മക്കളോടുള്ള പെരുമാറ്റം
നിസ്താര്‍ കീഴുപറമ്പ്
ജനുവരി 2023
മക്കളോട് കാണിക്കേണ്ട പെരുമാറ്റ ചട്ടങ്ങളുടെയും ശിക്ഷണത്തിലെ ക്ഷമയുടെയും നല്ല പാഠങ്ങള്‍
യഅ്ഖൂബ് നബിയുടെ മാതൃക
യഅ്ഖൂബ് നബി(അ)യുടെ വിശ്വാസ ദൃഢത, സന്താനപരിപാലനം, ക്ഷമ, അറിവ് ഇതൊക്കെയും ചരിത്രത്തിലെ ശ്രദ്ധേയ മുദ്രകളാണ്. യഅ്ഖൂബ് നബിയെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: 'നാം പഠിപ്പിച്ചുകൊടുത്തതിനാല്‍ അദ്ദേഹം അറിവുള്ളവനാണ്. എന്നാല്‍, മനുഷ്യരിലേറെപ്പേരും അറിയുന്നില്ല.' (12:68)
ഏകദൈവാരാധനയിലും ഇസ്‌ലാം മതപ്രചാരണത്തിലുമായി ജീവിതം ചിട്ടപ്പെടുത്തിയിരുന്നു യഅ്ഖൂബ് നബി. തന്റെ മക്കളെ പരിപാലിക്കുന്നതിലും ചിട്ടയൊത്ത് വളര്‍ത്തുന്നതിലും അദ്ദേഹം ജാഗ്രത കാണിച്ചു. തന്റെ ജനതയെ ഇസ്ലാമികാദര്‍ശങ്ങളില്‍ പ്രബുദ്ധരാക്കുന്നതോടൊപ്പം സ്വന്തം സന്താനങ്ങള്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും വിശ്വാസമൂല്യങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്തു അദ്ദേഹം.
''ഇബ്‌റാഹീമും യഅ്ഖൂബും തങ്ങളുടെ മക്കളോട് ഇതുതന്നെ ഉപദേശിച്ചു: 'എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്കായി തെരഞ്ഞെടുത്തു തന്ന വിശിഷ്ടമായ ജീവിത വ്യവസ്ഥയാണിത്. അതിനാല്‍ നിങ്ങള്‍ മുസ്ലിംകളായല്ലാതെ മരണപ്പെടരുത്.'' (2:132)
ഇങ്ങനെ നമുക്കും പറയാന്‍ കഴിയണം. മക്കളെ കുറിച്ച് ദീനിയായ സ്വപ്‌നം രക്ഷിതാക്കള്‍ക്കുണ്ടാവണം. മക്കളില്‍ ദൈവവിശ്വാസം രൂഢമൂലമാക്കുകയും ശുഭാപ്തി ജനിപ്പിക്കുകയും വേണം യഅ്ഖൂബ് നബി (അ) അവരെ ഉപദേശിച്ചു: 'അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യത്തെ പ്രതി നിരാശരാവരുത്. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ പ്രതി നിരാശരാവുകയില്ല.' (12:87)
യൂസുഫ് നബി (അ) താന്‍ സ്വപ്നം കണ്ട വിവരം പിതാവ് യഅ്ഖൂബ് നബി (അ)യുമായി പങ്കുവെക്കുകയുണ്ടായി. പിതാവും മകനും പരസ്പരം ഹൃദയബന്ധം പുലര്‍ത്തിയിരുന്നതിന്റെ തെളിവാണത്. അങ്ങനെ തുറന്ന മനസ്സും പരസ്പര വിശ്വാസവുമാണ് രക്ഷിതാക്കളും മക്കളും തമ്മിലുണ്ടാവേണ്ടത്. മുഹമ്മദ് നബി പഠിപ്പിച്ചതും അതാണ്.
മക്കള്‍ക്ക് ഹാനികരമാവുന്ന എന്തുതന്നെയായാലും അവയെ തടുക്കാന്‍ യഅ്ഖൂബ് നബി (അ) പൂര്‍ണസജ്ജനായിരുന്നു. അവര്‍ക്കുള്ള സുരക്ഷയും കാവലും ഉറപ്പുവരുത്തിയിരുന്നു. അതുകൊണ്ടാണല്ലോ അവര്‍ യാത്ര പുറപ്പെടുന്ന നേരം സാരോപദേശം നല്‍കിയത്: 'എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കരുത്. വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക.' (12:67) സുരക്ഷിത ബോധവും ധൈര്യവും പകരാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. ആപല്‍ ഘട്ടങ്ങളില്‍ രക്ഷിതാക്കള്‍ കൂടെയുണ്ടെന്ന ബോധം കുട്ടികളില്‍ ആത്മധൈര്യം വളര്‍ത്തും. മക്കളുടെ വീഴ്ചകള്‍ വളരെ ക്ഷമയോടെയും യുക്തിദീക്ഷയോടെയുമാണ് യഅ്ഖൂബ് നബി (അ) കൈകാര്യം ചെയ്തത്.
