ഒരു നാടിനെ സാമൂഹിക മാറ്റത്തിലേക്കു നയിക്കാന്‍ ലിംഗനീതി നടപ്പിലാക്കിയേ തീരൂ.
ഒരു നാടിനെ സാമൂഹിക മാറ്റത്തിലേക്കു നയിക്കാന്‍ ലിംഗനീതി നടപ്പിലാക്കിയേ തീരൂ. സ്ത്രീശാക്തീകരണം പ്രാവര്‍ത്തികമാക്കാന്‍ കുടുംബത്തിലും തൊഴിലിടങ്ങളിലും കലാലയങ്ങളിലും സമൂഹത്തിന്റെ സമസ്ത മേഖലകളിലും നിയമപരവും വ്യവസ്ഥാപിതവുമായ സംവിധാനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
സ്ത്രീ സമത്വം, തുല്യത, സാമൂഹിക പരിരക്ഷ, സാമ്പത്തിക പരിരക്ഷ എന്നിവക്ക് ഊന്നല്‍ നല്കുന്ന ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്.
ദീര്‍ഘ വീക്ഷണമുള്ള നമ്മുടെ ആദ്യകാല ലോക നേതാക്കള്‍ ഇതിനു വേണ്ടി ഐക്യരാഷ്ട്ര സഭയിലും നമ്മുടെ ഭരണഘടനയിലും കൃത്യമായി അടയാളപ്പെടുത്തലുകള്‍ നടത്തി. 1979-ലെ ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ച പ്രമേയത്തില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും സ്ത്രീകളുടെ അടിസ്ഥാന സ്വാതന്ത്ര്യം, തുല്യത, എന്നിവ നിയമം മൂലം നടപ്പിലാക്കാന്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. 1948-ല്‍ യു.എന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ തരത്തിലുമുള്ള വിവേചനങ്ങളെയും ഇല്ലായ്മ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
നമ്മുടെ ഭരണഘടന വളരെ കൃത്യമായി ഇത് പരിപാലിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 14, 15 ഇതിന് ഉദാഹരണമാണ്. 1961-ല്‍ തന്നെ സ്ത്രീധന നിരോധന നിയമം നമ്മുടെ നാട്ടിലുണ്ട്. എല്ലാ പഞ്ചവത്സര പദ്ധതികളിലും സ്ത്രീ സുരക്ഷ, സ്വാതന്ത്ര്യം, വിദ്യാഭ്യാസം, സാമ്പത്തിക സുരക്ഷ എന്നിവക്ക് വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്. 1948-ലെ ഇ.എസ്.ഐ നിയമം, 1954-ലെ കുടുംബകോടതി നിയമം, 1955-ലെ ഹിന്ദു വിവാഹനിയമം, പിന്തുടര്ച്ച നിയമം, 1956-ലെ ഇമ്മോറല്‍ ട്രാഫിക് നിരോധന നിയമം, 1961-ലെ മെേറ്റണിറ്റി ബെനഫിറ്റ് നിയമം, 1961-ലെ സ്ത്രീധന നിരോധന നിയമം, 2005-ലെ ഗാര്‍ഹിക പീഡന നിരോധന നിയമം, 2006-ലെ ബാല വിവാഹ നിരോധന നിയമം എന്നിവ ഉദാഹരണങ്ങളാണ്. 1992-ല്‍ ദേശീയ വനിതാ കമ്മീഷന് രൂപീകരിച്ചു. സ്ത്രീകള്‍ക്കുള്ള ഭരണഘടനാപരവും നിയമപരവുമായ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ദേശീയ സ്ത്രീശാക്തീകരണ നയം 2001-ല്‍ ഉണ്ടാക്കി. അതിനോടനുബന്ധിച്ചു ദേശീയ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ഒട്ടേറെ ശാക്തീകരണ പരിപാടികള്‍ നടപ്പിലാക്കുകയും ചെയ്തു.
