പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും നിശ്ചയദാര്‍ഢ്യമുദ്ര ചേരുന്ന ലോകത്തെ ഒരേയൊരു ജനതയാണ് ഫലസ്ത്വീനികള്‍. ഇസ്രയേല്‍ സൈന്യം വര്‍ഷിച്ച മിസൈലുകളുടെയും ബോംബുകളുടെയും അവശിഷ്ടങ്ങള്‍
പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും നിശ്ചയദാര്‍ഢ്യമുദ്ര ചേരുന്ന ലോകത്തെ ഒരേയൊരു ജനതയാണ് ഫലസ്ത്വീനികള്‍. ഇസ്രയേല്‍ സൈന്യം വര്‍ഷിച്ച മിസൈലുകളുടെയും ബോംബുകളുടെയും അവശിഷ്ടങ്ങള്‍ ഉപയോഗിച്ചു പോലും പുതിയ വിദ്യകള്‍ അവതരിപ്പിക്കുന്ന അവരുടെ അതിജീവന കല ലോകത്തിന് ഇന്നും അത്ഭുതമാണ്. ആയിരക്കണക്കിന് നിരായുധര്‍ കൊലചെയ്യപ്പെട്ടിട്ടും നൂറുകണക്കിന് വീടുകള്‍ നിശ്ശേഷം തകര്‍ക്കപ്പെട്ടിട്ടും എണ്ണിയാലൊടുങ്ങാത്ത പ്രതിസന്ധികളും ഉപരോധങ്ങളും തീര്‍ത്തിട്ടും പരാജയപ്പെട്ട് പിന്മാറാനോ കീഴടങ്ങാനോ ആ ജനത തയാറായില്ല. നിശ്ചയദാര്‍ഢ്യം എന്ന വാക്കിനെ തങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ അന്വര്‍ഥമാക്കുകയാണവര്‍. അതില്‍ പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും കുട്ടികളുമുണ്ട്.
അധിനിവേശ സൈന്യത്തിനു കീഴില്‍ അടിമകളെ പോലെ പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍ക്കിടയില്‍ ശ്വാസം മുട്ടി ജീവിക്കുന്നതിനേക്കാള്‍ നല്ലത് ഏത് ദുരിതവും ഏറ്റുവാങ്ങാന്‍ സന്നദ്ധതയും ഉള്‍ക്കരുത്തുമുള്ള ഒരു വിമോചനപ്പോരാളിയായി രക്തസാക്ഷിയാകുന്നതാണെന്ന ആത്മബോധമാണവരെ നിരന്തരം നയിക്കുന്നത്.
അത്തരമൊരു ആത്മബോധത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മര്‍യം അഫീഫി എന്ന പെണ്‍ പോരാളിയുടെ മനം നിറഞ്ഞ പുഞ്ചിരി. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ നിലവിളിക്കുന്നവരെയും നെഞ്ചത്തടിച്ച് കരയുന്നവരെയും മോഹാലസ്യപ്പെട്ട് വീഴുന്നവരെയും നാമൊരു
പാട് കണ്ടിട്ടുണ്ട്. എന്നാല്‍ കഠിനമായ ബലപ്രയോഗത്തിലൂടെ പിറകില്‍ ഇരുകൈകളും കൂട്ടിക്കെട്ടി വിലങ്ങു വെക്കുമ്പോള്‍ അവള്‍ വെണ്‍മയാല്‍ തിളങ്ങുന്ന മനോഹരമായ ദന്തനിരകള്‍ കാട്ടി ഉള്ളു തുറന്ന് ചിരിക്കുകയായിരുന്നു. പോരാളികള്‍ക്ക് നേരെ വിജയചിഹ്നം ഉയര്‍ത്തിക്കാണിച്ച് ആവേശം പകരുകയായിരുന്നു.
