ലക്ഷ്യം കൃത്യമെങ്കില്‍ വിജയം സുനിശ്ചിതം
സൈദലവി വിളയൂര്‍
ജൂലൈ 2021
നമ്മുടെ ഓരോ ദിനങ്ങളും എഴുന്നേല്‍ക്കുന്നു, ജോലി ചെയ്യുന്നു, ഉണ്ണുന്നു, ഉറങ്ങുന്നു എന്നതിനപ്പുറം അസാധാരണമോ പ്രത്യേകമോ ആയ ഒന്നുമില്ലാത്ത ദിനരാത്രങ്ങളായി കടന്നു
നമ്മുടെ ഓരോ ദിനങ്ങളും എഴുന്നേല്‍ക്കുന്നു, ജോലി ചെയ്യുന്നു, ഉണ്ണുന്നു, ഉറങ്ങുന്നു എന്നതിനപ്പുറം അസാധാരണമോ പ്രത്യേകമോ ആയ ഒന്നുമില്ലാത്ത ദിനരാത്രങ്ങളായി കടന്നു
പോയിക്കൊണ്ടിരിക്കുന്നു. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും മാറിമറിയുന്നതുപോലുമറിയാതെ ഒഴുക്കിനൊത്തുള്ള യാന്ത്രികമായൊരു ജീവിതം. അലക്ഷ്യമായി വീടുവിട്ടിറങ്ങിയ യാത്രികനെ
പോലെയോ ദിശയറിയാതെ ഉഴറുന്ന കപ്പല്‍ പോലെയോ ആണ് പലരും. എന്തിനെന്നോ എവിടേക്കെന്നോ അറിയാത്ത അലസമായ ജീവിതയാത്ര. അലഞ്ഞു തിരിച്ചിലിനൊടുവില്‍ അര്‍ഥമില്ലാത്ത ഈ യാത്ര എവിടെയോ അസ്തമിക്കുന്നു.
ലക്ഷ്യമുണ്ടാകുമ്പോഴാണ് ജീവിതത്തിന് അര്‍ഥമുണ്ടാകുന്നത്, ജീവിതം സാര്‍ഥകമാകുന്നത്. ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ജീവിതത്തിന് സംതൃ
പ്തി ലഭിക്കുന്നത്. ലക്ഷ്യത്തിലേക്കുള്ള ഏതൊരു പ്രവൃത്തിയും ജീവിതത്തിന്റെ വിരസതയെ അകറ്റുന്നതും അര്‍ഥശൂന്യതയെ ഇല്ലാതാക്കുന്നതുമാണ്. നമ്മുടെ ചെറുതും വലുതുമായ ഏതൊരു പ്രവൃത്തിക്കും ഒരു ലക്ഷ്യമുണ്ട്. നടക്കുമ്പോഴും ഇരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഒരു ചെടി നടുമ്പോഴും പറിച്ചെടുക്കുമ്പോഴും ഭക്ഷിക്കുമ്പോഴും നിശ്ചലനായിരിക്കുമ്പോഴും വരെ അതിന്റേതായ ഉദ്ദേശ്യലക്ഷ്യമുണ്ട്. എന്നാല്‍ അവ നിര്‍ണിതമോ നിര്‍ണായകമോ ആസൂത്രിതമോ ആയിക്കൊള്ളണമെന്നില്ല. വ്യക്തിപരമോ സാമൂഹികമോ ആയ നേട്ടവും ഉണ്ടാവണമെന്നില്ല. ഗുണകരമോ ദോഷകരമോ ആയ ഒരു ഫലം ഉണ്ടാവുന്നുവെന്നതിലുപരി ശക്തമായ ഒരു ആഗ്രഹമുാവുകയോ ആ ആഗ്രഹസഫലീകരണത്തിലേക്കുള്ള പുതിയ പാതകള്‍ വെട്ടിത്തെളിക്കപ്പെടുകയോ ചെയ്യുന്നില്ല. നേരത്തേയുള്ള വഴികളിലൂടെയുള്ള ഒരു ഓട്ടപ്പാച്ചില്‍ മാത്രം. അതുകൊണ്ട് ശരിയായൊരു ജീവിത ലക്ഷ്യമെന്ന നിര്‍വചനത്തില്‍ ഇത്തരം സാധാരണ ചിന്തകളെയും പ്രവൃത്തികളെയും ഉള്‍പ്പെടുത്താനാവില്ല. നാമിവിടെ ജീവിതലക്ഷ്യം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ആഗ്രഹിക്കപ്പെടുന്ന അതിപ്രധാനങ്ങളായ ചില കാര്യങ്ങളും അവ സാക്ഷാത്കരിക്കപ്പെടുന്നതിനുള്ള കൃത്യവും വ്യക്തവുമായ പ്രവര്‍ത്തനങ്ങളുമാണ്. ഇത്തരമൊരു ലക്ഷ്യമുണ്ടാകുമ്പോഴേ ജീവിതം ചലനാത്മകവും പ്രതീക്ഷാനിര്‍ഭരവുമായിത്തീരുകയുള്ളൂ.
