മുപ്പത് വ്രതാനുഭൂതികള്‍ മുപ്പത് ഗീതങ്ങളില്‍ കേള്‍ക്കുമ്പോള്‍

പി.ടി കുഞ്ഞാലി No image

റമദാന്‍ ഒന്നുമുതല്‍ മുപ്പത് നാള്‍ വരെ നോമ്പിനെക്കുറിച്ച്  പി.ടി അബ്ദുര്‍റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഭാവഗീതങ്ങളെക്കുറിച്ച്......

മലയാളികളുടെ വ്രതകാല ഓര്‍മകള്‍ക്ക് എത്ര പഴക്കം കാണും? ഇസ്‌ലാം മലയാളത്തിന്റെ തെങ്ങോലപ്പീലികളില്‍ കുളിര്‍തെന്നലായി പാറിയെത്തിയ അന്നോളം പഴക്കമുണ്ടതിന്. അന്നേ തന്നെ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ നോമ്പനുഭൂതികളില്‍ പാട്ടും കവിതകളും സ്‌നിഗ്ധ സാന്ദ്രിമയായി കാണപ്പെടുന്നുണ്ട്.  
'പരിശുദ്ധ റംസാന്‍ പനിനീരലര്‍ വിരിഞ്ഞു, പരിമളത്തിന്റെ പുളകം പാരില്‍ നിറഞ്ഞു'
എന്ന് പാടിയത് പുന്നയൂര്‍ക്കുളം വി. ബാപ്പുവാണ്.  ഇങ്ങനെ ടി. ഉബൈദും മറ്റു നിരവധി കവികോകിലങ്ങളും പുണ്യ റമദാന്‍ കാലത്തെ നമ്മുടെ മുന്നില്‍ ഭാവതീവ്രതയോടെ അവതരിപ്പിച്ചിട്ടുണ്ട് . ഇതില്‍ എന്തുകൊണ്ടും സവിശേഷമായ രചനയാണ് കവി പി.ടി അബ്ദുര്‍റഹ്മാന്റെ വ്രതഗീതങ്ങള്‍. റമദാന്‍ ഒന്ന് തൊട്ട് മുപ്പത് ദിവസത്തെ പറ്റിയും ഓരോ ഭാവഗീതം. ഇങ്ങനെ മുപ്പത് പാട്ടുകള്‍. ഈ രീതിയിലാണ് കവി ഇത് ചിട്ടപ്പെടുത്തിയത്. റമദാനിലെ ഓരോ നോമ്പു ദിവസങ്ങള്‍ക്കും ഓരോ പത്തു നാളിന്റെ സര്‍ഗത്തിനും ഒരോരോ പ്രത്യേകതകള്‍ കല്‍പിക്കപ്പെടുന്നുണ്ടല്ലോ. ഇതൊക്കെയും പരിഗണിച്ച് അത്തരം തെളിഞ്ഞ ആശയബോധ്യത്തിലേക്ക് അനുവാചകരെ സമ്പൂര്‍ണമായി കൂട്ടിക്കൊണ്ടു പോവും വിധമാണ് പി.ടി തന്റെ ഗീതകങ്ങള്‍ ഓരോന്നും വിസ്തരിക്കുന്നത്.
'ശാന്തിസന്ദേശം വീശിയ മാസം, ശാരിക പാടിപ്പാറും സഹര്‍ഷം. 
അന്നിരുള്‍ ഗുഹയാം ഹിറയ്ക്കുള്ളില്‍, വന്നൊളി ജീബ്രീലിന്‍ സ്വരത്തില്‍' (ഇശല്‍: ഉരത്താര്‍) എന്നാണ് പരിശുദ്ധ റമദാനെ പി.ടി പരിചയപ്പെടുത്തുന്നതു തന്നെ. എന്നിട്ട് ഒന്നാം നോമ്പിന്റെ പെരുമകള്‍ പാടുകയാണ്;            
'ഒന്നാമത്തെ വ്രതം തുടങ്ങുന്നു, 
ഒന്നും ദുര്‍വിചാരങ്ങള്‍ വേണ്ടിന്ന്,
ഏകനള്ളാഹുവിന്‍ വേദവാക്യം, 
ഏകപ്പെട്ടിരിപ്പാണസ്സൗഭാഗ്യം'
(ഇശല്‍: ആമിനാ ബീവിക്കോമനമോനേ). 