ഫലസ്ത്വീന്‍ ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും നാഴികക്കല്ലുകള്‍ പരിശോധിച്ചാല്‍ മര്‍യം അല്‍ അഫീഫിയെപ്പോലുള്ള ഒട്ടനവധി പെണ്‍
പോരാളികളുടെ അടയാളപ്പെടുത്തലുകള്‍ കാണാം. സയണിസ്റ്റ് പട്ടാളക്കാരന്റെ മുഖത്തേക്ക് നേര്‍ക്കുനേര്‍ നിന്ന് വിരല്‍ ചൂണ്ടുകയും അവന്റെ കണ്ണുകളിലേക്ക് ദഹിപ്പിക്കുന്ന തീക്ഷ്ണമായ നോട്ടം നോക്കുകയും ചെയ്യുന്ന പെണ്‍പോരാളികളുടെ നൂറുകണക്കിന് ചിത്രങ്ങള്‍ മുന്‍കാലങ്ങളില്‍ പകര്‍ത്തപ്പെട്ടിട്ടുണ്ട്. ഫലസ്ത്വീനീ പെണ്ണിന്റെ പോരാട്ടവീര്യത്തെയും ആത്മധൈര്യത്തെയും അചഞ്ചലമായ വിശ്വാസത്തെയും നമ്മുടെ ദുര്‍ബലമായ അളവുകോല്‍ വെച്ച് അളക്കാനാകില്ല.
മര്‍യം അല്‍ അഫീഫിയും മുന അല്‍ കുര്‍ദുമെല്ലാം വിമോചന സ്വപ്‌നങ്ങളെ ഒരഗ്നിഗോളം പോലെ നെഞ്ചേറ്റിയ സ്ത്രീപോരാളികളാണ്. അധിനിവേശസേന പുരുഷന്മാരോടൊപ്പം ഇത്തരം കരുത്തുറ്റ സ്ത്രീകളെയും അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കുന്നത് അവരുടെ സമരങ്ങളിലെ ഇടപെടലുകളുടെ ആഴത്തിലുള്ള ശേഷിയെയും നേതൃപാടവത്തെയും ഭയക്കുന്നതുകൊണ്ടാണ്. അവരുയര്‍ത്തുന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ കെല്‍പില്ലാത്തതുകൊണ്ടാണ്.
മര്‍യം അല്‍ അഫീഫിയുടെ വൈറലായ വീഡിയോയില്‍ അധിനിവേശ സൈന്യം അവളെ വിലങ്ങുവെച്ചപ്പോഴുള്ള പുഞ്ചിരി മാത്രമായിരുന്നില്ല ഹൈലൈറ്റ്. അവള്‍ ചോദിച്ച ചോദ്യങ്ങള്‍ കൂടിയായിരുന്നു. ഫലസ്ത്വീന്‍ യൂത്ത് ഓര്‍ക്കസ്ട്രയില്‍ അംഗമായ മര്‍യം വയലിന്‍ വായിക്കുന്ന ചിത്രങ്ങളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഗീതത്തെയും പോരാട്ടത്തെയും ഒരുപോലെ പ്രണയിച്ചവള്‍. ഇസ്രയേല്‍ സൈന്യം പ്രതിഷേധക്കാരില്‍പെട്ട ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതു കണ്ട് അതിനെ ചെറുക്കാനും ചോദ്യം ചെയ്യാനും മുന്നോട്ടു വന്ന മര്‍യം അല്‍ അഫീഫിയെ അധിനിവേശ സൈന്യം സ്‌കാര്‍ഫിന് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. അപ്പോഴും അവള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട് റോഡരികിലിരിക്കുമ്പോള്‍ അവള്‍ ജൂത പട്ടാളക്കാരനോട് ചില ചോദ്യങ്ങള്‍ ചോദിച്ചു:
'നിങ്ങള്‍ ഒരു പിഞ്ചുകുട്ടിയായിരിക്കുന്ന കാലത്ത് അടിച്ചമര്‍ത്തപ്പെടുന്നവരോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നുവോ? ഞാന്‍ എന്തു തെറ്റാണ് ചെയ്തത്? നിങ്ങള്‍ നിര്‍ദയം പ്രഹരിക്കുന്ന ഒരു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്? ഞങ്ങള്‍ സ്വന്തം വീടുകളില്‍നിന്ന് പുറത്താക്കപ്പെടാന്‍ പോകുന്നവര്‍ക്കു വേണ്ടി പ്രതിരോധം തീര്‍ക്കുകയാണ്. നീ എന്ത് കരുതുന്നു? നിനക്കും കുടുംബവും കുട്ടികളുമില്ലേ? ഉണ്ടെന്ന് ഞാന്‍ ഉറപ്പായും വിശ്വസിക്കുന്നു. അവരുടെ ബാല്യവും കൗമാരവും ഇതുപോലെയാകാന്‍ നീ ആഗ്രഹിക്കുമോ? നിങ്ങള്‍ ചെറുപ്പത്തില്‍ ഇങ്ങനെയാകാനാണോ യഥാര്‍ഥത്തില്‍ ആഗ്രഹിച്ചത്? നിങ്ങള്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ വലിയ സ്വപ്‌നങ്ങളില്‍ ഇങ്ങനെ മര്‍ദകന്റെ പക്ഷത്ത് നില്‍ക്കാനാണോ ആഗ്രഹിച്ചത്?'
