കരുത്തുറ്റ മലയാളി ശബ്ദം
ആധികാരികമായ അവതരണം കൊണ്ടും കരുത്തുറ്റ ശബ്ദവും ഭാഷാ പ്രയോഗവും കൊണ്ടും യു.എ.ഇയിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതമായ വാര്‍ത്താ ശബ്ദമാണ് തന്‍സി ഹാശിര്‍.
ആധികാരികമായ അവതരണം കൊണ്ടും കരുത്തുറ്റ ശബ്ദവും ഭാഷാ പ്രയോഗവും കൊണ്ടും യു.എ.ഇയിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതമായ വാര്‍ത്താ ശബ്ദമാണ് തന്‍സി ഹാശിര്‍. യു.എ.ഇയിലെ മലയാള വാര്‍ത്താവതാരകരില്‍ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വം. വാര്‍ത്തകള്‍ക്കായി കാതോര്‍ക്കുന്ന ഗള്‍ഫിലെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ചെവികൊടുക്കുന്നത് റേഡിയോ എന്ന സംവിധാനത്തിനാണ്. മലയാള പത്രങ്ങളും ചാനലുകളും മരുഭൂമിയില്‍ എത്തിനോക്കും മുമ്പെ ഗള്‍ഫില്‍ സജീവ സാന്നിധ്യമായിരുന്ന റേഡിയോ ഇന്നും ഏറെ വ്യത്യസ്തതയോടെ നിലനില്‍ക്കുന്നത് ശ്രോതാക്കളുടെ ആഭിമുഖ്യം കൊണ്ടാണ്.
കൊല്ലം വിമല ഹൃദയ ഗേള്‍സ് ഹൈസ്‌കൂളിലെ പഠനകാലത്തു തന്നെ വാര്‍ത്തകളോട് ഏറെ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന തന്‍സി പല പരിപാടികളിലും വാര്‍ത്ത തയാറാക്കി അവതരിപ്പിക്കുമായിരുന്നു. പിന്നീട് കൊല്ലം എസ്.എന്‍. വനിതാ കോളേജില്‍നിന്ന് ബി.കോം ബിരുദം നേടി. കേരളത്തില്‍ വാര്‍ത്താ ചാനലുകള്‍ അധികമൊന്നും ആരംഭിച്ചിട്ടില്ലാത്ത തന്‍സിയുടെ കോളേജ് കാലഘട്ടത്തില്‍ തന്‍സിയുടെ വാര്‍ത്താവതരണത്തോടുള്ള ഇഷ്ടം മനസ്സിലാക്കിയ അധ്യാപകര്‍ ഈ മേഖലയില്‍ മുന്നേറണമെന്ന് നിര്‍ദേശിച്ചിരുന്നു. വിവാഹശേഷം 2001-ലാണ് ഭര്‍ത്താവിനോടൊപ്പം തന്‍സി യു.എ.ഇയിലെത്തുന്നത്. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ രണ്ടു കുട്ടികളും വളര്‍ന്നു വലുതായി സ്‌കൂളില്‍ പോകാന്‍ തുടങ്ങുന്ന കാലത്ത് ഭര്‍ത്താവ് ഹാശിറാണ് തന്‍സി അവതരിപ്പിച്ച് സൂക്ഷിച്ചുവെച്ചിരുന്ന ചില വാര്‍ത്തകളും കൂട്ടത്തില്‍ സി.വിയും അജ്മാനില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് 101.3 എഫ്.എമ്മിലേക്ക് അയക്കുന്നത്. 2011-ലാണ് തന്‍സി ഹാശിര്‍ ഗോള്‍ഡ് 101.3 എഫ്.എമ്മില്‍ എത്തുന്നത്. താല്‍ക്കാലിക ഒഴിവില്‍ അവസരം ലഭിച്ച തന്‍സിയുടെ മികച്ച പ്രകടനം കണ്ട് ജോലി സ്ഥിരപ്പെടുത്തുകയായിരുന്നു. അന്ന് ഗോള്‍ഡ് 101.3 എഫ്.എമ്മിലുണ്ടായിരുന്ന ന്യൂസ് ഹെഡ് ബിജു ആബേല്‍ ജേക്കബ് നല്‍കിയ പിന്തുണയാണ് ഈ മേഖലയില്‍ പിടിച്ചുനിര്‍ത്തിയത്. വാര്‍ത്താവതരണത്തോടുള്ള ആഭിമുഖ്യം മാത്രം പോരാ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ എന്ന് തിരിച്ചറിഞ്ഞ തന്‍സി പിന്നീടാണ് കേരള യൂനിവേഴ്‌സിറ്റിയില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ കരസ്ഥമാക്കിയത്.
