കുടുംബ ജീവിതം ഒരു യാത്രയാണ്. സ്വപ്‌നസാക്ഷാത്കാരത്തിലേക്കുള്ള യാത്ര. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള ആഗ്രഹമാണ് മനുഷ്യന്റെ ജീവിതത്തിന്റെ അടിസ്ഥാനം. അതിന് യോജിച്ച ഒരു വരുമാന മാര്‍ഗം ആവശ്യമാണ്. നാം വിദ്യാഭ്യാസം നേടുന്നതും തൊഴില്‍ നേടുന്നതും മറ്റു വരുമാന മാര്‍ഗങ്ങള്‍ അവലംബിക്കുന്നതും ഇതിനു വേണ്ടി തന്നെ. നമ്മുടെ നാട്ടില്‍ ഒരു വീട്ടില്‍ നാലോ അഞ്ചോ ആളുകള്‍ ഉണ്ടെങ്കില്‍ അതില്‍ ഒരാള്‍ക്ക്, പ്രത്യേകിച്ച് ഗൃഹനാഥന് മാത്രമായിരിക്കും ജോലി. അഞ്ചക്ക ശമ്പളമാണെങ്കില്‍ പോലും ആ വരുമാനം കൊണ്ട് എല്ലാവരുടെയും പ്രാഥമിക ആവശ്യങ്ങള്‍ വരെ നിര്‍വഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ ജീവിതം ദുസ്സഹമാകുന്നു. ഒപ്പം കുട്ടികളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലുള്ള സാമ്പത്തികപ്രശ്‌നങ്ങള്‍ വേറെയും.
എന്നാല്‍ ഈ കുടുംബ ചിത്രത്തില്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ ചിലപ്പോള്‍ വളരെ സുഗമമായി മുന്നേറാന്‍ കഴിയും. തമിഴ്‌നാട്ടിലെ ഒരു സാധാരണ ഗ്രാമീണ കുടുംബത്തില്‍ ശരാശരി ആറ് ആളുകള്‍ ഉണ്ടാവും. എല്ലാവരും അധ്വാനശീലരും എന്തെങ്കിലും ചെറിയ വരുമാനമുണ്ടാക്കുന്നവരുമായിരിക്കും. ഒരാള്‍ക്ക് ശരാശരി 20,000 രൂപ എങ്കിലും പ്രതിമാസം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത്തരം കുടുംബങ്ങളില്‍ ഒരു ലക്ഷം രൂപയെങ്കിലും മാസവരുമാനം ഉണ്ടാകും. അധ്വാനിച്ചുണ്ടാക്കുന്ന വരുമാനം ആയതുകൊണ്ടു തന്നെ അതിനോട് വലിയ ബഹുമാനവും കാണും. ആവശ്യത്തിനുമാത്രം ചെലവഴിച്ച് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ അവര്‍ക്ക് കഴിയുന്നു. നേരെമറിച്ച് നമ്മുടെ ഇടയില്‍ സാധാരണ നിലയില്‍ ഒരാള്‍ക്ക് പ്രതിമാസം നല്ല വരുമാനം ഉണ്ടായാലും അഞ്ചു പേര്‍ക്ക് ഇടയില്‍ അത് വിനിയോഗിക്കേണ്ടിവരികയാണ്. അധ്വാനിക്കാതെ വരുന്ന പണമായതിനാല്‍ മൂല്യമറിയാതെ ചെലവഴിക്കാനും പൊങ്ങച്ചം കാണിക്കാനും ബാക്കിയുള്ളവര്‍ക്ക് മടിയുമുണ്ടാവില്ല. ഇവിടെയാണ് കുടുംബ സംരംഭങ്ങളുടെ പ്രസക്തി.
