നേര്‍വഴി കാണിച്ച നാഥനെ വാഴ്ത്താം
''നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍
''നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാനും വേണ്ടിയത്രെ'' (ഖുര്‍ആന്‍ 2:185).
നാഥന്റെ അനുഗ്രഹങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ദിനരാത്രങ്ങളോരോന്നായി വിടപറഞ്ഞുകൊണ്ടിരിക്കുന്നു. നമ്മള്‍ മറന്നുകളഞ്ഞപ്പോഴും അവഗണിച്ചപ്പോഴും അവനിലേക്ക് ചേര്‍ത്തുപിടിച്ച് നമ്മെ പരിഗണിച്ച സമയമാണ് റമദാന്‍. നന്മകളില്‍ മുന്നേറാന്‍ നമുക്കായി പ്രത്യേക അന്തരീക്ഷം അവനൊരുക്കിത്തന്നു. ഈ അവസരത്തെ എത്രമാത്രം ഉപയോഗപ്പെടുത്തിയെന്ന ആത്മവിചാരണ നടത്തേണ്ട സമയമാണ്. വിടപറഞ്ഞു പോകും മുമ്പ് നമ്മെ കഴുകിയിട്ടുണ്ടെന്ന് ഉറപ്പിക്കാനാകണം. നന്മയുടെ ചില പുതുവസ്ത്രങ്ങള്‍ തുന്നിയെടുക്കാനായിട്ടുണ്ടെന്നും ഇതേ തിളക്കത്തോടെയല്ലെങ്കിലും റമദാനിനു ശേഷവും ചിലതൊക്കെ പതിവായി ധരിക്കാന്‍ ശ്രമിക്കുമെന്നും നിയ്യത്തെടുക്കണം. തുന്നിയെടുത്ത വസ്ത്രങ്ങള്‍ ഒടുവില്‍ കീറിയെറിയുന്നവരാകരുതെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്; ''ഉറപ്പോടെ നൂല്‍ നൂറ്റശേഷം തുന്നിയതെല്ലാം പലയിഴകളാക്കി പിരിയുടച്ചു കളഞ്ഞവളെപ്പോലെ നിങ്ങളാകരുത്'' (16:92).
അല്ലാഹു മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണ് നോമ്പുകാലം. അവനു വേണ്ടി ജീവിക്കാന്‍ കഴിയുമെന്ന് നമ്മള്‍ തെളിയിക്കുന്ന മാസം. നമ്മുടെ നഷ്ടങ്ങളേക്കാള്‍ അവന്റെ ഇഷ്ടങ്ങളെ പരിഗണിക്കുന്ന, നമ്മുടെ ആഗ്രഹങ്ങളേക്കാള്‍ അവന് നമ്മെക്കുറിച്ച പ്രതീക്ഷകള്‍ തെറ്റാതിരിക്കാന്‍ ശ്രമിക്കുന്ന ദിനരാത്രങ്ങള്‍. അവന്റെ ഗുണങ്ങളില്‍ ചിലത് തങ്ങളിലേക്ക് ചേര്‍ത്തുവെക്കാന്‍ കൂടി നമുക്കാകണം. നാം കാരുണ്യത്തിനും വിട്ടുവീഴ്ചക്കും പൊറുക്കലിനുമെല്ലാം ധാരാളമായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്. അല്ലാഹു നമ്മളോട് കാരുണ്യം കാണിക്കണമെന്ന് നാം അതിയായി ആഗ്രഹിക്കുന്നുണ്ട്. അല്ലാഹു നമ്മളോട് കാണിക്കണമെന്ന് നമ്മളാഗ്രഹിക്കുന്ന കാരുണ്യം നമുക്ക് മറ്റുള്ളവരോട് കാണിക്കാന്‍ എത്രത്തോളം സാധിക്കുന്നുണ്ടെന്ന് ആലോചിക്കണം. ഉപ്പയോട്, ഉമ്മയോട്, തുണയോട്, മക്കളോട്, അയല്‍ക്കാരോട്, കുടുംബക്കാരോട്, സഹജീവികളോട് ഇങ്ങനെ നമ്മളിടപഴകുന്നവരോട് കരുണയോടെ പെരുമാറാന്‍ നമുക്കാകുമ്പോഴാണ് അവന്റെ കാരുണ്യം നമ്മളിലും വര്‍ഷിക്കുന്നത്.