വാര്‍ത്താവതാരക എന്നതിനേക്കാളുപരി യു.എ.ഇയിലെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമാണ് തന്‍സി. മലയാള സാംസ്‌കാരിക പരിപാടികള്‍ യു.എ.ഇയില്‍ അരങ്ങേറുമ്പോള്‍ വേദിയിലോ സദസ്സിലോ ഈ കരുത്തുറ്റ ശബ്ദം പ്രതീക്ഷിക്കാം. 2020 -ല്‍ കേരള നിയമസഭാ മന്ദിരത്തില്‍ നടന്ന രണ്ടാം ലോക കേരള സഭയില്‍ യു.എ.ഇയില്‍നിന്നുള്ള പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു തന്‍സി. സ്ത്രീകളടക്കമുള്ള പ്രവാസികളുടെ ശബ്ദം അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായിരുന്നു തനിക്ക് ലഭിച്ച അവസരം ഇവര്‍ ഉപയോഗപ്പെടുത്തിയത്. കോവിഡ് കാലത്ത് പ്രതിസന്ധിയില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിനായി യു.എ.ഇയില്‍ രൂപീകരിച്ച നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ടും സജീവമായിരുന്നു. കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനു വേണ്ടി ദുബൈയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഠീഴലവേലൃ ളീൃ ഗലൃമഹമ, ദുബൈയില്‍ നടന്ന ലോക കേരള സഭ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം, എന്‍.ആര്‍.കെ എമേര്‍ജിംഗ് എന്റര്‍പ്രണേഴ്സ് മീറ്റ് തുടങ്ങി കേരള സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വിവിധ പരിപാടികള്‍ അവതരിപ്പിക്കാനും തന്‍സിക്ക് അവസരം ലഭിച്ചിരുന്നു. യു.എ.ഇയില്‍ നിരവധി സാമൂഹിക-സാംസ്‌കാരിക പരിപാടികളില്‍ തന്‍സി നിറഞ്ഞുനില്‍ക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പുസ്തകമേളകളില്‍ ഒന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഗൗരവതരമായ സാഹിത്യ-സാംസ്‌കാരിക ചര്‍ച്ചകള്‍ നിയന്ത്രിക്കുന്നിടത്തും ഈ കരുത്തുറ്റ ശബ്ദം കേള്‍ക്കാം. യു.എ.ഇ എക്‌സ്‌ചേഞ്ച് -ചിരന്തന മാധ്യമപുരസ്‌കാരം, ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഇന്റര്‍നാഷ്‌നല്‍ വിമന്‍സ് എക്‌സലന്‍സ് അവാര്‍ഡ്, ഗ്രീന്‍ വോയ്‌സ് സ്‌നേഹപുരം പുരസ്‌കാരം, റാക് യുവകലാസാഹിതി പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകളും ഈ കൊല്ലം പള്ളിമുക്ക് സ്വദേശിനിയെ തേടിയെത്തിയിട്ടുണ്ട്. ഭര്‍ത്താവ് ഹാശിര്‍ കോയക്കുട്ടി ദുബൈയില്‍ എഞ്ചിനീയറാണ്. രണ്ട് പെണ്‍മക്കള്‍. മൂത്തമകള്‍ ലിയാന കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥിനിയാണ്. ഇളയ മകള്‍ തഹാനി ഷാര്‍ജ ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും.