അസ്ന എന്നും മലയാളിക്ക് വേദനിക്കുന്ന ഒരു ഓര്‍മച്ചിത്രമാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഇടയില്‍ അറിയാതെ പെട്ടുപോയ ബാല്യം. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് നീങ്ങിയ അസ്‌ന ഈയിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ് ബിരുദധാരിണിയായി പുറത്തിറങ്ങി. വീണ്ടും വാശിയോടെ പഠിച്ച് ഒഫ്താല്‍മോളജിയില്‍ ഉപരിപഠനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പടികള്‍ വീണ്ടും കയറി. ഒഫ്താല്‍മോളജിയുടെ തണലിലിരുന്ന് അസ്‌ന സംസാരിക്കുന്നു
കടന്നുവന്ന വഴികളിലെ കനലുകളെക്കുറിച്ച് സ്നേഹസ്പര്‍ശങ്ങളെക്കുറിച്ച്, പ്രതീക്ഷകളെക്കുറിച്ച്......
ഒന്നാം വര്‍ഷംതൊട്ട് അവസാന വര്‍ഷം വരെ കാഷ്വാലിറ്റിക്ക് അടുത്തുള്ള ഹോസ്റ്റലാണ് യാത്രാസൗകര്യം മുന്‍നിര്‍ത്തി എനിക്ക് അനുവദിച്ചത്. കൂടെയുള്ളവരൊക്കെ പല ഹോസ്റ്റലുകള്‍ മാറിയപ്പോള്‍ ഞാന്‍ അവിടെത്തന്നെ തുടര്‍ന്നു. ഒഴിവുസമയങ്ങളില്‍ കാഷ്വാലിറ്റിയില്‍ പോയി ഇരിക്കുക അങ്ങനെ ഒരു ശീലമായി. സീനിയേഴ്സിനൊപ്പം കൂടി സൂച്ചറുകള്‍ ഇടാന്‍ തുടങ്ങി. കാഷ്വാലിറ്റിയില്‍ ഉണ്ടായിരുന്ന സിസ്റ്റേഴ്സും
പാരാമെഡിക്സും ഒക്കെ നല്ല കൂട്ടായിരുന്നു. അത് സര്‍ജറിയോടുള്ള ഇഷ്ടമായി. പി.ജിക്ക് ചേരുമ്പോള്‍ ഒരു സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി തന്നെ എടുക്കുമെന്ന് അന്നേ മനസ്സില്‍ ഉറപ്പിച്ചു.
ഒഫ്ത്താലിന്റെ വെളിച്ചത്തില്‍
കോഴിക്കോട് മെഡിക്കല്‍ കോളേജിനോടുള്ള അറ്റാച്ച്മെന്റ് കൊണ്ടാണ് പി.ജി പഠനം ഇവിടെത്തന്നെ മതി എന്ന് തീരുമാനിച്ചത്. സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി ആയ ഒഫ്താലില്‍ പ്രവേശനം ആദ്യ ചാന്‍സില്‍ തന്നെ ലഭിച്ചപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. ഒഫ്താല്‍ സൂച്ചറുകള്‍ സര്‍ജറിയില്‍നിന്നും ഏറെ വ്യത്യാസമുണ്ട്. മൈക്രോ സ്‌കോപ്പിലൂടെ നോക്കിയുള്ള സര്‍ജറിക്ക് ഏറെ ഹാന്‍ഡ്-ഐ കോര്‍ഡിനേഷന്‍ ആവശ്യമാണ്. ഒഫ്താലിലെ അന്തരീക്ഷം ഏറെ ആസ്വദിക്കുന്നു. കണ്ണിന്റെ സര്‍ജറി കഴിഞ്ഞ് പോകുന്നവര്‍ നമ്മളോട് കാണിക്കുന്ന സ്നേഹം വിവരണാതീതമാണ്.
