വിട്ടുവീഴ്ച
സുബൈര്‍ കുന്ദമംഗലം
November 2021
ഖുര്‍ആനും സുന്നത്തും മുന്തിയ പരിഗണന നല്കിയ ഉത്തമ സ്വഭാവ ഗുണമാണ് വിട്ടുവീഴ്ച
ഖുര്‍ആനും സുന്നത്തും മുന്തിയ പരിഗണന നല്കിയ ഉത്തമ സ്വഭാവ ഗുണമാണ് വിട്ടുവീഴ്ച. വിട്ടുവീഴ്ച ചെയ്യുന്നവരെ വിശാല ഹൃദയരും മാതൃകാ ജീവിതം നയിക്കുന്നവരുമായാണ് ഇസ്ലാമിക പ്രമാണങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും കരസ്ഥമാക്കിയ 'മുഹ്സിനു'കളുടെ കൂട്ടത്തിലാണ് അത്തരം ആളുകളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 'കോപം ഒതുക്കി വെക്കുകയും മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവര്‍. അല്ലാഹു മുഹ്സിനുകളെ (സല്കര്മകാരികളെ) ഇഷ്ടപ്പെടുന്നു' (ആലുഇംറാന്: 134).
വിദ്വേഷത്തിന്റെ കെട്ടുപാടുകളില്‍നിന്ന് സ്വയം മോചിതരായി സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും പാതയിലൂടെ ദൈവപ്രീതി നേടുന്നവരാണവര്‍. കര്‍മപഥത്തില്‍ കൊണ്ടുവരാന്‍ ദുഷ്കരമായ ഈ ഉല്‍കൃഷ്ട സ്വഭാവം മനുഷ്യ മനസ്സില്‍ ഊട്ടിയുറപ്പിക്കാനായി അതീവ സുന്ദരശൈലിയാണ് ഖുര്‍ആന്‍ സ്വീകരിച്ചിട്ടുള്ളത്. അക്രമത്തെ അതേ നാണയത്തില്‍ നേരിടുമ്പോള്‍ ഭൂമിയില്‍ കുഴപ്പം അധികരിക്കുന്നു. അക്രമത്തിന് പകരം സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും ശൈലിയും ഭാഷയും സ്വീകരിക്കുക വഴി സമാധാനവും ശാന്തിയും കൈ വരുന്നു. ആയുധമുപയോഗിച്ചോ ശക്തി പ്രകടനത്തിലൂടെയോ അല്ല, വിട്ടുവീഴ്ചയിലൂടെയാണ് മനുഷ്യ ഹൃദയങ്ങള്‍ കീഴടക്കാന്‍ സാധിക്കുന്നതെന്ന് ഖുര്‍ആന്‍ പറയുന്നു.
'തിന്മക്കുള്ള പ്രതിഫലം അതുപോലുള്ള തിന്മ തന്നെയാകുന്നു. എന്നാല്‍ ആരെങ്കിലും മാപ്പ് നല്‍കുകയും രജ്ഞിപ്പുണ്ടാക്കുകയും ആണെങ്കില്‍ അവനുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയാകുന്നു. തീര്‍ച്ചയായും അവന് അക്രമം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല. താന്‍ മര്‍ദിക്കപ്പെട്ടതിന് ശേഷം വല്ലവനും രക്ഷാനടപടി സ്വീകരിക്കുന്ന പക്ഷം അത്തരക്കാര്‍ക്കെതിരില്‍ (കുറ്റം ചുമത്തല്‍) യാതൊരു മാര്‍ഗവുമില്ല. ജനങ്ങളോട് അനീതി കാണിക്കുകയും ന്യായമില്ലാതെ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരില്‍ മാത്രമേ (കുറ്റം ചുമത്താന്‍) മാര്‍ഗമുള്ളൂ. അത്തരക്കാര്‍ക്ക് തന്നെയാകുന്നു വേദനയേറിയ ശിക്ഷയും. വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു' (അശ്ശൂറ: 40,43).
പ്രിയപുത്രി ആഇശക്കെതിരെ ഉയര്‍ന്ന വ്യാജ ആരോപണം മഹാനായ അബൂബക്കറിനെ തളര്‍ത്തി. അദ്ദേഹത്തിന്റെ ഹൃദയം സങ്കടക്കടലായി. അപവാദ പ്രചരണം അസഹ്യമായപ്പോള്‍ അബൂബക്കര്‍ ഒരു പ്രതിജ്ഞ ചെയ്തു. മകള്‍ക്കെതിരെ ദുരാരോപണമുന്നയിച്ച ആശ്രിതര്‍ക്കുള്ള സഹായം നിര്‍ത്തി വെക്കുമെന്നായിരുന്നു പ്രതിജ്ഞ. ഖുര്‍ആന്‍ ഈ പ്രതിജ്ഞയെ നിശിതമായി വിമര്‍ശിച്ചു:
ആഇശ(റ) പ്രസ്താവിക്കുന്നു: 'എന്റെ നിരപരാധിത്വം വ്യക്തമാക്കിയപ്പോള്‍ മിസ്വ്തഹ്ബ്നു ഇസാസക്ക് നല്കിപ്പോരുന്ന സാമ്പത്തിക സഹായം പിന്‍വലിക്കുമെന്ന് അബൂബക്കര്‍ (റ) ശപഥം ചെയ്തു. മിസ്വ്തഹ് തന്റെ കുടുംബ ബന്ധം പരിഗണിച്ചില്ലെന്ന് മാത്രമല്ല, അയാള്‍ക്കും കുടുംബത്തിനും ആയുഷ്ക്കാലം മുഴുവന്‍ ചെയ്തുകൊണ്ടിരുന്ന ഔദാര്യം വിസ്മരിക്കുക കൂടി ചെയ്തു. അതെപ്പറ്റിയാണ് മേല്‍ സൂക്തങ്ങള്‍ അവതരിച്ചത്. ഇത് കേള്‍ക്കേണ്ട താമസം അബൂബക്കര്‍(റ) പറഞ്ഞു. 'നാഥാ തീര്‍ച്ചയായും നീ ഞങ്ങള്‍ക്ക് പൊറുത്തു തരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.' അങ്ങനെ അദ്ദേഹം മിസ്വ്തഹിനുള്ള സഹായം തുടരുകയും കൂടുതല്‍ ഉദാരമായി പെരുമാറുകയും ചെയ്തു. അപവാദ പ്രചാരണത്തില്‍ പങ്കാളികളായവര്‍ക്കെതിരെ വേറെയും ചില സ്വഹാബിമാര്‍ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും ഈ സൂക്തത്തിന്റെ അവതരണത്തോടെ അവര്‍ അതില്‍നിന്ന് പിന്മാറിയെന്ന് ഇബ്നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.' (തഫ്ഹീമുല്‍ ഖുര്‍ആന്‍, മൂന്നാം വാള്യം പേജ്: 362).
സമൂഹത്തില്‍ ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങളുടെ പേരിലെല്ലാം വ്യക്തികളെ പിടികൂടി കുറ്റവിചാരണ ചെയ്യുന്ന പ്രവണത ഇസ്ലാമിന് അന്യമാണ്. പരമാവധി വിട്ടുവീഴ്ച ചെയ്തും ക്ഷമിച്ചും മുന്നോട്ട് പോകുന്ന ശാന്തവും അനുഭാവ പൂര്‍ണവുമായ നിലപാടാണ് ഇസ് ലാം സ്വീകരിച്ചിട്ടുള്ളത്. തിന്മയെ നന്മകൊണ്ട് നേരിടുമ്പോള്‍ പക ഉരുകിയുരുകി ഇല്ലാതാവുന്നു. വിദ്വേഷത്തിന്റെ ചേറും ചെളിയും ഒലിച്ചു പോകുന്നു. ഹൃദ്യമായ പെരുമാറ്റവും നല്ല വാക്കും മായാത്ത പുഞ്ചിരിയും ബദ്ധവൈരികളെ ആത്മ സുഹൃത്തുക്കളാക്കി മാറ്റുന്നു. തിന്മയെ നന്മകൊണ്ട് നേരിടുന്നവര്‍ കൈവരിക്കുന്ന മഹത്തായ വിജയമാണിത്. ഖുര്‍ആന്‍ സൂചിപ്പിച്ചത് പോലെ, 'മഹാഭാഗ്യവാന്മാര്ക്ക് മാത്രം കൈവരുന്ന മഹത്തായ വിജയം. അതിനാല്‍ നീ ഭംഗിയായി മാപ്പ് കൊടുക്കുക.'
