ആസ്പത്രിയിലെ പരിഷ്‌ക്കാരങ്ങള്‍

തോട്ടത്തില്‍ മുഹമ്മദലി വര: ശബീബ മലപ്പുറം No image

സുബൈര്‍ നന്നേ രാവിലെ തന്നെ ഒരുങ്ങി. ഡ്രൈവറെ പ്രതീക്ഷിച്ച് ടി.വിയില്‍ കണ്ണും നട്ടിരുന്നു. കോളിംഗ് ബെല്‍ ശബ്ദിച്ചു. വാതില്‍തുറന്ന് നോക്കി. അശോകന്‍ ചിരിച്ചു നില്‍ക്കുന്നു. 
''സാര്‍ റെഡിയായില്ലേ?''
''ഞാന്‍ എപ്പഴേ റെഡി.''
ടി.വി. ഓഫ്‌ചെയ്തു. സുബൈര്‍ ഇറങ്ങി. പത്ത് നിമിഷം കൊണ്ട് ആശുപത്രിയില്‍ എത്തി. കാറില്‍ നിന്നിറങ്ങുമ്പോള്‍ സുബൈര്‍ പറഞ്ഞു.
''ഇത്ര അടുത്ത സ്ഥലത്തേക്കെന്തിനാ വാഹനം? ഇതാവശ്യമില്ല. ഞാന്‍ നടന്നോളാം.''
''ഇല്ല സാര്‍, സാറെങ്ങാനും നടന്ന് വരുന്നത് കണ്ടാല്‍ ബോസ് ചീത്ത പറയും. ഒരു കാരണവശാലും ഡോക്ടര്‍മാരെ നടത്തരുതെന്നാ ബോസിന്റെ നിര്‍ദേശം.''
സുബൈര്‍ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ തെല്ല് അമ്പരന്നു. വിശാലമായ ഹാള്‍. ഇരിക്കാന്‍ സോഫകള്‍. നീണ്ട നിരയിലുള്ള റിസപ്ഷന്‍ കൗണ്ടറുകള്‍. ഒരുപാട് ട്രോളികളും വീല്‍ചെയറുകളും വരിവരിയായി അടുക്കിവെച്ചിരിക്കുന്നു. വിസിറ്റേഴ്‌സ് ചെയറുകള്‍. ഇരുവശങ്ങളിലും പൂച്ചട്ടികള്‍. നിലത്ത് വിലപിടിപ്പുള്ള കാര്‍പ്പറ്റ്. അങ്ങിങ്ങായി കുറച്ച് രോഗികളും കൂടെ വന്നവരും.
റിസപ്ഷന്റെ മുമ്പില്‍ നീണ്ട നിര. അവരുടെ ഊഴത്തിനു കാത്ത് നില്‍ക്കുന്നു. നാട്ടില്‍ നിന്നും ഭിന്നമായ ഒരു പ്രത്യേകത. സാമ്പത്തികമായി വളരെ ഉയര്‍ന്ന കുവൈത്തിലെ ഒന്ന് രണ്ട് ഇന്ത്യക്കാര്‍, അതും മലയാളികള്‍, ഒരു കുവൈത്തി സ്വദേശിയും പങ്ക് ചേര്‍ന്നുള്ള ആശുപത്രി. ഒറ്റനോട്ടത്തില്‍ തന്നെ വിസ്മയാവഹം. ഇങ്ങനെയാണെങ്കില്‍ ഇവിടെത്തെ മറ്റ് ആശുപത്രികള്‍ എങ്ങനെയായിരിക്കും! സുബൈര്‍ അശോകന്റെ കൂടെ കാസിംച്ചാന്റെ റൂമില്‍ കടന്നു. അദ്ദേഹം ആരോടോ ടെലിഫോണില്‍ സംസാരിക്കുന്നത് ഗ്ലാസ്‌ഡോറില്‍ കൂടികാണാം. പത്തുപതിനഞ്ച് നിമിഷം ഫോണ്‍ സംഭാഷണം തീരുന്നത് വരെ അവിടെ നിന്നു. വാതിലില്‍ മുഹമ്മദ് കാസിം ''മാനേജിംഗ് ഡയറക്ടര്‍'' എന്നുള്ള ബോര്‍ഡ് അറബിയിലും ഇംഗ്ലീഷിലും. വിശാലമായ, മനോഹരമായി അലങ്കരിച്ച മുറി. എം.ഡിയുടെ തൊട്ടടുത്ത മുറിയാണ് മാനേജരുടേത്. അതിലും അറബിയിലും ഇംഗ്ലീഷിലും മാനേജര്‍ എന്ന് എഴുതിവെച്ചിട്ടുണ്ട്. അദ്ദേഹം ഫോണ്‍ വെച്ചു. മുതലാളി കാസിം ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞില്ല. ഗൗരവത്തോടെ എന്നെ അടിമുടിയൊന്ന് നോക്കി. അദ്ദേഹത്തിന്റെ മുമ്പിലുള്ള കസേരയില്‍ പറയാതെതന്നെ ഞാനിരുന്നു. അശോകന്‍ ഇരുന്നില്ല. മാറി നിന്നു. അദ്ദേഹം മുഖത്തെ കണ്ണടയെടുത്ത് ടിഷ്യൂ പേപ്പറില്‍ തുടച്ച് കണ്ണട വീണ്ടും വെച്ച് നിവര്‍ന്നിരുന്നു. എന്നോട് ചോദിച്ചു. 
