ജനസംഖ്യാ പേടിക്കാലത്തെ വന്ധ്യത

റംസിയ കാമില്‍ No image

വന്ധ്യത ഒരു രോഗാവസ്ഥയാണ്. പ്രത്യുല്‍പാദനാവയവങ്ങളില്‍ വരുന്ന ചെറിയ പ്രവര്‍ത്തനപ്പിഴവു മുതല്‍ സങ്കീര്‍ണമായ രോഗങ്ങള്‍ വരെ ഇതിന് കാരണമായേക്കാം. വന്ധ്യതക്കിട വരുത്തുന്ന കാരണങ്ങള്‍ പ്രധാനമായും ജീവശാസ്ത്രപരമായ പ്രശ്‌നങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍, കലാവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, പാരമ്പര്യം എന്നിവയാണ്.

പ്രത്യുല്‍പാദനാവയവങ്ങളിലുണ്ടാവുന്ന തകരാറുകള്‍ മൂലമുള്ള വന്ധ്യത സ്ത്രീകളിലും പുരുഷന്മാരിലും ഏകദേശം തുല്യമായാണ് കാണുന്നത്. 

സ്ത്രീകളിലെ പ്രശ്‌നങ്ങള്‍ 

അണ്ഡോല്‍പാദനത്തിലുണ്ടാവുന്ന ക്രമക്കേടുകള്‍: ഏറ്റവും കൂടുതലായും സാധാരണയായും കാണപ്പെടുന്നതാണിത്. ചില സ്ത്രീകളില്‍ അണ്ഡോല്‍പാദനം സമയത്ത് നടക്കുന്നില്ല. ചുരുക്കം ചിലരില്‍ ഇത് തീരെ നടക്കുന്നില്ല. ഇതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാവാം.

1: സ്ത്രീകളില്‍ 40 വയസ്സിനു മുമ്പു തന്നെ അണ്ഡോല്‍പാദാനം നില്‍ക്കുന്നു. ചിലര്‍ ഇത് ആര്‍ത്തവവിരാമമായി തെറ്റിദ്ധരിക്കാറുണ്ട്.

2 Polycyslic Overy Syndrom / Disorder (PCOS/PCOD): ചില സ്ത്രീകളില്‍ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്നത് അസന്തുലിതമായിട്ടായിരിക്കും. കൂടാതെ പുരുഷഹോര്‍മോണായ ആന്‍ഡ്രോജെന്‍ ഇവരില്‍ കൂടുതലായി കാണപ്പെടുന്നു. ഇത് അണ്ഡോല്‍പാദനം ശരിയായ രീതിയില്‍ നടക്കുന്നത് തടയുന്നു. മുഖക്കുരു, പൊണ്ണത്തടി, പുരുഷന്മാരുടേതു പോലെ മുഖത്തും ശരീരത്തിലും രോമവളര്‍ച്ച എന്നിവയും കാണുന്നു. പാരമ്പര്യമായി PCOD വരാനുള്ള സാധ്യത കൂടുതലാണ്. അണ്ഡാശയത്തില്‍ ചെറിയ മുഴകള്‍ കാണപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.

3 Hyper prolactinemia:പ്രൊലാക്റ്റിന്‍ ഹോര്‍മോണ്‍ ഗര്‍ഭാവസ്ഥയിലായിലും പ്രസവശേഷം പാലൂട്ടുമ്പോഴും സ്ത്രീകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണാണ്. ചിലരില്‍ ഈ അവസ്ഥയിലല്ലാതെ തന്നെ ഇതിന്റെ ഉത്പാദനം കൂടുതലായി നടക്കുന്നു. ഇത് അണ്ഡോല്‍പാദനത്തെ ബാധിക്കുന്നു.

4 തൈറോയിഡ് ഗ്രന്ഥിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍: തൈറോയിഡ് ഉല്‍പാദിപ്പിക്കുന്ന തൈറോക്‌സിന്‍ ഹോര്‍മോണാണിന്റെ ഉത്പാദനം കൂടിയാലും കുറഞ്ഞാലും അണ്ഡോല്‍പാദനത്തെ ബാധിക്കുന്നു. 

5. ഗര്‍ഭാശയത്തിലോ അണ്ഡവാഹിനിക്കുഴലിലോ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍: അണ്ഡാശയത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന അണ്ഡം അണ്ഡവാഹിനിക്കുഴല്‍ വഴിയാണ് ഗര്‍ഭാശയത്തിലെത്തുക. പുരുഷബീജം അണ്ഡവാഹിനിക്കുഴലില്‍ എത്തി ബീജസംയോഗം നടന്ന് ആ സിക്താണ്ഡം ഗര്‍ഭാശയത്തിലെത്തുന്നു. ഗര്‍ഭാശയത്തിലോ അണ്ഡവാഹിനിക്കുഴലിലോ എന്തെങ്കിലും തകരാറുണ്ടെങ്കില്‍ ഈ പ്രക്രിയ നടക്കുന്നില്ല. 

ഇതിന്റെ പ്രധാനകാരണങ്ങള്‍

1 ശസ്ത്രക്രിയ: പെല്‍വിക് ശസ്ത്രക്രിയ ചിലപ്പോള്‍ കുഴലില്‍ പോറലോ മറ്റു കേടുപാടുകളോ ഉണ്ടാക്കുന്നു. ഗര്‍ഭാശയമുഖത്ത് നടത്തുന്ന ശസ്ത്രക്രിയയിലൂടെയും ക്ഷതം പറ്റാം.

