ഹജ്ജിലെ സാമൂഹികപാഠങ്ങള്‍
പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി
ജൂലൈ 2021
ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം എന്നീ മാസങ്ങള്‍ യുദ്ധ നിരോധിത പവിത്ര മാസങ്ങളായി നിശ്ചയിച്ചത് ആഗോള മുസ്‌ലിംകള്‍ക്ക് സമാധാനപൂര്‍വം ഹജ്ജ് കര്‍മം നിര്‍വഹിക്കാനും
ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം എന്നീ മാസങ്ങള്‍ യുദ്ധ നിരോധിത പവിത്ര മാസങ്ങളായി നിശ്ചയിച്ചത് ആഗോള മുസ്‌ലിംകള്‍ക്ക് സമാധാനപൂര്‍വം ഹജ്ജ് കര്‍മം നിര്‍വഹിക്കാനും അതിനുള്ള യാത്രയും മടക്കയാത്രയും സുരക്ഷിത ചുറ്റുപാടിലാകാനും കൂടിയാണ്. എന്നാല്‍ ഈ ചട്ടം ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമോ, ഹജ്ജിന്റെ കേന്ദ്രമായ മക്കയില്‍ മാത്രമോ അല്ല. മറിച്ച് ആഗോള മുസ്‌ലിംകള്‍ക്കാകെ ബാധകമാണ്.
പരിശുദ്ധ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങള്‍ പരസ്പരബന്ധിതവും പരസ്പര പൂരകവുമാണ്. ദീന്‍ എല്ലാവരുടേതുമാണ്; അതിന്റെ സ്തംഭങ്ങളും എല്ലാവരുടേതുമാണ്. അനുഷ്ഠാന കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അതിന്റെ പ്രയോജനങ്ങള്‍ അനുഷ്ഠിക്കുന്ന വ്യക്തിക്കു മാത്രമല്ല; മറിച്ച് ഏതോ രീതിയില്‍ എല്ലാവര്‍ക്കും ലഭ്യമാണ്. ഇസ്‌ലാം അടിമുടി തികഞ്ഞ സാമൂഹ്യതയില്‍ അധിഷ്ഠിതവുമാണ്. ഏകാന്തമായി നമസ്‌കരിക്കുമ്പോള്‍ പോലും 'ഞങ്ങള്‍ നിനക്കു മാത്രം ഇബാദത്ത് ചെയ്യുന്നു; ഞങ്ങള്‍ നിന്നോട് മാത്രം സഹായം തേടുന്നു; ഞങ്ങളെ നീ ചൊവ്വായ സരണിയില്‍ വഴിനടത്തേണമേ.....' എന്നാണല്ലോ. നമസ്‌കാരത്തിന്റെ ഒടുവില്‍ 'അസ്സലാമു അലൈനാ.....' (അല്ലാഹുവിന്റെ രക്ഷയും ശാന്തിയും നമ്മുടെ മേലിലും ലോകത്തെങ്ങുമുള്ള സജ്ജനങ്ങളുടെ മേലിലും ഉണ്ടാകുമാറാകട്ടെ) എന്നും പ്രാര്‍ഥിക്കുന്നു. ഹജ്ജിലും വിശാലമായ സാമൂഹിക ബോധം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഈ സാമൂഹിക ബോധം വിശാലമായ മാനവിക ബോധത്തില്‍നിന്ന് ഉടലെടുക്കുന്നതാണ്. വിശുദ്ധവും വിശാലവുമായ മാനവികബോധം സത്യശുദ്ധവും സമഗ്രസമ്പൂര്‍ണവുമായ ഏകദൈവ വിശ്വാസത്തില്‍ നിന്നുടലെടുക്കുന്നു.
