'ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ വനിതാ നേതൃത്വത്തിന്‍ കീഴില്‍ ആരംഭിച്ച ഓറ മാഗസിന്‍ ചീഫ് എഡിറ്റര്‍ എ. റഹ്മത്തുന്നിസ ആരാമത്തോട് സംസാരിക്കുന്നു
'ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ വനിതാ നേതൃത്വത്തിന്‍ കീഴില്‍ ആരംഭിച്ച ഓറ മാഗസിന്‍ ചീഫ് എഡിറ്റര്‍ എ. റഹ്മത്തുന്നിസ ആരാമത്തോട് സംസാരിക്കുന്നു
ജമാഅത്തെ ഇസ്ലാമി കേന്ദ്ര വനിതാ നേതൃത്വത്തിനു കീഴില്‍ ആരംഭിച്ചിരിക്കുന്ന ഓറ മാഗസിന്‍ വലിയൊരു ചുവടുവെപ്പാണ്. ഇതിലൂടെ നിറവേറ്റാന്‍ ഉദ്ദേശിക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍?
Reviving Feminine Strength എന്നതാണ് ഒറ്റവരിയില്‍ പറഞ്ഞാല്‍ ഓറയുടെ പ്രഖ്യാപിത ലക്ഷ്യം. സ്ത്രീയുടെ യഥാര്‍ഥ ശക്തി എന്താണെന്നും എങ്ങനെയാണത് തന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനുവേണ്ടി ഉപയോഗപ്പെടുത്തേണ്ടത് എന്നുമുള്ള ചോദ്യം പ്രസക്തമാണ്. സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ സ്ത്രീയില്‍ അന്തര്‍ലീനമായ ശക്തി തിരിച്ചറിയാതെയും പരിപോഷിപ്പിക്കാതെയും പെണ്ണിനെ പെണ്ണ് അല്ലാതെ ആക്കിമാറ്റുന്ന പ്രക്രിയകളും ഫോര്‍മുലകളുമാണ് പലപ്പോഴും കണ്ടുവരുന്നത്. അത്തരം പ്രചാരണത്തിലൂടെ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടവരും ശബ്ദമില്ലാത്തവരുമായി മാറുന്നു. Aura-യിലൂടെ നാം ലക്ഷ്യം വെക്കുന്നത് യഥാര്‍ഥ സ്ത്രീശക്തി പുറത്തുകൊണ്ടുവരികയും അവ സമൂഹത്തിന് ഗുണകരമായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഉതകുന്ന മാതൃകകളും അധ്യാപനങ്ങളും വായനക്കാരില്‍ എത്തിക്കുകയും ചെയ്യുക എന്നതാണ്. ശബ്ദം എല്ലാവര്‍ക്കുമുണ്ട്; പക്ഷേ, എല്ലാ ശബ്ദങ്ങളും പുറത്തേക്കു വരാറില്ല. ചില ശബ്ദങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാനായി പല ശബ്ദങ്ങളും പല രോദനങ്ങളും അടിച്ചമര്‍ത്തപ്പെടുകയാണ്. Aura-യുടെ താളുകള്‍ അത്തരം അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദങ്ങള്‍ കേള്‍പ്പിക്കാന്‍ ഉള്ളതായിരിക്കും. ഒരു വനിതാ മാസിക എന്ന് പറയുമ്പോള്‍ സാധാരണ നമ്മുടെ മനസ്സില്‍ കടന്നുവരാറുള്ള ചില മോഡലുകള്‍ ഉണ്ട്. അത്തരം ബാഹ്യമായ സൗന്ദര്യവര്‍ധക ടിപ്പുകളും സ്ത്രീശരീരവുമായി മാത്രം സംവദിക്കുന്ന ചില പംക്തികളും ഉള്‍ക്കൊള്ളുന്ന ഒരു മാസിക അല്ല നമ്മുടെ സങ്കല്‍പത്തിലുള്ളത്. പെണ്ണിന് ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്ന, സമൂഹത്തിനുവേണ്ടി തന്റെ കഴിവുകള്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍ പ്രേരണ നല്‍കുന്ന, സ്വന്തം ശക്തിയെ ശരിയായ രീതിയില്‍ തിരിച്ചറിയാന്‍ ഉതകുന്ന ഒരു മാസിക ആയിരിക്കും Aura എന്നാണ് തീരുമാനിച്ചിട്ടുള്ളത്.