2 ഗര്‍ഭാശയ മുഴകള്‍: ഇവ അണ്ഡവാഹിനിക്കുഴലില്‍ തടസ്സം സൃഷ്ടിക്കുകയും പുരുഷബീജത്തിന് അണ്ഡത്തിനടുത്തെത്താന്‍ സാധിക്കാതെവരികയും ചെയ്യുന്നു. വന്ധ്യതയുള്ള സ്ത്രീകളില്‍ 5-10% പേരും ഗര്‍ഭാശയ മുഴ ഉള്ളവരാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

3 ഗര്‍ഭാശയത്തിനുള്ളില്‍ കാണപ്പെടുന്ന എന്‍ഡോമെട്രിയല്‍ കോശങ്ങളും കലകളും ഗര്‍ഭാശയത്തിനു പുറത്തു അണ്ഡാശയത്തിലും അണ്ഡവാഹിനിക്കുഴലിലും മറ്റും കാണപ്പെടുക. ഇത് കാരണം പ്രത്യുല്‍പാദനം നടക്കുന്നില്ല.

4.കാന്‍സര്‍, എയ്ഡസ,് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം പോലുള്ള സങ്കീര്‍ണമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് സാധാരണ കാലയളവിനുള്ളില്‍ പ്രത്യുല്‍പാദനം നടക്കുന്നില്ല.

5.ചില മരുന്നുകളുടെ ദൂഷ്യഫലമായി ഗര്‍ഭധാരണം നടക്കാറില്ല. കീമോയിലുപയോഗിക്കുന്ന ചില മരുന്നുകള്‍ സ്ഥിരമായ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതുപോലെ കാന്‍സര്‍ ചികിത്സയായ റേഡിയേഷന്‍ തെറാപ്പി പ്രത്യുല്‍പാദന അവയവങ്ങളോട് ചേര്‍ന്ന് നടത്തുന്നതാണെങ്കില്‍ അത് അവയുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കും.

പുരുഷന്മാരില്‍ കാണപ്പെടുന്ന പ്രശ്‌നങ്ങള്‍: 

പുരുഷബീജത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് 75% പുരുഷന്മാരിലും വന്ധ്യതക്ക് കാരണമാവാറുള്ളത്. പുരുഷന്മാരുടെ വന്ധ്യതക്കുള്ള കാരണങ്ങള്‍ പല കേസുകളിലും കൃത്യമായി കണ്ടെത്താന്‍ കഴിയാറില്ല. 

ബീജവുമായി ബന്ധപ്പെട്ട പ്രധാന കാരണങ്ങള്‍ 

1.ബീജത്തിന്റെ എണ്ണം വളരെ കുറവായിരിക്കും. സാധാരണയായി ഒരു മില്ലീലിറ്റര്‍ ശുക്ലത്തില്‍ 20 മില്ല്യന്‍ ബീജങ്ങളാണ് കാണപ്പെടുക. എന്നാല്‍ ഈ അവസ്ഥയുള്ള പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണം 10 മില്ല്യണില്‍ താഴെയായിരിക്കും. ഇവര്‍ക്ക് പൊതുവെ പ്രത്യുല്‍പാദനം നടത്താന്‍ പകുതി സാധ്യത മാത്രമേ ഉണ്ടാവാറുള്ളൂ.

2 തീരെ ബീജങ്ങള്‍ ഇല്ലാതിരിക്കുക. വന്ധ്യതയുള്ള പുരുഷന്മാരില്‍ 5% പേരിലും ഇതാണ് കാരണം.

3) ബീജത്തിന്റെ ചലനശേഷിക്കുറവ്: പ്രത്യുല്‍പാദനം നടക്കണമെങ്കില്‍ സ്ത്രീശരീരത്തിലെത്തിയ ബീജം ഒരു നിശ്ചിത വേഗത്തില്‍ സഞ്ചരിക്കേണ്ടതുണ്ട്. ബീജത്തിന്റെ ചലനശേഷി കുറവുള്ളവരില്‍ ബീജങ്ങള്‍ ചലിക്കാതെ മുഴുവനായും നശിച്ചുപോകുന്നു.

പുരുഷബീജത്തിന്റെ ആകൃതിയിലും ചലനശേഷിക്കുറവിനും കാരണങ്ങള്‍ പലതാണ്.

1) വൃഷണത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍: വൃഷണത്തിലുണ്ടാവുന്ന അണുബാധ, കാന്‍സര്‍, ശസ്ത്രക്രിയ എന്നിവ പ്രധാനപ്പെട്ട ഒരു കാരണമാണ്.

2) വൃഷണത്തിനുണ്ടാവുന്ന അതിതാപനം: വളരെ ചൂടുള്ള വെള്ളത്തില്‍ കുളിക്കുക, ബാത്ടബ്ബിലെ ചൂടുവെള്ളത്തില്‍ ഒരുപാട് സമയം ചെലവഴിക്കുക, ചൂടുള്ള അന്തരീക്ഷോഷ്മാവില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരിക എന്നിവരിലാണ് ഇത് കൂടുതലായും കാണുന്നത്. കൂടാതെ ഇറുകിയ വസ്ത്രം ധരിക്കുക. (ജീന്‍സ് പോലുള്ള ശരീരത്തോടൊട്ടി ചേര്‍ന്നിരിക്കുന്ന വസ്ത്രങ്ങള്‍) ഒരുപാടു സമയം തുടര്‍ച്ചയായി ഇരുന്ന് ജോലിചെയ്യുന്നവര്‍, ബൈക്കിലിരുന്ന് അധികയാത്ര ചെയ്യേണ്ടിവരുന്നവര്‍ എന്നിവരിലെല്ലാം വൃഷണം ചൂടുപിടിച്ച് ബീജോല്‍പാദനത്തെ ബാധിക്കുന്നു. 