നമ്മള്‍ ചെയ്ത അപരാധങ്ങളും തെറ്റുകളും അല്ലാഹു പൊറുത്തുതരണമെന്ന വലിയ ആഗ്രഹം നമുക്കുണ്ട്. അതിനായി നമ്മളെത്രയോ പ്രാര്‍ഥിക്കുന്നുണ്ട്. അല്ലാഹു നമുക്ക് ചെയ്തുതരണമെന്ന് നമ്മളാഗ്രഹിക്കുന്ന കാര്യം നമ്മള്‍ മറ്റുള്ളവരോട് കാണിക്കാറുണ്ടോ? നമ്മോട് മോശമായി പെരുമാറിയവര്‍, ദേഷ്യപ്പെട്ടവര്‍, അക്രമിച്ചവര്‍ അവര്‍ക്കൊക്കെ വിട്ടുകൊടുക്കാന്‍ സാധിക്കുമ്പോഴല്ലേ അല്ലാഹുവും നമ്മോട് വിശാലമായി പെരുമാറുക!
അനസ് (റ) പറയുന്നു: ''ഞാന്‍ റസൂലിന്റെ (സ) കൂടെ നടക്കുകയായിരുന്നു. അദ്ദേഹം അറ്റം പരുപരുത്ത ഒരു ഷാള്‍ ചുമലില്‍ ധരിച്ചിരുന്നു. അന്നേരം ഗ്രാമീണനായ ഒരാള്‍ വന്ന് ആ ഷാള്‍ വലിച്ചൂരിയെടുത്തു. ഞാന്‍ നോക്കുമ്പോഴുണ്ട് അതിന്റെ അറ്റം തട്ടി റസൂലിന്റെ(സ) കഴുത്തില്‍ പാട് വീണിരിക്കുന്നു. റസൂല്‍ (സ) എന്തെങ്കിലും പറയും മുമ്പെ അയാള്‍ പറഞ്ഞു: 'ഹേ മുഹമ്മദ്, താങ്കളുടെ കൈയിലുള്ള അല്ലാഹുവിന്റെ ധനത്തില്‍നിന്ന് എനിക്ക് വല്ലതും നല്‍കാന്‍ കല്‍പിക്കൂ.' റസൂല്‍(സ) അദ്ദേഹത്തെ നോക്കി ചിരിച്ചു. എന്നിട്ട് അദ്ദേഹത്തിന് ചിലത് നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.''
അല്ലാഹുവിന്റെ വര്‍ണമാണ് വര്‍ണത്തില്‍ ഏറ്റവും മനോഹരം. അതില്‍നിന്ന് ഇത്തിരിയെങ്കിലും നമ്മളുടെ സ്വഭാവത്തോട് ചേര്‍ത്തുവെച്ച് ജീവിതത്തിന് നിറം നല്‍കാനാകണം.
ഖുര്‍ആനിന്റെ മാസത്തില്‍ വിശുദ്ധ വചനങ്ങളിലൂടെ സഞ്ചരിക്കാന്‍ നമുക്കായിട്ടുണ്ടോ? ഒരു വിശ്വാസിക്ക് ഖുര്‍ആനുമായുണ്ടാകേണ്ട വ്യത്യസ്ത ബന്ധങ്ങളുണ്ട്; ഖിറാഅത്ത്, ഹിഫഌ, തിലാവത്ത്, തഫക്കുര്‍, തദബ്ബുര്‍. ഇതില്‍ ഖിറാഅത്ത് പ്രാഥമികമായ ബന്ധമാണ്. തിലാവത്ത് എന്നത് പാരായണത്തെ മനസ്സുകൊണ്ടും കര്‍മം കൊണ്ടും പിന്തുടരലാണ്. അതിന് ഖുര്‍ആനികാശയങ്ങള്‍ കൂടി മനസ്സിലാക്കാനാകണം. ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ചിന്തിക്കലാണ് 'തഫക്കുറെ'ങ്കില്‍ ഖുര്‍ആനില്‍ തന്നെയുള്ള ഗവേഷണങ്ങളും ചിന്തകളും സമകാലിക ലോകവുമായി ചേര്‍ത്തുവെച്ചുകൊണ്ടുള്ള പ്രാമാണികമായ വായനയാണ് തദബ്ബുര്‍. ഇതില്‍ ഖിറാഅത്തെന്ന സ്റ്റെപ്പില്‍ മാത്രമാണ് ഇത്രയും കാലമായിട്ടും നമ്മളുള്ളതെങ്കില്‍ കുറച്ചൊന്ന് ഉയര്‍ന്നുനില്‍ക്കാന്‍ നമുക്കാകണം. വൈകിയിട്ടില്ല, നാം നമ്മെക്കുറിച്ച് തിരിച്ചറിയുന്ന സമയം തന്നെയാണ് ജീവിതത്തിലെ ഏറ്റവും മികച്ച അവസരം. തിരിച്ചറിവുകള്‍ നല്‍കുന്ന റമദാന്‍ മാറ്റങ്ങള്‍ക്കുള്ള അവസരമായി മനസ്സിലാക്കണം.
