ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വളരെ പെട്ടെന്ന് നാടിന്റെ നാനാഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വളരെ പെട്ടെന്ന് നാടിന്റെ നാനാഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു. കാരണം അന്വേഷിച്ചപ്പോള്‍ പലരും പറഞ്ഞു വള്ളിക്കുന്നില്‍ ഒരു ബീവി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സാധാരണക്കാരിയായിരുന്നു. പെട്ടെന്നാണ് കറാമത്തുണ്ടായത്. അവരെ ചെന്നുകണ്ടാല്‍ ഏതു രോഗവും മാറും. കാണാതായ വസ്തുക്കള്‍ തിരിച്ചുകിട്ടും. നാടുവിട്ടുപോയ മകന്‍ തിരിച്ചുവരും. ഗള്‍ഫിലുള്ള മകന് ജോലികിട്ടും. ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍ സാധിക്കാന്‍ വള്ളിക്കുന്നിലെ ബീവിയെ സമീപിച്ചാല്‍ മതി. ഇതായിരുന്നു അക്കാലത്ത് നമ്മുടെ നാടുകളിലൊക്കെ വ്യാപകമായി നടത്തപ്പെട്ട പ്രചാരണം.
പിന്നീട് കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ കേരളത്തില്‍ നിരവധി അമാനുഷസിദ്ധി അവകാശപ്പെടുകയും ആരോപിക്കപ്പെടുകയും ചെയ്യുന്ന ബീവിമാരും തങ്ങന്മാരും ഔലിയാക്കളും പ്രത്യക്ഷപ്പെട്ടു. ചിലരുടെ അത്തരം കഴിവുകള്‍ പെട്ടെന്നു തന്നെ അപ്രത്യക്ഷമായി. ചിലരുടേത് കൊല്ലങ്ങള്‍ തന്നെ നീണ്ടുനിന്നു. അപൂര്‍വം ചിലര്‍ ജീവിതകാലം മുഴുവനും ഇത്തരം ചെപ്പടിവിദ്യകളുമായി കഴിഞ്ഞുകൂടി.
എന്നാല്‍ ഇത്തരം ഒരു ബീവിയും തങ്ങളും ഔലിയയും രോഗം വന്നപ്പോള്‍ ആശുപത്രിയില്‍ പോവുകയോ ഡോക്ടറെ കാണുകയോ ചെയ്യാതെ സ്വയം മന്ത്രിച്ചൂതി വെള്ളം കഴിച്ച് കഴിഞ്ഞ് കൂടിയിട്ടില്ല. തങ്ങളുടെ ജീവിതത്തിലോ സ്വന്തക്കാരിലോ ഇത്തരം അമാനുഷ സിദ്ധികള്‍ പ്രയോഗിക്കാറില്ലെന്നര്‍ഥം.
ഇത്തരം അമാനുഷകഴിവുകള്‍ അവകാശപ്പെടുകയോ ആരോപിക്കപ്പെടുകയോ ചെയ്യുന്നവര്‍ ഏതെങ്കിലും സമുദായത്തില്‍ മാത്രമല്ല, എല്ലാ സമുദായക്കാരിലും മതക്കാരിലും ഉണ്ട്. നമ്മുടെ രാജ്യത്ത് ഭഗവാനായി അറിയപ്പെട്ടിരുന്ന ഒരാളുണ്ടല്ലോ; അയാളുടെ ആശ്രമത്തില്‍ കൊലപാതകം നടന്നു. അത് നടക്കുന്നതിനു മുമ്പ് അങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞില്ലെന്നു മാത്രമല്ല, നടന്ന ശേഷവും കൊല നടത്തിയത് ആരാണെന്ന് മനസ്സിലായില്ല. അതുകൊണ്ട് നാമൊക്കെ ചെയ്യാറുള്ളതു പോലെ കുറ്റവാളിയെ കണ്ടെത്താന്‍ പോലീസിനെ സമീപിക്കുകയും കേസ് കൊടുക്കുകയും ചെയ്തു. പോലീസ് കൊലയാളിയെ കണ്ടത്താന്‍ ആശ്രമത്തില്‍ നായയെ കോണ്ടുപോയി പരിശോധിപ്പിച്ചു.