മര്‍യം അല്‍ അഫീഫിയുടെ ഈ ചോദ്യങ്ങള്‍ക്കൊന്നും ആ പട്ടാളക്കാരന് മറുപടിയുണ്ടായിരുന്നില്ല. ലോകം മുഴുവന്‍ കേട്ട ഈ ചോദ്യങ്ങള്‍ക്കകത്ത് ഫലസ്ത്വീന്‍ വിമോചനപോരാട്ടങ്ങളെക്കുറിച്ച ഉത്തരങ്ങളുണ്ട്. മര്‍യം അല്‍ അഫീഫിയും മുന അല്‍ കൂര്‍ദുമൊക്കെ ഫലസ്ത്വീന്‍ വിമോചന പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നത് ഇങ്ങനെയൊക്കെയാണ്.
മുന അല്‍ കുര്‍ദ്;
ശൈഖ് ജര്‍റാഹിന്റെ പോരാളി
ഫലസ്ത്വീനിലെ സംഘടിതമായ ഓരോ ചെറുത്തുനില്‍പ്പും വിമോചന
പോരാട്ടങ്ങളും എപ്പോഴും പുതിയ ഐക്കണുകളെ സൃഷ്ടിക്കാറുണ്ട്.
ഹമാസിന്റെ മുന്‍നിര നേതൃത്വത്തിലുള്ള ഓരോരുത്തരായി രക്തസാക്ഷികളാകുമ്പോഴും ഇനിയാര് എന്ന ചോദ്യമുയരാറുണ്ട്. അതിനുത്തരമെന്നോണം
പുതിയ നേതൃത്വം ഉയര്‍ന്നു വരാറുമുണ്ട്.
ചെറുത്തുനില്‍പ്പുകളെ നിര്‍വീര്യമാക്കുംതോറും വീര്യം കൂടുകയും പ്രതിഷേധ ശബ്ദങ്ങളുടെ നാവരിയാന്‍ ശ്രമിക്കും തോറും കരുത്തുറ്റ പുതിയ ശബ്ദം ഉയര്‍ന്നുവരികയും ചെയ്യുന്ന വിസ്മയകരമായ പ്രതിഭാസമാണ് ഫലസ്ത്വീനിലേത്. അതിനാല്‍ ഇസ്രയേല്‍ പലതരത്തില്‍ പ്രകോപനമുണ്ടാക്കുമ്പോഴൊക്കെ റാമല്ലയിലും വെസ്റ്റ് ബാങ്കിലും ഖുദ്‌സിന്റെ പരിസരത്തുമൊക്കെ ജനങ്ങളെ തെരുവിലിറക്കാനും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും ചില ആക്ടിവിസ്റ്റുകളും പോരാളികളും ഉദയം ചെയ്യും. അങ്ങനെയൊരു പെണ്‍ പോരാളിയാണ് ഇത്തവണത്തെ താരം. ആക്ടിവിസ്റ്റും സമര നായികയുമായ മുന അല്‍ കുര്‍ദ്.
ഫലസ്ത്വീനിലെ ഓരോ പോരാട്ടവും പെട്ടെന്നൊരു നിമിഷത്തില്‍ രൂപപ്പെട്ടുവരുന്ന ഒന്നല്ല. ഇസ്രയേല്‍ സേനയുടെ അധിനിവേശവും ജൂത കുടിയേറ്റവും സകല സീമകളും ലംഘിച്ച് ശക്തി
പ്രാപിക്കുകയും തദ്ദേശീയരുടെ മണ്ണ് എന്നന്നേക്കുമായി കൈവിട്ടുപോവുകയും ചെയ്യുന്ന സാഹചര്യം രൂപപ്പെട്ടുവരികയും ചെയ്യുമ്പോള്‍ സ്വാഭാവികമായി പൊട്ടിപ്പുറപ്പെടുന്ന ഒന്നാണത്.
