ചേര്‍ത്തുവെപ്പിന്റെ ആഘോഷം
ത്യാഗവും സഹനവും ദാനവുമായി വ്രതശുദ്ധിയുടെ പകലിരവുകളില്‍ ആര്‍ജിച്ചെടുത്ത ആത്മശുദ്ധിയും സംസ്‌കരണവും
ത്യാഗവും സഹനവും ദാനവുമായി വ്രതശുദ്ധിയുടെ പകലിരവുകളില്‍ ആര്‍ജിച്ചെടുത്ത ആത്മശുദ്ധിയും സംസ്‌കരണവും സമ്മാനിച്ച ഊര്‍ജവുമായി നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്.
മനസ്സും ശരീരവും നിര്‍മലമായി നിലനിര്‍ത്താനും ദേഹേഛകളെ നിയന്ത്രിച്ച് സകല തിന്മകളേയും അകറ്റിനിര്‍ത്താനുമുള്ള പരിശീലനം നേടിയ വിശ്വാസിയെ സംബന്ധിച്ചേടത്തോളം പെരുന്നാള്‍ ഒരു പ്രഖ്യാപനമാണ്. നിറയെ സ്‌നേഹനാഥന്റെ വര്‍ണങ്ങളാല്‍ അതിരിടുന്ന നന്മയുള്ള ജീവിതത്തിന്റെ പ്രഖ്യാപനം. ശവ്വാല്‍ നമ്മെ വിശുദ്ധമായ ഐഹിക ജീവിതത്തിലേക്ക് വരവേല്‍ക്കുകയാണ്. റമദാനിലൂടെ നേടിയ നമ്മുടെ അചഞ്ചലമായ വിശ്വാസത്തെ ജീവിതത്തിലേക്ക് ചേര്‍ത്തുവെക്കാനുള്ള വെമ്പലായിരിക്കണം ഓരോ പെരുന്നാളും.
ദുന്‍യാവില്‍ ഒരാളും പട്ടിണികിടക്കരുതെന്നാണ് ഒന്നാമതായി ഈദുല്‍ ഫിത്വ്ര്‍ വിശ്വാസികളോട് ഉദ്‌ഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഫിത്വ്ര്‍ സകാത്ത് എന്ന നിര്‍ബന്ധ കര്‍മത്തിനു ശേഷം മാത്രമാണ് വിശ്വാസികള്‍ക്ക് പെരുന്നാള്‍ ആഘോഷത്തിന് തുടക്കം കുറിക്കാനാകുക.
ഇസ്‌ലാമിന്റെ സാമൂഹിക വ്യവസ്ഥിതി ഉയര്‍ത്തിക്കാട്ടുന്ന ഒരു കര്‍മമാണ് ഫിത്വ്ര്‍ സകാത്ത്. മനുഷ്യര്‍ പരസ്പരമുള്ള സ്‌നേഹബന്ധം ഇതിലൂടെ ഊട്ടിയുറപ്പിക്കാനാകും. മനുഷ്യഹൃദയങ്ങള്‍ തമ്മില്‍ നന്മകള്‍ കൈമാറുന്നതിലൂടെ സാമൂഹികബന്ധങ്ങളും സുശക്തമാകുമെന്ന മഹത്തായ സന്ദേശമാണ് ഇസ്ലാം ഇതിലൂടെ നല്‍കുന്നത്.
'നോമ്പുകാര്‍ക്ക് മ്ലേഛവൃത്തികളില്‍നിന്നും അനാവശ്യകാര്യങ്ങളില്‍നിന്നുമുള്ള ശുദ്ധീകരണത്തിനും സാധുക്കള്‍ക്ക് ആഹാരമായും ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു' എന്ന നബിവചനമാണ് ഇതിന്റെ മതവിധി. പെരുന്നാളിന്റെ അതിരുകളില്ലാത്ത മാനവികതയുടെ വിളംബരം കൂടിയാണ് ഫിത്വ്ര്‍ സകാത്ത്. ഇല്ലാത്തവന്‍ ഉള്ളവനെ തേടി അലയുന്നതല്ല, ഉള്ളവന്‍ തന്റെ കടമ നിര്‍വഹിക്കാന്‍ ഇല്ലാത്തവനെ കണ്ടെത്തി നല്‍കുമ്പോഴാണ് പെരുന്നാള്‍ ആഘോഷപൂര്‍ണമാകുന്നത്.
