ആലും ബീയും

എ.എ സലീമ  No image

ഇവിടം നടൂളന്‍ ചൂളം വിളിക്കുന്നു - 6

കിണറിനോട് ചേര്‍ന്ന കുളിമുറിയില്‍ അടുപ്പ് കത്തിച്ച് വലിയ ചെമ്പ് കയറ്റി വെള്ളം നിറയ്ക്കുകയായിരുന്നു ആമിനൈത്ത. ഈ ചെമ്പ് അടുപ്പത്ത് കയറ്റിയിട്ട് എത്രയായിക്കാണും; അവര്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. സിദ്ദിയെ പ്രസവിച്ച് ഓള് മരിച്ച് പോയില്ലേ? ഈറ്റ് കുളിക്കാനൊന്നും നില്‍ക്കാതെ - ഇനി ഓളുടെ മയ്യത്ത് കുളിപ്പിക്കാന്‍ വെള്ളം ചൂടാക്കിയത് ഇതിലാണോ? ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു അതെല്ലാം. കൊല്ലം എത്ര കഴിഞ്ഞാണ് ഈ തറവാട്ടില് ഒരു കുഞ്ഞിക്കാല് പിറന്നത്. വെറുതെ അതും ഇതും ഓര്‍ത്ത് മനസ്സ് ഫിക്റാക്കണ്ട. 'അടങ്ങ് മനസ്സേ' - ആമിനൈത്ത പിറുപിറുത്തു.
''ആമിനൈത്താ ഇന്ന് വെറും കുളി മതി സുലൈക്ക്, കാദര്‍ക്കാനെ പറഞ്ഞയച്ച് വൈദ്യരെ പീട്യേന്ന് കഷായക്കൂട്ടും നാല്‍പാമരവും കൊഴമ്പും വാങ്ങീട്ട് നാളെ കുളി തൊടങ്ങാം. ഉള്ളീം ഉലുവയും കൊടുത്ത് തുടങ്ങുമ്പോ എണ്ണ തലേല്‍ നല്ലോണം പൊത്തണം. അഴ്ക്ക് കളയാന്‍ ചീനിക്കേം ഉലുവയും തേക്കണം. രണ്ടും കൂടി പഴേ കഞ്ഞിവെള്ളത്തിലിട്ടാ വേവിക്കേണ്ടത്. പഴേ ചട്ടി പത്തായത്തീന്ന് എടുത്ത് എടയടുപ്പത്ത് കഞ്ഞിവെള്ളം ഒഴിച്ചിട്. ചീനിയ്ക്ക തലയ്ക്ക് നല്ല തണുപ്പാ. കൊഴമ്പില് മഞ്ഞള് ഇട്ട് മേല്‍ തേച്ചാമതി. അത് തേച്ച് കളയാനും ചീനിയ്ക്ക നല്ലതാ. കുന്തിരിക്കവും വാങ്ങാന്‍ പറയണം. കുന്തിരിക്കം പൊകയ്ക്കണം. കുഞ്ഞിന് മാത്രം പോരാ, സുലൈഖ കുളി കഴിഞ്ഞ് അടിത്തുണി ഉട്ക്കുന്നതിനു മുമ്പ് ഓളേം പൊകയ്ക്കണം. സ്റ്റിച്ച് ഒണങ്ങാന്‍ നല്ലതാ. കുട്ടീടെ തൊട്ടിലിനടിയില് കുന്തിരിക്കച്ചട്ടി പൊകച്ച് വെക്കണം. ഓനെ കിടത്തുമ്പം വേണ്ട. ഓനെ കുളിപ്പിക്കുന്ന നേരത്ത് തൊട്ടിയ്ക്കടിയില്‍ വെച്ചാല്‍ മതി. സൂപ്പും ആട്ടിറച്ചിയും മൂന്ന് ദിവസം കഴിഞ്ഞ് തുടങ്ങാം. ഉള്ളി വെരകാന്‍ ഇങ്ങക്ക് അറിയാലോ. തേങ്ങ ചെരവാന്‍ ജാനൂനെ വിളിക്കാം. പാല് പിഴിയാന്‍ ഓള്ക്ക് അറിയൂല. അത്ങ്ങള് ചെയ്താല്‍ മതി. അല്ലെങ്കിലും ശരിയാവൂല. ആല വെടുപ്പാക്കി കേറി വന്നിട്ട് കൈയ്യും കാലും കഴ്കാതെ ചെയ്യാന്‍ തുടങ്ങും. മഴ തുടങ്ങുമ്പോഴേക്കും തെങ്ങിന്‍ പൂക്കുല ലേഹ്യം ഉണ്ടാക്കണം. പനച്ചക്കര മതി. ശര്‍ക്കര വേണ്ട. പീട്യേലെ നെയ്യും വേണ്ട. ഞാനുരുക്കി വെച്ച നെയ്യ് ചേര്‍ത്താമതി. ഉലുവ പൊടി തിന്നാന്‍ തുടരുമ്പോ ദാഹം കൂടും. വെള്ളം കുടിക്കാന്‍ കുറച്ച് കൊടുത്താമതി. വയറ് ചാടണ്ട. ഇങ്ങള് കുളിപ്പിച്ച് കയറ്റുമ്പോ വയറ് നന്നായി വലിച്ച് കെട്ടണേ? തൂങ്ങി പോയാ പുയ്യാപ്ളന്റെ പെരക്കാര് ഈറ്റിന് കുറ്റം പറയും. അത് ഉണ്ടാവണ്ട.''
പാത്തൈ പറയുന്നത് മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ആമിനൈത്താ പുറത്തേക്കിറങ്ങി. കടത്ത്കാര് ചായ കുടിക്കുന്ന ഒരു മക്കാനിയുണ്ട്. രാവിലെ അവിടന്ന് ഒരു ക്ലാസ്സ് ചായേം കുടിച്ച് ഒരു ബീഡിയും പൊകച്ചാല്‍ രാത്രി വരെ വേറെ ഒന്നും വേണ്ട. സമോവറീന്ന് തെളച്ച ചായ കുടിച്ചാല് കൂള്‍ക്കോസ് കേറ്റിയ പോലാ, പിന്നെ നല്ല ഉശാറാണ്. 
''ആമിനൈത്താ ഇങ്ങള് ബീഡീം പൊകച്ച് വാവയെ എടുക്കല്ലെ, കുഞ്ഞിന് കേടാ.'' ''ഞമ്മള് എത്ര പേറും കുളിയും കുഞ്ഞുങ്ങളേം കണ്ടതാ - ഞാമ്പോറ്റിയ കുഞ്ഞുങ്ങള്‍ക്കൊന്നും ഇന്ന് വരെ ഒരു വലാമുസീബത്തും വന്നിട്ടില്ല. എന്നിട്ടാ ഇനിയിപ്പം?'' ഇവളി പെറ്റില്ല്യാന്ന് ആരാ പറഞ്ഞത്. ഈറ്റ് എടുക്കുന്ന ഞമ്മളേക്കാളും കുളിയും ശര്‍ത്തും ഒക്കെ ഓക്ക് കാണാപ്പാഠാ... ആമിനൈത്താ ആരോടെന്നില്ലാതെ പിറുപിറുത്തു.
''ഇങ്ങള് നൊടിയല്ലേ ആമിനൈത്താ, ഞാന്‍ പെറ്റില്ലെങ്കിലെന്താ എന്റെ വീട്ടിലെ അനിയത്തിമാരെ പേറും കുളിയും ഒക്കെ ഞാന്‍ തന്നെയാ ചെയ്തത്. എന്റെ ഉമ്മാക്ക് നല്ലോണം പ്രായമായിട്ടുണ്ടായിരുന്നു; അപ്പോള്‍. ഉമ്മ മരിച്ചിട്ട് തന്നെ ഇപ്പോ വര്‍ഷം എത്രയായി. ഇങ്ങളെപ്പോലത്തെ ഒരാള് വീട്ടിലും ഉണ്ടായിരുന്നു.''
''ഞാന്‍ അന്നെ കുറ്റം പറഞ്ഞതല്ലാ പാത്തൈ, ഞാനൊരു വിവരം പറഞ്ഞതാ. ഞാന്‍ വെക്കം മടങ്ങി വരാം.''
സമോവറിലെ ചായ കുടിക്കാനായി ആമിനൈത്താ നിരത്തിലേക്കിറങ്ങി. 

****

മഗ്രിബ് നിസ്‌കരിക്കാന്‍ തുടങ്ങിയത് മുതല്‍ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നു. നിസ്‌കാരത്തില്‍നിന്ന് പിന്മാറിയാലോ എന്ന് ആദ്യം വിചാരിച്ചു. ഫാത്തിമ പിന്നെ എങ്ങനെയെങ്കിലും സലാം വീട്ടി ഒരുവിധം നിസ്‌കാരം മുഴുപ്പിച്ച് ഓടി സുലൈയുടെ മുറിയിലേക്ക് ചെന്നു. കുഞ്ഞിന്റെ കരച്ചിലിനേക്കാള്‍ ഉച്ചത്തില്‍ ആമിനൈത്താടെ ദിക്റ് കേള്‍ക്കാം. പേടിച്ച കണക്ക് സുലൈഖ കട്ടിലില്‍ എഴുന്നേറ്റിരിക്കുന്നു. വേഗം ചെന്ന് കുഞ്ഞിനെ വാങ്ങി ആയത്തുല്‍ കുര്‍സീയും ഫാത്തിഹയും ഓതി മന്ത്രിച്ച് സുലൈഖയോട് കുഞ്ഞിനെ മടിയിലിരുത്തി പാല്‍ കൊടുക്കാന്‍ ഏല്‍പ്പിച്ച് ഫാത്തിമ അടുക്കളയിലേയ്ക്ക് നടന്നു. ''കുഞ്ഞ് നിര്‍ത്താതെ കരഞ്ഞിട്ടാ എളോമ വേഗം നിസ്‌ക്കാരപ്പായയില്‍നിന്നിറങ്ങിയത്, അല്ലെങ്കില്‍ ഓത്തും ഇശാഅ് നിസ്‌കാരവും കഴിഞ്ഞേ ഇറങ്ങൂ.''
''ഞാനും ബേജാറായിപ്പോയി. മോന്തി നേരത്ത് വുളു എടുക്കാന്‍ കിണറ്റിന്‍ കരയില്‍ നില്‍ക്കുമ്പോളേ കേട്ടതാ നെടൂളന്റെ ചൂളംവിളി.'' ''എത്ര ജാതി പക്ഷികള് കരയുന്നുണ്ട്. ഈ നെടൂളന് മാത്രം എന്താ ഇത്ര പ്രത്യേകത?'' സുലൈഖക്ക് ജിജ്ഞാസ മറച്ചുവെക്കാന്‍ കഴിഞ്ഞില്ല. ''അനക്ക് ശരിക്കും അറിയാഞ്ഞിട്ടാ. അതിന്റെ കരച്ചില് കേട്ടാല്‍ മരണം കേക്കൂന്ന് പഴമക്കാര് പറയല്. ഓന്റെ കരച്ചിലും കൂടി ആയപ്പോ എന്റെ നെഞ്ഞിടിപ്പ് വല്ലാതങ്ങ് കൂടി. ഞാനപ്പളക്ക് ആലില ബീയ്ക്ക് നൂലും സൂചിയും നേര്‍ച്ചയാക്കി.'' 
''ആലും ബീയും.... ഇങ്ങള് ഓരോന്ന് പറഞ്ഞ് സുലൈഖയെ എടങ്ങേറാക്കല്ലേ. മോന്തി നേരത്ത് കുഞ്ഞിന് വെടക്കും നെയ്യ് മണപ്പിച്ച് കെടത്തണം. മേല് കഴുകി വേണം നെയ്യ് മണപ്പിക്കാന്‍, പാല് കൊടുത്ത് തൊട്ടിലില് കെടത്തി ആട്ടി കൊടുത്താല്‍ ഓന്‍ ഉറങ്ങും. അല്ലാതെ നൂലും സൂചിയും നേരലല്ല. ഞാന്‍ പത്തലും ആട്ടിറച്ചി വരട്ടിയതും എടുത്ത് വെച്ചിട്ടുണ്ട്. ഇങ്ങള് അത് ഓള്‍ക്ക് എടുത്ത് വെച്ചു കൊടുക്ക്. പത്തലില് തേങ്ങാപ്പാലും നെയ്യും പുരട്ടിയതാ. ഭക്ഷണം ഇപ്പം കഴിച്ചാലേ ഒറങ്ങാന്‍ കെടക്കുന്നതിന് മുമ്പ് പാല് കുടിയ്ക്കാന്‍ പറ്റൂ. ലേഹ്യവും തിന്നേണ്ടതാ. പെറ്റ വയറാ അധികം കാഞ്ഞാ നന്നല്ല.'' ''അതെന്താ എളോമ ആലും ബീബിയും കഥ?'' ''രാത്രി കുഞ്ഞ് എണീറ്റാല്‍ എണീക്കേണ്ടതാ. അവനുറങ്ങുമ്പം നീയും കുറച്ച് ഒറങ്ങ്. അല്ലാതെ നൂലും ബീയും അന്വേഷിച്ച് നടക്കലല്ല.''
പകല് ഉറങ്ങിയതുകൊണ്ട് സുലൈയ്ക്ക് ഉറക്കം വന്നില്ല. ആമിനൈത്താനോട് നൂലും ബീബിയും എന്താണെന്ന് ചോദിക്കാം. ''ആമിനൈത്താ, ഇങ്ങള് പറയ് ആ കഥ. എളോമ പണികഴിഞ്ഞ് വരുമ്പള്ക്ക് എനിക്ക് അത് കേക്കാലോ.'' 
''അത് എന്താണെന്നോ? പണ്ടു പണ്ട് കായലിനടുത്തുള്ള ആല് നിയ്ക്കണ സ്ഥലത്ത് മൊഞ്ചുള്ള രണ്ട് ബീവികള് താമസിച്ചിരുന്നു. വെള്ള പട്ടാളത്തിന്റെ പടയോട്ടകാലത്ത് ഇവരെ പിടിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ബീവിമാര് പടച്ചോനോട് രക്ഷിക്കാന്‍ ദുആ ചെയ്തു. ആല് രണ്ടായി പിളര്‍ന്നു. ബീവികള്‍ അതിനുള്ളിലേക്ക് ഇറങ്ങി രക്ഷപ്പെട്ടു. വെള്ള പട്ടാളം വന്ന് തിരഞ്ഞ് അവരെ കിട്ടാതെ മടങ്ങി പോയി. ബീവികള് അതിനുള്ളിലാ ഇപ്പളും ഉള്ളത്. അതുകൊണ്ടാ ആലിന്റെ കൊമ്പു പോലും വെട്ടാത്തത്. വെട്ട്യാ ബീവികളെ മേല് തട്ടി ചോരവരും.'' കേട്ടത് മുഴുവന്‍ വിശ്വസിച്ച മട്ടില്‍ സുലൈഖ മിണ്ടാതിരുന്നു. ''സ്ഥിരമായി തുന്നുന്ന അവര്‍ക്ക് നൂലും സൂചിയും ആണ് നേര്‍ച്ച. നല്ല പോരിശയുള്ളതാ, അപ്പള്ക്ക് അപ്പളാ ഉത്തരം കിട്ടല്. വെള്ളിയാഴ്ച രാവില്‍ ബീവികളെ കണ്ടോര് എത്രയാ ഈ ദേശത്തുള്ളത്.'' ബീവിക്കഥ പറഞ്ഞ് പറഞ്ഞ് ആമിനൈത്താ ഉറക്കത്തിലേക്ക് വഴുതി വീണു. പതുക്കെ പതുക്കെ സുലൈഖയും. ഫാനിന്റെ നേര്‍ത്ത ശബ്ദത്തോടൊപ്പം ആമിനൈത്തായുടെ താളാത്മകമായ കൂര്‍ക്കം വലിയും മുറിയില്‍ മുഴങ്ങി.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top