കുടുംബ നായികയില്‍നിന്ന് തുടങ്ങുക സ്വാശ്രയ ശീലങ്ങള്‍
കുടുംബത്തിലെ എല്ലാ അംഗങ്ങളും സ്വാശ്രയരായിരിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചുവരികയാണ്. വരുമാനമാര്‍ഗം ഉണ്ടാവുക എന്നത് മാത്രമല്ല അതിലുപരി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കുടുംബത്തിന്റെ ഐക്യവും കെട്ടുറപ്പും ഊട്ടിയുറപ്പിക്കുമെന്നതില്‍ സംശയമില്ല. ഗൃഹനായികയില്‍നിന്ന് വേണം ഇത് തുടങ്ങാന്‍. സ്ത്രീകള്‍ കുടുംബത്തിലെ അംഗങ്ങളാണ്. ആണുങ്ങളെ പോലെ തന്നെ അവര്‍ക്കും ഒരു സംരംഭം തുടങ്ങാനും സ്വന്തമായി വരുമാനം ഉണ്ടാക്കാനുമുള്ള അറിവും കഴിവും നൈപുണികളുമുണ്ട്. എന്നിട്ടും പണ്ടെപ്പോഴോ തുടര്‍ന്നുകൊണ്ടിരിക്കുന്ന വീടു പരിചരണം, പാചകം എന്നിവയില്‍ മാത്രം ഒതുക്കി ആശ്രയത്വമുള്ളവരാക്കി മാറ്റുന്നതിലൂടെ കുടുംബത്തിന്റെ വരുമാനനഷ്ടം മാത്രമല്ല സംഭവിക്കുന്നത്, അവരുടെ സാമൂഹികബോധം കൂടിയാണ് ഇല്ലാതാകുന്നത്. നാല് ചുവരുകള്‍ക്ക് അപ്പുറത്തുള്ള വിശാലമായ ലോകം എന്താണെന്ന് അറിയുമ്പോഴേ പ്രതീക്ഷയോടെ പുതിയ സ്വപ്‌നങ്ങള്‍ നെയ്‌തെടുത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ.
സ്ത്രീ സംരംഭകരുടെ അനിവാര്യത
സ്ത്രീകള്‍ സംരംഭകരായോ സ്വാശ്രയരായോ മാറിയെങ്കിലേ സ്വതന്ത്രയും നിര്‍ഭയവുമായി മാറാന്‍ കഴിയുകയുള്ളൂ. മറ്റുള്ളവര്‍ക്ക് അത് മാതൃകയാവുകയും ചെയ്യും. ഇന്ന് എത്രയോ അവസരങ്ങളാണ് വനിതകള്‍ക്ക് സ്വന്തമായും അല്ലെങ്കില്‍ കുടുംബ സംരംഭം വഴിയും ചെയ്യാന്‍ കഴിയുക. പുരുഷന് ചെയ്യാന്‍ കഴിയുന്ന ഏതു ജോലിയും സംരംഭവും സ്ത്രീക്കും ചെയ്യാന്‍ കഴിയും. മനോഭാവം മാറണം എന്നു മാത്രം. അച്ചടക്കവും മാന്യതയും നിര്‍ണയിക്കുന്നത് വീട്ടില്‍ അടച്ച് ഇരിക്കുമ്പോഴാണ് എന്ന തോന്നല്‍ തന്നെ എപ്പോഴേ മാറ്റേണ്ടതാണ്. ഖദീജ ബീവി നല്ലൊരു കച്ചവടക്കാരി ആയിരുന്നു എന്നത് 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് പോലും നമ്മുടെ സമൂഹത്തില്‍ വനിതകള്‍ എത്ര സ്വാശ്രയശീലം ഉള്ളവരും അധ്വാനികളും ആയിരുന്നു എന്നതിനുള്ള ഉദാഹരണങ്ങളില്‍ ഒന്നുമാത്രം.