സ്വര്‍ഗത്തെക്കുറിച്ച പ്രതീക്ഷകളും സ്വപ്‌നങ്ങളും വര്‍ണാഭമാക്കണം. ഇത്തിരിപ്പോന്ന ഈ ദുന്‍യാവിലെ അലങ്കാരങ്ങളുടെ പൊലിമ ഒത്തിരിപ്പോന്ന സുബര്‍ക്കത്തെ കുറിച്ച വിചാരത്തില്‍ കുറഞ്ഞുപോകണം. ഒരുനാള്‍ മരിക്കുമെന്ന് നമുക്കുറപ്പാണ്. മരണത്തിനു ശേഷമുള്ള ജീവിതത്തിനായി ഒരുക്കിവെക്കേണ്ടതൊക്കെ ചെയ്തുവെക്കാന്‍ കഴിയുന്നുണ്ടോയെന്ന് ഇടക്കൊക്കെ ആലോചിക്കണം. റമദാനിലെ കൊഴിഞ്ഞുപോകുന്ന ഓരോ ദിനവും ജീവിതത്തിലെ തിരിച്ചുപിടിക്കാനാവാത്ത അവസരങ്ങളാണെന്ന തിരിച്ചറിവ് നന്മയില്‍ കൂടുതല്‍ സജീവമാകാന്‍ പ്രേരിപ്പിക്കണം. റമദാന്‍ ലഭിച്ചിട്ട് പാപങ്ങള്‍ പൊറുക്കപ്പെടാതെ, നന്മകളില്‍ മുന്നേറാനാകാതെ പോയാല്‍ ജീവിതത്തിലെ വലിയ നഷ്ടമാണെന്നറിയണം. ജിബ്‌രീല്‍ (അ) ഒരിക്കല്‍ റസൂലിന്റെ (സ) അരികിലെത്തി ഇങ്ങനെ പ്രാര്‍ഥിച്ചു; 'റമദാന്‍ കിട്ടിയിട്ട് പാപങ്ങള്‍ പൊറുക്കപ്പെടാതെ നരകത്തില്‍ പോകുന്നവരെ അല്ലാഹു അവന്റെ കാരുണ്യത്തില്‍നിന്ന് കൂടുതല്‍ അകറ്റട്ടെ.' അന്നേരം റസൂല്‍ (സ) ആ പ്രാര്‍ഥനക്ക് ആമീന്‍ പറയുകയുണ്ടായി.
ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന്റെ നിറവില്‍ നാം പെരുന്നാളാഘോഷിക്കും. തക്ബീറുകള്‍ ചുറ്റും മുഴങ്ങിക്കേള്‍ക്കും. നാഥന്‍ നല്‍കിയ അനുഗ്രഹത്തിനുള്ള പ്രകീര്‍ത്തനം. ജീവിതത്തിന്റെ വഴികാട്ടിയായി ഖുര്‍ആന്‍ നല്‍കിയതിനുള്ള സ്‌നേഹപ്രകടനം - അല്ലാഹു അക്ബര്‍.
വിശ്വാസികള്‍ ഒത്തുചേര്‍ന്നാണ് പെരുന്നാള്‍ സന്തോഷം പങ്കിടാറുള്ളത്. ഈദ്ഗാഹുകളില്‍ പുതുവസ്ത്രമണിഞ്ഞ് പുഞ്ചിരികളുമായി കണ്ടുമുട്ടും. പരസ്പരം ആശ്ലേഷിച്ച് പ്രാര്‍ഥനകള്‍ കൈമാറും. കൂട്ടായ്മയാണ് റമദാനിന്റെയും പെരുന്നാളിന്റെയും പ്രത്യേകത. ആത്മീയാനുഭവത്തിന്റെ ദിനരാത്രങ്ങള്‍ക്കിടയിലും നമ്മളെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്ന പലതും റമദാനിലുണ്ട്. പള്ളികളില്‍ ജമാഅത്തിനും തറാവീഹിനുമുള്ള ഒത്തുചേരലുകള്‍. ഇഫ്ത്വാറൊരുക്കങ്ങളും റമദാന്‍ കിറ്റിനും ഫിത്വ്ര്‍ സകാത്ത് വിതരണത്തിനുമായുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍. ഈ കൂട്ടായ്മയും സന്തോഷവും ഈദ് ദിനത്തില്‍ കൂടുതല്‍ തിളങ്ങിനില്‍ക്കും. പെരുന്നാള്‍ വസ്ത്രത്തിനേക്കാളും ഭംഗിയുള്ള വസ്ത്രങ്ങളണിഞ്ഞ്, ഇവിടത്തേക്കാളും സുന്ദരമായ സുഗന്ധമുള്ള അത്തറ് പൂശി ഒരുനാള്‍ സ്വര്‍ഗത്തില്‍ ഒരുമിച്ചിരിക്കാമെന്ന പ്രതീക്ഷകള്‍ നിറഞ്ഞുനില്‍ക്കുന്ന സുദിനത്തില്‍ തക്ബീറുകള്‍ക്ക് കൂടുതല്‍ മനോഹാരിതയുള്ളതായി നമുക്ക് അനുഭവിക്കാനാകും.