തക്കാളിയാണെന്റെ താരം
എന്റെ ഇഷ്ടതാരം തക്കാളിയാണ്. 42 വ്യത്യസ്ത തരം തക്കാളി ഞാന്‍ വളര്‍ത്തിയിട്ടുണ്ട്
എന്റെ ഇഷ്ടതാരം തക്കാളിയാണ്. 42 വ്യത്യസ്ത തരം തക്കാളി ഞാന്‍ വളര്‍ത്തിയിട്ടുണ്ട്. വെറൈറ്റി തക്കാളികള്‍ അന്വേഷിച്ച് ഞാന്‍ നാട്ടിലായാലും ഖത്തറിലായാലും കയറിയിറങ്ങാത്ത സ്ഥലമില്ല. പഴുത്ത തക്കാളി വാങ്ങി മുളപ്പിച്ച് സ്യുഡോമൊണസ് ലായനിയില്‍ തൈകള്‍ മുക്കിയാണ് നടുന്നത്. ഇടക്കിടക്ക് കുമ്മായം കലക്കിയൊഴിച്ച് കൊടുക്കും. 10 ദിവസം കൂടുമ്പോള്‍ ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യാറുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ ജൈവ സ്ലറി ഒഴിച്ചുകൊടുക്കും. തക്കാളി പൂവിട്ടാല്‍ എന്നും അതിരാവിലെ അവയെ ഒന്നു തലോടി നന്നായി കുലുക്കിക്കൊടുത്താല്‍ പരാഗണം നടന്ന് കൂടുതല്‍ കായ്കള്‍ ലഭിക്കും.
തക്കാളിയിലെ മിക്ക കീടങ്ങളുടെയും അസുഖങ്ങളുടെയും തുടക്കം ഇലകളില്‍നിന്നാണ്. വെള്ളീച്ചയും ചിത്രകീടവും ആണ് മുഖ്യ ശത്രു. ഇവ വഴുതനയെയും പച്ചമുളകിനെയും ആക്രമിക്കും. ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ഗ്രാം ബാര്‍ സോപ്പ് ലയിപ്പിക്കുക. 20 ഗ്രാം തൊലികളഞ്ഞ വെളുത്തുള്ളി അരച്ചു നീരെടുത്ത് ഇതില്‍ ചേര്‍ക്കുക. 20 മില്ലി വേപ്പെണ്ണയും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പച്ചക്കറി വിളകളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെ തളിക്കാം. വേപ്പിന്‍ കഷായവും നല്ലതാണ്. 100 ഗ്രാം വേപ്പില അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ചശേഷം ചെടികളില്‍ തളിച്ചു കൊടുക്കാം. വെണ്ട, വഴുതന തുടങ്ങിയ വിളകള്‍ നടുന്നതിന് ഒരാഴ്ച മുന്‍പ് തുടങ്ങി വേപ്പില ചേര്‍ത്ത വെള്ളമൊഴിച്ചു കൊടുക്കുന്നത് വിരകളെ ഒരു പരിധിവരെ നിയന്ത്രിക്കാനാവും. (വേപ്പെണ്ണ + ബാര്‍സോപ്പ് + കാന്താരി മുളക്) മിശ്രിതം തക്കാളി ഇലകളില്‍ സ്പ്രേ ചെയ്യുമ്പോള്‍ നല്ല ഫലമുണ്ടാവാറുണ്ട്. ദ്രുതവാട്ടം തടയാന്‍ സ്യുഡോമൊണസ് ലായനി സ്പ്രേ ചെയ്താല്‍ മതി.
കൃഷി എനിക്ക് ആവേശമാണ്. എന്തും വിളയിക്കാം എന്ന തോന്നല്‍. മുന്തിരിയും സ്ട്രോബറിയും ഒക്കെ പരീക്ഷിച്ച് വിജയിച്ച കൂട്ടത്തില്‍പെടും. പച്ചമുളക്, കറിവേപ്പില, വെണ്ട, വഴുതന, തക്കാളി, പയര്‍, പടവലം, പപ്പായ, വെള്ളരി, മത്തന്‍, കുമ്പളം, പീച്ചില്‍, ചുരക്ക, പാവല്‍ ഇവയെല്ലാം നട്ടുനനച്ച് വളര്‍ത്തിയാല്‍ വീട്ടിലേക്ക് അത്യാവശ്യമുള്ളതൊക്കെയായി.