3) സ്ഖലനം ശരിയായ രീതിയില്‍ നടക്കാതിരിക്കുക. ചില പുരുഷന്മാരില്‍ ശുക്ലസ്ഖലനം നടക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരിക്കും. മറ്റു ചിലരില്‍ മൂത്രസഞ്ചിയിലേക്കാണ് സ്ഖലനം നടക്കുക. ഇത് ബീജം പുറത്ത് വരുന്ന കുഴലിലുണ്ടാകുന്ന തടസ്സം കൊണ്ടോ മൂത്രസഞ്ചിയുടെ പ്രവര്‍ത്തനപ്പിഴവു മൂലമോ സംഭവിക്കാം.

4) വെരിക്കോസില്‍: വൃഷണ സഞ്ചിയില്‍ കാണപ്പെടുന്ന വെരിക്കോസ് ധമനികളില്‍ വരുന്ന തകരാറു മൂലം ശുക്ലം ചൂടുപിടിക്കുന്നു. നൂറു പുരുഷന്മാരില്‍ 15 പേരിലും വന്ധ്യതക്ക് കാരണം വെരിക്കോസില്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

5 വൃഷണം ശരീരത്തിനുള്ളിലായിരിക്കുക: കുഞ്ഞുങ്ങളില്‍ വൃഷണം ആദ്യം ഉണ്ടാകുന്നത് ശരീരത്തിനുള്ളിലായിട്ടാണ്. ജനിക്കുന്നതിനു കുറച്ചുമുന്‍പു മാത്രമാണ് അത് വൃഷണസഞ്ചിയിലേക്ക് താഴ്ന്നിറങ്ങുന്നത്. എന്നാല്‍ അപൂര്‍വം ചില കുഞ്ഞുങ്ങളില്‍ അത് കീഴ്‌പ്പോട്ടിറങ്ങി ശരീരത്തിനു പുറത്താവുന്നില്ല. ഇത് വന്ധ്യതയിലേക്ക് നയിക്കുന്നു. 

6 ഹൈപ്പോഗൊണാഡിസം: പ്രായപൂര്‍ത്തിയാവുന്ന ആണ്‍കുട്ടികളില്‍ ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി കാണപ്പെടുന്നു ഇത് വളര്‍ച്ചക്ക് അത്യാവശ്യമാണ്. പക്ഷേ ചിലരില്‍ ഇതിന്റെ അപര്യാപ്തത മൂലം വളര്‍ച്ച നടക്കുന്നില്ല.

7 പാരമ്പര്യമായി കിട്ടുന്ന തകരാറുകള്‍ : പുരുഷന്മാരുടെ DNA യില്‍ XY ക്രോമസോമുകളാണ് ഉള്ളത്. പക്ഷേ ചിലരില്‍ ഒരു X കൂടി ചേര്‍ന്ന് XXY എന്നരീതിയില്‍ ക്രോമസോമുകളുണ്ടാവുന്നു.  ഇവരില്‍ വൃഷണത്തിനു തകരാറോ ബീജം എണ്ണത്തില്‍ കുറവോ തീരെ ഇല്ലാത്തതോ ആയി കാണപ്പെടുന്നു.

8 മുണ്ടിനീര്: വൈറസ് ഉണ്ടാക്കുന്ന രോഗമാണിത്. സാധാരണയായി കുട്ടികളിലാണ് കാണപ്പെടുക. യൗവനാരംഭത്തിലെത്തിയ കുട്ടികളില്‍ ഇതുണ്ടായാല്‍ ഇത് വൃഷണത്തെ ബാധിക്കുകയും വന്ധ്യതക്ക് കാരണമാവുകയും ചെയ്യുന്നു.

9 cystic fibroivds: പാരമ്പര്യമായി ഉണ്ടാവുന്ന ഒരു മാരക അസുഖമാണിത്. കരളിനെയും ശ്വാസകോശത്തെയും വൃക്കയെയും കുടലുകളെയുമാണിത് ബാധിക്കുക. പ്രധാനമായും ശ്വാസകോശത്തിലാണ് ഇത് കാണപ്പെടുക. ഇത് പുരുഷന്മാരില്‍ വന്ധ്യതക്ക് കാരണമാവുന്നു.

10 മറ്റു രോഗങ്ങളായ വിളര്‍ച്ച, പ്രമേഹം, തൈറോയിഡ് എന്നിവ സ്ത്രീകളിലെന്നപോലെ പുരുഷന്മാരിലും വന്ധ്യതക്ക് ഹേതുവാകുന്നു. പുരുഷന്മാരിലെയും സ്ത്രീകളിലെയും വന്ധ്യത നിര്‍ണയിക്കുന്നത് പല ടെസ്റ്റുകളും നടത്തിയാണ്. 

പുരുഷന്മാരിലെ രോഗനിര്‍ണയം 

1 ശാരീരിക പരിശോധനകള്‍:  ഇതില്‍ പ്രധാനമായും രോഗത്തിന്റെ സ്വഭാവം, പാരമ്പര്യം, ശാരീകവും ലൈംഗികവുമായിട്ടുള്ള കാര്യങ്ങള്‍ എന്നിവയാണ് പരിശോധിക്കുക. ലൈംഗികാവയവങ്ങളുടെ രൂപത്തിലോ പ്രവര്‍ത്തനത്തിലോ ഉള്ള വ്യത്യാസങ്ങള്‍ ഇതില്‍പ്പെടുന്നു.