''ഫ്‌ളൈറ്റൊക്കെ കറക്റ്റ് സമയമായിരുന്നോ?''
''ഫ്‌ളൈറ്റ് സമയത്തായിരുന്നു, എമിഗ്രേഷന്‍ കടക്കാന്‍ ഒരുപാട് വൈകി.'' മറുപടി നല്‍കി. 
അദ്ദേഹം തന്റെ കഷണ്ടിത്തല കൈകൊണ്ട് തടവി.
''ഇവന്‍ നിന്റെ മുറി കാണിച്ചുതരും.'' 
തിരിഞ്ഞ് അശോകനോട്: 
''എക്കൗണ്ടന്റിനോട് ചാവള ഇയാള്‍ക്ക് കൊടുത്തേക്ക്.''
അശോകന്റെ പിറകെ സുബൈറും മുറിയില്‍ നിന്നിറങ്ങി ഓഫീസിലെത്തി. കറങ്ങുന്ന കസേരയില്‍ ഇരുന്നു. അഹ്ലാദം തോന്നി. മേശപ്പുറത്ത് വലിയൊരു കാല്‍ക്കുലേറ്റര്‍. കമ്പ്യൂട്ടര്‍, പ്രിന്റര്‍, ഫാക്‌സ് എല്ലാം വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു. തൊട്ടടുത്ത ഹാളില്‍ പതിനഞ്ചോളം പേര്‍ ജോലി ചെയ്യുന്നു. അതാണ് മെയിന്‍ ഓഫീസ്. അശോകന്‍ എന്നെ ഓഫീസിലാക്കി മുറിവിട്ടുപോയി. 
സുബൈര്‍ സീറ്റില്‍നിന്ന് എഴുന്നേറ്റ് അടുത്തുള്ള ഹാളിലേക്ക് പോയി. ജീവനക്കാരുമായി പരിചയപ്പെട്ടു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ആള്‍ക്കാര്‍, എല്ലാവരോടും കുശലം പറഞ്ഞു. അവരുടെയൊക്കെ സഹകരണം അഭ്യര്‍ഥിച്ച് റൂമില്‍ ചെന്നിരുന്നു. ഡോക്ടര്‍മാരുടെയും ഇതര ജീവനക്കാരുടെയും ഫയലുകള്‍ ഓരോന്നായി പരിശോധിച്ചു. കോളിംഗ്‌ബെല്‍ അമര്‍ത്തി. ഒരു അറ്റന്‍ഡര്‍ വന്നു. കുടിക്കാനുള്ള വെള്ളം ഓര്‍ഡര്‍ ചെയ്തു. 
