അശരണര്‍ക്കിടയില്‍ തീര്‍ത്ത 'യാസ്മിന്‍' വിപ്ലവം
കെ.സി സലീം കരിങ്ങനാട്
ജൂലൈ 2021
ഓരോരുത്തരും അവനവന്റെ ലോകത്ത് ജീവിച്ചു കൊണ്ടിരിക്കുകയും മറ്റുള്ളവരെ ചേര്‍ത്തു പിടിക്കാനും അവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാനും
ഓരോരുത്തരും അവനവന്റെ ലോകത്ത് ജീവിച്ചു കൊണ്ടിരിക്കുകയും മറ്റുള്ളവരെ ചേര്‍ത്തു പിടിക്കാനും അവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാനും നേരമില്ലാത്തൊരു സാഹചര്യത്തിലാണ് മലപ്പുറം യാസ്മിന്‍ അരിമ്പ്ര എന്ന യുവതി വ്യത്യസ്തയാകുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച് സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുകയാണവര്‍. സമൂഹത്തില്‍ നിന്ന് അവഗണനയും അപഹാസ്യവും കൊണ്ട് അന്യം നിന്ന് പോകുന്ന ഭിന്നശേഷിക്കാരെ സ്വന്തം മക്കളെപ്പോലെ കണ്ട് അവരുടെ സ്വ
പ്‌നങ്ങള്‍ക്ക് ചിറക് വിരിയിക്കുകയെന്ന ലക്ഷ്യമാണ് ജില്ലയിലെ തെന്നല പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍ കൂടിയായ അവരുടേത്. ഈ കുട്ടികളെ സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നവരും സ്വയം
പ്രാപ്തിയുള്ളവരുമായി മാറ്റണം എന്നാണ് ലക്ഷ്യം. ഒരുപാട് പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി നിസ്വാര്‍ഥ സേവനത്തിന്റെ ഈ മാതൃകയുമായി മുന്നോട്ട് നടക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷമായി. ഒപ്പം താങ്ങും തണലുമായി ഭിന്നശേഷിക്കാരായ മക്കളെ പ്രസവിച്ചതിന്റെ പേരില്‍ ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെട്ട വീട്ടമ്മമാരുമുണ്ട്. ഭിന്നശേഷിക്കാരായ മക്കള്‍ക്കു വേണ്ടി മാത്രം ജീവിക്കുന്നവര്‍, മക്കളെ ആശുപത്രിയില്‍ കൊണ്ട്
പോകാന്‍ മാത്രമായി പുറത്തിറങ്ങുന്നവര്‍, ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച് പോയവര്‍. ഇവരെയെല്ലാം ചേര്‍ത്ത് പിടിച്ച് കരുതലും ആശ്വാസവുമാകുകയാണ് യാസ്മിന്‍.
2011 വരെ എല്ലാ സ്ത്രീകളെയും പോലെ വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു. വല്ലപ്പോഴും ബാങ്കിലും പഞ്ചായത്തിലും പോകുന്നുവെന്ന് മാത്രം. 2011-ല്‍ കമ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനമേറ്റെടുത്തതു മുതലാണ് സാമൂഹിക സേവന രംഗത്തേക്കിറങ്ങുന്നത്. കുടുംബശ്രീയുടെ ആറ് വര്‍ഷത്തെ ചെയര്‍പേഴ്‌സണ്‍, അതിന് മുമ്പേ കുറച്ച്കാലം അയല്‍ക്കൂട്ടം സെക്രട്ടറി. അങ്ങനെ തുടങ്ങുന്നു കര്‍മരംഗത്തേക്കുള്ള ഓരോ ചുവടുകളും. 'ആശ്രയ' പദ്ധതിയുടെ സര്‍വേയുമായി ഫീല്‍ഡിലിറങ്ങിയപ്പോഴാണ് തെന്നല പഞ്ചായത്തില്‍ ഒരുപാട് ഭിന്നശേഷിക്കാരായ കുട്ടികളെ കാണുന്നത്. അവരുടെ അമ്മമാര്‍ ഒരുപാട് കഷ്ടപ്പെടുന്നതും. പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. പല കുട്ടികളും റൂമിലടച്ച് ജനലിനുള്ളിലൂടെ വെളിച്ചത്തേക്ക് നോക്കി നില്‍ക്കുന്ന പതിവ് കാഴ്ചകള്‍. പല അമ്മമാരും ജോലിക്ക് പോകുന്നത് ഇത്തരം കുട്ടികളെ കെട്ടിയിട്ടാണ്. പഞ്ചായത്തിലെ ഇത്തരം സ്ത്രീകളെ കൗണ്‍സലിംഗിലൂടെയും ക്ലാസുകളിലൂടെയും ചേര്‍ത്ത് നിര്‍ത്തി. ദുരിതം പേറുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുടുംബശ്രീ മുഖേനയും ആശ്രയ പദ്ധതി മുഖേനയും പലവിധ സഹായങ്ങള്‍ ഒരുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