'ആഇശാ! ഇന്ന് ഈ ബാലന്‍ നമ്മുടെ പെരുന്നാള്‍ ആഹ്ലാദപൂര്‍ണമാക്കി. കണ്ടില്ലേ! അവന്റെ മുഖത്ത് പൂത്തുലയുന്ന സന്തോഷവും ആനന്ദവും' എന്ന് പ്രവാചകന്‍ പറയുന്നത് ആരുമില്ലാത്ത ബാലനെ വീട്ടിലേക്ക് കൂട്ടി വന്ന് പെരുന്നാളൊരുക്കിയതിനു ശേഷമാണ്.
മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായ വൈകാരിക ചോദനകളെയും ഉല്ലാസ പ്രവണതകളെയും അവഗണിക്കുന്ന മതമല്ല ഇസ്ലാം. അവയെല്ലാം യാഥാര്‍ഥ്യമായി അംഗീകരിച്ച് അവക്ക് ശരിയായ ദിശ നിര്‍ണയിച്ചു നല്‍കുകയാണ് ഇസ്ലാമിന്റെ സമീപന രീതി. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും എല്ലാവരും ഒരേ സ്വരത്തില്‍ തക്ബീര്‍ ഏറ്റുചൊല്ലുന്നിടങ്ങളാണ് ഈദ്ഗാഹുകള്‍. പെരുന്നാള്‍ എല്ലാവര്‍ക്കുമുള്ളതാണ്. സര്‍വവും നാഥനില്‍ അര്‍പ്പിച്ച വിശ്വാസി സമൂഹത്തിനൊന്നടങ്കം ആത്മചൈതനൃത്തോടെ തന്റെ അനുഗ്രഹങ്ങളില്‍നിന്ന് പെരുന്നാളാഘോഷിക്കാന്‍ സാധ്യമാകേണ്ടതുണ്ട്.
പടച്ചവനോടുള്ള പരമമായ വിധേയത്വത്തിന്റെ പ്രഖ്യാപനം കൂടിയാണ് പെരുന്നാള്‍. പെരുന്നാള്‍ ദിനം അല്ലാഹു മലക്കുകളെ വിളിച്ചുകൊണ്ട് പറയും; 'നിങ്ങള്‍ എന്റെ അടിമകളിലേക്ക് നോക്കുക, അവരോട് ഞാന്‍ ഒരുമാസക്കാലം നോമ്പനുഷ്ഠിക്കാന്‍ പറഞ്ഞു. അവര്‍ നോമ്പനുഷ്ഠിച്ചു. ഇന്ന് അവരോട് പള്ളിയില്‍ വന്ന് പെരുന്നാള്‍ നമസ്‌കരിക്കാന്‍ പറഞ്ഞു. അവരത് ചെയ്തിരിക്കുന്നു. ആയതിനാല്‍ അവരുടെ പാപങ്ങള്‍ മുഴുവന്‍ പൊറുത്തുനല്‍കിയിരിക്കുന്നു.'
കാരുണ്യമാണ് അല്ലാഹു. തന്റെ അടിമകളുടെ പാപങ്ങള്‍ മുഴുവന്‍ മായ്ച്ചുകളയാന്‍ അവന്റെ ജീവിതവഴിയില്‍ പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ ആഗതമാക്കിയിട്ട് കലവറയില്ലാത്ത അനുഗ്രഹങ്ങള്‍ കൊണ്ട് അവരുടെ ജീവിതത്തെ നിറച്ചിട്ട് റമദാന്‍ എന്ന പുണ്യത്തെ പെരുന്നാളിലേക്ക് കൂടി കണ്ണിചേര്‍ത്തവനാണവന്‍. ചരിത്രങ്ങള്‍ കാലത്തിന്റെ വെറും അടയാളപ്പെടുത്തലുകളല്ല, കാലത്തിന്റെ വഴികാട്ടിയാണ്. നോമ്പുകാരനായി ജീവിക്കുക എന്നതു തന്നെ പുണ്യമുള്ള കാര്യമാണ്. നോമ്പനുഷ്ഠിച്ച് ഒരാള്‍ ഉറങ്ങുകയാണെങ്കില്‍ പോലും അയാള്‍ക്ക് നോമ്പിന്റെ പ്രതിഫലമുണ്ടെന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. അത്രമേല്‍ പുണ്യമാണ് റമദാന്‍. തന്റെ അടിമകള്‍ക്കു വേണ്ടി സ്വര്‍ഗകവാടം തുറന്നുവെച്ച് അവരെ വരവേല്‍ക്കാന്‍ അത്രമേല്‍ അനുഗ്രഹങ്ങളുടെ വസന്തമൊരുക്കിയ പ്രപഞ്ചങ്ങളുടെ ഉടയോന്‍ നല്‍കപ്പെട്ട അനുഗ്രഹങ്ങളെ പിന്നെയും നിറയെ നന്മകളോടെ ആഘോഷിക്കാനുള്ള അവസരമൊരുക്കുകയാണ് പെരുന്നാളിലൂടെ.