ഇത്തവണ അന്യായമായ ജൂത കുടിയേറ്റത്തിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റ് ആഞ്ഞു വീശിയ ശൈഖ് ജര്‍റാഹിലെ വീടുകളിലൊന്ന് മുന അല്‍ കുര്‍ദിന്റേതായിരുന്നു. അവളുടെ വല്യുമ്മക്ക് ശൈഖ് ജര്‍റാഹില്‍ രണ്ടു ചെറിയ മുറികളുള്ള ഒരു വീടുണ്ടായിരുന്നു. അവരുടെ മകന്‍ വിവാഹിതനായപ്പോള്‍ അദ്ദേഹത്തിന്റെ മാതാവിനും ഭാര്യക്കും മക്കള്‍ക്കും താമസിക്കാന്‍ ആ കൊച്ചുവീട്ടില്‍ സ്ഥലം തികയാതെ വന്നു. അങ്ങനെ മുന അല്‍ കുര്‍ദിന്റെ കുടുംബം ആ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തോടു ചേര്‍ന്ന് ഒരു മുറി കൂടി പണി കഴിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ നിര്‍മാണപ്രവൃത്തിയെ അധിനിവേശ ഭരണകൂടവും ജൂത കുടിയേറ്റക്കാരും എതിര്‍ത്തു. മുറി പണി കഴിപ്പിക്കുമ്പോഴെല്ലാം ഊഴം നോക്കി അവരത് തകര്‍ത്തു.
പിന്നീട് മുനയുടെ സഹോദരന്‍ വീടിന്റെ മുന്‍വശത്തുള്ള ചെറിയ
പൂന്തോട്ടത്തോടു ചേര്‍ന്ന് ഒരു മുറി പണി കഴിപ്പിച്ചു. എന്നാല്‍ ആ മുറി അധിനിവേശ ഭരണകൂടം കണ്ടുകെട്ടുകയും താഴിട്ട്
പൂട്ടി സീല്‍ വെക്കുകയും അതില്‍ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു. സ്വന്തം മണ്ണിലെ അത്തരമൊരു നിര്‍മാണത്തിന്റെ പേരില്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം മുന അല്‍ കുര്‍ദിന്റെ കുടുംബത്തിന് അധിനിവേശ ഭരണകൂടം പിഴയിട്ടത് ഇരുപത്തിയൊമ്പതിനായിരം ഡോളര്‍.
അതിനിടെ ഈ സംഭവത്തിന് മറ്റൊരു വഴിത്തിരിവുമുണ്ടായി. 2009-ല്‍ ഇസ്രയേല്‍ ഭരണകൂടം മുന അല്‍ കുര്‍ദിന്റെ സഹോദരന്‍ പണി കഴിപ്പിച്ച ആ മുറിയില്‍ ജൂത കുടിയേറ്റക്കാര്‍ക്ക് താമസിക്കാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവിന്റെ പിന്‍ബലത്തില്‍ പതിനഞ്ചോളം ജൂത കുടിയേറ്റക്കാരാണ് അവിടെ താമസിച്ചുപോന്നത്. ഒരു കുടുംബത്തിന്റെയും, വ്യക്തികളുടെയും സകല സ്വകാര്യതകളും തകര്‍ക്കുന്ന രീതിയില്‍ മുനയുടെ വീടിന്റെ പ്രവേശന കവാടത്തിലൂടെയാണ് അവര്‍ അകത്തു കടന്നത്. അതിനിടെ ആ മുറി അവര്‍ക്കവകാശപ്പെട്ടതായി മാറിക്കഴിഞ്ഞിരുന്നു. ഇതിനെതിരെ മുനയുടെ സഹോദരന്‍ ആ മുറി തകര്‍ക്കാനനുവദിച്ച്, കുടിയേറ്റക്കാരായ ചെറുപ്പക്കാരെ അവിടെ നിന്ന് പറഞ്ഞുവിടാന്‍ ആവശ്യമുന്നയിച്ച് ഇസ്രയേല്‍ കോടതിയെ സമീപിച്ചെങ്കിലും കോടതി അതംഗീകരിച്ചില്ല.
ഇതില്‍ പ്രതിഷേധിച്ച് മുന അല്‍ കുര്‍ദിന്റെ കുടുംബത്തിനു വേണ്ടിയുള്ള ഐക്യദാര്‍ഢ്യ പോസ്റ്ററുകള്‍ വ്യാപകമായുയര്‍ന്നു. ഫലസ്ത്വീന്‍ സമരപോരാളികള്‍ അവളുടെ വീടിനകത്ത് ടെന്റുകള്‍ സ്ഥാപിച്ച് ഐക്യദാര്‍ഢ്യമറിയിച്ചു. എന്നാല്‍ കുടിയേറ്റക്കാര്‍ ഒട്ടും അയഞ്ഞില്ല. അവര്‍ സമര പോരാളികളെയും മുനയുടെ വീട്ടുകാരെയും ആക്രമിക്കുകയും മുനയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യപ്പെട്ട് എഴുതിയ ചുവരെഴുത്തുകള്‍ മായ്ക്കുകയും ചെയ്തു.
