16-ാമത്തെ വയസ്സില്‍ സി.പി.എമ്മിലൂടെ രാഷ്ട്രീയത്തിലെത്തിയ പി.കൃഷ്ണമ്മാളുടെ ജീവിതം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി മാറ്റിെവച്ചതാണ്.
16-ാമത്തെ വയസ്സില്‍ സി.പി.എമ്മിലൂടെ രാഷ്ട്രീയത്തിലെത്തിയ പി.കൃഷ്ണമ്മാളുടെ ജീവിതം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി മാറ്റിെവച്ചതാണ്. അന്നത്തെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് പറഞ്ഞു തുടങ്ങാം. സഖാവ് ഇ.എം.എസ് ഇളമ്പലില്‍ പാര്‍ട്ടിഫണ്ട് ഏറ്റുവാങ്ങാന്‍ വന്ന പരിപാടിയില്‍ സ്വാഗതം പറയാന്‍ അമ്മാവനായ ചെല്ലപ്പനാശാരി കൃഷ്ണമ്മാളിനെയാണ് ചുമതലപ്പെടുത്തിയത്. അമ്മ പങ്കജാക്ഷിയും അഛന്‍ രാഘവനാചാരിയും പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. അമ്മ കശുവണ്ടിത്തൊഴിലാളിയും അച്ഛന്‍ മരപ്പണിക്കാരനും. കശുവണ്ടി തൊഴിലാളിയെന്ന നിലയില്‍ പാര്‍ട്ടിപ്രവര്‍ത്തനത്തിലും ട്രേഡ് യൂനിയനിലും സജീവമായിരുന്നു അമ്മ. ഓരോ പാര്‍ട്ടികമ്മിറ്റിക്ക് പോകുമ്പോഴും കൃഷ്ണമ്മാളിനെയും കൂടെ കൂട്ടും. സഖാവ് ഒ. ശ്രീധരന്‍ ആയിരുന്നു അന്ന് അവര്‍ കണ്ട ട്രേഡ് യൂനിയന്‍ നേതാക്കളിലൊരാള്‍. ആ സഖാവിന്റെ ചെരുപ്പ് ശ്രദ്ധിച്ചുനോക്കും. ഒരുപാട് ആണികള്‍ കാണാമായിരുന്നു അതില്‍. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ കശുവണ്ടി മേഖലയില്‍ മാത്രമല്ല, മറ്റു തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ ഒരുപാട് ത്യാഗം അനുഭവിക്കുന്ന കാര്യം അമ്മ പറഞ്ഞു.
1972-ല്‍ അമ്മ മരിച്ചു. അതിനുശേഷം അമ്മാവന്‍ കൃഷ്ണമ്മാളിനെ ഒരിടത്തു കൊണ്ടുപോയി. പത്തനാപുരം താലൂക്കിലെ സി.പി.എം മഹിളാപ്രവര്‍ത്തകരുടെ സംഘാടക കമ്മിറ്റിയില്‍ പങ്കെടുക്കാനായിരുന്നു അത്. അന്ന് വലിയ ഈശ്വര വിശ്വാസിയായിരുന്നു. നെറ്റിയില്‍ ചന്ദനക്കുറി എപ്പോഴും കാണും. കടുത്ത പാര്‍ട്ടിക്കാരിയാണെങ്കിലും അമ്മ വിശ്വാസിയായിരുന്നു. അതിനാല്‍ കൃഷ്ണമ്മാളും അതേ പാത പിന്തുടര്‍ന്നു. മഹിളാ കമ്മിറ്റിയില്‍ വെച്ച് പണിക്കരു ചേട്ടന്‍, ഗോപിക്കുറിയിട്ടു വന്നെന്നു പറഞ്ഞ് കളിയാക്കി. നീ ഇതു വൈകാതെ കളയുമെന്നും പറഞ്ഞു. മരണം വരെ ഗോപിക്കുറിയിടുമെന്ന് കൃഷ്ണമ്മാളും പറഞ്ഞു. എന്നാല്‍ പണിക്കരു ചേട്ടന്‍ പറഞ്ഞപോലെ ഒരുമാസത്തിനു മുമ്പേ ഗോപിക്കുറിയണിയുന്ന അവരുടെ ശീലം മാറി. ആ കമ്മിറ്റിയില്‍ വെച്ച് മഹിള ഫെഡറേഷന്റെ താലൂക്ക് സെക്രട്ടറിയായി കൃഷ്ണമ്മാളിനെ തെരഞ്ഞെടുത്തു. അപ്പോള്‍ 19 വയസ്സായിരുന്നു. എസ്.എസ്.എല്‍.സിക്കു ശേഷം ഐ.ടി.ഐ പാസായി നില്‍ക്കുന്ന സമയം.