ഇന്ത്യന്‍ മുസ്ലിം സ്ത്രീസമൂഹം രണ്ടു തരത്തിലുള്ള പ്രതിസന്ധികളാണ് അഭിമുഖീകരിക്കുന്നത്. ഒന്ന്, മുസ്ലിം എന്ന നിലക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന കപട ദേശീയതയില്‍ ഊന്നിയ ഭരണകൂട കേന്ദ്രങ്ങളില്‍ നിന്നും മതേതര പൊതു ഇടങ്ങളില്‍ നിന്നും അനുഭവിക്കേണ്ടിവരുന്ന സ്വത്വ പ്രതിസന്ധി. മറ്റൊന്ന്, യാഥാസ്ഥിതിക മത പൗരോഹിത്യത്തില്‍നിന്നും അനുഭവിക്കേണ്ടിവരുന്ന ഇസ്ലാമികമല്ലാത്ത മതവിധികള്‍. ഇതില്‍ ഏതിലാണ് മാസിക ഊന്നല്‍ നല്‍കുന്നത്?
രണ്ടും യഥാര്‍ഥത്തില്‍ പ്രശ്‌നം തന്നെയാണ്. സ്വത്വപ്രതിസന്ധി മൂലം നമ്മുടെ കാമ്പസുകളിലും തൊഴില്‍ ഇടങ്ങളിലും ജനപ്രതിനിധിസഭകളില്‍ പോലും മുസ്‌ലിം സ്ത്രീകള്‍ വലിയ പ്രതിസന്ധികളും വെല്ലുവിളികളുമാണ് നേരിടുന്നത്. തങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാനോ പരിപോഷിപ്പിക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് മുസ്‌ലിം സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇത് കൊണ്ടെത്തിക്കുന്നുണ്ട്. പലരും വിമുഖരായി പോകുന്നു. ആത്മഹത്യ ചെയ്ത കേസുകള്‍ വരെ നമുക്കിടയിലുണ്ട്. അവര്‍ക്ക് ആത്മവിശ്വാസവും അവകാശബോധവും പകര്‍ന്നുനല്‍കുന്ന പംക്തികള്‍ Aura-യുടെ താളുകളില്‍ പ്രതീക്ഷിക്കാം.
മുസ്‌ലിം പൗരോഹിത്യ പക്ഷത്തുനിന്നും ഇസ്‌ലാമികമല്ലാത്ത പല ചിന്താധാരകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇസ്‌ലാമിക നിയമത്തിന്റെ ലേബലില്‍ അടിച്ചേല്‍പ്പിക്കുകയും സ്ത്രീക്ക് ഇസ്‌ലാം നല്‍കിയിട്ടുള്ള അവകാശങ്ങള്‍ നിഷ്പ്രഭമാക്കുന്ന, നിഷേധിക്കുന്ന തലത്തിലേക്ക് അവ എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥയും ഒരു യാഥാര്‍ഥ്യമാണ്. ഇവയെ തുറന്നുകാണിക്കാനും, സ്ത്രീക്ക് ഇസ്‌ലാം നല്‍കിയ അവകാശങ്ങളെ കുറിച്ച് കൃത്യമായി ബോധവല്‍ക്കരിക്കാനും പ്രായോഗിക മാതൃകകള്‍ പ്രസിദ്ധീകരിക്കാനും ഉദ്ദേശിച്ചിക്കുന്നു. കാരണം യുവതലമുറയെ ഇസ്‌ലാമില്‍നിന്ന് അകറ്റാനും യഥാര്‍ഥത്തില്‍ പെണ്ണിന് കൂടുതല്‍ ഇടുക്കവും ബുദ്ധിമുട്ടും നല്‍കുന്ന നവലിബറല്‍ ആശയങ്ങളുടെ വശ്യതയില്‍ വീണുപോകാനും ഇത് കാരണമാകുന്നുണ്ട്.