പെണ്‍കൈകളില്‍ രാജ്യഭാവി
ജനസംഖ്യ കൊണ്ട് വീര്‍പ്പുമുട്ടുന്ന ചൈനയും കൊച്ചു രാഷ്ട്രമായ ഫിന്‍ലാന്‍ഡും ലോകത്തിന് മാതൃകയായ വികസന സങ്കല്‍പങ്ങള്‍ കാഴ്ചവെക്കുന്നതിന്റെ പ്രധാന കാരണം തൊഴിലില്ലായ്മ പരിഹരിക്കാനുള്ള തീവ്രമായ യുദ്ധത്തിലേര്‍പ്പെട്ടതാണ്. വരുമാനം ഉണ്ടാകുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് നിവര്‍ന്നു നില്‍ക്കാനും ജീവിത യാഥാര്‍ഥ്യങ്ങളെ നേരിടാനും ശോഭനമായ ഭാവി സ്വപ്‌നം കാണാനും കഴിയൂ. അതുകൊണ്ടുതന്നെ തന്റെ പ്രാഥമികവും സ്വകാര്യവുമായ ആവശ്യങ്ങള്‍ക്ക് മറ്റുള്ളവന്റെ മുന്നില്‍ തലകുനിക്കാതെ നെഞ്ചു നിവര്‍ത്തി, അഭിമാനത്തോടെ നില്‍ക്കാന്‍ കഴിയേണ്ടതുണ്ട്. നമ്മുടെ പെണ്‍കുട്ടികള്‍ ഇങ്ങനെ അഭിമാനികളായി ജീവിക്കണം.
എന്തുകൊണ്ട് സംരംഭകത്വം?
വരുമാനമാര്‍ഗങ്ങളില്‍ തൊഴില്‍ ഒരു പ്രധാന ഉപാധിയാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ജനപ്പെരുപ്പം കൊണ്ട് പൊറുതിമുട്ടുന്ന ഒരു രാഷ്ട്രത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് ഇനിയങ്ങോട്ട് ദുഷ്‌കരമായിരിക്കും. ഓരോ വര്‍ഷവും ആയിരക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കളും യുവതികളുമാണ് നമ്മുടെ കലാലയങ്ങളില്‍നിന്ന് പുറത്തിറങ്ങുന്നതും തൊഴിലന്വേഷകരായി അലയുന്നതും. ഒരു ഭാഗത്ത് സാങ്കേതിക വിദ്യകളുടെ മുന്നേറ്റം, മറുഭാഗത്ത് ജനപ്പെരുപ്പം. ഇതു രണ്ടും തൊഴിലവസരങ്ങള്‍ കുത്തനെ കുറയ്ക്കുന്നു. 2030 ആവുമ്പോഴേക്കും നിലവിലെ തൊഴിലിന്റെ 80 ശതമാനവും കാലഹരണപ്പെട്ട് പകരം സാങ്കേതികവിദ്യകള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയും എന്നത് മറ്റു വരുമാന, ജീവിതോപാധി മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടതിനെക്കുറിച്ച് ഗൗരവതരമായി ഓര്‍ക്കാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. ദീര്‍ഘവീക്ഷണത്തോടെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന ഒരു വിദ്യാഭ്യാസ - വികസന നയം ഉണ്ടായേ തീരൂ. അല്ലാത്ത പക്ഷം അതിഭീകരമായ സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നാം നേരിടേണ്ടിവരും.
ഇവിടെയാണ് വനിതാ സംരംഭകത്വത്തിന്റെ പ്രസക്തി. പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ ലിംഗ വ്യത്യാസമോ മാനദണ്ഡമാകാതെ നമ്മുടെ ജനസംഖ്യയെ വലിയ കമ്പോളമാക്കി, അവരുടെ ദൈനംദിന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ വേണ്ട ഉല്‍പന്നങ്ങളും സേവനങ്ങളും ഒരുക്കി ഒരു പുതിയ മുന്നേറ്റം. നഗരമെന്നോ ഗ്രാമമെന്നോ ഉള്ള വ്യത്യാസമില്ലാതെ സംരംഭകത്വ വികസനമെന്ന വലിയ ലക്ഷ്യത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് അതിന് പ്രഥമ പരിഗണന കൊടുത്ത് പ്രചാരണം നല്‍കിയാല്‍ നാം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും എന്നുറപ്പാണ്.
