ശ്രദ്ധേയമായ വിധി
നിലവിലെ ഭരണക്രമത്തില്‍ ജനാധിപത്യം ഏറ്റം മികച്ചതായി മാറുന്നത് വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള അതിന്റെ ശക്തിയാലാണ്. സംസ്കാരങ്ങളുടെ ഉള്‍പ്പിരിവുകളെയും ഭാഷാ-വേഷ വൈജാത്യങ്ങളെയും
നിലവിലെ ഭരണക്രമത്തില്‍ ജനാധിപത്യം ഏറ്റം മികച്ചതായി മാറുന്നത് വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള അതിന്റെ ശക്തിയാലാണ്. സംസ്കാരങ്ങളുടെ ഉള്‍പ്പിരിവുകളെയും ഭാഷാ-വേഷ വൈജാത്യങ്ങളെയും അംഗീകരിക്കാനും ആദരിക്കാനുമുള്ള ശേഷിയാണത് കാണിക്കുന്നത്. യോജിപ്പുകളെക്കാള് വിയോജിപ്പുകളെ അംഗീകരിക്കാനുള്ള വിശാലതക്കാണവിടെ പ്രസക്തി. അവകാശനിഷേധങ്ങള്‍ക്കെതിരെ വൈവിധ്യങ്ങളായ രൂപത്തിലും ശൈലിയിലും പൗരന്മാര് വിയോജിപ്പുകള്‍ രേഖപ്പെടുത്താറുമുണ്ട്. എന്നാല്‍ ഇത്തരം വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയും അത് രാജ്യദ്രോഹമായി കണക്കാക്കുകയും ചെയ്യുന്ന പ്രവണത രാജ്യത്ത് അടുത്തിടെ ശക്തിപ്രാപിച്ചിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെയും ഭരണകൂട നയങ്ങള്‍ക്കെതിരെ വിയോജിപ്പുകള്‍ രേഖപ്പെടുത്തിയ പത്രപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുകയാണ്.
ഇതിനിടയിലാണ് കോടതിയുടെ ശ്രദ്ധേയമായ വിധി വന്നിരിക്കുന്നത്. പൗരത്വഭേദഗതിക്കെതിരായ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നിന്നും ഉയര്‍ന്ന പ്രതിഷേധങ്ങളെ തകര്‍ക്കാനായി ആസൂത്രണം ചെയ്ത ദല്‍ഹി കലാപത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ഥികളായ ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ദേവംഗന കലിത, നതാഷ നര്‍വാള്‍ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജാമ്യം നിഷേധിച്ച് തടവിലിട്ടതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ണായക വിധി. ജഡ്ജിമാരായ സിദ്ധാര്‍ഥ് മൃദുല്‍, അനൂപ് ജയറാം ഭംഭാനി എന്നിവരാണ് ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് ആശ്വാസം നല്കുന്ന വിധി പ്രസ്താവിച്ചിരിക്കുന്നത്.
പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹമല്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദ പ്രവര്‍ത്തനവും തമ്മിലെ അതിര്‍വരമ്പ് തീവ്രവാദ മുദ്ര ചാര്‍ത്താനുള്ള ബദ്ധപ്പാടില്‍ മുറിഞ്ഞുപോകുകയാണെന്നും യു.എ.പി.എ ചുമത്താനുള്ള ഉ
പാധിയല്ല പ്രതിഷേധം എന്നുമാണ് കോടതി നിരീക്ഷണം. ഇങ്ങനെ തുടര്‍ന്നാല്‍ ജനാധിപത്യം അപകടത്തിലാവും എന്നും കോടതി ഉണര്‍ത്തുന്നു.
പൗരന്റെ പ്രതിഷേധിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനുമുളള ന്യായമായ അവകാശത്തെ യു.എ.പി.എ ചുമത്തി ഇല്ലാതാക്കുന്ന ഭരണകൂടത്തിന്റെ ചെയ്തികള്‍ക്കെതിരെയാണ് ഈ നിയമം. മൗലികാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ട് തടവിലാക്കപ്പെട്ടവരും വിചാരണത്തടവുകാരും ഒട്ടേറെ രാജ്യത്തുണ്ട്. ഭരിക്കുന്നവരുടെ ബാലിശമായ ചിന്താഗതിക്കപ്പുറം നിയമത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന ഇതുപോലുള്ള വിധികള്‍ ശ്രദ്ധേയമാവുന്നത് ഇത്തരം അവസ്ഥകളിലാണ്. ഇനിയും ഒരുപാടുപേര് പൗരത്വഭേദഗതി സമരവുമായി ബന്ധപ്പെട്ട് തന്നെ ജയിലിലടക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്കൊക്കെ നീതി ലഭിക്കുന്നതിന് ഇത്തരം കോടതി തീര്‍പ്പുകള്‍ വഴിവെക്കുമെന്നാശിക്കാം.