ഖുദ്‌സിന്റെ പരിസരത്തുള്ള ശൈഖ് ജര്‍റാഹിലെ ജൂത കുടിയേറ്റത്തിനെതിരായ ശക്തമായ ചെറുത്തുനില്‍പ്പ് സമരമാരംഭിച്ചതിനു പിന്നില്‍ മുന അല്‍ കൂര്‍ദും സഹോദരന്‍ മുഹമ്മദ് അല്‍ കുര്‍ദുമായിരുന്നു. അതുകൊണ്ടാണ് ജൂണ്‍ ആറിന് മുനയെ ഇസ്രയേല്‍ സൈന്യം അറസ്റ്റു ചെയ്തത് അന്താരാഷ്ട്ര തലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയത്. ഫലസ്ത്വീനിനകത്തും പുറത്തും ഫ്രീ മുന അല്‍ കുര്‍ദ് എന്ന ഹാഷ് ടാഗുകള്‍ ശരവേഗത്തിലാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. അറസ്റ്റിനെതിരെ പ്രതിഷേധം കൊടുമ്പിരികൊള്ളെ മണിക്കൂറുകള്‍ക്കു ശേഷം അവരെ
പോലീസ് വിട്ടയക്കുകയായിരുന്നു.
മുന അല്‍ കുര്‍ദ് ഇന്ന് ഫലസ്ത്വീനിനകത്തും പുറത്തും വിമോചനം സ്വ
പ്‌നം കാണുന്ന പെണ്‍പോരാളികളുടെ ആവേശമാണ്. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം വൈറലായ വീഡിയോയില്‍ കൈയില്‍ വിലങ്ങുകളുമായി നില്‍ക്കുന്ന മുന പറഞ്ഞത് 'ആരും ഭയപ്പെടരുത്' എന്നായിരുന്നു. ജയില്‍മോചിതയായ ശേഷം മാധ്യമ പ്രവര്‍ത്തകരോട് ഇപ്രകാരം പറഞ്ഞു: 'അധിനിവേശ സൈന്യം നമ്മെ ഭീകരവാദികളാക്കി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത് നാം കാര്യമാക്കുന്നില്ല. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുന്നതും നമ്മെ ഭയപ്പെടുത്തില്ല. നാം നമ്മുടെ വീടുകളില്‍നിന്നെങ്ങോട്ടും പോകില്ല. ജനിച്ചു വളര്‍ന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ഏതറ്റം വരെയും പോകും.'
പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും പെണ്‍വഴികള്‍
ഫലസ്ത്വീന്‍ ചെറുത്തുനില്‍പ്പ്
പോരാട്ടത്തില്‍ പുരുഷന്മാരെ പോലെ ഒരുപാട് പെണ്‍ പോരാളികളും രക്തസാക്ഷികളാകാറുണ്ട്.
പോരാട്ടത്തിന്റെ മുന്‍നിരയില്‍ അവരുണ്ടാകാറുണ്ട്. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ മാരകമായി പരിക്കേല്‍ക്കുന്നവര്‍ക്ക് ആവശ്യമായ പരിചരണം നല്‍കാന്‍ വിദഗ്ധ പരിശീലനം സിദ്ധിച്ച നൂറുകണക്കിന് സ്ത്രീ നഴ്‌സുമാര്‍ ഗസ്സയിലെയും റാമല്ലയിലെയും വെസ്റ്റ് ബാങ്കിലെയും ആശുപത്രികള്‍ക്കകത്തും പുറത്തും സദാ സന്നദ്ധരായി നിലകൊള്ളുന്നുണ്ട്. 2018 ജൂണ്‍ ഒന്നിന് ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്ത് കൊന്ന ഫലസ്ത്വീന്‍ പാരാമെഡിക്കല്‍ അംഗം റസാന്‍ അശ്‌റഫ് അല്‍ നജ്ജാര്‍ ഫലസ്ത്വീന്‍ പെണ്‍ പോരാളികളിലെ എന്നത്തെയും മികച്ച ഒരു ഐക്കണാണ്. സയണിസ്റ്റ് അതിക്രമത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് വൈദ്യസഹായമൊരുക്കുമ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ റസാന് വെടിയേല്‍ക്കുന്നത്.