ഇതിന് സമാനമായത് കേരളത്തിലും സംഭവിച്ചു. ദൈവികത ആരോപിക്കപ്പെടുന്ന ഒരു സ്ത്രീയുണ്ട്. ദര്‍ശനവും സ്പര്‍ശനവും നല്‍കാന്‍ അവര്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പോകാറുണ്ട്. കേരളത്തില്‍ സുനാമി ഉണ്ടായപ്പോള്‍ അത് മുന്‍കൂട്ടി മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ തന്റെ ആരാധകരെ വിവരമറിയിക്കാനോ രക്ഷപ്പെടുത്താനോ കഴിഞ്ഞില്ല. എന്നാല്‍ അഞ്ചാറു മണിക്കൂര്‍ മുമ്പ് തന്നെ നായ്ക്കള്‍ അത് മനസ്സിലാക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.
അഭൗതികമായ അറിവും കഴിവും
വടി നിലത്തിട്ടാല്‍ നിലത്ത് വീഴും. ചിലപ്പോള്‍ ശബ്ദമുണ്ടാകും. പൂതലിച്ചതാണെങ്കില്‍ മുറിഞ്ഞെന്നുവരും. ഇത് സ്വാഭാവികവും കാര്യകാരണബന്ധങ്ങള്‍ക്കു വിധേയവുമാണ്. എന്നാല്‍ വടി നിലത്തിട്ടാല്‍ പാമ്പാവുകയെന്നത് തികച്ചും അഭൗതികവും കാര്യകാരണബന്ധങ്ങള്‍ക്ക് അതീതവുമാണ്. അഥവാ അമാനുഷികമാണ്. ദൈവദൂതന്മാര്‍ക്ക് തങ്ങളുടെ പ്രവാചകത്വത്തിന് തെളിവായി ചിലപ്പോള്‍ ഇത്തരം അമാനുഷ സിദ്ധികള്‍ നല്‍കാറുണ്ട്. എന്നാല്‍ അവ ലഭിക്കുന്നതിനു മുമ്പ് അങ്ങനെ സംഭവിക്കുമെന്ന് പ്രവാചകന്മാര്‍ക്കു പോലും അറിയുമായിരുന്നില്ല. മൂസാ നബിയോട് അല്ലാഹു വടി നിലത്തിടാന്‍ കല്‍പിച്ചു. അതനുസരിച്ച് അദ്ദേഹമത് നിലത്തിട്ടു. അതോടെ അത് പാമ്പായി ഇഴയാന്‍ തുടങ്ങി. ഇത് മൂസാ നബി ഒരിക്കലും പ്രതീക്ഷിച്ചിരുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം പേടിച്ചു. അപ്പോള്‍ അല്ലാഹു പറഞ്ഞു. ''അതിനെ പിടിക്കൂ പേടിക്കേണ്ട നാം അതിനെ പഴയസ്ഥിതിയിലേക്കു തന്നെ തിരിച്ചുകൊണ്ടുവരും.'' (ഖുര്‍ആന്‍ 20:21)
ഇവിടെ വടി നിലത്തിട്ടാല്‍ പാമ്പാകുകയെന്നത് കാര്യകാരണബന്ധങ്ങള്‍ക്കതീതവും അസ്വാഭാവികവും അഭൗതികവുമാണ്. അതിനാലാണത് മുഅ്ജിസത്തായി മാറിയത്. ഇത്തരം അമാനുഷിക സിദ്ധികള്‍ അല്ലാഹു പ്രവാചകന്മാര്‍ക്ക് പ്രത്യേകം നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ അതിലേക്കുള്ള ഏതെങ്കിലും സൂചനകള്‍ അത്തരം സംഭവങ്ങള്‍ അറിയിച്ചപ്പോള്‍ ഖുര്‍ആനില്‍ വന്നതായി കാണാം.