കുടുംബ ശ്രീ
1998-ല്‍ സംസ്ഥാന സ്വയംഭരണവകുപ്പ് രൂപംനല്കിയ നൂതന സംവിധാനമാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജനം മുഖ്യ ചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ മിഷന് കേരളത്തിലെ കരുത്തുറ്റ സ്ത്രീ സംഘടന സംവിധാനമായി മാറിയിട്ടുണ്ട്. ഓരോ പ്രദേശത്തെയും 18 വയസ്സ് പൂര്‍ത്തിയായ ഓരോ സ്ത്രീയെ വീതം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന 10 മുതല്‍ 20 വരെ അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങളാണ് ഈ സംവിധാനത്തിന്റെ അടിസ്ഥാന സംഘടനാ ഘടകം. അയല്‍ക്കൂട്ടങ്ങളെ വാര്‍ഡ് തലത്തില്‍ ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി, പഞ്ചായത്ത് /നഗരസഭ തലത്തില്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി എന്നിങ്ങനെ സംവിധാനിച്ചിരിക്കുന്നു. ഇങ്ങനെ മൂന്നു തലത്തിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഭാരവാഹിത്വം ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകള്‍ക്കാണ്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 44 ലക്ഷം കുടുംബങ്ങള്‍ അംഗങ്ങളായുള്ള കുടുംബശ്രീയില്‍ ഓരോ കുടുംബത്തില്‍നിന്നും ഓരോ വനിത ഉള്‍പ്പെടുന്ന 2.93 ലക്ഷം അയല്‍ക്കൂട്ടങ്ങളും അവയെ ഏകോപിച്ച് 20000 ഏരിയ ഡെവലപ്മെന്റ് സൊസൈറ്റികളും ആയിരത്തില്‍പരം കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളും പ്രവര്‍ത്തിക്കുന്നു.
സോഫ്റ്റ് സ്കില്‍ പരിശീലനം നല്കുന്ന കണക്ട് ടു വര്‍ക്ക്, കുടുംബശ്രീ മൈക്രോഫിനാന്‍സ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ നിക്ഷേപമായി സമാഹരിച്ച് ആന്തരിക വായ്പ നല്കുന്ന പരിപാടി, സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംരംഭകത്വ പ്രോഗ്രാം, ലഘു സമ്പാദ്യത്തെ മൂലധനനിക്ഷേപം ആക്കി മാറ്റി അയല്‍ക്കൂട്ടങ്ങളെ ചെറിയ സംരംഭങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിന് പ്രേരിപ്പിക്കുന്ന ലിങ്കേജ് ബാങ്കിംഗ്, കുടുംബശ്രീ വനിതകള്‍ക്ക് സ്വയം തൊഴിലിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്ന മൈക്രോ സംരംഭങ്ങള്‍, കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്ന അമൃതം ഫുഡ് സപ്ലിമെന്റ്, വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ഹോട്ടല്‍ തുടങ്ങി നിരവധി പദ്ധതികള്‍ കുടുംബശ്രീ തലത്തില്‍ നടപ്പിലാക്കി വരുന്നുണ്ട്.
കേരളത്തില്‍ 1.74 കോടി സ്ത്രീകളാണ്. ഇത്രയൊക്കെ വ്യത്യസ്തവും വൈവിധ്യവുമായ പരിപാടികള്‍ സ്ത്രീകളുടെ ഉന്നമനത്തിനുണ്ടായിട്ടും ഇപ്പോഴും മിക്ക സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളിലും ഇരകളാവുന്നവരും വര്‍ഗീയ ജാതീയ അക്രമങ്ങളില്‍ എല്ലാം നഷ്ടപ്പെടുന്നവരും സ്ത്രീകളാണ്. അതുകൊ് കാലാകാലങ്ങളായി ആവിഷ്കരിക്കുന്ന പദ്ധതികള്‍, സഹായങ്ങള്‍, നിയമങ്ങള്‍ ഒക്കെ പ്രാവര്‍ത്തികമാക്കാനും അത് ഗുണഭോക്താവിന് കിട്ടുന്നുണ്ട് എന്നുറപ്പ് വരുത്താനും കഴിയുന്ന വനിതാ മുന്നേറ്റം രാഷ്ട്രീയത്തിനപ്പുറം ഉണ്ടാവേണ്ടതുണ്ട്.