സ്ത്രീകള്‍ ജോലിക്കു പോകുമ്പോള്‍ വീട്ടിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചില ഓര്‍മപ്പെടുത്തലുകള്‍
ഉന്നത വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവും മികച്ച രീതിയില്‍ നേടിക്കൊണ്ടിരിക്കുകയാണ് മിക്ക സ്ത്രീകളും. അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്ക് ജോലി അനിവാര്യതയോ ആവശ്യമോ ആയി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനും ഇന്ന് പുരുഷന്‍ മാത്രം ജോലി ചെയ്താല്‍ മതിയാകില്ല. അതിനാല്‍, സ്ത്രീകളില്‍ ജോലിക്ക് പോവാനുള്ള പ്രവണത ശക്തിപ്പെട്ടുവരിക സ്വാഭാവികമാണ്. ഇതൊരു കര്‍മശാസ്ത്ര വിഷയത്തിലേക്കോ ചര്‍ച്ചയിലേക്കോ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ല. ഈ വിഷയകമായി ചിന്തിക്കേണ്ട ചില ഗൗരവപൂര്‍വമായ അഡ്ജസ്റ്റ്‌മെന്റുകളെ കുറിച്ച് സൂചിപ്പിക്കുക മാത്രം ചെയ്യുന്നു.
ചെറിയ മക്കളുള്ള സ്ത്രീകള്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ മക്കളെ പലപ്പോഴും മതം, സംസ്‌കാരം, ആചാരമര്യാദകള്‍, ഭാഷ എന്നിവയില്‍ തികച്ചും ഭിന്നവീക്ഷണക്കാരായ വീട്ടുജോലിക്കാരെ ഏല്‍പ്പിക്കേണ്ടിവരുന്നു. അല്ലെങ്കില്‍ കുട്ടികള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കിയിരുന്നോ ഗെയിം കളിച്ചോ സമയം ചെലവഴിക്കുന്നു. പിഞ്ചോമനകള്‍ അല്ലാഹു മാതാപിതാക്കളുടെ കൈയിലേല്‍പ്പിച്ച അമാനത്താണ്. മക്കള്‍ക്ക് ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നിവ നല്‍കുന്നതോടൊപ്പം അവരുടെ ആത്മീയമായ ശിക്ഷണത്തിലും ഈമാനികമായ വര്‍ധനവിലും ശ്രദ്ധ ചെലുത്താതെ അശ്രദ്ധ കാണിക്കുന്നത് കുട്ടികളോട് ചെയ്യുന്ന ക്രൂരതയും അമാനത്തിനോടുള്ള വഞ്ചനയുമാണ്. മാതാക്കള്‍ മക്കളെ വിട്ടുപോകുമ്പോള്‍ അവരനുഭവിക്കുന്നൊരു മാനസിക സംഘര്‍ഷമുണ്ട്. അത് മനസ്സിലാക്കാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയണം. വീട്ടില്‍ വളര്‍ന്നുവരുന്ന മക്കള്‍ക്ക് ആശ്രയവും തണലുമാകാന്‍ വല്ല്യുപ്പ വല്യുമ്മമാര്‍ക്കും മറ്റ് അംഗങ്ങള്‍ക്കും കഴിയണം.
