വാര്‍ത്തയിലെ സ്ത്രീകള്‍
'പെണ്ണിന്റെ പഠിപ്പ് ഒന്നും തീര്‍ന്നില്ലേ. കെട്ടിച്ചാലും പഠിപ്പൊക്കെ ഒരുവിധം നടക്കുമല്ലോ' എന്ന തരത്തിലൊക്കെയുള്ള ഡയലോഗുകള്‍ക്ക് ഇപ്പോള്‍ പെണ്‍കുട്ടികള്‍
'പെണ്ണിന്റെ പഠിപ്പ് ഒന്നും തീര്‍ന്നില്ലേ. കെട്ടിച്ചാലും പഠിപ്പൊക്കെ ഒരുവിധം നടക്കുമല്ലോ' എന്ന തരത്തിലൊക്കെയുള്ള ഡയലോഗുകള്‍ക്ക് ഇപ്പോള്‍ പെണ്‍കുട്ടികള്‍ വല്ലാതെ ചെവി കൊടുക്കാറില്ല. ഉപരിപഠനവും ഗവേഷണവുമായി തിരക്കുപിടിച്ചോടുന്നവരുടെ എണ്ണം അവര്‍ക്കിടയില്‍ വര്‍ധിക്കുകയാണ്. ഉന്നതപഠനവുമായി മുന്നോട്ടു പോകുന്ന പെണ്‍കുട്ടികള്‍ക്ക് ശക്തമായ പിന്തുണയുമായി അവരുടെ മാതാ
പിതാക്കള്‍ കൂടി ഉണ്ടാകുമ്പോള്‍ പിന്നെ പറയുകയും വേണ്ട. പറഞ്ഞു വരുന്നത് ഇങ്ങനെ ഉയരത്തിലെത്തിയ പെണ്‍കുട്ടികളെ കുറിച്ചാണ്.
ഫൈഹ മുജീബ്
മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമപ്രദേശത്തുള്ള മിടുക്കിയാണ് ഫൈഹ മുജീബ്. ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഫെല്ലോഷിപ്പ് ആയ പി.എം.ആര്‍.എഫ് നേടിയിരിക്കുകയാണ് ഫൈഹ മുജീബ് എന്ന വാഴക്കാട് സ്വദേശിനി.
സര്‍ക്കാര്‍ മലയാളം മീഡിയം
സ്‌കൂളില്‍ പഠിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടിക്ക് മുംബൈ ഐ.ഐ.ടി പോലുള്ള സ്ഥാപനത്തില്‍ തുടര്‍പഠനം നടത്താനാവുന്നത് അഭിനന്ദനീയം തന്നെയാണ്. ഫൈഹയുടെ വളര്‍ച്ചയില്‍ നാട്ടിലെ സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ പ്രാഗത്ഭ്യം ശരിക്കും തിരിച്ചറിയാനായി എന്നാണ് ഫൈഹയുടെ മാതാപിതാക്കളുടെ പക്ഷം. ചെറിയ ക്ലാസ്സുകളിലെ അധ്യാപകരുടെ
പ്രോത്സാഹനം ചെറുപ്പത്തിലേ വായന ഇഷ്ടപ്പെട്ടിരുന്ന ഫൈഹയിലെ പ്രതിഭയെ വളര്‍ത്തിയെടുക്കുകയായിരുന്നു. വായനയിലൂടെ അവള്‍ മലയാളത്തിനു പുറമെ മറ്റു ഭാഷകളും കൈകാര്യം ചെയ്യാന്‍ പഠിച്ചു. എങ്കിലും ബിരുദാനന്തര ബിരുദ പഠനത്തിനായി കുസാറ്റിലെത്തിയപ്പോള്‍ അവിടെനിന്ന് കിട്ടിയ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളാണ് കരിയറിലെ ഉയര്‍ച്ചക്ക് നിദാനമായത്.
ഇപ്പോള്‍ മുംബൈ ഐ.ഐ.ടിയില്‍ നാനോ ടെക്‌നോളജിയില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ്. റ്റു ഡയമന്‍ഷനല്‍ സെമികണ്ടക്ടറുകളെ കുറിച്ചുള്ള പഠനത്തിലാണ് ഫെലോഷിപ്പ്. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ ഭാരവും വലിപ്പവും ഗണ്യമായി കുറക്കാന്‍ റ്റു ഡയമന്‍ഷനല്‍ സെമികണ്ടക്ടറുകള്‍ സഹായിക്കും.
വാഴക്കാട് മുസ്‌ലിയാരകത്ത് കുടുംബത്തിലെ എക്‌സല്‍ മുജീബ് ആണ് ഫൈഹയുടെ പിതാവ്. മാതാവ് ഹനീസ ടീച്ചര്‍. ഫെമി മുജീബ്, ഫഹ്മ മുജീബ് എന്നിവര്‍ സഹോദരങ്ങളാണ്.
