അന്താരാഷ്ട്രതലത്തില്‍ പോയവര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സ്ത്രീകള്‍
ലോകത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ പങ്കാളിത്തം വഹിച്ചവര്‍, മാറ്റത്തിന് തിരി തെളിയിച്ചവര്‍, പ്രചോദകര്‍... ലോകത്തെ നയിച്ച് മുന്നില്‍ നടക്കുന്ന, ഏറ്റവും സ്വാധീനമുള്ള ഈ സ്ത്രീകള്‍ പറയുന്നു പെണ്ണിന് ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന്...
1. റോബര്‍ട്ട മെറ്റ്‌സോള
ശക്തരായ സ്ത്രീകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മറ്റുള്ളവർക്ക് പ്രചോദനമാവുകയാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ അംഗങ്ങളില്‍ ഒരാളായ റോബര്‍ട്ട മെറ്റ്സോള. യൂറോപ്യന്‍ നിയമത്തിലും രാഷ്ട്രീയത്തിലും പ്രാവീണ്യം നേടിയ അഭിഭാഷകയാണ് ഇവര്‍. റോബര്‍ട്ട മെറ്റ്സോള യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രസിഡന്റായി തരഞ്ഞെടുക്കപ്പെട്ട അതേ ദിവസമാണ് അവര്‍ക്ക് 43 വയസ്സ് തികഞ്ഞത്.
ഫ്രഞ്ച് മുന്‍ഗാമികളായ സിമോണ്‍ വെയില്‍, നിക്കോള്‍ ഫോണ്ടെയ്ന്‍ എന്നിവരുടെ പാത പിന്തുടര്‍ന്ന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ തലപ്പത്തെത്തുന്ന മൂന്നാമത്തെ വനിതയാണ് ഈ മാള്‍ട്ടീസ് രാഷ്ട്രീയക്കാരി.
2020-ല്‍ അവര്‍ യൂറോപ്യന്‍ യൂനിയന്റെ ആദ്യത്തെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായി. തന്റെ രാജ്യക്കാരിയായ പത്രപ്രവര്‍ത്തകയുടെ കൊലപാതകത്തെത്തുടര്‍ന്ന്, മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാനും അഴിമതിക്കെതിരെ പോരാടാനുമുളള മെറ്റ്സോളയുടെ നിശ്ചയദാർഢ്യം ശ്രദ്ധിക്കപ്പെട്ടു.
2
സിയോമാര കാസ്‌ട്രോ
രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായ സന്ദർഭത്തിലാണ് 62 കാരി സിയോമാര കാസ്‌ട്രോ ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡന്റുമാവുന്നത്. കുംഭകോണങ്ങളും അഴിമതിയാരോപണങ്ങളും കൊണ്ട് പൊറുതിമുട്ടിയ വലതുപക്ഷ നാഷണല്‍ പാര്‍ട്ടിയുടെ 12 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് അവരുടെ വരവ്. രാജ്യത്തിന്റെ ദ്വികക്ഷി സംവിധാനത്തിന് പുറത്ത് നിന്നുള്ള ആദ്യത്തെ പ്രസിഡന്റാണ് അവര്‍.
ഹോണ്ടുറാസിലെ പ്രഥമ വനിത എന്ന നിലയില്‍, അവര്‍ സാമൂഹിക വികസന പരിപാടികളുടെ ചുമതല വഹിച്ചിരുന്നു. എച്ച്‌ഐവി ബാധിതരായ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മറ്റ് പ്രഥമ വനിതകളും ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. ശക്തരായ മയക്കുമരുന്ന് കടത്ത് സംഘങ്ങളെ നേരിടുമെന്നാണ് കാസ്‌ട്രോയുടെ വാഗ്ദാനം.