ഇസ്രയേല്‍ മനുഷ്യാവകാശ സംഘടനയായ ബെത്സലേം അന്ന് നടത്തിയ അന്വേഷണത്തില്‍ അത് മനഃപൂര്‍വമുള്ള നരഹത്യയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ പട്ടാളക്കാരന്റെ 25 മീറ്റര്‍ അകലെ മെഡിക്കല്‍ യൂണിഫോമില്‍ നിന്ന റസാനെ യാതൊരു പ്രകോപനവുമില്ലാതെയാണ് നിഷ്‌കരുണം കൊന്നു കളഞ്ഞത്. അന്ന് ലോകം മുഴുക്കെ ആ നരനായാട്ടില്‍ പ്രതിഷേധങ്ങള്‍ അലയടിച്ചു. ഫലസ്ത്വീനിനകത്തും
പുറത്തും റസാന്‍ അല്‍ നജ്ജാര്‍ കണ്ണീരുണങ്ങാത്ത ഓര്‍മയായെങ്കിലും അവള്‍ക്ക് പിന്‍ഗാമികള്‍ പിറന്നുകൊണ്ടേയിരുന്നു.
മറ്റൊരുവളുടെ കഥ കേള്‍ക്കൂ. റാമല്ലക്ക് സമീപമുള്ള ബിലിന്‍ ഗ്രാമത്തില്‍ മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. ഇസ്രയേല്‍ സൈന്യം ഫലസ്ത്വീനികള്‍ക്കു നേരെ പ്രയോഗിക്കുന്ന ടിയര്‍ ഗ്യാസ് ഗ്രനേഡുകളുടെ അവശിഷ്ടങ്ങള്‍ സ്വരൂപിച്ച് മനോഹരമായ പൂച്ചട്ടികള്‍ ഉണ്ടാക്കിയിരിക്കുന്നു ആ സ്ത്രീ. ഡെയ്‌ലി ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഗ്രനേഡ് പൂച്ചട്ടികളുടെ ചിത്രങ്ങള്‍ ഫലസ്ത്വീന്‍ പെണ്ണുങ്ങളുടെ അതിജീവനത്തിന്റെയും ഇഛാശക്തിയുടെയും വിസ്മയകരമായ അടയാളങ്ങളായിരുന്നു. ഇസ്രയേല്‍ തൊടുത്തു വിട്ട മിസൈലുകള്‍ ഉപയോഗിച്ച് ഗസ്സയിലെ സ്ത്രീകളും പലതരം കരകൗശല വിദ്യകള്‍ പരീക്ഷിച്ചിട്ടുണ്ട്.
ഇസ്രയേല്‍ ജയിലറകളില്‍ കഴിയുന്ന പുരുഷ പോരാളികളില്‍നിന്ന് അതീവ രഹസ്യമായി ബീജം ശേഖരിച്ച് ഒളിച്ചുകടത്തി ഗര്‍ഭധാരണത്തിലൂടെ പോരാളികളായ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഉമ്മമാരെക്കുറിച്ച് ഗസ്സ സന്ദര്‍ശിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സി. ദാവൂദ് എഴുതിയ 'ഗസ്സ: പോരാളികളുടെ പറുദീസ' എന്ന യാത്രാ വിവരണ പുസ്തകത്തില്‍ മനോഹരമായി വിവരിക്കുന്നുണ്ട്.
വ്യത്യസ്തയായ മറ്റൊരു ഫലസ്ത്വീന്‍ പെണ്‍പോരാളിയുടെ കഥ
വിദ്യാഭ്യാസരംഗത്തെ നോബല്‍ പ്രൈസ് എന്നറിയപ്പെടുന്ന ഗ്ലോബല്‍ ടീച്ചേഴ്സ് പ്രൈസ് ലോകത്തെ മികച്ച അധ്യാപകരെയും വിദ്യാഭ്യാസ വിചക്ഷണരെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായതാണ്. ഏതാണ്ട് ഒരു മില്യന്‍ ഡോളര്‍ (പത്തു ലക്ഷം) ആണ് സമ്മാനത്തുക. ഇത്തവണ ഈ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഫലസ്ത്വീനിലെ വിദ്യാഭ്യാസ വിപ്ലവത്തിന് നേതൃത്വം കൊടുക്കുന്ന ഹനാന്‍ അല്‍ ഹറൂബാണ്. നാല്‍പത്തിയെട്ട് വയസ്സ് പ്രായമുള്ള അവര്‍ സ്വന്തമായി ഒരു സ്പെഷ്യല്‍ സ്‌കൂള്‍ തന്നെ നടത്തുന്നുണ്ട്.