2 ബീജ പരിശോധന:  ബീജം എടുത്ത് ടെസ്റ്റ് ചെയ്യുന്നു. ലാബില്‍ നടത്തുന്ന പരിശോധനയില്‍ ഇതിന്റെ രൂപവും ആകൃതിയും നിറവും മറ്റും പരിശോധിക്കുന്നു. ബീജത്തില്‍ രക്തത്തിന്റെ അംശമുണ്ടോ അണുബാധയുണ്ടോ എന്നിവയും ബീജത്തിന് ചലനശേഷിയുണ്ടോ എന്നതും ഈ പരിശോധനയില്‍ ഉള്‍പ്പെടുന്നു. 

3 രക്ത പരിശോധന: ഇതില്‍ ഹോര്‍മോണുകളുടെ അളവാണ് ടെസ്റ്റ് ചെയ്യുന്നത്. ഇതില്‍ പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണും പെടുന്നു.

4) അള്‍ട്രാസൗണ്ട് ടെസ്റ്റ്: ഇതില്‍ ബീജവാഹിനിക്കുഴലും മൂത്രാശയത്തിലേക്കുള്ള സ്ഖലനവും മറ്റുമുണ്ടോ എന്നാണ് പരിശോധിക്കുക. 

5) ക്ലാമിഡിയ ടെസ്റ്റ്: സാധാരണയായി കണ്ടുവരുന്ന ഒരു ലൈംഗിക രോഗമാണ് ക്ലാമിഡിയ. ചികിത്സ നടത്തിയാല്‍ പെട്ടെന്നു തന്നെ ഭേദമാകുന്ന രോഗമാണിത്. ചികിത്സ നടത്താതെ ഒരു പാടുകാലം മുന്നോട്ടുപോയാല്‍ ഇത് പ്രത്യുല്‍പാദനത്തെ ബാധിക്കുന്നു. ഈ അസുഖമുണ്ടോ എന്നറിയാനാണ് പരിശോധന നടത്തുന്നത്.

സ്ത്രീകളില്‍ നടത്തുന്ന പിരശോധനകള്‍:

1 പുരുഷന്മാരിലേതു പോലെ സ്ത്രീകളിലും പ്രാരംഭഘട്ടത്തില്‍ നടത്തുന്നത് ശാരീരിക പരിശോധന തന്നെയാണ.് ഇതില്‍ സ്ത്രീകളിലെ ആര്‍ത്തവ ചക്രവും ലൈംഗികാവയങ്ങളും മറ്റുമാണ് പരിശോധിക്കുന്നത്.

2 രക്തപരിശോധന:  ഹോര്‍മോണുകളുടെ അളവിലുള്ള വ്യത്യാസങ്ങള്‍ കണ്ടത്താനാണ് ഈ പരിശോധന. സ്ത്രീ ഹോര്‍മോണായ പ്രൊജസ്റ്ററോണും ഈ പരിശോധനയില്‍ ഉള്‍പെടുന്നു. 

3 ഹിസ്റ്റെറോ സാര്‍പിനോഗ്രാം: എക്‌സ്‌റെ വഴിയാണ് HSG ചെയ്യുന്നത.് അണ്ഡവാഹിനികുഴലിന്റെയും ഗര്‍ഭാശയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനാണിത്. ഗര്‍ഭാശയത്തിന്റെ ആകൃതിയിലുള്ള വ്യത്യാസം, അണ്ഡവാഹിനി കുഴലിന്റെ വായ്ഭാഗം എന്നിവയെല്ലാം പരിശോധനയില്‍ ഉള്‍പെടുന്നു.

4 ലാപ്രോസ്‌കോപ്പി: ഒരറ്റത്ത് ക്യാമറ ഘടിപ്പിച്ച വളരെ നേരിയ ഒരു കുഴല്‍, വയറിനു താഴെയായി ഉണ്ടാക്കിയ ദ്വാരത്തിലൂടെ അകത്തേക്ക് കടത്തിയാണ് ഇത് ചെയ്യുന്നത്. പ്രത്യുല്‍പാദനാവയങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനാണിത്. അണ്ഡവാഹിനി കുഴലിലെ തടസ്സം എന്‍ഡോമെട്രിയോസിസ് എന്നിവ ഇതില്‍പെടുന്നു.

5 അണ്ഡാശയ പരിശോധന: അണ്ഡത്തിന്റെ വലിപ്പവും വളര്‍ച്ചയും മറ്റും പരിശോധിക്കുന്നതിനാണ് ഇത് നടത്തുന്നത്. സ്ത്രീകളില്‍ അണ്ഡോല്‍പാദനത്തിനു ശേഷമാണ് ഇത് ചെയ്യുന്നത്. 

6 പാരമ്പര്യ രോഗങ്ങള്‍ അറിയുന്നതിനുവേണ്ടിയുള്ള പരിശോധന 

7 പെല്‍വിക്  അല്‍ട്രാസൗണ്ട്: ഉയര്‍ന്ന ആവൃത്തിയിലുള്ള രശ്മികള്‍ ശരീരത്തിലൂടെ കയറ്റിവിട്ട് ഗര്‍ഭാശയം, അണ്ഡാശയം എന്നിവ പരിശോധിക്കുന്നു.

 ഇവ കൂടാതെ പുരുഷന്മാരിലേതുപോലെ ക്ലാമിഡിയ ടെസ്റ്റും തൈറോയ്ഡ് ടെസ്റ്റും മറ്റും സ്ത്രീകളിലും ചെയ്യാറുണ്ട്.

 വന്ധ്യത കണ്ടെത്തിയവരില്‍ ഏത് തരം ചികിത്സയാണ് വേണ്ടതെന്ന് നിര്‍ണയിക്കുന്നത് പരിശോധനകളുടെയും മറ്റും റിസള്‍ട്ട് നോക്കിയാണ്. കൂടാതെ വയസ്സ്, വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാവാന്‍ ശ്രമിക്കുന്ന കാലയളവ്, ദമ്പതികളുടെ അഭിപ്രായവും താല്‍പര്യവും അവരുടെ ശാരീരികാവസ്ഥകളും എല്ലാം ഇതില്‍പെടും.