ആദ്യസമരം
കൃഷ്ണമ്മാളിന്റെ വീടിനടുത്ത് ഒരു കരിങ്കല്‍ ക്വാറിയുണ്ടായിരുന്നു. അവിടത്തെ നൂറോളം തൊഴിലാളികള്‍ കൂലി കിട്ടാതെ വിഷമത്തിലായ സമയം. അവരെ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. രണ്ടുമൂന്നു തവണ ക്വാറി ഉടമയുമായി സംസാരിച്ചു. എന്നാല്‍ കൂലി കൊടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് നൂറോളം വരുന്ന തൊഴിലാളികളെ സംഘടിപ്പിച്ച് സമരത്തിലേക്ക് നീങ്ങി. അങ്ങനെ തൊഴിലാളികളുടെ ശമ്പളപരിഷ്‌കരണവും ആദ്യമായി ബോണസ്സും തീരുമാനമായി. ട്രേഡ് യൂനിയന്‍ രംഗത്തേക്കുള്ള കൃഷ്ണമ്മാളിന്റെ ആദ്യകാല്‍വെപ്പ് അതാണ്. പിന്നീട് കശുവണ്ടി മേഖലയിലെ തൊഴിലാളി സമരങ്ങളില്‍ സജീവമായി. മൂന്നുതവണ ജയില്‍വാസമനുഭവിച്ചു. അതിനു ശേഷമാണ് അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത്. അംഗനവാടി രംഗത്തേക്കായിരുന്നു വലിയ സമരം നടത്തിയത്. ''കോണ്‍ഗ്രസിന്റെ ഭരണകാലത്ത് നിയമിക്കുന്ന തൊഴിലാളികളെ കമ്യൂണിസ്റ്റ് ഭരണം പിരിച്ചുവിട്ടു. പിരിച്ചുവിട്ട തൊഴിലാളികള്‍ എന്നെ കാണാന്‍ വന്നു. രണ്ടുമൂന്നുവര്‍ഷം വേണ്ടിവന്നു സമരത്തില്‍ തീരുമാനമാകാന്‍. മകനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയം. തൊഴിലാളികളെ സ്ഥിരപ്പെടുത്തുകയായിരുന്നു ആവശ്യം. യൂനിയനകത്തും സമരം നടത്തേണ്ടിവന്നു. വലിയ വിഷയമായി. തിരുവനന്തപുരത്ത് സഖാവ് പത്മലോചനനും സാമൂഹികക്ഷേമവകുപ്പ് മന്ത്രിയായിരുന്ന സുശീല ഗോപാലനും ചര്‍ച്ചയില്‍ പങ്കെടുത്തു. അങ്ങനെ പിരിച്ചുവിട്ട എല്ലാ തൊഴിലാളികളെയും തിരിച്ചെടുത്തു. അതു മാത്രമല്ല രണ്ടുവര്‍ഷം ജോലി ചെയ്തിട്ടുള്ള കേരളത്തിലെ മുഴുവന്‍ വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരപ്പെടുത്തുകയും ചെയ്തു.''
തെന്മല കുടിയൊഴിപ്പിക്കല്‍
തെന്മല കുടിയൊഴിപ്പിക്കല്‍ സമരം നടന്നപ്പോള്‍ ആയിരത്തോളം തൊഴിലാളികളുമായി ജയിലില്‍ പോകേണ്ടിവന്നു. സ്ത്രീ സമരക്കാരോട് ബസ്സില്‍ കയറാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ആരും കൂട്ടാക്കിയില്ല. 'എല്ലാവരും വണ്ടിയില്‍ കയറ്' എന്നു മാത്രമേ കൃഷ്ണമ്മാള്‍ പറഞ്ഞുള്ളൂ. തൊഴിലാളികള്‍ അനുസരണയോടെ പൊലീസ് വാഹനത്തില്‍ കയറി. അക്കാലത്ത് ട്രേഡ് യൂനിയന്‍ നേതാക്കളും തൊഴിലാളികളും ഇഴചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്‌നേഹവും ബഹുമാനവും പരസ്പരമുണ്ടായിരുന്നു. എം.എ മുഹമ്മദ്, പി.രാമകൃഷ്ണന്‍, കെ.എന്‍ വാസവനും കൃഷ്ണമ്മാളും അടക്കമുള്ള കര്‍ഷകത്തൊഴിലാളി യൂനിയനാണ് ഈ സമരം ആദ്യം ഏറ്റെടുത്തത്. സമരം അതിശക്തമായി മാറുകയും പാര്‍ട്ടി ഒന്നാകെ ആ സമരത്തില്‍ അണിനിരക്കയും ഉണ്ടായി. കുളത്തൂപ്പുഴയിലെ സെറ്റില്‍മെന്റ് കോളനി സമരത്തിനിടയിലും 500-ലേറെ തൊഴിലാളികളുമായി ജയിലില്‍ പോകേണ്ടിവന്നു. 15 ദിവസം ജയിലില്‍ കിടന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിടുന്നു
ലോകത്താകമാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രസക്തിയില്ലാതാകുന്നു എന്ന ചിന്താഗതി ഇന്ത്യയിലെ പാര്‍ട്ടിക്കകത്തും വളര്‍ന്നതോടെയാണ് 2000-ത്തോടെ പാര്‍ട്ടി വിടാന്‍ കൃഷ്ണമ്മാള്‍ തീരുമാനിച്ചത്. മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുനൈറ്റഡ്) - എം.സി.പി.ഐ (യു) എന്ന ദേശീയ സംഘടനയുടെ കേരള ഘടകം രൂപീകരിച്ചപ്പോള്‍ അതില്‍ ചേര്‍ന്നു. സഖാവ് വി.ബി ചെറിയാന്‍ ആയിരുന്നു സെക്രട്ടറി. പാര്‍ട്ടി വിട്ടതിനു ശേഷം കൊടും പട്ടിണിയിലേക്ക് തള്ളിവിടുന്ന തരത്തില്‍ കടക്കെണിയിലാക്കാന്‍ പ്രദേശത്തെ ചിലര്‍ ശ്രമിച്ചത് ഈ തൊഴിലാളി സ്‌നേഹിക്ക് പറയാതിരിക്കാനാവില്ല.