തരിശ് ഭൂമിയായി കിടന്നിരുന്ന ഒരു നാടിനെ പച്ചപ്പണിയിക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് ചെറുതല്ല. 2011-ല്‍ കുടുംബശ്രീ ജീവിതം ആരംഭിക്കുന്നതോടെ നാട്ടിലെ വയലുകള്‍ക്കും പുതുജീവന്‍ നല്‍കാനായി എന്ന് വേണം പറയാന്‍. പുരുഷന്മാര്‍ ജോലിക്ക് പോകുന്നതിനാല്‍ സ്വന്തം പറമ്പിലെ കൃഷിക്ക് സമയമുണ്ടായിരുന്നില്ല. അന്നേരം കൃഷിക്കായി യാസ്മിന്‍ സ്ത്രീകളെ പാടത്തെത്തിച്ചു. പിന്നീട് നടന്നത് കാര്‍ഷിക വിപ്ലവം. ഒറ്റ വര്‍ഷം കൊണ്ട് മലപ്പുറം ജില്ലയിലെ തെന്നല കുടുംബശ്രീ കൃഷിയില്‍ ഒന്നാമതെത്തി. അതിന് പിന്നാലെ ജൈവ അരി ഉല്‍പാദിപ്പിച്ച് തെന്നല ബ്രാന്‍ഡ് എന്ന പേരില്‍ വില്‍പനയും തുടങ്ങി. 125 ഏക്കര്‍ കൃഷിഭൂമി ഈ പെണ്‍കൂട്ടായ്മ പൊന്നുവിളയിക്കുന്ന ഇടമാക്കി. കൃഷിക്കായി കൂടെയുണ്ടായിരുന്ന ചില അമ്മമാരെ ഇടയ്ക്ക് വയലിലേക്ക് കാണാതായപ്പോള്‍ യാസ്മിന്‍ അന്വേഷിച്ചിറങ്ങി. അന്നേരമാണ് നേരത്തേ പറഞ്ഞതു
പോലെ യാസ്മിന്‍ ആ വീടകങ്ങളിലെ ഉള്ള് പൊള്ളിക്കുന്ന കാഴ്ചകള്‍ നേരിട്ട് കാണുന്നത്. ഇത്തരം കുട്ടികള്‍ക്കായി മുമ്പ് ഈ അമ്മമാരൊരു കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. എന്നാല്‍, നല്ലൊരു നേതൃത്വമില്ലാത്തതിനാല്‍ അധികകാലം മുന്നോട്ട് പോയില്ല. തങ്ങളുടെ മക്കള്‍ക്ക് മാത്രമായി ഒരു സ്‌കൂളുണ്ടായിരുന്നെങ്കില്‍ അവരുടെ പാതി പ്രശ്‌നങ്ങള്‍ക്കറുതിയാവുമെന്ന ഒരമ്മയുടെ ഉള്ള് നനയിക്കുന്ന അപേക്ഷയാണ് സ്‌പെഷല്‍ സ്‌കൂള്‍ എന്ന ആലോചനയിലേക്ക് പ്രേരിപ്പിച്ചത്.
കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷതയുടെ തിരക്കിലും തെന്നല ബ്രാന്‍ഡ് അരി വിപണിയിലെത്തിച്ച് വിജയിപ്പിക്കേണ്ട കടമ കൂടി നിറവേറ്റാനുണ്ടായിരുന്നു. പക്ഷേ, അതിനേക്കാള്‍
പ്രാധാന്യമേറിയതാണ് ഈ അമ്മമാരുടെ സങ്കടമെന്ന് മനസ്സിലാക്കി എങ്ങനെയെങ്കിലും അവരുടെ കണ്ണീരൊപ്പാനുള്ള ഓട്ടപ്പാച്ചിലിലായി. സി.ഡി.എസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയ ഉടന്‍ യാസ്മിന്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി സ്‌കൂള്‍ ആരംഭിച്ചു. തെന്നല പഞ്ചായത്തിലെ കറുത്താലില്‍ വാടകക്കെട്ടിടത്തില്‍ പിറന്ന സ്‌കൂളിന് 'ബ്ലൂംസ്' എന്ന പേരും നല്‍കി. കുട്ടികളെ ഓട്ടോറിക്ഷകളിലാണ് കൊണ്ട് വരിക. പരിശീലനം ലഭിച്ച അധ്യാപികയുടെയും ആയയുടെയും ശമ്പളവും ഓട്ടോ ചാര്‍ജുമടക്കം പ്രതിമാസം 35,000 രൂപ. പലരുടെയും സഹായത്തോടെ പണം കണ്ടെത്തുന്നു. ചില മാസങ്ങളില്‍ കടം വാങ്ങി ചെലവ് വഹിക്കുന്നു. സ്‌കൂള്‍ നടത്തിപ്പിനുള്ള ചെലവിനായി അമ്മമാരെല്ലാം കൃഷി ചെയ്യുന്നു. പാടത്തെ നെല്ലിനെല്ലാം കതിര് വന്ന് കഴിഞ്ഞാല്‍ നെല്ല് സപ്ലൈക്കോക്ക് വില്‍ക്കും. ആ പണം സ്‌കൂളിന്റെ ചെലവിനായി മാറ്റിവെക്കും. 'യാസ് എ' എന്ന പേരില്‍ ചാരിറ്റി ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ട്. സി.ഡി.എസ് സൊസൈറ്റി അധ്യക്ഷ ആയപ്പോള്‍ കിട്ടിയ ഓണറേറിയവും ഇപ്പോള്‍ ജില്ലാ പഞ്ചായത്തംഗമെന്ന നിലയില്‍ ലഭിക്കുന്ന ഓണറേറിയവുമെല്ലാം സ്‌കൂളിന്റെ നടത്തിപ്പിനായി നീക്കിവെച്ചും മാതൃകകാട്ടുന്നു. സ്‌കൂളില്‍ വരാന്‍ തുടങ്ങിയതോടെ പല കുട്ടികളിലും മാറ്റം വരാന്‍ തുടങ്ങി. സ്വന്തം കാര്യങ്ങളൊക്കെ ഒറ്റക്ക് ചെയ്യാന്‍ പ്രാ
പ്തരാണവര്‍. ഇതിനിടക്ക് സാമ്പത്തിക പ്രതിസന്ധി മൂലം രണ്ട് തവണ പൂട്ടേണ്ടി വന്നിട്ടുണ്ട്. 2013-ല്‍ ആറ് മാസക്കാലമാണ് ആദ്യമായി പൂട്ടേണ്ടി വരുന്നത്.