ഇന്ത്യ സംരംഭകത്വത്തിന്റെ പറുദീസ
നമ്മുടെ വിദ്യാഭ്യാസത്തിലും നൈപുണി വികസനത്തിലും ആസൂത്രണ-വികസന പദ്ധതികളിലും സംരംഭക വികസനത്തിന് മുന്‍ഗണന കൊടുത്തേ മതിയാകൂ. സംരംഭകത്വം ഒരു ഭാഗത്ത് തൊഴിലില്ലായ്മ ദൂരീകരിക്കുകയും ഒപ്പം മറ്റ് ധാരാളം ഗുണങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇന്ത്യ പോലുള്ള വന്‍ കമ്പോളത്തില്‍ വൈവിധ്യപൂര്‍ണവും വ്യത്യസ്തവുമായ ഉല്‍പന്നങ്ങള്‍ക്ക് വന്‍ വിപണന സാധ്യതയാണുള്ളത്. കുടുംബ തൊഴിലായും സമാന ചിന്താഗതിക്കാരായവര്‍ ഒത്തുചേര്‍ന്നും ഇത്തരം സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ നമ്മുടെ സാമൂഹിക അടിത്തറ ദൃഢവും പങ്കാളിത്തപരവുമായി മാറും. ഇത് സ്വാശ്രയ ശീലമുള്ള യുവത്വത്തിന്റെ കൂട്ടായ്മ സൃഷ്ടിക്കും. ഇന്ത്യന്‍ വിപണി ഗുണമേന്മയുള്ളതും താങ്ങാനാവുന്ന വില ഈടാക്കുന്നതും ഉപഭോക്തൃസൗഹൃദവുമുള്ള ഏത് ഉല്‍പന്നങ്ങളുടെയും വളക്കൂറുള്ള മണ്ണാണ്. പുത്തന്‍ ബ്രാന്‍ഡുകളെയും പുത്തന്‍ വിപണന തന്ത്രങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണ് നമ്മുടെ രീതി. അതുകൊണ്ടുതന്നെ ഏതൊരു സര്‍ക്കാര്‍, സ്വകാര്യ ജോലിയേക്കാളും മികച്ച വരുമാനം ഉണ്ടാക്കാന്‍ സംരംഭകന് കഴിയും. ആരുടെയും ചൂഷണത്തിന് വിധേയമാവാതെ, സ്വതന്ത്രനായി, സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച്, സ്വന്തം ഭാവനകള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതും കഠിനാധ്വാനത്തോടെ മുന്നോട്ടു പോകാന്‍ കഴിയുന്നതുമായ അവസ്ഥയോളം വലുതായി മറ്റെന്തുണ്ട്?!
ഈ കാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് വീടുകള്‍ ഭക്ഷ്യ ഉല്‍പാദന പരിശീലനകേന്ദ്രങ്ങളായി എന്നതാണ്. മിക്ക വീടുകളിലും ചോക്ലേറ്റുകള്‍, കേക്കുകള്‍ എന്നിവ യൂട്യൂബിലോ മറ്റോ നോക്കി നിര്‍മിക്കുന്നത് കോവിഡ് കാലത്തെ പ്രധാന നേരമ്പോക്കായിരുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടക്ക് ഇവയൊക്കെ നമ്മുടെ ശീലമായി തന്നെ നിലനില്‍ക്കുകയും അത് ഉണ്ടാക്കാനുള്ള സമയം ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഇവിടെയാണ് ഇത്തരം സംരംഭങ്ങളുടെ പ്രസക്തി. നമ്മുടെ മാര്‍ക്കറ്റില്‍ ചോക്ലേറ്റുകള്‍ ഉണ്ടാക്കി വിപണനം നടത്തുന്ന സ്ഥാപനങ്ങള്‍ വളരെ കുറവാണ്. മികച്ച ബ്രാന്‍ഡുകള്‍ ആണെങ്കില്‍ വലിയ വിലയും. പലപ്പോഴും അന്യ സംസ്ഥാനങ്ങളില്‍ പോയാല്‍ ഇത്തരം ധാരാളം അസംഘടിത നിര്‍മാണ യൂനിറ്റുകള്‍, വിപണനകേന്ദ്രങ്ങള്‍ എന്നിവ കാണാന്‍ കഴിയും. നമ്മുടെ നാട്ടില്‍ നല്ല ഒരു ബ്രാന്‍ഡില്‍, ഇഷ്ടപ്പെട്ട ഒരു ഫ്‌ളേവറില്‍, നല്ല പാക്കിംഗോടെ ചോക്ലേറ്റുകള്‍ നിര്‍മിച്ച് വിപണനം ചെയ്താല്‍ വലിയ സാധ്യതകളാണ് ഈ മേഖല നല്‍കുന്നത്. കളര്‍, ടേസ്റ്റ് എന്നിവ തന്നെയാണ് മുഖ്യം. ആവശ്യക്കാര്‍ ഏറെയും നിര്‍മാതാക്കള്‍ കുറവും ഉള്ള ഏറെ സാധ്യതയുള്ള ബൃഹത്തായ ഒരു മേഖലയാണിത്. നാം വാങ്ങുന്ന നല്ല ഒരു ബ്രാന്‍ഡഡ് ചോക്ലേറ്റിന്റെ വില നോക്കുമ്പോഴാണ് നമുക്ക് ചോക്ലേറ്റ് സാധ്യതകളെക്കുറിച്ച് മനസ്സിലാവുക. വനിതാ സംരംഭകര്‍ക്ക് ചോക്ലേറ്റ് പോലെയുള്ള നിര്‍മാണ യൂനിറ്റുകള്‍ക്ക് ഉല്‍പാദന ചെലവിന്റെ പകുതി വരെ സബ്‌സിഡിയായി ലഭിക്കുന്നു. തുടങ്ങാന്‍ 5 ലക്ഷം രൂപ മതിയാവും. അതില്‍ പകുതി സബ്‌സിഡി ലഭിക്കും. വിപണനവും വളരെ എളുപ്പമാണ്. സ്വന്തം ഔട്ട്‌ലെറ്റുകള്‍, ഒപ്പം ഹോട്ടലുകള്‍, ബേക്കറികള്‍, മാളുകള്‍ തുടങ്ങിയവയിലൂടെ വിപണനം ചെയ്യാന്‍ കഴിയും. വനിതകള്‍ക്ക് അവരുടെ ഭക്ഷണത്തിലുള്ള അഭിരുചി കേരളത്തില്‍ ഏറെയുള്ളതുകൊണ്ടുതന്നെ ഇഷ്ട ഫ്‌ളേവറുകളില്‍ ചോക്ലേറ്റുകള്‍ നിര്‍മിക്കാവുന്നതും വലിയ ലാഭം ഉണ്ടാക്കാവുന്നതുമാണ്.
ഇത്തരം യൂനിറ്റുകള്‍ നമ്മുടെ വീടുകളിലോ അനുബന്ധ വ്യവസായമായോ തുടങ്ങാവുന്നതാണ്. വലിയ വളര്‍ച്ചയും സാമ്പത്തിക നേട്ടവുമുണ്ടാക്കാന്‍ ഇതിലൂടെ കഴിയും. തുടങ്ങാനുള്ള ചങ്കുറപ്പും വിശ്വാസവും കാലത്തിനനുസരിച്ച് മാറ്റം വരുത്താനുള്ള മാനസികാവസ്ഥയും ചെറിയ മുതല്‍മുടക്കും മാത്രമേ വേണ്ടതുള്ളൂ.
