കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് സ്‌കൂളിലെ അധ്യാപകനായിരുന്ന കാലമാണ് വാപ്പിച്ചിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം
സിദ്ദീഖ് ഹസന്‍ സാഹിബിന്റെ മകന്‍ കെ.എസ് ഫസല്‍ റഹ്മാന്റെ ഓര്‍മയില്‍ നിന്ന്
കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് സ്‌കൂളിലെ അധ്യാപകനായിരുന്ന കാലമാണ് വാപ്പിച്ചിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത്. സ്‌കൂളില്‍ പോകാന്‍ തയാറായി വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച മെല്ലിച്ച ആ രൂപം കണ്‍മുന്നില്‍ ഇപ്പോഴുമുണ്ട്. അതിരാവിലെ കുളത്തില്‍ നീന്തിക്കുളിക്കുന്നതും എണ്ണ ഒരു കൈയിലേക്ക് ഒഴിച്ച് ഇരു കൈകളും ചേര്‍ത്ത് തേച്ച് തലയില്‍ തേക്കുന്നതും ഒരു വശത്തേക്ക് അല്‍പ്പം ചരിച്ചു വെച്ച് നീളത്തിലുള്ള ചീര്‍പ്പ് ചരിച്ചു പിടിച്ച് പ്രത്യേക രീതിയില്‍ മുടി ചീകുന്നതും നാവ് കവിളിന്റെ ഒരു വശത്തേക്ക് വെച്ചു നില്‍ക്കുന്നതും ഉമ്മ തയാറാക്കി കൊടുക്കുന്ന ടിഫിന്‍, സൈക്കിളിന്റെ ബോക്‌സിലേക്കു വെച്ച് സൈക്കിള്‍ ചവിട്ടിയകലുന്നതും തിരശ്ശീലയിലെ ഫഌഷ്ബാക്ക് രംഗം പോലെ മനസ്സില്‍ മിന്നിമറയുകയാണ്.
കൊടുങ്ങല്ലൂരില്‍നിന്ന് പടിഞ്ഞാറ് ഭാഗത്തായി എറിയാട് ബ്ലോക്കിനു സമീപത്തു നിന്നു തെക്കോട്ട് പോകുന്ന പാതക്ക് അഭിമുഖമായാണ് ഞങ്ങളുടെ തറവാടു വീട് നിലനിന്നിരുന്നത്. വെല്യുപ്പ കെ.എം അബ്ദുല്ല മൗലവി അറബി അധ്യാപകനും നാട്ടിലെ പൗരപ്രമാണിയുമായിരുന്നു. വെല്യുമ്മയുടെ പേര് ഖദീജ. വെല്യുപ്പാക്ക് പന്ത്രണ്ട് മക്കളായിരുന്നു. എട്ട് ആണും നാല് പെണ്ണും. അതില്‍ ആറാമത്തെയാളാണ് വാപ്പിച്ചി.
വെല്ല്യുപ്പ ആദ്യകാലങ്ങളില്‍ തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാവുകയും ഹംദര്‍ദ് ഹല്‍ഖകളില്‍ സംബന്ധിക്കുകയും ചെയ്യാറുണ്ടായിരുന്നു. വാപ്പിച്ചിയും വെല്ല്യുപ്പയോടൊപ്പം ചെറുപ്പത്തില്‍തന്നെ പ്രസ്ഥാന യോഗങ്ങളില്‍ അനുഗമിക്കാറുണ്ടായിരുന്നു. മക്കളെയെല്ലാം പ്രാസ്ഥാനിക ശിക്ഷണത്തോടെ തന്നെയായിരുന്നു വെല്ല്യുപ്പ വളര്‍ത്തിയത്.
എന്റെ ഒന്നാം ക്ലാസ് ഘട്ടം മുതല്‍ ഞങ്ങളുടെ കുടുംബസമേതമുള്ള യാത്രകള്‍ക്ക് സമാരംഭം കുറിക്കുകയുണ്ടായി, അതിനാല്‍ തന്നെ സ്‌കൂള്‍ വിദ്യാഭ്യാസ കാലയളവിലെ ഓരോ വര്‍ഷവും താമസിച്ച ഇടങ്ങളും കൃത്യമായി സ്മൃതിപഥത്തിലുണ്ട്. ഇന്നലെകളിലെ വാപ്പിച്ചിയോടൊപ്പമുള്ള യാത്രകളും വാപ്പിച്ചി കടന്നുവന്ന ഇടങ്ങളും ഒന്ന് തിരിഞ്ഞുനോക്കുക മാത്രമാണിവിടെ.
തൃശൂര്‍ ജില്ലയിലെ ചാമക്കാല, കരൂപ്പടന്ന, എടവിലങ്ങ് എന്നീ സ്ഥലങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വാപ്പിച്ചി അറബി അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ആ കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രബോധനത്തിലും ചന്ദ്രിക ദിനപത്രത്തിലും മറ്റു ചില ആനുകാലികങ്ങളിലും വാപ്പിച്ചി സ്ഥിരമായി എഴുതുകയും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രഭാഷണം നിര്‍വഹിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇസ്‌ലാം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മധ്യേ, ഇസ്‌ലാമും പൗരോഹിത്യവും തുടങ്ങിയ വിഷയങ്ങളില്‍ വാപ്പിച്ചിയുടെ പ്രസംഗങ്ങള്‍ നടന്നത് എന്റെയും ഓര്‍മയിലുണ്ട്.
