നാഥാ...
എനിക്കെന്റെ ഉപ്പയെ തിരിച്ചുതരുമോ?
എന്നേക്കുമിവിടെ നിര്‍ത്തുമെന്ന
പേടി വേണ്ട.
ഒരു പത്തു മിനിറ്റ് നേരത്തേക്ക് മതി.
ഉച്ചമയക്കത്തിനു ശേഷം
ഉപ്പ നഗരത്തിരക്കിലേക്കിറങ്ങാനൊരുങ്ങുമ്പോള്‍
ഉമ്മയെ വിളിച്ചു കാത്തുനിര്‍ത്താതെ
നല്ലൊരു ചായയിട്ട് കൊടുക്കാനാണ്.
അന്നൊക്കെ കണ്ടപ്പോള്‍
അത്രമേല്‍ സ്വാഭാവികമായി തോന്നിയ,
നരച്ചുവീണ തേക്കിലപോലെ
ചുളിഞ്ഞുണങ്ങിയ കള്ളിമുണ്ട്
ഏറ്റവും നന്നായി ഇസ്തിരിയിട്ടുകൊടുക്കാനാണ്.
പത്രപ്പൈസ തന്നോര്‍ക്കുള്ള രസീതും
ആഴ്ച്ചപ്പതിപ്പു വരിക്കാരുടെ പേരുമൊക്കെ
ഏറെ സമയമെടുത്ത് വടിവൊത്ത
അക്ഷരങ്ങളിലെഴുതിക്കൊടുക്കാനാണ്.
പ്രോജക്ടും പ്രോഗ്രസ്സ് റിപ്പോര്‍ട്ടുമൊക്കെ
എഴുതുമ്പോഴുള്ള ക്ഷമയും
എന്തൊരു വൃത്തിയെന്ന്
കാണുന്നോരൊക്കെ പുകഴ്ത്തുന്ന
എന്റെ
ഉണ്ടയക്ഷരങ്ങളും
ഉപ്പ എഴുതിക്കുമ്പോള്‍ മാത്രം
എങ്ങോട്ടാണോടിപ്പോയൊളിച്ചിരുന്നതെന്ന്
ഇന്നുമെനിക്കത്ഭുതമാണ്.
പ്ലസ്ടുവിനേറെ മാര്‍ക്ക് നേടിയതിന്
കിട്ടിയ കാഷ് അവാര്‍ഡ്
ഉപ്പയെടുത്തതിന്
കുറ്റം പറഞ്ഞ
നാവുകൊണ്ട്
അങ്ങേക്കുള്ളതാണെന്നോതി
വലിയൊരു തുക
ആ കൈയില്‍ വെച്ചുകൊടുക്കാനാണ്.
ആദ്യശമ്പളം കിട്ടിയപ്പോള്‍ പോലും
ഉള്ളിലാഹ്ലാദം നുരയാതിരുന്നത്
ആ ദിനത്തിനോര്‍മ
മുകളില്‍ കോര്‍ക്കിട്ട് മുറുക്കിയതുകൊണ്ടാണ്.
എനിക്ക് ദോശ മതിയെന്നോതി
കൊതിയടക്കിപ്പിടിച്ചുപ്പ കൊണ്ടുവന്നു തന്ന,
മേലെപള്ളിയില്‍നിന്നു കിട്ടിയ
നോമ്പുതുറ ബിരിയാണി
അതിഗംഭീരമായിരുന്നോതി
ആ ക്ഷീണിച്ച മുഖത്തൊന്നുമ്മവെക്കാനാണ്.
അനര്‍ഹക്കും നന്ദിയോതി
'ഹൃദയവിശാലത കാണിക്കുമ്പോഴൊക്കെ'
എന്നോടിങ്ങനൊന്നുമായിരുന്നില്ലല്ലോയെന്നാ
പതറിയ സ്വരം
പരിഭവിക്കുന്നതായെന്നാലിനി തോന്നില്ലല്ലോ...
നാഥാ...
ഉറപ്പായും
ഇത്രയും ചെയ്തുകഴിഞ്ഞാല്‍ ഞാനെന്‍
ഹൃദയഭാരത്തോടൊപ്പം
ഉപ്പയെയും ഖബ്‌റിലിറക്കിവെക്കാം.
സത്യമായും
പരേതരോടുള്ള സ്‌നേഹം
ഇരുവശങ്ങളിലും
മുകളിലും താഴെയും
മുള്‍കൂര്‍പ്പുകളുള്ള
കൈതച്ചക്കയാണ്.
കിട്ടിയ സ്‌നേഹത്തിനോര്‍മകള്‍
മധുരം ചേര്‍ത്തിരിക്കുന്നെങ്കിലുമത്
ഹൃദയത്തെ നാല് ഭാഗത്തു നിന്നും
കുത്തിനോവിക്കുന്നു.
പണ്ടിത്ര തിരിച്ചറിവുണ്ടായിരുന്നില്ലെന്ന
കണ്ടെത്തല്‍ കൊണ്ടും
ഇപ്പോഴവര്‍ക്കായേറെ
പ്രാര്‍ഥിക്കുന്നുണ്ടെന്നുള്ള
ന്യായീകരണം കൊണ്ടും
പ്രതിരോധിക്കാനുള്ള
ശ്രമങ്ങള്‍
ജയിക്കില്ലൊട്ടും.
കാരണം
കുറ്റബോധമാണീസ്-
നേഹം
വെച്ചുപിടിപ്പിക്കുന്നതും വളമിടുന്നതും...