ഒരിക്കല്‍ വിദ്യാര്‍ഥികളോട് സംവദിച്ചുകൊണ്ടിരിക്കെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനോട് ഒരു വിദ്യാര്‍ഥി ചോദിച്ചു: 'നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥ ശക്തി എന്താണ്? രാജ്യത്തിന്റെ ദൗര്‍ബല്യം എന്താണ്?' തന്റെ മുന്നില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് വിദ്യാര്‍ഥികളിലേക്ക് കൈചൂണ്ടി കലാം പറഞ്ഞ മറുപടി ഇങ്ങനെ: 'നിങ്ങള്‍ യുവതലമുറ; വിദ്യാര്‍ഥികള്‍ തന്നെ. രാജ്യത്തിന്റെ ദൗര്‍ബല്യം കൃത്യമായ ലക്ഷ്യബോധമില്ലാത്ത യുവതലമുറയാണ്. നല്ലൊരു വിഭാഗം മയക്കുമരുന്നിനും മറ്റും അടിമകളായി കഴിഞ്ഞുകൂടുന്നു.'
ജീവിതവിജയം ആഗ്രഹിക്കുന്നവരില്‍ കുറച്ചു പേര്‍ മാത്രമേ ശരിയായ വിജയം കരസ്ഥമാക്കുന്നുള്ളൂ. ബാക്കിയുള്ളവര്‍ പരാജയങ്ങളേറ്റുവാങ്ങി നിരാശയില്‍ മുങ്ങിക്കഴിയുന്നു. കൃത്യമായൊരു ലക്ഷ്യമില്ലാത്തതോ ലക്ഷ്യത്തെക്കുറിച്ച് ശരിയായ ധാരണയില്ലാത്തതോ ആവും പരാജയകാരണം. ഓരോരുത്തരുടെയും ആഗ്രഹങ്ങളും ചിന്തകളും വ്യത്യസ്തമാവും. നമ്മള്‍ ആഗ്രഹിക്കുന്നതാണ് നമ്മുടെ ലക്ഷ്യം. അതെന്താണെന്ന് കണ്ടെത്തുകയും തീരുമാനിക്കുകയും ചെയ്യുന്നതാണ് വിജയത്തിലേക്കുള്ള ആദ്യപടി. പോകേണ്ട സ്ഥലം നിശ്ചയിക്കാതെ യാത്ര തുടങ്ങുന്നതില്‍ അര്‍ഥമില്ലല്ലോ. അതുപോലെ നമുക്ക് വേണ്ടത് തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാവണം. മറ്റുള്ളവരുടെ താല്‍പര്യത്തിനനുസരിച്ചോ അവരുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയോ തീരുമാനിക്കേണ്ടതല്ല ഓരോരുത്തരുടെയും ലക്ഷ്യങ്ങള്‍. നമ്മുടെ താല്‍പര്യങ്ങളാണ് നമ്മെ മുന്നോട്ടു നയിക്കേണ്ടത്. മറ്റുള്ളവരുടെ അഭി
പ്രായങ്ങളും നിര്‍ദേശങ്ങളും അവഗണിക്കണമെന്നതല്ല ഈ പറഞ്ഞതിന്റെ സാരാംശം.