ഞാന്‍ എറിയാട് കേരളവര്‍മ ഹൈസ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ വാപ്പിച്ചി എടവിലങ്ങ് സ്‌കൂളിലായിരുന്നു. പ്രബോധനം സബ് എഡിറ്ററായായാണ് വാപ്പിച്ചി കോഴിക്കോട്ടെത്തിയത്. സ്‌കൂളില്‍നിന്ന് ആറുമാസത്തേക്ക് ലീവ് എടുത്തായിരുന്നു പ്രസ്തുത നിയോഗത്തിന് തയാറായത്. ഞങ്ങളുടെ അടുത്ത പ്രദേശമായ അഴീക്കോട്ടുനിന്ന് ആ കാലത്ത് കോഴിക്കോട്ടേക്ക് നേരിട്ട് ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസ് നടത്തിയിരുന്നു. ഒരു വെളുപ്പിന് ഞങ്ങള്‍ കുടുംബസമേതം കോഴിക്കോട്ടേക്ക് യാത്രയായി, ഏറ്റവും ഇളയ സഹോദരന്‍ അനീസ് ഭൂമുഖം കാണുന്നതിനും മുമ്പായിരുന്നു അത്. എന്നെ സംബന്ധിച്ചേടത്തോളം വളരെ ആകാംക്ഷയും ആഹ്ലാദവും നിറഞ്ഞതായിരുന്നു ആ യാത്ര. വെള്ളിമാടുകുന്നിലെയും മൂഴിക്കലിലെയും ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ അന്ന് ഞങ്ങള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പും ആതിഥ്യവുമേകുകയുണ്ടായി. എം.എ അഹ്മദ് കുട്ടി സാഹിബ്, മര്‍ഹൂം മരക്കാര്‍ ഹാജി എന്നിവര്‍ അവരില്‍ ചിലരാണ്.
പ്രബോധനം പ്രസ്സും ഓഫീസും നില്‍ക്കുന്ന ഐ.എസ്.ടി ബില്‍ഡിംഗിന്റെ പിറകുവശത്തെ മൂന്ന് ക്വാര്‍ട്ടേഴ്സുകളില്‍ വലത്തേയറ്റത്തേതിലായിരുന്നു ഞങ്ങള്‍ക്ക് താമസസൗകര്യമേര്‍പ്പെടുത്തിയിരുന്നത്.
എന്റെ തുടര്‍പഠനം മൂഴിക്കല്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലായിരുന്നു. സ്‌കൂള്‍ വിട്ടു വന്നാല്‍ മിക്കവാറും ഞങ്ങള്‍ പ്രബോധനം കോമ്പൗണ്ടില്‍ കളിയില്‍ മുഴുകിയിരിക്കും.
അല്‍പം അകലെയായി തുറന്നു കിടക്കുന്ന ജനല്‍ പാളികള്‍ക്കിടയിലൂടെ വാപ്പിച്ചിയെ കാണാം, മിക്കപ്പോഴും എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുകയാവും. അതല്ലെങ്കില്‍ ഇടക്കിടെ എന്തോ എഴുതിക്കൊണ്ടിരിക്കുകയാവും. എഴുത്തില്‍നിന്ന് തലയുയര്‍ത്തുമ്പോള്‍ പേനയുടെ അറ്റം വാപ്പിച്ചിയുടെ ചുണ്ടില്‍ അമര്‍ന്നുകൊണ്ടിരുന്നു. പ്രബോധനം പ്രസ്സിലെ പഴയ മാതൃകയിലുള്ള അച്ചടി യന്ത്രത്തിന്റെ ഉച്ചത്തിലുള്ള ശബ്ദത്താല്‍ മുഖരിതമായ അന്തരീക്ഷം മനസ്സില്‍ പുനര്‍ജനിക്കുകയാണ്. എന്റെ കൊടുങ്ങല്ലൂര്‍ സംസാരശൈലി കോഴിക്കോട്ടെ കൂട്ടുകാര്‍ക്ക് പെട്ടെന്ന് മനസ്സിലാകുമായിരുന്നില്ല. ജീവിതത്തിലാദ്യമായി ഇയ്യ്, ഓന്‍, ഓല് തുടങ്ങിയ പദാവലികള്‍ എന്റെ നിത്യ നിഘണ്ടുവില്‍ കയറിപ്പറ്റി.
1978-ലെ മധ്യവേനലവധിയോടെ ഞങ്ങള്‍ കോഴിക്കോട് വാസം പൂര്‍ത്തീകരിച്ച് കൊടുങ്ങല്ലൂരിലേക്ക് തിരിച്ചുപോന്നു. വാപ്പിച്ചി എടവിലങ്ങ് സ്‌കൂളില്‍ അറബി അധ്യാപക ജോലിയില്‍ തിരികെ പ്രവേശിച്ചു. വാപ്പിച്ചിയുടെ കോഴിക്കോട് യാത്രക്ക് മുമ്പുതന്നെ കേരള യൂനിവേഴ്സിറ്റിയുടെ എം.എ അറബിക് പരീക്ഷ വാപ്പിച്ചി ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ടായിരുന്നു. ആ യോഗ്യത അനുസരിച്ചുള്ള ആദ്യ നിയമനം ലഭിച്ചത് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലാണ്.