താഴത്തെ നിലയില്‍ ഡോക്ടര്‍മാരെ പരിചയപ്പെടാന്‍ വേണ്ടി എഴുന്നേറ്റപ്പോഴേക്കും മുമ്പില്‍ കാസിംച്ച, പിറകില്‍ അശോകന്‍. ബ്രീഫ്‌കെയ്‌സുമായി ഗൗനിക്കാതെ എം.ഡിയുടെ മുറിയിലേക്ക് പോയി. സുബൈര്‍ കസേരയില്‍ തന്നെയിരുന്നു. അല്‍പസമയത്തിനകം അശോകന്‍ വന്നിട്ട് എം.ഡിയെ കാണാന്‍ പറഞ്ഞു. സുബൈര്‍ എം.ഡിയുടെ മുറിയില്‍ കയറി. കണ്ടയുടനെത്തന്നെ എം.ഡി കഷണ്ടിയൊന്ന് തടവി.
''പേരെന്താ പറഞ്ഞത്?''
''സുബൈര്‍.''
അശോകനോടായി എം.ഡി. പറഞ്ഞു:
''നിന്നോട് ഹവല്ലിയില്‍ പോകാന്‍ പറഞ്ഞില്ലേ? പോയിവാ...''
''ഓ., ശരി, കാസിംച്ച.. അത് ഞാന്‍ മറന്നു.''
അശോകന്‍ മുറിവിട്ടിറങ്ങി. അവര്‍ വര്‍ത്തമാനത്തിലേക്ക് കടന്നു.
''സുബൈറേ, ഇവിടെ അഡ്മിനായി ഒരാള്‍ ഉണ്ടായിരുന്നു. അവന്‍ എം.ബി.എ. ആയിരുന്നു. അയാള്‍ ദുബൈക്ക് പോയി. നിന്റെ കാര്യം എ.എസ്. എന്നോട് സൂചിപ്പിച്ചിരുന്നു. പിന്നെ നിന്നെക്കുറിച്ചുള്ള പഴയ കഥകളും. നീ പണ്ട് പഠിക്കാന്‍ വേണ്ടി കരഞ്ഞതും, വായനശാലയില്‍വെച്ച് എ.എസ്സിനെ കണ്ടുമുട്ടിയതും മറ്റും. എ.എസ് നിന്റെ ഉപ്പയോട് പറഞ്ഞതുകൊണ്ടാണ് നിന്നെ പഠിക്കാന്‍ വിട്ടത്.''    
പിന്നീട് ഉപ്പയെപ്പറ്റി, ഉപ്പാപ്പാക്ക് വേണ്ടി ജോലിചെയ്യുന്നതിനെപ്പറ്റി, മറ്റ് കുടുംബ കാര്യങ്ങള്‍ എല്ലാം സംസാരിച്ചു. സുബൈര്‍ നിര്‍ന്നിമേഷനായി കേട്ടു. എല്ലാ വിവരങ്ങളും കാസിം ശേഖരിച്ചിട്ടുണ്ട്. 
''എ.ഒ. ഇന്നവധിയാണ്. നാളെ അവന്‍ തിരിച്ചുവരും. അവന്‍ നീ ചെയ്യേണ്ട ജോലികളൊക്കെ പറഞ്ഞുതരും.'' 
കാസിം ഇന്റര്‍കോമിലൂടെ മെഡിക്കല്‍ ഡയറക്ടറെ വിളിച്ചു. 
''ഡോക്ടര്‍ ഒന്ന് ഇവിടേക്ക് വരൂ.''
നാട്ടുവിശേഷങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ചന്ദ്രന്‍ കടന്നുവന്നു. 
''ഡോക്ടര്‍, ഇയാളാണ് നമ്മുടെ പുതിയ മാനേജര്‍.''
ഡോ. ചന്ദ്രന്‍ ചിരിച്ചു. സുബൈര്‍ ഷേയ്ക്ക്ഹാന്റ് ചെയ്തു. 
''ഇദ്ദേഹം ഡോക്ടറാണെന്ന് പറയുന്നത് കേട്ടല്ലോ?'' ചന്ദ്രന്റെ ചോദ്യം.
''ഇല്ല, എം.ബി.ബി.എസ് മുഴുമിപ്പിക്കാതെ മൂന്നാംവര്‍ഷം പഠിപ്പ് നിര്‍ത്തി.''
ചിരിച്ചുകൊണ്ടാണ് കാസിം, ഡോക്ടര്‍ ചന്ദ്രന് ഉത്തരം നല്‍കിയത്. ഡോ. ചന്ദ്രന്‍ അടുത്ത കസേരയില്‍ ഇരുന്നു. 