മുന്നൊരുക്കം
ഇത്തരം യൂനിറ്റുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യമായി ചെയ്യേണ്ടത് ഒരു സാധ്യതാ പഠനം നടത്തുക എന്നതാണ്. ശേഷം ഉല്‍പാദന രീതികള്‍ മനസ്സിലാക്കുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ വീട്ടിലോ അനുബന്ധമായോ ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. ഏകദേശം ഒരു ആസൂത്രണം നടത്തിക്കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള ജില്ലാ വ്യവസായ കേന്ദ്രം സന്ദര്‍ശിക്കുക. അവിടെ സംരംഭകരെ സഹായിക്കാനുള്ള പ്രത്യേക വിംഗ് തന്നെയുണ്ട്. വിശദമായ ചര്‍ച്ച നടത്തുക. സാമ്പത്തിക സഹായങ്ങളോ മറ്റ് അനുബന്ധ സേവനങ്ങളോ ആവശ്യമില്ലാത്തവര്‍ കെ - സ്വിഫ്റ്റ് എന്ന സൈറ്റിലൂടെ യൂനിറ്റ് രജിസ്റ്റര്‍ ചെയ്യുക. ഏകജാലക സംവിധാനം ഉപയോഗിച്ച് ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഭക്ഷ്യ സുരക്ഷ, പഞ്ചായത്ത്, മലിനീകരണ വകുപ്പ് തുടങ്ങിയ വിവിധ ഓഫീസുകളില്‍ നിന്ന് നേടേണ്ട ലൈസന്‍സുകള്‍ ഒക്കെ 30 ദിവസത്തിനകം ലഭിക്കുന്നതാണ്. വീട്ടിനു പുറത്താണ് യൂനിറ്റെങ്കില്‍ വലിയ യൂനിറ്റുകള്‍ക്ക് ലോക്കല്‍ ബോഡി, ഭക്ഷ്യസുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ നേടേണ്ടതുണ്ട്. യൂനിറ്റുകളുടെ വൈവിധ്യങ്ങള്‍ക്ക് അനുസരിച്ചും ഉല്‍പന്ന വൈവിധ്യങ്ങള്‍ക്കനുസരിച്ചും വായ്പകള്‍, ഗ്രാന്റുകള്‍, വായ്പാ പലിശ ഇളവുകള്‍ എന്നിവ വ്യത്യസ്തമാണ്. ഇത്തരം ആനുകൂല്യങ്ങള്‍ മനസ്സിലാക്കാന്‍ തൊട്ടടുത്തുള്ള താലൂക്ക് വ്യവസായ കേന്ദ്രത്തെയോ ജില്ലാ വ്യവസായ കേന്ദ്രത്തെയോ സമീപിക്കാവുന്നതാണ്. 40 ശതമാനം വായ്പ മുതല്‍ 95 ശതമാനം വായ്പ വരെ ലഭിക്കുന്ന പല സ്‌കീമുകളുമുണ്ട്. അതുപോലെ തന്നെ 25 ശതമാനം മുതല്‍ 40 ശതമാനം വരെ ഗ്രാന്റുകളും അനുവദിക്കുന്ന സ്‌കീമുകള്‍ ഉണ്ട്. ഒറ്റയ്‌ക്കോ സംഘങ്ങളായോ തുടങ്ങുന്നതിനനുസരിച്ച് വായ്പകളില്‍ വ്യത്യാസവുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്‌കീമുകള്‍, കേന്ദ്ര സര്‍ക്കാര്‍ സ്‌കീമുകള്‍, ലോക്കല്‍ ബോഡി സ്‌കീമുകള്‍, സ്റ്റാര്‍ട്ട് അപ്പ് സ്‌പെഷല്‍ സ്‌കീമുകള്‍ തുടങ്ങി അനേകം സ്‌കീമുകളാണ് സാമ്പത്തിക സഹായങ്ങള്‍ക്കുള്ളത്.
