നാലാം നിലയിലെ പത്രമോഫീസിന്റെ പടികള്‍ കയറി തന്റെ മുന്നില്‍ വന്ന് കിതപ്പോടെ നില്‍ക്കുന്ന യുവതിയെ നോക്കി മാനേജര്‍ കസേരയിലേക്ക് മലക്കം മറിഞ്ഞിരുന്നു. അവള്‍ക്ക് ഒരക്ഷരം സംസാരിക്കാനുള്ള ത്രാണിയില്ലായിരുന്നു. ഒക്കത്തിരുന്ന മൂന്ന് വയസ്സടുപ്പിച്ച് പ്രായം വരുന്ന കുഞ്ഞ് താഴേക്ക് വഴുതിപ്പോകുമെന്ന ഘട്ടമെത്തിയപ്പോള്‍ അനുമതിക്കായൊന്നും കാത്തുനില്‍ക്കാതെ മുന്നിലെ കസേരയില്‍ അവള്‍ വീണിരുന്നു. കിതപ്പടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉയര്‍ന്നുതാഴുന്ന അവളുടെ മാറിടത്തിലേക്ക് ഒളികണ്ണിട്ടുനോക്കിയ മാനേജര്‍ വയസ്സ് നിര്‍ണയിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇരുപത്... ഇരുപത്തിയൊന്ന്.
കൈയിലിരുന്ന, മുഷിഞ്ഞു തുടങ്ങിയ ഒരു കീറ് പേപ്പര്‍ അവള്‍ വെച്ചുനീട്ടി. അതിലെ വടിവുള്ള അക്ഷരങ്ങളിലേക്ക് നോക്കി അയാള്‍ ഉറപ്പിച്ചു; വിദ്യാഭ്യാസത്തില്‍ അത്ര മോശമാകാന്‍ തരമില്ല.
'ചെറുതോട്ടില്‍ വടക്കേതൊടിയില്‍ വീട്ടില്‍ മാഹീന്‍ കണ്ണിന്റെ മകന്‍ ജലാലുദ്ദീനും ഞാനും തമ്മിലെ വിവാഹം 2005 ഡിസംബര്‍ 22-ന് ഇരു ജമാഅത്തുകളുടെയും അനുമതിയോടെ മലക്കുട മുസ്‌ലിം ജമാഅത്ത് കമ്യൂണിറ്റി ഹാളില്‍ വെച്ച് നടന്നു. വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞ് എന്നെ വിട്ടുപോയ ജലാലുദ്ദീന്‍ പിന്നീടിതുവരെ എന്നെയോ കുഞ്ഞിനെയോ തിരിഞ്ഞുനോക്കിയിട്ടില്ല. വളരെ കഷ്ടപ്പാടിലാണ് എന്റെ ജീവിതം. ഈ പരസ്യം പ്രസിദ്ധീകരിച്ച് പതിനഞ്ച് ദിവസത്തിനകം എന്റെയും കുഞ്ഞിന്റെയും സംരക്ഷണച്ചുമതല ഏറ്റെടുക്കാത്തപക്ഷം ബന്ധം ഫസ്ഖ് ചെയ്യുന്നതാണെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
റസിയാ ബീഗം
ദാറുസ്സലാം
ചെറുപൊയ്ക പി.ഒ, വ്‌ളാത്താങ്കര'
മാറ്റര്‍ വായിച്ചുകഴിഞ്ഞ് വാക്കുകള്‍ എണ്ണിനോക്കി അതിന്റെ പരസ്യനിരക്ക് കണക്കാക്കാന്‍ തുടങ്ങിയ മാനേജരുടെ മുന്നിലേക്ക് അവള്‍ കുറേ മുഷിഞ്ഞ നോട്ടുകള്‍ എടുത്തുവെച്ചു. അയാളത് എണ്ണി തിട്ടപ്പെടുത്തി - 825 രൂപ. കാല്‍ക്കുലേറ്ററില്‍ സംഖ്യകള്‍ കൂട്ടിയും കുറച്ചും നോക്കി അയാള്‍ പറഞ്ഞു;
'പോരാ. നൂറ്റമ്പത് രൂപ കൂടി വേണം.'
അവള്‍ നെടുവീര്‍പ്പിട്ടു. പിന്നെ വല്ലവിധേനയും പറഞ്ഞൊപ്പിച്ചു:
'എന്റെ കൈയില്‍ ഇപ്പോ ഇത്രയേയുള്ളൂ... വേറൊരു വഴിയുമില്ല.'
അയാള്‍ അവളുടെ ദൈന്യത നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി. അവിടെ വിശപ്പിന്റെ കാളല്‍ അയാള്‍ കണ്ടു. പരസ്യ മാറ്റര്‍ ഒരിക്കല്‍ക്കൂടി വായിച്ച് കണക്കുകൂട്ടി. പിന്നെ ചുവന്ന പേനയെടുത്ത് 'മലക്കുട മുസ്‌ലിം ജമാഅത്ത് കമ്യൂണിറ്റി ഹാളില്‍വെച്ച്' എന്നതുള്‍പ്പെടെ ചില വാക്കുകളൊക്കെ വെട്ടിമാറ്റിയശേഷം അയാള്‍ രൂപ മേശവലിപ്പില്‍ നിക്ഷേപിച്ചു.
'ബുധനാഴ്ചയിലെ പത്രത്തില്‍ വരും'
അയാള്‍ എഴുതിനല്‍കിയ ബില്‍ വിയര്‍പ്പില്‍ കുതിര്‍ന്ന കൈയില്‍ മടക്കിവെച്ച് കുഞ്ഞിനെയെടുത്ത് അവള്‍ ഇറങ്ങി. ബുധനാഴ്ചയിലെ പത്രത്തില്‍ വരേണ്ട ക്ലാസിഫൈഡ് പരസ്യങ്ങളുടെ കൂട്ടത്തില്‍ മുഷിഞ്ഞ ആ പേപ്പര്‍കൂടി ഉള്‍പ്പെടുത്തി കമ്പോസിംഗ് റൂമിലേക്ക് പോകാന്‍ അയാള്‍ എഴുന്നേറ്റപ്പോള്‍ താഴേക്കു പോയ യുവതിയുണ്ട് മുന്നില്‍. കൂടെ ഒരു മധ്യവയസ്‌കനുമുണ്ട്. അവള്‍ വീണ്ടും കിതയ്ക്കുകയാണ്.
'സഹോദരാ... ഈ പരസ്യം ചെറുതോട്ടില്‍ ഭാഗത്തേക്ക് പോകുന്ന പത്രത്തീന്ന് ഒഴിവാക്കാന്‍ കഴിയോ?... ആ ദുഷ്ടന്‍ ഇതറിയണ്ട. പ്ലീസ്... എന്റെ മകളെയോര്‍ത്ത്..!'
അവള്‍ തൊഴുകൈകളോടെ നില്‍ക്കുകയാണ്. കൈയിലിരിക്കുന്ന പരസ്യമാറ്റര്‍ വിറയ്ക്കുന്നതായും അതിന് ജീവനുണ്ടെന്നും മാനേജര്‍ക്ക് തോന്നി.