നമ്മള്‍ ഉള്ള ഇടങ്ങളില്‍ ആ നന്മകള്‍ പ്രസരിപ്പിക്കാന്‍ നമുക്കും സാധ്യമാകേണ്ടതുണ്ട്. തിന്മകളുടെ മുഴുവന്‍ കളകളെയും പറിച്ചെറിഞ്ഞ് നന്മയുടെ പുഷ്പങ്ങള്‍ വിരിയിക്കാന്‍ പെരുന്നാള്‍ ഉപയുക്തമാക്കേണ്ടതുണ്ട്.
കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതാണ് പെരുന്നാളിന്റെ മറ്റൊരു സന്തോഷം. കുളിച്ച് പുതുവസ്ത്രങ്ങളണിഞ്ഞ് മസ്ജിദുകളിലെത്തി ചെറിയ പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് വിശ്വാസികള്‍ വീടുകളിലേക്ക് മടങ്ങുക. ബന്ധുവീടുകളിലും സുഹൃദ് വീടുകളിലും സന്ദര്‍ശനം നടത്തി സൗഹൃദം പുതുക്കി പരസ്പരം പെരുന്നാള്‍ നന്മകള്‍ കൈമാറിയാണ് വിശ്വാസികള്‍ പെരുന്നാള്‍ ദിനത്തെ വ്യാപൃതമാക്കുന്നത്. പ്രവാചകന്‍ പെരുന്നാള്‍ ദിനത്തില്‍ ഈദ്ഗാഹിലേക്ക് പോകുന്ന വഴിയിലൂടെയല്ല തിരിച്ചു മടങ്ങി വന്നിരുന്നത്. ജാബിര്‍ (റ) നിവേദനം ചെയ്ത ഹദീസില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. വഴി മാറി സഞ്ചരിച്ച് പല വഴികളിലെയും മനുഷ്യരെ പരസ്പരം കാണാനും അവരോട് പെരുന്നാള്‍ സന്തോഷങ്ങളും പ്രാര്‍ഥനകളും അറിയിക്കാനും പെരുന്നാള്‍ ദിനത്തില്‍ കുറേയേറെ മനുഷ്യരെ ചേര്‍ത്തുപിടിക്കാനുമായിരിക്കാം പ്രവാചകന്‍ ഇപ്രകാരം ചെയ്തിരുന്നത്.
ഉമ്മു അത്വിയ്യ (റ) നിവേദനം ചെയ്ത ഹദീസില്‍ സ്ത്രീകള്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കണമെന്നും തക്ബീര്‍ ഏറ്റുചൊല്ലണമെന്നും പ്രസ്താവിക്കുന്നുണ്ട്.
പ്രവാചകന്‍ (സ) പെരുന്നാള്‍ ദിവസം ഭക്ഷണം കഴിച്ചതിനു ശേഷമാണ് പള്ളിയിലേക്ക് പോയിരുന്നത്. ശൈഖ് അല്‍ബാനി തന്റെ ഇര്‍വാഉല്‍ ഗലീല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: 'ഇമാം ഫാര്‍യാബി, ഇമാം സഈദുബ്‌നു അല്‍ മുസയ്യിബില്‍നിന്ന് നിവേദനം ചെയ്യുന്നു: പെരുന്നാള്‍ സുദിനത്തിന്റെ സുന്നത്തുകള്‍ മൂന്നെണ്ണമാണ്. മുസ്വല്ലയിലേക്ക് നടക്കല്‍, മുസ്വല്ലയിലേക്ക് പോകുന്നതിനു മുമ്പ് വല്ലതും കഴിക്കല്‍, കുളിക്കല്‍' (3/104 ഇര്‍വാഉല്‍ ഗലീല്‍).
അബൂ സഈദില്‍ ഖുദ്‌രി (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം: 'പ്രവാചകന്‍ പെരുന്നാള്‍ ദിവസം മൈതാനത്തിലേക്ക് പുറപ്പെടും. അവിടെ എത്തിയാല്‍ ആദ്യമായി നമസ്‌കാരമാണ്. പിന്നീട് ജനങ്ങളെ അഭിമുഖീകരിച്ച് എഴുന്നേറ്റു നില്‍ക്കും. ജനങ്ങള്‍ അവരുടെ സ്വഫുകളില്‍ തന്നെയായിരിക്കും. നബി (സ) അവര്‍ക്ക് ഉപദേശം നല്‍കും (ബുഖാരി 2.15.76).