ഭക്ഷണകാര്യങ്ങളില്‍ പ്രത്യേക നിഷ്‌കര്‍ഷകള്‍ ഉള്ളതിനാല്‍ കുടുംബത്തെയും കൂടെ കൂട്ടാന്‍ വാപ്പിച്ചി തീരുമാനിച്ചു. ചരിത്ര നഗരമായ കൊടുങ്ങല്ലൂര്‍ നിന്ന് തലസ്ഥാനത്തേക്ക് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്സ് ബസ്സില്‍ കോട്ടയം-കൊട്ടാരക്കര എം.സി റോഡ് വഴി പുതിയ കാഴ്ചകളും അനുഭവങ്ങളും അറിവുകളും നുകര്‍ന്ന് ഞങ്ങള്‍ ലക്ഷ്യത്തിലെത്തി. യാത്രയിലുടനീളം എന്നെ അത്ഭുതപ്പെടുത്തിയ ഒരു യാഥാര്‍ഥ്യം ഞാന്‍ പങ്കുവക്കുകയാണ്, സാരിക്ക് ഉള്ളിലായി മുഖമക്കന ധരിച്ച ഉമ്മയെ പലരും ഒരു അന്യഗ്രഹ ജീവിയെ കണ്ടതു പോലെയാണ് നോക്കിയത്! ആ കാലങ്ങളില്‍ തിരുവിതാംകൂര്‍ ഭാഗങ്ങളില്‍ മുഖമക്കന ധരിക്കുന്നവര്‍ വളരെ അപൂര്‍വമായിരുന്നു.
1979-'80 അധ്യയനവര്‍ഷം വഞ്ചിയൂര്‍ യു.പി സ്‌കൂളിലെ ഏക മുസ്ലിം വിദ്യാര്‍ഥി ഞാന്‍ മാത്രമായിരുന്നുവെന്നത് സാന്ദര്‍ഭികമായി ഓര്‍ക്കുന്നു.
തിരുവനന്തപുരത്ത് വെച്ചാണ് വാപ്പിച്ചിയുടെ വസ്ത്രധാരണ രീതിയില്‍ കാര്യമായ മാറ്റം ഞാന്‍ കണ്ടത്. അതുവരെ ഷര്‍ട്ടും മുണ്ടും ധരിച്ച് കാണാറുള്ള വാപ്പിച്ചി പാന്റ്‌സ് ഇട്ടാണ് കോളേജില്‍ പോകുന്നത്. ദിവസവും രാവിലെ ഒമ്പത് മണിയോടെ വാപ്പിച്ചി വീട്ടില്‍നിന്ന് ഇറങ്ങും. നടന്നായിരുന്നു പോകാറുണ്ടായിരുന്നത്. മിക്ക ദിവസങ്ങളിലും രാത്രിയോടെയാണ് വീട്ടില്‍ തിരിച്ചെത്താറ്. അതുവരെ പാളയം ഇസ്‌ലാമിക് സെന്ററിലോ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രസ്ഥാന പരിപാടികളുമായി ഓടി നടക്കുകയോ ആവും. തിരുവനന്തപുരം ജില്ലയില്‍ നിരവധി പേര്‍ സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനും പല പ്രദേശങ്ങളിലും പ്രസ്ഥാന ഘടകങ്ങള്‍ രൂപീകരിക്കുന്നതിനും വാപ്പിച്ചിയുടെ യൂനിവേഴ്സിറ്റി കോളേജിലെ നിയമനം വലിയൊരു നിമിത്തമായിരുന്നു. ഉപ്പളം റോഡിലെ 'ശോഭാലയം' എന്ന ഞങ്ങളുടെ വീടിന്റെ ഇടുങ്ങിയ വരാന്തയില്‍ രാത്രി വൈകുവോളമുള്ള യോഗങ്ങളും ചര്‍ച്ചകളും ഇന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷവും ഓര്‍മയില്‍ ഇന്നലെ എന്ന പോലെ പുനരവതരിക്കുകയാണ്.
വഞ്ചിയൂര്‍ യു.പി സ്‌കൂളില്‍ ഞാന്‍ നാലാം തരത്തില്‍ പഠിക്കുമ്പോള്‍ വാപ്പിച്ചിക്ക് എറണാകുളം മഹാരാജാസ് കോളേജിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചു. തിരുവനന്തപുരത്തുനിന്ന് നേരിട്ട് എറണാകുളത്തേക്ക് താമസം മാറാന്‍ ശ്രമിച്ചെങ്കിലും ഒരു വാടക വീട് പെട്ടെന്ന് തരപ്പെടുത്താന്‍ പറ്റിയില്ല. തല്‍ക്കാലം ഞങ്ങള്‍ എറിയാട് തറവാട്ടില്‍ തന്നെ താമസിക്കുകയും വാപ്പിച്ചി എറണാകുളത്ത് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എറണാകുളം ജില്ലയിലെ നെട്ടൂരിലാണ് ഉമ്മയുടെ വീട്, വാടക വീട് ലഭിക്കുന്നതു വരെ തല്‍ക്കാലം അവിടെ നില്‍ക്കാം എന്ന് ആലോചിച്ചുവെങ്കിലും വെല്ല്യുപ്പയുടെ നിര്‍ദേശപ്രകാരം കൊടുങ്ങല്ലൂരിലെ തറവാട്ടില്‍തന്നെ താമസമാക്കി. ജനുവരിയോടെ എറണാകുളം പുല്ലേപ്പടിയില്‍ ബഹുമാന്യനായ ഹാശിം ഹാജി അദ്ദേഹത്തിന്റെ തന്നെ വാടക വീട് ഞങ്ങള്‍ക്ക് ഏര്‍പ്പാട് ചെയ്തുതന്നു.