ഏറ്റവും കൂടുതല്‍ അമാനുഷിക സിദ്ധികള്‍ നല്‍കപ്പെട്ടതായി ഖുര്‍ആന്‍ വിശദീകരിച്ചത് ഈസാ നബിക്കാണ്. മനുഷ്യന്‍ ചെയ്യുന്ന എല്ലാ കര്‍മങ്ങളും അല്ലാഹുവന്റെ ഹിതവും അനുമതിപ്രകാരവുമാണ്. എന്നിട്ടും തനിക്ക് ലഭിച്ച അമാനുഷ സിദ്ധികള്‍ വിശദീകരിക്കവേ ഈസാ നബി (അ) അല്ലാഹുവിന്റെ അനമുമതിപ്രകാരം എന്ന് പ്രത്യേകം പറയാനുള്ള കാരണം സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിയില്‍നിന്ന് വ്യത്യസ്തമായ അനുമതിയാണ് അല്ലാഹു നല്‍കിയത് എന്നതിനാലാണ്. സ്വാഭാവികവും അസ്വാഭാവികവും മാനുഷികവും അമാനുഷികവും കാരണ്യകാരണബന്ധങ്ങള്‍ക്ക് വിധേയവും അതീതവും ഭൗതികവും അഭൗതികവും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുത്തുന്നതാണ് ഈസാനബിയുടെ പ്രസ്താവവും വടി പാമ്പായപ്പോള്‍ മൂസാ നബി പേടിച്ചതും വ്യക്തമാക്കുന്നത്.
ഈസാ നബിയുടെ നിയോഗത്തെ സംബന്ധിച്ച് അല്ലാഹു അറിയിക്കുന്നു. ''ഇസ്രായേല്‍ മക്കളിലേക്ക് ദൂതനായി നിയോഗിക്കും. അവന്‍ പറയും. ഞാന്‍ നിങ്ങളുടെ നാഥനില്‍നിന്നുള്ള തെളിവുമായാണ് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്ക് കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപം ഉണ്ടാക്കും. പിന്നെ ഞാന്‍ അതില്‍ ഊതിയാല്‍ അല്ലാഹുവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരും. ജന്മനാ കണ്ണില്ലാത്തവനെയും പാണ്ട് രോഗിയെയും ഞാന്‍ സുഖപ്പെടുത്തും. ദൈവഹിതനമുസരിച്ച് മരിച്ചവരെ ജീവിപ്പിക്കും. നിങ്ങള്‍ തിന്നുന്നതെന്തെന്നും വീടുകങ്ങളില്‍ സൂക്ഷിച്ചുവെച്ചത് എന്തൊക്കെയെന്നും ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരും. തീര്‍ച്ചയായും അതിലെല്ലാം നിങ്ങള്‍ക്ക് അടയാളങ്ങളുണ്ട്. നിങ്ങള്‍ വിശ്വാസികളെങ്കില്‍.''(3:49)
അല്ലാഹു ഇവ്വിധം നല്‍കുന്ന പ്രത്യേകമായ അറിവിന്നും കഴിവിന്നും അുപ്പുറം പ്രവാചകന്മാര്‍ക്കുപോലും അഭൗതികമായ അറിവോ കഴിവോ ഉണ്ടായിരുന്നില്ല. മുഹമ്മദ് നബിക്ക് ഉഹദ് യുദ്ധത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്തെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല. സ്വന്തം സഹധര്‍മിണി ആയിശക്കെതിരെ അപവാദാരോപണം ഉയര്‍ന്നപ്പോള്‍ നിജസ്ഥിതി അറിയാന്‍ ദിവ്യബോധനം ലഭിക്കുന്നതു വരെ കാത്തിരിക്കേണ്ടി വന്നു. അന്ത്യപ്രവാചകന്‍ ഉള്‍പ്പെടെ ആര്‍ക്കും അല്ലാഹു സാധാരണ മനുഷ്യര്‍ക്കു നല്‍കാത്ത പ്രത്യേക അറിവും കഴിവും നല്‍കിയതിനപ്പുറം അഭൗതികമായ അറിവോ കഴിവോ ഇല്ല. അല്ലാഹു നല്‍കിയ അമാനുഷിക കഴിവുകള്‍പോലും അവന്‍ പ്രത്യേകം നിര്‍ദേശിക്കുന്ന സന്ദര്‍ഭങ്ങളിലല്ലാതെ യഥേഷ്ടം ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല.