പെരുന്നാള്‍ ദിനം ദൃഢപ്രതിജ്ഞയുടെ ദിനമാക്കി മാറ്റാന്‍ സാധിക്കണം. കഠിനാധ്വാനം കൊണ്ട് നാം നേടിയെടുത്ത നന്മകള്‍ കൊണ്ട് എന്റെ ജീവിതത്തെ ഞാന്‍ മുന്നോട്ടു കൊണ്ടു പോകുമെന്ന ദൃഢപ്രതിജ്ഞ. അതിനപ്പുറം ഒരു പെരുന്നാള്‍ ദിനം കൊണ്ട് തന്നെ നേടിയെടുത്ത നന്മകള്‍ മുഴുവന്‍ പാഴാക്കുന്നവര്‍ എന്തുമാത്രം അബദ്ധമാണ് ജീവിതത്തില്‍ വരുത്തിവെക്കുന്നത്.
പാപപങ്കിലമായ ജീവിത നിമിഷങ്ങളെയെല്ലാം തന്നില്‍നിന്ന് മായ്ച്ചുകളഞ്ഞ് വീണ്ടും തെറ്റുകളിലേക്കു തന്നെ മടങ്ങാനുള്ള തുടക്കമായി പെരുന്നാള്‍ ആഘോഷങ്ങളെ ഏറ്റെടുത്താല്‍ റമദാന്‍ കൊണ്ട് പിന്നെ എന്തു നേട്ടമാണ് അവന്റെ ജീവിതത്തില്‍ സാധ്യമായത് എന്ന വീണ്ടുവിചാരം നമ്മുടെ പെരുന്നാളാഘോഷങ്ങളില്‍ വിചാരപ്പെടേണ്ടതുണ്ട്. റമദാനിലെ വ്രതാനുഷ്ഠാനവും മറ്റ് ആരാധനാകര്‍മങ്ങളും ഒരു പൂര്‍ണ മനുഷ്യനെ നിര്‍മിക്കുകയായിരുന്നു. നിരന്തരവും നിസ്തന്ദ്രവുമായ ആത്മസംയമനത്തിനാല്‍ നേടിയെടുത്ത സ്വഭാവസവിശേഷതകളുടെ പടച്ചട്ടയണിഞ്ഞ് ഭാവിജീവിതത്തെ നേരിടാന്‍ തയാറെടുക്കുകയായിരുന്നു നാം.
ആരും കാണാതെ ദാനധര്‍മങ്ങള്‍ നല്‍കി സ്വദഖയും സകാത്തും വര്‍ധിപ്പിച്ച് പലര്‍ക്കും തണലായി മാറിയ റമദാന്‍ സഹാനുഭൂതിയുടെ മാസമായിരുന്നു. ഈദുല്‍ ഫിത്വ്ര്‍ ആവശ്യപ്പെടുന്നതും മറ്റൊന്നല്ല. പരസ്പര സാഹോദര്യവും സനേഹവും പങ്കുവെക്കുകയും കുടുംബ-അയല്‍പക്ക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യാനുള്ള അവസരമാണ് പെരുന്നാള്‍. എല്ലാവര്‍ക്കും പങ്കുചേരാനും ആസ്വദിക്കാനും കഴിയുന്നതാകണം പെരുന്നാള്‍ സന്തോഷം. പെരുന്നാളുകളുടെ പൊരുള്‍ ആത്മഹര്‍ഷവും ദൈവസങ്കീര്‍ത്തനവുമാണ്. അങ്ങനെ ജീവിതത്തില്‍ വീണ്ടും സുകൃതങ്ങള്‍ നിരക്കണം. ഈ സുകൃതങ്ങളെ നാഥന്റെ പൊരുത്തത്തിനായി ഉപയോഗിക്കാം. ആത്മീയ അനുഭൂതിയോടെ എങ്ങനെയാണ് ആഘോഷങ്ങളെ സമീപിക്കേണ്ടത് എന്ന് ചുറ്റിനും കാണിച്ചുനല്‍കാം. സഹജീവിസ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ദുന്‍യാവില്‍ പരത്തുക, അങ്ങനെ ഹൃദയങ്ങളുടെ കൈകോര്‍ക്കലാവണം പെരുന്നാളിന്റെ സന്ദേശം.