പ്രവാചകന്മാരിലൂടെ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങള്‍ ആദ്യകാലത്ത് ജനങ്ങളിലേക്ക് എത്തിയത്് വാമൊഴിയായിട്ടായിരുന്നു. പിന്നീടത് കൈയെഴുത്ത് പ്രതികളായും അച്ചടിമഷി പുരണ്ടും ജനങ്ങള്‍ക്ക് മുന്നില്‍ എത്തിത്തുടങ്ങി. അവസാനത്തെ ദൈവിക ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിന്റെയും കെട്ടിലും മട്ടിലും ഏറെ വ്യസ്തമായ ഒരുപാട് പ്രതികള്‍ ഇന്ന് നമ്മുടെ മുമ്പിലുണ്ട്.
വിശുദ്ധ ഖുര്‍ആന്റെ കാര്യത്തില്‍ ആധുനിക പ്രിന്റിംഗ് സംവിധാനം വരുന്നതിനുമുമ്പ് കാത്തിബുമാര്‍ എന്ന ഒരു വിഭാഗം തന്നെ ഇതിനുവേണ്ടി ഉണ്ടായിരുന്നു. വലിയ ഗ്രന്ഥങ്ങള്‍ ഒന്നിലധികം കാത്തിബുമാര്‍ ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയിരുന്നത്. ഇതിനെക്കുറിച്ചെല്ലാം ഇപ്പോള്‍ പറയുന്നത് എന്തിനാണെന്നല്ലേ, ഫാത്തിമ ശഹ്ബ എന്ന ഒരു പെണ്‍കുട്ടി, തനിച്ച് എഴുതിത്തീര്‍ത്ത ഖുര്‍ആനിന്റെ കൈയെഴുത്ത് പ്രതിയെക്കുറിച്ച് പറയാനാണ്.
30 ഭാഗങ്ങളിലായി 114 അധ്യായങ്ങളും ആറായിരത്തിലധികം ആയത്തുകളുമുള്ള വിശുദ്ധ ഖുര്‍ആന്‍ ഒരു വര്‍ഷവും രണ്ട് മാസവും എടുത്താണ് ശഹ്ബ പകര്‍ത്തി എഴുതിയത്. വിശുദ്ധ ഖുര്‍ആനിലെ ഒരൊറ്റ വാക്കുപോലും വിട്ടുപോകാതെ 607 പേജുകളും ശഹ്ബ പകര്‍ത്തിയെഴുതി.
ഈ കോവിഡ് കാലത്ത് എല്ലാ സമയത്തും ഓണ്‍ലൈന്‍ പഠനവും പഠനാനുബന്ധ പ്രവര്‍ത്തനങ്ങളും കൂടിയായതോടെ ഒഴിവ് സമയം തീരെ ഇല്ലാതായ ഇന്നത്തെ സാധാരണ കുട്ടികളുടെ ലൗകിക തിരക്കുകളില്‍നിന്ന് മാറി എല്ലാ ദിവസവും മഗ്‌രിബിന് ശേഷം മൂന്നോ നാലോ മണിക്കൂര്‍ പകര്‍ത്തിയെഴുത്തിനായി മാറ്റിവെച്ചു കൊണ്ടാണ് ശഹ്ബ ഖുര്‍ആന്‍ എഴുതി പൂര്‍ത്തിയാക്കിയത്. സാധാരണ പെന്‍സിലും ഗ്ലിറ്റര്‍ പെന്‍സിലും ഉപയോഗിച്ച് സ്‌കെച്ച് പേപ്പറിലാണ് ഖുര്‍ആനിന്റെ കൈയെഴുത്തു പ്രതി ഈ മിടുക്കി ഒരുക്കിയത്.
19 സ്‌കെച്ച് ബുക്കുകള്‍ അതിനായി ഉപയോഗിച്ചു. കൈയെഴുത്ത് പ്രതിയുടെ കവറും സ്വന്തമായി ഡിസൈന്‍ ചെയ്തു. ഇതിന്റെയെല്ലാം ഫോട്ടോ പി.ഡി.എഫ് ഫയല്‍ ആക്കി സൂക്ഷിച്ചിട്ടുമുണ്ട്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ തെറ്റുകളും തിരുത്തി.
സന്തോഷത്തോടെ ഉദ്ദേശിച്ച കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഒന്നിനും ഒരു പ്രയാസവുമില്ല എന്ന് ഉറപ്പിച്ചു പറയുന്നു ഫാത്തിമ ശഹ്ബ. ഫോണിന്റെ വിരസത മാറ്റാന്‍ കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു എഴുതിത്തുടങ്ങിയത്. തുടങ്ങുമ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നു കരുതിയിരുന്നില്ല. എഴുതിവന്നപ്പോള്‍ പൂര്‍ത്തിയാക്കണമെന്ന അടങ്ങാത്ത ആഗ്രഹമായി. ഖുര്‍ആന്‍ എഴുതി പൂര്‍ത്തിയാക്കുക എന്ന ആഗ്രഹം സഫലമായതോടെ ഇനിയും ഇതുപോലുള്ള പലതും എഴുതാനുള്ള ആഗ്രഹം കൂടുകയാണ് ശഹ്ബക്ക്. ഖുര്‍ആന്‍ മുപ്പത് ഭാഗങ്ങളും എഴുതാന്‍ തയാറെടുക്കുന്നതിനു മുന്നേതന്നെ സൂറത്തുല്‍ ഫാത്തിഹ, സൂറത്തുല്‍ കൗസര്‍, ആയത്തുല്‍ കുര്‍സി തുടങ്ങിയവയുടെ കൈയെഴുത്തു പ്രതിയും പൂര്‍ത്തീകരിച്ചിരുന്നു.
കുട്ടിക്കാലം മുതല്‍ വരകളോട് താല്‍പര്യമുണ്ടായിരുന്ന ശഹ്ബ സ്‌കൂള്‍ കാലം തൊട്ടേ കാലിഗ്രാഫി മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. അതായിരിക്കാം ഇങ്ങനെയൊരു ഉദ്യമം പൂര്‍ത്തീകരിക്കാന്‍ സഹായകമായതെന്ന് കരുതുന്നു. കാലിഗ്രഫി കൂടാതെ മെഹന്ദി ഡിസൈനിംഗും ശഹ്ബയുടെ ഇഷ്ടവിനോദമാണ്.
മനോഹരമായ അച്ചടിയെ പോലും വെല്ലുന്ന രീതിയില്‍ ഖുര്‍ആന്‍ എഴുതിപൂര്‍ത്തീകരിക്കാന്‍ സഹായിച്ചത് പിതാവ് അബ്ദുല്‍ റഊഫിന്റെയും മാതാവ് നാദിയയുടെയും നിരന്തര പ്രോത്സാഹനമാണ്. ശഹ്ബ പത്താം തരം വരെ പഠിച്ചത് ഒമാനിലായിരുന്നു. കണ്ണൂര്‍ സിറ്റി ഡി.ഐ.എസ് സ്‌കൂളില്‍നിന്ന് പ്ലസ്ടു കഴിഞ്ഞ് ഇപ്പോള്‍ അല്‍സലാമ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. സഫ, മുഹമ്മദ് എന്നിവര്‍ സഹോദരങ്ങളാണ്.