ബെത്ലഹേമിലെ അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന ഒരു ബാല്യമുണ്ട് ഹനാന്‍ അല്‍ ഹറൂബിന്. ഇസ്രയേല്‍ സൃഷ്ടിച്ച അധിനിവേശവും യുദ്ധവും ഉപരോധവുമെല്ലാം അവരുടെ ബാല്യകാലത്തെ ഭീതിതമായ ഓര്‍മകളായിരുന്നു. പക്ഷേ ഭയന്നും നിരാശപ്പെട്ടും കഴിയേണ്ടതല്ല ജീവിതമെന്നും വിദ്യാഭ്യാസം കൊണ്ട് സകല ആത്മസംഘര്‍ഷങ്ങളെയും മറികടക്കാനാകുമെന്നും ഹനാന്‍ വിശ്വസിച്ചു. പിന്നീടങ്ങോട്ട് കഠിന പ്രയത്നങ്ങളുടെ ദിനങ്ങളായിരുന്നു. ഇടക്കാലത്ത് വിവാഹം കഴിഞ്ഞതോടുകൂടി തുടര്‍പഠനം പാതിവഴിയിലാകുമെന്ന് അവര്‍ ആശങ്കിച്ചു. എന്നാല്‍ ഭര്‍ത്താവ് ഉമര്‍ പൂര്‍ണ പിന്തുണ നല്‍കി. ആയിടക്കാണ് 2000-ത്തില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഭര്‍ത്താവ് ഉമറിനും രണ്ട് പെണ്‍മക്കള്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുന്നത്. പെണ്‍കുട്ടികള്‍ രണ്ടു പേരും മാനസികാഘാതം ഏറ്റ (Traumatized) അവസ്ഥയിലായി. കലുഷിതവും സംഘര്‍ഷഭരിതവുമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികളുടെ മാനസിക നില പരിഗണിച്ചുകൊണ്ടുള്ള (Trauma care) അധ്യാപനരീതി ഫലസ്ത്വീനിലെ ടീച്ചര്‍മാര്‍ക്ക് വശമില്ല എന്ന യാഥാര്‍ഥ്യം സ്വന്തം മക്കളുടെ സ്‌കൂള്‍ അനുഭവം മുന്‍നിര്‍ത്തി ഹനാന്‍ തിരിച്ചറിഞ്ഞു. അതേക്കുറിച്ച് അവര്‍ ഇങ്ങനെ പറയുന്നു: 'ഈ സംഭവം എന്റെ ജീവിതം മാറ്റി മറിച്ചു. ആദ്യം ഞാനൊരു ഞെട്ടലിലായിരുന്നു, പിന്നീട് ഞാന്‍ തിരിച്ചറിയുകയായിരുന്നു ആ യാഥാര്‍ഥ്യം. ഫലസ്ത്വീനിലെ ടീച്ചര്‍മാര്‍ ഇത്തരം കുട്ടികളെ പരിചരിക്കാന്‍ പരിശീലനം കിട്ടിയിട്ടില്ലാത്തവരാണ്. അങ്ങനെ ഞാന്‍ സ്വയം അത് പഠിച്ചെടുക്കാനും ഒരു ടീച്ചറാവാനും തീരുമാനിക്കുകയായിരുന്നു.'