ജെനി ജെറോം
കേരളത്തില്‍നിന്നുള്ള ഏറ്റവും പ്രായംകുറഞ്ഞ കൊമേഴ്ഷ്യല്‍ വനിതാ പൈലറ്റ് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് തിരുവനന്തപുരം കൊച്ചുതുറ സ്വദേശിനിയായ ജെനി ജെറോം.
പൈലറ്റ് ആകുക എന്ന മോഹം കുട്ടിക്കാലം മുതല്‍ കൊണ്ടുനടന്ന ജെനി ഇപ്പോള്‍ ഇരുപത്തിമൂന്നാം വയസ്സില്‍ എയര്‍ അറേബ്യയുടെ ഏ 9449 വിമാനത്തില്‍ സഹ പൈലറ്റായാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. സ്വദേശമായ തിരുവനന്തപുരത്തേക്കാണ് ജെനി ആദ്യമായി സഹപൈലറ്റായി വിമാനം പറത്തിയത്.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജെനി പൈലറ്റാവാനുള്ള തന്റെ താല്‍പര്യം ആദ്യമായി പ്രകടിപ്പിച്ചത്. 'പ്ലസ്ടു കഴിഞ്ഞപ്പോള്‍ അവള്‍ തീര്‍ത്തു പറഞ്ഞു, എനിക്ക് പൈലറ്റ് ആവണം അല്ല ഞാന്‍ പൈലറ്റ് തന്നെയാകും.' അതിനുവേണ്ടി സ്വന്തം നിലയില്‍ ചില ഗവേഷണങ്ങള്‍ നടത്തുന്നുമുണ്ടായിരുന്നു.
നിശ്ചയദാര്‍ഢ്യം ഷാര്‍ജ ആല്‍ഫ ഏവിയേഷന്‍ അക്കാദമിയിലെ സെലക്ഷനിലേക്കെത്തിച്ചു. അവിടെ വെച്ചുള്ള പരിശീലനത്തിനിടക്ക് രണ്ടുവര്‍ഷം മുമ്പ് ഒരു അപകടം പറ്റിയിരുന്നു. അതിനെക്കുറിച്ച് ജെനി പറയുന്നത് ഇങ്ങനെയാണ്; 'എനിക്ക് ഒന്നും സംഭവിച്ചില്ല, എന്റെ സ്വപ്‌നത്തിനും.' ജെനിയുടെ പിതാവ് ജെറോം. മാതാവ് ബിയാട്രിസ്.
തസ്നീം അസ്‌ലം
ഷാര്‍ജ അല്‍ ഖാസിമിയ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഇസ്‌ലാമിക് ശരീഅയില്‍ ഒന്നാം റാങ്ക് നേടുകയും യു.എ.ഇ സര്‍ക്കാറിന്റെ 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസക്ക് അര്‍ഹയാവുകയും ചെയ്ത ആദ്യത്തെ മലയാളി വിദ്യാര്‍ഥിനിയാണ് തസ്നീം അസ്‌ലം. പ്രതിഭകള്‍ക്കും ഉന്നത വ്യക്തിത്വങ്ങള്‍ക്കും വ്യവസായികള്‍ക്കും മാത്രം അനുവദിക്കുന്ന ദീര്‍ഘകാല വിസയാണ് ഇത്.
ആലപ്പുഴ സ്വദേശിനിയായ തസ്‌നീമിന് വിദ്യാര്‍ഥി പ്രതിഭ വിഭാഗത്തിലാണ് ബഹുമതി. അതുപ്രകാരം 2031 വരെ യു.എ.ഇയില്‍ തുടരാന്‍ അനുവാദമുണ്ട്. 72 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്നാണ് തസ്‌നീം വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്.
വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മനപ്പാഠമാക്കിയ തസ്‌നീം ഇപ്പോള്‍ ഷാര്‍ജ യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. മുമ്പ് ഖുര്‍ആന്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു.
കുടുംബസമേതം യു.എ.ഇയില്‍ കഴിയുന്ന തസ്‌നീം ഷാര്‍ജ എമിറേറ്റ്‌സ് നാഷ്‌നല്‍ സ്‌കൂളിലാണ് പഠിച്ചത്. മാതാവ് സുനിത ഇതേ സ്‌കൂളില്‍ അധ്യാപികയാണ്. പിതാവ് മുഹമ്മദ് അസ്‌ലം ഷാര്‍ജ മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്നു. ഇപ്പോള്‍ ടൈപ്പിംഗ് സെന്റര്‍ നടത്തുന്നു.
'എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്നാണിത്. ഈ നേട്ടം കരസ്ഥമാക്കാന്‍ എനിക്ക് തുണയായ സര്‍വശക്തനായ അല്ലാഹുവിനോടാണ് ഞാന്‍ നന്ദി പറയുന്നത്. എന്റെ മാതാ
പിതാക്കളുടെ പിന്തുണ വളരെ വലുതാണ്' - തസ്‌നീം പറയുന്നു.