വന്ധ്യതാ ചികിത്സ പുരുഷന്മാരില്‍

1 സ്ഖലനം നടക്കാന്‍ ബുദ്ധിമുട്ടുള്ള പുരുഷന്മാരില്‍ അത് പരിഹരിക്കാനുള്ള മരുന്നാണ് സാധാരണഗതിയില്‍ നിര്‍ദേശിക്കുക. ചിലരില്‍ ലൈംഗിക ബന്ധത്തിലേര്‍പെട്ട ഉടനെ തന്നെ സ്ഖലനം നടക്കും. ഇതിന് മരുന്ന് തന്നെ നിഷ്‌കര്‍ഷിക്കുകയാണ് ചെയ്യുന്നത്. 

2 വെരിക്കോസിന്‍ അസുഖമുള്ളവരില്‍ ശസ്ത്രക്രിയ ചെയ്ത് പരിഹരിക്കാം

3 ബീജവാഹിനിക്കുഴലിലെ തടസ്സമുള്ളവരില്‍ നിന്നും നേരിട്ട് ബീജം കുത്തിയെടുത്ത് ലാബില്‍ സൂക്ഷിച്ച് അണ്ഡവുമായി കൂട്ടിയോജിപ്പിക്കുന്നു. 

4 ചിലരില്‍ സ്ഖലനം നടക്കുന്നത് മൂത്രാശയത്തിലാണ്. അതുകൊണ്ട് മൂത്രാശയത്തില്‍ നിന്നും ബീജം എടുത്ത് നേരത്തെ പറഞ്ഞപോലെ ലാബില്‍ സൂക്ഷിക്കുന്നു.

5 വൃഷണത്തില്‍ നാരുപോലെ ചുരുണ്ടുകിടക്കുന്ന കുഴലുകള്‍  ബീജത്തെ സംഭരിച്ചു വെക്കുകയും അവയെ ചലിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഇവയിലുണ്ടാവുന്ന തടസ്സംമൂലം സ്ഖലനം നടക്കാന്‍ കഴിയാതെ വരുന്നു. ഇത് ശസ്ത്രക്രിയ മൂലമാണ് പരിഹരിക്കുന്നത്.

 വന്ധ്യതാ ചികിത്സ സ്ത്രീകളില്‍

1. അണ്ഡോല്‍പാദനം തകരാറിലായ സ്ത്രീകള്‍ക്ക് സാധാരണഗതിയില്‍ പ്രത്യുല്‍പാദനം നടക്കാനുള്ള മരുന്ന് കൊടുത്ത് അണ്ഡോല്‍പാദനം സ്ഥിരമാക്കുന്നു. 

മരുന്നുകള്‍ ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങള്‍

 ശരീരത്തിലേക്ക് കുത്തിവെക്കുന്ന മരുന്നുകള്‍ ഒന്നിലധികം അണ്ഡങ്ങളെ ഉല്‍പാദിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് ഒന്നിലധികം കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാന്‍ കാരണമാവും. ഗുളിക രൂപത്തില്‍ കഴിക്കുന്ന മരുന്നുകള്‍ കൊണ്ടും ഇങ്ങനെ വരാമെങ്കിലും കുത്തിവെക്കുന്നതിനെ അപേക്ഷിച്ച് സാധ്യത കുറവാണ്. ചികിത്സാ സമയത്തും ഗര്‍ഭം ധരിക്കുമ്പോഴും സ്ത്രീകളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടും മൂന്നും അതിലധികവും കുഞ്ഞുങ്ങളുണ്ടാവാമെന്നതിനാല്‍ പ്രസവം നേരത്തെ നടന്നേക്കാം. ചിലപ്പോള്‍ കൂടുതലുള്ളവയെ ഒഴിവാക്കേണ്ടി വരാറുണ്ട്. ഇത് ദമ്പതികളുടെ ധാര്‍മിക താല്‍പര്യങ്ങളും മറ്റും നോക്കിയാണ് നടത്താറുള്ളത്.

2. ശസ്ത്രക്രിയാ രീതികള്‍  അണ്ഡവാഹിനിക്കുഴലിലെ തടസ്സം നീക്കുക

 ലാപറോസ്‌കോപിക് ഓപറേഷന്‍ വഴി ആവശ്യമില്ലാത്ത കലകളും കോശങ്ങളും ഒഴിവാക്കാം. സ്ത്രീകളുടെ വയറിനു താഴെയായി ചെറിയ മുറിവുണ്ടാക്കി ലാപറോസ്‌കോപ്പ് ഉള്ളില്‍ കടത്തിയാണ് ഇത് ചെയ്യുന്നത്. അഗ്രത്തിലുള്ള ക്യാമറയിലൂടെ വയറിന്റെ ഉള്‍ഭാഗം കാണാം. 

1 Itnra Uterine Insemation (IUI) പുരുഷബീജം പുറത്തെടുത്താണ് ഇത് ചെയ്യുന്നത്. ലാബില്‍ നടത്തുന്ന ടെസ്റ്റില്‍ നിന്ന് ആരോഗ്യമുള്ളതും ഗര്‍ഭധാരണത്തിന് സാധ്യതയുള്ളതുമായ ബീജങ്ങളെ ഗര്‍ഭാശയമുഖത്തിലൂടെ നേരിട്ട് ഗര്‍ഭാശയത്തിലേക്ക് നിക്ഷേപിക്കുന്നു. സ്ത്രീകളില്‍ അണ്ഡോല്‍പാദനവേളയിലാണ് ഇത് ചെയ്യുന്നത്. ബീജം എണ്ണത്തില്‍ കുറവായിരിക്കുക, ചലനശേഷി ഇല്ലാതിരിക്കുക, പുരുഷ വന്ധ്യതക്കുള്ള കാരണം കണ്ടെത്താന്‍ സാധിക്കാതെ വരിക എന്നീ സന്ദര്‍ഭങ്ങളിലാണ് ഇത് ചെയ്യുന്നത്.