കൊടുങ്ങല്ലൂരിലും പരിസരങ്ങളിലും സ്‌കൂള്‍ അധ്യാപകനായിരുന്ന കാലഘട്ടത്തില്‍ തന്നെ അവിടത്തെ സഹപ്രവര്‍ത്തകരും വാപ്പിച്ചിയും സ്ഥാപിച്ച മൂവ്മെന്റ് ഓഫ് ഇസ്‌ലാം ട്രസ്റ്റ് (എം.ഐ.ടി) നിരവധി നവജാഗരണ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നില്‍ക്കുന്ന എം.ഐ.ടി ഹോസ്പിറ്റല്‍, തൃശൂര്‍ നഗരത്തിലെ എം.ഐ.ടി ഹോസ്റ്റല്‍, ബാല പ്രസിദ്ധീകരണമായ മലര്‍വാടി, എം.ഐ.ടി സ്‌കൂള്‍ തുടങ്ങിയവ എം.ഐ.ടിയുടെ ഏതാനും സംരംഭങ്ങളാണ്. വാപ്പിച്ചിയുടെ പ്രവര്‍ത്തനമേഖല എറണാകുളത്തേക്ക് മാറിയതോടെ കോളേജ് അധ്യാപനത്തിനും പ്രസ്ഥാന പരിപാടികള്‍ക്കുമൊപ്പം മലര്‍വാടിയുടെ കാര്യത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും അവസരം ലഭിച്ചു.
പുല്ലേപ്പടിയിലെ വീട്ടില്‍നിന്ന് കടുംപച്ച നിറത്തിലുള്ള റാലി സൈക്കിളില്‍ പുറപ്പെടുന്ന വാപ്പിച്ചി വൈകീട്ട് കോളേജില്‍നിന്നും എറണാകുളം ഇസ്‌ലാമിക് സെന്ററിലേക്കാണ് എത്തുക. സെന്ററിന്റെ താഴെ നിലയിലെ രണ്ട് മുറികളിലായാണ് മലര്‍വാടി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ടി.കെ ഹുസൈന്‍ സാഹിബ്, ടി.വി മുഹമ്മദലി സാഹിബ് എന്നിവര്‍ ആ കാലത്ത് വാപ്പിച്ചിയുടെ സഹപ്രവര്‍ത്തകരായിരുന്നു.
കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും കോളേജില്‍ അധ്യാപകനാവുന്നതോടൊപ്പം ബാക്കി സമയം പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കാം എന്ന ഉദ്ദേശ്യത്തോടെയാണ് കോഴിക്കോട്ടേക്ക് ട്രാന്‍സ്ഫറിനുള്ള ശ്രമങ്ങള്‍ നടത്തിയത്. അധികം വൈകാതെ തന്നെ വാപ്പിച്ചിയുടെ ആഗ്രഹം പോലെ കോടഞ്ചേരി ഗവണ്‍മെന്റ് കോളേജിലേക്ക് ജോലിമാറ്റം ലഭിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റി. 1982-ല്‍ പുല്ലേപ്പടി സ്‌കൂളില്‍ ഞാന്‍ ആറാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ കോഴിക്കോട്ടേക്കുള്ള രണ്ടാം യാത്രയുണ്ടായത്. അവിടെ ഞങ്ങള്‍ക്ക് ആതിഥ്യമേകിയത് മര്‍ഹൂം കെ.സി അബ്ദുല്ല മൗലവിയായിരുന്നു. ചേന്ദമംഗല്ലൂര്‍ തടായിലെ അദ്ദേഹത്തിന്റെ വാടക വീട്ടില്‍ ഒരു സായംസന്ധ്യയില്‍ യാത്രാ സംഘം അഭയം പ്രാപിച്ചു. ഞങ്ങള്‍ ആ വീട്ടില്‍ താമസിച്ച് അധികം വൈകാതെ, 1984 ആഗസ്റ്റ് 31-ന് രാത്രി വാപ്പിച്ചി ഓഫീസില്‍നിന്നും വന്ന് 'എത്രയും പെട്ടെന്ന് പുറപ്പെടണം; ഉപ്പാക്ക് തീരെ സുഖമില്ല' എന്ന് അറിയിച്ചതും പുലര്‍ച്ചെ നാലുമണിയോടെ എറിയാട് തറവാട്ടില്‍ ചെന്ന് വെല്ല്യുപ്പയുടെ മയ്യിത്ത് കണ്ടതുമെല്ലാം ഓര്‍മയില്‍ മിന്നിമറയുന്നു. '82-'86 കാലത്ത് വാപ്പിച്ചി കോടഞ്ചേരി ഗവ. കോളേജിലും ശേഷം കൊയിലാണ്ടി ഗവ. കോളേജിലും ലക്ചററായിരുന്നു. കോഴിക്കോട് തന്നെ സ്ഥിരവാസമാക്കിയാലോ എന്ന ആലോചനയുടെ ഫലമായി ചേന്ദമംഗല്ലൂര്‍ അങ്ങാടിയുടെ സമീപത്തായി പത്തുസെന്റ് സ്ഥലം വാങ്ങുകയും സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയുമുണ്ടായി. ഈ വേളയിലാണ് വാപ്പിച്ചിയെ ഒരു പത്രം തുടങ്ങുന്നതിനുള്ള ഉത്തരവാദിത്വം പ്രസ്ഥാനം ഏല്‍പ്പിച്ചതായും, കോളേജ് ജോലിയും പത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഒരേസമയം കൊണ്ടു നടത്തുക പ്രയാസമാണെന്നും കോളേജില്‍നിന്നും ലീവ് എടുക്കുകയാണെന്നും വീട്ടില്‍ അറിയിച്ചത്. അധികം വൈകാതെ വാപ്പിച്ചി കോളേജ് അധ്യാപകന്റെ ജോലിയില്‍നിന്നും ലീവ് എടുത്തു. മുഴുസമയവും മാധ്യമത്തിന്റെ പിറവിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
ഫണ്ടിന്റെ ഏകീകരണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരളത്തിലങ്ങോളമിങ്ങോളം വാപ്പിച്ചി ബസ്സിലാണ് യാത്ര ചെയ്തിരുന്നത്. നിരന്തര യാത്രകള്‍ വേണ്ടിവന്നതിനാല്‍ വാപ്പിച്ചിക്ക് യാത്ര ചെയ്യുന്നതിനായി സ്ഥാപനം ഒരു വാഹനം വാങ്ങുകയുണ്ടായി. മാരുതി സുസുക്കിയുടെ ഹൈ റൂഫ് ഓംനിയായിരുന്നു (KED 7393)) മാധ്യമത്തിന്റെ ആദ്യ വാഹനം. രാവിലെ വെള്ളിമാടുകുന്നില്‍നിന്നും വരുന്ന വണ്ടിയില്‍ സ്ഥാപനത്തിലേക്ക് ഡ്രൈവറെ കൂടാതെ വാപ്പിച്ചി മാത്രമായിരുന്നു കുറേ കാലം യാത്രക്കാരനായി ഉണ്ടായിരുന്നത്. പിന്നീട് മാധ്യമം പിറവിയെടുത്ത ശേഷം ഒ. അബ്ദുല്ല സാഹിബും ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബും വെള്ളിമാടുകുന്നിലേക്ക് വാപ്പിച്ചിയെ പോലെ സ്ഥിരം യാത്രികരായിത്തീര്‍ന്നു.
