കോവിഡ് കുട്ടികള്‍ക്ക് വരുമോ? കോവിഡ് കാലത്ത് എല്ലാവരും ഉത്കണ്ഠയോടെ ചോദിച്ച ചോദ്യമാണിത്. വരും എന്നാണുത്തരം. അതാണ് മിസ്‌ക് (മള്‍ട്ടിസിസ്റ്റം ഇന്‍ഫഌമേറ്ററി ഡിസീസ് ഇന്‍ ചില്‍ഡ്രന്‍). മൂന്നു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനി, ശരീരത്തില്‍ തടിച്ച പാടുകള്‍, ഛര്‍ദി, വയറിളക്കം, വയറുവേദന ഒക്കെ ഇതിന്റെ ഭാഗമായി വരാം. കണ്ണില്‍ ചുവപ്പുനിറം കാണപ്പെടാം. പക്ഷെ, സാധാരണ ഉണ്ടാകുന്ന കണ്ണ് രോഗം പോലെ പീള കെട്ടലുണ്ടാവില്ല. രോഗം ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ പ്രഷര്‍ താഴ്ന്നുപോകാനും 'ഷോക്ക്' എന്ന അവസ്ഥയിലെത്താനും സാധ്യതയുണ്ട്. രോഗം രണ്ടോ അതില്‍ കൂടുതലോ ശരീര അവയവങ്ങളെ ബാധിക്കുമ്പോഴാണ് 'മിസ്‌ക്' ആയി പരിഗണിക്കപ്പെടുന്നത്. ഉദാഹരണമായി ദഹന വ്യവസ്ഥയെ ബാധിക്കുമ്പോള്‍ വയറുവേദനയും ശ്വസന വ്യവസ്ഥയെ ബാധിക്കുമ്പോള്‍ ന്യൂമോണിയയും ഉണ്ടാകാം. കൊറോണ വൈറസ് ബാധ ടെസ്റ്റുകള്‍ നടത്തി സ്ഥിരീകരിക്കേണ്ടതാണ്. നിലവില്‍ കോവിഡ് ബാധിച്ചിട്ടുണ്ടോ എന്നറിയാനായി നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്, ആന്റിജന്‍ ടെസ്റ്റ്, കൊറോണ ആന്റി ബോഡി ടെസ്റ്റ് ഇവയിലേതെങ്കിലും പോസിറ്റീവാകണം. കുട്ടികളില്‍ കണ്ടുവരാറുള്ള കവാസാക്കി അസുഖവുമായി മിസ്‌കിന് ചില സാമ്യങ്ങളുണ്ട്. പനി, കണ്ണില്‍ ചുവപ്പ്, ദേഹത്ത് പാടുകള്‍ ഇവയൊക്കെ കവാസാക്കി അസുഖത്തിലുമുണ്ട്. ഹൃദയത്തിലെ രക്തക്കുഴലുകള്‍ക്ക് ഈ രണ്ട് അസുഖങ്ങളും 'വീക്കം' ഉണ്ടാക്കും.
ഹൃദയത്തെ ബാധിച്ചിട്ടുണ്ടോ എന്ന് നിര്‍ണയിക്കാനായി 'എക്കോ' പരിശോധന വേണ്ടി വരും. രക്തത്തിലെ വീക്കത്തിന്റെ തോത് അറിയാനുള്ള സി.ആര്‍.പി, ഇ.എസ് എന്നീ ടെസ്റ്റുകളും വേണം. ഏത് ശരീര അവയവത്തെയാണോ ബാധിക്കുന്നത് അതിനനുസരിച്ചുള്ള ടെസ്റ്റുകളും നിര്‍ദേശിക്കപ്പെടാറുണ്ട്. ന്യുമോണിയയാണ് ബാധിച്ചതെന്നറിയാന്‍ എക്‌സ്‌റേ, വയറുവേദനയുടെ കാരണം അറിയാന്‍ അള്‍ട്രാ സൗണ്ട് സ്‌കാന്‍ എന്നീ പരിശോധനകളാണ് സാധാരണയായി നടത്താറുള്ളത്. ലഘുവായ മിസ്‌കിന് വീക്കത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന പ്രഡ്‌നി സോളോണ്‍ എന്ന സ്റ്റിറോയ്ഡ് മരുന്നുകളാണ് നിര്‍ദേശിക്കപ്പെടാറുള്ളത്. രക്തം കട്ടപിടിക്കാത്ത 'കൊയാഗുലോപ്പൊതി' എന്ന അവസ്ഥ മിസ്‌കിന്റെ സങ്കീര്‍ണതകളുടെ ഭാഗമായി വരാം. ഈ ഘട്ടത്തില്‍ ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ ആവശ്യമായി വരും. വൈറസ് അസുഖങ്ങള്‍ക്ക് പൊതുവായുള്ള പല ലക്ഷണങ്ങളും കുട്ടികളിലെ കോവിഡായ മിസ്‌കിനുമുണ്ട്. തക്ക സമയത്ത് കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ആവശ്യമാണ്. ഹൃദയത്തിലെ രക്തക്കുഴലുകള്‍ക്ക് ബാധിക്കുന്ന വീക്കം കൊണ്ടുണ്ടാവാന്‍ സാധ്യതയുള്ള സങ്കീര്‍ണതക്കും സമയാസമയങ്ങളിലുള്ള പരിശോധനയും മരുന്നുകളും ആവശ്യമാണ്. ഇത്തരം ചികിത്സകളിലൂടെയും കൃത്യമായ മരുന്നുകളിലൂടെയും ശ്രദ്ധാപൂര്‍വമായ പരിചരണത്തിലൂടെയും കുട്ടികളിലേക്ക് കടന്നുവരുന്ന കോവിഡിനെ-മിസ്‌ക് നമുക്ക് മറികടക്കാം.
(ജൂനിയര്‍ റസിഡന്റ് ശിശുരോഗ വിഭാഗം, കാലിക്കറ്റ് മെഡിക്കല്‍ കോളേജ്)