മുസ്‌ലിം പെണ്ണ്; തീരാത്ത ആധികള്‍
പി. റുക്‌സാന
November 2021
മുസ്ലിം സ്ത്രീക്ക് അവള്‍ക്കിഷ്ടമുള്ള വസ്ത്രധാരണം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട് എന്ന ഒഴുക്കന്‍ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്ക് അവളുടെ ശിരോവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യക്കുറിച്ച് എപ്പോഴും അര്‍ത്ഥഗര്‍ഭമായ മൗനമാണ്.
ഇസ്ലാമും അതിന്റെ രാഷ്ട്രീയവും സാമൂഹിക ഉള്ളടക്കവും വിമര്‍ശനത്തിനും നിരൂപണത്തിനും വിധേയമായപ്പോഴൊക്കെയും ചര്‍ച്ചകളും ആരോപണങ്ങളും മുഖ്യമായും കേന്ദ്രീകരിക്കപ്പെട്ടത് മുസ്ലിം സ്ത്രീയിലാണ്. മുസ്ലിം പുരുഷന്റെ സാമൂഹിക ജീവിതവും ഇടപെടലുകളും അംഗീകരിക്കപ്പെട്ടപ്പോള്‍ പോലും ആധുനികതയെക്കുറിച്ചും പുരോഗമന ലോക വീക്ഷണത്തെക്കുറിച്ചും സംസാരിച്ചവരെയെല്ലാം മുസ്ലിം സ്ത്രീ എന്നത് വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു.
മുസ്ലിം സ്ത്രീയുടെ വിമോചനത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള മതേതര ലിബറല്‍ പക്ഷത്തെ നൈതികത മാറ്റി നിര്‍ത്തിക്കൊണ്ടുള്ള വായനകളും ആഖ്യാനങ്ങളും പരികല്‍പനകളുമെല്ലാം പലപ്പോഴും ഇസ്ലാമോഫോബിയയുടെ ഊര്‍ജസ്രോതസ്സായി പരിണമിച്ചു. കേരളത്തില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു ശരാശരി സ്ത്രീ അനുഭവിക്കുന്ന അനീതിക്കും അവകാശ നിഷേധങ്ങള്‍ക്കും മേലെ ഇത്തരം നീതിരഹിതമായ അതിവായനകള്‍ പലപ്പോഴും പ്രതിഷ്ഠിക്കപ്പെട്ടു.
കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചുള്ള വ്യവഹാരങ്ങളും ആഖ്യാനങ്ങളും ആവിഷ്‌കാരങ്ങളും സിനിമകളിലൂടെയും എഴുത്തുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും കാമ്പസ് ആക്ടിവിസങ്ങളിലൂടെയുമെല്ലാം 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാ'യും 'ആര്‍പ്പോ ആര്‍ത്തവ'മായും പു റത്തു വന്നപ്പോഴും മുസ്ലിം സ്ത്രീവിമോചനത്തെക്കുറിച്ച ചര്‍ച്ചകള്‍ ഇസ്ലാം ഭീതിയുടെയും വ്യാജ നി ര്‍മിതികളുടക്കുന്ന മുന്‍ വിധികള്‍ നിമിത്തം പലപ്പോഴും വികൃതവും വിരൂപവുമാക്കപ്പെട്ടു.
മുസ്ലിം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നവര്‍ മലാല യൂസുഫ് സായിയെ ഐക്കണാക്കി ചിത്രീകരിക്കുന്നതില്‍ മത്സരിച്ചു. ഒരു വശത്ത് പര്‍ദ്ദയിട്ട് കണ്ണീരൊലിപ്പിച്ചിരിക്കുന്ന മുസ്ലിം പെണ്ണിന്റെയും മറുവശത്ത് പുഞ്ചിരിച്ചു നില്‍ക്കുന്ന മലാല യൂസുഫ് സായിയുടെയും ചിത്രങ്ങള്‍ കാമ്പസുകളിലെ ചുവരുകളില്‍ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ മുദ്രാവാക്യത്തോടൊപ്പം പതിപ്പിക്കപ്പെട്ടു. പക്ഷേ അന്ന് മുതല്‍ ഇന്നുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശിരോ വസ്ത്ര നിരോധനവുമായും അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകളിലെ ഡ്രസ്സ് കോഡിനെതിരായും നടക്കുന്ന പ്രതിഷേധങ്ങളിലോ സമരങ്ങളിലോ അവര്‍ മുസ്ലിം പെണ്‍കുട്ടികളോട് ഐക്യപ്പെട്ടതായോ അവര്‍ക്കനുകൂലമായ നിലപാ ടെടുത്തതായോ നമുക്ക് കാണാന്‍ സാധിക്കില്ല.