എന്നിട്ട് സത്യവിശ്വാസികള്‍ സ്രഷ്ടാവിനെ മനസ്സില്‍ ഏറ്റെടുത്ത് റമദാന്റെ പൂവാടിയില്‍നിന്നും മുപ്പത് വര്‍ണസൂനങ്ങള്‍ ഇറുക്കുന്നു. അങ്ങനെ ലഭിക്കാന്‍ പോകുന്ന സ്വര്‍ഗത്തിന്റെ അപൂര്‍വ ഗന്ധം ഭൂമിയില്‍നിന്നുതന്നെ അനുഭവിക്കുന്നതായി കവി സങ്കല്‍പ്പിക്കുന്നു. രണ്ടാം വ്രതദിനത്തിന്റെ ആത്മീയവും ഭൗതികവുമായ അനുഭൂതികളാണ് രണ്ടാം ഗീതം പറയുന്നത്. ഒരു കൗതുകവും സാഹസവുമെന്ന നിലയില്‍ കൂടി ഒന്നാം റമദാനെ കാണുന്ന കവി രണ്ടാം വ്രതദിനത്തെ നിരീക്ഷിക്കുന്നത് വിശപ്പും ദാഹവും ദീര്‍ഘ യാഥാര്‍ഥ്യമായി ഏറ്റെടുക്കുന്ന സഹപ്രിയനായ ഒരടിമയുടെ നൈവേദ്യമായാണ്. 
കവിയുടെ കാഴ്ചയില്‍ ഓരോരോ ദിനങ്ങളിലെയും നോമ്പനുഭവം വൈവിധ്യമാര്‍ന്നതാണ്. അത് അവതരിപ്പിക്കുന്നതോ ഭാവനയുടെ അപൂര്‍വ ചാരുത മുറ്റിയ സങ്കല്‍പ്പനകളിലൂടെയും ബിംബപ്രകാരങ്ങളിലൂടെയും. കവിയിലെ നോമ്പുകാരന്‍ മൂന്നാം റമദാനില്‍ ഒരു കനവ് കാണുന്നു. പൂമ്പട്ടുടുത്ത ഒരു സ്വര്‍ഗീയ പക്ഷി പ്രതൃക്ഷനാവുന്നു. ആ അപൂര്‍വ കിളി ചുറ്റിയ വസ്ത്രാഞ്ചലം പതിനാല് നൂറ്റാണ്ടിനപ്പുറം ഒരു സൈകത സാനുവില്‍ വിടര്‍ന്ന മരാളനാരുകള്‍ കൊണ്ട് നെയ്‌തെടുത്തതാണ്. ആ വാരിളംകിളി മൂന്നാമത്തെ നോമ്പെടുത്ത് ഭക്തിസാന്ദ്രതയില്‍ അലിഞ്ഞ കവിയോട് ചോദിക്കുന്നു: 'താങ്കള്‍ക്ക് നോമ്പ് മുറിക്കാന്‍ ഞാന്‍ ഈത്തപ്പഴം കൊത്തിയെടുത്തു വരാം. കാരണം ഈ നോമ്പ് സ്വര്‍ഗത്തിലേക്കുള്ള രാജപാഥയാണ്.' ആ സഞ്ചാരത്തില്‍ അയാള്‍ കഴിക്കേണ്ടത് യാത്ര തുടങ്ങിയ ഭൂമിയിലെ വിഭവങ്ങളല്ല. മറിച്ച് നാളെ അയാള്‍ക്കെത്തിച്ചേരേണ്ട സ്വര്‍ഗത്തോപ്പിലെ വിശിഷ്ട ഭോജ്യങ്ങള്‍ തന്നെയാണ്. അതാണ് കവിയോട് കിളിമകള്‍ ചോദിക്കുന്നത്; ഞാന്‍ താങ്കള്‍ക്ക് സ്വര്‍ഗത്തിലെ ഈത്തപ്പഴം നിവേദിക്കട്ടേ എന്ന്. 