കാര്യകാരണബന്ധങ്ങള്‍ക്കതീതമായ അഭൗതികമായ അറിവോ കഴിവോ അല്ലാഹു അല്ലാത്ത ആര്‍ക്കുമില്ല. ഖുര്‍ആന്‍ പറയുന്നു: ''പറയുക അല്ലാഹുവിനല്ലാതെ ആകാശഭൂമികളിലാര്‍ക്കും തന്നെ അഭൗതിക കാര്യങ്ങളറിയുകയില്ല. തങ്ങള്‍ എന്നാണ് ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല.'' 27:65
ഇക്കാര്യം തുറന്നുപറയാന്‍ പ്രവാചകന്മാര്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. നൂഹ് നബി പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ദരിക്കുന്നു. ''അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ വശം ഉണ്ടെന്നു ഞാന്‍ പറയുന്നില്ല. എനിക്ക് അഭൗതിക കാര്യങ്ങല്‍ അറിയുകയുമില്ല.'' (11:31)
മുഹമ്മദ് നബിയോട് ഇങ്ങനെ പറയാന്‍ അല്ലാഹു കല്‍പിച്ചു. ''പറയുക ഞാന്‍ എനിക്കുതന്നെ ഗുണമോ ദോഷമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഇച്ഛിച്ചതു മാത്രം നടക്കുന്നു. എനിക്ക് അഭൗതികമായ കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ നിശ്ചയമായും ഞാന്‍ എനിക്കുതന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നില്ല. എന്നാല്‍ ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്‍ത്ത അറിയിക്കുന്നവനും.'' (7:188)
നാല്‍പതുകൊല്ലം മുമ്പത്തെ വെല്ലുവിളി
1967-ല്‍ ഞാന്‍ ഫറോക്ക് റൗദത്തുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയായിരിക്കെ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അക്കാലത്ത് ധാരാളമായി എഴുതാറുണ്ടായിരുന്ന ഒരു സഹോദരന്‍ അഭൗതിക മാര്‍ഗത്തിലൂടെ ആളുകളെ ദ്രോഹിക്കാനും അപകടപ്പെടുത്താനും സാധിക്കുമെന്നെഴുതി. അത് സാധ്യമല്ലെന്ന് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ തന്നെ കത്തെഴുതി. അദ്ദേഹം അതിനെ വിമര്‍ശിച്ച് തന്റെ നിലപാടിലുറച്ചുനിന്നപ്പോള്‍ ഞാനെഴുതി, ആര്‍ക്കെങ്കിലും കാര്യകാരണബന്ധത്തിന് അതീതമായി അഭൗതികമാര്‍ഗത്തിലൂടെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ എനിക്കെതിരെ എന്തു ദ്രോഹവും വരുത്താവുന്നതാണ്. നാല്‍പത് വര്‍ഷമായി ആര്‍ക്കും എന്നെ ഒന്നും ചെയ്യാനായിട്ടില്ല.