സ്വമതം നിഷ്‌കര്‍ഷിക്കുന്ന വസ്ത്രം ധരിക്കാനുള്ള അവകാശം ലഭിക്കുക എന്നത് മുസ്ലിം പെണ്ണിനെ സംബന്ധിച്ചിട
ത്തോളം അവളുടെ ആത്മാഭിമാനത്തെ മാത്രമല്ല വിദ്യാഭ്യാസ ശാക്തീകരണത്തെയും സാമൂഹിക ഇടപെടലിനെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. സാമൂഹിക വ്യവഹാരങ്ങളില്‍ ആത്മാഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ഇടപെടാനും ഇടപഴകാനും തലയിലെ തട്ടം ഊരിയേ തീരൂ എന്ന തരത്തിലുള്ള പുരോഗമനവും പുരോഗതിയും ഞങ്ങള്‍ക്ക് വേണ്ടതില്ല എന്ന മുസ്ലിം പെണ്ണിന്റെ ഉറച്ച നില
പാട് മതേതര പുരോഗമന ലിബറല്‍ ആങ്ങളമാര്‍ക്ക് എന്നും അമര്‍ഷവും അസ്വസ്ഥതകളും മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ.
മുസ്ലിം സ്ത്രീക്ക് അവള്‍ക്കിഷ്ടമുള്ള വസ്ത്രധാരണം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട് എന്ന ഒഴുക്കന്‍ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്ക് അവളുടെ ശിരോവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യക്കുറിച്ച് എപ്പോഴും അര്‍ത്ഥഗര്‍ഭമായ മൗനമാണ്. ലിബറല്‍ പുരോഗമനയിടങ്ങളില്‍നിന്ന് എങ്ങനെയാണ് ഈ ചര്‍ച്ച മാറ്റി നിര്‍ത്തപ്പെട്ടത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
'വത്തക്ക' സമരത്തിന്റെ ആവിര്‍ഭാവവും പ്രതിചേര്‍ക്കപ്പെട്ട അധ്യാപകന്റെ പരാമര്‍ശവും ഫ്ളാഷ്മോബും അതിനുശേഷം നടന്ന ചര്‍ച്ചകളും നമുക്ക് മുന്നിലുണ്ട്. നിന്റെ ശിരോവസ്ത്രത്തെ മാറിടത്തിലേക്ക് താഴ്ത്തിയിടുക എന്നത് ഖുര്‍ആനിന്റെ അധ്യാപനമാണ്. മുസ്ലിം
പുരുഷന് എന്നതുപോലെ സ്ത്രീക്കും അല്ലാഹു കല്‍പിച്ചു നല്‍കിയ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള നിര്‍ദേശമായി മനസ്സിലാക്കി ഒരു വിശ്വാസിയായ പെണ്ണ് അതിനെ ജീവിതത്തില്‍ പ്രാക്ടിസ് ചെയ്യുമ്പോള്‍ മുസ്‌ലിം പെണ്ണിന്റെ ആ തെരഞ്ഞെടുപ്പിനെ പൗരോഹിത്യത്തിന്റെ അടിച്ചേല്‍പ്പിക്കലായിട്ടും ഹിംസയായിട്ടുമാണ് ജെന്‍ഡര്‍ വിഷയങ്ങളില്‍ ഇടപെട്ട് നില
പാടുകള്‍ സ്വീകരിക്കുന്ന പല
പുരോഗമന പക്ഷക്കാരും വിലയിരുത്തുന്നത്.