1987 ജൂണ്‍ ഒന്നിന് മാധ്യമം പിറവി കൊണ്ടു. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ മുന്‍ഭാഗത്തായി കെട്ടിയുണ്ടാക്കിയ പന്തലില്‍ കുല്‍ദീപ് നയാറുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയുമൊക്കെ ചാരത്ത് പുതുമണവാട്ടിയെ വീട്ടില്‍നിന്ന് ഇറക്കുന്നതിന്റെ സന്തോഷത്തോടെ ഓടിനടന്ന ഗൃഹനാഥന്റെ റോളില്‍ വാപ്പിച്ചിയെ കണ്ടത് ഓര്‍മകളില്‍ പുനര്‍ജനിക്കുന്നു.
മാധ്യമം പ്രസിദ്ധീകരണം ആരംഭിച്ച ശേഷം വാപ്പിച്ചിയുടെ ജോലിഭാരം കൂടുകയായിരുന്നു. സ്ഥാപനത്തിന്റെ പ്രാരാബ്ദങ്ങളും പ്രയാസങ്ങളും സ്ഥിരചിത്തതയോടെ നേരിട്ട് വിഭവ സമാഹരണത്തിനായി വാപ്പിച്ചി നാടു മുഴുവന്‍ നെട്ടോട്ടമോടുകയായിരുന്നു. 1990-ലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ കേരള അമീര്‍ ആയി വാപ്പിച്ചി നിയമിതനാകുന്നത്. അന്ന് വാപ്പിച്ചി കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം കോവൂര്‍ നൂറുല്‍ ഇസ്ലാം മസ്ജിദില്‍ ജുമുഅ ഖുത്വ്ബ നിര്‍വഹിക്കാറുണ്ടായിരുന്നു. കോവൂര്‍ പ്രദേശവാസികളുമായുള്ള ഈ ബന്ധമാണ് വാപ്പിച്ചിയുടെ യാത്രാസൗകര്യം കൂടി പരിഗണിച്ച് കോഴിക്കോട് കോവൂരിലേക്ക് താമസം മാറാന്‍ കാരണമായത്. പി.പി കുഞ്ഞിമൂസ സാഹിബിനാണ് അവിടെ ഞങ്ങള്‍ക്ക് വാടക വീട് തരാനുള്ള അവസരമുണ്ടായത്. ഏറെ വൈകാതെ കോവൂരില്‍ സ്ഥലം വാങ്ങുകയും 1993-ല്‍ സ്വന്തമായി വീടു വെച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.
2005 ഏപ്രിലില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെ താമസം ദല്‍ഹിയിലേക്ക് മാറുകയും 2013-ല്‍ അസുഖബാധിതനായി തിരിച്ചെത്തും വരെ അവിടെ തുടരുകയും ചെയ്തു. 2021 ഏപ്രില്‍ ആറിന് ഉച്ചക്ക് 12.35-ന് ആ യുഗം അവസാനിച്ചു. നാഥന്‍ വാഗ്ദത്തം ചെയ്ത ആരാമത്തില്‍ വാപ്പിച്ചിയെയും നമ്മെ എല്ലാവരെയും പുനഃസമാഗമത്തിന് അവസരം തന്ന് അനുഗ്രഹിക്കട്ടെ.