പി.ടി ആസകലം ഒരു കവിയാണ്. അതുകൊണ്ടുതന്നെ പി.ടിയുടെ കിളികള്‍ക്ക് ഭൂമിയില്‍നിന്ന് സ്വര്‍ഗത്തിലേക്കും തിരിച്ചും സഞ്ചാരസ്വാതന്ത്ര്യമുണ്ട്. 
അഞ്ചാം നാളത്തെ വ്രതം തീര്‍ത്ത് നോമ്പുകാരന്‍ നടത്തുന്നൊരു ആത്മഗതം കവി അവതരിപ്പിക്കുന്നത് അതീവഹൃദ്യമാര്‍ന്നൊരു ഭാവനാസന്ദര്‍ഭമാണ്: 
'മുപ്പതിതള്‍ വിരിഞ്ഞല്ലോ, 
ഇപ്പോളഞ്ചും കൊഴിഞ്ഞല്ലോ.
ബാക്കിയിരുപത്തഞ്ചല്ലോ, 
നോക്കി നില്‍ക്കേയുതിരില്ലേ' 
(ഇശല്‍: പോലെ നടപ്പ് ശീലമില്‍). 
പിന്നീട് ഓരോ വ്രതദിനവും അത്യന്തം ഹൃദ്യമായ ഭാവുകത്വത്തോടെയാണ് പി.ടി രചനയില്‍ കണ്ടെടുക്കുന്നത്. നോമ്പെടുത്ത് പരിക്ഷീണിതനാവുന്ന വിശ്വാസിയെ ഏറെ പ്രതീക്ഷയോടെയാണ് കവി ഏറ്റെടുക്കുന്നത്. ഓരോ നോമ്പുകാരനും കവിഭാവനയില്‍ കൂമ്പി നില്‍ക്കുന്ന മലര്‍മൊട്ടുകളാണ്. അതൊക്കെയും നാളെ സ്വര്‍ഗത്തില്‍ വിരിയേണ്ട കനകസൂനങ്ങളാണ്. നോമ്പുകാര്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ മഴവില്ലു കൊണ്ടൊരു ഊഞ്ഞാലിടുന്നുണ്ട് കവി. 
അങ്ങനെ സങ്കല്‍പിക്കുമ്പോള്‍ കവി ചെയ്യാന്‍ ശ്രമിക്കുന്നത് നോമ്പിനെയും നോമ്പുകാരനെയും അറേബ്യന്‍ പരിവൃത്തങ്ങളില്‍നിന്നും അടര്‍ത്തി കേരളീയമായ പ്രകൃതിപ്രതിഭാസങ്ങളോട് സമീകരിക്കാന്‍ ബോധപൂര്‍വം ഉത്സാഹിക്കുകയാണ്. ഇതൊരു ഹൃദ്യമായ വായനാ സന്ദര്‍ഭമാണ്. 
വ്രതത്തെ പി.ടി നിരീക്ഷിക്കുന്നത് സഞ്ചാര മാര്‍ഗമായാണ്. മുപ്പത് നോമ്പും യഥോചിതം അറുതിയാക്കുമ്പോള്‍ അയാള്‍ സ്വര്‍ഗത്തിലെത്തും. ഭൂമിയിലെ പാപപങ്കിലതകളില്‍നിന്നും സുരലോകത്തിലേക്കുള്ള വഴിദൂരം മുപ്പത് വ്രതദിനങ്ങളുടെ ദൂരമാണ്. ഓരോ ദിനവും പൂര്‍ത്തിയാകുമ്പോള്‍ ആ വഴിദൂരം പയ്യേ കുറഞ്ഞുവരും. ഏഴാം നോമ്പോടെ വഴിയില്‍ കാല്‍ ഭാഗം വിശ്വാസി താണ്ടിത്തീര്‍ത്തു. അപ്പുറത്ത് സ്വര്‍ഗം നമ്മെ കാത്തിരിക്കുന്നു. നിര്‍ഭയത്വത്തിന്റെ, സമൃദ്ധിയുടെ, ഹര്‍ഷോന്മാദത്തിന്റെ സ്വര്‍ഗം. ആ സ്വര്‍ഗീയാനുഭൂതിയുടെ ഭൂമിയിലെ ആവിഷ്‌കാരമായി പെരുന്നാളിനെ കാണാം: 
'അപ്പാതയുടെയറ്റത്തു റങ്കില്‍, 
നില്‍പൂ നിന്നുടെ ജന്നത്ത്!' 