ലക്ഷ്യം കൃത്യമായിരിക്കണം. ഒന്നിലധികമുണ്ടെങ്കില്‍ ശ്രദ്ധ വിഭജിക്കപ്പെടുകയും കൃത്യത നഷ്ടപ്പെടുകയും ചെയ്യും. അത് വിജയത്തിലേക്കുള്ള വഴികളെ പ്രയാസകരമാക്കും. ഒരു ഭാരതീയ കഥയുണ്ട്. ഗുരു ശിഷ്യര്‍ക്ക് അസ്ത്ര വിദ്യ പഠിപ്പിക്കുകയാണ്. മരത്തിനു മുകളില്‍ തൂങ്ങിക്കിടന്ന പക്ഷിയുടെ വലതു കണ്ണായിരുന്നു ലക്ഷ്യം. ഒന്നാമത്തെ ശിഷ്യന്‍ വില്ലു കുലക്കാന്‍ ഒരുങ്ങിയപ്പോള്‍ ഗുരുവിന്റെ ചോദ്യം, 'ഇപ്പോള്‍ എന്തെല്ലാം കാണുന്നുണ്ട്?' ശിഷ്യന്‍: 'മരവും അതിന്റെ കൊമ്പും ഒരു പക്ഷിയും അതിന്റെ രണ്ടു കണ്ണും'. 'നിനക്ക് സമയമായില്ല' എന്നായിരുന്നു ഗുരുവിന്റെ മറുപടി. രണ്ടാമത്തെ ശിഷ്യനോടും ഗുരു അതേ ചോദ്യം ആവര്‍ത്തിച്ചു. 'ഞാന്‍ ഒരു മരക്കൊമ്പും അതിന്മേല്‍ ഒരു പക്ഷിയും രണ്ടു കണ്ണുകളും കാണുന്നു' എന്നായിരുന്നു ശിഷ്യന്റെ മറുപടി. 'നിനക്കും സമയമായില്ല' എന്നായിരുന്നു ഗുരുവിന്റെ വിധി. ചോദ്യവും ഉത്തരവും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ അവസരം ലഭിച്ച ശിഷ്യന്റെ മറുപടി എന്തായിരുന്നുവെന്നോ? 'പ്രഭോ, ഞാന്‍ ആ പക്ഷിയുടെ വലതു കണ്ണു മാത്രം കാണുന്നു'. ആ ശിഷ്യന് അമ്പെയ്യാന്‍ ഗുരു അനുമതി നല്‍കി. എന്താണോ നമ്മുടെ ലക്ഷ്യം അതു മാത്രമാവണം നമ്മുടെ മുന്നില്‍ എന്ന തത്ത്വമാണിവിടെ പ്രായോഗികമായി പഠിപ്പിക്കപ്പെട്ടത്.
നല്ല സൂര്യപ്രകാശമുള്ള സമയത്ത് ഒരു കടലാസ് കഷ്ണത്തിലേക്ക് ഒരു ലെന്‍സ് തിരിച്ചു വെച്ചെന്നു കരുതുക. കടലാസില്‍ ക്യത്യമായ ഒരു ബിന്ദുവില്‍ മാത്രം ലെന്‍സ് കേന്ദ്രീകരിക്കപ്പെടുമ്പോള്‍ കടലാസ് കഷ്ണം കത്തുന്നു. ലെന്‍സ് ചലിപ്പിക്കുകയോ വികേന്ദ്രീകരിക്കുകയോ ചെയ്താല്‍ കടലാസ് കത്തുകയില്ല. മനുഷ്യനും ഇതുപോലെയാണ്. പൗലോ കൊയ്‌ലോയുടെ 'ആല്‍ക്കെമിസ്റ്റി'ല്‍ പറയുന്നൊരു സംഭവമുണ്ട്. സന്തോഷത്തിന്റെ രഹസ്യമെന്തെന്ന് അന്വേഷിച്ചെത്തിയ സാന്റിയാഗോക്ക് അത് പഠിപ്പിക്കപ്പെടുന്ന തത്ത്വചിന്താപരമായ ഒരു സംഭവം. ഒരു സ്പൂണും അതില്‍ രണ്ട് തുള്ളി എണ്ണയും വെച്ചു കൊടുത്ത് കൊട്ടാരം ചുറ്റി വരാന്‍ കല്‍
പിക്കുന്നു. തിരിച്ചെത്തുമ്പോള്‍ സ്പൂണിലെ എണ്ണ അതേപടിയുണ്ടാകണമെന്ന നിബന്ധനയും. എന്നാല്‍ കൊട്ടാരം കണ്ട് തിരിച്ചെത്തിയപ്പോള്‍ എണ്ണ മുഴുവനായും നഷ്ടപ്പെടുന്നു. രണ്ടാമതും സ്പൂണും എണ്ണയുമായി കൊട്ടാരം ചുറ്റുന്നു. പക്ഷേ ഇത്തവണ യാത്ര അവസാനിക്കുമ്പോള്‍ ഒരു തുള്ളി എണ്ണ പോലും നഷ്ടപ്പെട്ടിരുന്നില്ല. ആദ്യത്തെ ചുറ്റലില്‍ കൊട്ടാരത്തിന്റെ കണ്ണഞ്ചിക്കുന്ന സൗന്ദര്യത്തില്‍ മതിമറന്നുപോയതുകൊണ്ടായിരുന്നു എണ്ണയില്‍നിന്ന് ശ്രദ്ധ നഷ്ടപ്പെട്ടത്. രണ്ടാമത്തേതില്‍ കൊട്ടാരത്തിലെ യാതൊന്നും സാന്റിയാഗോ ശ്രദ്ധിച്ചതേയില്ല. പകരം സ്പൂണിലും എണ്ണയിലും മാത്രമായിരുന്നു ശ്രദ്ധ. 'തടസ്സങ്ങള്‍ നമ്മുടെ മുമ്പില്‍ ഭീതി പടര്‍ത്തി നില്‍ക്കുന്നത് നിര്‍ദിഷ്ട ലക്ഷ്യത്തില്‍നിന്ന് നമ്മുടെ കണ്ണ് തെറ്റുമ്പോഴാണ്' - ഹെന്റി ഫോഡി (Henry Ford)ന്റേതാണീ വാക്കുകള്‍.