ഏതൊരു പ്രസിദ്ധീകരണത്തെ സംബന്ധിച്ചും പ്രസക്തമാണല്ലോ വായനാ സമൂഹം. വനിതകള്‍, വിശിഷ്യാ മുസ്ലിം സ്ത്രീകള്‍ ഒന്നുകില്‍ ആധുനിക വിദ്യാഭ്യാസം നേടിയവര്‍, അല്ലെങ്കില്‍ തീരെ വിദ്യാദ്യാസം ലഭിക്കാത്തവര്‍. ഇവരില്‍ ആരെയാണ് മാസിക മുന്നില്‍ കാണുന്നത്?
ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന മാസിക എന്ന നിലയില്‍ വിദ്യാസമ്പന്നര്‍ തന്നെയാണ് നമ്മുടെ ഫോക്കസ്. വിശേഷിച്ചും യുവതികള്‍. അവര്‍ വലിയ സംഘര്‍ഷത്തിലാണ്. ഒരുഭാഗത്ത് വളരെ ആകര്‍ഷകമായി അവരുടെ മുന്നില്‍ മീഡിയയിലൂടെയും മറ്റും അവതരിപ്പിക്കപ്പെടുന്ന ലിബറല്‍ ആശയങ്ങള്‍. മറുഭാഗത്ത് മുസ്‌ലിം സ്ത്രീകള്‍ നമ്മുടെ രാജ്യത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മുസ്‌ലിമായതിന്റെ പേരില്‍ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങള്‍. സമുദായത്തിനകത്താകട്ടെ, ഇതര സമുദായങ്ങളുടെ സ്വാധീനഫലമായി കടന്നുവന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മൂലം സംഭവിക്കാറുള്ള അടിച്ചമര്‍ത്തലുകള്‍. അവ ഒറ്റപ്പെട്ടതാണെങ്കില്‍ പോലും സാമാന്യവല്‍ക്കരിച്ച് ഇസ്ലാമിനെയും മുസ്‌ലിംകളെയും കരിവാരിത്തേക്കുന്ന മീഡിയാ തന്ത്രങ്ങള്‍. ഇതെല്ലാം നമ്മുടെ യുവതയെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അവര്‍ക്ക് നെല്ലും പതിരും വേര്‍തിരിച്ചു മനസ്സിലാക്കിക്കൊടുക്കാനും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും അവര്‍ക്ക് പരമാവധി ഇടം നല്‍കിക്കൊണ്ടുള്ള ഒരു പ്രസിദ്ധീകരണമായിരിക്കും Aura. കൂടാതെ, അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ സ്ത്രീശബ്ദങ്ങളും (ദലിത്, ആദിവാസി) ഇതിലൂടെ ഉറക്കെ കേള്‍പ്പിക്കാനാകണം എന്നാണ് ആഗ്രഹിക്കുന്നത്.
കേരള മുസ്‌ലിംകള്‍ക്ക് പൊതു സമൂഹത്തോട് സംവദിക്കാന്‍ മലയാളം പോലെ ഒരു പൊതു ഭാഷയുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ അതല്ല സ്ഥിതി. അതുകൊണ്ടുതന്നെ പൊതുസമൂഹം മുസ്‌ലിംകളെ കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നും ആലോചിക്കുന്നതെന്നും അവര്‍ക്ക് അറിയാതെ പോകുന്നു. ആശയസംവാദത്തിന്റെ ഈ പരിമിതി മറികടക്കാന്‍ മാസികക്ക് ആകുമോ?
വിദ്യാസമ്പന്നരായ ആളുകള്‍ക്കിടയിലെ ആശയ വിനിമയവുമായി ബന്ധപ്പെട്ട പരിമിതി ഒരു പരിധിവരെ Aura-യിലൂടെ പരിഹരിക്കാന്‍ സാധിക്കും എന്നാണ് നാം വിശ്വസിക്കുന്നത്. പ്രാദേശിക ഭാഷകളില്‍ ഇറങ്ങുന്ന പല പ്രസിദ്ധീകരണങ്ങളും നമ്മുടെ യുവത്വം വായിക്കുന്നില്ല.
