മരുഭൂമികളില്‍ ഇനി വസന്തം പെയ്യട്ടെ

എ.പി ഷംസീര്‍
November 2021

കൊറോണ രൂപപ്പെടുത്തിയ പുതിയ ജീവിത ശീലങ്ങള്‍ പല രീതിയില്‍ ഏറ്റവുമധികം സ്വാധീനിക്കുന്നതും ബാധിക്കുന്നതും കുഞ്ഞുങ്ങളെയാണ്. ഇത് ഉറപ്പിക്കുന്ന എണ്ണമറ്റ പഠനങ്ങള്‍ ഇതിനോടകം പുറത്തുവന്നു. സാമൂഹികമായ ഒറ്റപ്പെടല്‍ (ടീരശമഹ  കീെഹമശേീി) കാരണമായുള്ള ക്ഷതങ്ങളും ആഘാതങ്ങളും ഏതൊക്കെ തരത്തില്‍ നമ്മുടെ കുഞ്ഞുങ്ങളെ ബാധിച്ചിട്ടുണ്ടെന്നത് വരും നാളുകള്‍ നമ്മോട് പറയും. ഒരു കൂട്ടിയുടെ സാമൂഹിക ബോധത്തെ രൂപപ്പെടുത്തുന്നത് പാഠപുസ്തകങ്ങളിലെ കേവലം അറിവുകളോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ വിവരങ്ങളോ അല്ല. ക്ലാസ് മുറികള്‍ക്കകത്തും പുറത്തും വിദ്യാര്‍ഥികള്‍ക്കിടയില്‍ രൂപപ്പെട്ട് വരുന്ന ജൈവിക ബന്ധമാണ്. അത്തരമൊരു ജൈവിക ബന്ധം രൂപപ്പെടണമെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ സാമൂഹിക അടുപ്പം ഉണ്ടാകണം. മറ്റുള്ളവരുടെ ശ്വാസമിടിപ്പും ഗന്ധവുമനുഭവിച്ചറിയണം. കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍ സാധിക്കണം. കൈകോര്‍ത്തും തോളില്‍ കൈയിട്ടും സ്‌കൂള്‍ വരാന്തയിലൂടെ കഥകളും തമാശകളും പറഞ്ഞ് നടക്കണം. താളത്തില്‍ കൈകൊട്ടിപ്പാടുന്ന പാട്ടുകള്‍ക്ക് നേരിട്ട് കാതോര്‍ക്കണം. ഭക്ഷണപ്പൊതിയിലെ വിഭവങ്ങള്‍ പകുത്തു നല്‍കണം.
ക്ലാസ് മുറികള്‍ക്കകത്ത് ഗുരു ശിഷ്യ ബന്ധത്തിന്റെ ജൈവികത തളിരിടുമ്പോള്‍ ക്ലാസ് മുറികള്‍ക്ക് പുറത്ത് വരാന്തയിലും മുറ്റത്തും മൈതാനത്തുമെല്ലാം സുഹൃത്തായും സഹപാഠിയായും ഒരു വിദ്യാര്‍ഥി അപരനിലേക്ക് പടരുന്നു. നൈസര്‍ഗികമായി ഇങ്ങനെ രൂപപ്പെട്ടുവരേണ്ട കുട്ടിയിലെ വ്യക്തിത്വ വളര്‍ച്ചയെയാണ് കൊറോണ പ്രധാനമായും തടവിലാക്കിയത്. സാമൂഹിക മാധ്യമങ്ങളിലെ സൗഹൃദങ്ങള്‍ എത്രമേല്‍ അജൈവികവും ചൈതന്യ രഹിതവുമാണോ അത്രതന്നെ ആത്മസ്പര്‍ശമില്ലാത്ത ഇടങ്ങളാണ് പലപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളും സ്‌ക്രീന്‍ സൗഹൃദങ്ങളും.