(ഇശല്‍: ചൊന്നാളെ).
വിശുദ്ധ വ്രതകാലം പത്തിലെത്തുന്നു. മൂന്നിലൊന്ന് സമാപനമാകുന്ന സുദിനം. അന്നത്തെ പാട്ട് സത്യമായും ഒരു പ്രാഥനയായാണ് കവി അവതരിപ്പിക്കുന്നത്:
'പത്തു നോമ്പെടുത്തു ഞങ്ങള്‍ 
തൃപ്തരായ് നില്‍ക്കുന്നു. 
പങ്കുകാരില്ലാത്ത പടച്ചോനെ 
വാഴ്ത്തുന്നു. ദുഃഖഭാരം നീക്കി 
നീ സൗഖൃത്തിലേയ്ക്കെത്തിക്ക്,
ദുഃസ്ഥിതികള്‍ മാറ്റി 
റബ്ബേ സൗഭഗം തെളിക്ക്
(ഇശല്‍: താമരപ്പൂങ്കാവനത്തില്‍).
പ്രകൃതിയില്‍ കണ്ടുമുട്ടുന്ന സര്‍വ ദൈവിക സൗന്ദര്യങ്ങളോടും കവി വ്രതത്തിന്റെ സൗരഭ്യത്തെ സമീകരിക്കുന്നുണ്ട്. പൂക്കളോട്, തരുക്കളോട്, ചിത്രശലഭങ്ങളോട്, കളകളാരവം പാടുന്ന തണ്ണീര്‍ ചോലകളോട്, വേലിപ്പടര്‍പ്പുകളില്‍ ചിരിച്ചുണരുന്ന പച്ചിലച്ചാര്‍ത്തുകളോട്. ഇവയൊക്കെയും വ്രതമാഹാത്മ്യത്തെപ്രതി കവിയോട് മറുപടിയും പറയുന്നുണ്ട്. പാട്ടുകളിലെ ഈ വിനിമയ ദൃശ്യങ്ങള്‍ അതീവ സുന്ദരമാണ്. നോമ്പ് പാതിയാകുന്നതോടെ കവി ഏറെ സങ്കടത്തിലാകുന്നതു കാണാം:
'പകുതിയായ് ത്തീര്‍ന്നു നോമ്പിത്,
പതിനഞ്ചല്ലേ തുറപ്പത്. 
ഇനിയെത വേഗം തീര്‍ന്നിട്ടും,
ഇശല്‍ പാടിപ്പക്ഷി കേണിടും
(ഇശല്‍: പോലെ നടപ്പ്).
റമദാന്‍ പതിനേഴ് പി.ടി പാടിപ്പോകുന്നത് ഏറെ വികാരതരളിതനായാണ്. അത് സ്വാഭാവികം. വിശ്വാസ സംരക്ഷണത്തിനായി ഒരു ജനതയപ്പാടെ തങ്ങളുടെ സമസ്ത സ്ഥാവര ജംഗമങ്ങളും നിര്‍ദയം പിന്നിലുപേക്ഷിച്ച് പിറന്ന മണ്ണില്‍നിന്നും നിസ്സഹായരും നിസ്വരുമായി മറ്റൊരു വിദൂരദേശത്തിലേക്ക് പലായനം പോകുന്നു. അവിടെ ജീവിതം മുളപ്പിക്കാന്‍ പരിശ്രമിക്കുമ്പോള്‍ ശത്രുക്കള്‍ ഇവിടെയും ഇവരെ തുരത്താനെത്തുന്നു. ആ ഒരു സന്ദിഗ്ധ സന്ദര്‍ഭത്തില്‍ സാധുജനം തങ്ങളെ സംരക്ഷിക്കാന്‍ പടക്കിറങ്ങുന്നു. ആ മഹത്തായ പടദിനമാണ് റമദാന്‍ പതിനേഴ്. അതനുസ്മരിച്ചപ്പോള്‍ കവി അറിയാതെ വിതുമ്പിപ്പോയതില്‍ പരിഭവം പറയുന്നതില്‍ അര്‍ഥമില്ല: 
'പതിനേഴിന്റെ വരമ്പത്ത് ഇന്ന്, 
പടച്ചോന്‍ തന്ന റഹ്മത്ത്.