ദല്‍ഹിയിലെ സാംസ്‌കാരിക രംഗത്തും രാഷ്ട്രീയ പൊതുരംഗത്തും ഉള്ള പ്രഗത്ഭ വ്യക്തിത്വങ്ങളെ മാസികയോട് ഏതു രീതിയില്‍ പങ്കാളികളാക്കാനാണ് ഉദ്ദേശിക്കുന്നത്?
ദല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സമാന ചിന്താഗതിക്കാരെയും പരമാവധി പങ്കാളികളാക്കാനാണ് നാം ശ്രമിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വെളിച്ചം നല്‍കിയും അവരുടെ ആശയങ്ങള്‍ ഓറയുടെ പേജിലൂടെ പ്രകടിപ്പിക്കാന്‍ അവസരവും നല്‍കിയും അതിന് ശ്രമിക്കുന്നതാണ്.
എഡിറ്റോറിയല്‍ രംഗത്തെ സ്ത്രീസാന്നിധ്യം- മാസികയുടെ നയനിലപാട് രൂപീകരണത്തിലെ സാന്നിധ്യം- എത്രത്തോളം ഉണ്ട്, അവര്‍ ആരൊക്കെയാണ് എന്ന് വായനക്കാര്‍ക്കറിയാന്‍ താല്‍പര്യമുണ്ട്?
സ്ത്രീകളുടെ ചിന്തയില്‍നിന്നും ഉടലെടുത്ത, പ്രധാനമായും സ്ത്രീകളാല്‍ നയിക്കപ്പെടുന്ന ഒരു സംരംഭമാണിത്. ഒമ്പത് അംഗ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഏഴു പേരും വനിതകളാണ്. ചീഫ് എഡിറ്ററായ എനിക്കും എഡിറ്ററായ തെലുങ്കാനയില്‍നിന്നുള്ള ആഇശ സുല്‍ത്താനക്കും പുറമെ ഈമാന്‍ ഫാത്വിമ തമിഴ്‌നാട്, ഡോ. സീനത്ത് കൗസര്‍ മലേഷ്യ, സമീന അഫ്ഷാന്‍ കര്‍ണാടക, സൂഫിയ തഅസീന്‍ ജിദ്ദ, തസ്‌നി അത്വാഉല്ലാഹ് രിയാദ്, അര്‍ശദ് ശൈഖ് പൂന, ജാവീദ് ഗഹ്‌ലോട്ട് കര്‍ണാടക എന്നിവരാണ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍. ഈ രംഗത്ത് പരിചയസമ്പന്നരായ സ്ത്രീകളില്‍നിന്നും പുരുഷന്മാരില്‍നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ച് അവ മുന്നില്‍വച്ചാണ് മാസികയുടെ നയനിലപാടുകള്‍ രൂപീകരിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തോളം ഇതിനുള്ള ഹോംവര്‍ക്ക് നടത്തിയിരുന്നു. ധാരാളം ആശയ കൈമാറ്റ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിലെല്ലാം സ്ത്രീകളും പങ്കാളികളായിരുന്നു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തന്നെയാണ് ഇതെല്ലാം നടന്നത്. അമീറെ ജമാഅത്തിന്റെയും മറ്റു പ്രസ്ഥാന നേതാക്കളുടെയും ശക്തമായ പിന്തുണ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു.
സ്വാതന്ത്ര്യാനന്തരം മുതല്‍ തന്നെ വ്യവസ്ഥാപിതമായി പ്രര്‍ത്തിക്കുന്ന ഒരു സംഘടനയുടെ ഭാഗത്തുനിന്ന് എന്ന നിലക്ക് ഇത്തരമൊരു ഉദ്യമം വൈകിപ്പോയി എന്നു തോന്നുന്നുണ്ടോ?