പ്രശസ്ത സ്പാനിഷ് എഴുത്തുകാരി വലേര സബേറ്റര്‍ ഈയൊരു സവിശേഷ സാഹചര്യത്തെ ഇങ്ങനെ വിശദീകരിക്കുന്നു. 'കൊറോണ ഏറ്റവും വലിയ പരിക്കുകളേല്‍പ്പിച്ചിരിക്കുന്നത് നമ്മുടെ കുട്ടികളെയാണ്. നമുക്ക് ചുറ്റും അവര്‍ നിശബ്ദരായി ഈ അവസ്ഥയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കാലം ഏല്‍പിച്ച ഈ ആഘാതത്തില്‍ അവര്‍ ഏറെ പരിക്ഷീണരാണ്. പ്രത്യേകിച്ച് സ്‌കൂളുകളിലെ ക്ലാസ് മുറികളാല്‍ തിരസ്‌കരിക്കപ്പെട്ടവരെന്ന നിലക്ക് അതിജീവനമെന്നത് അവര്‍ക്ക് ഏറെ ആയാസമേറിയതാണ്. ലോകത്ത് മൂന്നൂറ് മില്യനിലധികം കുട്ടികളാണ് കൊറോണ കാരണമായി വിദ്യാഭ്യാസ പ്രക്രിയയില്‍ നിന്ന് പുറം തള്ളപ്പെടുകയും മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തത്. മിക്ക രാജ്യങ്ങളും ഓണ്‍ലൈന്‍ വഴി വിദ്യാഭ്യാസം പകര്‍ന്നുനല്‍കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ബഹുമുഖ കാരണങ്ങളാന്‍ ഡിജിറ്റല്‍ ലോകം പ്രാപ്യമല്ലാത്ത വിദ്യാര്‍ഥികള്‍ തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. ഡിജിറ്റല്‍ സൗകര്യങ്ങള്‍ വേണ്ടത്ര തികവോടെ ഇനിയുമെത്തിയിട്ടില്ലാത്ത, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന എത്രയോ കുടുംബങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. കാര്യക്ഷമതയുള്ള ഡിജിറ്റല്‍ സാക്ഷരത സ്വായത്തമാക്കിയിട്ടില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന അധ്യാപകര്‍ക്കിടയിലേക്കാണ് ഓണ്‍ലൈന്‍ ക്ലാസെന്ന സമ്മര്‍ദ്ദം രൂപപ്പെട്ടുവരുന്നത്.
കൊറോണക്കാലം കുട്ടികളില്‍ ഒരു പ്രത്യേക തരം നിസ്സംഗതയും മരവിപ്പും രൂപപ്പെടുത്തിയിട്ടുണ്ട്. ആമസോണിലും നെറ്റ്ഫഌക്‌സിലും യൂടൂബിലും ലഭ്യമായിട്ടുള്ള ദൃശ്യ-കലാ ആവിഷ്‌കാരങ്ങളുടെ ആസ്വാദനവും അനുഭവവും അങ്ങേയറ്റം അധ്വാനരഹിതവും കൈയകലെ പ്രാപ്യവുമാണ്. എന്നാല്‍ സ്‌കൂള്‍ കലോല്‍സവങ്ങളിലെ ജൈവികത നിറഞ്ഞ കലാസപര്യകളിലെ ടീം വര്‍ക്കും സാമൂഹികതയും അപരോന്മുഖതയുമെല്ലാം ഒരു വിദ്യാര്‍ഥിക്ക് പകര്‍ന്നുനല്‍കുന്ന ജനാധിപത്യബോധവും അനുഭവജ്ഞാനവും ആത്മസാക്ഷാത്കാരവുമെല്ലാം അതുല്യവും അമൂല്യവുമാണ്. മൈതാനത്ത് ഓടിക്കിതച്ച് സ്വന്തം ടീമിന് വേണ്ടി കായികാധ്വാനം നടത്തുമ്പോള്‍ ഒരു വിദ്യാര്‍ഥിക്ക് ലഭിക്കുന്ന ഊര്‍ജവും പ്രസരിപ്പും ഗെയിമുകളില്‍ ബൂട്ട് കെട്ടുമ്പോള്‍ കിട്ടില്ല.
കലാലയങ്ങളും സ്‌കൂളുകളും തുറക്കുമ്പോള്‍ കൊറോണ ഊഷരമാക്കിയ ക്ലാസ് റൂമുകളില്‍ ജീവന്റെ പുതിയ തുടിപ്പുകള്‍ക്ക് പ്രതീക്ഷയോടെ നമുക്ക് കാതോര്‍ക്കാം. അടച്ചുപൂട്ടലില്‍ വീടകങ്ങളില്‍ വാടിപ്പോയ പൂക്കള്‍ സ്്കൂള്‍ മൈതാനങ്ങളില്‍ ആനന്ദ നൃത്തം ചവിട്ടുന്ന പുലരികള്‍ക്കായി കാത്തിരിക്കാം. പുഞ്ചിരികള്‍ അറുത്തു മാറ്റപ്പെട്ട കുഞ്ഞിളം ചുണ്ടുകളില്‍ ഇനി മനം നിറക്കുന്ന മന്ദസ്മിതങ്ങളും കാതുകളില്‍ താളം പിടിക്കുന്ന പൊട്ടിച്ചിരികളും തിരിച്ചുവന്നേക്കാം. മരുഭൂമികള്‍ പൂക്കുന്ന കാലത്തിനു വേണ്ടി കണ്ണ് തുറന്നു പിടിക്കുക. അപരന്റെ ശബ്ദം ഏറ്റവുമടുത്തിരുന്ന് സംഗീതം പോലെ ആസ്വദിക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയട്ടെ. സ്‌കൂളുകള്‍ വിഷാദഭാവങ്ങളുടെ ചേറും ചെളിയും കൊണ്ടടഞ്ഞുപോയ ഒരുപറ്റം പരിപാവനമായ ആത്മാവുകളെയുമായാണ് തുറക്കുന്നത്. പ്രതീക്ഷയുടെ ജൈവികതയുടെ വലിയ തുറസ്സിലേക്ക്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media