''...... കഅ്ബാലയത്തിലേക്ക് എത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടം ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവിനോടുള്ള ബാധ്യതയാകുന്നു.......''(3:97). കഅ്ബാലയത്തിന്റെ പുനരുദ്ധാരകനും ഹജ്ജിന്റെ ഉദ്ഘാടകനും മക്കയെന്ന മാതൃകാ പട്ടണത്തിന്റെ രാഷ്ട്രപിതാവുമായ ഇബ്‌റാഹീം നബി(അ)യെ ജനങ്ങള്‍ക്കാകെ മാതൃകാപുരുഷനും നേതാവുമായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഹജ്ജിന്റെ കേന്ദ്രമായ മക്കയിലെ കഅ്ബാലയത്തെ 'നിസ്സംശയം മനുഷ്യര്‍ക്കായി നിര്‍മിക്കപ്പെട്ട പ്രഥമ ദേവാലയം'(3:96). കഅ്ബയെ നാം ജനങ്ങള്‍ക്കുവേണ്ടി ഒരു കേന്ദ്രവും അഭയസ്ഥാനവുമായി നിശ്ചയിച്ചത് ഓര്‍ക്കുക (2:125). പരിശുദ്ധ ഗേഹമായ കഅ്ബയെ അല്ലാഹു ജനങ്ങള്‍ക്ക് സാമൂഹികജീവിതത്തില്‍ നിലനില്‍പ്പിനുള്ള ആധാരമാക്കി നിശ്ചയിച്ചിരിക്കുന്നു (5:97). കഅ്ബാലയത്തെ പറ്റിയുള്ള ഈ മൂന്ന് ആയത്തുകളില്‍ ജനങ്ങള്‍ക്കു വേണ്ടി എന്ന പ്രയോഗം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കഅ്ബാലയത്തെ ഖിബ്‌ലയാക്കി നിര്‍ണയിച്ചതുപോലെ മുസ്‌ലികളെ ഒരു മിതസമുദായം ആക്കിയിരിക്കുന്നു, നിങ്ങള്‍ ലോക ജനങ്ങള്‍ക്ക് സാക്ഷികളാക്കുന്നതിനു വേണ്ടി; റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയാകാന്‍ വേണ്ടിയും (2:143). ഈ ആദര്‍ശ സമുദായം ജനങ്ങള്‍ക്കുവേണ്ടി ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമുദായമാണെന്ന് 3:110-ല്‍ പറഞ്ഞത് കൂടി ചേര്‍ത്തു വായിക്കുന്നത് നന്നായിരിക്കും.
ചുരുക്കത്തില്‍ അല്ലാഹു, റസൂല്‍, ഖുര്‍ആന്‍ ഇവയുടെ അടിസ്ഥാനത്തില്‍ രൂപം പ്രാപിക്കുന്ന ആദര്‍ശസമുദായം ഇവയെല്ലാം വിശാല വിഭാവനയോടെ പരിചയപ്പെടുത്തപ്പെട്ട പോലെ ഹജ്ജും അതിന്റെ, പ്രമുഖ കേന്ദ്രമായ കഅ്ബയും അത് നിലകൊള്ളുന്ന മക്കയും, ഹജ്ജിന്റെ തുടക്കക്കാരനായ ഇബ്‌റാഹീം നബിയും ഒക്കെ വിശാലമായ മാനവികവിഭാവനയോടെയാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.
ഹജ്ജ് കര്‍മം ദേശീയ - വംശീയ - വര്‍ഗീയ - ഭാഷാ - വര്‍ണ വിഭാഗീയതകള്‍ക്കതീതമായ ഒരൊറ്റ ഇലാഹ്, ഒരൊറ്റ ജനത എന്ന ഉത്കൃഷ്ട നിലവാരത്തിലേക്ക് നമ്മെ ഉയര്‍ത്തുന്നു. വിശുദ്ധവും വിശാലവുമായ സാമൂഹിക ബോധം പുലര്‍ത്തുന്ന വിശ്വ പൗരന്മാരായിത്തീരാനാണ് ഹജ്ജ് സത്യവിശ്വാസികളെ പരിശീലിപ്പിക്കുന്നത്. തൗഹീദിന്റെ ഉദാത്തവും ഉള്‍ക്കരുത്താര്‍ന്നതുമായ ഉദ്ഗ്രഥനശേഷി ഉദ്ഗാനം ചെയ്യുന്ന ഹജ്ജിലെ ബഹുമുഖ നന്മകള്‍ വിവരണാതീതമാണ്. ശരിക്കും അനുഭവിച്ചറിയുക തന്നെ വേണം, ആകയാലാണ് അവര്‍ക്കുള്ള പ്രയോജനങ്ങള്‍ അനുഭവിച്ചറിയാന്‍ (ലിയശ്ഹദൂ മനാഫിഅ ലഹും 22:28) പറഞ്ഞത്. ഹജ്ജിന്റെ നന്മകള്‍ അത് അനുഷ്ഠിച്ച ജനലക്ഷങ്ങളിലൂടെ മുസ്‌ലിം ലോകത്തിന്റെ മുക്കുമൂലകളിലെ സകല വിശ്വാസികളിലേക്കും പ്രസരിക്കേണ്ടതുണ്ട്.