2 In vtiro Fertilization (IVF)  ബീജവും അണ്ഡവും പുറത്തെടുത്ത് ലാബിലെ ഡിഷില്‍ വെച്ച് സംയോജിപ്പിച്ച് ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നു.  

3 Itnra cyto plasmic sperm injection (ICSI)  ഏകദേശം IVF ചെയ്യുന്ന രീതിയില്‍ തന്നെയാണിത് ചെയ്യുക. ഒരു വ്യത്യാസം IVF ല്‍ ബീജവും അണ്ഡവും സ്ത്രീ ശരീരത്തില്‍ വെച്ച്  സംയോജിപ്പിക്കുമ്പോള്‍ ICSI ല്‍ ബീജത്തെ അണ്ഡത്തിലേക്ക് കുത്തിവെക്കുകയാണ് ചെയ്യുന്നത്.

4 അണ്ഡമോ ബീജമോ ദാനം ചെയ്യുക:  ഒരാള്‍ക്കോ രണ്ട്‌പേര്‍ക്കുമോ പ്രശ്‌നമുള്ള ദമ്പതികള്‍ പുറത്തുനിന്നും ബീജമോ അണ്ഡമോ സ്വീകരിച്ച് ഗര്‍ഭധാരണത്തിന് അവസരമൊരുക്കുകയാണിത്. യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങൡലൊക്കെ ഇത് സാധാരണമാണ്. ഇന്ത്യയില്‍ ദാതാവിന്റെ പേരുവിരങ്ങള്‍ അജ്ഞാതമായി വെക്കണം എന്നതാണ് നിയമം. എന്നാല്‍ യു.കെ പോലുള്ള രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് 18 വയസ്സ് തികഞ്ഞാല്‍ സ്വന്തം മാതാപിതാക്കളെ നിയമപരമായി കണ്ടെത്താന്‍ സാധിക്കും.

4 Assisted Hatching : ബീജസങ്കലനം നടന്ന സിക്താണ്ഡം സാധാരണ ഗതിയില്‍ ഗര്‍ഭാശയത്തിലെത്തി അതിന്റെ പുറംതോട് പൊളിച്ച് ഗര്‍ഭാശയഭിത്തിയില്‍ പറ്റിപ്പിടിച്ചാണ് വളരുക. ഈ ചികിത്സാ രീതിയില്‍ ലാബില്‍ വെച്ചുണ്ടായ സിക്താണ്ഡം ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നതിനു മുമ്പ് ഡോക്ടര്‍മാര്‍ അതില്‍ സൂക്ഷ്മമായ ദ്വാരമിടുന്നു. ഇത് അതിന്റെ പുറംതോട് പൊളിച്ച് ഗര്‍ഭാശയഭിത്തിയിലേക്ക് അള്ളിപ്പിടിക്കാന്‍ സഹായിക്കുന്നു. IVF ചെയ്തിട്ടും ഗര്‍ഭധാരണം നടക്കാത്ത സ്ത്രീകള്‍, ബീജസങ്കലനം നടത്തിയിട്ടും ഗര്‍ഭധാരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍, പ്രായമുള്ള സ്ത്രീകള്‍ എന്നിവരിലാണ് ഈ ചികിത്സാ രീതി ചെയ്യുന്നത്. 

5 കൃത്രിമ ഉത്തേജനത്തിലൂടെ സ്ഖലനം നടത്താന്‍ സഹായിക്കുക: സ്ഖലനം നടത്താന്‍ സാധിക്കാത്ത പുരുഷന്മാരില്‍ കൃത്രിമ ഉത്തേജനം നല്‍കുന്നു. നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായവരിലും മറ്റും ഈ ചികിത്സാരീതി ചെയ്യാവുന്നതാണ്.

ദൂഷ്യ ഫലങ്ങള്‍

1) സ്ത്രീകളില്‍ കൂടുതല്‍ അണ്ഡം ഉല്‍പാദിപ്പിക്കുന്നതിന് ചികിത്സ ചെയ്യുന്നത് അണ്ഡാശയം വീര്‍ത്തു വരാന്‍ കാരണമാകുന്നു. ഒന്നില്‍ കൂടുതല്‍ അണ്ഡങ്ങള്‍ ഒരേസമയം പൂര്‍ണ വളര്‍ച്ചയെത്തുമ്പോഴാവും ഇങ്ങനെ വരിക. അണ്ഡം വളരുന്ന നീര്‌നിറഞ്ഞ ചെറിയ അറകളാണ് follicles. ഇതിലെ ദ്രാവകം ശരീരത്തിലേക്ക് ഒലിക്കുന്നു. IVF നുശേഷവും മലബന്ധം, മൂത്രത്തിന്റെ കടുത്തനിറം, മനംപിരട്ടല്‍, വയര്‍ വികസിക്കല്‍, തലകറക്കം, വയറുവേദന എന്നിവയൊക്കെയാണ് മിക്കവരിലും ഉണ്ടാകുക. ഇത് വളരെ കുറഞ്ഞ തോതിലെ കാണാറുള്ളൂ. പെട്ടെന്ന് ചികിത്സിച്ചു മാറ്റാവുന്നതാണിത്. അപൂര്‍വം ചിലരില്‍ രക്തം കട്ടപിടിക്കുന്നതിനും, കരളിന്റെയും വൃക്കയുടെയും തകരാറിനും മറ്റും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്.

