ചെറിയ സന്തോഷം പോലും ലഭിക്കുന്നുമില്ല. സന്തോഷവും വിനോദവും കണ്ടെത്താനുതകുന്ന യാതൊന്നും ജീവിതത്തില്‍ ഇല്ലാതെ വരുമ്പോള്‍ നിരന്തരമായ പിരിമുറുക്കം മനസ്സിനെ ദോഷകരമായി ബാധിക്കുന്നു. വിഷാദം, നിസ്സംഗത, അസംതൃപ്തി എന്നിവ നിരന്തരമായി വേട്ടയാടുമ്പോള്‍ അത് കുടുംബാന്തരീക്ഷത്തിന്റെ താളം തെറ്റുന്നതിലേക്ക് നയിക്കുന്നു, വീട് വീടല്ലാതാകുന്നു.
1984ല്‍ തന്നെ കേരളം ആവിഷ്‌കരിച്ച ഉച്ചക്കഞ്ഞി പദ്ധതി രൂക്ഷമായ വിലക്കയറ്റം മൂലം പ്രതിസന്ധിയിലായേക്കാമെന്നാണ് അധ്യാപികയായ ശ്രുതി പങ്കജ് ഭയപ്പെടുന്നത്. ഉച്ചഭക്ഷണം സ്‌കൂളുകളില്‍ കൃത്യമായി വിളമ്പുന്നുണ്ട് എന്നതിന്റെ പേരില്‍ പലവ്യഞ്ജന കടയില്‍ അധ്യാപകര്‍ക്ക് തലകുനിച്ചു നില്‍ക്കേണ്ടി വരുന്നത് വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതാണ്. തുക കൈമാറാനുള്ള സര്‍ക്കാര്‍ രേഖകളുടെ പകര്‍പ്പ് പലചരക്കു കടകളിലും പച്ചക്കറി കടകളിലും കാണിച്ചു പരാതി ഒഴിവാക്കുകയാണ് അധ്യാപകര്‍ ചെയ്യുന്നത് ശ്രുതി പറയുന്നു.
കടിയൊന്നിന് രണ്ട് രൂപ കൂട്ടിയാല്‍ തുടങ്ങും 'കുറെ ഉണ്ടാക്കൂലേ' എന്ന ചോദ്യം. തളിപ്പറമ്പില്‍ തട്ടുകട നടത്തുന്ന ഭര്‍ത്താവിനു വേണ്ടി വീട്ടില്‍ പലഹാരങ്ങള്‍ ഉണ്ടാക്കുന്ന ഹസീന അബ്ദുല്ല പറയുന്നു. അതെ, ഞങ്ങള്‍ കുറെ ഉണ്ടാക്കുന്നുണ്ട്, 'കടം' ആണെന്ന് മാത്രം. ജീവിതം വഴി മുട്ടിയ അവസ്ഥയില്‍ മറ്റു തൊഴില്‍ തേടി പോവേണ്ടിവരുമോ എന്ന ഭയം വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. ദിനേന കുതിച്ചുയരുന്ന പച്ചക്കറി, ഗ്യാസ് വിലകളെ മറികടക്കാന്‍ ഞങ്ങള്‍ക്കാവുന്നില്ല.
ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളെ സംബന്ധിച്ച് സ്ഥാപനം മുന്നോട്ടു കൊണ്ടുപോവുക ശ്രമകരമായ കാര്യമാണ്. അവശ്യസാധനങ്ങളുടെ നിത്യേനയുള്ള വിലക്കയറ്റത്തിനനുസരിച്ചു പലഹാരങ്ങളുടെയോ വിഭവങ്ങളുടെയോ നിരക്ക് കൂട്ടാന്‍ സാധിക്കില്ലല്ലോ.
തങ്ങള്‍ക്കുമുണ്ട് വലിയ സ്വപ്‌നങ്ങളും കുഞ്ഞു ജീവിതവുമെന്ന് അധികൃതരെ ഓര്‍മപ്പെടുത്തുന്നു ഹസീന.