ഇന്നും കേരളത്തിലെ മുപ്പത്തിയാറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മിടുക്കികളായ പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ അനുസരണക്കേട് കാണിക്കുന്ന യൂണിഫോം ധരിക്കാത്ത കുട്ടികളുടെ കൂട്ടത്തിലേക്ക് അസംബ്ലികളില്‍ മാറ്റി നിര്‍ത്തപ്പെടുന്നുണ്ട് നമുക്ക് ഞെട്ടലുണ്ടാക്കുന്നില്ല. ഇന്ത്യ മതേതര രാജ്യമാണ്. മത സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആത്മ സംഘര്‍ഷങ്ങളനുഭവിക്കുന്ന മുസ്ലിം വിദ്യാര്‍ഥിനികളോട് ഐക്യപ്പെടാതിരിക്കാനുള്ള കാരണങ്ങളെന്താണ് എന്നതാണ് പ്രധാനമായി ഉയര്‍ത്തേണ്ടുന്ന ചോദ്യം.
ഗാര്‍ഹിക പീഢനങ്ങളെക്കുറിച്ചും സ്ത്രീയുടെ സാമ്പത്തിക ശാക്തീകരണത്തെക്കുറിച്ചും വ്യത്യസ്ത കോണുകളില്‍ നിന്നുള്ള ചര്‍ച്ചകള്‍ വീട്ടമ്മക്ക് കൂലി എന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വരെ അത് എത്തിനില്‍ക്കുന്നു.
ഇസ്ലാമിലെ അനന്തരാവകാശത്തെ തെറ്റിദ്ധരിപ്പിക്കുകയും ഇസ്ലാം ആണധികാരത്തിന്റെ മതമാണെന് പറയുകയും ചെയ്യുന്നവരുടെ പ്രധാന ആയുധമാണ് ഇസ്ലാമിലെ സ്വത്തവകാശവും അനന്തരാവകാശ നിയമങ്ങളും. എല്ലാ മതങ്ങളും സ്ത്രീ വിരുദ്ധമാണെന്ന നിഷ്‌കളങ്കമായ പ്രസ്താവനയിലേക്ക് ഇസ്‌ലാമിനെക്കൂടി വരവ് വെക്കാന്‍ പലപ്പോഴും ഇത്തരം വിഷയത്തിലുള്ള ഉപരിപ്ലവമായ അറിവ് പ്രേരണ പകരുന്നു.
ഒന്ന് ലീവെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുകയും എനിക്ക് താല്‍പര്യമുണ്ടായിട്ടല്ല ഭര്‍ത്താവിന്റെ വീട്ടുകാര്‍ സമ്മതിക്കാഞ്ഞിട്ടാണ് ജോലിക്ക് പോകുന്നത് എന്നു പറയുന്ന മുസ്‌ലിംസ്ത്രീകളെ ഇസ്ലാമിന്റെ സ്ത്രീ സൗഹൃദ അദ്ധ്യാപനങ്ങളെ അനുസരിക്കുന്ന ഒരു സമൂഹത്തില്‍ നമുക്ക് കാണാന്‍ സാധിക്കില്ല.
ജോലിയുള്ള സമ്പാദിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ സാമൂഹിക പദവിയും മാന്യമായ നിലനില്‍
പുമുള്ളൂ എന്നുള്ള വാദം ഇസ്ലാമിലില്ല. ഞാന്‍ അഭ്യസ്ത വിദ്യയാണ്, പക്ഷേ കുറച്ച് നാളുകള്‍ എനിക്ക് വിശ്രമവും എന്റേതായ ചില ആത്മാവിഷ്‌കാരങ്ങളും ആവശ്യമാണ്. നിങ്ങള്‍ സമ്പാദിക്കൂ എന്നെ സംരക്ഷിക്കൂ അത് നിങ്ങളുടെ ഉത്തരവാദിത്വമാണ് എന്ന്
പുരുഷനോട് പറയുന്ന പെണ്ണിന്റെ സ്വത്രന്ത്ര്യത്തിന്റെ മറ്റൊരു തലം ആരും പരിഗണിക്കാറില്ല.