യൂണിവേഴ്‌സിറ്റിയില്‍ ചേരാതെ തന്നെ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയ കാസ്‌ട്രോ റോട്ടറി ക്ലബ് ഓഫ് കാറ്റകാമാസിലെ അംഗങ്ങളുടെ കൂട്ടായ്മയിലും കുട്ടികളെ പരിപാലിക്കുന്ന പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. അടിസ്ഥാന ശുചീകരണ പദ്ധതികള്‍ കൊണ്ടുവന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള അവിവാഹിതരായ കുടുംബങ്ങളെ സഹായിക്കാൻ കറ്റമാസില്‍ ചില്‍ഡ്രന്‍സ് ഡെയ്‌ലി കെയര്‍ സെന്റര്‍ സ്ഥാപിച്ചു. തൊഴില്‍ വികസനത്തിന്റെ പ്രധാന പദ്ധതികളില്‍ പച്ചക്കറി, പുഷ്പകൃഷി എന്നിവ ഉള്‍പ്പെടുത്തി. ലിബറല്‍ പാര്‍ട്ടി ഓഫ് ഹോണ്ടുറാസിന്റെ വനിതാ ശാഖ സംഘടിപ്പിച്ചതും സിയോമാരയാണ്.
3
ആയിഷ എ. മാലിക്
പാകിസ്താന്റെ ചരിത്രത്തിലെ ആദ്യ സുപ്രീം കോടതി വനിതാ ജഡ്ജിയാണ് ആയിഷ എ. മാലിക്. 2022 ജനുവരി 6ന്, പാക്കിസ്താനിലെ ജുഡീഷ്യല്‍ കമ്മീഷന്‍ അവരുടെ പാകിസ്താന്‍ സുപ്രീം കോടതിയിലേക്കുള്ള നിയമനത്തിന് അംഗീകാരം നല്‍കി. മുസ്ലീം ഭൂരിപക്ഷ രാജ്യത്തെ പരമോന്നത കോടതിയിലെ 16 പുരുഷ ജഡ്ജിമാര്‍ക്കൊപ്പമാണ് ആയിഷ മാലികിന്റെ സ്ഥാനം.
2031 ജൂണ്‍ വരെ ആയിഷ സുപ്രീം കോടതി ജഡ്ജിയായി പ്രവര്‍ത്തിക്കും. 2030 ജനുവരിയില്‍ പാകിസ്താന്‍ ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള ഏറ്റവും മുതിര്‍ന്ന ജഡ്ജിയും അവര്‍ ആയിരിക്കും.
55 കാരിയായ മാലിക്, പാരീസ്, ന്യൂയോര്‍ക്ക്, കറാച്ചി എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ നിന്നാണ് അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
2021 ജൂണില്‍ ലൈംഗികാതിക്രമത്തെ അതിജീവിച്ചവർക്കുള്ള കന്യകാത്വ പരിശോധനകള്‍ 'നിയമവിരുദ്ധവും പാകിസ്താന്‍ ഭരണഘടനക്ക് വിരുദ്ധവുമാണ്' എന്ന് പ്രഖ്യാപിച്ചതാണ് അവരുടെ സുപ്രധാന വിധി.
പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തുല്യത വേണമെന്നും സ്ത്രീ ശാക്തീകരണം അത്യന്താപേക്ഷിതമാണെന്നും ചൂണ്ടിക്കാട്ടി ആരംഭിച്ച ദി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് വിമന്‍ ജഡ്ജസിന്റെ (IAWJ) ഭാഗമാണ് ആയിഷ. സ്ത്രീകളുടെ അവകാശങ്ങളും ലിംഗസമത്വവും സംബന്ധിച്ച നിരവധി കേസുകള്‍ക്ക് വിധി പ്രസ്താവിക്കാന്‍ ആയിഷക്ക് കഴിഞ്ഞിട്ടുണ്ട്.
4
സന്ന മിറെല്ല മരിന്‍
സന്ന മിറെല്ല മരിന്‍ 2019 മുതല്‍ ഫിന്‍ലാന്‍ഡിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു.
34-ാം വയസ്സില്‍ അധികാരമേറ്റ അവര്‍ ഫിന്നിഷ് ചരിത്രത്തിൽ പ്രധാനമന്ത്രിയാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.