(സംരംഭകത്വ വികസന പരിശീലകനും എന്റര്‍പ്രണര്‍ഷിപ്പ് ഫാക്കല്‍റ്റിയുമാണ് ലേഖകന്‍)
സ്ത്രീ സംരംഭകരുടെ പറുദീസ
സ്ത്രീ സംരംഭകരുടെ പ്രസക്തി തിരിച്ചറിഞ്ഞുകൊണ്ടുതന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒട്ടേറെ പദ്ധതികള്‍, സാമ്പത്തിക സഹായങ്ങള്‍, സബ്‌സിഡികള്‍ എന്നിവ വനിതകള്‍ക്ക് പ്രത്യേകമായി നല്‍കിവരുന്നു്. തുടങ്ങാന്‍ ഉള്ള മാര്‍ജിന്‍ മണി വായ്പ, ദീര്‍ഘകാല പലിശരഹിത വായ്പ ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളില്ലാത്തവര്‍ക്ക് ബിസിനസ്സ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വഴി ഒട്ടേറെ പദ്ധതികള്‍, ആശയ രൂപീകരണത്തിനായി യംഗ് ഇന്നോവേറ്റേഴ്‌സ് പരിപാടി, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ സംഘടിപ്പിക്കാറുള്ള പരിശീലനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ മാനദണ്ഡമാക്കാതെ ഒരാളുടെ സ്വപ്‌നസാക്ഷാത്കാരത്തിന്റെ സഹായം എന്ന രീതിയിലാണ് ഇത്തരം പരിപാടികള്‍ മിക്കതും. പലപ്പോഴും അഭ്യസ്തവിദ്യരായ സ്തീകള്‍ പോലും ഇത്തരം പദ്ധതികളെക്കുറിച്ച് അറിയാറില്ല. പല വനിതാ ശാക്തീകരണ സംരംഭ സഹായ പദ്ധതികളിലും ഗുണഭോക്താക്കളെ ലഭിക്കാറുമില്ല.
സ്ത്രീകള്‍ക്ക് എളുപ്പം തുടങ്ങാവുന്ന ചില സംരംഭങ്ങള്‍
ചെറിയ മുതല്‍മുടക്കോടെ വീട്ടിലോ വീട്ടിനോട് അനുബന്ധമായോ ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കാവുന്നതാണ്. ഇതുപോലുള്ള വ്യത്യസ്തമായ ധാരാളം അവസരങ്ങള്‍, ആശയങ്ങള്‍ നമുക്ക് അംഗീകരിക്കാവുന്നതാണ്. അതില്‍ ചിലതാണ് ഇവിടെ പറയുന്നത്
ഫ്രൂട്ട് ഐസ്‌ക്രീമും ചക്കയുടെ മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങളും
ചക്ക നാട്ടില്‍ സുലഭമാണ്. ചക്കയുടെ പള്‍പ്പ് ഉപയോഗിച്ച് ഐസ്‌ക്രീം ഉണ്ടാക്കുന്ന സംരംഭം നമ്മുടെ നാട്ടില്‍ ഏറെ സുലഭമല്ലെങ്കിലും അനുകരണീയമായതും വളരെയേറെ വിപണന സാധ്യതയുമുള്ള ഒരു സംരംഭമാര്‍ഗമാണ്. കാര്‍ഷിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംരംഭം എന്ന നിലയില്‍ സംരംഭകര്‍ക്ക് അനുവദിച്ച വായ്പാ സൗകര്യം ഇവിടെ പ്രയോജനപ്പെടുത്താവുന്നതാണ്. ചില യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ചില അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഇതിനുവേണ്ടി ആവശ്യമാണ്. മേക്കിംഗ് പാസ്റ്ററൈസര്‍, ഹൊമി ജനൈസര്‍, സര്‍ഫസ് കൂളര്‍, കാന്‍ഡി