പിന്നെ രക്ഷിതാക്കളുടെ നിരന്തര സമ്മര്‍ദം മൂലം പുനരാരംഭിക്കേണ്ടി വന്നു. വീണ്ടും സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ 2016-ല്‍ പൂട്ടേണ്ടി വന്നു. പതിവ് പോലെ രക്ഷിതാക്കളില്‍നിന്നും നിരന്തരം എങ്ങനെയെങ്കിലും അവരെ രക്ഷിക്കണമെന്ന നിലവിളികള്‍ കേള്‍ക്കേണ്ടി വന്നപ്പോള്‍ 2017 മാര്‍ച്ച് 1-ന് പുനരാരംഭിച്ചു. കൃഷിയിലൂടെ കിട്ടുന്ന വരുമാനം, ഉദാരമനസ്‌കരുടെ അടുക്കല്‍ നിന്ന് ലഭിക്കുന്ന സഹായം എന്നിവ ഉണ്ടെങ്കില്‍കൂടി നിലവില്‍ സാമ്പത്തിക ബുദ്ധിമുട്ടില്‍ തന്നെയാണ്. പക്ഷേ, കുട്ടികളെ അവരുടെ വീട്ടിലേക്ക് തിരിച്ചയക്കാന്‍ വയ്യാത്തൊരവസ്ഥയും. ലോകത്തെയാകമാനം കോവിഡ് മഹാമാരി വരിഞ്ഞ് മുറുക്കിയതോടെ സ്ഥാപനം തുറക്കാന്‍ പറ്റാത്തതിനാല്‍ എല്ലാവരും നല്ല പ്രയാസത്തിലാണ്. ഇടക്ക് കുട്ടികള്‍ക്കെല്ലാം ഒരുമിച്ച് ഭക്ഷണം കൊടുക്കുന്നുവെന്ന് മാത്രം. 2017-ല്‍ യാസ്മിന്‍ കൈരളി ടി.വിയുടെ അവാര്‍ഡ് ചടങ്ങില്‍ വെച്ച് സാമ്പത്തിക പ്രയാസങ്ങളെല്ലാം പറഞ്ഞപ്പോള്‍ കല്യാണ്‍ സില്‍ക്‌സ് സ്ഥാപകന്‍ കല്യാണരാമന്‍ സര്‍ 5 ലക്ഷം രൂപ നല്‍കിയിരുന്നു. അതുകൊണ്ട് ഇതുവരെ കഴിഞ്ഞ് പോവുന്നെന്ന് അവര്‍ പറയുന്നു. കൂടാതെ, നിരവധി അര്‍ഹതക്കുള്ള അംഗീകാരങ്ങളും യാസ്മിനെ തേടിയെത്തിയിട്ടുണ്ട്. 2017-ല്‍ കുടുംബശ്രീ അവാര്‍ഡ്, അതേ വര്‍ഷം തന്നെ കൈരളി ടി.വി അവാര്‍ഡ്, 2019-ല്‍ ഗവര്‍ണറുടെ പ്രത്യേക അവാര്‍ഡ്, 2020-ല്‍ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ്, ഏഷ്യാനെറ്റ് സ്ത്രീശക്തി പുരസ്‌കാരം, മലയാള മനോരമയുടെ പെണ്ണൊരുമ അങ്ങനെ നിരവധി അംഗീകാരങ്ങള്‍... യാസ്മിന്‍ അവിവാഹിതയാണ്. രണ്ട് സഹോദര
നും ഒരു സഹോദരിയും മാതാപിതാക്കളടങ്ങുന്നതാണ് കുടുംബം.