സത്യവിശ്വാസി ആര്‍ജിക്കേണ്ട അത്യുന്നതമായ ഈ സ്വഭാവ വിശേഷത്തെ പ്രകീര്‍ത്തിക്കുന്ന ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസ് വചനങ്ങളുമുണ്ട്. പ്രവാചകന്(സ) വിട്ടുവീഴ്ചയുടെയും ക്ഷമയുടെയും പര്യായമായിരുന്നു. തിരുനബി സ്വജീവിതത്തില്‍ വിട്ടുവീഴ്ചയുടെ മഹിതമായ മാതൃകകള്‍ വിരിയിച്ചു. ആഇശ(റ) പറയുന്നു: 'ഭാര്യയെയോ ഭൃത്യനെയോ മാത്രമല്ല, ഒരു ജീവിയെപ്പോലും നബി(സ) ഒരിക്കലും മര്‍ദിച്ചിട്ടില്ല; അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുമ്പോഴല്ലാതെ. അവിടുന്ന് യാതൊന്നിനോടും വിദ്വേഷം പുലര്‍ത്തുകയോ പ്രതികാരത്തോടെ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല, അല്ലാഹു പവിത്രമാക്കിയവ പിച്ചിച്ചീന്തപ്പെടുമ്പോഴല്ലാതെ. അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന് വേണ്ടി പ്രതികാരം ചെയ്യും' (മുസ്ലിം).
പ്രവാചക ജീവിതത്തില്‍ നിന്നുള്ള ഒരേട് അദ്ദേഹത്തിന്റെ സന്തത സഹചാരി അനസ്(റ) ഓര്‍ക്കുന്നു: 'ഞാന്‍ നബി(സ)യോടൊപ്പം നടന്ന് പോവുകയായിരുന്നു. അവിടുന്ന് പരുത്ത കട്ടികൂടിയ വക്കുള്ള ഒരു നജ്റാനി ഷാള്‍ അണിഞ്ഞിട്ടുണ്ട്. ഗ്രാമീണനായ ഒരറബി നബി(സ)യുടെ ഷാള്‍ ഊക്കോടെ പിടിച്ചു വലിച്ചു കൊണ്ടിപ്രകാരം പറഞ്ഞു: മുഹമ്മദേ, നിന്റെ പക്കലുള്ള അല്ലാഹുവിന്റെ സ്വത്തില്‍നിന്ന് വല്ലതും എനിക്ക് തരാന്‍ കല്പന കൊടുക്കുക. ഞാന്‍ പ്രവാചകന്റെ ചുമലിലേക്ക് നോക്കി. ഷാള്‍ വലിച്ചൂരിയതിന്റെ കനത്ത പാടുകള്‍ തിരുനബിയുടെ ചുമലില്‍ കാണാമായിരുന്നു. തിരുനബി പുഞ്ചിരിച്ച് കൊണ്ട് അയാളെ തിരിഞ്ഞ് നോക്കി. എന്നിട്ട് അയാള്‍ക്ക് വല്ലതും കൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു (ബുഖാരി, മുസ്ലിം). തന്റെ കഥ കഴിക്കാനായി വിഷംപുരട്ടിയ അജമാംസം സമ്മാനിച്ച ജൂതപ്പെണ്ണിന് പ്രവാചകന് മാപ്പ് നല്കി. തിരുഹൃദയത്തിന്റെ വിട്ടുവീഴ്ചയുടെ പാരമ്യം അടയാളപ്പെടുത്തിയ ഈ സംഭവം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്.