ടെലിവിഷനും കമ്പ്യൂട്ടറിനും മുന്നില്‍ കുത്തിയിരിക്കുന്ന പേരമക്കളെ, വീടിനു പുറത്തു കൊണ്ടുപോയി പാടത്തും പറമ്പിലുമുള്ള ചെടികളും പൂക്കളും കാണിച്ചുകൊടുത്ത് അവരെ ഉല്ലാസവാന്മാരാക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ അവരില്‍, പ്രകൃതിയോടുള്ള സ്‌നേഹം വളര്‍ത്തുവാന്‍ കിട്ടുന്ന അവസരങ്ങളൊക്കെ ഉപയോഗപ്പെടുത്തണം. ഇത് അവരില്‍ കൃഷിയോടുള്ള താല്‍പര്യം വളര്‍ത്താനും അവരുടെ മറ്റു കഴിവുകള്‍ പുറത്തുകൊണ്ടുവരാനും സഹായിക്കും. അപ്പോള്‍ കുഞ്ഞുങ്ങളില്‍ ഒറ്റപ്പെടലിന്റെ പ്രയാസം അനുഭവപ്പെടില്ല. അവരെ വിട്ടേച്ചുപോകുന്ന മാതാവ് അനുഭവിക്കുന്ന മനഃസംഘര്‍ഷത്തിന് വലിയൊരു ആശ്വാസവുമാകും. അതിന് വീട്ടിലുള്ള മുതിര്‍ന്നവര്‍, ജോലിക്ക് പോകുന്ന മക്കളുടെ കൂടെ നിന്ന് അവര്‍ക്ക് മാനസിക പിന്തുണ നല്‍കാനാണ് ശ്രദ്ധിക്കേണ്ടത്. സ്വന്തം സുഖം അല്‍പം കുറഞ്ഞാലും, സ്ത്രീകള്‍ ജോലിക്ക് പോകുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ഇല്ലാതാക്കാനും കുടുംബത്തില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താനും വീട്ടിലുള്ള മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പാശ്ചാത്യ ലോകത്ത് സംഭവിച്ചതുപോലെ കുടുംബ ശൈഥില്യം ഇല്ലാതിരിക്കാനും സമൂഹത്തിന്റെ തകര്‍ച്ച സംഭവിക്കാതിരിക്കാനും കാര്യമായ കരുതലുകള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍, കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവഴിച്ച്, മറ്റുള്ളവര്‍ക്ക് വലിയ പങ്കുവഹിക്കാവുന്നതാണ്.
കുട്ടികളുടെ ശിക്ഷണത്തിന് ഇസ്ലാം വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. വിവാഹം കഴിക്കുമ്പോള്‍ മതനിഷ്ഠ പരിഗണിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നത് അതിനു വേണ്ടിയാണ്. ജനിച്ച കുട്ടിയുടെ കാതില്‍ ആദ്യം കേള്‍ക്കുന്ന ശബ്ദം 'അല്ലാഹു അക്ബര്‍' ആവണമെന്നും, ഏഴ് വയസ്സില്‍ നമസ്‌കാരം കല്‍പ്പിക്കണമെന്നും, പത്തു വയസ്സില്‍ നമസ്‌കാരം ഉപേക്ഷിച്ചാല്‍ അടിക്കണമെന്നുമൊക്കെയുള്ള നിര്‍ദേശങ്ങള്‍ ശിക്ഷണത്തിന് ഇസ്ലാം നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ മക്കളുടെ ആത്മീയവും വിശ്വാസപരവുമായ തര്‍ബിയത്ത് ഒട്ടും അവഗണിക്കാന്‍ പറ്റുന്നതല്ല. അതിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുവാന്‍ കുടുംബ തലത്തില്‍ സംവിധാനങ്ങള്‍ കാണേണ്ടതുണ്ട്. അല്ലെങ്കില്‍ അതിന്റെ അനന്തരഫലം ഇഹത്തിലും പരത്തിലും ഭയാനകമായിരിക്കും.
കുട്ടികള്‍ക്കുവേണ്ടി അവരോടൊപ്പം മാതാപിതാക്കള്‍ എത്ര സമയം ചെലവിടുന്നു എന്നതാണ് ഗൗരവമേറിയ വിഷയം. ധാരാളം സമയം അവരോടൊപ്പം ചെലവഴിക്കാനും അവരെ കേള്‍ക്കാനും രക്ഷിതാക്കള്‍ സമയം കണ്ടെത്തണം. 21 വയസ്സ് വരെയുള്ള മൂന്ന് ഘട്ടങ്ങളില്‍ ആദ്യത്തെ ഏഴുവര്‍ഷം ഒപ്പം കളിച്ചും, രണ്ടാമത്തെ ഏഴ് വര്‍ഷം ഒപ്പം സഹവസിച്ചും, മൂന്നാമത്തെ ഏഴ് വര്‍ഷം ഉപദേശനിര്‍ദേശങ്ങള്‍ നല്‍കിയും മക്കളോടൊപ്പം കഴിയണമെന്ന പ്രവാചക നിര്‍ദേശം സ്മരണീയമാണ്. അതിനാല്‍, ഏതു തിരക്കുകള്‍ക്കിടയിലും മക്കള്‍ക്കുവേണ്ടി നീക്കിവെക്കാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തേണ്ടതുണ്ട്. അവരോടൊപ്പം ചിരിച്ചും കളിച്ചും കൂട്ടുകൂടിയും ചങ്ങാത്തം സ്ഥാപിച്ചും കഴിയുമ്പോഴാണ് ശോഭനമായ ഭാവി അവരില്‍ ഉണ്ടാവുക.