വായിക്കുക, വായിപ്പിക്കുക. ഇതു രണ്ടും ഒരു വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം തുടക്കം മുതല്‍ തന്നെ ഈയൊരു ഉത്തരവാദിത്വം ശ്രദ്ധയിലുണ്ടായിരുന്നു. ഇന്ന് മറ്റേതൊരു പ്രസ്ഥാനത്തെയും സംഘടനയെയും അപേക്ഷിച്ച് ധാരാളം പ്രസിദ്ധീകരണങ്ങള്‍ വിവിധ ഭാഷകളില്‍ പ്രസ്ഥാനത്തിന്റേതായിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ വനിതകളുടെ മേല്‍നോട്ടത്തില്‍ ഒരു പ്രസിദ്ധീകരണം ആദ്യമായിട്ടാണ്. വൈകി എന്നത് സ്വാഭാവികമാണ്. ഓരോന്നിനും അതിന്റേതായ വിഭവങ്ങള്‍ ആവശ്യമാണല്ലോ. തന്നെയുമല്ല, ഇംഗ്ലീഷില്‍ കൂടുതല്‍ വായനാ മെറ്റീരിയല്‍ വേണമെന്ന ആവശ്യം ഈയടുത്ത കാലത്താണല്ലോ ഇത്രയേറെ ശക്തമായത്. ഏതായാലും ആലേേലൃ ഹമലേ വേമി ില്‌ലൃ.
കേരളത്തില്‍ ജി.ഐ.ഒ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം എന്നിവയില്‍ പ്രവര്‍ത്തിക്കുകയും വിവിധ ഘട്ടങ്ങളിലായി അവയെ നയിക്കുകയും ചെയ്ത ഒരാളാണ് താങ്കള്‍. മുപ്പത്തഞ്ചു വര്‍ഷം മുമ്പെ ഇവിടെ ജി.ഐ.ഒവിനു കീഴില്‍ നിലവില്‍ വന്ന ആരാമം വനിതാ മാസികയും മുന്നിലുണ്ട്. യഥാര്‍ഥത്തില്‍ ആരാമമാണോ ഇതിനു പ്രചോദനമായത്?
പ്രചോദനങ്ങളില്‍ ഒന്ന് ആരാമം മാസിക തന്നെയാണ്. പലപ്പോഴും ചര്‍ച്ചാ യോഗങ്ങളില്‍ വിഭവക്കമ്മിയെക്കുറിച്ചും, മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ വന്നു ചേരാവുന്ന പ്രതിസന്ധികളെ കുറിച്ചും, തുടക്കത്തില്‍ നേരിട്ടേക്കാവുന്ന പ്രയാസങ്ങളെ കുറിച്ചും ആശങ്ക ഉന്നയിക്കപ്പെടുമ്പോള്‍ ഞാന്‍ 'ആരാമം' അനുഭവങ്ങള്‍ പരാമര്‍ശിക്കാറുണ്ട്. ആദ്യനാളുകളില്‍ നാം എങ്ങനെയാണ് അതിനുവേണ്ടി പ്രവര്‍ത്തിച്ചതെന്ന് പങ്കുവെക്കാറുണ്ട്. കന്നഡ, തെലുഗു ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന 'അനുപമ', തമിഴില്‍ പ്രസിദ്ധീകരിക്കുന്ന 'ഉദയതാരകം' എന്നിവയും പ്രചോദനമായിട്ടുണ്ട്. നല്ല ഒരു കൂട്ടായ്മയിലൂടെ സ്ത്രീകളെക്കൊണ്ട് ഇതെല്ലാം സാധിക്കും എന്നുറപ്പുണ്ട്. ടീം വര്‍ക്കും അതിനു പ്രചോദനമാകുന്ന നേതൃത്വവും കൂടിച്ചേരുമ്പോള്‍ എല്ലാം നിഷ്പ്രയാസം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാധിക്കും. ഇതൊക്കെ നാം ചെയ്യുന്നത് പടച്ചവന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടാണല്ലോ. നാം നിനക്കാത്ത വഴികളിലൂടെ അവന്റെ സഹായം വന്നെത്തുക തന്നെ ചെയ്യും എന്ന പ്രതീക്ഷയാണ് ഏറ്റവും വലിയ പ്രചോദനം.
കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ പല പ്രസിദ്ധീകരണങ്ങളും പൂട്ടിപ്പോകുന്ന കാലത്താണ് ധൈര്യത്തോടെ ഇതിനു മുന്നിട്ടിറങ്ങുന്നത്. സര്‍ക്കുലേഷന്‍, വരിസംഖ്യ, പരസ്യം എല്ലാം ഇതിന്റെ മുന്നോട്ടുള്ള പ്രയാണത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് തോന്നുന്നത്?
പ്രതിസന്ധികളുണ്ട്. പിടിച്ചുനില്‍ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മുന്നോട്ടുള്ള പ്രയാണത്തില്‍ വന്നേക്കാവുന്ന തടസ്സങ്ങള്‍ മുന്‍കൂട്ടിക്കണ്ടിരുന്നു. അതുകൊണ്ടു കൂടിയാണ് ഇപ്പോള്‍ ഇ-മാഗസിന്‍ മതി എന്നും പ്രിന്റിലേക്ക് പോകണ്ട എന്നും തീരുമാനിച്ചത്. ഫ്രീ ആയിട്ടാണ് ഇപ്പോള്‍ സബ്‌സ്‌ക്രിപ്ഷന്‍. എന്നാല്‍ നിലവിലുള്ള ക്വാളിറ്റിയോടെ വായനക്കാരില്‍ ഈ രൂപത്തിലാണെങ്കിലും എത്തിക്കാന്‍ നല്ല ചെലവ് വരുന്നുണ്ട്. വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയിലാണ് നമ്മുടെ പ്രതീക്ഷ.
പ്രാസ്ഥാനിക സംഘടനാ തലപ്പത്ത് സ്ത്രീപ്രാതിനിധ്യം കൂടുന്നതിനനുസരിച്ച് സ്ത്രീശാക്തീകരണ കര്‍മപദ്ധതികള്‍ കൂടുതലായി ആവിഷ്‌കരിക്കാന്‍ കഴിയുമെന്നതിനു തെളിവായി ഈ പ്രവൃത്തിയെ വിലയിരുത്തുന്നതില്‍ തെറ്റുണ്ടോ?
സ്ത്രീപക്ഷത്തു നിന്ന് മാത്രമല്ല വരുംതലമുറയിലെ ആണിന്റെയും പെണ്ണിന്റെയും പക്ഷത്തുനിന്നും ചിന്തിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യാനും സ്ത്രീകളുടെ പ്രാതിനിധ്യം എല്ലാതലങ്ങളിലും ഉണ്ടാവേണ്ടതുണ്ട്. കാര്യങ്ങളുടെ മറുവശം വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍ വേണ്ട രീതിയില്‍ കൊണ്ടുവരണമെങ്കില്‍ സ്ത്രീകള്‍ നയരൂപീകരണ വേദികളില്‍ കൂടുതലായി വരണം. കേരളീയ സമൂഹത്തോട് പറയാനുള്ളത് ഇതാണ്: ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി ദേശീയതലത്തില്‍ സംവദിക്കാന്‍ ഉതകുന്ന ഭാഷകള്‍ പഠിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഈ ഭാഷകളില്‍ സംസാരിക്കാനുള്ള നിപുണത കൂടി കൈവരിക്കണം. നല്ല ആശയവിനിമയശേഷി തന്നെയാണ് ഏതു രംഗത്തും പിടിച്ചുനില്‍ക്കാനും, പറയാനുള്ളതു പറയാനും നമ്മെ പ്രാപ്തമാക്കുന്നത്. Aura വായനയിലൂടെ ഇംഗ്ലീഷ് ഭാഷാ ശേഷി കൂടി ശക്തിപ്പെടുത്താന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇനിയും വരിക്കാര്‍ ആയിട്ടില്ലാത്തവര്‍ auramag.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വരിക്കാരാവണം എന്ന് പ്രത്യേകം അഭ്യര്‍ഥിക്കുന്നു.