ഒരു ബേക്കറിയില്‍ കാഷ്യറായി ജോലി ചെയ്തിരുന്ന മരിന്‍ 2006 ല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ ചേര്‍ന്നു, രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ ടാംപെരെ സിറ്റി കൗണ്‍സിലിലേക്ക് മത്സരിച്ചു. അതില്‍ പരാജയപ്പെട്ടെങ്കിലും 2012 ല്‍ വീണ്ടും മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അടുത്ത വര്‍ഷം അവര്‍ കൗണ്‍സിലിന്റെ അധ്യക്ഷയായി. 2015 ല്‍ പാര്‍ലമെന്റിലെത്തി. 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അവര്‍ തന്റെ സീറ്റ് നിലനിര്‍ത്തി, സോഷ്യല്‍ ഡെമോക്രാറ്റുകളുടെ നേതാവ് ആന്റി റിന്നെ പ്രധാനമന്ത്രിയായ സമയത്താണ് മരിനെ ഗതാഗത വാര്‍ത്താവിനിമയ മന്ത്രിയായി നിയമിച്ചത്, ഇപ്പോള്‍ പ്രധാന മന്ത്രിയും.
5
സിരിഷ ബന്ദ്‌ല
ഇന്ത്യന്‍ അമേരിക്കന്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറാണ് സിരിഷ ബന്ദ്‌ല. വിര്‍ജിന്‍ ഗാലക്റ്റിക് യൂണിറ്റി 22 ദൗത്യത്തില്‍ പങ്കാളിയായി. ഇന്ത്യയില്‍ ജനിച്ച് ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ സ്ത്രീയും രാകേഷ് ശര്‍മ, കല്‍പ്പന ചൗള, സുനിത വില്യംസ് എന്നിവര്‍ക്ക് ശേഷം ബഹിരാകാശ രേഖ കടന്ന നാലാമത്തെ ഇന്ത്യന്‍ വംശജയുമാണ് സിരിഷ. ആന്ധ്ര പ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് ജനിച്ചത്. പിന്നീട് മാതാപിതാക്കളോടൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഹൂസ്റ്റണിലേക്ക് താമസം മാറി.
പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബാച്ചിലേഴ്‌സ് ബിരുദവും വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.
2015ല്‍ വിര്‍ജിന്‍ ഗാലക്റ്റിക്‌സില്‍ ചേര്‍ന്ന സിരിഷ ബന്ദ്‌ല അവിടെ സര്‍ക്കാര്‍ കാര്യങ്ങളുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. വിര്‍ജിന്‍ ഗാലക്റ്റിക് യൂണിറ്റി 22 പരീക്ഷണ പറക്കലിലും ഉണ്ടായിരുന്നു. പറക്കലിനിടെ, ഗുരുത്വാകര്‍ഷണത്തിലെ മാറ്റത്തോട് സസ്യങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് അന്വേഷിക്കാന്‍ ഫ്‌ളോറിഡ സര്‍വകലാശാലയില്‍ സിരിഷ ബന്ദ്‌ല പരീക്ഷണങ്ങൾ നടത്തിയിരുന്നു.
6
സഞ്ജിദ ഇസ്ലാം ചോയ
ലോകത്ത് ഏറ്റവുമധികം ശൈശവ വിവാഹം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. അതിനെതിരെ നിലയുറപ്പിച്ചിരിക്കുകയാണ് സഞ്ജിദ ഇസ്ലാം ചോയ എന്ന ബംഗ്ലാദേശി വിദ്യാര്‍ഥിനി. സഞ്ജിദയുടെ മാതാവ് ചെറുപ്പത്തില്‍ തന്നെ വിവാഹിതയായിരുന്നു. തന്റെ സ്‌കൂള്‍ സന്ദര്‍ശിച്ച ഒരു സര്‍ക്കാരിതര സംഘടനയില്‍ നിന്ന് നേരത്തെയുള്ള വിവാഹത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ചോയ മനസ്സിലാക്കി. അവളും അവളുടെ സുഹൃത്തുക്കളും അധ്യാപകരും സഹകാരികളും തങ്ങളെ ഗാഷ്‌ഫോറിംഗ് (വെട്ടുകിളികള്‍) എന്നാണ് വിളിച്ചിരുന്നത്. ആ സംഘം ശൈശവ വിവാഹങ്ങള്‍ പോലീസില്‍ അറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. യൂണിവേഴ്‌സിറ്റിയില്‍, ഘാഷ്‌ഫോറിംഗുമായി ചോയ ഇപ്പോഴും സജീവമാണ്. ഗ്രൂപ്പിലെ പുതിയ അംഗങ്ങളെ ശൈശവ വിവാഹത്തിനെതിരെ ബോധവല്‍ക്കരിക്കുന്നുണ്ട്. ഇതുവരെ 50 ശൈശവ വിവാഹങ്ങള്‍ തടയാൻ കഴിഞ്ഞു.