ലക്ഷ്യത്തിലേക്കുള്ള പാതകള്‍ കല്ലുകളും മുള്ളുകളും നിറഞ്ഞതെങ്കിലും ഏതു പ്രയാസങ്ങളിലും ഉറച്ചുനിന്ന് പോരാടാന്‍ മനസ്സ് സജ്ജമായിരിക്കണം. അതിന് കഴിയാതെ പോകുന്ന മനസ്സിന്റെ മടുപ്പാണ് പരാജയത്തിലേക്ക് വഴി തുറക്കുന്നത്. ഒരു ദിവസം കൊണ്ട് സാധ്യമാകുന്നതല്ല വിജയമെന്നത്. നിരന്തരമായ പരിശ്രമത്തിനൊടുവില്‍ മാത്രം എത്തിച്ചേരുന്ന ഇടമാണത്. ലക്ഷ്യം നേടുന്നതില്‍ സമയമെടുക്കുന്നത് പരാജയപ്പെട്ടുവെന്നല്ല കാണിക്കുന്നത്. മുന്നോട്ടു മാത്രം നോക്കിയാവണം നമ്മുടെ യാത്ര. നമ്മള്‍ കാണുന്ന സ്വപ്‌നങ്ങള്‍ മുഴുവന്‍ അവിടെയാണ്. നദിയുടെ ഒഴുക്ക് എല്ലായിടത്തും ഒരുപോലെയാവില്ല. ചുഴിയും ആഴവും ഓളവും വ്യത്യസ്തമാവും. കടലിലെത്തും വരെ ദുര്‍ഘടമായ അത്തരം അവസ്ഥാന്തരങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. തിരിച്ചടികളില്‍ പതറുന്നവര്‍ പിന്‍വാങ്ങുകയോ മുങ്ങിയൊടുങ്ങുകയോ ചെയ്യും. ഒന്നിനെയും വകവെക്കാതെ മുന്നോട്ടു പോകുന്നവര്‍ ലക്ഷ്യസ്ഥാനം എത്തിപ്പിടിക്കുക തന്നെ ചെയ്യും. പ്രതീക്ഷകളാണ് ലക്ഷ്യത്തിലേക്ക് നമ്മെ അടുപ്പിക്കുന്നത്. പ്രതീക്ഷകള്‍ തകര്‍ന്നുപോയാല്‍ ജീവിതം തന്നെ അര്‍ഥശൂന്യമായിത്തീരും.
ഒരു ലക്ഷ്യവുമില്ലാത്തവര്‍ക്ക് ജീവിതം ഒരിക്കലും ആസ്വദിക്കാനാവില്ല. അത്തരക്കാര്‍ക്ക് ജീവിതത്തോടു തന്നെ ചിലപ്പോള്‍ വെറുപ്പു തോന്നിത്തുടങ്ങും. മാനസികമായ പ്രത്യേക ശക്തിയോ ഊര്‍ജമോ അവര്‍ക്കുണ്ടാവില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉറക്കം മതിയായില്ലെന്ന തോന്നല്‍, ഉന്മേഷക്കുറവ്, ജോലിയിലും ജീവിതത്തിലും സന്തോഷമില്ലായ്മ, എന്തിനു വേണ്ടി കഷ്ടപ്പെടുന്നു എന്ന ചിന്ത, അലസത തുടങ്ങിയവയൊക്കെ ലക്ഷ്യബോധമില്ലാത്തതിന്റെ പ്രത്യക്ഷ നിദര്‍ശനങ്ങളാണ്. ലക്ഷ്യബോധമുള്ളവന് അലസനായി ഇരിക്കാനും അശുഭ ചിന്തകള്‍ക്ക് നിലമൊരുക്കാനും സമയമുണ്ടാവില്ല. കഴിവില്ലായ്മയെ കുറിച്ച് പരിതപിച്ചിരിക്കാനും ആയുധങ്ങളെ പഴിച്ച്
പിന്മാറാനും അവര്‍ ഒരുക്കമല്ല. ലഭ്യമാകുന്ന സമയവും അവസരങ്ങളും പരമാവധി ഉപയോഗപ്പെടുത്തി ലക്ഷ്യത്തിലേക്ക് അവര്‍ കുതിച്ചുകൊണ്ടിരിക്കും.
നമ്മുടെ താല്‍പര്യവും ശുഭചിന്തകളുമാണ് പ്രധാനം. അവയുണ്ടെങ്കില്‍ സാഹചര്യങ്ങളെല്ലാം നമുക്ക് അനുകൂലമായിത്തീരും.