''പിന്നെന്ത് പറ്റി?''
കാസിം, സുബൈറിനെ നോക്കിചിരിച്ചു. സുബൈര്‍ ഉത്തരം പറയാന്‍ സമ്മതിക്കാതെ കാസിം തുടര്‍ന്നു.
''പഠിക്കാന്‍ മിടുക്കനായ ഇവനെ പഠിപ്പിക്കാന്‍ താല്‍പര്യം കാണിച്ചത് ഇവന്റെ അമ്മാവനായിരുന്നു. സുബൈര്‍ വിചാരിച്ചത് അമ്മാവന് ഇവനോട് ഭയങ്കര സ്‌നേഹമായിരുന്നു എന്നാണ്.''
''പിന്നെയെന്ത് സംഭവിച്ചു?''
''അമ്മാവന്‍ വിചാരിച്ചത് തന്റെ മകളെ ഇവനെക്കൊണ്ട് കെട്ടിക്കാമെന്നായിരുന്നു.''
''അത് നല്ലതല്ലേ...? മുറപ്പെണ്ണ്.''
ചന്ദ്രന്‍ വിട്ടില്ല.
''വളരെ നല്ലതായിരുന്നു... ഇവന്‍ മണ്ടൂസ്. ഇഷ്ടം പോലെ സ്വത്തും. കല്യാണം മണത്തറിഞ്ഞ ഇവന്‍ പിന്മാറി.''
സുബൈര്‍ ഇവരുടെ സംഭാഷണം കേട്ട് മൗനം പാലിച്ച് അവിടെ ഇരുന്നു. കാസിം നിര്‍ത്താതെ സംഭാഷണം തുടര്‍ന്നു. 
''ഡോ. ചന്ദ്രന്‍, ഇയാള്‍ക്ക് തന്റെ വീട്ടിലെ അടുക്കളക്കാരിയുടെ മകളോട് ഒരു ലൈന്‍.'' 
''ഓ... പ്രേമം...!''
ഹ... ഹ... ഹ... അവര്‍ ഉച്ചത്തില്‍ ചിരിച്ചു. തൊലി പൊള്ളുന്നതായി സുബൈറിന് തോന്നി. 
അമ്മാവനോട് അവന്‍ തീര്‍ത്തു പറഞ്ഞു: 
''ഞാന്‍ കല്യാണം കഴിക്കുന്നുവെങ്കില്‍ അത് സ്‌നേഹിക്കുന്ന പെണ്ണിനെ മാത്രം.'' അങ്ങനെ ആ കല്യാണാലോചനയും പൊട്ടി. പിന്നെ അവന്റെ പഠിത്തവും പൊട്ടി.''
കാസിം വര്‍ത്തമാനം പെട്ടെന്ന് നിര്‍ത്തി. 
''ഡോക്ടര്‍, നാളെ അസീസ് വരും. അവനോട് ജോലിയൊക്കെ ഒന്ന് വിശദീകരിച്ചുകൊടുക്കാന്‍ പറയണം. ഇപ്പോള്‍ നിങ്ങള്‍ ഇവന് ഡോക്ടര്‍മാരെയൊക്കെ പരിചയപ്പെടുത്തിക്കൊടുക്കണം.''
''ഓക്കെ. അതിനെന്താ... വരൂ, സുബൈറേ.'' ഡോ. ചന്ദ്രന്‍ എഴുന്നേറ്റു. സുബൈറിന് ഡോക്ടര്‍മാരെ മുഴുവന്‍ പരിചയപ്പെടുത്തി. ഡോക്ടര്‍മാരുടെ സംശയങ്ങള്‍ എല്ലാം ഒരുപോലെ ആയിരുന്നു. 
''എത്രകാലം ഇവിടെ ഉണ്ടാകും?''
ഇരുപത്തിയാറ് ഡോക്‌ടേഴ്‌സും മുന്നൂറ് ജീവനക്കാരുമാണുള്ളത്. ഇത് നേരത്തെ മനസ്സിലാക്കിയിരുന്നു, സുബൈര്‍. പരിചയപ്പെടുത്തല്‍ കഴിഞ്ഞ ശേഷം ഡോ. ചന്ദ്രന്‍ ഒ.പി.യിലേക്ക് പോയി. സുബൈര്‍ തന്റെ കേബിനിലേക്കും. 