സമരരംഗത്ത് സജീവം
35 വര്‍ഷത്തോളം അടഞ്ഞുകിടന്ന പുനലൂര്‍ പേപ്പര്‍ മില്‍ തുറക്കണമെന്നാവശ്യപ്പെട്ടായിരുന്നു പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ ആദ്യസമരം. സഖാവ് വി.ബി ചെറിയാനും ഡി. തങ്കപ്പനുമായിരുന്നു സമരം നയിച്ചിരുന്നത്. സമരസമിതി ബോംബെ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മില്ലിലെ 2000-ത്തോളം തൊഴിലാളി കുടുംബത്തിന് മുഴുവന്‍ ആനുകൂല്യങ്ങളും വാങ്ങിയെടുക്കാന്‍ സമരത്തിലൂടെ കഴിഞ്ഞു. ലാഭമില്ലെന്നു കണ്ട് കുനാല്‍ ഡാല്‍മിയ ഒഴിവാക്കിയതായിരുന്നു പേപ്പര്‍ മില്‍. അന്തരിച്ച തൊഴിലാളികളായ ജോണ്‍, രഘുനാഥന്‍ തുടങ്ങിയ സഖാക്കളുടെ അര്‍പ്പണബോധം മറക്കാന്‍ കഴിയില്ല എന്നാണ് കൃഷ്ണമാമളിന്റെ അഭിപ്രായം. കേരളത്തിലെ ക്ലീനിങ് മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ശമ്പളം 1500 രൂപയില്‍ നിന്ന് 13,500 രൂപ വരെയായി ഉയര്‍ത്തി. വണ്ടാനം മെഡിക്കല്‍ കോളേജിലെ സ്വീപ്പര്‍മാരെ പിരിച്ചുവിട്ട സംഭവത്തിലും ഇടപെട്ടു. ജീവനക്കാരെ തിരിച്ചുകയറ്റി. അരിയര്‍ ശമ്പളം വാങ്ങിയെടുക്കാനും ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെ എന്ന സമയം മാറ്റാനും സ്ഥിര ജീവനക്കാര്‍ക്ക് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാനും കഴിഞ്ഞു. തൊഴിലാളികള്‍ക്ക് 18,500 രൂപ ശമ്പളവും നേടിക്കൊടുക്കാന്‍ കഴിഞ്ഞു.
ഇന്ത്യയിലെ നേവല്‍ ബേസിലെ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത് ഒരു കുപ്പി മദ്യമായിരുന്നു എന്ന് അധികമാര്‍ക്കും അറിയില്ല. കൊച്ചി നേവല്‍ബേസിലെ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് മാസവേതനമായി ലഭിച്ചിരുന്നത് 300 രൂപയാണ്. ഈ തൊഴിലാളികള്‍ക്ക് കേരളത്തിലെ മിനിമം വേതനം നടപ്പാക്കാന്‍ ആവശ്യപ്പെട്ട് കൃഷ്ണമ്മാളിന്റെ നേതൃത്വത്തില്‍ സമരം നടത്തി. അത് വിജയമായി.