വിശ്വാസത്തിന്‍ വിജയത്തെ  ഇന്ന്, 
വിശ്വം വാഴ്ത്തുന്നൊരങ്കത്തെ' 
(ഇശല്‍: ചൊന്നാളെ).  
തുടര്‍ന്ന് ബദ്ര്‍ ദിനങ്ങളെ മനോഹരങ്ങളായ സൂചകങ്ങളിലൂടെ കവി കണ്ടു കണ്ടു പോകുന്നു. നാവുണങ്ങുന്ന പകലിലും രാവെരിഞ്ഞടങ്ങുന്ന സ്‌നിഗ്ധ യാമങ്ങളിലും ജീവിത മോക്ഷത്തിനായി നിരന്തരം പ്രാര്‍ഥിക്കുന്ന വിശ്വാസികളുടെ വിനീത സാന്നിധ്യമാണീ പാട്ടിലൊക്കെയും കവി പേര്‍ത്തും പേര്‍ത്തും തെരഞ്ഞുപോകുന്നത്:
'നോവും വിശപ്പും നിനവും 
പ്രതീക്ഷയും, വേവും മനസ്സും 
കിനാവുമായി - ഞങ്ങള്‍, 
തൂവും മിഴിനീരിതെന്തിനായി'
(ഇശല്‍: ഒയ്യേ എനിക്കുണ്ട്).
ഇരുപത്തി ഒന്നാമത്തെ നോമ്പ് കവി അവതരിപ്പിക്കുന്നത് ഇഅ്തികാഫിന്റെ വിശുദ്ധിയെ ഉണര്‍ത്തിക്കൊണ്ടാണ്. പുണ്യകര്‍മങ്ങളില്‍ മാത്രം മുഴുകി ജീവിക്കുന്ന ഒരു നൂറ്റാണ്ടിലെ സുകൃതം ഒരൊറ്റ രാത്രി കൊണ്ട് വിശ്വാസിക്ക് സ്വന്തപ്പെടുത്താന്‍ ഉതകുന്ന അനുഷ്ഠാനമാണല്ലോ ഇഅ്തികാഫ്. ഈ സൂകൃത സന്ദര്‍ഭത്തെ പാട്ടിലൂടെ കവി ഇവിടെ കണ്ടെടുക്കുന്നു. ജീവിതമാകുന്ന മരുപ്പറമ്പിലൂടെ സ്വര്‍ഗമെന്ന ശാദ്വലതയും തേടി വിമലകര്‍മങ്ങളുടെ ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന വിശ്വാസിയെയാണ് ഇവിടെ കവി അവതരിപ്പിരുന്നത്. 
'നേരിലേയ്ക്കു നയിക്കേണം
ഞങ്ങള്‍, നേട്ടത്തില്‍ച്ചെന്നടുക്കേണം, 
നേരെ നേരെ നടത്തേണം ഞങ്ങള്‍,
നാഥാ നിന്നില്‍ വന്നെത്തേണം'
(ഇശല്‍: പൊന്നാളെ).