---------------------------------------------------------------------------------------------------------
ചുടുചുംബനത്തിന്റെ ഓര്‍മയില്‍
സിദ്ദീഖ് ഹസന്‍ സാഹിബിന്റെ മകന്‍ ഷറഫുദ്ദീന്‍ കടമ്പോട്ടിന്റെ ഓര്‍മയില്‍ നിന്ന്
വാപ്പിച്ചി വിട്ടുപോയിട്ട് ഏതാനും ദിവസങ്ങളാകുന്നേ ഉള്ളൂ. അതിനിടയിലാണ് വാപ്പിച്ചിയുടെ ഓര്‍മകള്‍ എഴുതണമെന്ന് ആവശ്യപ്പെട്ട് ആരാമത്തില്‍നിന്ന് വിളി വരുന്നത്. സുഹൃത്തുക്കളും പരിചയക്കാരും അദ്ദേഹത്തെ കേട്ടവരും കണ്ടവരും പ്രസ്ഥാനപ്രവര്‍ത്തകരുമായി വാപ്പിച്ചിയെ അനുഭവിച്ചവര്‍ ഞങ്ങളെ ആശ്വസിപ്പിക്കാന്‍ വീട്ടില്‍ വന്നുകൊണ്ടേയിരിക്കുന്നതിനാല്‍ ഓര്‍മകളെ ക്രമമായി അടുക്കിവെക്കാന്‍ ആവുന്നില്ല. നിത്യേനയെത്തുന്ന സന്ദര്‍ശകരില്‍ പലരും അവരുടെ ഓര്‍മകളെ ഞങ്ങളിലേക്ക് ചേര്‍ത്തുവെക്കുന്നുണ്ട്.
പത്താംക്ലാസ് കഴിഞ്ഞ് വെക്കേഷന്‍ കാലത്ത് ഒരു ദിവസം ഞങ്ങളോട് വാപ്പിച്ചി പറഞ്ഞു; 'മക്കളേ നിങ്ങള്‍ക്ക് തരാന്‍ എന്റെ കൈയില്‍ വലിയ സമ്പാദ്യമൊന്നും ഇല്ല. നിങ്ങള്‍ അങ്ങനെ ഒന്ന് പ്രതീക്ഷിക്കുകയും ചെയ്യരുത്. എന്നാല്‍ എത്രത്തോളം പഠിച്ചു ഉയര്‍ന്നുപോകാന്‍ സാധിക്കുമോ അത്രത്തോളം ഉയരത്തില്‍ പോകാന്‍ എനിക്ക് ആവുന്നതെല്ലാം അല്ലാഹു സഹായിച്ചാല്‍ ചെയ്യാം, എന്റെ കൈയില്‍ നിങ്ങള്‍ക്ക് തരാന്‍ കഴിയുന്നത് വിലപിടിപ്പുള്ള ഈ സന്മാര്‍ഗവും എന്റെ സൗഹൃദങ്ങളുമാണ്.' ഇതു രണ്ടും തന്നെയാണ് ജീവിതത്തിന് വെളിച്ചമായി വാപ്പിച്ചി ഞങ്ങള്‍ക്ക് നല്‍കിയതും. തിരക്കേറിയ ജീവിതത്തിനിടയില്‍ ഞങ്ങളെ ശ്രദ്ധിക്കുന്നതിലും ആവശ്യങ്ങള്‍ നിറവേറ്റിത്തരുന്നതിലും വാപ്പിച്ചി വളരെ ശ്രദ്ധിച്ചിരുന്നു. സന്ദര്‍ശകരെ കാണുന്നതിനും വായനക്കും മാറ്റിവെക്കുന്നതിനിടയിലാണ് ഞങ്ങള്‍ക്ക് അല്‍പം സമയം വാപ്പിച്ചിയോടൊത്ത് പങ്കിടാന്‍ ലഭിക്കാറുള്ളത്. ഞങ്ങളോടൊത്തുള്ള ദിവസങ്ങളിലെല്ലാം ഞങ്ങളെ നേരത്തേ വിളിച്ചുണര്‍ത്തി പള്ളിയില്‍ പോവും. സമയമുള്ള ദിവസങ്ങളാണെങ്കില്‍ നടക്കാന്‍ പോവും. തിരിച്ചുവന്ന് യോഗാസനം. ഞങ്ങള്‍ക്കെല്ലാം യോഗ പഠിപ്പിച്ചുതന്നിട്ടുണ്ട്. ഒട്ടേറെ തിരക്കുകള്‍ക്കിടയിലും കുടുംബനാഥന്റെ റോളില്‍നിന്ന് മാറിനിന്നിട്ടില്ല. വീട് വൃത്തിയാക്കി വെക്കുന്നതിലും വീട്ടിലേക്ക് വേണ്ടവ വാങ്ങുന്നതിലും വാപ്പിച്ചി ഏറെ ശ്രദ്ധിച്ചിരുന്നു. പലപ്പോഴും രാവിലെ ഓഫീസില്‍നിന്ന് വിളിക്കാന്‍ വരുന്ന ഡ്രൈവര്‍ക്ക് ചായകൊടുത്ത് വീട്ടില്‍ ഇരുത്തി 'ഇപ്പോള്‍ വരാം' എന്നു പറഞ്ഞ് അങ്ങാടിയിലേക്ക് പോയി വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന ശേഷമാണ് ഓഫീസിലേക്ക് ഇറങ്ങുക.
ദല്‍ഹിക്ക് പോകുംമുമ്പ് വാപ്പിച്ചി എല്ലാവരെയും ചുറ്റും ചേര്‍ത്തിരുത്തി സംസാരിക്കും. കൂടുതലും ഞങ്ങള്‍ പറയുന്നത് കേള്‍ക്കുകയാണ് പതിവ്. അത് ഇങ്ങനെയാണ്: ഒരു ആമുഖത്തോടെയാണ് തുടക്കം. ദൈവസ്മരണയും സൂക്ഷ്മതയുമാണ് ആ പറച്ചിലിന്റെ ഉള്ളക്കം. ശേഷം ഓരോരുത്തരുടെയും വ്യക്തിപരമായ വിശേഷങ്ങള്‍ ചോദിച്ചറിയും. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍നിന്ന് തിരിച്ചുവരുമ്പോള്‍ ഞങ്ങള്‍ ഓരോരുത്തരോടായി അവിടത്തെ പഠനകാര്യങ്ങള്‍, അധ്യാപകര്‍, ഭക്ഷണം, ആരോഗ്യം തുടങ്ങി എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായി ചോദിച്ചു മനസ്സിലാക്കുമായിരുന്നു. വീട്ടില്‍ എടുക്കുന്ന എല്ലാ സുപ്രധാന തീരുമാനങ്ങളും ഞങ്ങളുടെ കൂടി അഭിപ്രായം ചോദിച്ചറിയും.