ആണ്‍ - പെണ്‍ ഇടങ്ങളെക്കുറിച്ചുള്ള വായനകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ താലിബാനിസം കൊണ്ടുവരുന്നു എന്ന വ്യാഖ്യാനത്തിലേക്കും ഇസ്ലാം ഭീതിയുടെ ആഖ്യാനത്തിലേക്കും സംഭവങ്ങളെ കൊണ്ടെത്തിച്ചു. ഒരു ബെഞ്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നാല്‍ മാത്രമേ ജെന്‍ഡര്‍ ഇക്വാലിറ്റി സാധ്യമാകൂ എന്ന അതിവായനകളും അതിലൂടെ സൃഷ്ടിക്കപ്പെട്ടു. ഇത്തരം ലിബറല്‍ കാഴ്ചപ്പാടുകള്‍ യാഥാര്‍ഥ്യങ്ങളോടും മനുഷ്യ പ്രകൃതത്തോടും നിരന്തരം എതിര്‍ത്തു നില്‍ക്കുന്നു എന്നതിനാല്‍ തന്നെ പ്രത്യാഘാതങ്ങള്‍ സഹിക്കേണ്ടി വരുന്നവര്‍ പലപ്പോഴും സ്ത്രീകള്‍ മാത്രമായിത്തീര്‍ന്നു. ഒരു ഓണ്‍ലൈന്‍ വെബ്പോര്‍ട്ടലിലെ ജേണലിസ്റ്റ് തന്റെ ആണ്‍ സുഹൃത്തിനോടൊപ്പം നടത്തിയ യാത്രയും ഒരു മുറി വാടകക്കെടുത്ത് താമസിച്ചതും മദ്യ ലഹരിയില്‍ തന്നോട് അശ്ലീല പരാമര്‍ശം നടത്തിയതും അതിനെ ചോദ്യം ചെയ്ത അവരോട് ''ഇതിന് തയാറല്ലായിരുന്നെങ്കില്‍ നീയെന്തിന് എന്നോടൊപ്പം യാത്ര ചെയ്തു'' എന്ന മറു ചോദ്യത്തെക്കുറിച്ചും ഫേസ്ബുക്കില്‍ കുറിച്ചത് ഓര്‍ക്കുന്നു. സ്ത്രീകളുടെ ചിന്തക്കോ കാഴ്ചപ്പാടുകള്‍ക്കോ രാഷ്ട്രീയ നിലപാടുകള്‍ക്കോ വില കല്‍പ്പിക്കാതെ ശരീരം മാത്രമായി കാണുന്ന നിലപാടുകളോട് ഇസ്ലാം ഒരിക്കലും രാജിയാവാന്‍ തയാറല്ല. മാന്യമായ ഇടം തന്നെയാണ് ഇസ്ലാമിലുള്ളത്. സമ്പാദിക്കലോ ചെലവഴിക്കലോ സാമ്പത്തികമായി പരിപാലിക്കലോ യാതൊരു ബാധ്യതയുമില്ലാത്ത മുസ്ലിം സ്ത്രീയുടെ ജീവിതാസ്വാദനം എന്നത് ബഹുവര്‍ണമുള്ള ഒരു നിലപാട് തന്നെയാണ്. ധനം സമ്പാദിക്കലും കുടുംബത്തിനു വേണ്ടി ചെലവഴിക്കലും അതിന്റെ നടത്തിപ്പ് ചൊവ്വായി നിര്‍വഹിക്കലും (ഖവ്വാം) ഇസ്ലാമിന്റെ രീതിശാസ്ത്രത്തില്‍ അലങ്കാരമല്ല മറിച്ച് ചുമതലാഭാരവും ഉത്തരവാദിത്വവുമാണ്.