ദല്‍ഹി കര്‍ഷകസമരം
72-ാം വയസ്സിലേക്ക് കടക്കുകയാണ് കൃഷ്ണമ്മാള്‍. കര്‍ഷക സമരം തുടങ്ങിയതുമുതല്‍ അതില്‍ പങ്കെടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. സമരഭൂമിയില്‍ എത്തിയപ്പോള്‍ പ്രായമൊക്കെ അവര്‍ മറന്നു. 20-കളിലെത്തിയപോലെയാണ് തനിക്ക് തോന്നിയതെന്ന് കൃഷ്ണമ്മാള്‍ ചിരിയോടെ പറഞ്ഞു. ഒരു ടെന്റില്‍ ചെന്നപ്പോള്‍ പി.ടി ഉഷ എന്നാണ് കൃഷ്ണമ്മാളിനെ സംബോധന ചെയ്തത്. ബാല്യകാലത്ത് സ്‌പോര്‍ട്‌സില്‍ വലിയ താല്‍പര്യമുണ്ടായിരുന്നതിനാല്‍ അവരുടെ വിളി സന്തോഷിപ്പിച്ചു. സമര നേതാവ് രാകേഷ് ടികായത് കൃഷണമ്മാളിനെ സമരഭൂമിയിലെ അയേണ്‍ ലേഡി എന്നാണ് വിശേഷിപ്പിച്ചത്. ജീവിതസായാഹ്‌നത്തില്‍ താന്‍ പങ്കെടുത്ത ഐതിഹാസിക സമരമാണിതെന്നും കൃഷ്ണമ്മാള്‍ വിവരിക്കുന്നു.
കുടുംബം
വളരെ വൈകിയായിരുന്നു വിവാഹം. ഭര്‍ത്താവ് ധര്‍മരാജന്‍ കൂട്ടുകാരിയുടെ സഹോദരനായിരുന്നു. ബാംഗ്ലൂരിലെ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. ഏക മകന്‍ ധനേഷ് കൃഷ്ണ മരണപ്പെട്ടിട്ട് 10 വര്‍ഷമായി. ബാംഗ്ലൂരിലെ മെക്കിനോ എന്ന ഇന്റര്‍നാഷണല്‍ കമ്പനിയുടെ സൈറ്റില്‍ വെച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് മകന്‍ മരിച്ചത്. സേഫ്റ്റി എഞ്ചിനീയറായിട്ടായിരുന്നു ജോലിക്ക് കയറിയത്. മകന്റെ ജോലിക്കയറ്റത്തില്‍ അസൂയാലുക്കളായിരുന്നവര്‍ അപായപ്പെടുത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പേ ഭര്‍ത്താവും ബൈക്കപടത്തില്‍ മരിച്ചു. പുനലൂരിനടുത്ത് ഇളമ്പലിലെ വീട്ടില്‍ ഇപ്പോള്‍ ഒറ്റക്കാണ്. സഹോദരിയുടെ കുടുംബം തൊട്ടടുത്തായതിനാല്‍ പ്രയാസമില്ല.
ട്രേഡ് യൂനിയന്‍ രംഗത്ത്
''ട്രേഡ് യൂനിയനുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്‍ പലര്‍ക്കും വീട്ടില്‍ അനുകൂലമായ സാഹചര്യമല്ല. ഞാനീ രംഗത്ത് തുടര്‍ന്നപ്പോള്‍ എന്നോടൊപ്പമുണ്ടായിരുന്ന അനിയത്തി വീട്ടിലെ കാര്യങ്ങളില്‍ സജീവമായിരുന്നു. രാഷ്ട്രീയം നന്നായി കൈകാര്യം ചെയ്യുന്ന ആളായിരുന്നു അവള്‍. നല്ല പ്രാസംഗികയും. രാഷ്ട്രീയരംഗത്ത് എന്നെ പാകപ്പെടുത്തുന്നതില്‍ പി.കെ കുഞ്ഞച്ചന്‍, പി രാമകൃഷ്ണന്‍, എന്‍.എസ്, ഗൗരിയമ്മ, ദേവൂട്ടി, ദേവി, രാജമ്മ ഭാസ്‌കരന്‍, എം ആനന്ദം എന്നിവരുടെയും സി.പി.എമ്മില്‍ നിന്നും രാജിവെച്ച ശേഷം വി.ബി ചെറിയാന്‍, എം രാജന്‍, ഡി. തങ്കപ്പന്‍ എന്നിവരുടെ പങ്കും പറയാതിരിക്കാന്‍ കഴിയില്ല. ഇന്നു സഖാക്കളെ പാകപ്പെടുത്തുന്നതിന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ശ്രദ്ധിക്കാറില്ല. കേരളത്തിലെ അന്യാധീനപ്പെട്ട അഞ്ചര ലക്ഷത്തിലധികം ഭൂമി തിരിച്ചുപിടിക്കാനുള്ള സമരപരിപാടികളിലാണ് ഞങ്ങളിപ്പോള്‍. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കായി മഹിളാസംഘടന കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമത്തിലുമാണ്''-തൊഴിലാളികളുടെ ഉരുക്കു വനിത തല്‍കാലം പറഞ്ഞുനിര്‍ത്തി.േ