നാട്ടിലേക്കുള്ള (കൊടുങ്ങല്ലൂര്‍ / എറണാകുളം) യാത്രകളാണ് ഞങ്ങള്‍ ഒരുമിച്ചുള്ള പതിവ് 'ടൂറുകള്‍'. നാട്ടില്‍ ബന്ധുക്കളുടെ വിവാഹം, മരണം, അല്ലെങ്കില്‍ വെക്കേഷനുകളിലുള്ള നാട്ടില്‍പോക്ക്... അതെല്ലാമൊരു അനുഭവമാണ്. ഒട്ടുമിക്ക ബന്ധുവീടുകളിലും പോവും. പ്രായമുള്ളവര്‍, രോഗികള്‍, മരണവീടുകള്‍ എല്ലാം ഞങ്ങളെയും കൂട്ടി കയറി ഇറങ്ങിയേ തിരച്ചുവരികയുള്ളൂ. സുഹൃത്തുക്കളെയും സഹപാഠികളെയും പ്രവര്‍ത്തകരെയും കൃത്യമായി ഓര്‍ത്തെടുത്ത് അവരുടെ വിശേഷങ്ങളും സാമ്പത്തിക വിവരങ്ങളും ആരോഗ്യനിലയും എല്ലാം അന്വേഷിച്ചും വേണ്ടതു ചെയ്തുമാണ് നാട്ടില്‍നിന്നും തിരിച്ചുപോരുന്നത്. കൊച്ചു കുട്ടികളോട് കുശലം ചോദിക്കുന്ന കാര്യത്തില്‍ പോലും വാപ്പിച്ചി ഒരു പിശുക്കും കാണിച്ചിരുന്നില്ല.
ഞങ്ങളുടെ ദീര്‍ഘയാത്രകളില്‍ വായനാ സമയം കഴിഞ്ഞാല്‍ ഖുര്‍ആന്‍ കാസറ്റുകള്‍ വെച്ച് കണ്ണടച്ച് കേട്ടിരിക്കുന്നത് വാപ്പിച്ചിക്ക് പതിവായിരുന്നു. അതിനിടയില്‍ ഞങ്ങളുടെ അനാവശ്യ കോലാഹലങ്ങള്‍ ഇഷ്ടമല്ല, എങ്കിലും സഹികെട്ടാലേ ഒന്ന് ഓര്‍മപ്പെടുത്തൂ. 'ഞാന്‍ ഇത് ഓഫാക്കിക്കോട്ടേ' - അത്ര മാത്രം. അതോടൊപ്പം ഇടക്ക് ഞങ്ങളോട് പാട്ട് കേള്‍ക്കണോ എന്ന് ചോദിച്ച് പാട്ടുകള്‍ വെച്ചു തരും. ഹിന്ദിയിലുള്ള പാട്ടുകളാണെങ്കില്‍ അര്‍ഥം ചോദിക്കുമ്പോള്‍ പറഞ്ഞുതരും. കുട്ടികളായതുകൊണ്ടു തന്നെ വഴിയോരക്കാഴ്ചകളിലെ കൗതുകങ്ങള്‍ ഞങ്ങള്‍ക്കെപ്പോഴും സംശയത്തിനുള്ള വകയുണ്ടാക്കും. ഞങ്ങളുടെ നിസ്സാരമായ സംശയങ്ങള്‍ക്കുപോലും കൃത്യവും വ്യക്തവുമായ ഉത്തരങ്ങള്‍ വാപ്പിച്ചിയുടെ കൈയിലുണ്ടാവും. ഞങ്ങളുടെ സംശയങ്ങള്‍ തീര്‍ത്തുതന്നിട്ടേ പുസ്തകത്തിലേക്ക് ശ്രദ്ധിക്കൂ. കണ്ടുമുട്ടുന്ന അതിഥികള്‍ക്ക് ഞങ്ങളെ പരിചയപ്പെടുത്തുന്നതില്‍ വാപ്പിച്ചി ഒരിക്കലും പിശുക്ക് കാട്ടിയിരുന്നില്ല. ദല്‍ഹിയിലേക്കും മൈസൂരിലേക്കുമെല്ലാം വാപ്പിച്ചിയോടൊപ്പം യാത്ര പോയിട്ടുണ്ട്.
ദല്‍ഹിയില്‍നിന്ന് രോഗബാധിതനായി തിരിച്ചുവന്ന നാളുകളില്‍ ഒരു ദിവസം ഞങ്ങളെ എല്ലാവരെയും വിളിച്ചുചേര്‍ത്ത് വാപ്പിച്ചി പറഞ്ഞു: 'എന്റെ ജീവിതത്തിരക്കുകള്‍ക്കിടയില്‍ വേണ്ടത്ര നിങ്ങളോട് നീതിപുലര്‍ത്താന്‍ സാധിച്ചിട്ടില്ല, നിങ്ങളോടൊപ്പം ആഗ്രഹിച്ചിരുന്നതു പോലെ സസന്തോഷം ചെലവഴിക്കാന്‍ എന്റെ സമയം അനുവദിച്ചില്ല. നിങ്ങളോരോരുത്തരോടും ഹൃദയത്തില്‍നിന്ന് ഞാന്‍ മാപ്പു ചോദിക്കുന്നു.' ആ വാക്കുകള്‍ ഞങ്ങളുടെ കണ്ണുകളെ നനയിച്ചു.