7
ഫാത്തിമ അമീരി
താന്‍ പഠിക്കുന്ന അക്കാദമിക്ക് നേരെയുണ്ടായ മാരകമായ ചാവേര്‍ ബോംബാക്രമണത്തില്‍ കണ്ണ് നഷ്ടപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് അഫ്ഗാനിസ്ഥാനിലെ യൂണിവേഴ്‌സിറ്റി നടത്തിയ പ്രവേശന പരീക്ഷയില്‍ 17 കാരിയായ ഫാത്തിമ അമീരി ഇടം നേടിയത്. കണ്ണ് നഷ്ടപ്പെട്ട് വെറും രണ്ടാഴ്ചയ്ക്ക് ശേഷം അവള്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയില്‍ വിജയിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ പദ്ധതിയിടുകയും ചെയ്തു. ജേണലിസം, ഇക്കണോമിക്‌സ്, എഞ്ചിനീയറിംഗ്, സാമൂഹിക, പ്രകൃതി ശാസ്ത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി സര്‍വകലാശാലാ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതില്‍നിന്ന് താലിബാന്‍ വിദ്യാര്‍ഥികളെ വിലക്കിയിട്ടുണ്ട്.
54 പേര്‍ കൊല്ലപ്പെടുകയും 114 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിലായിരുന്നു അമിരിക്ക് കാഴ്ച നഷ്ടപ്പെട്ടത്. കേള്‍വി ശക്തിയും ഇല്ലാതായി. താടിയെല്ല് വേദനിക്കുന്നതിനാല്‍ ശരിയായി ഭക്ഷണം കഴിക്കാന്‍ കഴിയില്ല.
മുറിവേറ്റിട്ടും, അമീരി കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിലെ പൊതു സര്‍വ്വകലാശാലയിലെ വാര്‍ഷിക പരീക്ഷയില്‍ ആയിരക്കണക്കിന് അപേക്ഷകരില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ടു.
വിര്‍ജീനിയ ആസ്ഥാനമായുള്ള അഫ്ഗാന്‍ ദമ്പതികള്‍ അമീരിക്കുവേണ്ടി ക്രൗഡ് ഫണ്ടിംഗ് കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള നൂറുകണക്കിന് ആളുകളില്‍ നിന്ന് 33,000 ഡോളറിലധികം ലഭിച്ചെങ്കിലും, അവരുടെ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഇപ്പോഴും തടസ്സങ്ങള്‍ നേരിടുന്നു.
8
ലിന അബു അക് ല
അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മെയ് 11 ന് കൊല്ലപ്പെട്ട ഫലസ്തീനിയന്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തക ഷിറീന്‍ അബു അക് ലയുടെ അനന്തരവളാണ് ലിന. ഫലസ്തീന്‍ മനുഷ്യാവകാശ സംരക്ഷക. അമ്മായിയുടെ കൊലപാതകത്തിന് നീതി തേടി പോരാടുകയാണ് ലിന ഇപ്പോള്‍. പൊളിറ്റിക്കല്‍, മീഡിയ സ്റ്റഡീസില്‍ ബി.എയും ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സില്‍ എം.എയും നേടിയിട്ടുണ്ട്.