2) Ectopic pregnancy സിക്താണ്ഡം ഗര്‍ഭാശയത്തിന് പകരം അണ്ഡവാഹിനികുഴലില്‍ തന്നെ വളരുന്നു. ഇത് അധികം താമസിയാതെ അലസിപ്പോകാറാണ് പതിവ്. പെട്ടെന്ന് കണ്ടെത്തിയില്ലെങ്കില്‍ അപകടാവസ്ഥയിലാവാനുള്ള സാധ്യതയുണ്ട്. സ്‌കാനിംഗിലൂടെ ഇത് മനസ്സിലാക്കാം.

വന്ധ്യതയും ജീവിതശൈലിയും

ജീവിത രീതിയും ഭക്ഷണവും വസ്ത്രധാരണവുമെല്ലാം ഒരു പരിധിവരെ വന്ധ്യതക്ക് കാരണമാണ്. ശാരീരിക സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ വ്യായാമവും മറ്റും ചെയ്യുന്നുണ്ടെങ്കിലും വന്ധ്യതയുടെ പ്രധാനവില്ലന്‍ നമ്മള്‍ കഴിക്കുന്ന ആഹാരം തന്നെയാണ്. 

പൊണ്ണത്തടി വന്ധ്യതയുടെ വളരെ പ്രധാനപ്പെട്ട ഒരു കാരണമാണ്. എന്നാല്‍ അതുപോലെ തന്നെ വ്യായാമം ചെയ്യുന്നതിലും സൂക്ഷിക്കേണ്ടതുണ്ട്. ശരീര വടിവിനുവേണ്ടി ഭക്ഷണം ഒഴിവാക്കുന്നതും അമിതമായ ഡയറ്റിംഗും വന്ധ്യതക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇറുകി ശരീരത്തോട് ചേര്‍ന്നിരിക്കുന്ന ലഗ്ഗിംഗ്‌സും ജീന്‍സും കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇറുകിയ വസ്ത്രം ധരിച്ച് അധിക സമയം ഇരിക്കുന്നത് പുരുഷന്മാരുടെ വന്ധ്യത വര്‍ധിപ്പിക്കുന്നു.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ശീതള പാനീയങ്ങള്‍, ചായ, കാപ്പി തുടങ്ങിയവയുടെ അമിതമായ ഉപയോഗം. 

പ്രായം: ഒന്നുകില്‍ പെണ്‍കുട്ടികളെ വളരെ നേരത്തെ കല്ല്യാണം കഴിപ്പിക്കുക അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസം കൊടുത്ത് ജോലി കിട്ടിയതിനു ശേഷം വിവാഹത്തെ കുറിച്ച് ചിന്തിക്കുക-ഇവ രണ്ടും തെറ്റാണ്. 18 വയസ്സിനു മുമ്പ് ഗര്‍ഭം ധരിക്കേണ്ടി വരുന്ന പെണ്‍കുട്ടികളില്‍ പിന്നീട് ശാരീരിക പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യത കൂടുതലാണ്. സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന് അനുയോജ്യമായ കാലയളവ് 24-35 വരെയാണ്. പുരുഷന്മാര്‍ക്ക് ഏത് പ്രായത്തിലും കുഞ്ഞുങ്ങളുണ്ടാകും എന്നൊരു തെറ്റിദ്ധാരണ നമുക്കിടയിലുണ്ട്. പുരുഷന്മാരില്‍, സ്ത്രീകളുടെതില്‍നിന്നും വ്യത്യസ്തമായി പുരുഷബീജം ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കും എന്നത് വാസ്തവമാണ്. എന്നാല്‍ ഈ ശേഷി 40-45 വയസ്സിനു ശേഷം കുറയും. പ്രായം കൂടിയ ദമ്പതികള്‍ക്കുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.   

പാരമ്പര്യം: കുട്ടികള്‍ വൈകി ജനിച്ച ദമ്പതികളുടെ കുട്ടികള്‍കളിലും വന്ധ്യത കാണപ്പെടാറുണ്ട്. വന്ധ്യതക്ക് ചികിത്സ തേടിയെത്തുന്ന ദമ്പതികളുടെ കുടുംബ ചരിത്രം പരിശോധിച്ചാല്‍ മാതാപിതാക്കള്‍ക്കോ അടുത്ത കുടുംബാഗംങ്ങള്‍ക്കോ വന്ധ്യത ഉള്ളതായി കാണപ്പെടാറുണ്ട്.

വന്ധ്യതയുടെ സാമൂഹ്യതലങ്ങള്‍

വന്ധ്യത ദമ്പതികളെ ബാധിക്കുന്നത് പല രീതിയിലാണ്. ഓരോ ദമ്പതിയിലും ഇത് വ്യത്യാസപ്പെട്ടിരിക്കും. പ്രധാനമായും സ്ത്രീയും പുരുഷനും എങ്ങനെ വളര്‍ത്തപ്പെട്ടു എന്നതിനെ ആശ്രയിച്ചിരിക്കും. 