അഭൗതിക മാര്‍ഗത്തിലൂടെ ആര്‍ക്കെങ്കിലും എന്തെങ്കിലും ദ്രോഹം ചെയ്യാനാവുമായിരുന്നെങ്കില്‍ വംശവെറിയുടെ വക്താവായ ട്രംപിനോ കൊടുംക്രൂരതകളുടെ കാണപ്പെടുന്ന രൂപമായ ഇസ്രായേല്‍ ഭരണാധികാരിക്കോ ഒരു തലവേദനയോ ചുരുങ്ങിയത് ഒരു വരട്ടുചൊറിയോ എങ്കിലും വരുത്തട്ടെ. ആര്‍ക്കെങ്കിലും കാര്യകാരണ ബന്ധങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ ലോകത്ത് യുദ്ധമോ തെരഞ്ഞെടുപ്പോ ഒന്നും വേണ്ടിവരുമായിരുന്നില്ല. എല്ലാം അത്തരം അഭൗതികസിദ്ധിയുള്ളവരെ ഏല്‍പിച്ചാല്‍ മതിയായിരുന്നു.
എന്തെങ്കിലും രോഗം മാറ്റാന്‍ കഴിയുമായിരുന്നെങ്കില്‍ ലോകത്ത് ഡോക്ടര്‍മാരും ആശുപത്രികളും മരുന്നും വേണ്ടിവരുമായിരുന്നില്ല. എന്നാല്‍ ഇത്തരം അമാനുഷസിദ്ധികള്‍ക്ക് അറിയപ്പെടുന്ന മിക്ക തട്ടിപ്പുകേന്ദ്രങ്ങളോടനുബന്ധിച്ചും ആശുപത്രികളുണ്ടെന്നതാണല്ലോ വസ്തുത.
കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമായ അറിവോ കഴിവോ അല്ലാഹുവിനല്ലാതെ ആര്‍ക്കും ഇല്ലെന്ന ഇസ്‌ലാമിന്റെ മൗലികവിശ്വാസം അംഗീകരിക്കാനും പ്രബോധനം ചെയ്യാനും കടപ്പെട്ട മുസ്‌ലിം സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ അല്‍ത്താഫ് ഹുസൈന്‍ ഹാലി വിശദീകരിക്കുന്നതിങ്ങനെ.
ഇതരന്മാര്‍ വിഗ്രഹപൂജ നടത്തിയാല്‍ കാഫിര്‍,
ദൈവത്തിനു പുത്രന്മാരെ സങ്കല്‍പിച്ചാല്‍ കാഫിര്‍
അഗ്നിക്കുമുമ്പില്‍ പ്രണമിച്ചാല്‍ കാഫിര്‍.
നക്ഷത്രങ്ങളില്‍ ദിവ്യശക്തി ദര്‍ശിച്ചാല്‍ കാഫിര്‍
എന്നാല്‍ വിശ്വാസിക്ക് വിശാലമാണ് മാര്‍ഗങ്ങള്‍
ആരെ വേണമെങ്കിലും യഥേഷ്ടം ആരാധിക്കാം
നബിയെ വേണമെങ്കില്‍ ദൈവമായി കാണാം
ഇമാമുമാരുടെ പദവി നബിയെക്കാള്‍ ഉയര്‍ത്താം.
ജാറത്തിങ്കല്‍ പോയി വഴിപാടുകള്‍ അര്‍പിക്കാം
ശുഹദാക്കളോട് പ്രാര്‍ഥനകള്‍ നടത്താം
തൗഹീദിനൊരു കോട്ടവും തട്ടില്ല.
ഇസ്‌ലാം തകരുകയില്ല ഈമാന്‍ തെറ്റുകയില്ല
ഈ ഗുരുതരാവസ്ഥയെ സംബന്ധിച്ച് നാം ബോധവാന്മാരാകുകയും സമൂഹത്തെയും സമുദായത്തെയും ഇത്തരം ജീര്‍ണതകളില്‍ നിന്നും മോചിപ്പിക്കുകയും വേണം. അങ്ങനെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അവയുടെ പേരിലുള്ള ചൂഷണങ്ങള്‍ക്കു അറുതിവരുത്താന്‍ ജാഗ്രത പുലര്‍ത്താനും നിരന്തരം ശ്രമിക്കാനും സമൂഹനന്മ കൊതിക്കുന്നവരൊക്കെയും തയ്യാറാവണം.