മുസ്ലിം സ്ത്രീയുടെ സാമൂഹിക ഇടപെടലുകളെക്കുറിച്ചും പദവിയെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവരും കണ്ടില്ലെന്ന് നടിക്കുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. ഗാര്‍ഹികാന്തരീക്ഷം പ്രക്ഷുബ്ധമാക്കുന്നതിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള വയലന്‍സിലേക്ക് നയിക്കുന്നതിലും മദ്യം എത്രമാത്രം പങ്ക് വഹിക്കുന്നുണ്ട് എന്നതാണത്.
പൗരുഷത്തിന്റെ ലക്ഷണമായി 'വൈകിട്ടെന്താ പരിപാടി' ഡയലോഗുകള്‍ കാമ്പസിലെ ആണ്‍ പെണ്‍ തലമുറയെയും എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്നതും പുനര്‍വിചിന്തനം നടത്തണം. ആണിന്റെയും പെണ്ണിന്റെയും ജനിതകപരമായ വ്യതിരിക്തതകളെ പാടെ അവഗണിച്ച് നടക്കുന്ന സ്ത്രീ ശാക്തീകരണ ചര്‍ച്ചകളില്‍ പലപ്പോഴും ഇസ്ലാമിന്റെ സദാചാര സങ്കല്‍പവും ആണ്‍ പെണ്‍ ഇടപഴകലുകളെക്കുറിച്ച നിലപാടും മുസ്ലിം സ്ത്രീകളുടെ അസ്വാതന്ത്ര്യവും മൂഖ്യവിഷയമായി കടന്നുവരാറുണ്ട്.
പ്രമുഖരായ സഹാബിവര്യന്മാരുടെ ശിക്ഷണം ലഭിച്ച താബിഉകളില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ഇമാം സുഹ്രി പ്രവാചകന്റെ പ്രിയ പത്നി ആഇശയെക്കുറിച്ച് പറഞ്ഞ വാക്കുകളിങ്ങനെയാണ്. ''ആഇശ ജനങ്ങളില്‍ ഏറ്റവും അറിവുള്ള ആളായിരുന്നു. റസൂലിന്റെ സ്വഹാബിമാരില്‍ പ്രമുഖര്‍ പോലും അവരോട് ചോദിച്ചു പഠിച്ചിരുന്നു.' പെണ്ണിനെ പൊതു വ്യവഹാരങ്ങളില്‍നിന്ന് മാറ്റി നിര്‍ത്താനല്ല ഇസ്ലാം ശ്രമിക്കുന്നത്. മറിച്ച് വ്യക്തി, കുടുംബ, സാമൂഹിക ജീവിതത്തെ പരിക്കേല്‍പ്പിക്കാതെ സന്തുലിതമായ ജീവിതം എങ്ങനെ സാധ്യമാകും? എന്ന ലിംഗനീതിയിലധിഷ്ഠിതമായ പാകപ്പെടുത്തലുകളാണ് അതിന്റെ മര്‍മം.
യാഥാര്‍ഥ്യങ്ങളോട് പുറംതിരിഞ്ഞ് ഇസ്ലാം ഭീതിയുടെ പരിസരത്തുനിന്നും ഉല്‍പാദിച്ച ആഖ്യാനങ്ങളുടെ ഭാഷയില്‍ സംസാരിക്കുന്ന ഇടത് ലിബറല്‍ പുരോഗമന വാദികള്‍ മുസ്ലിം സമുദായത്തോട് മാത്രമല്ല മുസ്ലിം സ്ത്രീയോടും ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. നീതീകരിക്കാനാവാത്ത അതിക്രമവും കൂടിയാണത്.
കേരളത്തിലെ മുസ്ലിം വിദ്യാര്‍ഥികളെ സെന്‍ട്രല്‍ യൂനിവേഴ്സിറ്റികളിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്നും മലപ്പുറത്തെ മുസ്ലിം വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്നുമുള്ള പരാമര്‍ശങ്ങളുള്‍പ്പടെയുള്ളവ സംഘ്പരിവാറിന് മുസ്‌ലിം വിരുദ്ധ വംശീയത പ്രചരിപ്പിക്കാനുള്ള ആയുധമായിത്തീരുകയാണ് ചെയ്തത്.