എല്ലാവരുടേയും ഫയലുകള്‍ നോക്കി ഓരോരുത്തരുടെയും ജോലി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം ഒക്കെ നോട്ട് ചെയ്ത് ലിസ്റ്റുണ്ടാക്കി. എന്തോ ചോദിക്കാനെന്ന ഭാവത്തില്‍ സുബൈര്‍ എഴുന്നേറ്റു. 
''ഇവിടെ ആരുമില്ലേ...?''
ഇത് കേട്ട് ലതിക മുറിയിലെത്തി.
''ഇവിടെ അറ്റന്‍ഡേര്‍സ് ഇല്ലേ?''
സുബൈര്‍ ഉച്ചത്തില്‍ ചോദിച്ചു.
''ഉണ്ട് സാര്‍, ഞാന്‍ വിളിക്കാം.''
ലതിക പറഞ്ഞു. അവള്‍ ധൃതിയില്‍ മുറിവിട്ടുപോയി. 
''ഹസ്സന്‍ കൊ ബുലാഓ''
ഹസ്സനെ അന്വേഷിച്ചു. കുറച്ച് സമയത്തിനു ശേഷം ഹസ്സനെത്തി. അവന്‍ ബംഗ്ലാദേശിയാണ്. അവന്‍ ഹിന്ദിയില്‍ ചോദിച്ചു. 
''ആപ്പ് മേ രേക്കോ ബുലായാ?''
(സാറെന്നെ വിളിച്ചോ?)
സുബൈര്‍ ഭാഷ വശമില്ലാത്തത് കൊണ്ട് ആദ്യം പരുങ്ങി. ഒരുവിധം മുറി ഹിന്ദിയില്‍ ക്ലീനിംഗ് സൂപ്പര്‍വൈസറെ വിളിക്കാന്‍ പറഞ്ഞു. അല്‍പ്പസമയത്തിനു ശേഷം ക്ലീനിംഗ് സൂപ്പര്‍വൈസറും ക്ലീനിംഗ് ജീവനക്കാരുമായി യോഗം ചേര്‍ന്നു. സുബൈര്‍ ശുചിത്വത്തിനു വേണ്ടി നൂതനമായ ചില പരിഷ്‌കാരങ്ങള്‍ വരുത്തി. ഏറ്റവും അധികം ഉപയോഗിക്കുന്ന ശൗചാലയം മണിക്കൂര്‍ ഇടവിട്ട് വൃത്തിയാക്കാനുള്ള ചാര്‍ട്ട് ഉണ്ടാക്കി. അതില്‍ അടയാളപ്പെടുത്താനും, സൂപ്പര്‍വൈസര്‍ പരിശോധിച്ച് മാര്‍ക്ക് ചെയ്യാനും നിര്‍ദേശിച്ചു. മറ്റു സെക്ഷനുകളുടെയും യോഗം സംഘടിപ്പിച്ചു. ക്വാളിറ്റി സിസ്റ്റം പ്രൊസീജറിനെ കുറിച്ച് ക്ലാസെടുത്തു. ക്വാളിറ്റി പോളിസിക്ക് രൂപം നല്‍കി. കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ സര്‍വെ റിപ്പോര്‍ട്ട് ഉണ്ടാക്കി, നഴ്‌സിംഗ് സൂപ്രണ്ടിന് കൊടുത്തു. ആഴ്ചയില്‍ ഒരിക്കല്‍ എല്ലാവരുമായുള്ള കൂടിച്ചേരല്‍ വേണം. അത് ഞായറാഴ്ച രാവിലെയാക്കാന്‍ തീരുമാനിച്ചു. മൂന്ന് മാസത്തിലൊരിക്കല്‍ ഡോക്ടര്‍മാരുമായുള്ള മീറ്റിംഗ് ചേരാനും തീരുമാനമായി. ആ സമയത്താണ് കാസിംച്ച അങ്ങോട്ട് കടന്നുവന്നത്. 
''എന്താണ്പ്രശ്‌നം?...''
''ഞാന്‍ ചെറുതായൊരു ക്ലാസെടുക്കുകയായിരുന്നു, ശുചിത്വത്തെക്കുറിച്ച്.''