പൊതുബോധത്തെ പല വിധം അനാവശ്യ തര്‍ക്കങ്ങളിലേക്ക് വലിച്ചിട്ട് ഒരു ചര്‍ച്ചക്ക് പോലും വിഷയമാകാത്ത വിധം നിത്യോപയോഗ സാധനങ്ങളുടെ അന്യായ വില വര്‍ധന അംഗീകരിച്ചു കൊടുക്കുന്ന സമൂഹമായി നമ്മള്‍ മാറിയിരിക്കുകയാണെന്നാണ് വീട്ടമ്മയായ ശബാന നസീര്‍ അഭിപ്രായപ്പെട്ടത്. അരിയും മുളകും പച്ചക്കറിയും മാത്രമല്ല, സോപ്പിന്റെയും പേസ്റ്റിന്റെയും വിലക്കയറ്റത്തിലൂടെ സാധാരണക്കാരന്റെ പോക്കറ്റ് കൊള്ളയടിക്കുകയാണ്. മൂന്ന് മാസത്തിനിടയില്‍ പ്രമുഖ പേസ്റ്റുകള്‍ പതിനാറു രൂപ വരെ വര്‍ധിപ്പിച്ചു. നൂറു ഗ്രാം മുളക്‌പൊടിക്ക് നാല്‍പത്തിരണ്ട് രൂപയില്‍നിന്ന് അറുപത്തിരണ്ട് രൂപയും, കാല്‍ കിലോ മല്ലിപ്പൊടി അറുപത്തി രണ്ട് രൂപയില്‍നിന്ന് എഴുപത്തിയാറു രൂപ അമ്പത് പൈസയിലേക്കും ഉയര്‍ത്തിയത് വളരെ വേഗത്തിലായിരുന്നു. ദിവസവും കുതിച്ചു കയറിയ പെട്രോള്‍ വില പോലെ തന്നെ ഗ്യാസ് സിലിണ്ടറിന്റെയും വില കയറിയപ്പോള്‍ ചര്‍ച്ചക്ക് പോലും ഇടമില്ലാത്ത വിധം നമ്മളതിനെ സ്വീകരിച്ചു. കേരളത്തില്‍ മിക്ക വീടുകളിലും വരുമാന മാര്‍ഗമെന്നത് കുടുംബനാഥന്റെ മാത്രം ബാധ്യതയായാണ് കണക്കാക്കുന്നത്. അതുകൊണ്ട്തന്നെ ഏക വരുമാനം മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങള്‍ മിക്കതും അര്‍ധ പട്ടിണിയിലാണ്. സാധനങ്ങള്‍ വാങ്ങി പൊതിയാനൊരു കടലാസ് കഷണം നോക്കിയാലും വിലകയറ്റത്തിന്റെ തോത് മനസ്സിലാവും. മുമ്പ് 220 രൂപക്ക് ലഭിച്ചിരുന്ന എ4 പേപ്പറിന്റെ ബണ്ടിലിനിപ്പോള്‍ 330 രൂപയാണ്. വളരെ ചെറിയ സമയത്തിനുള്ളില്‍ വന്ന ഈ മാറ്റങ്ങളൊക്കെയും ഒരു ശരാശരി കുടുംബത്തെ വഴിമുട്ടിക്കുന്നത് തന്നെയാണ്. അയ്യായിരം രൂപ മുതല്‍ പന്ത്രണ്ടായിരം രൂപയൊക്കെ മാസവരുമാനമുള്ള കുടുംബങ്ങളാണധികവും. വിലക്കയറ്റത്തിനൊപ്പം വരുമാനം കൂടുന്നില്ല എന്നതാണ് തൊഴിലുള്ളവരെ ബാധിക്കുന്ന പ്രശ്‌നമെങ്കില്‍ മാന്യമായ വരുമാനം നല്‍കുന്ന തൊഴില്‍ ഇല്ല എന്നതാണ് തൊഴില്‍ രഹിതരെ ബാധിക്കുന്ന പ്രശ്‌നം. ഗ്യാസ്, വൈദ്യുതി ബില്‍, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് എന്നു തുടങ്ങി നൂറുകൂട്ടം കാര്യങ്ങള്‍ക്കിടയില്‍ ഉണ്ടായ വിലക്കയറ്റം സാധാരണക്കാരായ കുടുംബങ്ങളെ ആത്മഹത്യയിലേക്ക് നയിക്കാതിരിക്കട്ടെ എന്നാണ് കേരളത്തിലെ ഏതൊരു ശരാശരി വീട്ടമ്മമാരെയും പോലെ ശബാനയുടെയും പ്രാര്‍ഥന.