മേക്കിംഗ് മെഷീന്‍, പാക്കിംഗ് മെഷീന്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ സജ്ജീകരിക്കേണ്ടതുണ്ട്. വനിതാ പങ്കാളിത്ത സംരംഭമായി തുടങ്ങാവുന്ന ഒരു സംരംഭമാണിത്. ഐസ്‌ക്രീം വാങ്ങുന്നത് പലപ്പോഴും അതിന്റെ ഫ്‌ളേവറുകളുടെ പ്രത്യേകതകള്‍ക്കനുസരിച്ചാണ്. അതുകൊണ്ടു തന്നെ നമ്മുടെ രുചിക്കൂട്ടുകള്‍ ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് പെട്ടെന്നു തന്നെ വിപണി ഉണ്ടാക്കിത്തരും. ചക്കയുടെ ഓരോ ഭാഗവും നമുക്ക് മറ്റ് അനുബന്ധ സംരംഭമായി ഉപയോഗിക്കാം. ചക്ക ജാം, സ്‌ക്വാഷ്, ചക്കവരട്ടി, ചക്ക പുട്ടുപൊടി, ചക്ക അച്ചാര്‍, ചക്ക ചമ്മന്തിപ്പൊടി തുടങ്ങി വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം ചെയ്യാവുന്നതാണ്. ചക്കക്കുരുവില്‍നിന്ന് നിര്‍മിക്കുന്ന ജാഫി ഉപയോഗിച്ച് ആരോഗ്യപ്രദമായ ഹെല്‍ത്ത് ഡ്രിങ്ക് ഉണ്ടാക്കി വിപണിയിലെത്തിക്കാം. ആദ്യഘട്ടത്തില്‍ ചെറിയ സംരംഭമായി തുടങ്ങാവുന്നതും ഘട്ടംഘട്ടമായി വിപുലീകരിക്കാവുന്നതുമാണ്.
ഷൂ പോളിഷ് നിര്‍മാണം
ഷൂ ഉപയോഗിക്കുന്നവര്‍ എല്ലാം ഷൂ പോളിഷ് വാങ്ങാറുണ്ട്. കോടിക്കണക്കിന് ഷൂ പോളിഷുകളാണ് നമ്മുടെ നാട്ടില്‍ വിറ്റുപോകുന്നത്. ഉല്‍പാദകരാവട്ടെ വിരലിലെണ്ണാവുന്നവരും. കുറഞ്ഞ മൂലധനത്തില്‍ ആരംഭിക്കാവുന്ന ഒരു കുടുംബ സംരംഭമാണിത്. വിപണനവും താരതമ്യേന എളുപ്പമാണ്. സിലിക്കോണ്‍ ഓയില്‍, ഡിസ്റ്റില്‍ഡ് വാട്ടര്‍, സോള്‍വന്റ് ബേസിസ് കളര്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ഷൂ പോളിഷ് നിര്‍മിക്കുന്നത്. ഇവ നിശ്ചിത അനുപാതത്തില്‍ ആര്‍.പി.എം. മിക്‌സിംഗ് യന്ത്രത്തില്‍ സംയോജിപ്പിച്ചെടുക്കും. അതിനുശേഷം ബോട്ടിലുകളിലാക്കി വിപണനം ചെയ്യാം. രണ്ട് ലക്ഷം രൂപ മുതല്‍മുടക്കില്‍ ചെറിയ ഒരു പോളിഷ് നിര്‍മാണ സംരംഭം തുടങ്ങാവുന്നതാണ്.
ഫ്രൂട്ട് ജാം സോസുകള്‍
പുതിയ തലമുറയുടെ മുഖ്യ ആഹാരമായി മാറിക്കൊണ്ടിരിക്കുകയാണ് സോസുകള്‍. ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവയും പ്രധാന ആവശ്യക്കാരാണ്. ഒരു ലക്ഷം രൂപ മുതല്‍മുടക്കില്‍ തുടങ്ങാവുന്നയാണ് ഇത്തരം സംരംഭങ്ങള്‍. യന്ത്രങ്ങള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ വാങ്ങാന്‍ അമ്പതിനായിരം രൂപ, പ്രവര്‍ത്തന മൂലധനമായി അമ്പതിനായിരം രൂപ എന്നിവ ധാരാളം മതി. വീടിനോട് അനുബന്ധിച്ച് തുടങ്ങാവുന്നതാണ്. ലൈസന്‍സുകള്‍ ഭക്ഷ്യസുരക്ഷാ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നു വാങ്ങേണ്ടതാണ്.