ഒരു ജൂതപ്പെണ്ണ് തിരുദൂതന് വിഷം ചേര്‍ത്ത ആടിനെ സമ്മാനിച്ചു. തിരുനബി അതില്‍ നിന്നല്പം കഴിച്ചു. അനുചരന്മാരും അല്പഭാഗം ആഹരിച്ചു. ഉടനെ നബി(സ) സഖാക്കളോട് വിൡച്ചു പറഞ്ഞു: ''ഭക്ഷിക്കാന്‍ വരട്ടെ. അതില്‍ വിഷം ചേര്‍ത്തിട്ടുണ്ട്.'' തിരുസന്നിധിയില്‍ ഹാജരാക്കപ്പെട്ട ആ സ്ത്രീയോട് അവിടുന്ന് ചോദിച്ചു: ''നിന്നെ ഇതിന് പ്രേരിപ്പിച്ചതെന്താണ്?'' അവള് പറഞ്ഞു: ''താങ്കള്‍ യഥാര്‍ഥ പ്രവാചകനാണെങ്കില്‍ അല്ലാഹു ഈ വിവരം അങ്ങയെ അറിയിക്കും. അത് വഴി താങ്കള്‍ക്ക് യാതൊരു ഉപദ്രവവും ഉണ്ടാകില്ല. പ്രവാചകനല്ലെങ്കിലോ താങ്കളുടെ ശല്യത്തില്‍നിന്ന് ഞങ്ങള്‍ക്ക് ആശ്വാസം കിട്ടുകയും ചെയ്യും.'' അവര്‍ (സഹാബിമാര്‍) ചോദിച്ചു: ''ഞങ്ങള്‍ അവളെ വധിക്കട്ടെയോ?'' അവിടുന്ന് പറഞ്ഞു: ''പാടില്ല.'' നബി(സ) ആ സ്ത്രീക്ക് മാപ്പ് നല്കി വിട്ടയച്ചു.
ഔസ് ഗോത്രം അല്ലാഹുവിന്റെയും തിരുദൂതരുടെയും കല്പനക്ക് കീഴൊതുങ്ങാതെ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ തുഫൈലുബ്നു അംറുദ്ദൗസി നബി(സ)യെ സമീപിച്ച് പറഞ്ഞു: ദൗസ് ഗോത്രം ധിക്കരിക്കുകയും അനുസരണക്കേട് കാട്ടുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അങ്ങ് അവര്‍ക്കെതിരെ പ്രാര്‍ഥിച്ചാലും. തദവസരം തിരുനബി ഖിബ്ലയുടെ നേരെ തിരിഞ്ഞ് കൈകള്‍ വാനലോകത്തേക്ക് ഉയര്‍ത്തി. അവര്‍ നശിച്ചത് തന്നെയെന്ന് ആളുകള്‍ പറയാന്‍ തുടങ്ങി. എന്നാല്‍ കരുണാ സാഗരമായ പ്രവാചകന് അവരുടെ സന്മാര്ഗ ലബ്ധിക്ക് വേണ്ടി മൂന്ന് തവണ ഇപ്രകാരം പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, നീ ഔസിന് സന്മാര്ഗം നല്‍കുകയും അനുസരണയിലേക്ക് കൊണ്ടുവരികയും ചെയ്യേണമേ.' (ബുഖാരി, മുസ്ലിം).
അനുയായികളില്‍ വിട്ടുവീഴ്ചയെന്ന ഉല്‍കൃഷ്ട സ്വഭാവം നട്ടു പിടിപ്പിക്കുന്നതിന് തിരുദൂതര്‍ ഏറെ ശ്രദ്ധിച്ചു. തിരികെ ലഭിക്കുന്ന പ്രതികരണം അവഗണനയും ബന്ധ വിഛേദനവുമാണെങ്കിലും വിശ്വാസികള്‍ കൈ വിടരുത്. ഉല്‍കൃഷ്ട കര്‍മങ്ങള്‍ ഏതെല്ലാമാണെന്ന് അന്വേഷിച്ച ഉഖ്മത്ബ്നു ആമിറിനോട് തിരുനബി പറഞ്ഞു: അല്ലയോ ഉഖ്ബ, ബന്ധോെം വിഛേദിച്ചവനോട് നീ ചാര്‍ച്ച ചേര്‍ക്കുക. നിന്നെ തടഞ്ഞവന് നീ നല്‍കുക. നിന്നോട് അക്രമം കാട്ടിയവനെ അവഗണിച്ചേക്കുക' മറ്റൊരു നിവേദനത്തില്‍. 'നിന്നോട് അക്രമം കാണിച്ചവനോട് വിട്ടുവീഴ്ച ചെയ്യുക' എന്നാണുള്ളത്. (അഹ്മദ്, ത്വബറാനി).