ഇതാണ് റമദാന്‍ ഇരുപത്തി ഏഴില്‍ കവി പ്രാര്‍ഥിക്കുന്നത്. വ്രതകാലത്തേടെ നാം തടവിലാക്കിയ ഉള്ളിലെ പിശാചിനെ എന്നേക്കുമായി തുരത്തിയോടിക്കാന്‍ ഉതവി കിട്ടാന്‍ കൂടിയാണ് ഇരുപത്തി എട്ടിലെയും ഇരുപത്തി ഒമ്പതിലെയും വ്രതദിനരാത്രങ്ങളില്‍ കവി പ്രാര്‍ഥിക്കുന്നത്. മുപ്പതാം നോമ്പ് ദിനം കവിക്ക് നല്‍കുന്നത് ഒരേ സമയം ആഹ്ലാദവും ഒപ്പം ദുഃഖസാന്ദ്രിമയുമാണ്. ഇത്രയും പുണ്യ പൂര്‍ണമായ ദിനങ്ങള്‍ കഴിഞ്ഞു തീര്‍ന്നു പോകുന്നതാണ് സങ്കടങ്ങളില്‍ ഒന്ന്. റമദാന് ശേഷം ഇത് പോലെ വിമല കര്‍മങ്ങള്‍ കൊണ്ട് തേച്ചുമിനുക്കാന്‍ സാധ്യമാകുമോ എന്ന ആകുലതയാണ് സങ്കടങ്ങളില്‍ മറ്റൊന്ന്. ചെയ്ത തീര്‍ത്ത കര്‍മസാക്ഷ്യങ്ങളൊക്കെയും നാഥന്‍ സ്വീകരിച്ചു തൃപ്തനാകുമോ എന്ന മറ്റൊരാശങ്ക. ഇതൊക്കെയും കവിയുടെ സങ്കടങ്ങളാണ്. എന്നാല്‍ സന്തോഷമോ, മുപ്പത് നോമ്പും പ്രമാണവിധിപ്രകാരം ആചരിച്ച് നാളെ പെരുന്നാളാഘോഷിക്കാന്‍ ഞാന്‍ അല്ലാഹുവിന്റെ ഭൂമിയില്‍ ജീവിച്ചിരിക്കുന്നുവല്ലോ എന്നതും. 
'പട്ടിണിയില്‍ ചുട്ടെടുത്ത നോവുകള്‍
ഭുജിച്ചു, പങ്കുകാരില്ലാത്ത റബ്ബിന്നാ
യവര്‍ നമിച്ചു. ഞങ്ങളുടെയീ 
വിളിക്കും നീ ഫലം തരേണം, 
ഞങ്ങളെ പടച്ചവനനുഗ്രഹിച്ചീടേണം'
(ഇശല്‍: താമര പൂങ്കാവനം). 
ഇങ്ങനെ കവി പറയാന്‍ വെമ്പുന്നത് ഈ സന്തോഷത്തിന്റെയും സന്താപത്തിന്റെയും സംഗമസന്ധ്യയില്‍ നിന്നാണ്. 
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റമദാന്‍ കാലത്താണ് പി.ടി അബ്ദുര്‍റഹ്മാന്‍ തന്റെ ഈ വ്രതഗീതം എഴുതിത്തീര്‍ത്തത്. ചന്ദ്രിക ദിനപത്രത്തിലൂടെ ഒരു ദിവസം ഒന്നെന്ന വിധം ഇത് അനുവാചക ലോകത്തെത്തുകയും ചെയ്തു. അന്നേ മലയാളി മുസ്‌ലിം ആശ്ലേഷിച്ചതാണീ പാട്ട് ലോകം. മലയാളികളുടെ സര്‍ഗാത്മക ഭാവനകളെ എന്നും ദീപ്തമാക്കിയ കവിയാണ് പി.ടി അബ്ദുര്‍റഹ്മാന്‍. ഓരോ ദിവസത്തെ നോമ്പിനെയും അതിന്റെ സര്‍വമാനമായ പ്രമാണ പരിസരത്തോടും ഒപ്പം മസൃണഭാവത്തോടും നീതി ചെയ്തു കൊണ്ടാണു കവി ആവിഷ്‌കരിച്ചിരിക്കുന്നത്. ആ മാനസിക ഭാവത്തോടെ അത് വായിച്ചും കേട്ടും തീരുമ്പോള്‍ നമ്മില്‍ ആലക്തികമായൊരു ചൈതന്യം തുടികൊട്ടുക തന്നെ ചെയ്യും. ലളിതമാണ് പി.ടിയുടെ കാവ്യഭാഷ. ഒരു നോമ്പ്, ഒരു പാട്ട്. അപ്പോള്‍ മുപ്പത് നോമ്പ് മുപ്പത് പാട്ട്. ഇത് പോലൊരു രചന മലയാളത്തില്‍ വേറെയില്ലാ. ഈ റമദാന്‍ കാലത്ത് ഇത് കൂടി നമ്മുടെ കേള്‍വിയിലും ആസ്വാദനത്തിലും വരേണ്ടതുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top