ഹജ്ജ് അകാരണമായി നീട്ടിവെക്കരുത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും എത്രതന്നെ ആഗ്രഹിച്ചാലും ഉത്സാഹിച്ചാലും പോകാന്‍ പറ്റാത്ത ചുറ്റുപാട് വന്നുചേര്‍ന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. നിര്‍ബന്ധമായ ഹജ്ജ് നിര്‍വഹിക്കാന്‍ അങ്ങേയറ്റത്തെ സമ്പത്തും സുഭിക്ഷതയും ധാരാളത്തിലേറെ ഉണ്ടാകണമെന്നില്ല. യാത്രക്കാവശ്യമായ കാശ് സ്വന്തമായുണ്ടാവുക, പോയി വരുന്നതുവരെ താന്‍ സംരക്ഷിക്കേണ്ടവര്‍ക്ക് ആവശ്യമായ ജീവിതവിഭവങ്ങള്‍ ഉണ്ടായിരിക്കുക. ഇതാണ് ഹജ്ജിനു വേണ്ട സാമ്പത്തിക ഉപാധി. ഇന്നത്തെ സ്ഥിതിക്ക് വീട് വെക്കാന്‍ ഭൂമി വാങ്ങുമ്പോള്‍ 2 സെന്റ് കുറച്ചാല്‍, അല്ലെങ്കില്‍ നിര്‍മിക്കുന്ന വീടിന്റെ ഒരു മുറി തല്‍ക്കാലം വേണ്ടെന്നു വെച്ചാല്‍, അലങ്കാരവും ആഡംബരവും ചുരുക്കിയാല്‍, സ്വര്‍ണാഭരണം ഉള്ളവര്‍ക്ക് എട്ടോ പത്തോ പവന്‍ ഒഴിവാക്കിയാല്‍... ഇങ്ങനെ പലനിലക്കും സാധിക്കാവുന്നതാണ്. ആരോഗ്യമുണ്ടെങ്കിലെ ആസ്വദിച്ചുകൊണ്ട് ഹജ്ജ് അനുഷ്ഠിക്കാനാവുകയുള്ളൂ. നമ്മുടെ ആരോഗ്യവും ആയുസ്സും ഏതവസരത്തിലും നഷ്ടപ്പെട്ടേക്കാം, മരണം എപ്പോഴും സംഭവിച്ചേക്കാം. ഹജ്ജിന് സൗകര്യമുണ്ടായിട്ടും അത് നീട്ടിവെച്ച് അവസാനം അനുഷ്ഠിക്കാതെ മരിക്കുന്നവന്‍ ജൂതനോ ക്രൈസ്തവനോ ആയി മരിച്ചുകൊള്ളട്ടെ എന്ന് പ്രവാചകന്‍ (സ) പറഞ്ഞത് ഹജ്ജിന്റെ അതീവ പ്രാധാന്യത്തെ കുറിക്കുന്നു. മനപ്പൂര്‍വം ഹജ്ജ് ചെയ്യാത്ത അവരുടെ മേല്‍ കപ്പം (ജിസ്‌യ) ചുമത്താന്‍ വരെ രണ്ടാം ഖലീഫ ഉമര്‍ (റ) ചിന്തിക്കുകയുണ്ടായി. 3:97-ല്‍ ഹജ്ജ് നിര്‍ബന്ധമാണെന്ന് കല്‍പ്പിച്ചതിനു ശേഷം, അതിന് ഉപേക്ഷ വരുത്തുന്നവരെ പറ്റി ഖുര്‍ആന്‍ പ്രയോഗിച്ചത് 'വമന്‍ കഫറ' (വല്ലവനും കാഫിറാകുന്ന പക്ഷം) എന്നാണ്. ഒരാള്‍ ഹജ്ജ് ചെയ്യാതിരുന്നാല്‍, നീട്ടിക്കൊണ്ടുപോയാല്‍ അതിന്റെ നഷ്ടവും ദോഷവും അയാള്‍ക്കു മാത്രമല്ല, താന്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനു കൂടിയാണ്. ഒരു സത്യവിശ്വാസിയുടെ ആത്മീയ വളര്‍ച്ച സമൂഹത്തിനാകെ നന്മയാണ് ഉണ്ടാക്കുക.
ഹജ്ജ് അനുഷ്ഠാനം ചിലരെങ്കിലും നീട്ടിവെക്കുന്നത് പ്രസ്തുത കര്‍മം പാപനാശിനിയാണെന്നു മാത്രം തെറ്റിദ്ധരിച്ചിട്ടാണ്. ഹജ്ജ് അതിന്റെ തികവോടെ, മികവോടെ അനുഷ്ഠിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ തെറ്റുകുറ്റങ്ങള്‍ വിശാലമായി പൊറുത്തുകൊടുക്കുമെന്നത് തീര്‍ച്ചയാണ്. നവജാത ശിശുവിന്റെ വിശുദ്ധി കൈവരിക്കാനാകുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. പക്ഷേ ദോഷങ്ങള്‍ പൊറുത്തുകിട്ടാനല്ല ഹജ്ജ്. തെറ്റുകുറ്റങ്ങളും ദോഷങ്ങളും സംഭവിച്ചാല്‍ വിളംബംവിനാ പശ്ചാത്തപിച്ച്, പ്രായശ്ചിത്തവും പരിഹാരകര്‍മങ്ങളും
നിര്‍വഹിക്കുകയാണ് വേണ്ടത്. അങ്ങനെ
പൊറുക്കപ്പെടുകയും ചെയ്യും. അത് ഹജ്ജ് വരെ നീട്ടിവെക്കേണ്ടതില്ല. ഹജ്ജ് നിര്‍വഹിച്ചവര്‍ക്കേ കുറ്റങ്ങള്‍ പൊറുത്ത് മാപ്പാക്കപ്പെടുകയുള്ളൂവെന്നു വന്നാല്‍ ഹജ്ജിന് വകയില്ലാത്ത പാവങ്ങള്‍ക്ക് തങ്ങളുടെ തെറ്റുകുറ്റങ്ങള്‍ പൊറുക്കാന്‍ വഴിയില്ലെന്ന ദുര്‍ധാരണ വന്നുചേരും. ഹജ്ജ് യഥാര്‍ഥത്തില്‍ യജമാനനായ അല്ലാഹുവിനോടുള്ള ബാധ്യതാ നിര്‍വഹണമാണ്. എന്നാല്‍ തെറ്റുകുറ്റങ്ങള്‍ പൊറുത്തു കിട്ടണം എന്ന ധാരണ മാത്രം പുലര്‍ത്തുന്നവരാണ് റിട്ടയര്‍മെന്റിനു ശേഷം വാര്‍ധക്യത്തിന്റെ അവശാവസ്ഥയിലേക്ക് നീട്ടി വെക്കുന്നത്. മതിയായ ആരോഗ്യത്തിന്റെ അഭാവത്തില്‍ ഹജ്ജ് അതിന്റെ ചൈതന്യത്തോടെ ആവേശപൂര്‍വം നന്നായി ആസ്വദിച്ചു നിര്‍വഹിക്കാനാകാതെ വരും. ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ സമൂഹത്തിലേക്ക് ഇറങ്ങി ഹജ്ജിലൂടെ ആര്‍ജിച്ച പ്രചോദനങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധിക്കാതെ അവശാവസ്ഥയില്‍ ഒതുങ്ങിക്കഴിയുന്നു. യുവപ്രായത്തില്‍തന്നെ ഹജ്ജ് നിര്‍വഹിച്ചാല്‍ അതിന്റെ നന്മകള്‍ ശിഷ്ടകാലം വ്യക്തിക്കും സമൂഹത്തിനും സിദ്ധിക്കും. സംഘടിതമായും കൂട്ടായും അനുഷ്ഠിക്കുന്ന കര്‍മങ്ങളുടെ ഫലം സമൂഹത്തിന് കിട്ടുക തന്നെ വേണം.