മക്കളായ യൂസുഫ് നബി (അ)ക്കും മറ്റു സഹോദരന്മാര്‍ക്കുമിടയില്‍ പൈശാചിക പ്രേരണയാല്‍ ചില പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അവരെ ശിക്ഷിക്കുകയല്ല, അവര്‍ക്ക് ശിക്ഷണം നല്‍കയായിരുന്നു അദ്ദേഹം. അവരെ അകറ്റുകയോ ആട്ടിയോടിക്കുകയോ ചെയ്തില്ല. മറിച്ച്, ചെയ്ത തെറ്റിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുത്ത് തിരുത്താനുള്ള അവസരം നല്‍കി. യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോര പുരട്ടിയാണവര്‍ വന്നത്. പിതാവ് പറഞ്ഞു: 'നിങ്ങളുടെ മനസ്സ് ഒരു കാര്യം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ചു. ഇനി നന്നായി ക്ഷമിക്കുകതന്നെ. നിങ്ങള്‍ പറഞ്ഞ കാര്യത്തിന്റെ നിജഃസ്ഥിതി അറിയുന്നതിലെന്നെ സഹായിക്കാനുള്ളത് അല്ലാഹു മാത്രം' (12:18).
ദൈവവിധിയില്‍ തൃപ്തനായ അദ്ദേഹത്തിന്റെ വിശ്വാസത്തിന് യാതൊരു ചാഞ്ചാട്ടവുമുണ്ടായില്ല. ദൈവകാരുണ്യത്തെ പ്രതി നിരാശപ്പെട്ടുമില്ല. ക്ഷമയുടെയും പ്രതീക്ഷയുടെയും വാക്കുകള്‍ തന്നെയാണ് മക്കളോട് പറഞ്ഞത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ക്ഷമ തന്നെയാണ് ഏറ്റവും വലിയ ആയുധം. മക്കളുടെ കാര്യത്തില്‍ നീണ്ടകാലം ക്ഷമ കൈക്കൊണ്ട യഅ്ഖൂബ് നബി (അ) അവസാനം വിജയം വരിച്ചു. മക്കളെല്ലാവരെയും ഒരുമിപ്പിച്ച് അല്ലാഹു അദ്ദേഹത്തിന്റെ ഹൃദയത്തിന് ആനന്ദമേകി. ക്ഷമയാണ് പരിഹാരമെന്ന് സാരം. മക്കളോട് കാണിക്കേണ്ട പെരുമാറ്റ ചട്ടങ്ങളുടെയും ശിക്ഷണത്തിലെ ക്ഷമയുടെയും നല്ല പാഠങ്ങളാണ് യഅ്ഖൂബ് നബി (അ)യുടെ ജീവചരിത്രം പറഞ്ഞുതരുന്നത്. ആ നിലപാടുകൊണ്ടാണ് തെറ്റുകാരായ മക്കള്‍ കുറ്റം സമ്മതിച്ച് പശ്ചാത്താപത്തിനൊരുങ്ങിയത്. മാപ്പ് ചോദിക്കുമ്പോള്‍ മാപ്പ് കൊടുക്കുന്നു ആ പിതാവ്. വിട്ടുവീഴ്ച ചെയ്ത അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. മക്കളുടെ വീഴ്ചകള്‍ പിതാക്കള്‍ തിരുത്തി വിടുതി നല്‍കുകയും അവരുടെ നന്മക്കായി പ്രാര്‍ഥിക്കണമെന്നുമാണ് ഈ നബിചരിതം പഠിപ്പിച്ചുതരുന്നത്.
യഅ്ഖൂബ് നബി ക്ഷമ കൊണ്ട് നേടിയത് വലിയ നേട്ടമാണ്. മക്കള്‍ തൗഹീദിലും ഇസ്‌ലാമിലും ഉറച്ചുനിന്നു. അവര്‍ പിതാവിന്റെ ആദര്‍ശത്തിനെതിരായില്ല. 'എനിക്കുശേഷം നിങ്ങള്‍ ആരെയാണ് ആരാധിക്കുക'യെന്ന് ആസന്നമരണനായിരിക്കെ യഅ്ഖൂബ് തന്റെ മക്കളോടു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ അങ്ങയുടെ ദൈവത്തെയാണ് ആരാധിക്കുക. അങ്ങയുടെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും നാഥനായ ആ ഏക ദൈവത്തെ. ഞങ്ങള്‍ അവന് കീഴ്‌പ്പെട്ട് കഴിയുന്നവരാകും' (2:133).