വാപ്പിച്ചിയുടെ തിരക്കുകള്‍ ഞങ്ങളുടെ സന്തോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നില്ല എന്നുറപ്പുവരുത്താന്‍ വാപ്പിച്ചി ഏറെ പണിപ്പെടുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഒരിക്കല്‍ കോഴിക്കോട്ടുനിന്നും ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ കൂടെ തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഞാനും സഹയാത്രികനായി ഉണ്ടായിരുന്നു. ആലുവയിലെ കുട്ടമശ്ശേരി ബോര്‍ഡിങ് സ്‌കൂളിലേക്കുള്ള യാത്രയായിരുന്നു അത്. ആലുവ റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിനുമുമ്പ് സംസാരത്തിനിടയില്‍ എന്നോട് ഭാവിയെ കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ഓര്‍മിപ്പിച്ച് 'നന്നായി പഠിക്കൂ' എന്നു പറഞ്ഞ് എന്റെ നെറ്റിയില്‍ തന്ന ഒരു ചുംബനച്ചൂട് ആറാതെ ഇപ്പോഴും അവിടെ കിടപ്പുണ്ട്.
ചേന്ദമംഗല്ലൂരില്‍നിന്ന് കോവൂരിലെ കുഞ്ഞിമൂസാ സാഹിബിന്റെ വാടക വീട്ടിലേക്ക് താമസം മാറിയ നാളില്‍ കേരളത്തിലെ ഒരു മുന്‍മന്ത്രിയും പരിവാരങ്ങളും ചേര്‍ന്ന് വാപ്പിച്ചിയെ കാണാന്‍ വീട്ടിലേക്ക് കയറിവന്നു. ഒരു കള്ളി മുണ്ടും തുള വീണ ബനിയനുമിട്ട് കുറ്റിച്ചൂലുകൊണ്ട് മുറ്റത്തെ മാവില്‍നിന്ന് വീണ കരിയിലകള്‍ അടിച്ചുവാരുകയായിരുന്നു വാപ്പിച്ചി. അവരെ കണ്ടപാടെ അകത്തേക്ക് കയറി ഇരിക്കാന്‍ പറഞ്ഞു, ഇതൊന്ന് പൂര്‍ത്തിയാക്കി ഇതാ വരുന്നു എന്നു പറഞ്ഞ് ഉടന്‍ ചെയ്തുകൊണ്ടിരുന്ന പണി പൂര്‍ത്തിയാക്കി, ചൂല് മാറ്റിവെച്ച് അവരോടൊപ്പം ചെന്നിരുന്നു. കുടംബനാഥന്‍ എന്ന നിലക്ക് വാപ്പിച്ചി ഉത്തരവാദിത്വങ്ങളില്‍നിന്നും മാറി നിന്നില്ലായെന്നതിന്റെ ചെറിയ ചെറിയ ഉദാഹരണങ്ങള്‍ എത്രയോ മുന്നിലുണ്ട്. ആദ്യ കാലങ്ങളില്‍ തിരക്ക് മൂലം കൂടുതല്‍ സമ്പര്‍ക്കം സാധ്യമായിരുന്നില്ലെങ്കിലും ദല്‍ഹിയില്‍നിന്ന് തിരികെ വന്നതില്‍ പിന്നെ ഏതാണ്ട് ഒന്‍പതു വര്‍ഷത്തോളം കൂടെ നില്‍ക്കാനും യാത്രകള്‍ ചെയ്യാനും പരിചരിക്കാനും ഞങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചു.
ഞങ്ങളുടെ വീടിനു മുന്നില്‍ എന്നും കായ്ച്ചുകൊണ്ടിരിക്കുന്ന ഒരു മാവുണ്ട്. ചെടികളോടും മരങ്ങളോടും പൊതുവെ ഇഷ്ടമുള്ള, കൃഷികളും പൂന്തോട്ടവും ഏറെ ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത വാപ്പിച്ചി മൂഴിക്കലിലെ എം.എ അഹ്മദ് കുട്ടി സാഹിബിന്റെ വീട്ടില്‍നിന്ന് കൊണ്ടുവന്ന ഒട്ടുമാവ് തൈ ആണ് ഇന്ന് കോവൂര്‍ മുറ്റത്തെ ആ പന്തലിച്ചു നില്‍ക്കുന്ന മാവ്. എല്ലാ വര്‍ഷവും ആ മാവ് ന്നന്നായി കായ്ക്കുന്നു. എത്രയോ അയല്‍പക്കങ്ങളിലേക്കും ബന്ധങ്ങളിലേക്കും സൗഹൃദങ്ങളിലേക്കും ആ മാവിലെ മധുരം വാപ്പിച്ചി സ്നേഹത്തോടെ പകര്‍ന്നിട്ടുണ്ട്. ആ സ്‌നേഹത്തിന്റെയും കരുതലിന്റെയും മധുരം അനുഭവിക്കാനായവരുടെയും കേട്ടറിഞ്ഞവരുടെയും ഹൃദയങ്ങളിലും പ്രാര്‍ഥനകളിലും വാപ്പിച്ചി ഉണ്ട് എന്നറിയുന്നു, കൂടെ ഞങ്ങള്‍ കുടുംബാംഗങ്ങളെ കൂടി ചേര്‍ക്കണേ എന്നുകൂടി അപേക്ഷിക്കുന്നു.