നാട്ടുകാരുടെ ഡോക്ടറായി
എം.ബി.ബി.എസ് കഴിഞ്ഞ് നാലുമാസം വീടിനടുത്തുള്ള ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജോലിചെയ്യാന്‍ അവസരം കിട്ടി. അസ്ന ഡോക്ടറായി തിരിച്ചെത്തിയത്, നാട്ടുകാര്‍ ശരിക്കും ആഘോഷിച്ചു. തിങ്ങിനിറഞ്ഞ ആശുപത്രിയില്‍ മീഡിയയുടെ ക്യാമറാ വെളിച്ചത്തില്‍ ഇരുന്ന് ആദ്യമായി പരിശോധിച്ച് മരുന്ന് കുറിച്ചു. ഒരു ചെറിയ പെണ്‍കുട്ടിക്ക് ആദ്യമായി മെഡിക്കല്‍ കോളേജിനു പുറത്ത് ജോലി ചെയ്യുമ്പോഴുണ്ടായ ടെന്‍ഷനും എക്സൈറ്റ്മെന്റും ഒക്കെ ശരിക്കും അനുഭവിച്ചു. ഡോക്ടറായി വീണ്ടും പഠിക്കാന്‍ പോയത് പലരും ഇപ്പോഴും അറിഞ്ഞിട്ടില്ല. ഹോസ്പിറ്റലില്‍നിന്നൊക്കെ നമ്പര്‍ സംഘടിപ്പിച്ച് പലരും വിളിക്കാറുണ്ട്.
കുടുംബം ശക്തി
സഹായിച്ച ഒരുപാട് പേരുണ്ട്, എല്ലാറ്റിനും താങ്ങായി കുടുംബം കൂടെ നിന്നു. അഛനമ്മമാര്‍ ......... സഹോദരന്‍ ആനന്ദ് (അന്നത്തെ ആക്രമണത്തില്‍ സഹോദരന്നും പരിക്ക് പറ്റിയിരുന്നു) സഹോദരനായിട്ടല്ല എന്റെ നല്ല സുഹൃത്തായിട്ടാണ് അവന്‍ കൂടെയുള്ളത്. കാര്‍ ഓടിക്കാന്‍ ഒക്കെ പഠിപ്പിച്ചത് അവനാണ്. പ്ലസ് ടു കഴിഞ്ഞ് തൃശൂരില്‍ പി.സി തോമസ് സാറിന്റെ എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസില്‍ ചേര്‍ന്നപ്പോഴാണ് ആദ്യമായി വീടു വിട്ടുനില്‍ക്കുന്നത്. ചെറുപ്പം തൊട്ടേ ഒതുങ്ങിക്കൂടിയ പ്രകൃതം ശീലിച്ചതുകൊണ്ട് അവിടത്തെ കര്‍ക്കശ അന്തരീക്ഷം എനിക്കൊരു പ്രശ്നമായി തോന്നിയില്ല. പക്ഷേ, വീട്ടുകാരില്‍നിന്നും വിട്ടുനില്‍ക്കേണ്ടിവന്നത് ഏറെ വിഷമിപ്പിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഏറെ സഹായിച്ചു. പി.ജി എന്‍ട്രന്‍സ് കോച്ചിംഗ് കോഴിക്കോട് ബാട്ടിയ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു. കോഴ്സ് എക്സ്റ്റന്‍ഷന്‍ ഉണ്ടായതുകൊണ്ട് വൈകിയാണ് ചേര്‍ന്നത്. എന്നാലും ആഗ്രഹിച്ച സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി ഇവിടെത്തന്നെ കിട്ടി.
പ്രതീക്ഷകള്‍
ഡോക്ടര്‍മാരെ കാണാനുള്ള യാത്രകള്‍ നിറഞ്ഞതായിരുന്നു എന്റെ ബാല്യം. ആ യാത്രകളാണ് എന്നില്‍ ആത്മവിശ്വാസം നിറച്ചത്. അവരെപ്പോലെ ആളുകള്‍ക്ക് സഹായഹസ്തം നീട്ടുന്ന ഒരു ഡോക്ടറാകാനാണ് ഞാനാഗ്രഹിച്ചത്. ഇന്ന് ഞാന്‍ ആ പടവിലാണ്. സംഘര്‍ഷങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും നഷ്ടം സഹിക്കുന്നത് അമ്മമാരും സഹോദരിമാരുമാണ്. ആ തിരിച്ചറിവാണ് എല്ലാവര്‍ക്കും ഉണ്ടാവേണ്ടത്.
ദീര്‍ഘമായ സംഭാഷണം അവസാനിപ്പ് അസ്ന എണീറ്റു. മലയാളിയെ ഏറെ വേദനിപ്പിച്ച മുറിവുകളെല്ലാം സ്വന്തം ജീവിതം കൊണ്ട് തുന്നിയുണക്കിയ ഈ പെണ്‍കുട്ടി ഇപ്പോഴും ഇവിടെയുണ്ട്, വെളിച്ചം നഷ്ടപ്പെട്ടവരുടെ വെളിച്ചമാകും എന്ന ദൃഢനിശ്ചയവുമായി.