റാമല്ലയിലെ സമീഹ ഖലീല്‍ സ്‌കൂളില്‍ ആറ് മുതല്‍ പത്ത് വരെ പ്രായമുള്ള കുട്ടികളെ സംഘടിപ്പിച്ച് സ്വന്തം വീട്ടില്‍ അവര്‍ ഈ സ്പെഷ്യല്‍ സ്‌കൂള്‍ ആരംഭിച്ചു. ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ പരിക്കേറ്റ തന്റെ രണ്ട് മക്കളിലും പരീക്ഷിച്ച അധ്യയനരീതി മറ്റു കുട്ടികളിലും അവര്‍ വിജയകരമായി പരീക്ഷിച്ചു. 'കളിയിലൂടെ പഠനം' എന്ന തന്ത്രമാണ് (Play and Learn Techniques) ഹനാന്‍ കാര്യമായി പ്രയോഗിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ പരിമിതികളെയും സാമ്പത്തിക ഞെരുക്കത്തെയും നിശ്ചയദാര്‍ഢ്യം കൊണ്ടാണ് അവര്‍ മറികടന്നത്. 'എന്റേത് പൂര്‍ണമായും സര്‍ക്കാര്‍ അംഗീകരിച്ച സ്‌കൂളാണ്. പക്ഷേ മതിയായ സൗകര്യങ്ങളില്ല. ശമ്പളവും കുറവാണ്. ഒരു മാസം വലിയ ചെലവ് വരുന്നുണ്ട്. അതെല്ലാം ഞാന്‍ തന്നെ വഹിക്കുന്നു. എന്റെ വീടാണ് സ്‌കൂള്‍ കെട്ടിടം. ഇവിടെയുള്ള മുഴുവന്‍ വിദ്യാര്‍ഥികളും എന്റെ മക്കളെപ്പോലെയാണ്' - ഹനാന്‍ പറയുന്നു.
ഹനാന്‍ അല്‍ ഹറൂബിന്റെ അധ്യയന രീതി (Teaching Methodology) രസകരവും വ്യത്യസ്തവുമാണ്. ഗ്ലോബല്‍ ടീച്ചേഴ്സ് പ്രൈസിനുള്ള മത്സരത്തിലെ പ്രധാന ഇനങ്ങളിലൊന്ന് വിധികര്‍ത്താക്കള്‍ക്കു മുന്നില്‍ തങ്ങളുടെ ടീച്ചിംഗ് ടെക്നിക്കുകള്‍ അവതരിപ്പിക്കുക എന്നതാണ്. കളിച്ചും കളിപ്പിച്ചും കൂട്ടുകൂടിയും പരസ്പര വിശ്വാസവും പോസിറ്റീവ് എനര്‍ജിയും പകര്‍ന്നുകൊണ്ടുള്ള അവരുടെ ശൈലി ജഡ്ജസിന്റെ പ്രശംസ പിടിച്ചുപറ്റി. എണ്ണായിരം പേരില്‍നിന്നും തെരഞ്ഞെടുത്ത പത്തു പേരുടെ ചുരുക്കപ്പട്ടികയില്‍ അമേരിക്ക, ബ്രിട്ടന്‍, ആസ്ത്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രഗത്ഭരായ അധ്യാപകരുണ്ടായിരുന്നു. അവരെയെല്ലാം ബഹുദൂരം പിന്തള്ളിയാണ് ഹനാന്‍ ഈ നേട്ടം കൈവരിച്ചത്.
സ്വന്തമായി ഇത്തരമൊരു സ്‌കൂള്‍ നടത്തുമ്പോള്‍ തന്നെ അഞ്ച് മക്കളുടെ മാതാവ് കൂടിയായ അവര്‍ കുടുംബത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിച്ച് അഞ്ചു വര്‍ഷത്തിനുള്ളില്‍ യൂനിവേഴ്സിറ്റിയിലെ തന്റെ
പോസ്റ്റ് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. മാനസിക വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരന്തര ഗവേഷണ പഠനങ്ങളിലാണ് ഇപ്പോള്‍ അവര്‍.
ഇഛാശക്തി കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും വിപ്ലവം സൃഷ്ടിച്ച വനിതകളിലേക്ക് ഹനാന്‍ അല്‍ ഹറൂബിന്റെ പേരും ചേര്‍ത്തുവെക്കപ്പെടുകയാണ്. അവര്‍ ഒരു ഫലസ്ത്വീനിയും മഫ്ത ധരിച്ച മുസ്ലിം വനിതയുമാകുമ്പോള്‍ അതിന് പത്തരമാറ്റ് തിളക്കം. ലോകം ശ്രദ്ധിച്ച മുസ്ലിം വനിത ഹനാന്‍ അല്‍ ഹറൂബ് 'We plan we learn' എന്ന പേരില്‍ ഒരു മനോഹരമായ പുസ്തകവും രചിച്ചിട്ടുണ്ട്. ദുബൈയിലെ പ്രൗഢഗംഭീരമായ അവാര്‍ഡ്ദാന ചടങ്ങില്‍ തന്റെ വിദ്യാര്‍ഥികള്‍ക്കും ഫലസ്ത്വീന്‍ ജനതക്കും അവര്‍ ആ അവാര്‍ഡ് സമര്‍പ്പിച്ചു.