9
സമിയ സുലുഹു ഹസന്‍
ടാന്‍സാനിയയുടെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് സമിയ സുലുഹു ഹസന്‍. വര്‍ണാഭമായ സ്വാതന്ത്ര്യ ദിനാഘോഷം ഒഴിവാക്കി ആ തുക ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് താമസ കേന്ദ്രങ്ങളുണ്ടാക്കാനായി വിനിയോഗിക്കാന്‍ തീരുമാനിച്ച സമിയ സുലുഹു ഹസന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ താന്‍സാനിയയിലെ ഹിജാബണിഞ്ഞ പ്രസിഡന്റാണ്. നൂറോളം ഭാഷകളുള്ള ബഹുസ്വര രാഷ്ട്രത്തിലെ പ്രസിഡന്റ് ഹിജാബ് ധരിച്ചത് അവിടെ ആരും പ്രശ്‌നമാക്കുന്നില്ല. യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്ന അഞ്ചാമത്തെ ആഫ്രിക്കന്‍ വനിതാ നേതാവ് എന്ന നിലയില്‍ സുലുഹു ഹസ്സന്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു.
പ്രസിഡന്റ് എന്ന നിലയില്‍, സുലുഹുവിന്റെ സര്‍ക്കാര്‍ ടാന്‍സാനിയയിലെ കോവിഡ് 19 പ്രതിസന്ധി ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. മഗുഫുലിയുടെ കീഴിലുണ്ടായിരുന്ന സര്‍ക്കാറിന്റെ പ്രതിപക്ഷത്തോടുളള സമീപനത്തിൽ നിന്ന് ഭിന്നമായി, പ്രതിപക്ഷ പാര്‍ട്ടികളുമായി രാഷ്ട്രീയ അനുരഞ്ജനത്തിന് അവർ ശ്രമിക്കുന്നുണ്ട്.
10
ഫാത്തിമ പേമാന്‍
അഫ്ഗാനിസ്ഥാനില്‍ സാംസ്‌കാരിക വേരുകളുള്ള ഓസ്‌ട്രേലിയന്‍ പൗരയായ ഫാത്തിമ ഇപ്പോള്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ സെനറ്ററാണ്. ഫാത്തിമയുടെ പിതാവ് അഭയാര്‍ഥിയായി ഓസ്‌ട്രേലിയയില്‍ എത്തിയതായിരുന്നു. അടുക്കളക്കാരനായും സെക്യൂരിറ്റി ഗാര്‍ഡായും ടാക്‌സി ഡ്രൈവറായും രാപ്പകല്‍ ജോലി ചെയ്ത് അദ്ദേഹവും, ഡ്രൈവിംഗ് പാഠങ്ങള്‍ പകര്‍ന്നുനല്‍കി അമ്മയും കുടുംബത്തെ നോക്കി. പിതാവാണ് ഫാത്തിമയില്‍ കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും മൂല്യങ്ങള്‍ വളര്‍ത്തിയത്. യുണൈറ്റഡ് വര്‍ക്കേഴ്‌സ് യൂണിയനില്‍ ഓര്‍ഗനൈസറായിരിക്കെ താന്‍ കണ്ടുമുട്ടിയ നിരവധി തൊഴിലാളികളുടെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ അനുഭവം പ്രതിധ്വനിക്കുന്നത് അവള്‍ കണ്ടു.
2018ല്‍ ലുക്കീമിയ ബാധിച്ച് പിതാവിനെ നഷ്ടപ്പെട്ടതാണ് ഫാത്തിമയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. തന്റെ പിതാവിനെയും കഠിനാധ്വാനികളായ മറ്റ് ഓസ്‌ട്രേലിയക്കാരെയും പ്രതിനിധീകരിക്കാനായി പിന്നീട് ഫാത്തിമയുടെ ശ്രമം. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് വേദികളൊരുക്കാൻ ഫാത്തിമ മുന്നില്‍നിന്നു.
യുവ കമ്യൂണിറ്റി നേതാക്കളെ വളര്‍ത്തുന്നതിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവരെ സഹായിക്കുന്നതിനുമായി അവര്‍ എഡ്മണ്ട് റൈസ് സെന്ററില്‍ ചേര്‍ന്നു. 2017 മുതല്‍, ഇതേ ലക്ഷ്യത്തോടെ ഫാത്തിമ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.