സുബൈര്‍ പല സെഷനും കൊടുക്കേണ്ട നിര്‍ദേശങ്ങള്‍ കാസിമിനോട് വിവരിച്ചു. എല്ലാം കേട്ടു കാസിം ചെറു പുഞ്ചിരിയോടെ തലയും തടവി അവിടുന്നിറങ്ങി. 
പിന്നീട് പോയത് റിസപ്ഷനിലേക്കായിരുന്നു. വരിവരിയായി ആള്‍ക്കാര്‍ അച്ചടക്കത്തോടെ തങ്ങളുടെ ഊഴത്തിനായി ക്ഷമയോടെകാത്തു നില്‍ക്കുന്നു. ഇത് വളരെദൂരെ നിന്ന് സുബൈര്‍ വീക്ഷിച്ചു. ജീവനക്കാരുടെ പെരുമാറ്റം, എത്ര സമയം അവര്‍ ഒരാള്‍ക്ക് വേണ്ടി ചെലവഴിക്കുന്നു എന്നൊക്കെ മനസ്സില്‍ കുറിച്ചിട്ടു. സുബൈര്‍ റിസപ്ഷനില്‍ പോയി ഉപദേശനിര്‍ദേശങ്ങള്‍ നല്‍കി. അവരോട് ചോദിച്ചു. 
''നിങ്ങള്‍ ആരെങ്കിലും ഇങ്ങനെ ക്യൂവില്‍ നില്‍ക്കുമോ?''
സുബൈര്‍ തുടര്‍ന്നു: 
''നമ്മുടെ ഈ ക്യൂ മതിയാക്കണം.''
എല്ലാവരും സുബൈറിനെ ആകാംക്ഷയോടെ നോക്കി. അയാള്‍ പറഞ്ഞു:
''ഇനി മുതല്‍ നമുക്ക് ടോക്കണ്‍ സിസ്റ്റം പരിചയപ്പെടുത്താം. ഞാന്‍ എം.ഡി.യുമായി സംസാരിക്കട്ടെ.''
നടന്നകന്ന സുബൈര്‍ തിരികെവന്ന് അവരെല്ലാവരോടുമായി പറഞ്ഞു: 
''നിങ്ങളുടെ പൂര്‍ണ സഹകരണം പ്രതീക്ഷിക്കുന്നു.'' അയാള്‍ കാബിനിലേക്ക് പോയി. ചെയ്യേണ്ട കാര്യങ്ങളൊക്കെ ഡയറിയില്‍ കുറിച്ചു. ഇന്റര്‍കോമിലൂടെ മെഡിക്കല്‍ ഡയറക്ടറുമായി ബന്ധപ്പെട്ടു.
''ഞാന്‍ വരാം.''
മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ചന്ദ്രന്‍ സുബൈറിന്റെ കാബിനില്‍ എത്തി. തന്റെ പുതിയ പ്ലാന്‍ സംബന്ധിച്ച് ചന്ദ്രനുമായി ആശയ വിനിമയം നടത്തി. അവരിരുവരും എം.ഡിയോട് നേരിട്ട് കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ധാരണയായി. 
അന്ന് തന്നെ വൈകുന്നേരം സുബൈറും ഡോ. ചന്ദ്രനും എം.ഡിയെ കാര്യങ്ങളൊക്കെ ധരിപ്പിച്ചു. സുബൈര്‍ തയാറാക്കിയ പ്ലാനും വിശദവിവരങ്ങളും എം.ഡിക്ക് സമര്‍പ്പിച്ചു. മുഴുവാേനും വായിച്ച ശേഷം ഡോ. ചന്ദ്രനോട് എം.ഡി അഭിപ്രായം ആരാഞ്ഞു. 
''എങ്ങിനെയുണ്ട് ഡോ. ചന്ദ്രന്‍?''
''വെരിഗുഡ്... സുബൈറിന്റെ ഐഡിയ കൊള്ളാം.'' 
''ഒ.കെ. സുബൈര്‍. പറഞ്ഞ പ്രകാരം നമുക്ക് ചെയ്യാം.'' എം.ഡി അഭിനന്ദിച്ചു.
(തുടരും)
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top