കുഞ്ഞുങ്ങളില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നവരും ചികിത്സ തേടുന്നവരും സമൂഹത്തില്‍ നിന്നും ഉള്‍വലിയാനുള്ള ഒരു പ്രവണത കാണിക്കുന്നത് സ്വാഭാവികം മാത്രമാണ്. തങ്ങളുടെ അവസ്ഥയെക്കുറിച്ച് ചോദ്യങ്ങളില്‍നിന്നും അകന്നുനില്‍ക്കാനാണ് മിക്കവരും ഇങ്ങനെ ഒറ്റപ്പെട്ട് ജീവിക്കുന്നത്. ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടിവരുമ്പോള്‍ മറ്റുള്ളവരെ എങ്ങനെയാണ് കാര്യം പറഞ്ഞ് മനസ്സിലാക്കുക എന്നതും അവര്‍ എങ്ങനെയാണ് ഇടപഴകുക എന്നതൊക്കെ ഇവരില്‍ സമൂഹത്തില്‍ നിന്നും മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു.

മാനസിക പ്രശ്‌നങ്ങള്‍

സാമൂഹികവും കുടുംബപരവുമായ പ്രശ്‌നങ്ങളെക്കാള്‍ കൂടുതലാണ് ദമ്പതികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം. വിദ്വേഷം, വിഷാദരോഗം എന്നിവ ഇവരില്‍ പൊതുവേ കാണപ്പെടുന്നതാണ്.  വളരെ ആക്ടീവ് ആയി സമൂഹത്തിലും ആളുകള്‍ക്കിടയിലും ഇടപെട്ടിരുന്നവര്‍ പോലും ഒറ്റപ്പെട്ട്, സംസാരിക്കാന്‍ താല്‍പര്യമില്ലാത്തവരായി മാറുന്നു.

പ്രതിവിധികള്‍

നിരന്തരമായി ചോദ്യങ്ങള്‍ ചോദിച്ച് ദമ്പതികളെ ബുദ്ധിമുട്ടിക്കാതിരിക്കുക. ഒരു സന്തോഷവാര്‍ത്ത  ഉണ്ടെങ്കില്‍ അവര്‍ തന്നെ എല്ലാവരുമായും പറയും എന്ന് മനസ്സിലാക്കുക. 

അറിയുക, വന്ധ്യതക്ക് കാരണം മാനസിക പിരിമുറുക്കം എന്നതുപോലെ തന്നെ അമിതമായ ആത്മസംഘര്‍ഷം വന്ധ്യതക്കും കാരണമാകാറുണ്ട്. ചികിത്സ നടത്തുന്ന ദമ്പതികള്‍ക്ക് ആദ്യം വേണ്ടത് ആത്മവിശ്വാസവും മനസ്സമാധാനവുമാണ്. വന്ധ്യത ചികിത്സ അങ്ങേയറ്റം മനോവിഷമം ഉണ്ടാകുന്നതും ചെലവേറിയതുമാണ്. അതിന് പോസിറ്റീവ് ആയ റിസള്‍ട്ട് കിട്ടണമെങ്കില്‍ ദമ്പതികളും ഡോക്ടര്‍മാരും മാത്രമല്ല വീട്ടുകാരും കൂടി വിചാരിക്കണം. ആവശ്യമായ രീതിയില്‍ എല്ലാ മാനസിക പിന്തുണയും നല്‍കുക, സൗഹൃദാന്തരീക്ഷം വീട്ടില്‍ ഉണ്ടാക്കുക എന്നത് വീട്ടുകാര്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യങ്ങളാണ്.

ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ടത്

സ്ത്രീകളിലാണ് പൊതുവേ മാനസിക പിരിമുറുക്കം കൂടുതലായി കാണപ്പെടുന്നത് എന്ന് പറയുന്നുണ്ടെങ്കിലും സ്ത്രീകളാണ് അത് പ്രകടിപ്പിക്കുന്നത് എന്നു പറയുന്നതാവും നല്ലത്. ആണ്‍കുട്ടികളെ വളര്‍ത്തുന്നത് കരയാന്‍ പാടില്ല, ധൈര്യത്തോടെ എന്തും അഭിമുഖീകരിച്ച് നില്‍ക്കണം എന്നു പറഞ്ഞുകൊണ്ടാണ്. എന്നാല്‍ ചെറുപ്പം തൊട്ടേ പെണ്‍കുട്ടികളെ ശീലിപ്പിക്കുന്നത് വേറൊരു വീട്ടില്‍ ചെല്ലാനുള്ളതാണ്, കുടുംബം നോക്കാനുള്ളതാണ് എന്നെല്ലാം പറഞ്ഞാണ.് ഒരു കുഞ്ഞുണ്ടാകുക എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്‌നങ്ങളില്‍ പെട്ടതാണ്. ഇത് ഒറ്റയടിക്ക് തകരുമ്പോള്‍ അതിന്റെ കൂടെ അവര്‍ക്ക് നഷ്ടമാവുന്നത് ജീവിതത്തിലെ മറ്റു സുഖങ്ങളും സന്തോഷങ്ങളുമാണ്. അതിനാല്‍ ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കേണ്ടതിതാണ്. വന്ധ്യതക്ക് ഒരു പക്ഷേ കാരണം നിങ്ങളായേക്കാം. ചികിത്സ തേടുമ്പോള്‍ ദമ്പതികള്‍ രണ്ടുപേരും കൂടി പോവുന്നത് ചികിത്സ ഫലപ്രദമാക്കാനുള്ള സാധ്യത കൂട്ടും.

ചികിത്സാ സമയത്ത് ഭാര്യയുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കുക. മരുന്നുകള്‍ പലതും ക്ഷീണം വരുത്തുന്നതും മാനസികസംഘര്‍ഷം ഉണ്ടാക്കുന്നതുമാണ്. ഈ സമയത്ത് ഭര്‍ത്താവിന്റെ സാന്നിധ്യം അവര്‍ക്ക് കൂടുതല്‍ സമാധാനം പകരും. 


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top